Thursday, November 13, 2008

ശവഭോജനശാല

പറയരെയും തോട്ടികളെയും നിന്ദ്യരായി കരുതിപ്പോന്ന ഹീനസംസ്കാരമാണ്‌ നമ്മളുടേത്. നെല്ല് കതിരിട്ടു കിടക്കുമ്പോള്‍ തത്ത ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ? കൂട്ടമായി വന്ന് അവ നെല്‍ക്കതിര്‍ കറ്റക്കണക്കിന്‌ അറുത്ത് കൊണ്ടുപോകും (തെറ്റെന്നല്ല, നെല്ലുണ്ടേല്‍ തത്ത തിന്നും, അത് ആരുടെയും സ്വകാര്യ സ്വത്താണെന്ന് അവറ്റ വിശ്വസിക്കില്ല) എന്നിട്ടും വസന്തത്തിന്റെ തേരാളിയും കാമദേവന്റെ തോഴനുമൊക്കെയാക്കി വച്ചു നമ്മള്‍. വേട്ടക്കാരനായ പരുന്തിനെ ഭഗവാന്റെ വാഹനമാക്കി, ക്ഷത്രിയ രക്തമല്ലേ. കഴുകനോ? ശവം തീനി, വൃത്തികെട്ടവന്‍, ചണ്ഡാളന്‍.

കന്നുകാലിയെ വളര്‍ത്തി അതിന്റെ കുഞ്ഞിനുള്ള പാലും കുടിച്ച് വയലില്‍ അടിമപ്പണിയും ചെയ്യിച്ച് വയ്യാതെ ആകുമ്പോള്‍ അതിനെ ആട്ടിയിറക്കി വിടുന്ന ഗോപാലന്മാരാണ്‌ നമ്മള്‍ . നമ്മുടെ സമൂഹത്തില്‍ കഴുകന്‍ വഹിക്കുന്ന പങ്ക് എന്തെന്ന് അവനെ അടുത്തറിഞ്ഞാലേ മനസ്സിലാകൂ.

ആയിരക്കണക്കിന്‌ അടി ഉയരത്തില്‍ പറന്നും കാറ്റില്‍ ഒഴുകി നടന്നും നിലത്ത് വീണു കിടക്കുന്ന ശവങ്ങളെയും അപൂര്വ്വമായി ആസന്നമൃത ജീവികളെയും കണ്ടെത്തി അവറ്റ സംഘം ചേര്‍ന്ന് എത്തുന്നു. ഒരു വലിയ പശുവിന്റെ ശവമൊക്കെ അരമണിക്കൂറില്‍ മജ്ജ പോലുമില്ലാതെ നഗ്നമായ എല്ലിന്‍ കൂമ്പാരമാക്കാന്‍ ഒരു പറ്റം കഴുകന്മാര്‍ക്ക് കഴിയും. എത്ര ചീഞ്ഞളിഞ്ഞ മാംസവും കഴുകന്‍ സന്തോഷത്തോടെ തിന്നു തീര്‍ക്കും. അതിന്റെ അതിശക്തമായ ദഹനപ്രക്രിയയില്‍ ആന്ത്രാക്സും കോളറയും ബോട്ടുളിസവും മറ്റു നാനാവിധ രോഗങ്ങളും പരത്തുന്ന അണുക്കള്‍ ക്ഷണം നശിച്ചു പോകും. അവിടെയും തീരുന്നില്ല ഈ അത്ഭുത പക്ഷിയുടെ റോള്‍. ഉണ്ണുന്നതിനിടയില്‍ മുള്ളുന്ന ശീലവും (മൂത്രമൊഴിക്കുന്ന അപൂര്വ്വം പക്ഷികളില്‍ ഒന്നാണ്‌ കഴുകന്‍, സാധാരണ പക്ഷികള്‍ മലത്തിനൊപ്പം യൂറിക്ക് ആസിഡ് വെളുത്ത അമേദ്ധ്യമായി തള്ളിക്കളയുകയേ ഉള്ളു) ഉള്ള ഈ മഹാന്‍ വിസര്‍ജ്ജിക്കുന്ന മൂത്രം സ്വാഭാവിക ലോകത്ത് കാണുന്ന അണുനാശിനികളില്‍ ഏറ്റവും ശക്തമായ ഒന്നാണ്‌. ഒരു ശവം കണ്ടാല്‍ അതിനെ പരിസ്ഥിതിക്ക് ഒരു കേടും വരുത്താതെ സംസ്കരിച്ച് കിടന്ന സ്ഥലവും കൂടി പെടുത്ത് സുരക്ഷിതമാക്കുന്ന കഴുകന്‍ സഞ്ചരിക്കുന്ന സ്റ്റെറിലൈസേഷന്‍ യൂണിറ്റ് ആണ്‌.

