Wednesday, September 2, 2009

ഓര്‍മ്മയിലെ പൊന്നോണം

ഭീമന്‍ രഘു മുതല്‍ ഉണ്ടപ്പക്രു വരെ നായകന്മാരുടെയും ഷീല മുതല്‍ ഇന്നലെ റിലീസ് ആയി അപ്പത്തന്നെ പെട്ടിയില്‍ തിരിച്ചു കേറിയ പടത്തിലെ പേരോര്‍മ്മയില്ലാത്ത ആ പെമ്പ്രന്നൊരു വരെ നായികമാരുടെയും മുഖ്യമന്ത്രി മുതല്‍ കവലപ്പിരിവുകാരന്‍ വരെ രാഷ്ട്രീയക്കാരുടെയും ഒരുമാതിരി നാലുപേര്‍ക്ക് മുന്നില്‍ നിന്നിട്ടുള്ള സകലരുടെയും ഓര്‍മ്മയിലെ സമൃദ്ധിയും നന്മയും ശാന്തിയും സാഹോദര്യവും മറ്റു സ്ഥിരം ചേരുവകളുമിട്ട ഓര്‍മ്മകള്‍ ടെലിവിഷത്തിലും മാസികയിലും കണ്ട് മത്തുപിടിച്ച് ഇരിക്കുന്ന മലയാളികള്‍ക്ക് എന്റെ വകയും ഇരിക്കട്ട് എടങ്ങഴി ഓണാശംസകള്‍.


ഇപ്പഴക്കെ എന്തര്‌ ഓണം. ഓണം ഓണം എന്നൊക്കെ പറയുന്നത് പണ്ടായിരുന്നു. പണ്ടെന്നു വച്ചാല്‍ എന്റെ ചെറുപ്പകാലത്ത്. മാവേലി ഭരിച്ച കാലവും എന്റെ ചെറുപ്പത്തിലെ കേരളവും തമ്മില്‍ ഒരു ദമ്പിടീടെ വത്യാസം പോലും ഇല്ലായിരുന്നു, മാനുഷര്‍ ഒന്നുപോലെ, കള്ളപ്പറയും സുനാഗ്രഫിയും മറ്റു കള്ളത്തരങ്ങളും ഒന്നും ഇല്ലായിരുന്നു. മനുഷ്യര്‍ പള്ള് വിളിക്കുകയോ കക്കൂസില്‍ പോകുകയോ മറ്റു വൃത്തികെട്ട എന്തെങ്കിലും കാര്യം ചെയ്യുകയോ ഇല്ലാരുന്നു.

അന്ന് പോലീസ് സ്റ്റേഷനില്‍ കയറിയാല്‍ ഇടി എല്ലാവര്‍ക്കും ഉറപ്പായും കിട്ടുമായിരുന്നു. ഇന്നിപ്പോ പോലീസ് എങ്ങാനും ഇടിച്ചാല്‍ അത് വാര്‍ത്തയായി പൊല്ലാപ്പ് ആയി. എനിക്കോര്‍മ്മ വയ്ക്കുമ്പോള്‍ പത്രങ്ങള്‍ക്ക് സെന്‍സറിങ്ങ് സര്‍ക്കാര്‍ വക ഉണ്ടായിരുന്നു. നാവടക്കൂ പണിയെടുക്കൂ എന്ന് ചാട്ടവാറോങ്ങുന്ന ഒരു കൊച്ചമ്മ തലപ്പത്തുണ്ടായിരുന്നു.

