Thursday, October 30, 2008

മിസ് കേരളയെ മിസ്സിസ്സാക്കിയേ!

മുള്ളന്റെ പോസ്റ്റില്‍ എതിരേട്ടനിട്ട ശ്ലോകത്തില്‍ വാല്‍മീകിയുടെ രാമനോട് കബന്ധാ സിംഗ് പറയുന്നു പമ്പയില്‍ രോഹിതം, വക്രതുണ്ഡം, നളമീന്‍ എന്നിവ ഉണ്ടെന്നും പൊരിച്ചു തിന്നാന്‍ കേമമാണെന്നും.

(പാവം വാല്‍ജീ ജൈന-ബുദ്ധാദി മതങ്ങള്‍ അഹിംസയുമായി വരുന്നതിനു മുന്നേ ജീവിച്ചിരുന്നതാണല്ലോ, പുള്ളി കപ്പയും മീന്‍ കറിയും അടിക്കുന്ന ടീമിലായിരുന്നു. പക്ഷേ എഴ്ശ്ശന്‍ കിളിയുടെ പാട്ട് സെന്‍സര്‍ ചെയ്ത് രാമനെ ലാക്റ്റോ വെജന്‍ ആക്കിയെന്നും കാണുന്നു, അതു പോട്ടെ)

പമ്പയിലെ രോഹിതം നമ്മുടെ രോഹു മീന്‍ ആയിരിക്കണം, ഷാജഹാന്‍ ഷാജു ആകുന്നതുപോലെ. രോഹുവിന്റെ ശാസ്ത്രനാമവും labeo rohita എന്നാണല്ലോ. വക്രതുണ്ഡമെന്ന് പറയാന്‍ മീന്‍ കാര്‍ സ്വല്പ്പം പാടുപെടും അതുകൊണ്ട് വേറേ വല്ല പേരും ഇട്ടുകാണും. നളമീന്‍ നല്ല പേര്‍. വംശനാശം സംഭവിച്ചതാണോ എന്തോ.

മിസ് കേരള എന്നു കേട്ടിട്ടുണ്ടോ? ദയവായി ഗൂഗിളില്‍ തിരയരുത്, ഒന്നുകില്‍ ഉല്‍സവപ്പറമ്പില്‍ കിട്ടുന്ന ബാലേക്കരുടെ കണ്ണാടിച്ചില്ല് പതിച്ച ബോ തലയില്‍ വച്ച മലയാളിപ്പെണ്ണിന്റെ ചിത്രം കിട്ടും, അല്ലെങ്കില്‍ നീലച്ചിത്രത്തിന്റെ ക്ലിപ്പിങ്ങിലേക്ക് ലിങ്ക് കിട്ടും. തിരയുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ പേര്‍ puntius denisonii കൊടുത്ത് അന്വേഷിക്കണം. നിരുപദ്രവിയായ ഈ ചെറു ബാര്‍ബ് ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ അച്ചന്‍ കോവിലാറ്റിലും പെരിയാറിലും ജീവിച്ചു പോരുകയായിരുന്നു. അപ്പോഴല്ലേ ഇത്രയും ഭംഗിയുള്ള ഇതിനെ പിടിച്ച് അക്വേറിയം സൂക്ഷിക്കുന്നവര്‍ക്ക് വിറ്റാല്‍ ഒന്നിന്‌ ആയിരമെങ്കിലും വച്ച് കിട്ടുമെന്ന്. പെണ്‍ വാണിഭത്തിനുണ്ടോ ഇത്രയും സ്കോപ്പ്. ആളുകള്‍ ആറ് അരിച്ചു തീര്‍ത്തു. മിസ് കേരളമെന്ന് ഒരു പേരും ഇട്ടു. മീനിനാണെങ്കില്‍ ടാങ്കില്‍ മുട്ട വിരിയിക്കാന്‍ ഒട്ടു കഴിഞ്ഞുമില്ല. അങ്ങനെ മിസ് കേരള മിസ്സിങ്ങ് ഇന്‍ കേരള ആയി തുടങ്ങി. ബ്രിട്ടണ്‍, ഇസ്രയേല്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിനെ മീന്‍ ഗവേഷകര്‍ ഇവളെ ടാങ്കിലൊന്ന് മുട്ടയിടീക്കാന്‍ പതിനെട്ടടവും പമ്പരമുറയും പയറ്റി.
http://www.hindu.com/2004/12/25/stories/2004122504930500.htm

ങേ ഹേ. കൊല്ലം നാലു കഴിഞ്ഞിട്ടും മിസ് കേരളയ്ക്കു പള്ള തള്ളിയില്ല പുള്ളേ. തള്ളേ! കേരളസുന്ദരി വംശനാശത്തിലേക്ക് അടുത്തു. അവളുടെ യുഗം കഴിയുകയാണെന്ന് കരുതിയോ. ഛേയ്, നാട്ടില്‍ ഒരുത്തനും അറിഞ്ഞില്ലെങ്കിലെന്താ, ആണുങ്ങള്‍ പാണ്ടിനാട്ടില്‍ ഉണ്ട്.

ചെന്നെയിലെ രണ്ട് മീന്‍ പുലികള്‍ രബി വെങ്കടേശും മുരളിയും തങ്ങളുടെ വീട്ടില്‍ നൂറുകണക്കിന്നു മിസ് കേരളമാരെ വിരിയിക്കുകയാണ്‌. ദാ കണ്ട് ആര്‍മ്മാദിക്കുക, ഒരു ഞുണുക്ക് പണി, ചെറിയ ഹോര്‍മോണ്‍ ചികിത്സ, മിസിസ് കേരളമാര്‍ മുട്ട ഇടുന്നെന്ന് പറഞ്ഞാല്‍ പോരാ, എറിഞ്ഞിടുന്നെന്ന് പറയണം.

http://www.hindu.com/2008/10/16/stories/2008101652790400.htm

കസ്തൂരി പാരയായ മാനിനെപ്പോലെ സൗന്ദര്യം ഭീഷണിയായ മിസ് കേരളയുടെ കഥ അങ്ങനെ ഹാപ്പി എന്‍ഡിങ്ങ് ആയേക്കാം. പക്ഷേ കേരളത്തിലെ പുഴകളില്‍ എന്‍ഡെമിക്ക് ആയിപ്പോയവര്‍, അതിലും കഷ്ടം ഒരൊറ്റപ്പുഴയല് മാത്രം കാണപ്പെടുന്ന മത്സ്യങ്ങള്‍ മണല്‍ വാരലും വിഷവും വറ്റിവരളലും ഒക്കെ കൂടുമ്പോള്‍ ഏതു നിമിഷവും തുടച്ചു മാറ്റപ്പെട്ടേക്കാം.

ചില എന്‍ഡെമിക്ക് മീനുകള്‍
കല്‍‌വേലി - Homaloptera menoni - മേനോന്‍ ചേട്ടന്‍ സൈലന്റ് വാലിയില്‍ മാത്രമേയുള്ളു
കരിം‌പാച്ചി -crossocheilus periyarensis - പേരില്‍ തന്നെ ഉണ്ട് പ്രശ്നവും, അവന്‍ പെരിയാറില്‍ മാത്രമേയുള്ളു.
പുലിവാക -Channa micropeltes - ഇന്ത്യയില്‍ കാണുന്ന ഇനം പമ്പയില്‍ മാത്രം.
കൊയ്ത - Nemacheilus keralensis - മനസ്സിലായല്ലോ, ആളു കേരളക്കാരനാണ്‌
കല്ലുനക്കി -Garra surendranathanii - സുരേന്ദ്രനാഥന്‍ സാര്‍ പെരിയാറ്റില്‍ മാത്രം
ബ്രാഹ്മണം കെണ്ട - lepidopygopsis typus - നിലനില്പ്പ് പരുങ്ങലിലായിരിക്കുകയാണ്‌ ഈ പെരിയാര്‍ വാസിയുടെ.
അങ്ങനെ നിരവധി പേര്‍ നമ്മുടെ നദികളെ പ്രപഞ്ചമാക്കി ജീവിക്കുന്നു. എന്‍ഡെമിക്ക് ആയിപ്പോകുക ഒരു ഗതികേടാണ്‌. എണ്ണത്തില്‍ കുറഞ്ഞു പോകുക അടുത്ത ഗതികേട്. ഉള്ള വാസസ്ഥലവും മണലൂറ്റിയും കാടുവെട്ടിയും വിഷം കലര്‍ത്തിയും തകര്‍ക്കുകയും കൂടി ചെയ്താലോ?

എനിക്കറിയാന്‍‌മേലാ മനുഷ്യന്‍ അന്യം നിന്നു പോകാന്‍ എത്ര ജന്തുക്കള്‍ അവനവന്റെ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുകയാണെന്ന്.

Wednesday, October 29, 2008

ആരെ ബാധിക്കുന്ന മാന്ദ്യം?

കഴിഞ്ഞ പോസ്റ്റില്‍ അബ്ദുല്‍ മജീദ് എഴുതി
"പണം ..ഷെയർ....മണ്ണാൺകട്ട...ഇന്ത്യ കുതിക്കുകയണത്രെ...ലോകത്തിലെ മൂന്നിൽ ഒരു ദരിദ്രൻ ഇന്ത്യക്കരനാണത്രെ....ആഖോഷിപ്പിൻ..ആഹ്ലാദിപ്പിൻ...."

പണം, ഷെയര്‍, ബാങ്ക്, വ്യവ്യസായം വിപണി> ഇതെല്ലാം ധനികനെ മാത്രം സംബന്ധിക്കുന്ന കാര്യങ്ങള്‍. ഒരു രാജ്യം അല്ലെങ്കില്‍ ലോകം ഇതിലിത്ര വ്യസനിക്കാന്‍ എന്തിരിക്കുന്നു? ഓഹരി വിപണിയിലേക്ക് ധനം പമ്പ് ചെയ്യുന്നതിനു പകരം അത് ഒന്നുമില്ലാത്തവര്‍ക്ക് വീതിച്ചു കൊടുത്താല്‍ ഒരു നേരം ആഹാരമെങ്കിലും കഴിക്കാമല്ലോ, ലോകം എത്ര ക്രൂരം എന്ന രീതിയില്‍ മറ്റൊരിടത്തും ആരോ എഴുതിക്കണ്ടു.

ലോകത്തിന്റെ സാമ്പത്തിക ചലനത്തെപ്പറ്റി ധാരണയില്ലെങ്കില്‍ ശരിയെന്ന് തോന്നും ഇതൊക്കെ. സത്യം നേരേ തിരിച്ചും.

റിസഷന്‍ ഏറ്റവും ക്രൂരമായി ബാധിക്കുന്നത് പട്ടിണിക്കാരെയാണ്‌. ഒരു തിരപോലെ തുടങ്ങുന്ന അത് അവരുടെ അടുത്തെത്തുമ്പോഴേക്ക് സുനാമിയായിക്കഴിഞ്ഞിരിക്കും.

ഒരു സാമ്പത്തിക മാന്ദ്യം കൊണ്ട് ശരിക്കും എന്താണ്‌ സംഭവിക്കുക? സമൂഹസിരയിലെ പണത്തിന്റെ അളവു കുറയും എന്നതിനെക്കാള്‍ അതിന്റെ ചംക്രമണം കുറയും. പുതിയ സം‌രംഭങ്ങള്‍ ഉണ്ടാകില്ല, പുതിയ കച്ചവടം ഉണ്ടാകില്ല, ലിക്വിഡിറ്റി നൂലാമാലയില്‍ കുരുങ്ങിയ ബാങ്കുകള്‍ വലിയ ലോണുകളും മറ്റും നല്‍കുന്നത് നിര്‍ത്തി വയ്ക്കും.