പണ്ടു പറ്റിയ അമളികളിലൊന്നായിരുന്നു അമേരിക്കയും യൂറോപ്പും പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ കഴുകന്‍ സമൂഹത്തെ കൊന്നൊടുക്കാന്‍ ശ്രമിച്ചത്(ഏതോ മൂഢന്‍ എലിയെപ്പോലെ കഴുകന്‍ അസുഖങ്ങള്‍ പരത്തുമെന്ന് തിയറിച്ചു.)കഴുകന്റെ അംഗസംഖ്യ കമ്മിയായപ്പോള്‍ പ്ലേഗ് പടര്‍ന്നു പിടിച്ചു. ആന്ത്രാക്സും കോളറയും മറ്റു പലവിധ പകര്‍ച്ച വ്യാധികളും കൊണ്ട് ആളുകള്‍ ചത്തൊടുങ്ങി. ശവം തിന്നു വളരുന്ന തെരുവു നായ്ക്കള്‍ ഭീതിദമാം വിധം എണ്ണത്തില്‍ കൂടി പേ വിഷബാധയും ഭയാനകംഅയ തോതില്‍ വര്‍ദ്ധിച്ചു. അബദ്ധം വേഗം മനസ്സിലാക്കിയ അവര്‍ കഴുകന്‍ വേട്ട നിര്‍ത്തി അവയുടെ അംഗരക്ഷയും ചെയ്തു തുടങ്ങി.

ഇന്ത്യയില്‍ കഴുകനു പഞ്ഞമൊന്നുമില്ലായിരുന്നു അടുത്ത കാലം വരെ. വഴിയില്‍ ചത്തു കിടക്കുന്ന കാലികള്‍ മുതല്‍ മൃതരായ പാഴ്സികളെ വരെ സംസ്കരിച്ച് നിശബ്ദം നിരുപദ്രവിയായി കഴിഞ്ഞു പോന്ന അവറ്റയുടെ എണ്ണം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിനു ശേഷം പത്തു വര്‍ഷം കൊണ്ട് 95% ശതമാനം കുറഞ്ഞു പോയി. എന്നു വച്ചാല്‍ ഉദ്ദേശം എത്ര വരും? ഒരു കോടി കഴുകന്മരോളം.

അന്ധാളിച്ചു പോയ ഗവേഷകരില്‍ ഫലം കണ്ടത് അമേരിക്കയുടെ പെര്‍ജ്ജരിന്‍ ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘമായിരുന്നു. കന്നുകാലികള്‍ക്ക് നല്‍കാന്‍ മാര്‍ക്കറ്റില്‍ ഇറക്കിയ ഡൈക്ലോഫെനാക്ക് എന്ന മരുന്നാണ്‌ കഴുകന്റെ കൊലയാളി എന്ന് അവര്‍ കണ്ടെത്തി. രണ്ടായിരത്തി നാലില്‍ മന്‍‌മോഹന്‍ സിംഗ് സര്‍ക്കാര്‍ ഈ മരുന്നിന്റെ നിര്‍മ്മാണവും വില്പ്പനയും ഇന്ത്യയില്‍ നിരോധിച്ചപ്പോഴേക്ക് ബംഗാള്‍ കഴുകനും ചുട്ടിക്കഴുകനും വംശനാശത്തിന്റെ വക്കിലായിക്കഴിഞ്ഞിരുന്നു. കഴുകനെ ക്യാപ്റ്റീവ് ബ്രീഡിങ്ങ് നടത്തി പ്രകൃതിയിലേക്ക് തിരിച്ചു വിടാന്‍ ശ്രമങ്ങള്‍ നടക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ഈയിടെ ഒരു കഴുകന്‍ ദമ്പതികള്‍ക്ക് ഒരുണ്ണി വിരിഞ്ഞതുമായിരുന്നു, എന്നാല് കൂട്ടിലടയ്ക്കപ്പെട്ടതുകാരണം സ്വാഭാവിക പകൃതിയില്‍ നല്‍കേണ്ട സം‌രക്ഷണം അതിനു കൊടുക്കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയാതെ പോയതു മൂലമെന്നു കരുതുന്നു, ഏറെ താമസിയാതെ ആ ആശാകിരണം പൊലിഞ്ഞു പോയി.