പണ്ടൊക്കെ മുളകുപൊടി എന്നു വച്ചാല്‍ പകുതീം റെഡ് ഓക്സൈഡ് ആയിരുന്നു, മൊളോടി വെള്ളത്തില്‍ കലക്കിയാല്‍ കലക്കിയവളുടെ കയ്യില്‍ വേറേ മൈലാഞ്ചി ഇടേണ്ടതില്ലായിരുന്നു. അന്ന് ഒരു കിലോ തേയില വാങ്ങിച്ചാല്‍ അതില്‍ മുക്കാലും അറക്കപ്പൊടീല്‍ ലെഡ് പെയിന്റ് അടിച്ചതായിരുന്നു. നൂറു ഗ്രാം കാപ്പിപ്പൊടി വാങ്ങിയാല്‍ അതില്‍ അണ്ടിത്തൊലി നിറച്ചുമുണ്ടായിരുന്നു. പുഴുക്കലരി പുഴുക്കലരി എന്നൊക്കെ പറഞ്ഞാ അന്നു കിട്ടുന്നതായിരുന്നു. ഇപ്പ സോര്‍ട്ടെക്സ് കീര്‍ടെക്സ് എന്നൊക്കെ പറഞ്ഞു വരുന്ന പുഴുക്കലരിയില്‍ പുഴുവോ കല്ലോ ഇല്ല, വെറും അരി മാത്രം. പായസം ഒണ്ടാക്കാന്‍ ഒരു കുപ്പി പാലു വാങ്ങിച്ചാ അതില്‍ തോട്ടിലെ പായലും മാനത്തുകണ്ണീം വരെ കാണാമായിരുന്നു, ഇപ്പ എല്ലാം മില്‍മേടെ പായ്ക്കറ്റല്ലേ.
റബ്ബറിന്റെ കുരു ആട്ടിയ മണമുള്ള വെളിച്ചെണ്ണയുടെ സുഗന്ധം ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ കുരിളു കോരുന്നു.

ഓണം വന്നാ കൃഷിക്കാരന്‍ വിളവെടുക്കുന്ന കാലമായതുകൊണ്ട് അവനു കിട്ടുന്ന വില ഇടിയുകയും ചന്തയില്‍ കച്ചവടം കൂടുന്നതുകൊണ്ട് അവിടെ തോന്ന്യാസം നടക്കുകയും ചെയ്യുമായിരുന്നു. ഇപ്പോഴൊക്കെ അങ്ങനാണോ, തറവില, മാവേലി സ്റ്റോറ്, അനീതി സ്റ്റോറ്, ഹരിത അത് ഇത്, പോരാഞ്ഞിട്ട് ഒരു രൂപ എന്തിനെങ്കിലും കൂടിയാല്‍ "ജനജീവിതം ദുസ്സഹമായെന്ന്" നിലവിളിക്കുന്ന പ്രതിപക്ഷം, കഴിഞ്ഞ വര്‍ഷങ്ങളിലെ അങ്ങാടി നിലവാരവുമായി സ്റ്റാറ്റ് ടേബിള്‍ ഇടുന്ന ടെലിവിഷന്‍... അങ്ങനെ പോകുന്നു.

പണ്ട് അടുത്ത വീട്ടിലെ ദരിദ്രരായ‍ കുട്ടികളെയും തമിഴ് നാട്ടില്‍ നിന്ന് വാങ്ങിച്ചോണ്ട് വന്ന് ബ്രോക്കര്‍മാര്‍ വില്‍ക്കുന്ന പാണ്ടിച്ചെറുക്കന്മാരെയും കൊണ്ട് വീട്ടിലെ എല്ലാ ജോലിയും ചെയ്യിക്കാമായിരുന്നു, വല്ലപ്പോഴും കൊറച്ച് പഴങ്കഞ്ഞീം ഇടയ്ക്കിടയ്ക്ക് പഴുപ്പിച്ച ചട്ടുകം കൊണ്ട് അടിയും ധാരാളം മതി. ഇപ്പഴൊക്കെ അങ്ങനെ ആണോ, വീട്ടുജോലിക്ക് ആളെ കിട്ടാനില്ല, ഉണ്ടെങ്കില്‍ തന്നെ അന്യായ ശമ്പളം ചോദിക്കുന്നു.


