Monday, September 28, 2009

ദളിത് തീവ്രവാദവും ഗുണ്ടാരാജും കേരളത്തില്‍- ജെയിംസ് വടക്കും‌ചേരി

റേഡിയോ കൊണ്ട് ചിലപ്പോഴെങ്കിലും പ്രയോജനമുണ്ട്. ഇന്നലെ കേരളത്തില്‍ ദളിത് തീവ്രവാദം തുടങ്ങിയോ എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് റേഡിയോയുടെ ‍ ഒരു ചര്‍ച്ചയില്‍ ജെയിംസ് വടക്കുംചേരി പങ്കെടുത്തിരുന്നു. അദ്ദേഹം വളരെ ഷാര്‍പ്പ് ആയ അതേസമയം ലളിതവുമായരീതിയിലാണ്‌ പ്രശ്നം കണ്ടത്. അദ്ദേഹം പറഞ്ഞതിലെ ചില മുഖ്യാശയങ്ങള്‍ മാത്രം താഴെക്കൊടുക്കുന്നു. (പൂര്‍ണ്ണരൂപത്തിലോ വിശദമായോ അതെഴുതാന്‍ എനിക്ക് ഏഷ്യാനെറ്റിന്റെ അനുവാദം വേണ്ടിവരുമെന്നതിനാല്‍ അതിനു മുതിരുന്നില്ല)


ഒന്ന്: കേരളത്തിലുണ്ടായ നക്സല്‍ സര്‍ജ്ജിനു കാരണമായ കാര്യങ്ങളില്‍ പലതും ദളിതര്‍ക്ക് ഇപ്പോഴും നിലനില്‍ക്കുന്നു- വിവേചനം, മറ്റു ജാതിമതസ്ഥരോട് താരതമ്യം ചെയ്യുമ്പോള്‍ പിന്നോക്കാവസ്ഥ, മുതിര്‍ന്നാലും കാര്യമായൊന്നും നേടാനാവാത്ത സ്ഥിതി, അരക്ഷിതാവസ്ഥ, ചൂഷണം ചെയ്യപ്പെടുകയാണെന്ന തോന്നല്‍, തങ്ങള്‍ ഒരു വര്‍ഗ്ഗമാണെന്നും തങ്ങള്‍ക്കെതിരേ മറ്റു വര്‍ഗ്ഗങ്ങള്‍ ഡോമിനന്‍സ് സ്ഥാപിക്കുകയാണെന്നുമുള്ള വിശ്വാസം.

രണ്ട്: നക്സല്‍ ഭീഷണി ജയറാം പടിക്കലിനെപ്പോലെയുള്ളവര്‍ ഇരുമ്പു കൈകൊണ്ട് ഇല്ലായ്മ ചെയ്തെന്ന പൊതുജനവിശ്വാസം വിഢിത്തമാണ്‌. പഠിപ്പുള്ളവരും കര്‍മ്മശേഷിയുള്ളവരും എന്തെങ്കിലുമൊക്കെ തൊഴില്‍ പ്രത്യേകിച്ച് കുലത്തൊഴിലുകള്‍ക്ക് പുറത്ത് നേടാമെന്നുള്ള അവസ്ത പെട്ടെന്ന് കേരളത്തിലുണ്ടായതുകൊണ്ടാണ്‌ തീവ്രവാദം തേഞ്ഞുമാഞ്ഞു പോയത്. ഗള്‍ഫ് ബൂം ആണ്‌ അതില്‍ ഏറ്റവും വലിയ സിംഗിള്‍ ഫാക്റ്റര്‍.

മൂന്ന്: ഹിറ്റ് ആന്‍ഡ് റണ്‍ തീവ്രവാദം ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളുമായി വത്യാസപ്പെടുന്നത് ഐഡിയോളജി എന്ന ഒറ്റക്കാര്യത്തിലേയുള്ളു ഇപ്പോഴത്തെ കാലത്ത്. മറ്റെല്ലാക്കാര്യങ്ങളിലും അവര്‍ ഗുണ്ടാസംഘങ്ങളോട് താരതമ്യം ചെയ്യാവുന്ന രീതിയിലായി മാറി, നക്സല്‍ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ പ്രത്യേകിച്ചും. നേതാവ് പ്രത്യക്ഷപ്പെടാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന അദൃശ്യനും വേരുകള്‍ ചേരിയിലും തെരുവിലും തൊഴിലോ ലക്ഷ്യബോധമോ ഇല്ലാത്ത മനുഷ്യരും എന്ന രീതിയാണിന്ന് തീവ്രവാദത്തിനും.