ആദ്യമായി കയ്യിലുള്ള മൂലധനം ആളുകള്‍ പിറകോട്ട് വലിക്കും. സര്‍ക്കാര്‍ റോഡു പണിയും കമ്പനികള്‍ വിദേശനിക്ഷേപങ്ങളും കുറയ്ക്കുമ്പോള്‍ ആദ്യമായി ദരിദ്രരല്ലാത്ത തൊഴിലാളികളില്‍ പലരും പട്ടിണിയിലാകും. ഉള്ളവര്‍ മുണ്ട് മുറുക്കിയുടുക്കാന്‍ ശീലിക്കുന്നതോടെ മാര്‍ക്കറ്റില്‍ കോഴിയിറച്ചിയും ബാറില്‍ സ്മാള്‍ വില്പ്പനയും സര്‍ക്കാര്‍ ലോട്ടറി വില്പ്പനയും മുതല്‍ സകലതും കുറയും. കൂടുതല്‍ ആളുകള്‍ നരകത്തിലായി. കേരളം പോലെ ചാരായ എക്സൈസും ലോട്ടറിക്കച്ചവടവുമായി നില്‍ക്കുന്ന സ്റ്റേറ്റുകള്‍ സകലമാന സിവില്‍ വര്‍ക്കും നടത്താന്‍ കാശില്ലാതെയാകും. ട്രെഷറിയില്‍ കോണ്ട്രാക്റ്റര്‍ക്ക് ചെക്കു മടങ്ങുമ്പോള്‍ അവന്‍ പാപ്പരു ഹര്‍ജ്ജി നല്‍കി മാന്യനായി തന്നെ ഞെളിഞ്ഞു നടക്കും, റോഡു വെട്ടാന്‍ പോകുന്നവന്‌ അരി വാങ്ങാന്‍ പണമില്ലാതെ വരും. അരിക്കച്ചവടക്കാരന്‍ കുറഞ്ഞ വിലയ്ക്ക് അരി വില്‍ക്കാന്‍ ശ്രമിക്കേണ്ടിവരും, ഇപ്പോള്‍ തന്നെ തൂങ്ങിച്ചാകുന്ന പാവം കര്‍ഷകനു പ്രതീക്ഷ പോലും നഷ്ടപ്പെട്ടു പോകും. കര്‍ഷകനു മീന്‍ വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ മീന്‍ കാരന്‍ പട്ടിണിയിലാകും, മീന്‍ കാരന്‍ അരി വാങ്ങാന്‍ കാശില്ലാതെയാകുമ്പോള്‍ കൃഷിക്കാരന്റെ പട്ടിണി വീണ്ടും വര്‍ദ്ധിക്കും. അങ്ങനെ കാരണവും ഫലവുമായി പട്ടിണി സ്വയം വളര്‍ത്താന്‍ തുടങ്ങും- സാമ്പത്തിക മാന്ദ്യത്തിന്റെ വിഷമവൃത്തത്തില്‍ ഒരിക്കല്‍ പെട്ടാല്‍ അത് ഒരു തല വെട്ടുമ്പോള്‍ പത്തു തല വളരുന്ന രാക്ഷസനായി ലോകത്തെയാകെ ക്ഷാമത്തിലാഴ്ത്തിക്കളയും. സമ്പത്ത് കയ്യിലുള്ളവന്‍ അതു തീരും വരെ എങ്കിലും പിടിച്ചു നില്‍ക്കും, നിത്യക്കൂലി കൊണ്ട് നിത്യവൃത്തി നടത്തേണ്ട ഹതഭാഗ്യരോ? അവരുടെ കാര്യമാണ്‌ ഏറ്റവും കഷ്ടത്തിലാകുക.

കൂനിന്റെ മുകളില്‍ കുരു എന്നു പറഞ്ഞതുപോലെ യുണൈറ്റഡ് നേഷന്‍ ക്രൈ യൂണിസെഫ് തുടങ്ങിയവയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഫണ്ട് ചെയ്യാന്‍ ആളില്ലാതെ നിഷ്ക്രിയമാകുകയും ചെയ്യുന്നതോടെ റിസഷന്‍ അതിന്റെ ഉച്ചകോടി പ്രാപിക്കും.

മണ്ണാങ്കട്ടയല്ല അബ്ദുല്‍ മജീദ്, കോരന്റെ കഞ്ഞിയാണ്‌ സ്റ്റേക്കില്‍.

റിസര്വ്വ് ബാങ്ക് കോടികള്‍ ധനവിതരണം നടത്തി, ഇതെടുത്ത് പവങ്ങള്‍ക്ക് വീതിച്ചു കൊടുക്കരുതോ എന്നു ചോദിച്ച സുഹൃത്ത് സര്‍ക്കാര്‍ കുറേ പൈസ കിഴി കെട്ടി ഓഹരി കച്ചവടക്കാര്‍ക്ക് നിങ്ങള്‍ ഇതില്‍ ഓരോ കിഴി എടുത്തുകൊള്ളൂ എന്നു പറയുകയാണെന്ന് ധരിച്ചിട്ടുണ്ടാവണം.

ലിക്വിഡിറ്റി പ്രശ്നം മൂലം വലയുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി കൈവശം വൈക്കേണ്ട മിനിമം തുകയുടെ അളവു കുറയ്ക്കുകയും ഇമ്മാതിരി അവസരങ്ങളില്‍ സെണ്ട്രല്‍ ബാങ്ക് പരമാവധി നല്‍കുന്ന ഹൃസ്വകാല വായ്പ്പയുടെ അളവു കൂട്ടുകയും പലിശ കുറയ്ക്കുകയും മറ്റുമാണ്‌ പൊതുധാരയിലേക്ക് പണം പമ്പ് ചെയ്തു കയറ്റി എന്നു പത്രങ്ങള്‍ പറയുന്ന ഈ പണി. അല്ലാതെ ചുമ്മാ കുറേ കാശെടുത്ത് ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കില്ല. എന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ഇരട്ടി ആക്കി തന്നു എന്നു വച്ചാല്‍ ബാങ്ക് എനിക്ക് കുറേ ദാനം തന്നു എന്ന അര്‍ത്ഥത്തില്‍ കാണല്ലേ.
(ജയരാജാ, സണ്ണിക്കുട്ടന്റെ ആ ലിങ്കിനു നന്ദി. എന്തു ലളിതമായി സംഗതികള്‍ അവിടെ പറഞ്ഞരിക്കുന്നു)

Tuesday, October 28, 2008

പണം എവിടെ പോയി?

അണ്ണാ, ഒരു കാര്യം കേട്ടാ ചിരിക്കുവോ?
ചിരി വന്നാ ചിരിക്കും, ചുമ്മ കേക്കിന്‍.

എന്നും ടീവിയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വീണു രാജ്യത്തിന്റെ പൈസ പൊഹഞ്ഞു പോയി എന്നൊക്കെ കാണുന്നു.
കാണുന്നു.

ഷെയര്‍ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുമ്പ ലാഭവും നഷ്ടവും വരും, അതിപ്പ ഏതു കച്ചവടത്തിലും വരത്തില്ലീ?
അതുകൊണ്ട്?

അതായത് അണ്ണാ, ഞാന്‍ കൊറേ സ്ഥലം വാങ്ങിച്ചു. വാങ്ങിച്ചപ്പ ഒരു ലക്ഷം രൂപ ആയിരുന്നു, വിറ്റപ്പ അമ്പതിനായിരമേ കിട്ടിയുള്ളു. രാജ്യത്തിന്റെ സമ്പത്ത് എവിടെയും പോയില്ലല്ല്. ഷെയറിന്റെ വില പോകുമ്പ എങ്ങനെ രാജ്യത്തിന്റെ സമ്പത്ത് പെയ്യൂടണത് പിന്നെ?

അതാണോ കാര്യം...
ഇതു ചോദിച്ചപ്പ എല്ലാരും സെന്‍സെക്സ് ബുള്ള് ബുള്‍ഷിറ്റ് എന്നൊക്കെ പറയുന്ന്, അപ്പ കൂടുതല്‍ കണ്‍ഫ്യൂഷന്‍.

ശരി. രാജ്യത്ത് മൊത്തം രണ്ടു പേരേ ഉള്ളെന്ന് വിചാരിക്ക്. നീ സ്ഥലം വാങ്ങിച്ചു. ഒരു ലക്ഷം രൂപ കൊടുത്ത്. ഒരു ലക്ഷം രൂപ പോയി സ്ഥലം കിട്ടി.
കിട്ടി.

നീ സ്ഥലം വിറ്റു അമ്പതിനായിരം രൂപ കിട്ടി. ഇപ്പോള്‍ സ്ഥലം പോയി, നിനക്ക് അമ്പതിനായിരം കിട്ടി, ബാക്കി അമ്പതിനായിരം മറ്റേ ആളിന്റെ കയ്യിലും . ഒരു പ്ലോട്ട്, നിന്റെ കയ്യില്‍ അമ്പതിനായിരം, അയാളുടെ കയ്യിലെ അമ്പതിനായിരവും ചേര്‍ത്ത് ഒരു ലക്ഷം. കൈ മാറിയെന്നല്ലാതെ ഒരു മാറ്റവുമില്ല.

ശരി.
ഇനി, നീ ഒരു ലക്ഷം രൂപ മുടക്കി ഒരു പെട്ടിക്കട തുടങ്ങിയെന്നു വയ്ക്കുക.

ലക്ഷം പോയി, കട വന്നു.
കൃത്യം. ഇനി ഒരു കമ്പനി തുടങ്ങാന്‍ ലക്ഷം രൂപയുടെ ഷെയര്‍ എടുത്തെന്ന് വിചാരിക്കുക.

കമ്പനി ഉണ്ടായി, ലക്ഷം പോയി.
അവിടെയാണു വത്യാസം. ഒരു ലക്ഷം രൂപയുടെ കമ്പനി ഉണ്ടായി, നിങ്ങളുടെ ഒരു ലക്ഷം രൂപ പോയി, പക്ഷേ കയ്യില്‍ ഒരു ലക്ഷം രൂപയുടെ ഷെയര്‍ ഉണ്ട്, നിനക്കു എപ്പോള്‍ വേണമെങ്കിലും അതു വില്‍ക്കാം, അതുകൊണ്ട് അത് കുറേയൊക്കെ പണത്തിനു തുല്യമാണ്‌. ഫലത്തില്‍ ഒരു ലക്ഷം രൂപയുടെ കമ്പനി ഉണ്ടായി നിന്റെ കയ്യിലെ ഒരു ലക്ഷം പോയതുമില്ല.

ങേ? അപ്പോള്‍ ആരും ഒന്നും കൊടുക്കാതെ ഒരു ലക്ഷം രൂപയുടെ കമ്പനി പൊട്ടി മുളച്ചു.
കറക്റ്റ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നീയും കമ്പനിയുമായുണ്ടായ ഇടപാടു മൂലം രാജ്യത്ത് ഒരു ലക്ഷം രൂപയുടെ പണം കൂടി ഇറങ്ങി.

ഓ അങ്ങനെ. അപ്പോ ഷെയറിനു മാത്രമേ ഇങ്ങനെ പണം നിര്‍മ്മിക്കാനുള്ള ശേഷിയുള്ളു.
ഷെയറിനും മറ്റു പണമിടപാടു സര്‍ട്ടിഫിക്കേറ്റുകളും ക്വാസി മണി ഫങ്ങ്ഷന്‍ വഴി പണം നിര്‍മ്മിക്കുന്നു. ഇതിലും ലളിതമായി ബാങ്കുകള്‍ പണം നിര്‍മ്മിക്കും.

