Thursday, November 20, 2008

നൈറ്റിയും സ്യൂട്ടും

(രാജേഷ് വര്‍മ്മ വെള്ളെഴുത്തിന്റെ ബ്ലോഗില്‍ പറഞ്ഞ കാര്യം, അവിടെ വിഷയം വേറേ ആയതുകൊണ്ട് കമന്റ് ഇവിടെയാക്കി)

ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ എന്റെ നാട്ടിലെ പെണ്ണുങ്ങളൊക്കെ വീട്ടില്‍ സാരിയോ സെറ്റുമുണ്ടോ ചട്ടയും മുണ്ടൂമോ കൈലിയും ബ്ലൗസുമോ ആയിരുന്നു ധരിച്ചിരുന്നത്. പെണ്‍കുട്ടികള്‍ പാവാടയും നീളന്‍ ബ്ലൗസും. പുറത്തു പോകുമ്പോള്‍ പൊതുവില്‍ സ്ത്രീകള്‍ സാരിയും കുമാരിമാര്‍ പാവാടബ്ലൗസും തന്നെ ധരിച്ചിരുന്നു. പുറത്ത് ഇട്ടു പഴയതായതും വില കുറഞ്ഞതുമായ ഏതാണ്ട് ഇതേ വേഷം തന്നെയായിരുന്നു വീട്ടിലും. ചില പെണ്‍കുട്ടികള്‍ മിഡി എന്ന ഇടപ്പാവാടയും ധരിക്കാറുണ്ടായിരുന്നു. ചുരിദാര്‍ വിപ്ലവവം എണ്‍പതുകളുടെ മദ്ധ്യത്തിലാണ്‌ തുടങ്ങിയത്. സാരിയേയും മിഡിയേയും നീളന്‍ പാവാടയേയും "ചുരിദാര്‍" (ഖമീസ് മേലാടയായി വരുന്ന എല്ലാത്തരം വേഷ വിധാനത്തിന്റെയും മലയാളത്തിലെ പേര്‍ ചുരിദാര്‍ എന്നാണ്‌) കാറ്റില്‍ പറത്തിയത് പ്രധാനമായും മൂന്നു കാരണം കൊണ്ടാണ്‌

ഒന്ന്: സാരി, നീളന്‍ പാവാട എന്നിവയെക്കാള്‍ അലക്കാനും തേയ്ക്കാനും മടക്കി വയ്ക്കാനും എടുത്തണിയാനും ഉള്ള എളുപ്പം
രണ്ട് : ബൈക്ക്, സ്കൂട്ടര്‍ എന്നിവയില്‍ സഞ്ചരിക്കാനുള്ള എളുപ്പം (ബൈക്കുകളുടെ വന്‍ പ്രചാരവും സ്ത്രീകള്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് സാധാരണയായതും ഏതാണ്ട് ഈ കാലത്താണ്‌)
മൂന്ന് : ഇതെല്ലാം ആയിരിക്കുമ്പോഴും "ചുരിദാര്‍" ഒരു ഇന്ത്യന്‍ വേഷമായും അമ്മൂമ്മമാരുടെ "അടക്കം & ഒതുക്കം" മാനദണ്ഡത്തിനു അനുസൃതമായ വേഷമായും അംഗീകരിക്കപ്പെട്ടതിനാലെ അത് വലിയ "ഫ്യാഷന്‍" ആണെന്ന് ആരും ആരോപിച്ചുമില്ല.

നൈറ്റിയെ നാം സ്വാംശീകരിച്ചത് സൗകര്യം, ചിലവുകുറവ് എന്ന രണ്ടു കാരണങ്ങള്‍ കൊണ്ടാണ്‌. നാട് നല്ലതുപോലെ ഉഷ്ണമുള്ള സ്ഥലമാണ്‌, വര്‍ഷാവര്‍ഷം ചൂടു കൂടുകയാണ്‌, സിമന്റ് വാര്‍ത്ത വീടുകള്‍ കൂടി ആയപ്പോള്‍ വീട്ടു പണി ചെയ്യാന്‍ വിയര്പ്പ് ദേഹത്തൊട്ടാത്ത ഒഴുക്കന്‍ വസ്ത്രങ്ങള്‍ കൂടുതല്‍ സൗകര്യപ്രദവും ആരോഗ്യകരവുമായി. എത്ര വിലകുറഞ്ഞാലും സാരിക്ക് ഒരു നൈറ്റ് ഗൗണിന്റെ വില വരില്ല.

