Monday, September 28, 2009

കാട്ട്‌ബെറിയും നാട്ട്‌ബെറിയും

കഴിഞ്ഞ പോസ്റ്റിന്‍‌കീഴെ പാഞ്ചാലി നെല്ലിക്കയെക്കുറിച്ച് ചോദിച്ചിരിക്കുന്നു. ആയുര്‍‌വൈദികമായ അറിവ് കമ്മിയാണെങ്കിലും ഞാന്‍ ബൊട്ടാണിക്കലി ചലഞ്ച്ഡ് ആയതുകൊണ്ട് മിക്കവാറും എനിക്ക് കൃത്യമായി തന്നെ ഉത്തരം പറയാന്‍ പറ്റിയേക്കും.

നിരവധി പൗരാണികഗ്രന്ഥങ്ങളില്‍ നെല്ലിക്കയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും വായിച്ചിട്ടില്ലാത്തതിനാല്‍ അതിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. ചവ്യനമഹര്‍ഷി തന്റെ ശരീരം കോഞ്ഞാട്ടയായപ്പോള്‍ നെല്ലിക്ക സേവിച്ചാണ്‌ ആരോഗ്യം വീണ്ടെടുത്തതെന്ന് കേള്‍ക്കുന്നു. ബെറി കൊണ്ട് മാറ്റിയ അസുഖമായിരുന്നതുകൊണ്ട് അങ്ങേര്‍ക്ക് ബെറിബെറി ആയിരുന്നു എന്നൊരു വാദമുണ്ടെങ്കിലും നെല്ലിക്കാ സേവിച്ചപ്പോള്‍ പൂര്‍ണ്ണാരോഗ്യവാനായെങ്കില്‍ മിക്കവാറും അത് "സ്കര്‌വി" ആയിരിക്കാനാണ്‌ സാദ്ധ്യത. ചുരുണ്ടുകിടപ്പില്‍ നിന്നെഴുന്നേറ്റ മുനി (മുനി എന്നതു സംസ്കൃതപദമാണ്‌, പേര്‍ഷ്യനില്‍ മുനീര്‍ എന്നാണു പറയുക) നെല്ലിക്കകൊണ്ടു ചികിത്സിക്കുന്ന ഒരു ആയുര്‍‌വേദ സ്പെഷ്യലൈസേഷന്‍ തന്നെ ഉണ്ടാക്കി- ഇതിനെ "നെല്ലിയാമ്പതി" എന്നു വിളിച്ചു പോരുന്നു. ഐശ്വര്യപൂര്‍ണ്ണമായ ചികിത്സാരീതിയായതിനാല്‍ "തിരുപ്പതി "എന്നും ചിലര്‍ വിളിക്കാറുണ്ട്. ഗുരുവും രൂക്ഷവും ശീതവുമാണ്‌ നെല്ലിക്കയെന്ന് വേര്‍ഡ് സോള്‍ജ്യര്‍ തന്റെ "എട്ടും പിന്നെ ഹാര്‍ട്ടും" എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അന്തോണീസംഹിത എന്ന ഗ്രന്ഥത്തില്‍
അമലാകി ദ്വിവിധ:- വന്യ: ച ഗ്രാമ്യച്ഛ: എന്നു തുടങ്ങുന്ന ഭാഗത്ത്
"ഗ്രാമ്യാമലാകിം സ്ഥൂലോ ഗുണശോഷിതോ ദ്രവ്യാദായോ കാര്‍ഷികജന്യോ സ്ഥിരലഭ്യോ ച:ക്ഷണലവണജീര്‍ണ്ണ:" എന്നും
"വന്യ: ഹൃസ്വാകാരോ രൂക്ഷഗുണസമ്പൂര്‍ണ്ണോ ഹി:ഹി ; ഹൃദ്യോ മൂലരൂപോ സ്വയംഭൂ" എന്നു കാണുന്നുണ്ട്.

