Sunday, November 23, 2008

നമതും കൊഞ്ചും

നമതിന്റെ പോസ്റ്റ് ഇപ്പോഴാണു കണ്ടത്. കൊച്ചമ്മാച്ചന്‍ സിന്‍ഡ്രോം ബാധിച്ചെന്ന് തോന്നുന്നു എനിക്ക്, അതാണ്‌ കൊഞ്ചാന്‍ മുട്ടിയത്. ( തുടക്കം ഓഫില്‍ ആയിക്കോട്ടെ- കുടുമ്മത്ത് ചുമ്മാ ഉണ്ടുറങ്ങി കൂടിയിരിക്കുന്ന കൊച്ചമ്മാച്ചനെക്കൊണ്ട് വല്ല പണിയും എടുപ്പിക്കണമെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. എന്തെങ്കിലും ഭാരിച്ച പണി വല്ലതും വന്നാല്‍ "ഓ പറമ്പൊക്കെ കാടുപിടിച്ചു, ഇതു വെട്ടി വെളുപ്പിക്കാന്‍ കൊച്ചമ്മാച്ചനെപ്പോലെ പോലെ ആരോഗ്യമുള്ളവര്‍ക്കേ പറ്റൂ" എന്നോ "ഈ ആഞ്ഞിലിയില്‍ കേറി പഴം പറിക്കാന്‍ ഈ ലോകത്ത് കൊച്ചമ്മാച്ചനേ ധൈര്യം വരൂ" എന്നോ "ബാറ്റ കമ്പനി പോലും ഈ ചെരുപ്പ് തുന്നി ശരിയാക്കില്ല" എന്നോ ഒക്കെ ഉറക്കെ രണ്ട് ഡയലോഗ് പറഞ്ഞാല്‍ മതി കൊച്ചമ്മാച്ചന്‍ യധാക്രമം കൊടുവാള്‍, ഏണി, തുകല്‍സൂചി എന്നിവ എടുത്ത് ചാടിപ്പുറപ്പെട്ടോളും. ഊണു കാലമാകുമ്പോള്‍ "കൊച്ചമ്മാച്ചന്‍ ആളു മഹായോഗിയല്ലേ, രണ്ടുരുളയേ കഴിക്കൂ" എന്നും കൂടി വിളംബരം ചെയ്ത് ചിലവും കുറച്ചു.)

പോസ്റ്റിലെ പോസ്റ്റുലേറ്റ് ഈയിടെ നമതിനു വലിയ കായല്‍ക്കൊഞ്ച് വാങ്ങാവുന്ന വിലയ്ക്കി,കിട്ടിയതുകൊണ്ട് അതു വാങ്ങിക്കഴിച്ചു എന്നതാണ്‌. ചോദ്യങ്ങള്‍

ക. എന്തു കൊഞ്ചാണ്‌ കിട്ടിയത്?
ഖ. എന്തുകൊണ്ട് മുമ്പ് കിട്ടാതിരുന്നത്ര മുട്ടന്‍ കൊഞ്ച് കിട്ടി?
ഗ. എന്തുകൊണ്ട് ആദായ വിലയ്ക്ക് കിട്ടി?
എന്നിവയാണ്‌

എന്തു കൊഞ്ച്?
കൈപ്പത്തി വലിപ്പത്തിലെ കായല്‍ കൊഞ്ച്. ഹും. അരിപ്പക്കൊഞ്ച് (Penaeus indicus) അല്ല, അതിന്റെ കുഞ്ഞുങ്ങളേ കായലിലുള്ളു. കൈവണ്ണം പോയിട്ട് വിരല്‍ വണ്ണവുമില്ലാത്തതിനാല്‍ സാധാരണ ഉണക്കിയാണു വില്‍ക്കുന്നതും. പൂവാലന്‍ കൊഞ്ച് (Metapenaeus Dobsoni) കായലില്‍ അത്ര സുലഭവുമല്ല, കൈപ്പത്തി വലിപ്പത്തില്‍ കിട്ടാന്‍ പ്രയാസവുമാണ്‌. കായലിലെ നാരന്‍ കൊഞ്ച് (Penaeus monodon ) അരയടി സുഖമായി വളരും, സുഫലാം സുലഭാം മാതരവുമഅണ്‌. അപ്പോ പുള്ളി നാരന്‍ കൊഞ്ചായിരിക്കണം വാങ്ങിയത്.

വലിപ്പം, വില
ടൂറിസ്റ്റ് വരവുള്ളപ്പോള്‍ വലിയ കൊഞ്ചുകള്‍ ഓട്ടലിലേക്കും അല്ലാത്തപ്പോള്‍ ഷാപ്പിലേക്കും പോകാറുണ്ട്. എക്സ്പോര്‍ട്ടില്‍ ഒരിടിവുണ്ട്, അത് സാമ്പത്തിക മാന്ദ്യം കൊണ്ട് ഉണ്ടായതല്ല, ഇന്ത്യന്‍ കൊഞ്ചിന്റെ ഏറ്റവും വലിയ (ഓര്‍മ്മ ശരിയാണെങ്കില്‍ ഇരുപത്തഞ്ച് ശതമാനം) ഇറക്കുമതിക്കാരായ അമേരിക്ക സ്വന്തം നാട്ടിലെയും അളിയന്‍ രാജ്യങ്ങളുടെയും കൊഞ്ചു കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യന്‍ കൊഞ്ചിനു മേല്‍ ആന്റി ഡമ്പിങ്ങ് ഡ്യൂട്ടി ഏര്‍പ്പെടുത്തി. ഇറക്കുമതിച്ചുങ്കം വഴി നമ്മുടെ കൊഞ്ചിനെ അവര്‍ ഒതുക്കിയെങ്കിലും നമ്മള്‍ കായല്‍ക്കൊഞ്ച് കയറ്റുമതി ചെയ്യുന്നത് വളരെക്കുറച്ചേയുള്ളു, അതിനാല്‍ എക്സ്പോര്‍ട്ട് മാര്‍ക്കറ്റില്‍ ഇവന്‍ കീ വായിക്കുന്നില്ല. ടൂറിസത്തിലെ ഇടിവ് കാരണമായിരിക്കാം, അല്ലെങ്കില്‍ ഒരു ലോജിസ്റ്റിക്ക് പ്രശ്നമുണ്ടായ കൊഞ്ചുപിടിയന്‍ സാധനം മാര്‍ക്കറ്റില്‍ എത്തിച്ചതായിരിക്കാം(ഒരു വണ്‍ ഓഫ് അടിസ്ഥാനത്തില്‍). എം പി ഡി ഏ പോലെ വന്‍ കിട കായല്‍ കൊഞ്ചു കൃഷിക്കാര്‍ ഫലം കണ്ടു തുടങ്ങിയതും ആവാം.

