Friday, September 25, 2009

സൊല്യൂഷന്‍

ബ്ലൂബെറി ഹാര്‍ട്ടിനു നല്ലതാണത്രേ (ഏതെങ്കിലും ബെറികൃഷിക്കാരുടെ അസോസിയേഷന്‍ ഗവേഷിപ്പിച്ച് തെളിയിച്ചെടുത്തതാവും) അതെന്തരോ, ബ്ലാക്ക്‌ബെറി മനുഷ്യന്റെ വിശ്രമസമയം കൂടി നശിപ്പിക്കാന്‍ കമ്പനികള്‍ അടിച്ചേല്പ്പിക്കുന്ന ചൂഷണോപാധിയാകുന്നു. ഇതു കൊണ്ടു നടക്കൂല്ലെന്ന് വാശിപിടിച്ചിട്ടും ഫലമുണ്ടായില്ല. നായ്ക്കോലം കെട്ടിയാ കൊരക്കാതെ പറ്റൂല്ലല്ല്, ഒടുക്കം ഇതും പിടിച്ചോണ്ടാണ്‌ എന്റേയും നടപ്പ്. ആകെയുള്ള പ്രയോജനം നാട്ടില്‍ പോകുമ്പോള്‍ ഇതും താങ്ങി നടന്നാല്‍ നാലുപേര്‍ "ഓ, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണല്ലേ" എന്നു ചോദിക്കുമെന്നതാണ്‌. (ഇവിടെ വാന്‍‌സെയില്‍സുകാരനും കെന്റക്കി, പിറ്റ്സ, കൊറിയര്‍ ഡെലിവറിക്കാരനുമാണ്‌ ബ്ലാക്ക്‌ബെറിധാരികള്‍)

ഈയിടെ അതിന്റെ ഉറ എവിടെയോ കളഞ്ഞു പോയി, ഒന്നുരണ്ട് കടയില്‍ തിരക്കിയപ്പോല്‍ ഒറിജിനല്‍ ക്യാരിക്കേസ് കിട്ടാനുമില്ല, ആ കുന്തം ഒറിജിനലല്ലെങ്കില്‍‍ ഓട്ടോമാറ്റിക്ക് ലോക്കും അണ്‍ലോക്കും പവര്‍ സേവിങ്ങും ഒന്നും വര്‍ക്ക് ചെയ്യില്ല. പോക്കറ്റില്‍ ചില്ലറത്തുട്ടിന്റെയും താക്കോലിന്റെയും കൂടെ കിടന്ന് ഫോണിനു പോറലേല്‍ക്കുകയും ചെയ്യുന്നു.

അങ്ങനെ ഒരു വഴിക്ക് പോകുമ്പോഴാണ്‌ "പ്ലഗ്ഗിന്‍സ്" കണ്ണില്‍ പെട്ടത്. നേരേ കേറി.
"ബ്ലാക്ക് ബെറീടെ ഷീത്ത് ഉണ്ടോ?"
"ഉണ്ടല്ലോ"
"ഒരെണ്ണം വേണം എനിക്ക്"
"ഏതാ മോഡല്‍?"
"അത്.... മോഡല്‍ അനുസരിച്ച് ഷീത്തും മാറുമോ?"
"പിന്നില്ലേ, മോഡലിന്റെ അല്ലെങ്കില്‍ ഷെയിപ്പ് മാച്ചാവൂല്ല."

എന്റെ കുന്തത്തിന്റെ മോഡല്‍ എന്താണോ. ഐടി ഹെല്പ്പ് ഡെസ്കില്‍ വിളിച്ചു. ഇവരാണല്ലോ സാധനം വാങ്ങി തന്നവര്‍, അവര്‍ക്കറിയുമായിരിക്കണം. ഒരു ഹെല്പ്പുമില്ല, ആന്‍സറിങ്ങ് മെഷീനില്‍ പോകുന്നു. പെരുന്നാളായതുകൊണ്ട് രാത്രി ഹെല്പ്പില്ലായിരിക്കും.