സംസ്കൃതം പിടിയില്ലാത്തവര്‍ക്ക് വേണ്ടി തര്‍ജ്ജിമ. നെല്ലിക്ക രണ്ടു വിധമുണ്ട് ഗ്രാമ്യവും വന്യവും.
ഗ്രാമ്യ നെല്ലിക്ക വലിപ്പമുള്ളതും ഗുണം കുറഞ്ഞതും ആദായവിലയ്ക്ക് വാങ്ങാവുന്നതും കൃഷി ചെയ്ത് ഉണ്ടാക്കുന്നതും എപ്പോഴും ലഭിക്കുന്നതും ഉപ്പിലിട്ടാല്‍ വേഗം ദ്രവിച്ച് പരുവമാകുന്നതും ആണ്‌. എന്നാല്‍ വന്യനെല്ലിക്ക ചെറുതും മുടിഞ്ഞ കൈപ്പുള്ളതും (ആ ഹി ഹിഹി കൈപ്പന്‍ നെല്ലിക്ക വായിലിടുമ്പോള്‍ കൊരടില്‍ നിന്ന് ഒരു പെരുപ്പു കയറുന്നത് ഓര്‍ത്ത് മഹര്‍ഷി ചിരിച്ചതായിരിക്കാനേ വഴിയുള്ളു ) കൂടുതല്‍ പ്രിയപ്പെട്ടതും ഗ്രാമ്യം എന്ന കള്‍ട്ടിവാര്‍ വേര്‍ഷനാക്കുന്നതിനു മുന്നേയുള്ള ആദിരൂപത്തില്‍ തന്നെ ഉള്ളതും കൃഷിചെയ്യപ്പെടാതെ തനിയേ മുളച്ചു വരുന്നതുമാകുന്നു.

വന്യവും ഗ്രാമ്യവും എന്നത് രണ്ട് സബ്-സ്പീഷീസ് അല്ലെന്നും ചൈനയില്‍ കിടന്നു പുളച്ച ഗോള്‍ഡ്ഫിഷിനെ അക്വാറിസ്റ്റുകള്‍ വളര്‍ത്തി ഫാന്‍‌ടെയിലും വെയില്‍‌ടെയിലും ടെലസ്കോപ്പിക്ക് ഐസും ഉണ്ടാക്കിയതുപോലെ കാട്ടുനെല്ലിക്കയെ കൃഷി ചെയ്ത് ചെയ്ത് പുന്നക്കാ പരുവത്തില്‍ ആക്കിയെടുത്തതാണെന്നും മനസ്സിലാക്കാം .

നാച്ചുറല്‍, വൈല്‍ഡ്ഗ്രോണ്‍, ഓര്‍ഗാനിക്ക് എന്നൊക്കെയുള്ള സംഗതി ഇപ്പോ ഫാഷനാണെങ്കിലും നെല്ലിക്ക മാര്‍ക്കറ്റില്‍ വരുന്നത് കൂടുതലും ഗ്രാമ്യം തന്നെ. നമ്മുടെ നാട്ടിലും രണ്ട് തരം നെല്ലിയും വളരുന്നുണ്ടെങ്കിലും ആ കൊരട് പെരുപ്പ് കിട്ടണമെങ്കില്‍ കാട്ടുനെല്ലി, ലവലോലി, പുളിഞ്ചി തുടങ്ങിയവ ഉപ്പിലിട്ടാലേ മലയാളിക്ക് തൃപ്തിയാകൂ. ക്വാണ്ടിറ്റി വില എന്നിവ കണ്‍സിഡര്‍ ചെയ്യുന്നതുകൊണ്ടും രുചി ഒരു ഫാക്റ്റര്‍ അല്ലാത്തതുകൊണ്ടുമാകാം ഹോട്ടലില്‍ കിട്ടുന്ന നെല്ലിക്ക അച്ചാറില്‍ പലപ്പോഴും തേങ്ങയുടെ തൊണ്ടുപോലെ ചകിരീസമൃദ്ധമായി വലിയ ടേസ്റ്റൊന്നുമില്ലാതെ ഗ്രാമ്യനെല്ലിക്കകളാണ്‌ കിട്ടാറ്‌.