നാല്‌: കേരളത്തില്‍ തീവ്രവാദ വളക്കൂറ് ദാ ഇപ്പോള്‍ ഉണ്ടായി എന്ന രീതിയിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഹാസ്യമാണ്‌. കാലാകാലം കേരളാ പോലീസ് അതത് അധികാരികളെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം അതേ കാര്യങ്ങള്‍ പറഞ്ഞ് ദാ നിന്റെ നാടു നശിച്ചു എന്ന രീതിയില്‍ അവതരിപ്പിച്ച് ജനത്തിനു ഭീഷണിയും മാദ്ധ്യമങ്ങള്‍ക്ക് ആഘോഷവും ഉണ്ടാക്കി കൊടുക്കുന്നത് തീവ്രവാദികള്‍ക്കല്ലാതെ ആര്‍ക്കും പ്രയോജനം ചെയ്യുന്നില്ല. ഇത്രയും വര്‍ഷം ഒരു ഇന്റലിജന്റ് അപ്രോച്ചും ഇല്ലാതെയിരുന്ന് കാര്യങ്ങള്‍ വഷളാക്കിയവര്‍ എന്ന നിലയില്‍ ആദ്യം പ്രതിക്കൂട്ടില്‍ ഇന്റലിജന്‍സ് വിഭാഗമാണ്‌.

അഞ്ച്: പോലീസ് എന്നാല്‍ വിഢിയും നിസ്സഹായരും അഴിമതിക്കാരും ഭരണകൂടഭീകരതയുടെ അനുവര്‍ത്തികളും; ഗുണ്ടകളും ക്രിമിനലുകളും സുശക്തരും ധനികരും ആഡംബരക്കാരും അനുകരണീയരും എന്ന പൊതുജനബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തത്ന ല്ലൊരളവില്‍ മാദ്ധ്യമങ്ങളാണ്‌, അവര്‍ക്കതില്‍ തീര്‍ച്ചയായും സെന്‍സേഷന്‍ എന്നതിനെക്കാള്‍ മറ്റെന്തെങ്കിലും താല്പ്പര്യവും ഉണ്ടാവും.

ആറ്‌: ഒരു ഗുണ്ട എന്നല്ല ഗുണ്ടാസംഘങ്ങളാണ്‌ നിലവിലുള്ളത്. അതില്‍ നിന്നും ഒന്നോ പത്തോ ഗുണ്ടകളെ അമര്‍ച്ച ചെയ്താല്‍ ആ സ്ഥാനങ്ങളിലേക്ക് സംഘഅംഗങ്ങള്‍ പ്രമോട്ട് ചെയ്യപ്പെടുകയോ അല്ലെങ്കില്‍ പ്രസ്ഥാനം മറ്റൊന്നിലേക്ക് ചേരുകയോ ചെയ്യുമെന്നല്ലാതെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് പ്രശനം പരിഹരിക്കാനാവില്ല, ചില കുറ്റങ്ങളില്‍ ചിലര്‍ ശിക്ഷിക്കപ്പെടുമെന്നല്ലാതെ പോലീസ് വിചാരിച്ചിട്ട് ഗുണ്ടാരാജ് അവസാനിപ്പിക്കാന്‍ കുറേ അറസ്റ്റുകൊണ്ട് കാര്യമില്ല.

ഏഴ്: ഗുണ്ടാകളെ പോറ്റുന്ന ബിസിനസ്സുകാര്‍, ഭൂമി ഇടപാടുകാര്‍, കമ്പനികള്‍, സംഘടനകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ തുടങ്ങി ഗുണ്ടാബന്ധം കൊണ്ട് പ്രയോജനമുണ്ടാകുന്ന സകല ആളുകളെയും അതില്‍ നിന്ന് പിന്‍‌തിരിപ്പിക്കാന്‍ സര്‍ക്കാര്‍, കോടതി, മാദ്ധ്യമങ്ങള്‍, ജീവനക്കാര്‍, പൊതുജനം എന്നിവര്‍ പോലീസിനൊപ്പം കൈകോര്‍ത്ത് ഒരു പ്രോജക്റ്റ് ആയി, സ്ഥിരം സം‌വിധാനമായി മുന്നോട്ട് പോയാലേ ഗുണ്ടകള്‍ അവസാനിക്കൂ.

എട്ട്:ദളിത് മേഘലയില്‍ ഒരു രണ്ടാം നക്സല്‍ മോഡല്‍ തീവ്രവാദം ഉയരാതിരിക്കാന്‍ അവരെ മറ്റു ജനത്തിനു തുല്യമായ തൊഴില്‍ വിദ്യാഭ്യാസ അവസ്ഥയിലേക്ക് കൊണ്ടുവരികയും അവരുടേതു മാത്രമായ ഒരു ചേരിയായി ഉപേക്ഷിക്കുകയും ചെയ്യാതെയിരിക്കുകയും അതേ സമയം തന്നെ സംസ്ഥാനാന്തര തീവ്രവാദികളോട് അവര്‍ ഇടപെടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നല്ലാതെ പോം‌വഴി ഇല്ല.