വേഷവിധാനങ്ങളില്‍ വന്ന പൊതുവായ മാറ്റമാണിത്. ഒന്നരയുടുത്തവരും രണ്ടാം മുണ്ട് ധരിച്ചവരും എന്നും അതു തന്നെ ഇടണമെന്നില്ലല്ലോ.

കോട്ടോ?
സായിപ്പ് പണ്ടേ നമ്മളെ കാട്ടിത്തന്നതാണ്‌ ഈ സാധനം. പണ്ടൊക്കെ മുണ്ടിനു മേലോ കാല്‍ശരായിക്കു മേലോ കോട്ട് ധരിക്കുന്ന മലയാളികള്‍ ഉണ്ടായിരുന്നു. മെല്ലെ അത് ഇല്ലാതെയായി. കല്യാണത്തിനു സ്യൂട്ട് ഇട്ടവരോട് ചോദിച്ചാല്‍ നാട്ടിലെ കാലാവസ്ഥയില്‍ ഇതു ധരിച്ച് കുറേ നേരം നിന്നാല്‍ എങ്ങനെ ഇരിക്കുമെന്ന് അറിയാന്‍ കഴിയും. കൊള്ളാവുന്ന ഒരു സ്യൂട്ട് തുന്നാന്‍ പതിനായിരം രൂപ വരെ ചിലവാക്കേണ്ടിവരും, നാട്ടില്‍ അതൊരു കല്യാണ സാരിയുടെ വിലയായി. ഒരു പക്ഷേ ഈ കാരണം കൊണ്ടാവും ഉന്നത പദവികള്‍ വഹിക്കുന്നവര്‍ മുതല്‍ മന്ത്രിമാര്‍ ബിസിനസ്സുകാര്‍ തുടങ്ങിയവര്‍ പോലും സ്യൂട്ട് പോയിട്ട് ഒരു ടൈ പോലും ധരിക്കാന്‍ കൂട്ടാക്കാത്തത്. അന്താരാഷ്ട്ര ഗേറ്റ്‌വേകളില്‍ പലപ്പോഴും എയര്‍ ലൈന്‍ , ഹോട്ടല്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്യൂട്ട് ധരിക്കേണ്ടി വരാറുണ്ട്, അത് യൂണിഫോമിന്റെ ഭാഗം. നേരു പറയണമല്ലോ, അവര്‍ മിക്കവരും അത് മാന്യമായി തന്നെ ധരിച്ചു കാണാറുമുണ്ട്. വീട്ടിലൊരു വേഷം, ഓഫീസില്‍ മറ്റൊന്ന്, പുറത്ത് നടക്കുമ്പോള്‍ വേറൊരെണ്ണം, വൈകുന്നേരം ഒരിടത്ത് അതിഥിയായി ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഇനിയൊന്ന് എന്നിങ്ങനെ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലവും ഇതുവരെ നമുക്കായിട്ടില്ല. ടൈ കെട്ടിയവനെ കണ്ടാല്‍ അടുത്ത കാലം വരെ ആളുകള്‍ മെഡിക്കല്‍ റപ്പായി ആണെന്ന് കരുതുമായിരുന്നു.

ചോദ്യം ന്യൂസ് ആങ്കറിനു ജാക്കറ്റ് വേണോ എന്നാണ്‌. ദൂരദര്‍ശന്‍ മലയാളം പ്രക്ഷേപണം തുടങ്ങുമ്പോള്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ ഷര്‍ട്ടും ട്രൗസറുമായിരുന്നു ധരിച്ചിരുന്നത്. ഹിന്ദി ടെലിക്കാസ്റ്റില്‍ അന്നു പുരുഷന്മാര്‍ ചിലര്‍ സ്യൂട്ട് ധരിക്കാറുണ്ടായിരുന്നു, കാരണം ദില്ലിയില്‍ സ്യൂട്ട് അന്യവേഷമല്ല. സി ഐ ഡികളുടെ അന്താരാഷ്ട്രവേഷമിട്ട് രാമദാസനും വിജയനും വരുന്നതുപോലെ ഇനി ന്യൂസ് പ്രസന്റര്‍മാരുടെ അന്താരാഷ്ട്രവേഷമായിക്കണ്ട് എല്ലാ ന്യൂസ് പ്രസന്റര്‍മാരും മലയാളത്തിലും അത് ധരിക്കേണ്ടതുണ്ടോ? ഉണ്ടെന്ന് തന്നെ വയ്ക്കുക, ആദ്യം അത് എന്താണ്‌ എങ്ങനെയാണ്‌ എന്നൊക്കെ ആരോടെങ്ങിലും ചോദിക്കേണ്ടിയിരുന്നു അവര്‍.