അതെങ്ങനെ?
ജിമ്പിള്‍. നീ നൂറു രൂപ ബാങ്കിലിട്ടു. ബാങ്ക് അതില്‍ നിന്നും എഴുപത്തഞ്ചു രൂപ ലോണ്‍ കൊടുത്തു. നിനക്കു ബാങ്കിലിട്ട പൈസ എപ്പോള്‍ വേണമെങ്കിലും ഏടീ‌എമില്‍ പോയി എടുക്കാം, അപ്പോള്‍ ഫലത്തില്‍ നിന്റെ കയ്യില്‍ നൂറു രൂപ ഉണ്ട്, ലോണെടുത്തവന്റെ കയ്യില്‍ എഴുപത്തഞ്ചും. മൊത്തം നൂറ്റി എഴുപത്തഞ്ചു രൂപ.

അല്ലാ, അപ്പോള്‍ ഞാന്‍ നൂറു രൂപ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കന്റ്റെ കയ്യില്‍ ഇരുപത്തഞ്ചു രൂപയല്ലേ ഉള്ളൂ?
അങ്ങനെ വരില്ല. നിന്നെപ്പോലെ കോടിക്കണക്കിനു ആളുകള്‍ ബാങ്കില്‍ പണം ഇടുകയും എടുക്കുകയും ലോണെടുക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേ ഇരിക്കുകയാണ്‌ ഒരിക്കലും എല്ലാവര്‍ക്കും മൊത്തം പൈസയും ഒരുമിച്ചു തിരിച്ചെടുക്കേണ്ടി വരില്ല. ആ ടൈമിങ്ങ് ഡിഫറന്‍സ് കൊണ്ടാണ്‌ ബാങ്കുകള്‍ പണം നിര്‍മ്മിക്കുന്നത്.

അപ്പോ പറഞ്ഞു വന്നത് ഷെയറുകളുടെ കാര്യം.
അതേ നിന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ ഷെയര്‍ ഉണ്ട്. ഒരു ദിവസം രാവിലേ അത് ഇരുപത്തയ്യായിരമേ ഉള്ളെന്ന് വന്നാലോ?

വന്നാല്‍?
നീ ബാങ്കില്‍ നൂറു രൂപ ഇട്ടു. അടുത്ത ദിവസം രാവിലേ ബാങ്ക് വിളിച്ചിട്ട് പത്തിന്റെ പത്തു നോട്ട് നീ കൊടുത്തതില്‍ എട്ടും കള്ളനോട്ട് ആണ്‌ നിനക്കിനി ഇരുപതു രൂപയേ ഉള്ളു എന്നു പറഞ്ഞാല്‍ എന്തായി?

എന്റെ എണ്‍പതു രൂപ പോയി.
അതുപോലെ എല്ലാവരുടെയും കയ്യിലുള്ള പത്തയ്യായിരം കോടി രൂപയുടെ ഷെയര്‍ അതായത് ക്വാസി മണി ഒരു ദിവസം രാവിലെ അഞ്ഞൂ കോടി വിലയേ ഉള്ളു എന്നു വന്നാലോ? അത്രയും ഭീമമായ തുകയ്ക്കുള്ള പണം വാരിയിട്ടു കത്തിച്ചതു പോലെ ആയില്ലേ.

ഇനി ആ ഷെയറിനു വീണ്ടും വില കൂടിയാല്‍ കത്തിയ പണം ഫീനിക്സിനെ പോലെ പുനര്‍‌ജനിക്കില്ലേ?
തീര്‍ച്ചയായും. കൂടിയാല്‍, അതും കൂടിക്കഴിഞ്ഞ ശേഷം. പുരയിടം വാങ്ങുന്നതിലെ നഷ്ടവും ഷെയര്‍ മാര്‍ക്കറ്റിലെ നഷ്ടവും ആയുള്ള വത്യാസം ഇപ്പോള്‍ പിടി കിട്ടിയില്ലേ?

അതായത് ഷെയര്‍ എന്നത് മിഥ്യയായ പണമാണെന്നും ഒരു വിശ്വാസം മാത്രമാണെന്നും ചുരുക്കം. വിശ്വാസം പോയാല്‍ പണവും പോയി അല്ലേ?

ശരി. പക്ഷേ ഷെയര്‍ മാത്രമല്ല മിഥ്യ, എല്ലാ തരവും പണവും അങ്ങനെ തന്നെ.
നിനക്കു ഒരു ലക്ഷം രൂപ കയ്യില്‍ ഇരിപ്പുണ്ട്. എന്താണത്? അച്ചടിച്ച കുറേ തുണ്ടു പേപ്പര്‍. ഒരു ദിവസം രാവിലേ ജനങ്ങള്‍ക്കൊന്നും ഇന്ത്യന്‍ രൂപയില്‍ വിശ്വാസമില്ലാതെ ആയാല്‍ ആ തുണ്ടു പേപ്പര്‍ കൊണ്ട് എന്തെങ്കിലും വിലയുണ്ടോ?

അയ്യോ.
പേടിക്കണ്ടാ, ഷെയറുപോലെ അല്ല അതിലുംദൃഢമാണ്‌ പണത്തിനു മേലുള്ള വിശ്വാസം, അങ്ങനെ ഒന്നും അതു പോകില്ല.

ഒരിക്കലും പോകില്ലേ.
പോയിട്ടൊക്കെ ഉണ്ട്, സാധാരണ നിലയ്ക്ക് പോകില്ല. ധൈര്യമായിരി.

Sunday, October 26, 2008

ആരടേ ഈ അന്തോണി?

എല്ലാരൂടി ഞാങ്ങ് ആരാന്ന് അന്വേഷിച്ച സിതിക്ക്, എന്റെ കരിക്കലം വിറ്റേ ദാണ്ട്:

പേരുവിവരം:
പ്യാര്‌ ഇംഗ്ലീഷില്‍ അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസ്
പ്യാര്‌ മലയാളത്തില്‍ - അജ്ഞാതന്‍ ആന്റണി
പ്യാര്‌ തിരുവന്തോരം ഭാഷയില്‍- അണ്ണന്‍ കൊണ്ണി അന്തോണി

വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ്: (യേയ് മൂന്ന് നമ്പരല്ല!)
പ്രായം- തോനെ ആയി
ഭാര്യ- ഒണ്ട്
മക്കള്‍- ഒണ്ട്
നീളം- ഒന്നൊന്നേ മുക്കാ മീറ്ററ്‌
വണ്ണം- സ്വല്പ്പം
കൊടവയറ്‌- ഇത്തിപ്പോരം
നിറം- എബണി
കണ്ണ്- ഹണി
മുടി- പാറ്റയുടെ നിറം
പല്ല്‌ - ഇരുപത്തി ഒമ്പതെണ്ണം ഒണ്ട് ബാക്കി നഷ്ടപ്പെട്ടു, കയ്യിലിരുപ്പിന്റെയാ (തെറ്റിദ്ധരിച്ചോ, മുട്ടായി തിന്ന് നാശമാക്കി, അതോണ്ട് എടുത്തു കളഞ്ഞെന്ന്)

പഠിപ്പ്?
എലിമെന്ററി ഡോക്റ്റര്‍ വാട്ട്‌സണ്‍, എലിമെന്ററി.

ശീലങ്ങള്‍:
ഭക്ഷണം- മൂന്നു നേരം
മദ്യം- എടയ്ക്ക് ഓരോ ബീയര്‍ മിക്കവാറും ആഴ്ച അറുതിക്ക്.
പല്ലു തേപ്പ്, ഷേവിങ്ങ്, കുളി- ആരേലും നിര്‍ബ്ബന്ധിച്ചാല്‍ ചെയ്യും.

ഊരും കുടിയും:
ഇപ്പ ദുബായില്‍. പെര തിരുവന്തോരത്ത്. ഒരു ത്യാരിയില്‍.
പണി: ജെയിലില്‍ പോകാത്ത എന്തരും ചെയ്യും. പാരപണി താല്പ്പര്യമില്ല, എന്നാലും സാഹചര്യ സമ്മര്‍ദ്ദത്തില്‍ ചെയ്തു പോയിട്ടുണ്ട്, ക്ഷെമി.

രാഷ്ട്രീയം:
രാഷ്ട്രീയം- ഒണ്ട്
രാഷ്ട്രീയ പാര്‍ട്ടി- ഇല്ല
വോട്ട്- ചെയ്യും
കള്ളവോട്ട്- തടുക്കും
രാജ്യസ്നേഹം:- ഇന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരൊന്നുമല്ല, ഒരു ഇന്ത്യക്കാരി എന്റെ ഭാര്യയാണ്‌, ചില ഇന്ത്യക്കാര്‍ സഹോദരങ്ങളാണ്‌. ബാക്കി ചിലര്‍ സുഹൃത്തുക്കളും പരിചയക്കാരും ബന്ധുക്കളുമാണ്‌. ശേഷമുള്ളവരെ ഞാന്‍ അറിയൂല്ല. അതുകൊണ്ട് പ്രശ്നവുമില്ല, എന്റെ സഹോദരീ സഹോദരന്മാരെയേ ഞാന്‍ സ്നേഹിക്കൂ, ബാക്കിയുള്ളവരെ വെറുക്കും എന്ന് ഒരു വാശിയും എനിക്കില്ല.

സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന പാട്ടു കേട്ടാല്‍ എനിക്കു ചിരി വരും, എന്തരു ചെയ്യാങ്ങ്, കൊറേ നാടു കണ്ടുപോയി. അതും ഒരു പ്രശ്നം അല്ല, സാരേ ജഹാം സേ അച്ഛനെ മാത്രമേ അച്ഛാ എന്നു വിളിക്കൂ എന്നില്ലല്ലോ.

എനിക്ക് ഇന്ത്യക്കാരെ ഇഷ്ടമാണ്‌, പാകിസ്ഥാനികള്‍ എന്റെ ശത്രുക്കളല്ല, അറബികളെയും സായിപ്പന്മാരെയും മഞ്ഞനാട്ടുകാരെയും ജപ്പാന്‍ കാരെയും ഒക്കെ എനിക്കിഷ്ടമാണ്‌. ഒരുത്തനെ സ്നേഹിക്കുന്നെന്ന് ഞാന്‍ പറഞ്ഞാല്‍ ബാക്കി എല്ലാവരെയും വെറുക്കുന്നെന്ന് അര്‍ത്ഥമില്ല.

ആര്‍മ്മാദം
സിനിമ- ഈയിടെ ഒന്നും കണ്ടില്ല.
പാട്ട്- ഇഷ്ടമാണ്‌, പാരഡി വളരെ ഇഷ്ടമാണ്‌. പാടൂല്ല, പാടുപെട്ടാലും പറ്റൂല്ല.
കല- യേയ്, ഏഴയലത്തു പോലും.
നൃത്തം- പിന്നേ ഞാന്‍ നടക്കുന്നത് തന്നെ നൃത്തച്ചുവടിലാ.
എഴുത്ത്- കുറവാണ്‌ എന്റെ കൈയ്യക്ഷരം എനിക്കു തന്നെ വായിക്കാന്‍ മേലാ. ഒക്കെ ടൈപ്പിങ്ങ് ആക്കി.

ബ്ലോഗെഴുത്ത്
എന്തരിന്‌ അനോണിയായി നടക്കണത്? ചുമ്മ പള്ള് വിളിക്കാന്‍ തന്നേ? അതോ മനസ്സി തോന്നണത് നട്ടെല്ല് നൂത്ത് പറയാന്‍ ധൈര്യമില്ലേടേ?
ബ്ലോഗേല്‍ പള്ള് വിളിക്കണ ശീലമില്ല. നെറ്റില്‍ കേറി നാലു തെറി എഴുതാന്‍ വല്യ ധൈര്യമൊന്നും വേണ്ടടേ, യാത് കാ പെറുക്കി പയലിനും അത് പറ്റും. അതവാ ഇഞ്ഞി വിളിക്കണം എന്ന് തോന്നിയാ അത് സ്വന്തം പ്യാരേല്‍ വന്ന് ചെയ്യും. ആരുമല്ലാതെ ഇരിക്കുക ഒരു സുഖമാണ്‌. എന്റെ സ്വന്തം ഊരും പേരുമിട്ടാല്‍ എനിക്ക് എന്റെ ഓഫീസിനെക്കുറിച്ചും ജോലിയെക്കുറിച്ചും എഴുതാന്‍ കഴിയില്ല. അദ്ധ്വാനിച്ച് ബ്ലോഗ് വായിക്കുന്നും എഴുതുന്നുമില്ല. ഒരു ഈ-മെയില്‍, അഞ്ചു മിനുട്ട് കൊണ്ട് അടിക്കാവുന്ന മാറ്റര്‍. ബ്ലോഗിലേക്ക് ഒറ്റ അയപ്പ്, എന്തരോ വരട്ട്. സുഖം, സുഖകരം.