ഡിസ്പ്ലേയില്‍ വച്ചിരിക്കുന്ന ബ്ലാക്ക് ബെറികള്‍ പോയി നോക്കി, എന്റെ മോഡല്‍ കണ്ടാല്‍ അത് സെയില്‍സ്മാനെ കാണിച്ചിട്ട് ഇതിന്റെ കവര്‍ മതിയെന്നു പറയാം. ങേ ഹേ, നമ്മുടെ മോഡല്‍ ഒബ്സൊലീറ്റ് ആയെന്നു തോന്നുന്നു, വില്പ്പനയ്ക്ക് വച്ചിട്ടില്ല.

നെറ്റില്‍ പോയി നോക്കിയാലോ, ഗൂഗിളിനോട് ബ്ലാക്ക് ബെറി മോഡല്‍ എന്നു ചോദിച്ചാല്‍ അത് പല പടം കാണിച്ചു തരും, അതില്‍ എന്റെ ഫോണ്‍ തിരിച്ചറിയുക എന്നിട്ട് പടം കാണിച്ച് ലോ ഇതു തന്നെ എന്നു പറയാം.

നെറ്റ് കിട്ടുന്നില്ല, ഫോണ്‍ തല്‍ക്കാലം ജീ.പി ആര്‍ എസ്സില്‍ ആണു പോലും . എഡ്ജ് കണക്ഷന്‍ ഉള്ള സമയത്തേ നെറ്റ് ഫാസ്റ്റ് ആയി വര്‍ക്ക് ചെയ്യൂ. ഒരാവശ്യത്തിനല്ലെങ്കില്‍ പിന്നെ എന്തരിനു കൂവാ ഈ ആധുനിക സം‌വിധാനമൊക്കെ.

കൂട്ടുകാരനു ഫോണ്‍ ചെയ്തു.
"ടേ, എന്റെ ബ്ലാക്ക്‌ബെറി ഏതു മോഡല്‍ ആണെന്ന് നിനക്ക് അറിയുമോ."
"പിന്നേ, നിന്റെ ഷഡ്ഡീഡെ സൈസ് ഒക്കെ ഓര്‍ത്തു വയ്ക്കാന്‍ ഞാനാര്‌ നിന്റെ ഭാര്യയോ." എന്ന് മറുപടി.

ഈ ഐഡിയ എനിക്കെന്തേ നേരത്തേ തോന്നിയില്ല! നേരേ ഭാര്യയെ വിളിച്ചു.

നോ ഉത്തരം, സഹധര്‍മ്മിണി സാധാരണയായി ഫോണ്‍ ബാഗില്‍ ഭദ്രമായി വയ്ക്കുകയാണ്‌ പതിവ്- മണിയടിയല്ല, അതിനി പൊട്ടിത്തെറിച്ചാലും പുറത്തൊരു ശബ്ദവും കേള്‍ക്കില്ല പിന്നെ.

ഓ നാശം. വാങ്ങിക്കണ്ടാ, തീര്‍ന്നല്ലോ.

ഇറങ്ങിപ്പോന്നു. വീട്ടില്‍ വന്ന് പെമ്പ്രന്നോരുടെ നേരേ ചാടി.
"ഡീ, ഫോണ്‍ വിളിച്ചാല്‍ നിനക്കു ചെവി കേള്‍ക്കില്ലേ, ഒരത്യാവശ്യം വന്നാല്‍ എങ്ങനെ അറിയിക്കും നിന്നെ?"
"അതിനിപ്പ എന്തര്‌ അത്യാവശ്യം വന്നത്?"
അത്യാവശ്യം മൊത്തം പറഞ്ഞു കേള്‍പ്പിച്ചു. ഫാര്യ മൊത്തം കേട്ടു തല കുലുക്കി.

"ഏതായാലും അത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് വാങ്ങിക്കാതെ പോരും മുന്നേ വേറൊരു വഴി കൂടെ ശ്രമിക്കാമായിരുന്നു." ഭാര്യ റിമാര്‍ക്കി.

അതെന്തു കാര്യം ഇനി ബാക്കി ? സകല വഴിയും ഞാന്‍ ശ്രമിച്ചതല്ലേ.

