Sunday, November 16, 2008

തനി നാടന്‍

ഊയെന്റപ്പാ ഊയെന്റമ്മ ഊയെന്റപ്പാ
ഊയെന്റപ്പാ ഊയെന്റമ്മ ഊയെന്റപ്പാ
ഖൊളങ്ങര വയലി വച്ച് ഖൂത്തിപ്പട്ടി ഖടിച്ചേ
ഖൊലേം കൊണ്ട് പെയ്യൂടുമ്പ ഖൂത്തിപ്പട്ടി ഖടിച്ചേ

ഒന്നു നിറുത്തെടേ, ഇതെന്തര്‌ അന്ത്യപ്രളയത്തിന്റെ പാട്ടോ?
ഇത് ദെലേര്‍ മെഹന്ദീടെ ബോലോ താരാരാര അല്ലീ. ചാക്കുണ്ണിച്ചേട്ടനെ പട്ടി കടിച്ചതിന്റെ ആഘോഷമായോണ്ട് വരി മാറ്റി.

എങ്ങനെ ഒപ്പിച്ച്?
ലിങ്ങേരു ഒരു കൊലേം ചൊമന്ന് വയലേ വെരുമ്പ ഒരു പട്ടി ചാടിക്കടിച്ച്.

ആശൂത്രീ പ്യെയ്യില്ലേ?
പെയ്. സൂചീം വച്ച്.

എന്നിട്ടാന്നോ കള്ളുകുടിക്കാന്‍ വന്നത്?
പുള്ളി കള്ളൊന്നും കുടിക്കണില്ല, ചുമ്മാ വേദന മറക്കാന്‍ വന്നിരിക്കണതല്ലീ.

ആരുടെ പട്ടിയാര്‌ന്ന് ?
അതിന്റെ തന്തപ്പട്ടീടേം തള്ളപ്പട്ടീടേം. എടേ അതൊരു ചാവാലിയാ.

പ്രൊഫസറേ, എനിക്കൊരു സംശയം.
ചുമ്മ ചോയീര്‌ അന്തോണീ.

ഓരോ നാട്ടിലെ പട്ടിക്ക് ഓരോ പേരുണ്ട്. അല്‍സേഷ്യന്‍, പൊമറേനിയന്‍, ലാബ്രഡോറ്... ഓരോ എനം പട്ടിക്കും അങ്ങനെ ഓരോ പേര്‍.
തന്നെ.

നമ്മടെ നാടന്‍ പട്ടി എന്തു ഇനമാ?
എടേ, ചാവാലി-ഫെറല്‍ ചിലപ്പോഴൊക്കെ സങ്കര ഇനമാണ്‌, ശുദ്ധരക്തമുള്ള നാടന്‍ പട്ടി ഇന്ത്യന്‍ പറൈയ എന്ന ഇനമാണ്‌.

ഇന്ത്യന്‍ എന്നു കണ്ടപ്പോ മറ്റു ചിലേടത്തും ഇവനുണ്ടെന്ന് സംശയം.
പിന്നില്ലേ, ഇസ്രയേലിലെ കാനാന്‍ പട്ടിയും അമേരിക്കേലെ കരോലിനപ്പട്ടിയും ഒക്കെ പറൈയ കുലത്തിലേത് തന്നെ.

നാടന്‍ പട്ടിക്ക് ബുദ്ധി കുറവാണോ?
ഫോറിന്‍ സാധനങ്ളോട് ക്രേസ് ഉള്ളതുകൊണ്ട് അങ്ങനെ തോന്നണതാടേ. ഇന്ത്യന്‍ പറൈയ അതിന്റേതായ സവിശേഷതകളുള്ള ഇനമാണ്‌. ഒരുമാതിരി പട്ടികള്‍ക്ക് അതിന്റെ യജമാനന്റെ അതിരു തിരിച്ചറിയാന്‍ പറ്റൂല്ല, എന്നാല്‍ നാടനെ വളത്തിയാല്‍ ഒരു വേലിയും ഇല്ലെങ്കിലും അതിനു മനസ്സിലാവും ഏതു സ്ഥലമാണ്‌ കാക്കേണ്ടതെന്ന്.

ശക്തിയോ?
അത് എന്താവശ്യത്തിനു പട്ടിയെ വളര്‍ത്തുന്നു എന്നത് അനുസരിച്ചിരിക്കും. നാടന്‍ വലിപ്പത്തില്‍ മറ്റു ചിലതിനെക്കാള്‍ ചെറുതാണ്‌. പക്ഷേ മറ്റൊരു പട്ടിക്കും ഇല്ലാത്ത ഒരു ഗുണം അവനുണ്ട്. പതിനായിരക്കണക്കിനു വര്‍ഷം ഈ മണ്ണില്‍ തന്നെ ജീവിച്ച അവന്‌ ഒരുമാതിരി ഒരസുഖവും വരൂല്ല, ഏത്?
മാത്രമല്ല, ജീവിച്ചിരിക്കുന്ന വര്‍ഗ്ഗങ്ങളില്‍ ഏറ്റവും പഴക്കമുള്ളതും ഇവനത്രേ. ഇതുവരെയുള്ള വിശ്വാസം വച്ച് വിശ്വശ്വാനരുടെ ആദികുലം ഈ പറൈയരാണ്‌.

അപ്പോ പട്ടി ഒറിജിനലി ഇന്ത്യക്കാരനാ?
ആവാന്‍ വഴിയില്ല. ചൈനയിലാണ്‌ ഇന്ത്യന്‍ നാടന്‍ ജനിച്ചതെന്ന് ഭൂരിപക്ഷം വിദഗ്ദ്ധരു വിശ്വസിക്കുന്നു.