ഇങ്ങനെ കൊച്ചു വര്‍ത്താനം പറഞ്ഞോണ്ട് ഇരുന്നാ മതിയാടേ, വല്യ വല്യ കാര്യങ്ങള്‍ എഴുതാനല്ലീ ഈ ബ്ലോഗുകളൊക്കെ?
വേണം ചെല്ലാ. പക്ഷേ അങ്ങനെ വല്യ വല്യ ഒരുപാടൊന്നും അറിയത്തില്ലെടേ, അറിയാവുന്നത് എഴുതണോങ്കി തോനേ സമയവും വ്യാണ്ടീ? ജ്വാലിയൊണ്ട്, പൊറുതീം പുള്ളേം ഒണ്ട്, കൂട്ടുകാരും നാട്ടുകാരുമൊണ്ട്. സമയം കിട്ടുമ്പ വല്ലോം എഴുതണം. അത് നടക്കണത് വരെ ചെലയ്ക്കാതെ ഇരിക്കാനാണേല്‍ ചെലപ്പം ആണ്ടില്‍ ഒരു പോസ്റ്റേ നടക്കത്തൊള്ള്. ഡെയിലി വായി വരുന്നത് എഴുതി വിടാങ്ങ് ഒരു രസവല്ലീ?

എന്തരിന്‌ ഇയാള്‌ ബ്ലോഗ് എഴുതണത്?
എന്തരിന്‌ ബ്ലോഗ് എഴുതാതെ ഇരിക്കണത്?

Saturday, October 25, 2008

അഹന്തക്കിന്ത ഞൊട്ട്

രാവിലേ ചായ കടയീന്നു കുടിച്ചാലേ അവധി ദിവസം തൊടങ്ങിയ ഫീല്‍ വരൂ. അയലോക്കത്തുള്ളവരെ എല്ലാം ഒരുമിച്ചൊന്നു കാണാന്‍ പറ്റുന്ന ഒരു ചിന്ന ക്ലബ്ബാണ്‌ ചായക്കട. അങ്ങനെ ഒരു റൗണ്ട് ചായയും ലോഹ്യവും കഴിഞ്ഞിറങ്ങുമ്പോള്‍ ദാ പൊളന്ന് വരണ്‌ ചെവല മാരുതി. ഡ്രൈവിങ്ങ് സീറ്റില്‍ പറവൂര്‍ ഭരതനെ കരിയോയില്‍ പെരട്ടിയമാതിരി ഒരു രൂപം. പച്ച പ്യാശ, വെള്ള ടീഷര്‍ട്ട്. എമ്മെസ് തൃപ്പൂണിത്തറേടെ ശബ്ദത്തില്‍ ഒരു ഹലോയും. സംശയമില്ല രവിസാറ്‌ തന്നെ.

"ആന്റോ സൂങ്ങള്‌ തന്നെ?"
"തന്നെ. സാറങ്ങോട്ട് ഞാറാഴ്ച രാവിലേ?"
"കൗടിയാറ്‌ വരെ . പെരേടത്തില്‍ സ്വല്പ്പ തേങ്ങായിടാനൊണ്ട്."
"എന്നാ ഞാനും വരട്ടേ? കൊറവങ്കോണം സണ്ഡേ ബാങ്കി‍ അമ്മച്ചിക്കൊരക്കൗണ്ടൊണ്ട്. ഒന്നരവര്‍ഷമായി പാസ് ബുക്ക് പതിച്ചിട്ടില്ല."
"ചുമ്മ വരീ."

ഏടീയെം ഒന്നും അന്ന് സ്വപ്നങ്ങളില്‍ പോലുമില്ല. ഞായറാഴ്ച കാശിനൊരത്യാവശ്യം വന്നാല്‍ കടം വാങ്ങാതെ കഴിക്കാന്‍ തിരുവനന്തപുരത്ത് അന്ന് ഒരേയൊരു പോം‌വഴി കുറവന്‍ കോണത്തെ ഞായറാഴ്ച തുറപ്പന്‍ ബാങ്കാണ്‌. പതിക്കാതെ വളരെയായി ഇപ്പോ അമ്മച്ചിക്ക് അതേല്‍ വല്ലോം മിച്ചമുണ്ടോന്ന് അറീയാതെയായി.

രവിസാറിന്റെ തേങ്ങാക്കൊലകള്‍ വണ്ടീടെ പിന്‍ സീറ്റിലടുക്കി. നേരേ അവധിബാങ്കില്‍ ചെന്നു.
"പാസ്സുബുക്കൊന്ന് പതിക്കണം."
"തന്നിട്ട് പോ, ഒരാഴ്ച കഴിഞ്ഞ് വാ."
"പാസ്സുബുക്ക് പതിക്കാന്‍ ഒരാഴ്ചയോ?"
ലെഡ്ജറില്‍ നോക്കി ഇണ്ണാ ശൂ എന്ന് എഴുതിയാ മതി. ഒരാഴ്ച എടുക്കും പോലും.

"ദാ കണ്ടോ, ഇതെല്ലാം പതിക്കാന്‍ കിടക്കുന്ന പാസ്സ് ബുക്കാണ്‌. എത്ര ദിവസം എടുക്കുമെന്നാ വിചാരം?" ക്ലാര്‍ക്കദ്യം എട്ടുപത്ത് കൊച്ചു പുസ്തകം കാട്ടി.
"ഏറിയാ പതിനഞ്ചു മിനുട്ട്." രവിസാറു പറഞ്ഞു.

"എന്നാ ഇയ്യാള്‌ തന്നെ വരവ് വയ്ക്ക്, കാണട്ട്. ഞാനൊപ്പിട്ടു തരാം." ബാങ്കണ്ണന്‍ നീക്കിയൊരു തള്ള്.

രവിസാറ്‌ പലക മതിലിനു അകത്തോട്ട് കേറി തണ്ടപ്പേരു പുസ്തഹന്‍ പൊക്കി അക്കൗണ്ട് നോക്കി പാസുബുക്ക് എഴുതി. ഉദ്ദേശം അര മിനുട്ട്.
"ഒപ്പിട്ടോ."

ഈ ലോകത്ത് അധികമാര്‍ക്കും അറിയാത്ത, മഹാ ഉത്തരവാദിത്തം നിറഞ്ഞ സങ്കീര്‍ണ്ണമായ പ്രത്യേക പരീശലം ലഭിച്ച മലമറിക്കല്‍ വിദഗ്ദ്ധന്മാര്‍ക്കു മാത്രം, അതും വലിയ പരിശ്രമത്തോടെ മാത്രം ചെയ്യാന്‍ പറ്റുന്ന ആനക്കാര്യം നിസ്സാരമായി ചെയ്തുകളഞ്ഞ ഭയങ്കരന്റെ വേഷത്തിലോട്ട് ക്ലെര്‍ക്ക് അന്തം വിട്ടു നോക്കി.
"എന്തു ചെയ്യുന്നു?"
"പെയ്യൂടാന്‍ ഒരുങ്ങി നിക്കണ്‌."
"അതല്ല എന്താ നിങ്ങള്‍ക്ക് ജോലി?"
"ഈ മുടുക്കി ആട്ടോ ഓടിക്കല്‌ തന്നെ. ലിവന്‍ ലോറി ക്ലീനറാ."

ശൂ എന്ന് ഒരു അഹന്ത പഞ്ചറാവുന്ന ചീറ്റലും കേട്ട് ഞങ്ങള്‍ ഇങ്ങ് ഇറങ്ങി പോന്നു.

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും ചെയ്യപ്പോഴും ആ പാവം എന്നെ മറന്നിട്ടില്ല . എന്നെ കണ്ടതും ഒരു വെപ്രാളത്തില്‍ പുള്ളി പാസുബുക്ക് എടുത്ത് എഴുതി തന്നു. പോരാന്‍ നേരം സ്വല്പ്പം മടിയോടെ ചോദിച്ചു.
"അന്നു വന്ന ആ പുള്ളി ആരായിരുന്നു?"
"രവിസാറോ? അന്ന് ക്യാനറാ ബാങ്കിന്റെ എസ് ഐ ബി മാനേജറായിരുന്നു. ഇപ്പോ റീജ്യണല്‍ മാനേജരാ."
(പത്തിരുപതു കൊല്ലം പഴയ കഥയാണ്‌. പ്രായം വച്ചു നോക്കുമ്പോള്‍ അഹന്തയാള്‍ റിട്ടയറായി കാണണം. ഇനി ആ ബാങ്കില്‍ പോണ ആരും ഇന്നിരിക്കുന്നവരെ സംശയിക്കല്ലേ.)

Monday, October 20, 2008

മുള്ളനും പലതുണ്ടല്ലേ?

ഈ വടക്കന്‍ പേരുകള്‍ കൊണ്ട് വലഞ്ഞല്ല് എന്റെ വെട്ടുകാട് പള്ളീ.

റാം മോഹന്‍ ‌ജീ എഴുതിയ പോസ്റ്റില്‍ പറയുന്നു അവരുടെ നാട്ടില്‍ മുള്ളന്‍ എന്നു പറയുന്നത് silver belly എന്ന മീന്‍ ആണെന്ന്.

ഒരു എറണാകുളം ആലുവ വരെ മുള്ളന്‍ എന്നു പറയുന്നത് ഞങ്ങള്‍ കാരല്‍ എന്നു പറയുന്ന സംഗതി - സായിപ്പിന്റെ പോണിഫിഷും ടൂത് പോണിയും . ലോ ലിവന്മാര്‍.

http://en.wikipedia.org/wiki/Ponyfish
http://www.fishbase.org/Summary/SpeciesSummary.php?id=4462

അതിലും വടക്കോട്ടായപ്പ മുള്ളന്‍ ആളു മാറി!

പശു എന്നു പറഞ്ഞാല്‍ മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഒരേ ഉരു തന്നെ- പാല്‍ തൂ ജാന്‍‌വര്‍.
മീനിനു മാത്രം എന്തേ പല പേര്‍?

കാരണം രണ്ടാവാം.
ഒന്നാമത് ഐസും അമോണിയയും ചാളലോറിയും സായിപ്പു കണ്ടു പിടിക്കും മുന്നേ, ബജാജ് മീന്‍-80 എന്ന സ്കൂട്ടറും ഇറക്കും മുന്നേ ആണ്‌ മലയാളം ഉണ്ടായത്. അന്ന് മീനിനു വലിയ റേഞ്ച് ഉള്ള വിപണിയില്ല, തലച്ചുമടായോ കാളവണ്ടിയിലോ കൊണ്ടുപോകാവുന്ന ദൂരത്തിനു പരിധി ഉണ്ടല്ലോ. അതുകൊണ്ട് തിരുവനന്തപുരത്തു പിടിച്ച് മീനുമായി ഒരു മാനയും കൊച്ചിക്കു പോകില്ല, തിരുവനന്തപുരത്ത് നെയ്മീന്‍ എന്നു വിളിക്കുന്ന സാധനം വടക്ക് അയക്കൂറയായി. പേരുകള്‍ പറഞ്ഞുറച്ചാല്‍ പിന്നെ മനസ്സീന്നു പെയ്യൂടില്ലല്ല് മയിനീ.