ഫാഷനു തീരെ വഴങ്ങാത്ത വളരെ ഫോര്‍മലായ വസ്ത്രവിധാനത്തില്‍ വരുന്നതാണ്‌ ബിസിനസ്സ് സ്യൂട്ട്. കഴിഞ്ഞ നൂറു വര്‍ഷമെങ്കിലുമായി അതിന്റെ നിര്‍മ്മാണത്തിലോ ധരിക്കുന്ന രീതിയിലോ ലോകത്തൊരിടത്തും കാര്യമായ വത്യാസങ്ങളൊന്നുമില്ല. ബിസിസസ്സ് സ്യൂട്ട് ധരിക്കുന്ന രീതിയും നിറങ്ങള്‍, തുന്നല്‍ തുടങ്ങിയവയും എല്ലായിടത്തും ഒരുപോലെയാണ്‌.

സ്യൂട്ട് എന്ന പദത്തിനു അര്‍ത്ഥം തന്നെ തമ്മില്‍ ഒത്തു പോകുന്നത് എന്നാണ്‌. മഞ്ഞ ഉടുപ്പും ചുവന്ന ടൈയും കറുത്ത ബ്ലേസറും ലോഞ്ജ് "സ്യൂട്ട്" ആകില്ല. ഇങ്ങനെ ലോഞ്ച് ധരിച്ചാല്‍‍ "പിമ്പ് സ്യൂട്ട്" എന്ന് പൊതുവില്‍ വിളിക്കും (പെട്ടെന്ന് തിരിച്ചറിയാന്‍ കൂട്ടിക്കൊടുപ്പുകാര്‍ ഈ ജാതി വേഷം ധരിച്ചിരുന്നു) . മലയാളം ചാനലില്‍ സ്ഥിരമായി പിമ്പുകളെ കാണുന്നു. ഡബിള്‍ ബ്രെസ്റ്റ് ഉള്ള ബ്ലേസര്‍ ബട്ടണ്‍ അഴിച്ചിടാന്‍ പാടില്ല,അതും കാണാം. പുതിയ രീതിയായ ഷര്‍ട്ടിന്റെ കളറിലെ ടൈ അല്ലെങ്കില്‍ ഷര്‍ട്ടിനെക്കാള്‍ ഇരുണ്ട നിറമുള്ള ടൈ മാത്രമേ ബ്ലേസറിനുള്ളില്‍ ഉപയോഗിക്കാവൂ എന്നൊക്കെ പല നൂലാമാലകളും ഉണ്ട്. ഇതൊന്നും പാലിക്കാറില്ല. ജെന്റ്സ് ബ്ലേസറിട്ട ഒരു സ്ത്രീയെയും മലയാളം ചാനലിലേ കാണാനാവൂ. എന്തിന്‌ ഇത്ര കഷ്ടപ്പെട്ട് കോമാളിയാകണം എന്നാണ്‌ ചോദ്യം. സ്യൂട്ട് ഇട്ടില്ലെങ്കില്‍ മലയാളി ന്യൂസ് പ്രസന്റര്‍ക്ക് എന്തെങ്കിലും കുറഞ്ഞു പോകുമെന്നാണെങ്കില്‍ ഇമ്മാതിരി സ്യൂട്ട് ഇട്ടാല്‍ തീര്‍ച്ചയായും അതിലും കുറയും.

17 comments:

BS Madai said...

അതെ, എന്തിനാ ഇങ്ങനെ കോമാളി വേഷം കെട്ടുന്നത്?!

..:: അച്ചായന്‍ ::.. said...