പണ്ടൊക്കെ ഓണം ആയാലും കൃസ്തുമസ് ആയാലും ബക്രീദ് ആയാലും ഇറങ്ങുന്ന സിനിമയിലെല്ലാം നസീറും ജോസ് പ്രകാശും ജയനും സൂമാരനും സിംഗപൂരില്‍ നിന്ന് കപ്പല്‍ നിറയെ രത്നങ്ങളുമായി വരുന്ന ബിസിനസ്സുകാരനെ പോലീസ് പിടിക്കുന്നതും നെയ്യാര്‍ ഡാമിന്റെ പരിസരത്ത് കോട്ട കെട്ടി കുതിരയുമായി കൊള്ളയടിക്കാന്‍ വരുന്ന ബാലങ്കേ നായരും ആയിരുന്നു. ഇപ്പ സിനിമയ്ക്ക് കഥ വേണം വെറൈറ്റി വേണം എന്നൊക്കെയായി ആളുകള്‍- കാലം പോയ പോക്കേ.

പണ്ടൊക്കെ ഓണത്തിന്റെ നൊസ്റ്റാള്‍ജിയ അടിച്ചു ഞെളിയാന്‍ മാടമ്പികള്‍ക്കും മാഡങ്ങള്‍ക്കും ആകെ ഒരു ആകാശവാണീം പത്രത്തിന്റെ താളുമേ ഉണ്ടായിരുന്നുള്ളു. ഇപ്പ പത്തു പതിനഞ്ചു ചാനലില്‍ ഒരേ സമയം അല്ലേ കസര്‍ത്ത്, ആരും ശ്രദ്ധിക്കാതെയായി ഇതെല്ലാം.

പണ്ട് ഓണാശംസ, ഹാപ്പി ഓണം, എന്നൊക്കെ പറയുന്ന ശീലം ഇല്ലായിരുന്നു. ഇപ്പോഴൊക്കെ അതാണോ, ഓണത്തിനു ആശംസ വേണം, അതിനു സാധാരണ ഫോണ്‍, മൊബിയല്‍ ഫോണ്‍, ഈമെയില്‌ ഓര്‍ക്കുട്ട്, ഫെയിസ് ബുക്ക് ഫോറം കീറം ഒക്കെ തികയാതെ ജനം ബുദ്ധിമുട്ടുകയല്ലേ.

പണ്ടൊക്കെ അഞ്ചെട്ടു കറി കൂട്ടി ഒരു ഊണ്‌ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ഓണത്തിനു മാത്രമേ കഴിക്കാന്‍ നമ്മള്‍ക്കൊക്കെ പാങ്ങുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അതിന്റെ രുചി, രസം ഓര്‍മ്മ ഒക്കെ അങ്ങനെ നില്‍ക്കും. ഇപ്പോ അങ്ങനെ ആന്നോ, എല്ലാദിവസവും കൊറേ ചോറും കറിയും മീനും മുട്ടേം ഒക്കെ വാരിത്തിന്ന് ഒടുക്കം ഓണത്തിനു സദ്യ ഒരുക്കുമ്പോള്‍ ഉത്രാടത്തിനും അതിനു മുന്നോട്ട് ഉള്ള സകലദിവസത്തിലും വച്ച ഊണിനെക്കാളും ഓണസദ്യക്ക് ഇനി എന്തരു പ്രത്യേകത ഉണ്ടാക്കാനാണ് എന്നാലോചിച്ച് മനുഷ്യര്‍ പ്രാന്തു പിടിച്ച് നടക്കുകയാണ്‌.

ഇപ്പഴൊക്കെ എന്തര്‌ ഓണം, ഒക്കെ പോയില്ലേ. എനിവേ, ഇവിടം വരെ വന്നസ്ഥിതിക്ക് ഒരു പാചക കുറിപ്പ് ഇട്ടിട്ടു പോകാം. നമ്മുടെയൊക്കെ കുട്ടിക്കാലം മുതല്‍ ദാ ദിപ്പ വരെ പ്രചാരത്തിലുള്ള ഒരു പാചകവിധി ആണിത്.