(ക്രിമിനോളജിസ്റ്റ് എന്നാല്‍ ഫോറന്‍സിക്സ്, നിയമം തുടങ്ങിയവയുടെ വിദഗ്ദ്ധന്‍ ആയിരിക്കും എന്നൊരു മുന്‍‌വിധിയാല്‍ ഞാന്‍ ഇദ്ദേഹമെഴുതിയ പുസ്തകങ്ങളൊന്നും ഇതുവരെ വായിച്ചിട്ടില്ല. അതൊരു നഷ്ടമായെന്ന് ഇപ്പോള്‍ തോന്നുന്നു.)

5 comments:

Robert said...

പൊതുവില്‍ യോജിക്കുന്നു. പ്രത്യേകിച്ചും ജയറാം പടിക്കലിന്റെ ഇരുമ്പ് കൈയെ പറ്റി പറഞ്ഞത്. ജെയിംസ്‌ വടക്കുംചെരിയുടെ ചില ലേഖനങ്ങള്‍ പണ്ട് മാതൃഭൂമി യില്‍ വായിചിരുന്നതും ഓര്‍ക്കുന്നു.
അഭയ കേസ് ഇല് നാര്‍കോ അനാലിസിസ്‌ നു മുന്‍പ് പ്രതികല്ക് ട്രെയിനിംഗ് കൊടുത്തത് ഇദ്ദേഹം ആണെന്ന ഒരു ആരോപണം നിലവിലുണ്ട്. സത്യാവസ്ഥ അറിയില്ല.

N.J ജോജൂ said...

Good post.

പലപ്പോഴും ദളിത് തീവ്രവാദവും നക്സല്‍ പ്രവര്‍ത്തനങ്ങളും ക്രമസമാധാനപ്രശ്നമായാണ് കണക്കാക്കപ്പെടുന്നതും, പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും. അവയ്ക്കുള്ള സാമൂഹികമായ കാരണങ്ങളെ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കാതിരിയ്ക്കുന്നിടത്തോളം കാലം അത് തൊലിപ്പുറത്തുള്ള ചികിത്സമാത്രമാണ്.

ശിഹാബ് മൊഗ്രാല്‍ said...

"ഗുണ്ടാകളെ പോറ്റുന്ന ബിസിനസ്സുകാര്‍, ഭൂമി ഇടപാടുകാര്‍, കമ്പനികള്‍, സംഘടനകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ തുടങ്ങി ഗുണ്ടാബന്ധം കൊണ്ട് പ്രയോജനമുണ്ടാകുന്ന സകല ആളുകളെയും അതില്‍ നിന്ന് പിന്‍‌തിരിപ്പിക്കാന്‍ സര്‍ക്കാര്‍, കോടതി, മാദ്ധ്യമങ്ങള്‍, ജീവനക്കാര്‍, പൊതുജനം എന്നിവര്‍ പോലീസിനൊപ്പം കൈകോര്‍ത്ത് ഒരു പ്രോജക്റ്റ് ആയി, സ്ഥിരം സം‌വിധാനമായി മുന്നോട്ട് പോയാലേ ഗുണ്ടകള്‍ അവസാനിക്കൂ."
വളരെ ശരിയാണ്‌.

ജയരാജന്‍ said...

“(ഏഷ്യാനെറ്റ്) റേഡിയോ കൊണ്ട് ചിലപ്പോഴെങ്കിലും പ്രയോജനമുണ്ട്” ! :)

ബിനോയ്//HariNav said...

"..ഗുണ്ടാകളെ പോറ്റുന്ന ബിസിനസ്സുകാര്‍, ഭൂമി ഇടപാടുകാര്‍, കമ്പനികള്‍, സംഘടനകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ തുടങ്ങി ഗുണ്ടാബന്ധം കൊണ്ട് പ്രയോജനമുണ്ടാകുന്ന സകല ആളുകളെയും അതില്‍ നിന്ന് പിന്‍‌തിരിപ്പിക്കാന്‍ സര്‍ക്കാര്‍, കോടതി, മാദ്ധ്യമങ്ങള്‍, ജീവനക്കാര്‍, പൊതുജനം എന്നിവര്‍ പോലീസിനൊപ്പം കൈകോര്‍ത്ത് ഒരു പ്രോജക്റ്റ് ആയി, സ്ഥിരം സം‌വിധാനമായി മുന്നോട്ട് പോയാലേ ഗുണ്ടകള്‍ അവസാനിക്കൂ.."

ലദാണ് കാര്യം.
നല്ല കുറിപ്പ്. നന്ദി :)