തകര്‍ത്തു .. പലപ്പോഴും പല വാര്‍ത്ത‍ വായനക്കരുടെം കോലം കണ്ട ഇവനും ഇവളും ഒകെ ഇപ്പൊ രാവിലെ അമേരിക്ക ഫ്ലൈറ്റില്‍
വന്നിറങ്ങി എന്നേ തോന്നു .. നമ്മുടെ നാടിന്‍റെ കോലത്തിനു അനുസരിച്ച് കോലം കെട്ടിയാല്‍ പോരെ ??

എന്തായാലും വിവരണം കലക്കി ആന്റണി അച്ചായാ

Mohanam said...

ഉദരനിമിത്തം ബഹുക്ര്^ത വേഷം എന്നല്ലേ........

ഞാന്‍ ആചാര്യന്‍ said...

അതു പിന്നെ അന്തോണീച്ചാ, സ്റ്റുഡിയോയിലെ ഏ.സി യില്‍ 'ആങ്കറി'കള്‍ (സ്ത്രീലിംഗം) തണുത്തു വിറക്കാതിരിക്കാനായിരിക്കും. അല്ലെങ്കില്‍ നമ്മളോര്‍ക്കില്ലേ ദിനേന കേള്‍‍ക്കുന്ന വാര്‍ത്തകള്‍ ആദ്യം അറിഞ്ഞ് അതുങ്ങള്‍ ഞെട്ടി വിറക്കുന്നതാരിക്കൂന്ന്...മറ്റു പ്രോഗ്രാം അവതരിപ്പിക്കുന്നോരൊക്കെ ധാരാളം ആംഗ്യം കാണിക്കുകയും, ചിരി,ആട്ടം ഒക്കെയുള്ളതിനാല്‍ വിറക്കില്ല.

നികേഷ്ച്ചായനാണല്ലോ ഇതിന്‍റെ ആള്....ന്യൂസ് നൈറ്റ്/ന്യൂസ് അവറില്‍ പുള്ളിയും വേണൂം പിന്നെ ബ്രിട്ടാസും സൂട്ടായ്ക്കോട്ടെ, അവര്‍ക്കു ചേരുന്നുമുണ്ട്. സൂട്ടില്ലാതെ മറുപടി പറയുന്ന മഹാന്മാരൊക്കെ ഒന്നു ബഹുമാനിച്ച് കുറച്ചു സത്യം പറഞ്ഞോളുകയും ചെയ്യും..

ബാക്കി ഒരുത്തറ്ക്കും സൂട്ടു വേണമെന്നില്ല... ന്യൂസ് പെണ്ണുങ്ങള്‍ക്കു സാരി നിര്‍ബന്ധവും (സാരി സ്പോണ്‍സര്‍ ചെയ്യുന്ന കടേടെ പേരും കാണീക്കാലൊ), ആണുങ്ങള്‍ക്കു ജൂബയും ആയാലെത്ര നന്നയിരുന്നു...

റിയാലിറ്റി ഷോകളില്‍ എന്തെങ്കിലും ധരിക്കട്ടെ, പക്ഷേ സാരിയിട്ടോണ്ടു വരുന്നവര്‍ വളരെയധികം ചിത്ര/വര്‍ണ/ലോഹ/കണ്ണാടി പണികള്‍ ഉള്ള സാരി പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ...(ആ സാരി സ്പോണ്‍സേഡാന്നറിയാതെ)
അത്തരം സാരി തപ്പി പല സ്ത്രീകളും ചുമ്മാ കാശ് കളയുന്നുണ്ട്. അതും ഇപ്പഴത്തെ റിസഷന്‍ കാലത്ത്..

പ്രിയ said...

"...അന്താരാഷ്ട്രവേഷമായിക്കണ്ട് എല്ലാ ന്യൂസ് പ്രസന്റര്‍മാരും മലയാളത്തിലും അത് ധരിക്കേണ്ടതുണ്ടോ? ഉണ്ടെന്ന് തന്നെ വയ്ക്കുക, ആദ്യം അത് എന്താണ്‌ എങ്ങനെയാണ്‌ എന്നൊക്കെ ആരോടെങ്ങിലും ചോദിക്കേണ്ടിയിരുന്നു അവര്‍. "