ഇനി നമതിനോട് നമുക്കുള്ള ചോദ്യം. ഇത്രയും നല്ല കൊഞ്ച് കുറഞ്ഞ വിലയ്ക്ക് കിട്ടിയിട്ടും ഒരു മര്യാദയുടെ പേരില്‍ ഞങ്ങളെ എന്തുകൊണ്ട് വിളിച്ചില്ല?

വാല്‍ (പോസ്റ്റിന്റെ- കൊഞ്ചിന്റെയല്ല)
തിരുവന്തോരത്ത് കൊഞ്ചു ഫാക്റ്ററി സൂപ്പര്വൈസറായി എറണാകുളത്തുകാരന്‍ ഒരു നന്ദന്‍ ചേട്ടന്‍ (എക്സ് മില്‍ട്രീ) ജോലിക്ക് ചേര്‍ന്നു. കൊഞ്ച് എന്നതിനു ചെമ്മീന്‍ എന്നും തൊലിക്കുന്നതിനു "കിള്ളുന്നു" എന്നും ഒക്കെ മദ്ധ്യകേരള ഭാഷ ഞങ്ങള്‍ക്ക് പരിചയമായത് നന്ദന്‍ ചേട്ടന്‍ ചാണ്ടീസ് വൈറ്റ് ഹൗസില്‍ സന്ദര്‍ശകനായ ശേഷമാണ്‌.

മില്‍ട്രീ അച്ചടക്കം തിരുവന്തോരത്തെ കൊഞ്ചു തൊലിപ്പ് പെണ്ണുങ്ങളെ പഠിപ്പിക്കാന്‍ നന്ദന്‍ ചേട്ടന്‍ തീവ്രമായി ഒന്നു ശ്രമിച്ചപ്പോള്‍ അവര്‍ കൂടി ഒരു പാര അങ്ങ് വച്ചു. കോള്‍ഡ് സ്റ്റോറേജിന്റെ വാതിലില്‍ കയറി നന്ദന്‍ ചേട്ടന്‍ നില്‍ക്കുമെന്നും അതിലേ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ജോലിക്കാരികളെ മുട്ടി ഉരുമ്മാന്‍ ആണ്‌ അതെന്നും (ഇല്ലെന്ന് നന്ദന്‍ ചേട്ടന്‍ ഇട്ട ഒരാണ, ഉണ്ടെന്ന് അമ്പതു പേരിട്ട ആണയാലെ തള്ളിപ്പോയി) അവര്‍ മാനേജര്‍ക്ക് പരാതി നല്‍കി. വാണിങ്ങ് ലെറ്റര്‍ വാങ്ങി ഷാപ്പില്‍ തലയ്ക്ക് കൈവച്ചിരിക്കുന്ന നന്ദന്‍ ചേട്ടനു വേണ്ടി ഉണ്ടാക്കിയ പാട്ട്:
(മായാജാലക വാതില്‍ തുറക്കും മധുര സ്മരണകളേ എന്ന ഈണം)

കോള്‍ഡു സ്റ്റോറേജിന്‍ വാതില്‍ തുറക്കും 'ചെമ്മീന്‍ കിള്ളികളേ'
നന്ദന്‍ ചേട്ടനു പാരകള്‍ പണിയും കൊഞ്ചുവാഹിനികള്‍
നിങ്ങള്‍ ഗുരുത്തദോഷിണികള്‍

വിണ്ടുപോയ നഖമുനയാല്‍ നിങ്ങള്‍ ചെമ്മീന്‍ കിള്ളി വലിച്ചെറിയുമ്പോള്‍
മണ്ണുണ്ടോയെന്നു നോക്കാന്‍ എത്തിവലിഞ്ഞൊരീ സാറിനെ നിങ്ങളിന്ന്
പണിഞ്ഞുവല്ലോ, പണിഞ്ഞുവല്ലോ.

സ്തബ്ദനായി ഇണ്ടാസും വാങ്ങി മിണ്ടാതെ നന്ദന്‍ പുറത്തിറങ്ങുമ്പോള്‍
പൊയ് പോയ മില്‍ട്രിയും മില്‍ട്രിക്കാലത്തെ മില്‍ട്രിയടിയുമുള്ളില്‍
കരിഞ്ഞുവല്ലോ, കരിഞ്ഞുവല്ലോ.

17 comments:

vadavosky said...

ഒരു communication പ്രശ്നം ഉണ്ടെന്നു തോന്നുന്നു ആന്റണി. നമത്‌ ഉദ്ദേശിച്ചത്‌ അല്ലെങ്കില്‍ വായിച്ചവര്‍ മനസ്സിലാക്കിയത്‌ കൊഞ്ച്‌ എന്നത്‌ Lobster ആണ്‌. ഇവിടെ പറയുന്ന കൊഞ്ച്‌ prawns അല്ലേ. clarification please

vadavosky said...
This comment has been removed by the author.
അയല്‍ക്കാരന്‍ said...

കുമരകത്തുകിട്ടുന്നത് കൊഞ്ച്, നീണ്ടകരയില്‍ ഉണക്കിവില്‍ക്കുന്നത് ചെമ്മീന്‍ എന്നത് ഞങ്ങടെ നാട്ടുഭാഷ. കൊഞ്ച് വലിയവന്‍, ചെമ്മീന്‍ ചെറിയവന്‍. കൊഞ്ച് കായലില്‍, ചെമ്മീന്‍ കടലില്‍.