ഇനിയും ഒരു കാരണം ഉണ്ട്. മീന്‍ ഒരു വിശിഷ്ഠ ഭോജ്യമല്ലാത്തതുകൊണ്ടും (എന്തരോ എന്തോ, ഹംസത്തെ വരെ തിന്നാന്‍ നോക്കിയിട്ടുണ്ട് പല രാജാക്കന്മാരും, ഒരു ചൂണ്ട ഇടാന്‍ ആരും ശ്രമിച്ചില്ല) മറ്റും ഒരു ഗ്രന്ഥത്തിലും മീനിനെക്കുറിച്ച് വലിയെഴുത്തൊന്നുമില്ല. ഒരു രാജപണ്ഡിതസഭയും മീനിനെക്കുറിച്ചോ മണ്‍‌സൂണ്‍ ട്റോളിങ്ങിനെക്കുറിച്ചോ ചര്‍ച്ചയും നടത്തിയിട്ടില്ല. അതോണ്ട് ഓരോ നാട്ടിലും മീനിനു അരയന്‍ വിളിച്ച പേരായി.

എലപ്പാട്ടി എന്നാല്‍ ഇല പോലെയുള്ള മീന്‍. മാന്തള്‍ എന്നാല്‍ എന്താവോ.

വേറേയും ഒണ്ട് കൊഴപ്പം. നമ്മള്‍ മത്തി മത്തി എന്നു പറയണത് ഇലോംഗേറ്റ് ഇലിഷ എന്ന അലിഷ ചിനായിയെ ആണ്‌. വടക്കോട്ട് സാര്‍ഡൈന്‍ മീനിനും. രണ്ടു മീന്‍- ഒരു പേര്‍@രണ്ടിടം. എന്തരോന്തോ.

Sunday, October 19, 2008

ക്രൈറ്റീരിയ

ശരി, ആരൂഢം കൂട്ടി, വളയടിച്ചു കേറ്റി.
ഇനി?

ഇനി നിങ്ങടെ ഓരോ സ്ഥലത്തെയും കീ യൂസര്‍മാരെ ഇങ്ങോട്ട് പറഞ്ഞ് വിട് ഞങ്ങള്‍ ഒരു രണ്ടാഴ്ച ട്രെയിനിങ്ങ് കൊടുക്കാം.

ബാക്കിയുള്ളവരെ?
അവരെ കീയന്മാര്‍ ട്രെയിന്‍ ചെയ്തോളും. വാമ്പയര്‍ ഒരുത്തനെ കടിച്ചാല്‍ അവനും വാമ്പയര്‍ ആയി മാറുന്നതുപോലെ കീയൂസറെ ഞങ്ങള്‍ ട്രെയിന്‍ ചെയ്താല്‍ അവന്‍ ട്രെയിനര്‍ ആയി മാറും, യേത്?

എല്ലാരേം നിങ്ങക്ക് പരിശീലിപ്പിക്കാന്‍ പറ്റൂല്ലേ?
ഞങ്ങക്ക് ഒരു പാടുമില്ല, പക്ഷേ നിങ്ങടെ മടിശ്ശീല കീറുമെന്ന് മാത്രം. ചെല്ലാ, നോക്കിയും കണ്ടും ചെലവാക്കെടേ, സാമ്പതിക്ക ബുദ്ധിമാന്ദ്യത്തിന്റെ കാലമാ.

അല്ലാ ഇപ്പ ഈ കീ യൂസറെന്നു വച്ചാല്‍? അവന്മാരെ കണ്ടുപിടിക്കാന്‍ വല്ല ഇവാല്യുവേഷന്‍ ക്രൈറ്റീരിയയോ ചെക്ക് ലിസ്റ്റോ കോമ്പീറ്റന്‍സി ചാര്‍ട്ടോ മറ്റോ ഉണ്ടോ?
എന്തരിന്‌ കൂവാ ചാര്‍ട്ടും പുസ്തകോം? ചുമ്മാ ഓരോ സെക്ഷനിലോട്ട് കേറി ഒന്നോടിച്ചു നോക്കുക.

അപ്പ?
അപ്പ ഒരുത്തന്‍ കാണും, അവനെ കണ്ടാ ഒടനേ മനസ്സി നെരുവിക്കും, "യെവനെ പറഞ്ഞ് ട്രെയിനിങ്ങിനു വിടാന്‍ പറ്റൂല്ല, രണ്ടാഴ്ച യെവന്‍ മാറി നിന്നാ ഇവിടത്രയും ചളം ആകും" എന്ന്. അവന്‍ തന്നെ അവിടത്തെ കീയൂസര്‍.

ങേ?
ങാ.

Saturday, October 18, 2008

ഭക്‌ഷ്യം

ദാ അന്തപ്പാ, ഓറഞ്ച് എടുക്കപ്പാ.
ഇത് എന്തരാപ്പാ, എനിക്ക് പനിയില്ലല്ലോ?

പനിയോ?
തന്നെ. എന്റെ നാട്ടില്‍ ആളുകള്‍ ഓറഞ്ചുമായി കാണാന്‍ വരുന്നത് ജ്വരം മൂത്ത് ആശുപത്രിയില്‍ കിടക്കുമ്പോഴാ. ഇനി നിന്റെ ഫിലിപ്പിന്‍സില്‍ അങ്ങനെ അല്ലേ മൗറീന്‍?

ഇത് അതൊന്നുമല്ല, ഒരെണ്ണം എടുക്ക്.
ഞാന്‍ രാവിലേ മൂന്നു ദോശയും കടലക്കറിയും കഴിച്ചതാ.

ഇന്ന് എന്താ ദിവസമെന്ന് അറിയാമോ?
പതിനാറ്‌.

അതല്ല, ഇന്ന് ലോക ഭക്‌ഷ്യ ദിനമാണ്‌.
ഓ ആണോ ഞാനറിഞ്ഞില്ല. എന്നും എന്തെങ്കിലും ദിനമാണല്ലോ. ഒന്നുമില്ലാത്ത ഒരു ദിവസം കലണ്ടറില്‍ ബാക്കിയുണ്ടോ എന്തരോ. ഉണ്ടെങ്കില്‍ അത് ലോക ദിനമില്ലാദിനമായി ആഘോഷിക്കാമായിരുന്നു. അതു പോട്ട്, ഭക്ഷ്‌ഷ്യ ദിനം ആയതുകൊണ്ടണല്ലേ രാവിലേ എന്നെ തീറ്റാന്‍ ഇറങ്ങിയത്. മദ്യദിനമല്ലാത്തത് ഭാഗ്യം ഇല്ലെങ്കില്‍ നീ രാവിലേ എനിക്കു കള്ളുമായി വന്നേനെ.

അപ്പോ ഇങ്ങനെ ദിനങ്ങളൊന്നും ഇഷ്ടമല്ലേ?
പെണ്ണേ, ഭക്ഷ്യദിനം എന്നാല്‍ ഭോജനോത്സവം അല്ല. കഴിഞ്ഞ കൊല്ലത്തെ ഭക്ഷ്യദിനം 'ആഹാരം ഒരു മനുഷ്യാവകാശം' എന്ന് പ്രഖ്യാപിക്കാനായിരുന്നു. ഇക്കൊല്ലത്തേത് കാലാവസ്ഥാമാറ്റവും ജൈവ ഇന്ധനവും ഭക്ഷണത്തെ നശിപ്പിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്നാലോചിക്കാനാ.

അല്ല അപ്പോ നമ്മളെന്തു ചെയ്യണം?
ലോകത്ത് നാലിലൊരാള്‍ക്ക് ഭക്ഷണമൊന്നുമില്ല. നിന്റെ ഫിലിപ്പൈന്‍സില്‍ മൂന്നിലൊരാള്‍ പട്ടിണിയിലാണ്‌ , അവര്‍ക്ക് എന്തെങ്കിലും ചെയ്യൂ. ഒന്നും ചെയ്യാനില്ലെങ്കില്‍ അവരില്‍ ആര്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കൂ.

ഓ ഈ ചേരിയിലൊക്കെ താമസിക്കുന്നവര്‍... അവരിത്രയും പേരുണ്ടെന്ന് അറിഞ്ഞില്ല.
മനിലയിലെ ചേരിവാസികള്‍ പട്ടിണിക്കാരിലെ ഒരു ചെറിയ വിഭാഗം മാത്രമാണ്‌ മൗറീന്‍. മഹാഭൂരിപക്ഷം ഫിലിപ്പൈന്‍സിലെ ദരിദ്രരും ഗ്രാമങ്ങളിലെ കൃഷിക്കാരാണ്‌.

ലോകത്ത് പട്ടിണി പകുതി ആയെന്ന് വായിച്ചല്ലോ.
അത് വെറും കണക്കുകൊണ്ടുള്ള സര്‍ക്കസ് അല്ലേ. എവിടെ എന്തു കുറയുന്നെന്ന്? ചൈന ഡിഫ്ലേറ്റര്‍ ഉപയോഗിച്ച് കണക്കു കൂട്ടിയാലേ സത്യം അറിയുള്ളു എന്നു മാത്രം.

അതെന്താ ചൈനാ ഡീഫ്ലേറ്റര്‍?
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുണ്ടായിരുന്നത് ചൈനയിലായിരുന്നു. 1981ല്‍ അത് മൊത്തം ചൈനയുടെ അറുപത്തി നാലു ശതമാനം ആയിരുന്നു. ഇപ്പോള്‍ അത് പത്തു ശതമാനത്തിലും താഴെയാണ്‌. അതായത് അമ്പതു കോടി ജനങ്ങള്‍ ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് അവിടെ പട്ടിണിക്കാരല്ലാതായി. ലോകരാജ്യങ്ങളുടെ പട്ടിണിക്കണക്ക് എടുക്കുമ്പോള്‍ ചൈനയുടെ ജനസംഖ്യയുടെ ഭീമമായ വലിപ്പം കൊണ്ടും അവിടെ അതിവേഗം പട്ടിണി കുറഞ്ഞതുകൊണ്ടും അത് മൊത്തം ലോകത്തിന്റെ പട്ടിണികുറയലിനെ സത്യത്തില്‍ ഇല്ലാത്ത വേഗത്തില്‍ കുറയുകയാണെന്ന് കാണിക്കും. നല്ലൊരുശതമാനം സാമ്പത്തിക വിദഗ്ദ്ധരും അതുകൊണ്ട് ലോകജനതിയില്‍ നിന്നും ചൈനയെ ഒഴിവാക്കിയാണ്‌ ശരിക്കുള്ള ദാരിദ്ര്യം കണക്കു കൂട്ടുന്നത്. അതാണ്‌ ചൈനാ ഡീഫ്ലേറ്റര്‍ മെതേഡ്. അങ്ങനെ നോക്കുമ്പോള്‍ ഏഷ്യാ ആഫ്രിക്ക തുടങ്ങിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പത്രത്തില്‍ അടിച്ചു വരുന്ന ഗ്രാഫുകളിലെപ്പോലെയൊന്നുമല്ല, വളരെ കുറവാണെന്ന് കാണാം.


മനസ്സിലായില്ല.
എടേ, ലോകദാരിദ്ര്യം പകുതി ആയി എന്നു പറയുന്നത് ഇങ്ങനെയാണ്‌. പരമദരിദ്രന്‍ എന്നാല്‍ ഒരു ദിവസം ഒരു ഡോളറിനു താഴെ വരുമാനം ഉള്ളവന്‍ എന്നായിരുന്നു കണക്ക് , ഈയടുത്ത സമയത്ത് അത് ഒന്നേകാല്‍ ഡോളര്‍ ആക്കി. 1981ല്‍ ലോക ജനനതയുടെ അമ്പതു ശതമാനത്തോളം ഒരു ഡോളറില്‍ താഴെ വരുമാനക്കാരായിരുന്നു. 2006ല്‍ അത് ലോകജനതയുടെ ഇരുപത്തഞ്ച് ശതമാനമായി. ഹൗ വണ്ടര്‍ഫുള്‍. എന്നാല്‍ ചൈനയെ ഒഴിച്ച് ഈ കണക്കെടുത്താല്‍ എണ്‍പത്തൊന്നില്‍ നാല്പ്പതു ശതമാനത്തില്‍ താഴെ ആയിരുന്ന ലോകദരിദ്രര്‍ രണ്ടായിരത്താറില്‍ മുപ്പതില്‍ അടുത്താണ്‌.ഒന്നേകാലിലല്ല, അതേ ഒരു ഡോളര്‍ കണക്കില്‍.