അത് വേണ്ടതാണ്. ( അങ്ങനെ നൂലാമാലകള്‍ ഒക്കെ ഉള്ള സ്ഥിതിക്ക് ആ വേഷങ്ങള്‍ എങ്ങനെ എന്നറിഞ്ഞു അതനുസരിച്ച് തന്നെ ധരിക്കണം)
എങ്കിലും ... രാജേശ്വരി മോഹനും ഒക്കെ സാരിയുടുത്തു ഇരുന്നു വാര്ത്താ വായിക്കുന്നത് കാണാന്‍ തന്നെ ഒരു ചന്തം ആയിരുന്നെന്കിലും ഇന്നത്തെ പെണ്‍കുട്ടികള്‍ സാരിയില്‍ അത്രയ്ക്ക് ഭംഗിയുണ്ടാവാന്‍ സാധ്യത കുറവാണു. പിന്നെ ഫാഷന്‍ ഷോ ആണോ എന്ന് തോന്നുന്ന വേഷങ്ങളേക്കാള് നന്ന് സ്യൂട്ട് തന്നെ. ഒരു ഗെറ്റ് അപ് ഉണ്ട്.

(തമിഴില്‍ വാര്ത്താ വായിക്കുന്ന ഒരു വ്യക്തിയെ കണ്ടു. നല്ല തമിള്‍ രീതിയിലെ വെള്ള ഷര്‍ട്ടും കുറിയും. കുറച്ചു പ്രായമുള്ളതാണ് അദ്ദേഹം.)

കെ said...

ഡ്രെസ് കോഡിനെ മലയാളി അപനിര്‍മ്മിക്കുകയല്ലേ...അന്തോണിച്ചാ..

ശ്രീവല്ലഭന്‍. said...

സ്യൂട്ടിനിടയില്‍ കയറിപ്പറ്റാന്‍ വളരെ ബുദ്ധിമുട്ടാണ്. :-)
ഇന്നതിനു ഇന്നതെ "സ്യൂട്ട്" ആവൂ എന്ന perception മാറ്റിക്കളയുന്നതല്ലേ നല്ലത്?

G.MANU said...

എന്നാലും നൈറ്റി ഇട്ട മല്ലു വനിതാശ്രീകളെ കാണുന്നത് കച്ചിത്തുറുവിനു കളസമിട്ട പോലെ തോന്നാറുണ്ട്..

..:: അച്ചായന്‍ ::.. said...

മനു മാഷേ എനിക്ക് വയ്യ :D അയ്യോ ചിരിച്ചു ഞാന്‍ ചാവും :D

ബഷീർ said...

:)

Jayasree Lakshmy Kumar said...

മലയാളം ന്യൂസ് റീഡേഴ്സിനെ കാണുമ്പോൾ, വിശേഷിച്ചും സ്ത്രീകളെ, മനസ്സിൽ തോന്നാറുള്ള ഒരൂ ചോദ്യമാണത്. എന്തിനിങ്ങനെ കഷ്ടപ്പെട്ടു വേഷം കെട്ടണം?!!

പൊതുവേ വെറുപ്പു തോന്നുന്ന ഒരു വേഷമാണ് സ്യൂട്ട്. അതിന്റെ മര്യാദകളെ കുറിച്ചൊന്നും അശേഷം അറിവില്ലാത്തതിനാൽ ‘കോമാളി വേഷ’ങ്ങളെ ആണു കണ്ടു കൊണ്ടിരുന്നത് എന്ന് ഇതു വായിച്ചപ്പോഴാ മനസ്സിലായത്

പ്രിയ said...

വെറുപ്പ് (ഇഷ്ടക്കേട് അല്ല , വെറുപ്പ് ) തോന്നാന്‍ മാത്രം സ്യൂട്ട് എന്ന ഡ്രെസ്സിന് എന്താ പ്രശ്നം ലക്ഷ്മി? സിനിമയിലെ വേഷംകെട്ടലുകളോടും അവതാരക വേഷങ്ങളോടും അപ്പോള്‍ എന്ത് തോന്നണം/തോന്നി?

തറവാടി said...

ശരീരപ്രകൃതികൊണ്ടാണെന്ന് തോന്നുന്നു സ്യൂട്ട് മലയാളികള്‍ക്ക് പൊതുവെ ഇണങ്ങുന്ന വസ്ത്രമല്ലെന്ന് തോന്നിയീട്ടുണ്ട് . ഒപ്പം ശരിയായ രീതിയിലല്ലാത്ത ധാരണ കൂടുതല്‍ അരോചമാക്കുകയും ചെയ്യുന്നു.

