Thursday, September 24, 2009

ഇതെന്തു വാര്‍ത്ത?



ചിത്രം വിക്കിപ്പീഡിയയില്‍ നിന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പുനപ്രസിദ്ധീകരിച്ചത്.

ദാണ്ടെടാ അപൂര്‍വ്വ ചിലന്തിയെ കണ്ടെത്തീന്നു പറഞ്ഞു രാവിലേ മെയില്‍ വന്നപ്പോഴാണ്‌ ലിങ്കില്‍ ഞെക്കി മാതൃഭൂമി പത്രം വരെ പോയത്. എലി പോലെ പോയണ്ണാ, എലിപോലെ പോയി.


സംഗതി ജയന്റ് വുഡ് സ്പൈഡര്‍. കേരളത്തിലെ മിക്ക കാടുകളും അടക്കം ഇന്ത്യയുള്‍പ്പെടുന്ന ഉഷ്ണമേഖലാരാജ്യങ്ങളിലെ വുഡ്ഡായ വുഡ്ഡിലെല്ലാം ഈ വലിയവലക്കാരനെ കാണാം, കണ്ടിട്ടുണ്ട് നിരവധി തവണ. റിപ്പോര്‍ട്ടില്‍ പറയുന്ന നെഫില മെകുലാറ്റ എന്നത് ഈ ചിലന്തിയുടെ പഴയപേരാണ്‌. നിലവില്‍ nephila pilipes എന്നു വിളിച്ചു പോരുന്നു. മാതൃഭൂമി ചിത്രത്തില്‍ കാണുന്നത് nephila pilipes jalorensis (യൂജിന്‍ സൈമണ്‍ പത്തുനൂറു വര്‍ഷം മുന്നേ കണ്ടെത്തിയ സബ്‌സ്പീഷീസ്). ഇതിന്റെ വലിപ്പമൊക്കെ വിവരിക്കുന്ന കൂട്ടത്തില്‍ ആണ്‍ ചിലന്തി ഗിന്നസ് പക്രു മോഡലും പെണ്‍ ചിലന്തി ഷക്കീല മോഡലും ആണെന്ന് പറഞ്ഞിട്ടുമില്ല

കണ്ടെത്തി കണ്ടെത്തി എന്നു വാര്‍ത്ത കേട്ടു പോയപ്പോ പണ്ടേ പലതവണ കണ്ടിട്ടുള്ളതു തന്നെ . ഇനി ഞാന്‍ ഭയങ്കര ട്രെക്കര്‍ ആയോണ്ടാണെന്നു വിചാരിക്കേണ്ട, ബൂലോഗനായ റോക്സി ദാ തരുന്നു ഭൂതത്താന്‍ കെട്ടില്‍ നിന്നു റിപ്പോര്‍ട്ട് .

നിബിഡവനം വരെയൊന്നും പോകണ്ടാ പൊന്തയിലും പുറമ്പോക്കിലും ഒക്കെ ഇതു വരുമെന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജിന്റെ ചിലന്തിപഠന വിഭാഗം പറയുന്നു.



ഇത്രയും വിശദമായി മാതൃഭൂമി റിപ്പോര്‍ട്ട് എഴുതിയ വ്യക്തിക്ക് അറിയണമെന്ന് വിവക്ഷിക്കുന്നില്ല. ലളിതമായ ഒരു കാര്യം ചെയ്യാമായിരുന്നു. വംശനാശഭീഷണിയിലായ എന്തോ ഒന്നിനെ കണ്ടെത്തി എന്ന് ന്യൂസ് കിട്ടുമ്പോള്‍ അത് ശ്രീ. ജോസഫ് ആന്റണിയെ ഒന്നു കാണിച്ചിട്ട് "സാറേ ഇതില്‍ വല്ല കാര്യവുമുണ്ടോ?" എന്നൊന്ന് ചോദിക്കാമായിരുന്നു. ജെ ഏ മാഷ് തന്റെ അമ്പൂരി സ്ലാങ്ങില്‍ "എഴിച്ചു പോടേ, ഇതെന്തരു വാര്‍ത്ത" എന്നു മറുപടി പറഞ്ഞേനെ.

ഇത്തരത്തില്‍ ഈ അടുത്തു വന്ന മിക്ക റിപ്പോര്‍ട്ടുകളെയും തള്ളിക്കളയേണ്ടി വന്നതില്‍ ഖേദമുണ്ട്. പരിഹാരമായി ദാ ഒരു ഉശിരന്‍ കഥ. കൊടുവാലി (നീല്‍ഗിരി മാര്‍ട്ടെന്‍) എന്നു കേട്ടിട്ടുള്ളതല്ലാതെ കണ്ടവര്‍ അധികം ഉണ്ടാവില്ല (ഞാനും കണ്ടിട്ടില്ല) അതിന്റെ ഫോട്ടോ തപ്പിയാല്‍ നെറ്റില്‍ ആകെ കിട്ടുന്നത് കേരളാ വൈല്‍ഡ് ലൈഫിന്റെ ഹെഡറില്‍ എന്നോ ആരോ അവ്യക്തമായി എടുത്ത ഒരു ലോങ്ങ് ഷോട്ടില്‍ നിന്നും സ്റ്റാമ്പു രൂപത്തില്‍ വെട്ടിയ പടം മാത്രം.