ആ. പകുതി ആയില്ലെങ്കിലും പത്തു ശതമാനമെങ്കിലും മാറിയല്ലോ.
നിന്റെ തലയില്‍ പേനല്ലാതെ ഒന്നുമില്ലേ? ഇരുപത്തഞ്ച് വര്‍ഷം കൊണ്ട് ഭക്ഷ്യവസ്തുക്കളില്‍ പതിനഞ്ചു ശതമാനത്തില്‍ താഴെ വര്‍ദ്ധനവില്ലാത്ത ഏതെങ്കിലും രാജ്യം ഗ്ലോബില്‍ ഉണ്ടോ?

അപ്പോ ദാരിദ്ര്യം പകുതി ആകുകയല്ല കൂടുകയാണോ ചെയ്തത്?
പണപ്പെരുപ്പം കൂടി അഡ്ജസ്റ്റ് ചെയ്താല്‍, ഇന്ത്യയില്‍ ഏതാണ്‌ പത്തു ശതമാനത്തോളം ദാരിദ്ര്യം കാല്‍ നൂറ്റാണ്ടില്‍ കുറഞ്ഞു. വര്‍ഷം അര ശതമാനത്തിലും താഴെ. പോകട്ടെ അത്രയെങ്കിലും ആയി. ആഫ്രിക്കയില്‍ പട്ടിണിക്കാര്‍ ഇരട്ടിയും കവിഞ്ഞു. ചൈന ഡിഫ്ലേറ്ററും ഭക്ഷ്യവിലയിലെ ഡീഫ്ലേറ്റിങ്ങും കഴിയുമ്പോള്‍ ലോകം മൊത്തത്തില്‍ കാല്‍ നൂറ്റാണ്ടില്‍ ഒരു ശതമാനത്തിനടുത്ത് വത്യാസമുണ്ടായി. അതു തന്നെ ഇന്ത്യയും ലാറ്റിനമേരിക്കയും മാറ്റിയാല്‍ ന്യൂനസംഖ്യ ആവുമെന്ന് തോന്നുന്നു.

ഫിലിപ്പീന്‍സിന്റെ പ്രതിശീര്‍ഷവരുമാനം കുറവാണെന്ന് ഞാന്‍ വായിച്ചു.
അതിലും വളരെ കുറവല്ലേ തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ നിങ്ങളുടെ അയല്‍‌രാജ്യങ്ങള്‍ക്ക്? അവരിലൊന്നും പട്ടിണി ശതമാനത്തോതില്‍ ഇത്രയധികം വരാത്തതെന്ത്?

അതെന്താ?
അതെന്തെന്ന് നീ അന്വേഷിച്ച് കണ്ടുപിടിക്ക്, ലോക ഭക്ഷ്യദിനമല്ലേ.

ഏതെങ്കിലും ചാരിറ്റിക്ക് കുറച്ച് പണമയക്കാം, അതാണ്‌ ഇതിലും എളുപ്പം.
അപ്പോള്‍ ഇന്ന് ലോക എളുപ്പ ദിനം ആണോ, ഭക്ഷ്യ ദിനം അല്ലേ?

Sunday, October 12, 2008

പ്രമോക്ഷം

അന്തപ്പാ, തരക്കേടില്ല.
എന്തര്‌?
നിന്റെ ഈയാണ്ട് പെര്‍ഫോര്‍മന്‍സും, കമ്പനി മൊത്തത്തിലെ പെര്‍ഫോര്‍മന്‍സും.

തന്നേ?
തന്നെ.

എന്തരേലും കൂട്ടി തരീ എങ്കി.
ദാ തൊടങ്ങി! നിന്റെ ഈ കൊണ്ടുവാ കൊണ്ടുവാ വിളി കേട്ട് കേട്ട് എനിക്ക് വട്ടായി. ഇത്തവണ എത്ര കൂട്ടണം? പത്ത് ശതമാനം?

പത്ത് എന്തരിന്‌, എനിക്ക് നെറ്റിയേ പോറാനോ?
ഇരുപത്?

ദുബായിലെ പണപ്പെരുപ്പ നിരക്ക് ഇരുപത് ശതമാനമാ. ഇങ്ങനെ കൂട്ടിയിട്ട് ഒരു പോതരവുമില്ല.
നീ ഒടുക്കത്തെ ബാര്‍ഗെയിനിങ്ങ് ആണല്ലോടേ.

മീനു വെല പറഞ്ഞ് പറഞ്ഞ് ശീലമായതാ.
മുപ്പത് ശതമാനം?

ഹും..
അതും പിടിച്ചില്ലേ? എന്നാ എന്റെ കസേര നിനക്കു തരട്ടോ?
കാശിന്റെ കാര്യം പറയുമ്പ കളിയെടുക്കല്ലേ പറങ്കിയണ്ണാ. കാപെറുക്കികളുടെ മനസ്സു വേദനിച്ചാലും ശാപം ഏക്കും.

കളിയല്ലെടേ, എനിക്ക് മാറ്റമായി, ഞാന്‍ ദേണ്ട് പരന്ത്രീസിലെ ഹെഡ്ഡാപ്പീസിലോട്ട് തിരിച്ചു പെയ്യൂടണവെന്ന്.ഇഞ്ഞി ഈ കസേര നീയെടുത്തോ, ദാ പേപ്പറ്.
ങേ?

അന്തപ്പായീ?
അന്തപ്പായീ?? തള്ളേ ലിവന്റെ കാറ്റു പോയോ?
ഹില്ല, ഒന്നു ശാസം മുട്ടിയതാ. ചൊവ്വായിവര്‌ന്ന് ഇപ്പ.

ബെസ്റ്റ് ഓഫ് ലക്ക് അന്തപ്പാ, ഇവിടിരുന്ന് നീ എന്നെക്കാള്‍ ഷൈന്‍ ചെയ്യ്.
മുഴുത്ത നന്ദി പറങ്കിയണ്ണാ, കഴിവിന്റെ പരമാവധി ശ്രമിക്കാം.

ശരി, എന്നാ പിന്നെ എല്ലാരേം അറിയിക്കാം അല്ലേ?
അങ്ങനെ തന്നെ.

Saturday, October 11, 2008

സാമിയെ മോചിപ്പിക്കുക



(ഗള്‍ഫ് ന്യൂസ് അനുമതിയോടെ ഉപയോഗിക്കുന്ന മുദ്ര)

തിമിംഗിലസ്രാവുകള്‍ ലോകത്തിലെ ഏറ്റവും വലിയ മീന്‍ വര്‍ഗ്ഗത്തില്‍ പെടുന്നു. കൂറ്റന്‍ വായുമായി ആയിരക്കണക്കിനു കാതങ്ങള്‍ സഞ്ചരിച്ച് കടലിലെ സൂക്ഷ്മ സസ്യങ്ങള്‍ അരിച്ചു ശേഖരിച്ചു ഭക്ഷിക്കുന്ന നിരുപദ്രവികളായ ഈ അത്ഭുത മത്സ്യങ്ങള്‍ എന്നും മനുഷ്യനൊരു കൗതുകമായിരുന്നു.

ഒരുകാലത്ത് ലോകമെങ്ങും വെയില്‍ ഷാര്‍ക്കുകളെ വേട്ടയാടുന്നത് കേമത്തമായി കരുതിയിരുന്നു. എന്നാല്‍ അവയുടെ അന്യം നിന്നു പോകുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഒട്ടുമിക്ക പരിഷ്കൃത രാജ്യങ്ങളും അവയെ പിടിക്കുന്നതും കൊല്ലുന്നതും നിരോധിക്കുകയുണ്ടായി. നിര്‍ധനരായ ഇരുപത്തിരണ്ട് മീന്‍ പിടിത്തക്കാര്‍ തങ്ങളുടെ വലയില്‍ കുരുങ്ങിയ തിമിംഗിലസ്രാവുകളെ മോചിപ്പിച്ചതില്‍ അനുമോദിച്ച് വൈല്‍ല്‍ഡ് ട്രസ്ന്റ് ഓഫ് ഇന്ത്യ ഗുജറാത്തില്‍ വെയില്‍ ഷാര്‍ക്ക് വാലി ഉത്സവ് നടത്തുകയും ഈ ഭീമന്‍ മീനുകള്‍ കുടുങ്ങിയവഴി വലയ്ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കാനും പാരിതോഷികമായും ധനസഹായം നല്‍കുകയും ചെയ്ത് പരിസ്ഥിതിപ്രവര്‍ത്തകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയതും ഷാര്‍ക്ക് ഫിന്നിങ്ങില്‍ കുപ്രസിദ്ധി നേടിയ തായ്‌വാന്‍ ഇവയുടെ വേട്ടയും വില്പ്പനയും നിരോധിച്ചതും ഈ വര്‍ഷമാണ്‌.

ദുബായില്‍ കൃത്രിമ സമുദ്രഭാഗത്ത് കുടുങ്ങിപ്പോയ "സാമി" എന്ന വെയില്‍ഷാര്‍ക്കിനെ അറ്റ്ലാന്റിസ് ഹോട്ടലിലിന്റെ തുറന്ന അക്വേറിയത്തിലേക്ക് ഹോട്ടല്‍ അധികൃതര്‍ മാറ്റി താമസിപ്പിക്കുകയും നിരീക്ഷണത്തിനും പഠനത്തിനും പൊതു ദര്‍ശനത്തിനുമായി അവിടെ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നെന്ന് പറയുകയും ചെയ്തിട്ട് ഇന്ന് മുപ്പത്തിനാലു ദിവസം തികയുന്നു. ഇതുവരെ കൃത്യമായ തീരുമാനമൊന്നുമായിട്ടില്ല എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ കാണുന്നു.

ലോകത്ത് അക്വേറിയത്തില്‍ വെയില്‍ ഷാര്‍ക്കുകളെ പ്രദര്‍ശിപ്പിക്കുന്നത് ജപ്പാനിലും അമേരിക്കന്‍ പ്രവിശ്യ ജോര്‍ജ്ജിയയിലും മാത്രമാണെന്നാണ്‌ അറിവ്. ജപ്പാനിലെ വെയില്‍ ഷാര്‍ക്കുകളുടെ ആരോഗ്യത്തെപ്പറ്റി കൃത്യമായ വിവരമൊന്നുമില്ല. ജോര്‍ജ്ജിയയിലാകട്ടെ, നാലു വെയില്‍ ഷാര്‍ക്കുകളെ വാങ്ങി രണ്ടുവര്‍ഷത്തിനകം അതിലെ രണ്ടും മരിക്കുകയായിരുന്നു.

ഒരക്വേറിയത്തിനും ഉള്‍ക്കൊള്ളാനാവാത്തത്ര വലുതാണ്‌ വെയില്‍ ഷാര്‍ക്കിന്റെ സഞ്ചാരപഥം. ഒരക്വേറിയത്തിനും ഒരു വെയില്‍ ഷാര്‍ക്കിനു വേണ്ട സ്വാഭാവിക സാഹചര്യങ്ങളും ഭക്ഷണസൗകര്യവുമൊരുക്കാനാവില്ല. ഒരു മറൈന്‍ ബയോളജിസ്റ്റും വെയില്‍ ഷാര്‍ക്കിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊക്കെ അറിയുമെന്ന് അവകാശപ്പെട്ടിട്ടുപോലുമില്ല. ഒരു മനുഷ്യനെക്കാള്‍ ആയുര്‍‌ദൈര്‍ഘ്യമുള്ള ഈ സുന്ദരജീവികള്‍ അക്വേറിയങ്ങളില്‍ പ്രജനനം ചെയ്യുമെന്ന് ആശ പോലും ആര്‍ക്കുമില്ല.