മലയാളം ചാനലിലെ സ്ത്രീകളുടെ കോട്ടിട്ടുള്ള വായന അസഹ്യം തന്നെയാണ്. സ്യൂട്ടിടുന്ന എല്ലാവര്‍ക്കും ഗെറ്റപ് ഉണ്ടാകുമെന്നത് തെറ്റായ ധാരയാണ്.

ദോഷം പറയരുതല്ലോ മനോരമ ചാനലില്‍ ന്യൂസ് വായിക്കുന്നവരില്‍ ചിലര്‍ ജെന്‍‌റ്റില്‍ ഡ്രെസ്സിങ്ങായി തോന്നിയീട്ടുണ്ട് ( സ്യൂട്ടല്ല).

Jayasree Lakshmy Kumar said...

അതെന്റെ വ്യക്തിപരമായ ഇഷ്ടം/ഇഷ്ടക്കേടാണ് പ്രിയ. ഇവിടെ മുൻപ് ചില ഇന്റെർവ്യൂസിനു പോയപ്പോൾ, ഡ്രെസ്സ് കോഡ് അനുസരിച്ച് സ്യ്യൂട്ട് ഇടെണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷെ അപ്പോഴാവാം ഞാനതിനെ ഏറ്റവും കൂടുതൽ വെറുത്തത്. സിനിമയിലെ കാര്യം വിടാം. പക്ഷെ നമ്മുടെ നാട്ടിലെ ടെലിവിഷനിൽ [കേരളത്തിലെ] മലയാളം വാർത്ത വായിക്കുന്നവരൊക്കെ ഈ സ്യൂട്ട് ഇട്ട് വാർത്ത വായിക്കുന്നത് കാണുമ്പോൾ അതൊരു ഏച്ച് കെട്ട് പോലെയാണ് എനിക്കു തോന്നുക പതിവ്.

പിന്നെ ‘വെറുപ്പ്’ എന്ന പദമാണ് പ്രശ്നമായതെങ്കിൽ അതിൽ ഞാനുദ്ദേശിച്ചത് ഞാൻ തന്നെ ഈ ഡ്രെസ്സ് ഇടുമ്പോൾ തോന്നുന്ന അവസ്ഥയെയാണ്. ചില കാര്യങ്ങളോട് മനസ്സ് അങ്ങിനെയാണ്. അത് തികച്ചും വ്യക്തിപരം

പണ്ട് ബാംഗ്ലൂരിൽ വച്ചു നടന്ന ഏതോ അവാർഡ് ദാന ചടങ്ങിന്[പ്രിയദർശൻ ആയിരുന്നു അതിന്റെ അണിയറയിൽ] കൊഴുപ്പു കൂട്ടാൻ കഥകളി വേഷങ്ങൾ സ്റ്റേജിൽ ഉണ്ടായിരുന്നു. അവർക്കിടയിലൂടെ നാമമാത്ര വേഷധാരികളായ പെൺകുട്ടികൾ കാറ്റ് വോക്കിൽ നടന്നു നീങ്ങൂന്നത് കണ്ടപ്പോൾ വേദനയാണ് തോന്നിയത്. ആ കഥകളി വേഷം അവിടെയില്ലായിരുന്നെങ്കിൽ ഞാൻ പ്രത്യേകിച്ചൊരു ഫീലിങ്ങുമില്ലാതെ അത് കണ്ടുകൊണ്ടിരുന്നേനേ.‘സിനിമയിലെ വേഷംകെട്ടലുകളോടും അവതാരക വേഷങ്ങളോടും അപ്പോള്‍ എന്ത് തോന്നണം/തോന്നി’ എന്നു പ്രിയ ചോദിച്ചതു കൊണ്ടാണ് ഇത്രയും പറഞ്ഞത്. ചില കാര്യങ്ങളോട് മനസ്സ് അങ്ങിനെയാണ്. പക്ഷെ വീണ്ടും പറയുന്നു,അതും തികച്ചും വ്യക്തിപരം ആണ്


സോറി അനോണി ആന്റണി..പറഞ്ഞു വന്നത് ഓഫ് ആണോ ഓൺ ആണോ എന്തോ. എങ്കിലും ഇത്രയും നീളത്തിൽ ഈ ബ്ലോഗിൽ ഒരു സ്വാഭിപ്രായം പറയാൻ സ്ഥലമെടുത്തതിന് ക്ഷമ ചോദിക്കുന്നു

പ്രിയ said...