പാഞ്ചാലി said...

പ്രോണ്‍സും ഷ്രിമ്പ്സും എപ്പോഴും കണ്‍ഫ്യൂഷന്‍ തന്നെ. പണ്ടു വിചാരിച്ചിരുന്നത് പ്രോണ്‍സ് കടലിലെയും (ചെമ്മീന്‍) ഷ്രിമ്പ് കായലിലെയും (കൊഞ്ച്) എന്നുമാണ്. എവിടെ വന്നപ്പോള്‍ ചെമ്മീന്‍ ഇമ്പോര്ട്ടര്‍ ആയ ഒരു സുഹൃത്ത് പറഞ്ഞു പ്രോണ്‍സ് വലുത്, ഷ്രിമ്പ് ചെറുത് എന്നാണ് ഇവിടെ കണക്കാക്കുന്നത് ! ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും തിരിച്ചും! ഒരു ആഗോള കണ്‍ഫ്യൂഷന്‍ വിഷയമാണിത് എന്ന് പിന്നെ ഒന്നു അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.
അമേരിക്കയിലെ (പ്രത്യേകിച്ച് നോര്‍ത്ത് കാരോളിനയിലെ) കൊഞ്ച് കൃഷിക്കാരെ സഹായിക്കാനാണ് ആന്റി ഡമ്പീംഗ് ഡ്യൂട്ടി കൊണ്ടുവന്നതെന്നാണ് ആ സുഹൃത്ത് പറഞ്ഞതു. പിന്നെ സീ ടര്‍ട്ടില് സംരക്ഷണം നടത്താത്തതും (പ്രത്യേകിച്ച് തായ്ലാണ്ട്) മറ്റൊരു കാരണമത്രേ! ഏതായാലും ഡ്യൂട്ടി ഒന്നു തന്നെയായിട്ടും വിലയിലും ഗുണത്തിലും മെച്ചം അവര്‍ക്ക് തയ്ലാണ്ട്, ഇക്വഡോര്‍ കൊഞ്ച് വാങ്ങുന്നതാണെന്നാണ്. എന്തിന് ഇന്ത്യന്‍ ഒറിജിന്‍ അമേരിക്കന്‍ ഇമ്പോര്ട്ടിംഗ് കമ്പനികള്‍ (ഇന്‍ഡ്യയില്‍ (കേരളത്തില്‍) സ്വന്തമായി QFT പ്ലാന്റും മറ്റുമുള്ളവര്‍ വരെ) മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടു സൌത്ത് അമേരിക്കയില്‍ നിന്നും തായ്ലാണ്ടില്‍ നിന്നുമാണത്രേ ഇപ്പോള്‍ ഇറക്കുമതി നടത്തുന്നത്! പിന്നെ പ്രോഫിറ്റ് മാര്‍ജിന്‍ വളരെ കുറഞ്ഞതും ഇന്ത്യന്‍ കമ്പനികളെ അമേരിക്കയില്‍ നിന്നകത്തി! എന്തിന് നിങ്ങളുടെ ദുബായില്‍ നിന്നും റെഡ് ലോബ്സ്ടെറിനു ലോബ്സ്ടെര്‍ സപ്ലൈ ചെയ്തിരുന്ന റോയല്‍ ഫിഷേറീസ് പോലും ഇപ്പോള്‍ മാര്‍ജിന്‍ കുറവായതിനാല്‍ ചെയ്യുന്നില്ല എന്നാണ് തോന്നുന്നത്!
സാമ്പത്തിക മാന്ദ്യം അമേരിക്കയില്‍ ആദ്യമായി ബാധിക്കുന്നത് കൊഞ്ച് തീറ്റയെ ആണെന്ന് സുഹൃത്ത് പറയുന്നു! മിഡില്‍ ക്ലാസ്സും അപ്പര്‍ മിഡില്‍ ക്ലാസ്സും ബഡ്ജറ്റ് കട്ട് ചെയ്യാന്‍ ആദ്യം ഒഴിവാക്കുന്നത് കൊഞ്ച് ആണത്രേ! പെട്രോളിന് മാക്സിമം വില വന്ന സമയത്തു എന്റെ സുഹൃത്ത് സപ്ലൈ ചെയ്തിരുന്ന സുപെര്‍മര്‍കെറ്റ് ചെയിന്‍ കൊഞ്ച് ഓര്‍ഡര്‍ ഹോള്‍ഡ് ചെയ്തിരുന്നു! അതിന് ശേഷം തായ്ലാണ്ടില്‍ നിന്നും ഇഷ്ടം പോലെ ബിഗ്ഗേര്‍ സൈസ് പ്രോണ്‍സ് വളരെ വില കുറഞ്ഞു ഓഫര്‍ ചെയ്തിരുന്നത്രേ! ഇവിടെ നിന്നുള്ള ഓര്‍ഡര്‍ മിക്കവാറും പെണ്ടിംഗ് ആയപ്പോള്‍ തായ് ചേട്ടന്മാര്‍ കൊഞ്ച് ഹര്വേസ്റ്റ് നീട്ടിക്കൊണ്ട് പോയി കൊഞ്ചണ്ണന്മാര്‍ കിടന്നു വളര്‍ന്നു വലുതായതായി! XXXL സൈസ് കൊഞ്ച് ലാവിഷ്! വില തുച്ഛം സൈസ് മെച്ചം!
പറഞ്ഞു കാട് കയറി! സോറി!
ചുരുക്കിപ്പറഞ്ഞാല്‍ എന്റെ സംശയം നാട്ടിലെ ഡിമാന്‍ഡ് കുറഞ്ഞത് കൊണ്ടു കൊഞ്ച് പിടുത്തം കുറഞ്ഞ്, അവര്‍ക്ക് കൂടുതല്‍ വളരാന്‍ സാഹചര്യം കിട്ടിയത് കൊണ്ടായിരിക്കും നമതിനു വലിയ കൊഞ്ച് കിട്ടിയത് എന്നാണ്. പിന്നെ ചില ലോബ്സ്ടറിനും നാട്ടില്‍ വിളിപ്പേരു കൊഞ്ച് എന്ന് തന്നെയാണ്! (ലോബ്സ്ടറിന്റെ മലയാളമെന്താ അന്തൊണീ?).
നമത് കൊഞ്ച് തിന്നാന്‍ വിളിച്ചില്ല എന്ന് പരാതി പറഞ്ഞതിനാല്‍ ഞാന്‍ കൊഞ്ച് ബാര്‍ ബി ക്യു വിനു ക്ഷണിക്കുന്നു! കൊഞ്ച് സുഹൃത്തിന്റെ വീട്ടില്‍ വച്ച്. (ഞാന്‍ ഓസിനു കിട്ടിയാല്‍ ആസിഡും കഴിക്കും പിന്നെയാ കൊഞ്ച്!)