ജോര്ജ്ജിയയില്‍ മരിച്ച വെയില്‍ ഷാര്‍ക്കുകളുടെ ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ അവയുടെ ആമാശയഭിത്തികള്‍ ദ്രവിച്ചിരുന്നെന്നും നിര്‍ബ്ബന്ധിച്ച് ഭക്ഷണം തീറ്റിയതിനാലാവാം അന്നപഥത്തില്‍ മുറിവുകളുണ്ടായിരുന്നെന്നും ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി വെബ് സൈറ്റില്‍ കാണുന്നു.
http://www.flmnh.ufl.edu/fish/sharks/InNews/opinions2007.html

സാമി ഒരു പെണ്‍ സ്രാവാണ്‌. അവള്‍ കൗമാരപ്രായമെത്തുന്നേയുള്ളു. എന്തെങ്കിലും അത്ഭുതം സംഭവിച്ച് അവള്‍ അറ്റ്‌ലാന്റിസില്‍ കുറച്ചു വര്‍ഷം ജീവിച്ചാല്‍ കൂടി അവള്‍ക്ക് പ്രജനനം നടത്താനുള്ള അവസരം നഷ്ടമാകുന്നതുവഴി ഇപ്പോള്‍ തന്നെ ദുര്‍ബ്ബലമായ തിമിംഗില സ്രാവുകളുടെ അംഗസംഖ്യ കുറയാനേ ഈ പ്രവൃത്തി കാരണമാകൂ.

സാമിയുടെ മോചനത്തിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകാന്‍ എല്ലാ ദുബായി നിവാസികളോടും പരിസ്ഥിതി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

എമിറേറ്റ്സ് എന്‍‌വയണ്മെന്റല്‍ അസോസിയേഷനിലോ ഗള്‍ഫ് ന്യൂസ് പത്രം ഓണ്‍ ലൈന്‍ എഡിഷനിലോ എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയിലോ നിങ്ങളുടെ പ്രതിഷേധം അറിയിക്കാം.

സേവ് സാമി പെറ്റീഷന്‍ ഇവിടെ:
http://www.petitionspot.com/petitions/savesammytheshark

Sunday, October 5, 2008

സാറിന്റെ കുതിര, ക്യാപ്റ്റന്റെ കഴുത

(പട്ടയടിയുടെ പഞ്ച "പ"കള്‍ പരമാവധി പാലിക്കാറുണ്ട് ഞാന്‍. ഈ അവധിക്കും സംഗതി കഴിച്ചത് പകലല്ലായിരുന്നു, പലതല്ലായിരുന്നു, പലരില്ലായിരുന്നു, പതറിയുമില്ലായിരുന്നു. പക്ഷേ പറയാന്‍ പോകുന്നു. ചെറുതെറ്റുകള്‍ വല്ലപ്പോഴും വരുത്താമല്ലോ.)

ചീയേര്‍സ്!
എന്നും ചീയറായിരിക്കട്ടെ. ക്യാപ്റ്റന്‍ വലിയ ഉത്സാഹത്തിലാണല്ലോ.
അന്തപ്പായീ, ഒരു വലിയ ദുരൂഹത ഞാങ്ങ് ഒടുക്കം പരിഹരിച്ചെടേ.

അതെന്തര്‌?
എന്റെ സ്റ്റുഡന്റ്സില്‍ ഒരു കൊച്ചു ചെല്ലനുണ്ട്. ലവങ്ങ് എന്റെ കൂടെ ഡ്യൂവല്‍ പറക്കുമ്പോ കൊണ്ട് കിറുകൃത്യമായി സ്മൂത്തായി ലാന്‍ഡ് ചെയ്യും. പക്ഷേ ഓനെ സോളോ പറക്കാന്‍ വിട്ടാല്‍ വന്ന് നിലത്ത് പഠേന്ന് ഇടിച്ച് പെടലി ഉളുക്കി എറങ്ങി വരും. ഓന്‍ തറേ ഇടിച്ചിടിച്ച് ലാന്‍ഡിങ്ങ് ഗീയറില്‍ ക്രാക്ക് വീണെന്നേ. എന്നാ എന്റെ കൂടെ വരുമ്പ പുള്ളി ക്ലീന്‍.

ഇതാരുന്നോ? ടേ, പൊടിയനല്ലേ, ഇത്തിപ്പോരം പോന്ന വിമാനമല്ലേ, ആകാശമല്ലേ, ഒറ്റയ്ക്ക് പെയ്യൂടുമ്പോ അവനു ടെന്‍ഷന്‍ വരുന്നതായിരിക്കും. കൂടെ ഇന്‍സ്റ്റ്റക്ടറുള്ളപ്പോ നല്ല ധൈര്യം കിട്ടും. കമ്പും കൊളിയും ഓരോന്ന് നിങ്ങടെ കയ്യിലും ഇരിപ്പോണ്ടല്ല്, ലവനു തെറ്റിയാലും.

ടെന്‍ഷനല്ലെടേ. ബ്രീഫിങ്ങും ഡീബ്രീഫിങ്ങും നടത്തുമ്പോ ടെന്‍ഷനൊണ്ടോന്ന് നോക്കാറുണ്ട് ഞാന്‍. സോളോ സമയത്തും മച്ചൂനു യാതൊരു റ്റെന്‍ഷനുമില്ല, കണ്‍ഫ്യൂഷനുമില്ല, അപ്പ്രിഹെന്‍ഷനില്ല, അപ്പിയിടാന്‍ മുട്ടാറുമില്ല.

പിന്നെന്തരു പറ്റണത്?
അത് ഞാനും ആഴ്ച്ചകള്‍ ഞാനും തല പുണ്ണാക്കി. ഒടുക്കം ഒരു ദിവസം ഞാന്‍ ലവന്റെ കൂടെ കയറി ഒരു ദിവസം ലാന്‍ഡിങ്ങ് സമയത്ത് അവനെയോ പാനലിലോ നോക്കാതെ ചത്ത കണക്ക് സൈഡ് വിന്‍ഡോയിലേക്ക് ചെരിഞ്ഞു നോക്കി ഒറ്റ ഇരിപ്പിരുന്നു. ചെല്ലന്‍ നേരേ അപ്പ്രോച്ച് ചെയ്തു, ഡിസന്‍ഡ് ചെയ്തു, ടപ്പോ ഒറ്റ കുത്ത് നിലത്ത്, പണ്ടം വായി വന്ന്.

അങ്ങനെ ആ പ്രശ്നത്തിനു പരിഹാരമായി അല്ലീ?
തന്നെ. ഞാന്‍ വര്‍ഷങ്ങളായി എന്നും ഈ പണി ചെയ്യുവല്ലീ. റ്റച്ച് ചെയ്യുന്ന സമയം ആകുമ്പോ അറിയാതെ നടു നിവര്‍ക്കുകയും മുന്നോട്ട് ആയുകയും ചെയ്തു പോകും. സ്വബോധമില്ലാത്ത ഈ കാപെറുക്കി പയലിന്റെ അബോധമനസ്സിലെ ഇക്വേഷന്‍ ടച്ച് ഡൗണ്‍ മൊമന്റ് = ക്യാപ്റ്റന്‍ നടു നിവര്‍ത്ത് എയര് പിടിക്കണ സമയം എന്ന് ആയിപ്പോയി, ഏത്? അപ്പ ഞാനില്ലാതെ ലാന്‍ഡുമ്പ പുല്ലനു
ഇന്‍സ്ട്രമെന്റ് പാനല്‍ ഇല്ലാത്ത എഫക്റ്റാ.


ഹ ഹ. ക്ലെവര്‍ ഹാന്‍സ് ഇഫക്റ്റിനു പറ്റിയൊരു ഉദാഹരണമാണല്ലോ ഈ പയലിന്റെ കഥ.
അതെന്തരു ക്ലെവര്‍ ഹാന്‍ഡ്സ്?

ഹാന്‍ഡ്സല്ലെടേ, ക്ലെവര്‍ ഹാന്‍സ്. പണ്ടത്തെ ജെര്‍മനിയിലെ ഒരു ഗണിതാദ്ധ്യാപകന്റെ കുതിര ആയിരുന്നു അത്. അവന്‍ കണക്കു കൂട്ടുകയും വാക്കുകള്‍ സ്പെല്‍ ചെയ്യുകയും ഒക്കെ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മഹാത്ഭുതമായി.

അതായത് ഈ ചിമ്പന്‍സി ഒക്കെ ചെയ്യുമ്പോലെ മൂന്നു പന്ത് എടുക്കൂ എന്നു പറഞ്ഞാല്‍ അത് മൂന്ന് എണ്ണി കൊണ്ടുവരുന്നതുപോലെ?
അമ്മാതിരി കൂതറക്കണക്കല്ല. "ക്ലെവര്‍ ഹാന്‍സ്, ഒമ്പതിന്റെ സ്ക്വയര്‍ റൂട്ട് എത്രയാണ്‌?" എന്നു ചോദിച്ചാല്‍ അവന്‍ മൂന്നു തവണ കുളമ്പ് നിലത്തടിക്കും. പതിനാറിനെ എട്ടുകൊണ്ട് ഹരിച്ചാലോ എന്നു ചോദിച്ചാല്‍ രണ്ടു തവണ അടിക്കും. ഇന്ന്, തിങ്കളാഴ്ച ആഗസ്റ്റ് മുപ്പത്തൊന്നാണെങ്കില്‍ വരുന്ന ബുധന്‍ എത്രാം തീയതി ചോദിച്ചാലും കൃത്യമായി രണ്ടടിക്കും.

ഓ അങ്ങനെ മൂന്നു നാലു ശബ്ദങ്ങള്‍ കാണാപ്പാഠം പഠിച്ചതാവും കുതിര.
അല്ലെടേ, കാണികള്‍ നൂറുകണക്കിനു ചോദ്യങ്ങള്‍ മാറ്റി മാറ്റി ചോദിക്കും, ക്ലെവര്‍ ഹാന്‍സിനു തെറ്റു പറ്റില്ല.

അത്രയും ബുദ്ധിയുള്ള ഒരു ജന്തുവും ഭൂമുഖത്തില്ല, വരുന്ന സഹസ്രാബ്ദങ്ങളിലൊന്നും ഉണ്ടാകുകയുമില്ല.
അപ്പോ പിന്നെ ഹാന്‍സ് ചെയ്യുന്നതോ? അതിലൊരു ചതിയുമില്ലെന്ന് എല്ലായിടത്തും കാണികള്‍ സമ്മതിച്ചതല്ലേ?

അതെങ്ങനെ പറ്റുന്നു അതിന്‌? ശരിക്കും അത്തരം ബുദ്ധി മനുഷ്യനു മാത്രമല്ലേയുള്ളു?
ജര്‍മ്മനിയിലെ വിദ്യാഭ്യാസവകുപ്പ് ഈ അത്ഭുതം പഠിക്കാന്‍ ഒരു പതിമ്മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ പഠനം നടത്തി "ഹാന്‍സിന്റെ പ്രകടനം തട്ടിപ്പോ ചതിയോ അല്ല, ശരിക്കും അവന്‍ ഉത്തരം പറയുകയാണ്‌" എന്ന് റിപ്പോര്‍ട്ട് എഴുതി.