അതല്ലാതെ കാണണോ, ശ്രീ എന്‍. ഏ. നസീര്‍ എടുത്ത ചിത്രവും റിപ്പോര്‍ട്ടും നോക്കൂ-ഹിന്ദുവില്‍ വന്ന വാര്‍ത്ത

7 comments:

ജോ l JOE said...

ഒരു തിരുത്ത് : എം.എ. നസീര്‍ എന്നുള്ളത് , എന്‍.എ .നസീര്‍ എന്ന് വായിക്കണം. അദ്ദേഹം ചെറായിക്ക് അടുത്ത പള്ളിപ്പുറം കാരന്‍ ആണ്. നീലഗിരി മാര്ട്ടന്‍ മാത്രമല്ല ഒട്ടനവധി അപൂര്‍വ പക്ഷി മൃഗാധികളെയും
അദ്ദേഹം വളരെ സമീപ ദ്രിശ്യത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. അത് അദ്ധേഹത്തിന്റെ കയ്യില്‍ നിന്നും തന്നെ നേരിട്ട് കാണുവാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്.

ഞാനുള്‍പ്പെടുന്ന നേച്ചര്‍ സംഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍ ഈ പരാമര്‍ശം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇതെഴുതിയ ബ്ലോഗിന് അദ്ധേഹത്തിന്റെ പ്രത്യേക നന്ദിയും അറിയിക്കുന്നു.

അനോണി ആന്റണി said...

ജോ, തെറ്റു തിരുത്തി തന്നതിനും ഞങ്ങളുടെ അഭിനന്ദനം ശ്രീ നസീറിനെ അറിയ്ക്കുന്നതിനും നന്ദി. പോസ്റ്റില്‍ അതു മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ nilgirimarten.com എന്ന സൈറ്റില്‍ ഇപ്പോള്‍ ദുബായില്‍ അദ്ധ്യാപനം നടത്തുകയാണെന്നു വായിച്ചു. എപോഴെങ്കിലുംഒന്നു പരിചയപ്പെട്ടാല്‍ കൊള്ളാമെന്നുണ്ട് (ഞാന്‍ ഫോട്ടോഗ്രാഫറുമല്ല, വന്യജീവിനിരീക്ഷകനുമല്ല, കായികാഭ്യാസിയുമല്ല. എന്നെ പരിചയപ്പെട്ടാല്‍ ബോറഡിക്കുമയിരിക്കും ശ്രീ. നസീറിന്‌, എന്നാലും ഒരു മോഹം)

Suraj said...

വീരഭൂമി മുന്നണിയൊക്കെ മാറിയ കാലമല്ലീ ? ഇനി കൊറേക്കാലം എന്തര് കണ്ടാലും “ങാഹാ, ഇങ്ങനൊരെണ്ണം ഇവിടൊക്ക ഒണ്ടായിരുന്നാ?” എന്നൊരു അത്ഭുതാവേശാദരവൊക്കെയാരിക്കും... അന്യം നിന്നു പോകുന്ന മണ്‍സൂണ്‍ മഴ, വംശനാശഭീഷണി നേരിടുന്ന തെങ്ങ്, അത്യപൂര്‍വമായ കാപ്പിത്തോട്ടം എന്നൊക്കെ ഇനി വാര്‍ത്തകള് വരും. കാത്തിരിക്കീങ്.

അനില്‍ശ്രീ said...

അന്തോണിച്ചാ ഇവന്‍ ഇത്രക്ക് വിരളന്‍ ആണെന്ന് എനിക്കറിയില്ലായിരുന്നു.. പലയിടത്തു വച്ചും ഇവനെ അല്ല ഇവളെ കണ്ടിട്ടുണ്ട്,, ഇതാ കുറച്ച് ഫോട്ടോകള്‍.. ഇവിടെ ജൈവീകത്തില്‍ ഒരു പോസ്റ്റ് ആക്കി ഇട്ടു,

ജോ l JOE said...

naseerart@gmail.com

Unknown said...

കാലികള്‍ (courtesy: twitter) വാര്‍ത്ത സൃഷ്ടിച്ചപ്പോ എട്ടുകാലികള്‍ക്കും ആവാം എന്നു വിചാരിച്ചു കാണും.

അനില്‍@ബ്ലൊഗ് said...

പോട്ടണ്ണാ, മാതൃഭൂമിയല്ലെ.