കള്ള്:
കള്ളുണ്ടാക്കുന്നതെങ്ങനെ എന്ന് നിസ്സാരമായി പറയാം എങ്കിലും പ്രവൃത്തിയില്‍ ആക്കുമ്പോള്‍ അറിയാം അതിന്റെ ബുദ്ധിമുട്ട്. വളരെയേറെ വൈദഗ്ദ്ധ്യം വേണ്ട ഒരു കലയാണ്‌ കള്ളുണ്ടാക്കല്‍.


ഒരു പത്തുലിറ്റര്‍ ബക്കറ്റ് വെള്ളം പൈപ്പില്‍ നിന്നും പിടിക്കുക. എന്നിട്ട് ഒരു ട്യൂബ് സിലോണ്‍ പേസ്റ്റ് അതില്‍ കലക്കുക. സിലോണ്‍ പേസ്റ്റില്ലെങ്കില്‍ ചോക്കുപൊടി, കുമ്മായം എന്നിവ നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഇട്ട് വെള്ളം വെളുപ്പിച്ചാലും മതിയാകും, പക്ഷേ രുചി മാറാന്‍ സാദ്ധ്യതയുണ്ട്.

മൂന്നു ഗ്ലാസ് ഈതൈല്‍ സ്പിരിറ്റ് അതിലൊഴിക്കുക. ഈതൈല്‍ ഇല്ലെങ്കില്‍ ഡീനേച്ചര്‍ ചെയ്ത മീതൈല്‍ സ്പിരിറ്റ് രണ്ട് ഗ്ലാസ് ഒഴിച്ചാലും മതി.

ഒരു സ്പൂണ്‍ ക്ലോറല്‍ ഹൈഡ്രേറ്റ് ബക്കറ്റില്‍ നല്ലതുപോലെ കലക്കി ചേര്‍ക്കുക. ഒരു സ്പൂണ്‍ ഫ്യൂറിഡാനും കലക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇതു രണ്ടും അളവില്‍ കൂടുകയോ ശരിക്കു കലങ്ങാതെ ഇരിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ ഫെയിമസ്സാകും എന്നതാണ്‌.

ഒരു കാസ്റ്റ്റോള്‍ പോണി നിറച്ച് പഞ്ചസാര എടുത്ത് ഈ ബക്കറ്റിലിട്ടു കലക്കിയാല്‍ മധുരക്കള്ള് റെഡി. പുളിങ്കള്ള് ആണ്‌ വേണ്ടതെങ്കില്‍ പഞ്ചസാരയ്ക്ക് പുറമേ ഒരു ഗ്ലാസ് വിന്നാഗിരിയും ചേര്‍ക്കുക.

കൂടുതല്‍ ദിവസം കള്ള് കേടുകൂടാതെ ഇരിക്കണമെങ്കില്‍ ഫോര്‍മലിന്‍ കൂടി ചേര്‍ത്താല്‍ മതി.

എല്ലാവരും കള്ള് ഇന്നു തന്നെ ഉണ്ടാക്കി നോക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതടിക്കുന്നവന്റെ ലിവര്‍ ,കൊടല്‍, കീഡ്ണി, വൃഷണം, ആമാശയം, പ്ലീഹ എന്നിവയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയുള്ള പഠനം ഇതുവരെ തീര്‍ന്നിട്ടില്ല, എങ്കിലും എത്രയും വേഗം നിങ്ങളൊക്കെ സ്വര്‍ഗ്ഗരാജ്യം പ്രാപിക്കാന്‍ ഈ കള്ളിനോളം പോന്ന ഒരു മയക്കുമരുന്നും മനുഷ്യന്‍ കണ്ടുപിടിച്ചിട്ടില്ലെന്നാണ്‌ കേള്‍ക്കുന്നത്.

16 comments:

R. said...

അന്തോണിച്ചന് എന്റെ വകേം ഇരിക്കട്ട് ഓണാശംസകള്‍.
ഈ കള്ളുണ്ടാക്കാനും തല്‍ഫലമായി ഫെയിമസ്സാവാനും പരിപാടിയില്ല.