പരേതന്‍ said...

ആണുങ്ങള്‍ പിഴയ്ക്കാറില്ല..പിഴച്ചതുമല്ല..പക്ഷെ പെണ്ണുങ്ങള്‍ അവരെ പിഴപ്പിക്കുന്നു എന്നതാ സത്യം.......

അനംഗാരി said...

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെമ്മീന്‍ പൊളിക്കുന്ന കമ്പനികള്‍ ഉള്ളത് എന്റെ നാട്ടിലാണ്.ഏറ്റവും കൂടുതല്‍ മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങളും.കായല്‍ കൊഞ്ചും കടകൊഞ്ചും ഉണ്ട്.ചെമ്മീനിന്റെ നീളവും വലിപ്പവും, പിന്നെ ഗുണവും അനുസരിച്ച് അതിനെ പല കൌണ്ട്കളായി തിരിച്ചാണ് സംസ്കരിക്കുന്നതും വില നിശ്ചയിക്കുന്നതും.കായല്‍ കൊഞ്ചിനെ കൃതൃമമായി ഫാമുകളില്‍ വളര്‍ത്താറുണ്ട്.അവര്‍ ചെയ്യുന്നത് കായലില്‍ പപ്പ് ഇടുകയാണ്.അതായത്,കശുമാവിന്റെ ഇലയും കമ്പും കൊണ്ട് കായലില്‍ അരികിനോട് ചേര്‍ന്ന് പപ്പ് ഇട്ട് വേലി കെട്ടുന്നു.ചെമ്മീന്‍ അതില്‍ വന്ന് താമസം തുടങ്ങി പെറ്റു പെരുകി അവിടെ കിടന്ന് ഒടുക്കത്തെ ആര്‍മ്മാദം നടത്തുന്നു;അവനെ കുട്ടയിലാക്കുന്നത് വരെ...

ഓ:ടോ: ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ ഞാന്‍ കഴിക്കുന്ന മീനിവനാണ്.അതും സൌജന്യമായി....കൂട്ടുകാരില്‍ നല്ലൊ വിഭാഗവും ഈ രംഗത്തുള്ളവരായതിനാല്‍ ചെമ്മീന്‍ നമുക്ക് ഫ്രീയായി തിന്നാം.

Radheyan said...

അന്തോണിച്ചാ,

കൊഞ്ച് എന്ന് ഞങ്ങള്‍ ആലപ്പുഴക്കാര്‍(ഏറ്റവും കൂടുതല്‍ കൊഞ്ച് ഹോട്ടലില്‍ വില്‍ക്കുന്നത്.കുമരകം-മുഹമ്മ-ചേര്‍ത്തല-ആലപ്പുഴ ബെല്‍റ്റിലെ ഹോട്ടലുകളില്‍ ആയിരിക്കണം)പറയുന്നത് വേമ്പനാട്ട് കായലില്‍ കിട്ടുന്ന ലോബസ്റ്ററിനെയാണ്.

കായലില്‍ തന്നെ കിട്ടുന്ന ചെറിയ സാധനത്തെ കൊശക്ക് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.അതും നല്ല റ്റേസ്റ്റാണ്.

കടലില്‍ കിട്ടുന്ന സാധനത്തെയാണ് ചെമ്മീന്‍ എന്ന് പറയുന്നത്.ഇവയെ നാരന്‍,പൂവാലന്‍,കരിക്കാടി(ശകലം പിന്നോക്കജാതി)എന്നിങ്ങനെ വിപണന സാധ്യത അനിസരിച്ച് തിരിച്ചിരിക്കുന്നു.നാരനും പൂവാലനും നല്ല വിലയാണ്.

ഉണക്ക ചെമ്മീനും ഉണക്ക കൊഞ്ചും (കായി ചെമ്മീന്‍ അഥവാ കായല്‍ ചെമ്മീന്‍)ഉണ്ട്.ഞങ്ങളുടെ മേഖലയില്‍ രണ്ടാമത്തേതിനാണ് ഡിമാന്‍ഡ്.ചെട്ടികുളങ്ങര ഉത്സവത്തിന് പരിസരങ്ങളില്‍ ഉള്ള ഭവനണളില്‍ കൊണ്‍ചും മാങ്ങയും എന്നറിയപ്പെടുന്ന ഈ കായല്‍ ഉണക്ക ചെമ്മീന്‍ കറി വെയ്ക്കും.

ഇപ്പോള്‍ ഫാമുകളില്‍ ഉപ്പുവെള്ളത്തില്‍ ഒരു ബ്രോയിലര്‍ ചെമ്മീന്‍ കൃഷി ചെയ്യാറുണ്ട്.അതിനെ ടൈഗല്‍ പ്രോണ്‍സ് എന്നാണ് അറിയപ്പെടുന്നത്.കര്‍ണ്ണാടകത്തിലെ മല്‍പ്പ,കാര്‍വാര്‍,തമിഴ്നാട്ടിലെ പുതുകോട്ടെ എന്നീ സ്ഥലങ്ങളില്‍ ഇവ ധാരാളം കൃഷി ചെയ്യപ്പെടുന്നു.പലപ്പോഴും ഹോട്ടലില്‍ കിട്ടുന്നത് ഈ ബ്രോയിലര്‍ ആണെന്ന് പറയപ്പെടുന്നു.സ്വാദിന്റെ കാര്യത്തില്‍ ഇവ തമ്മില്‍ ഏറെ പിറകിലാണ്.