അല്ല സാറേ, ഈ പറൈയ എന്ന പേരെങ്ങനെ വന്നു?
സായിപ്പ് വരുന്നതുവരെ പട്ടിക്ക് അങ്ങനെ കുടുംബമാഹാത്മ്യമൊന്നും കണക്കാക്കിയിരുന്നില്ല. അവര്‍ക്കെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയിലെ രാജാക്കന്മാര്‍ രാജപാളയം ഹൗണ്ടിനെയും സന്താള്‍ ഹൗണ്ടിനെയും ഉപയോഗിച്ചിരുന്നു. അതുകൊണ്ട് അവറ്റയ്ക്ക് പോരാളിപ്പട്ടം നല്‍കിയപ്പോള്‍ പാവം നാടനെ അവര്‍ വെറും പറൈയ ആക്കി.

അല്ലാ ആ വാക്കിനെന്താ അര്‍ത്ഥം?
പറൈയ എന്നാല്‍ ഇംഗ്ലീഷില്‍ തരം താണവന്‍ , കുലവും പ്രതാപവുമില്ലാത്തവന്‍ എന്നൊക്കെയാണ്‌ അര്‍ത്ഥം.

അല്ലാ അത് നമ്മുടെ..
തന്നെ. സായിപ്പിനു നമ്മള്‍ പറഞ്ഞു കൊടുത്ത തമിഴ് പദം, പറയന്‍. തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവന്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍...

പ്രൊഫസ്സറേ, ആന്റോ, നല്ലോര്‌ പാട്ടു നിര്‍ത്തിച്ചിട്ട് നിങ്ങളു എനിക്കിട്ട് പണി തന്നവന്റെ വീരസ്യം പറയുകയാ?
ഇല്ലില്ല, തൊടരട്ട്. ന്നാ പിടി

ധോട്ട് വക്കേ നടക്കുമ്പ പാഞ്ഞു വന്ന് പട്ടി
ധൊടനോക്കി ചാടിയൊരു കടി തന്ന പട്ടി
ധിരിഞ്ഞ് ഞാങ്ങ് നോക്കുമ്പ ഓടിപ്പോയി പട്ടി
ഭുല്ല് കാലും പോയി മുണ്ടും പോയി കാശും പോയേ...

9 comments:

കെ said...

ഓം അനോണി ആന്റണിയായ നമഹ...... പട്ടിപുരാണം കലക്കി... ധേലര്‍ മൊഹന്ധി പാട്ടു കലകലക്കി...

അനില്‍ശ്രീ... said...

അപ്പോള്‍ പട്ടിയിലും ഇവന്മാര്‍ ചാതുര്‍‌വര്‍ണ്യം കണ്ടെത്തി അല്ലേ? അധ:കൃതരെ തൊട്ടുകളിക്കുന്നോ അന്തോണിച്ചാ എന്ന് പറഞ്ഞ് ചിലര്‍ വരാന്‍ സാധ്യത ഉണ്ട്...

Radheyan said...

ദേലര്‍ മെഹന്തി എവിടെ കിടക്കുന്നു, നല്ല നാടന്‍ സ്വാന്‍ സോങ്ങ്(ശ്വാനഗാനം എന്ന് പരിഭാഷ) എവിടെ.

അന്തോണിച്ചാ,നിങ്ങക്ക് പട്ടിപിടുത്തം തന്നെ തൊഴില്?ഏത് തൊഴിലായാലും അതിന്റെ തീയറി പ്രാക്ടീസും ഒരു പോലെ വഴങ്ങുന്നു നിങ്ങള്‍ക്ക്..നമോവാഹം

പാമരന്‍ said...

ഖൊള്ളാല്ലോ ഫട്ടിഫുരാണം!

വികടശിരോമണി said...

സാധാരണവഴികളിൽ നിന്നു വിട്ട പോസ്റ്റ്.നന്നായി.

Unknown said...

ന്റമ്മോ.. പട്ടിക്കും ജാതി.. എന്നാലും നല്ല പട്ടിയാ ഈ പറൈയ.. അതിരൊക്കെ അറിയാമെന്ന് പറയുന്നത് സത്യമാ.. അച്ഛമ്മ വളര്ത്തിയിരുന്ന പട്ടി, അഴിച്ചുവിട്ടാല് അവനു പോകാവുന്ന നാലു വീടുകളില് മാത്രം വന്നു ഫുഡ് അടിക്കുമായിരുന്നു.. (അച്ഛമ്മയുടേം, അടുത്ത് തന്നെ താമസിക്കുന്ന മൂന്നു മക്കളുടേയും വീട്ടില് മാത്രം)... ഒരു വേലിയും അതിരും ഇല്ലാത്ത സ്ഥലമായിട്ടും അത് ഈ നാലു പേരുടെ അതിര്ത്തിവിട്ട് പുറത്ത് പോകുന്നത് കണ്ടിട്ടില്ലാ..

ഹൈവേമാന്‍ said...

സംഭവം കലക്കി

ദീപക് രാജ്|Deepak Raj said...

പട്ടികളെക്കുറിച്ച് വിശദമായി അറിയാന്‍ (ചിത്രങ്ങള്‍ സഹിതം) എന്‍റെ ബ്ലോഗില്‍ വന്നാല്‍ മതി

http://pattikal.blogspot.com/

ജിവി/JiVi said...

:)