അതായത് ആമ്പ്രന്നോനേ, ആ ഫോണില്‍ നാട്ടുകാരെയൊക്കെ വിളിക്കും മുന്നേ അതൊന്ന് സെയില്‍സ്മാനെ കാണിച്ചിട്ട് "സാറേ, ഈ ടൈപ്പ് യന്ത്രത്തിന്റെ ഷീത്ത് ഒരെണ്ണം വേണം" എന്നു പറഞ്ഞാല്‍ മതിയായിരുന്നെന്ന്.

ആ വഴി കൂടെ ശ്രമിക്കാമായിരുന്നു. എന്തരു ചെയ്യാം പോയ ബുദ്ധി ആനപിടിച്ചാലും കിട്ടൂല്ലല്ല്.

9 comments:

നമത് വാഴ്വും കാലം said...

ബ്ലാക്ക് ബറി ദുരിതത്തില്‍ അനുഭാവം രേഖപ്പെടുത്തുകയും ദുഖം പങ്കുവെക്കുകയും ചെയ്യുന്നു. കുറ്റം പറയരുത്, നല്ല സ്റ്റര്‍ഡി ബോഡിയാണ്, എടുത്തെറിഞ്ഞിട്ടും ഇപ്പോഴും അവശേഷിക്കുന്നു. അതിനൊരു പാനല്‍ വാങ്ങാന്‍ എവിടൊക്കെ തെണ്ടിത്തിരിഞ്ഞു. ആരെയൊക്കെ വിളിച്ചു അവസാനം ദയ തോന്നിയ ഒരു ഡിലന്‍ സിംഗപ്പൂരില്‍ നിന്നെങ്ങാണ്ട് വരുത്തിത്തരുവാരുന്നു. അതിനു മാത്രം സ്കിന്നുമില്ല, ഉറേമില്ല. നാട്ടിലെവിടേം കിട്ടുകേമില്ല. അവസാനം സഹികെട്ട് - ഒരു തവണ നാട്ടില്‍ പോയപ്പോള്‍ ഫോണ്‍ വാങ്ങി നോക്കിയ കാര്‍ന്നോരു പറഞ്ഞപോലെ അക്ഷരമൊന്നുമാറ്റി ഉച്ചരിച്ചു കൃതാര്‍ത്ഥനായി! ധന്യനും.!

rpa said...

കണ്ണട മൂക്കില് വച്ചു കണ്ണട തിരഞ്ഞ അമ്മാവനെ പോലെ ആയല്ലോ ഇത്.

ബ്ളാക് െബറിക്ക് ഞാന് ഇട്ടിരിക്കുന്ന പേര് പട്ടി തൊടലെന്നാണ് ... വലിയ നീണ്ട തൊടല്. തൊടലിന്റെ അങ്ങെ അറ്റം പലരുടെയും കയ്യിലാണെന്നത് കൊണ്ട് മനസമാധാനമായി കക്കൂസില് പോലും പോകാന് പറ്റണില്ല.

ഉറുമ്പ്‌ /ANT said...

അതായത് ആമ്പ്രന്നോനേ, ആ ഫോണില്‍ നാട്ടുകാരെയൊക്കെ വിളിക്കും മുന്നേ അതൊന്ന് സെയില്‍സ്മാനെ കാണിച്ചിട്ട് "സാറേ, ഈ ടൈപ്പ് യന്ത്രത്തിന്റെ ഷീത്ത് ഒരെണ്ണം വേണം" എന്നു പറഞ്ഞാല്‍ മതിയായിരുന്നെന്ന്.


:)))

അരവിന്ദ് :: aravind said...

എഡ്ജ് കണക്ഷന്‍ ഉള്ള സമയത്തേ നെറ്റ് ഫാസ്റ്റ് ആയി വര്‍ക്ക് ചെയ്യൂ...
എഡ്‌ജാ? ദുബായില്‍ ത്രീ ജി ഇല്ലേ?

ജയരാജന്‍ said...