കൊഞ്ച് ഫ്രൈ ധാരാളം കിട്ടുന്ന ഒരു കട കൂടി പറയാം.മുഹമ്മക്കടുത്ത് കായിപ്പുറം എന്ന ജങ്ഷനില്‍ പ്രസിദ്ധമായ വൈദ്യരുടെ ഒറ്റമുറികട.ഏത് തരം കായല്‍ മീനും (കറിയും ഫ്രൈയും റോസ്റ്റും) ഇവിടെ ചീപ്പായി കിട്ടും.അപാരമായ ഫ്രഷ്നെസ്സോടെ.കാറില്‍ ചെന്നാല്‍ റേറ്റ് കൂടില്ല.കാരണം ഒരു സമയം മിനിമം ഒരു എസ്-ക്ലാസ് ബെന്‍സ് അതിന്റെ വാതുക്കല്‍ കാണും.(4 ലക്കം മുന്‍പത്തെ വനിതയില്‍ ഇദ്ദേഹത്തെ കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ വായിച്ചിരുന്നു)

അനോണി ആന്റണി said...

വഡവോസ്കീ,
മിസ്കമ്യൂണിക്കേഷനാകാം, മീനിനു ഓരോ നാട്ടില്‍ ഓരോ പേരല്ലേ. പിന്നെ ഈര്‍ക്കിലിയില്‍ കുത്തി വറുത്തു എന്നു കേട്ടപ്പോള്‍ കായല്‍ക്കൊഞ്ച് (ഷ്രിമ്പോ പ്രോണോ) ആയിരിക്കും എന്ന് ഊഹിച്ചതാണ്‌.

അയല്‍ക്കാരാ,
ഞങ്ങളുടെ നാട്ടിലെ നെയിമിങ്ങ് കണ്‍‌വെന്‍ഷനില്‍ ചെമ്മീനില്ല, സര്വ്വതും കൊഞ്ച്. കടലില്‍ കിട്ടുന്നത് ചെമ്മീനും കായലില്‍ കിട്ടുന്നത് കൊഞ്ചുമാണെങ്കില്‍ കടലിലും കായലിലുമുള്ള പൂവാലന്‍, പുലി തുടങ്ങിയ "കൊഞ്ചു/ചെമ്മീനുകളെ" എന്തു വിളിക്കണം. മീനിന്റെ പേര്‍ ആകെ കണ്‍ഫ്യൂഷനാണ്‌. ഇദാ എനിക്കു മല്യാലം പിടിക്കാത്തത്. മല്ലു ലാംഗ്വേജ് ഈസ് വെരി സ്റ്റ്രേഞ്ച് "യാര്‍".

പ്രോണും ഷ്രിമ്പും കണ്‍ഫ്യൂഷന്‍ ആകണ്ടാ പാഞ്ചാലീ.
സ്റ്റെപ്പ് ഒന്ന്: ചട്ടിയില്‍ നിന്നും ഒരു കൊഞ്ചിനെ എടുത്ത് ചെകിള (gills) നിവര്‍ത്തുക.
അടുക്കു ചെകിള ആണെങ്കില്‍ അത് ഷ്രിമ്പ്- ദാ ഇങ്ങനെ

മീന്‍ ചെകിള ആണെങ്കില്‍ പ്രോണ്‍- ഇങ്ങനെ
ദാ ഇങ്ങനെ


അതല്ല ഇനി ചെകിള പറിച്ചാല്‍ കറി കൊളം ആകുമെങ്കില്‍ കൊഞ്ചനെ മലര്‍ത്തി നിവര്‍ത്തി നോക്കൂ.
രണ്ടാം വയറ്റു തോട് ഒന്നിനും മൂന്നിനും മേലേ കയറി ഇരിക്കുകയാണെങ്കില്‍ അത് ഷ്രിമ്പ്, അല്ല ഒന്നിനു മുകളിലേക്ക് മാത്രമാണെങ്കില്‍ അത് പ്രോണ്‍.

ദേ താരതമ്യ ചിത്രം

ഇത് ശാസ്ത്രത്തിന്റെ വഴി. വിക്കിപ്പീഡിയയില്‍ കാണുന്നു അമേരിക്കയില്‍ നാട്ടുഭാഷാ പ്രചാരത്തില്‍ ശുദ്ധജലത്തിലെ പ്രോണിനും ഷ്രിമ്പിനും "പ്രോണ്‍" എന്നും ഉപ്പുവെള്ളത്തിലെ പ്രോണിനും ഷ്രിമ്പിനും "ഷ്രിമ്പ്" എന്നും വിളിക്കുമെന്ന്. ഹല്ല പിന്നെ ഓന്റെയൊരു ചെകിളേം തോടും കണക്ക്.

ലോബ്സ്റ്റന്‍ (എന്തരിനു പുല്ലിനെ ബഹുമാനിക്കണത്- കടപ്പട് വീക്കേയെന്‍സ്)
തിരുവന്തോരം കൊല്ലം പത്തനംതിട്ട ഭാഗം വരെ ലോബ്സ്റ്ററിനെ "റാള്‌" എന്നാണു പറയുക. ഇവനെ കൊഞ്ചെന്നോ ചെമ്മീനെന്നോ വിളിക്കാറോ ആ വിഭാഗത്തില്‍ കൂട്ടാറോ ഇല്ല. ചെറിയ crayfish നെ എല്ലാം കൊച്ചു റാള്‍ എന്നാണു വിളിക്കുക. കണ്ടോ ഞങ്ങടെ ശാസ്ത്രബോധം!