9 comments:

ജയരാജന്‍ said...

ചെറുനെല്ലിയ്ക്കയക്ക് അത്ര കയ്പ്പൊന്നും ഇല്ല. ചവർപ്പ് ഇത്തിരി കൂടുതലാണെന്നേ ഉള്ളൂ. പച്ചയ്ക്ക് കഴിക്കാനും എനിക്ക് ചെറിയ നെല്ലിയ്ക്കയാ ഇഷ്ടം :)

പാഞ്ചാലി :: Panchali said...

അന്തോണിച്ചാ...നന്ദി! അപ്പോള്‍ ഗ്രാമ്യവും വന്യവും ഉണ്ടെന്നത് സത്യം തന്നെ. (ആ ഗുജറാത്തി തെക്കരെ കളിയാക്കിയതല്ല. :) )

ഞാനും കുറെ പടങ്ങള്‍ സെര്‍ച്ച് ചെയ്തിരുന്നു. ചിലതില്‍ കാണിക്കുന്നവ (ഇന്‍ഡ്യന്‍ ഗൂസ്ബെറി)ഒരുമാതിരി സോഫ്റ്റ് ലുക്കുള്ളവയാണ്. ഇലയും നമ്മുടെ നെല്ലിയുടേതില്‍ നിന്നും വളരെ വ്യത്യാസമുള്ളവ. രണ്ടാമത് കാണിച്ചിരിക്കുന്ന സാധനം ഞാന്‍ കണ്ടിട്ടും കഴിച്ചിട്ടും ഇല്ല.

അന്തോണി ലവലോലി എന്നു പറഞ്ഞത് ലോലോലിക്ക/ശീമനെല്ലിക്കയെ ഉദ്ദേശിച്ചാണോ?(ജയരാജ് ഇത് കഴിച്ചിട്ടുണ്ടോ? ) ജയരാജാ, എനിക്ക് നെല്ലിക്ക ഏതായാലും ഇഷ്ടമാണ്. ( ബൂലോക നെല്ലിക്ക വളരെ പ്രിയം!)

പാഞ്ചാലി :: Panchali said...

ഞങ്ങള്‍ ശീമനെല്ലി എന്നു വിളിക്കുന്നതിതിനെയാണ്.
ഇതു തന്നെയാണോ ഈ ലവലോലി?

അനോണി ആന്റണി said...

ജയരാജേ എനിക്കും ചെറിയ നെല്ലിക്കയാണ്‌ ഇഷ്ടം.

പി. അഞ്ജലീ,
ഗൂസ്ബെറി എന്ന് നെല്ലിക്ക അടക്കം കുറേ ബെറികളെ വിളിക്കും. ആദ്യത്തെ ചിത്രത്തില്‍ കാണുന്നത് ribes uva-crispa എന്ന ഗൂസ്ബെറി (അത് അപ്പുക്കുട്ടന്‍ ആല്‍ഫി, ഞാന്‍ നൂറ്‌) അതു നെല്ലിക്ക പോയിട്ട് ആ കുലത്തെപോലും ബെറിയല്ല. രണ്ടാമത്തേത് - ഇന്ത്യന്‍ ഗൂസ്ബെറി അഥവാ നെല്ലിക്ക phyllanthus emblica എന്ന മരം ആണ്‌. എള്ളു വേറേ പാറ്റാക്കാട്ടം വേറേ.