[ഓണം ആഘോഷിക്കാത്ത, ആപ്പീസിലിരുന്നു കമന്റിടുന്ന ഒരു മലയാളി.]

മൂര്‍ത്തി said...

ഡയാസെപാം ചേര്‍ത്തില്ലെങ്കില്‍ മിക്സിംഗ് ശരിയാകുമോ ആന്റണിച്ചായാ? ആനമയക്കി എന്ന ബ്രാന്‍ഡ് നെയിം കിട്ടണമെങ്കില്‍ അത് വേണം എന്നാണ് കേട്ടിട്ടുള്ളത്..

ഒരു എടങ്ങഴി ആശംസകള്‍ അങ്ങോട്ടും.

junaith said...

കള്ളോണാശംസകള്‍്

കുറുമാന്‍ said...

ഓണം വന്നോണം വന്നോണം വന്നേ
കള്ളിന്‍ റെസീപ്പിയായ് ആന്റണിച്ചായന്‍ വന്നേ

ഓണത്തിരുവാഴ്ത്തുക്കള്‍

മാണിക്യം said...

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
അതിരുകള്‍ ഇല്ലാത്ത നല്ല നാളെയുടെ മഹാസങ്കല്‍പ്പം, ഓണം.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍... :)

കൊറ്റായി said...

കലക്കി അച്ചായോ...

പാര്‍ത്ഥന്‍ said...

എല്ലാവർക്കും വിഭവസമൃദമായ കള്ളാശംസകൾ.

എന്റെ അമ്മാവൻ പറയാറുണ്ടായിരുന്നു. ‘ഇന്ന് ഓണമാണ് വിഷുവാണ് തൃശൂർ പൂരമാണ് എന്നൊക്കെ തെങ്ങുണ്ടോ അറിയുന്നു‘. അത് അറിയുന്നവർ വേണ്ടേ അതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ.

മനു എസ് പണിക്കര്‍ said...

ആശംസകള്‍...

bhaai said...

എല്ലാദിവസവും കൊറേ ചോറും കറിയും മീനും മുട്ടേം ഒക്കെ വാരിത്തിന്ന് ഒടുക്കം ഓണത്തിനു സദ്യ ഒരുക്കുമ്പോള്‍ ഉത്രാടത്തിനും അതിനു മുന്നോട്ട് ഉള്ള സകലദിവസത്തിലും വച്ച ഊണിനെക്കാളും ഓണസദ്യക്ക് ഇനി എന്തരു പ്രത്യേകത ഉണ്ടാക്കാനാണ് എന്നാലോചിച്ച് മനുഷ്യര്‍ പ്രാന്തു പിടിച്ച് നടക്കുകയാണ്‌

ath kalakki

ബിനോയ്//Binoy said...

"..പണ്ടെന്നു വച്ചാല്‍ എന്റെ ചെറുപ്പകാലത്ത്. മാവേലി ഭരിച്ച കാലവും എന്റെ ചെറുപ്പത്തിലെ കേരളവും തമ്മില്‍ ഒരു ദമ്പിടീടെ വത്യാസം പോലും ഇല്ലായിരുന്നു.."
ഹ ഹ തകര്‍പ്പന്‍ പോസ്റ്റ് അന്തോണിച്ചായോ. സമാനമായ വിഷയത്തില്‍ അമ്മാവന്‍ സിന്‍‌ഡ്രോം ഓണക്കാലത്ത് എന്ന പേരില്‍ അടിയനും ഒരു കുറിപ്പ് എഴുതിയിരുന്നു.

കുറച്ച് ഷോപ്പിങ് തിരക്കിലാ. ഈ ക്ലോറല്‍ ഹൈഡ്രേറ്റ് എവിടാ കിട്ടുകയാവോ :)

Readers Dais said...