ബാര്‍-ബെ-ക്യൂവിനു വിളിച്ചതിനു നന്ദി. (എനിക്കെന്താന്നറിയില്ല, ബാറും ക്യൂവും ഒന്നിച്ചു കേള്‍ക്കുമ്പോ വൈകുന്നേരത്ത് ബാറിനു മുന്നിലെ ക്യൂവാണ്‌ ഓര്‍മ്മ വരുന്നത്).

പരേതാ അതേ!
നാടക ഡയലോഗ് " ആരും ഗര്‍ഭിണികളായി ജനിക്കുന്നില്ല ഈ മണ്ണില്‍. ഈ നശിച്ച സഹൂമഹാണച്ഛാ സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നത്"



അനംഗാരീ,
ആലപ്പുഴയില്‍ എം പി ഡി ഏ കൂറ്റന്‍ ഒരു കൊഞ്ചുവളര്‍ത്തല്‍ കേന്ദ്രം നടത്തുന്നുണ്ട്. നാട്ടിലെ കൊഞ്ചു കഴിക്കണമെങ്കില്‍ (വീട്ടില്‍ വാങ്ങിച്ച് വയ്ക്കണം അതിനു മടിയാണെങ്കില്‍) ഷാപ്പിപ്പോണം. എന്തരു പഞ്ചനക്ഷത്രോം കുന്തോം.

Siju | സിജു said...

പണ്ടൊരു തിരുവനന്തപുരത്തുകാരന്‍ കൂടുകാരന്‍ “ചെമ്മീന”ച്ചാറിനെ “കൊഞ്ച”ച്ചാറെന്നു വിളിച്ചപ്പോ ഞാന്‍ അവനേം അവനെന്നേം കുറെ പഠിപ്പിച്ചതാ ചെമ്മീനും കൊഞ്ചും എന്താണെന്ന്.
ഇപ്പോഴും തീരാത്ത ഒരു സംശയം, ചെമ്മീനൊരു മീനാണോ?? :-)

അനില്‍ശ്രീ... said...

കായല്‍ കൊഞ്ച് .. നേരത്തെയൊക്കെ തുലാമഴക്ക് കിട്ടിയുരുന്ന മീനായിരുന്നു. ഇപ്പോള്‍ പക്ഷേ വേമ്പനാട്ട് കായലില്‍ ധാരാളം കിട്ടാനുണ്ട്. കാരണം ഓരോ വര്‍ഷവും ഇവയുടെ കുഞ്ഞുങ്ങളെ കുമരകത്തെ അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സെന്ററിന്റെ വകായായി വേംബനാട്ടുകായലില്‍ കൊണ്ടുവിടുന്നുണ്ട്.

കൊഞ്ചു കുത്തിയേടുത്ത് കാശ് ഉണ്ടാക്കുന്ന ധാരാളം ചെറുപ്പക്കാര്‍ കുട്ടനാട് ഏരിയയില്‍ ഉണ്ട്. വലുതാണെങ്കില്‍ ഒരെണ്ണത്തിന് 300-400 രൂപ വരെ കിട്ടും എന്നാണ് അറിഞ്ഞത്.

Sureshkumar Punjhayil said...

Nannayirikkunnu... Bhavukangal..!!!

namath said...

നന്ദി അനോണി. അങ്കോം കണ്ടു താളീം ഒടിച്ചെന്നോ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യമെന്നോ ഒക്കെ ഗ്രേഹെഡ്ഡുകള്‍ പറയുന്ന സ്ഥിതി. ഗൂഗ്ലാതെയും മിനക്കെടാതെയും ഗൊ‍ഞ്ചിന്‍റെ റിലേറ്റഡ് ഇന്‍ഫര്‍മേഷന്‍ ഇന്‍ഡക്സ് ചെയ്യാന്‍ സാധിച്ചതില്‍ അകൈതവവും നിര്‍വ്യാജവുമായ നന്ദി. നമസ്കാരം. പുരസ്കാരം. (ഒരു വഴിക്കു പോകുന്നതല്ലേ..). സന്മനസ്സിനും സമയത്തിനും കൃതാര്‍ത്ഥത. ഇന്‍ഫര്‍മേഷന്‍ ഓവര്‍ ഫ്ലോയില്‍ രുചിയെപ്പറ്റി ആലോചിച്ച് കുന്തമാവുമോ എന്തോ? കൊങ്കയെ, സ്തനത്തെ, വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥയുടെ തലക്കെട്ടിന്‍റെ ഭാഗത്തെ മാമ്മറി ഗ്ലാന്‍ഡെന്നും വിളിക്കാമെന്നതു കൊണ്ട് ഫംഗ്ഷനാലിറ്റി നഷ്ടപ്പെടില്ലെന്നതു മാത്രം ഒരാശ്വാസം! കൊഞ്ചും സാമ്പത്തികവും പലപ്പോഴും കുഴച്ചിട്ടുണ്ട്. കൊഞ്ചും സാമ്പത്തികവുമുണ്ടാക്കിയ പുലിവാലിവിടെ.. (പരസ്യത്തിനു മാപ്പ്)http://disorderedorder.blogspot.com/2008/01/blog-post.html

ആദ്യ ഉപകഥ മോട്ടിവേഷന്‍ സൈക്കോളജിയുടെ പ്രകട ഉദാഹരണമാണെങ്കിലും ജ്ഞാനികള്‍ക്ക് ബാധകമല്ല, അന്തോണിച്ചോ.

കൊഞ്ചിന്‍റെ രുചിഭേദങ്ങളേറെയാണ്. തിരുവനന്തപുരം തീരത്തെ രുചിയും ആലപ്പുഴ കായല്‍ രുചിയും, മട്ടാഞ്ചേരിയിലെ കടല്‍ക്കൊഞ്ചിന്‍റെ രുചിയും, തൃശൂര്‍ കോള്‍ പാടപരിസരങ്ങളിലെ രുചിയും ഏലത്തൂര്‍ പുഴയുടെ പരിസരങ്ങളിലെ ചെമ്മീന്‍റെ രുചിയും മെട്രോകളിലെ സമ്മിശ്ര സോഴ്സുകളുള്ള കൊ‍ഞ്ചിന്‍റെ രുചിയും, പഞ്ചനക്ഷത്രത്തിലെ നപുംസക പാചകത്തിന്‍റെ രുചിയും വേറെയാണെങ്കിലും കുടംപുളിയിട്ട എണ്ണ പാട അല്‍പ്പസ്വല്‍പ്പം കാണുന്ന ഷാപ്പുകറിയുടെ രുചിയെ ബീറ്റാന്‍ മറ്റൊന്നുമില്ല.