ലവലോലി അഥവാ താഹിതിയന്‍ ഗൂസ്‌ബെറി phyllanthus acidus എന്ന വിദേശിയാണ്‌. ഫ്ലിക്കര്‍ ഇവിടെ ബ്ലോക്ക്ഡ് ആണ്‌ ലിങ്കിലിട്ട പടം കാണണമെങ്കില്‍ ഞാന്‍ വിദേശത്തു പോകേണ്ടിവരും :)

ശീമനെല്ലി എന്നു ഞങ്ങള്‍ വിളിക്കുന്നത് phyllanthus rhamnoides . എല്ലാം നെല്ലികുലപ്രജകള്‍ തന്നെ.

അനോണി ആന്റണി said...

ബൂലോഗനെല്ലിക്ക എനിക്കും വളരെ ഇഷ്ടമാണെങ്കിലും പലപ്പോഴും നെല്ലിക്കുരു കടിച്ചകണക്ക് "ക്ട്ക്കോ" എന്ന് പല്ലു പൊട്ടുന്നതല്ലാതെ ചവച്ചരയ്ക്കാന്‍ പറ്റാറില്ല. ദാ ഇപ്പോ അവിടെ ചെന്നു നോക്കിയപ്പോള്‍ ഖരം അതിഖരം മൃദു അനുനാസികയം ഒക്കെയായി ആകെ ഘോഷം.

അതിരുവനന്തപുരത്തുകാര്‍ക്കായിട്ട് ങയുടെ ചില്ല് "അവങ്" "ലവങ്" ഒക്കെ എഴുതാന്‍ വേണമെന്ന് കൈപ്പള്ളി പറഞ്ഞപോലെ എന്തോ എടവാടാണെന്ന് മാത്രം മനസ്സിലായി, മിണ്ടാതെ പോന്നു.

വല്യമ്മായി said...

പഞ്ചാലീ,

ഇതാ കുറെ പഴയ നെല്ലിപ്പുളി/ശീമനെല്ലിക്ക/അരിനെല്ലിക്ക വിശേഷം http://rehnaliyu.blogspot.com/2007/01/blog-post_25.html

പാഞ്ചാലി :: Panchali said...

അന്തോണിച്ചാ...ഞങ്ങളുടെ ശീമനെല്ലി ഗൂഗിള്‍ ഇമേജില്‍ ഇതാ!

വല്യമ്മായീ, ആ പോസ്റ്റ് കണ്ടിരുന്നു.അതില്‍ കൊടുത്തിരിക്കുന്ന പ്രകാരം ഇതാണോ നിങ്ങള്‍ വിളിക്കുന്ന നെല്ലിപ്പുളി/ശീമനെല്ലിക്ക. ഇത് ഇലുമ്പിപ്പുളിയുടെ ഫാമിലി അല്ലേ?
(ഇത് ഞാന്‍ കണ്ടിട്ടില്ല.)

phyllanthus rhamnoides ന്റെ പടം തപ്പിയിട്ട് കിട്ടുന്നില്ല :(

ജയരാജന്‍ said...

ഈ പാഞ്ചാലിച്ചേച്ചി ഇത്രയും പടങ്ങൾ എവിടന്ന് തപ്പിക്കൊണ്ടുവരുന്നു? :) ആ ലാസ്റ്റ് പടം (ശീമനെല്ലി) കണ്ടപ്പോ ചെറുപ്പകാലത്ത് കഴിച്ച ഒരു (പേരോർമയില്ലാത്ത)പുളിയൻ പഴത്തിന്റെ നല്ല ഛായ. പക്ഷേ അത് പഴുത്ത് കണ്ടിട്ടില്ല.

വല്യമ്മായി said...

അതെ പാഞ്ചാലി അതാണ് ശിമനെല്ലി/നെല്ലിപ്പുളി/അരിനെല്ലിക്ക :),നെല്ലിക്കയുടെ അത്ര കട്ടിയും കയ്പ്പും ഇല്ലാത്തത്.

ജയരാജന്‍,പഴുക്കാറില്ല,ഒരുപാട് മൂത്താല്‍ വാടിയ പോലെ മഞ്ഞ നിറത്തില്‍ കൊഴിഞ്ഞ് വീഴും എന്നാണോര്‍മ്മ