അടിപൊളി മാഷേ ,അന്നത്തെ ഓണത്തിന്റെ മനോഹരിതയ്ക് നല്ല കൊട്ട് തന്നെ , പിന്നെ മദ്യം നിരോധിച്ചിട്ടുള്ള ഒരു രാജ്യത്ത്താനെ ..... ഇത് പരീക്ഷിച്ചു അകത്തയാല്‍ പിന്നെ അകത്തിരിന്നു ഇത് ഉണ്ടാക്കി കൊടുക്കേണ്ടി വരുമോ എന്തോ ?

Adithyan said...

പണ്ട് പാപ്പാന്‍ പിസ്സാ തിന്നോണ്ടിട്ട പൊന്നോണശ്മരണകള്‍ കഴിഞ്ഞ് ഇങ്ങനെ ഒരു സാധനം കാണാന്‍ കൊറെ താമസിച്ച് :)

ചിയേഴ്സ്!

Visala Manaskan said...

...സിംഗപൂരില്‍ നിന്ന് കപ്പല്‍ നിറയെ രത്നങ്ങളുമായി വരുന്ന ബിസിനസ്സുകാരനെ പോലീസ് പിടിക്കുന്നതും നെയ്യാര്‍ ഡാമിന്റെ പരിസരത്ത് കോട്ട കെട്ടി കുതിരയുമായി കൊള്ളയടിക്കാന്‍ വരുന്ന...


:)

Visala Manaskan said...

...സിംഗപൂരില്‍ നിന്ന് കപ്പല്‍ നിറയെ രത്നങ്ങളുമായി വരുന്ന ബിസിനസ്സുകാരനെ പോലീസ് പിടിക്കുന്നതും നെയ്യാര്‍ ഡാമിന്റെ പരിസരത്ത് കോട്ട കെട്ടി കുതിരയുമായി കൊള്ളയടിക്കാന്‍ വരുന്ന...


:)

അനോണി ആന്റണി said...

ഓണത്തിനു കാലാപ്പാനി അടിക്കാന്‍ കൂടിയ സകലര്‍ക്കും നന്ദി.
മൂര്‍ത്തിയണ്ണാ ഡയാസെപാം അഥവാ വാലിയം കിട്ടണേല്‍ പ്രിസ്ക്രിപ്ഷന്‍ വ്യാണ്ടേ? അതോണ്ട് നമുക്ക് ആനമയക്കിക്കു പകരം കാലാപ്പാനി തന്നെ മതിയെന്ന് വച്ചതാ. (മൂര്‍ത്തിയെന്നും കള്ളെന്നും ഒറ്റവായില്‍ പറഞ്ഞപ്പ ഈശ്വരമൂര്‍ത്തയെ ഓര്‍മ്മവന്ന്)

ആന്ധയീന്നു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഡയാസെപ്പാം കലക്കിയ ആനമയക്കി അടിച്ചു ശീലിച്ച പലരും അതിന്റെ മേല്‍ ക്രാക്ക് ഡൗണ്‍ കഴിഞ്ഞ് വന്ന ഒറിജിനല്‍ കള്ളടിച്ചപ്പ വിത്ഡ്രോവല്‍ സിമ്പ്റ്റം കാണിച്ച് ആശൂത്രീലായത്രേ.
http://www.thehindu.com/2009/08/20/stories/2009082061200500.htm

മുണ്ഡിത ശിരസ്കൻ said...

പണ്ടൊക്കെ ഓണത്തിന്റെ നൊസ്റ്റാള്‍ജിയ അടിച്ചു ഞെളിയാന്‍ മാടമ്പികള്‍ക്കും മാഡങ്ങള്‍ക്കും ആകെ ഒരു ആകാശവാണീം പത്രത്തിന്റെ താളുമേ ഉണ്ടായിരുന്നുള്ളു. ഇപ്പ പത്തു പതിനഞ്ചു ചാനലില്‍ ഒരേ സമയം അല്ലേ കസര്‍ത്ത്...

ബിലേറ്റഡ് ഓണാശംസ.