ഉച്ചഭക്ഷണ സമയത്ത് കഴിക്കാന്‍ പാകത്തിനു കൊഞ്ച് പോസ്റ്റായി തന്നതിനു ആന്‍റണിക്കും, വഴി കാണിച്ചുതന്നതിനു തഥാഗഥനും ചിയേഴ്സ്!!

namath said...

മറന്നു. ഒരു എക്സ്പോര്‍ട്ടറുടെ വീട്ടില്‍ കൊച്ചു കുട്ടികളുടെ കൈയ്യോളം വലുപ്പമുള്ള ചെമ്മീന്‍ (പോസ്റ്റിലെ ലക്ഷണ പ്രകാരം നാരനായിരിക്കും അല്ലെങ്കില്‍ ടൈഗര്‍) സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ഞെട്ടി!. തിന്നര്‍മ്മാദിക്കുന്നതിനു പകരം ഷോക്കേസില്‍ വെച്ചിരിക്കുന്നു.

എതിരന്‍ കതിരവന്‍ said...

ചെമ്മീന്‍ എന്നു വച്ചാല്‍ കടലിലില്‍ നിന്നും കോരിയെടുക്കുന്ന prawn ആണെന്നായിരുന്നു ധാരണ. കഥ്യ്ക്കു ചെമ്മീന്‍ എന്നു പേരിട്ടു സാദാ മീനിന്റെ കച്ചവടത്തെക്കുറിച്ചു പറഞ്ഞ തകഴി എന്നെ പറ്റിച്ചു. സിനിമയിലും സാധാരണ മീനിനെ ആണു പിടിച്ചു കൊണ്ടു വരുന്നത്. ചാകരയും ചെമ്മീനിന്റെ കൂട്ടായ്മ അല്ല.
ഷ്രിമ്പ് എന്നതു ഒരു കൊച്ചാക്കല്‍ പ്രയോഗത്തില്‍ വരും. വലിയ ഷ്രിമ്പിനു jumbo shrimp എന്ന് അമേരിക്കയില്‍. ഇത് military intelligence എന്നു പറയുന്നതുപോലെയാണെന്ന് റ്റി. വിയില്‍ ഒരാള്‍.

ചെമ്മീന്‍ ഉദിക്കുക എന്നു വച്ചാല്‍ അരുന്ധതി നക്ഷത്രത്തെപ്പറ്റിയാണ്.

കൂണും ചെമ്മീനും ഒരുമിച്ചു കഴിച്ചാല്‍ കോളറാ വരും എന്നു ശബ്ദതാരാവലിയില്‍ കണ്ടതോടെ ഞാന്‍ സ്ഥലം വിട്ടു.

ഞാന്‍ ആചാര്യന്‍ said...

:) ....വോട്ടു ചെയ്തോ? ഇല്ലെങ്കില്‍ വരൂ....

അനോണി ആന്റണി said...

രാധേയാ,
അപ്പോ റാളിനു നിങ്ങള്‍ കൊഞ്ചെന്നു പറയും അല്ലേ? തള്ളേ പ്യാരുകളു കൊണ്ട് തള്ളിപ്പോവുവല്ല്.

പുലിക്കൊഞ്ച്- ടൈഗര്‍ പ്രോണ്‍സ് വളര്‍ത്താതെ നാച്വറല്‍ ആയിട്ടും കിട്ടും. കൊഞ്ചന്മാര്‍ അരിപ്പത്തീറ്റക്കാരായതുകൊണ്ട് വെള്ളത്തിന്റെ (പ്ലാങ്ക്റ്റാദികള്‍)യും തീറ്റയുടെയും സ്വഭാവമനുസരിച്ചു രുചിയും മാറും. ഇഷ്ടമ്പോലെ ഫാം ബ്രെഡ് കൊഞ്ചു കിട്ടും, പക്ഷേ പ്രകൃതിയുടെ വരദാനം (കടപ്പാട് വീക്കോ ടെര്‍മറിക്ക് പരസ്യം) തരുന്ന രുചിയുടെ അത്ര വരൂല്ലാ. ഞണ്ടും അങ്ങനെ തന്നെ.

കൊഞ്ചും മാങ്ങേം- കൃത്യമായി പറഞ്ഞാല്‍ അരിപ്പക്കൊഞ്ചും വടുകപ്പുളിച്ചി മാങ്ങേം വിത്ത് ധാരാളം ഉള്ളി, സ്വയമ്പന്‍ കറിയല്ലേ. ഓര്‍ത്തപ്പോ ദാ തൊള്ളയുടെ വിള്ളലില്‍ ഒരു പെരുപ്പോടു കൂടി ധാരാളം "ചാളുവ"

സിജൂ,
അതു തന്നെ, ഞങ്ങള്‍ക്ക് ചെമ്മീനില്ല. അല്ലെങ്കില്‍ തന്നെ കൊഞ്ചും മീനുമായി വെള്ളത്തില്‍ ജീവിക്കുന്ന ബന്ധമേയുള്ളു, അതൊരു മീനേയല്ലല്ലോ.