തള്ളേ!
റിപ്പോര്‍ട്ട് കിട്ടിയത് പ്രമുഖ ജെര്‍മ്മന്‍ മനശാസ്ത്രജ്ഞന്‍ ഓസ്കര്‍ ഫൂങ്സ്തിന്റെ കയ്യില്‍. അദ്ദേഹം കച്ച കെട്ടി.

എന്നിട്ട്?
നാലു തരം ചോദ്യങ്ങള്‍ രീതിയില്‍ അദ്ദേഹം കുതിരയ്ക്കു കണക്കു പരീക്ഷ നടത്തി. അതായത്
കുതിര കാണികളെ കാണാതെ നില്‍ക്കുമ്പോള്‍ ചോദ്യം ചോദിക്കുക.
കുതിരയുടെ ഉടമ അല്ലാത്ത ആള്‍ ചോദിക്കുക
ചോദ്യകര്‍ത്താവിനെ കുതിര കാണാതെ ചോദ്യം മാത്രം കേള്‍പ്പിക്കുക
ചോദ്യകര്‍ത്താവിനു ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ എഴുതി കൊടുത്ത് ചോദിപ്പിക്കുക.

എന്നിട്ട്?
ഉടമ ചോദിക്കണമെന്നില്ല, ആരു ചോദിച്ചാലും കുതിര ശരിയുത്തരം പറയും. പക്ഷേ കാണികള്‍ ചുറ്റും കൂടി നിന്നാല്‍ കുതിര കൃത്യമായി ഉത്തരം പറയും. മിനിമം ചോദ്യകര്‍ത്താവിനെ എങ്കിലും കണ്ടുകൊണ്ട് പറയുകയാണെങ്കില്‍ കുറേയേറെ ശരിയാക്കും. പക്ഷേ ചോദ്യകര്‍ത്താവിനെ കുതിര കണ്ടില്ലെങ്കിലോ ചോദിക്കുന്നവര്‍ക്കും കാണികള്‍ക്കും ഉത്തരം അറിയില്ലെങ്കിലോ കുതിര തെറ്റിക്കും.

മനസ്സിലായി. കാണികളുടെ മുഖഭാവത്തില്‍ നിന്നാണു കുതിര ഉത്തരം പറയുന്നത് അല്ലേ?
അതു തന്നെ. ഉത്തരം നാല്‌ എന്നാണെന്നിരിക്കട്ടേ, കുതിര മൂന്നു തവണ കുളമ്പ് നിലത്തു കൊട്ടുമ്പോള്‍ കാണികള്‍ ആവേശഭരിതരാകും. നാലാമത് കൊട്ടുന്നതോടെ ശരിയുത്തരം എന്ന ഭാവം അവര്‍ കാണിക്കും, അതോടെ കുതിര കുളമ്പടിയും നിര്‍ത്തും, ഏത്?

അപ്പ അതാണ്‌ ക്ലെവര്‍ ഹാന്‍സ് ഇഫക്റ്റ്.
തന്നെ. ഡബിള്‍ ബ്ലൈന്‍ഡ് , റാന്‍ഡം കണ്ട്റോള്‍ തുടങ്ങിയ പലവിദ്യകള്‍ കൊണ്ടും പരീക്ഷിതന്‍ പരീക്ഷകന്റെ മനസ്സിലുള്ള ഉത്തരം തിരഞ്ഞെടുക്കാതിരിക്കാനുള്ള വിദ്യകള്‍ ഗവേഷകര്‍ ആവിഷ്കരിക്കാന്‍ ഒരു തുടക്കമായത് ഫൂങ്സ്റ്റ് ഉരുത്തിരിച്ച ക്ലെവര്‍ ഹാന്‍സ് ഇഫക്റ്റ് കാരണമായി.

കൊള്ളാം, കണക്കു സാറിന്റെ കുതിരയെ നേരത്തേ അറിയുമെങ്കില്‍ ഞാന്‍ എന്റെ മരങ്ങോടന്‍ സ്റ്റുഡന്റിന്റെ പ്രശ്നം ഇത്ര തല പൊകയ്ക്കാതെ കണ്ടുപിടിച്ചേനെ.
അദ്ധ്യാപകര്‍ ഇതിലും അവശ്യം അറിയണ്ടത് പിഗ്മാലിയോണ്‍ ഇഫക്റ്റ് ആണെടേ.

അതൊള്ളത്.
ചെക്ക് പ്ലീസ്!

Thursday, October 2, 2008

അന്തി

ആലിനും പൊളിഞ്ഞ കന്മതിലിനും ഇടയിലുള്ള ഭാഗം റബ്ബര്‍ ചെരിപ്പിട്ട കാലുകള്‍ കൊണ്ട് തൂത്തുവെടിപ്പാക്കി നാരായണന്‍ പത്രോസിനെ ഇരിക്കാന്‍ ക്ഷണിച്ചു. ഒറ്റയ്ക്ക് വര്‍ഷങ്ങളായി നിന്ന് ചതുക്കുപിടിച്ചുപോയ കഴുത്തു തിരിച്ച് മാടന്‍ അവരെ കൗതുകപൂര്വ്വം നോക്കി.

എന്തോന്നാന്നേ അവിടെ വച്ചാരാധന? പത്രോസ് ഭയത്തോടെ മാടനെ നോക്കി.

വോ അത്.. ചുടലമാടന്‍ എന്നാ വിളിക്കണത്. പണ്ടെപ്പഴോ യെവനൊക്കെയോ പോഴമ്മാര്‌ ഇവിടെ പ്രാര്‍ത്തനകള്‌ ചെയ്ത് കാണും.

പത്രോസ് മനസ്സില്‍ ഗീവര്‍ഗ്ഗീസ് സഹദായെ വിളിച്ചു പോയി. പണ്ടെന്ന് വെച്ചാ?

തോനേ പണ്ടാരുന്നെടേ. മാടങ്ങ് ശിവനാണെന്ന് പറഞ്ഞ് പണ്ട് വെലിയും മറ്റും നടത്തിയിട്ടൊണ്ട്. ശങ്കരാചാര്യര്‍ സാമി അതെല്ലാം അബദ്ധമാണെന്ന് പറഞ്ഞ് നിര്‍ത്തിച്ച്.

ഏതു ശങ്കരാചാര്യന്‍? എടാ ഭോഷ്കാ, ഇരുപതു കൊല്ലം മുന്നേവരെ എന്നും എനിക്കു കോഴിയും കള്ളും നേദിക്കാന്‍ ഇവിടെ ജനം കൂട്ടം കൂടിയിരുന്നു. മാടന്‍സ്വാമി പല്ലു ഞെരിച്ചു. ഇതിനു പിറകില്‍ ചെരുപ്പുകുത്തി കോളനി ആയിരുന്നു, പിന്നെ അങ്ങോട്ട് വട്ടി നെയ്യുന്നവരും. എത്ര പേരെ അനുഗ്രഹിച്ചിരിക്കുന്നു ഞാന്‍, എത്ര വ്യാധികള്‍ പൊന്തിക്കുകയും അമ്പിക്കുകയും ചെയ്തു. എത്ര പേരുടെ കണ്ണീരൊപ്പി.. എത്ര വിശക്കുന്ന വയറുകള്‍ക്ക് അന്നമെത്തിച്ചു.

ഇന്ന് ഇവിടങ്ങളില്‍ വലിയ വീടുകളാണ്‌. വൈകുന്നേരം അവര്‍ പഴവങ്ങാടി വരെ കാറോടിച്ചു പോയി ഏത്തമിടുകയും പത്മനാഭനെ പൂജിക്കുകയും ചെയ്യുന്നു. ഒരു കുപ്പി ചാരായവും ഒരു കരിങ്കോഴിയുമായി ആരെങ്കിലും എത്തിയിരുന്നെങ്കില്‍ കാണിച്ചു കൊടുത്തേനെ ഞാന്‍.

പത്രോസ് വാഴയിലപ്പൊതി തുറന്നു- ഒരു ചിക്കന്‍ ഫ്രൈ. നാരായണന്‍ ഇടുപ്പില്‍ നിന്നും ഹെര്‍ക്കുലീസ് വൈറ്റ് റം എടുത്തു തുറന്നു കുത്തി നാട്ടി, രണ്ട് ഡിസ്പോസബിള്‍ കപ്പും ഒരു പൊതി മിക്സ്ചറും എടുത്തു.

"ഇരുമുടിക്കെട്ടുമായി പടികടന്നിതാ ഞങ്ങള്‍ ഒരുമയോടയ്യപ്പന്മാര്‍ പുറപ്പെടുന്നേ സ്വാമി.." ഒരു ജീപ്പ് മൈക്ക് വിളംബരത്തോടെ കടന്നു പോയി.
"അയ്യപ്പസ്വാമീ ക്ഷമിക്കണേ.." നാരായണന്‍ ജീപ്പിനു നേരേ കൈ കൂപ്പി. "അടുത്ത വര്‍ഷം മാലയിട്ട് മലയ്ക്ക് പോണം."

എന്തു ക്ഷമിക്കാന്‍? മാടന്‍ ചിരിച്ചു. നാരായണനും പത്രോസും ഓരോന്നടിച്ചു.

ഈ സാധനം നാട്ടുകാരാരും വിടെ നിന്ന് മാറ്റാത്തതെന്താടോ ഊവ്വേ? പത്രോസിനു മാടന്റെ സാന്നിദ്ധ്യത്തില്‍ സ്വസ്ഥതയില്ലാത്തതുപോലെ.

മാറ്റുകയോ? വിത്തു വാരി വിതച്ചുകളയും ഞാന്‍. മാടന്‍ ഗര്‍ജ്ജിച്ചു.

അത് പിന്നെ പത്രോസേ.. ഇത് എളക്കി കളഞ്ഞാ കോര്‍പ്പറേഷന്‍‌കാരു റോഡ് വളവു നൂക്കാന്‍ സലം എടുക്കും. അപ്രത്തെ ആ വീട്ടിലെ ഡോക്ടര്‍ എമ്മെല്ലേടെ അളിയനാ, അങ്ങോട്ടെല്ലാം വല്യ വല്യ ആളുകള്‌ തന്നെ പെരവച്ചിരിക്കണത്.


അല്ലെടാ നായേ, മാടന്‍ പിറുപിറുത്തു. ആ ഡോക്ടര്‍ ആരെന്നറിയില്ല നിനക്ക്. അവന്റെ അപ്പൂപ്പനു മക്കളില്ലാതെ ഇവിടെ വന്ന് കരിങ്കുരുതി പുഴുങ്ങിയും കോഴി വെട്ടിയും പൊടിച്ച വിത്താണ്‌ അവന്റെ തന്ത. ഇന്നവനന്‍ ഇവിടെ വരുന്നില്ലെങ്കിലും കോഴി വെട്ടുന്നില്ലെങ്കിലും അവനറിയാം. എന്നെ തൊടാന്‍ അവനും സന്തതികള്‍ക്കും കൈ വിറയ്ക്കും. ഏതു തന്ത്രിയെ വിളിച്ച് ഹോമം നടത്തിച്ചാലും അവനു ധൈര്യം വരില്ല.

ഇത്ര വെക്കം തീര്‍ന്നോടേ? നാരേണന്‍ കാലിക്കുപ്പി ദൂരെയെറിഞ്ഞ് നീട്ടിത്തുപ്പി.
എനിക്കെന്നതാന്നോ. ഇവിടെ ശരിയാവുന്നില്ലെന്നേ, കുപ്പി തീര്‍ന്നേ പാം. ബാ

ചിക്കന്‍?
അത് തണുത്ത് കല്ലുപോലായി. അങ്ങോട്ട് കളഞ്ഞേക്കെടോ.

കൈപ്പള്ളി ആശാന്‍ മരക്കാര്‍ അപ്പച്ചയെ പരിഹസിച്ചതില്‍ പ്രതിഷേധിച്ചെഴുതിയത്.