അനോണിയോസ്‌ അന്തോണിയോസ്‌ മൗറിലിയോസിന്റെ കാര്യം പോട്ടെ, അവിടെ ഇരുന്ന സെയിൽസ്മാനും ഈ ബുദ്ധി തോന്നിയില്ലേ? ഇങ്ങനത്തെ മണ്ടത്തരങ്ങൾ ദിവസവും കാണുന്നതല്ലേ? ഹാ... പോട്ട്‌...

അതൊക്കെപ്പോട്ടെ, ഐടി ഹെല്പ്പ് ഡെസ്കില്‍ വിളിക്കാൻ ഇതേ ബ്ലാക്ക്ബെറിയാണോ ഉപയോഗിച്ചേ? :)

പാഞ്ചാലി :: Panchali said...

പട്ടിക്ക് മുഴുവന്‍‌തേങ്ങ കിട്ടിയതു പോലെ എന്റെ കയ്യിലുമുണ്ടൊരു “ബ്ലാക്ബെറി-കൊടുങ്കാറ്റ്”. ഐ ഫോണായിരുന്നു ഇഷ്ടമെങ്കിലും നമ്മുടെ സര്‍വീസ് പ്രൊവൈഡര്‍ ഐ ഫോണ്‍ തരാത്തനാല്‍ “സ്റ്റോം” എടുത്തു.ഇടയ്ക്കിടയ്ക്ക് കാലാവസ്ഥാപ്രവചനം നോക്കാനായി മാത്രം മാസം 30 ഡോളര്‍ അധികം എന്തിനു കളയുന്നു എന്ന് എന്നും ചിന്തിക്കാറുണ്ട്!
കൂടെ ജോലിചെയ്യുന്ന ഒരു പോളിഷ് അമേരിക്കന്‍ ഐ ഫോണിലെ ഒരുമാതിരി ആപ്ലിക്കെഷന്‍സ് എല്ലാം സബ്സ്ക്രൈബ് ചെയ്ത് ഓഫീസിലിരുന്ന് മുഴുവന്‍ സമയവും അതില്‍ പണിയുന്നത് കാണുമ്പോള്‍ ഇതു മാറ്റി ഒരു സാദാ മൊബൈല്‍ എടുക്കുന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നു!


ഓ.ടോ.
നെല്ലിക്ക(ഇന്‍ഡ്യന്‍ ഗൂസ്ബെറി/ആമ്‌ല (അമല(?)))യെക്കുറിച്ച് കൂടുതല്‍ അറിയാമോ അന്തോണീ? ആമ്‌ല തന്നെ വന്യ എന്നും ഗ്രാമ്യ എന്നും രണ്ട് തരമുണ്ടെന്നും. വന്യയാണ് നമ്മുടെ നെല്ലിക്കയെന്നും ഗ്രാമ്യ ഒറിജിനല്‍ ഗൂസ്ബെറിയാണെന്നും (ഇന്‍ഡ്യന്‍ ഗൂസ്ബെറിയല്ല) ഒരു ഗുജറാത്തി!(നിങ്ങളെല്ലാം കാട്ടുജാതിക്കാരാണെന്നു ഇന്‍ഡയറക്റ്റായി എന്നോട് പറഞ്ഞതാണോ ആവോ?)
:(


തളം വ്യ്ക്കുന്നതിനും ച്യവനപ്രാശം ഉണ്ടാക്കുന്നതിനും പിന്നെ “ഓര്‍മ്മ കൂട്ടുന്നതിനും” നെല്ലിക്ക ഉത്തമമാണെന്നോര്‍ക്കുക. :)

chithal said...

ഇനി ഏതായാലും ബ്ലാക്ബെറി വാങ്ങണ്ട എന്നു തീരുമാനിച്ചു.. അതിന്റെ കവർ പോയാൽ ഇങ്ങനത്തെ ഗുലുമാൽ ഉണ്ടാവുമോ?

ISOLATED said...

ഹ്ഹഹഹ്..ഇതു ഞാന്‍ വിശ്വസിക്കൂലാ..അന്തോണിച്ചായന് ഇങ്ങനൊരു അബദ്ധം പെണഞ്ഞൂന്ന്.

asha said...

ഹ ഹ ഹ
ഹി ഹി ഹി