അനില്‍ശ്രീ,
തുലാമഴയ്ക്ക് (അതിനെക്കാള്‍ കര്‍ക്കിടകത്തില്‍) കിട്ടുന്നത് കരിക്കാടി എന്ന പൊടിക്കൊഞ്ചാണ്‌ കൂടുതലും. കൊഞ്ചും മാങ്ങേം ഇടാം, പിഞ്ച് പറിങ്കേണ്ടി കീറിയിട്ട് തീയല്‍ വയ്ക്കാം, തേങ്ങാ വറുത്തരച്ച് കറിയുണ്ടാക്കി മരച്ചീനി വച്ചതില്‍ ഒഴിച്ച് അതിനു മേലേ സ്വല്പ്പം തേങ്ങ അരക്കാത്ത പുളിശ്ശേരിയും ഒഴിച്ച് രസം കൊണ്ട് ഒരു ലേസിങ്ങും നടത്തി ചപ്ലീസ് എന്ന് അഞ്ചു വിരലിന്റെ ഇടയിലൂടെ ചീറ്റിച്ച് കുഴച്ച് ഒരു പിടിയങ്ങോട്ടു പിടിക്കാന്‍ കരിക്കാടി തന്നെ വേണം. ഇതെല്ലാം കൂടി നല്ല എരിവില്‍ ചവിട്ടി കേറ്റിയിട്ട് അതിന്റെ മോളില്‍ പാലും മധുരവും കൂട്ടിയ ഒരു ചായയും കുടിച്ച് വാരിയില്‍ നിന്നു വീഴുന്ന വെള്ളത്തിലോട്ട് കയ്യും കഴുകി തിണ്ണയില്‍ കാലു മയഴത്തോട്ട് നീട്ടിയിരുന്നു ഒരു സിസ്സര്‍ വലിക്കുമ്പോള്‍ കിട്ടുന്ന സുഖമാണ്‌ മണ്‍സൂണിന്റെ സുഖം. അതാണ്‌ മഴയുടെ സുഖത്തിന്റെ ഉച്ചകോടി.

സുരേഷ് കുമാര്‍ നന്ദി.


നമതേ,
അതേ, കറിവയ്ക്കാനുള്ള കൊഞ്ചിനെ എടുത്ത് ഡിസക്ഷന്‍ ടേബിളില്‍ അടിച്ചു കിടത്തി . അതുമൊരു രസമല്ലേ, ഒരു പടം കണ്ടാല്‍ പതിന്നാലു റീല്‍ നാലു പാട്ട്, മൂന്നു "വാള്‍ഫൈറ്റ്" രണ്ട് ഡാന്‍സ് എന്നു പറയുന്ന ജാതി രസം.

അതേ,
ഫോര്‍മലിന്‍ കുപ്പിയില്‍ അടച്ച് ഷോ കേസില്‍ വച്ച ഒന്നരയടി കൊഞ്ച്. അത് .. അത്.. അബാദ് സിയാദ് കോക്കറുടെ വീട്ടിലല്ലേ? അമ്മാതിരി ഒരു ഭീമനെ അത്തുകൊല്ലം മുന്നേ എഫ് എഫ് ഡി ഏ എറണാകുളം ഡിസ്ട്രിക്റ്റ് ഓഫീസറുടെ കാര്യാലയത്തിലും കണ്ട ഓര്‍മ്മ. സര്‍ക്കാരാപ്പീസല്ലേ, അവിടെ ഉണ്ടോ അതോ നശിച്ചു പോയോ ആവോ.

എതിരേട്ടാ,
തകഴീടെ കഥയ്ക്ക് ചെമ്മീന്‍ എന്നല്ല നെയ്മീന്‍ എന്നായിരുന്നു പേരിടേണ്ടിയിരുന്നത്. ചാകര ചെമ്മീനിനില്ല, ശരിയായ മീനുകള്‍ക്കാണ്‌ എന്ന് പ്രത്യേകിക്കണ്ടല്ലോ. അല്ല, പെരുമീനുദിച്ചു കൊള്ളിമീന്‍ പാഞ്ഞു എന്നൊക്കെ അല്ലാതെ ചെമ്മീനും ഉദിക്കുമെന്ന് ആദ്യമായിട്ടാ കേട്ടത്. ഈ അരുന്ധതിച്ചേച്ചി ആരാ ഇംഗ്ലീഷുകാര്‍ക്ക്?

ജമ്പോ ഷ്രിമ്പ്- ഓക്സി മോറോണ്‍ ആകേണ്ട കാര്യമില്ലാന്നേ. മിലിട്ടറി ഇന്റലിജന്‍സിലും നല്ല ഓക്സി മോറോണ്‍ microsoft works അല്ലേ :)

ശ്രീക്ണ്ഠേശ്വരത്തിന്റെ കാലമായപ്പോഴേക്ക് കോളറ പകര്‍ച്ചവ്യാധിയാണെന്ന് ലോകം അറിഞ്ഞതല്ലേ, പിന്നെന്താ അങ്ങനെ?
കൊഞ്ചും കൂണുമില്ലെങ്കില്‍ പിന്നെ നമുക്കെന്ത് പാസ്ത

ആചാര്യാ,
എനിക്ക് അനിശ്രീയുടെ മീന്‍, ദീപക്ക് രാജിന്റെ പട്ടി, ബാബു മാഷുടെ മനുഷ്യന്‍ എന്നിവയ്ക്കും വോട്ട് ചെയ്യണമെന്നുണ്ട് എന്തായിപ്പോ വഴി?

Radheyan said...

അന്തോണിച്ചാ,ചെമ്മീനും ചാകരയും തമ്മില്‍ ബന്ധമില്ല എന്ന് പറയാന്‍ കാരണമെന്താണ്?

ചാകര ധാരാളമായി കാണുന്ന പുന്നപ്ര-അമ്പലപ്പുഴ കടപ്പുറത്ത് (അതെ,ചെമ്മീനിന്റെ കഥാപരിസരത്ത് തന്നെ)ചെമ്മീന്‍ ധാരാളമായി ചാകര സമയത്ത് കിട്ടാറുണ്ട്.ശരിക്കും പറഞ്ഞാല്‍ കിട്ടുന്ന മീനുകള്‍ -മത്തി,അയല,ചെമ്മീന്‍,പരവ,മണങ്ങ്,മുളളന്‍ അഥവ കുറിച്ചി തുടങ്ങിയ ചെറു മീനുകളാണ്.നെയ്മീന്‍,വാള തുടങ്ങിയവ അപൂര്‍വ്വമാണ്