ലക്ഷ്മി, വ്യക്തിപരമായ ഇഷ്ടങ്ങള്‍ തന്നെ എന്റെതും. എനിക്ക് സ്യുട്ട് ഇഷ്ടാണ്. അതിനാല്‍ തന്നെ ആ വാര്ത്തവായനക്കാരുടെ വസ്ത്രധാരണം എനിക്കിഷ്ടായി. (ആന്റണി പറയുന്നതു വരെ ഇങ്ങനെ ഒരു സ്യുട്ടിന്റെ നിറം / കോമ്പി. ഒന്നും എനിക്കും അറിയില്ലായിരുന്നു. അതിനാല്‍ ആ കട്ട മഞ്ഞ നിറം പോലും പ്രശ്നായി തോന്നിയില്ല)

തറവാടി മാഷേ, മലയാളികുട്ടികള്‍ക്ക് സ്യൂട്ട് ചേരില്ല എന്നോ അതോ കേരളത്തില്‍ ജീവിക്കുന്ന കുട്ടികള്ക്ക് ചേരില്ല എന്നോ? (സ്മൈലി,സ്മൈലി)

പ്രിയ said...

btw ഞാന്‍ എല്ലാ ചാനലും കാണാറില്ല. വല്ലപ്പോഴും കാണുന്നതിന്റ്റെ അറിവിലാ ഈ പറഞ്ഞത്. ചിലപ്പോ ആ ഏച്ചുകെട്ടലുകള്‍ ഞാന്‍ കണ്ടിട്ടുണ്ടാവില്ല

തറവാടി said...

പ്രിയ , ' പൊതുവെ ' എന്നൊരു വാക്ക് മലയാളികള്‍ക്ക് മുമ്പായി ഞാന്‍ ഉപയോഗിച്ചിരുന്നു.
പാന്‍‌റ്റിട്ട മലയാളി മുണ്ടെടുത്ത ( ചുരിധാര്‍ ) വരുടെ ബോഡി ലാംഗ്വേജുമായി നടക്കുന്നത് കാണുമ്പോള്‍ ചന്തക്കുറവേ ഉണ്ടാകൂ പക്ഷെ സ്യൂട്ടിട്ട ഒരാള്‍ പാന്‍‌റ്റ് ധരിച്ച ബോഡി ലാംഗ്വേജില്‍ വളരെ അരോചകമാണ്.

പൊതുവെ എന്ന വാക്കിന് പൂര്‍ണ്ണം എന്ന അര്‍ത്ഥമില്ലെന്നാണ് ഞാന്‍ കരുതുന്നത്. കേരളത്തിലെ കുട്ടികള്‍ക്ക് കൂടുതലും ചേരില്ലെന്ന് പറയാനാണിഷ്ടം.

കൈരളി ടി.വി.യില്‍ സ്യൂട്ടിട്ട് ന്യൂസ് വായിക്കുന്ന കുട്ടികളെകണ്ടിട്ട് കഷ്ടം തോന്നാറുണ്ട് അതേ സമയം മുണ്ടും നേര്യേതുമാത്രമാണ് അല്ലെങ്കില്‍ സാരി മാത്രമാണ് ഉത്തമമെന്നെനിക്കഭിപ്രായമില്ല.

പെര്‍ഫെക്ട് സ്യൂട്ടിട്ട മലയാളികളെ വളരെ അപൂര്‍‌വ്വമായേ ഞാന്‍ കണ്ടിട്ടുള്ളൂ. റിസ്റ്റ് വാച്ചില്‍ നോക്കുമ്പോള്‍ ജസ്റ്റ് വാച്ച് മാത്രം പുറത്ത് കാണണമെന്നും ഷോള്‍‌ഡര്‍ സ്റ്റിച്ചിങ്ങ് ഇറങ്ങരുതെന്നും അറിയുന്ന എത്ര സ്യൂട്ട് ധാരികളുണ്ട്?

ചിലര്‍ കൈ മടക്കി , വലത് കൈകൊണ്ട് ഇടത് കൈ വലിച്ച് മുകളിലേക്ക് കയറ്റി സമയം നോക്കുന്നതൊക്കെ കാണാം ;).

സ്മൈലി :)