ഇത്രയും കഴുകന്‍ പ്രശ്നം എത്ര ഗുരുതരമാണ്‌ എന്ന് വിവരിക്കാന്‍ മാത്രം. പോസ്റ്റിന്റെ വിഷയം കഴുകന്‍‌മാരുടെ രക്ഷകനായ ഹേം സാഗര്‍ ബരാല്‍ കണ്ടെത്തിയ ലളിതമായൊരു മാര്‍ഗ്ഗത്തിന്റെ ഫലസിദ്ധിയെക്കുറിച്ചാണ്‌.

നേപ്പാളില്‍ അദ്ദേഹം ഒരു കഴുകന്‍ റെസ്റ്റോറന്റ് കുറഞ്ഞ ചിലവില്‍ ഫലപ്രദമായി നടത്തിവരുന്നു. റെസ്റ്റോറന്റ് മരങ്ങളും പുല്‍‌മേടും അടങ്ങുന്ന അത്രയൊന്നും ആരും ശല്യം ചെയ്യാത്ത ഒരു സ്ഥലമാണ്‌. അദ്ദേഹത്തിന്റെ ജീവനക്കാരും പക്ഷിസ്നേഹികളും ഗ്രാമീണരുടെ കുടുംബങ്ങളില്‍ ആസന്നമൃതമായ കാലികളെ കണ്ടെത്തി അവറ്റയെ വഴിയില്‍ തള്ളുന്നതിനു പകരം അഞ്ചു ഡോളറിനോ മറ്റോ വാങ്ങുന്നു. അവറ്റയെ കൊല്ലുകയല്ല ചെയ്യുന്നത്, ജീവിക്കുന്നിടത്തോളം കാലം ചികിത്സിക്കുന്നു, ഡൈക്ലോഫെനാക്കിനു പകരം ചിലവേറിയ മറ്റു മരുന്നുകള്‍ കൊടുക്കുന്നെന്ന് മാത്രം. വയസ്സായ ഈ കാലികള്‍ മരിക്കുമ്പോള്‍ രാസപരിശോധനയ്ക്കു ശേഷം കഴുകണ്‍ റെസ്റ്റോറന്റില്‍ പക്ഷികള്‍ക്ക് നല്‍കുന്നു. ബി ബി സി ഇവിടം സന്ദര്‍ശിച്ച ദിവസം ഒറ്റ വരവില്‍ ഇരുപത്തിരണ്ട് ബംഗാള്‍ കഴുകനും ഒരു ഹിമാലയന്‍ കഴുകനും അടങ്ങുന്ന വന്‍ സംഘമാണത്രേ റെസ്റ്റോറന്റില്‍ ഭക്ഷണത്തിനെത്തിതായി റിപ്പോര്‍ട്ട് ചെയ്തത്!

ഇനി ഒരു കുടപ്പനത്തുഞ്ചത്ത് വിശ്രമിക്കുന്ന ബംഗാള്‍ കഴുകനെ കാണാന്‍ ഭാഗ്യമുണ്ടാവുന്നവര്‍ നന്ദിയോടെ കഴുകന്‍ റെസ്റ്റോറന്റിനെ ഓര്‍ക്കുക.

21 comments:

വിദുരര്‍ said...

ഈ വിവരണം നല്ല രസമായിരിക്കുന്നല്ലൊ. കഴുകന്‍പുരാണത്തിനൊപ്പം ഒരു പടം കൂടി നല്‍കാമായിരുന്നു. പുതിയ ചില അറിവുകളും കിട്ടി. അഭിനന്ദനം.

രാജീവ് സാക്ഷി | Rajeev Sakshi said...

ഇനി പടമെന്തിനു വേറെ?

P.C.MADHURAJ said...

1.നമ്മളുടെ എന്നു പ്രയോഗിച്ചതു പലേടത്തും ശരിയല്ല.
2. കഴുകനും പരുന്തിനും കൊടുക്കാതെ, പക്ഷിമൃഗാദികളെ കൊ(ല്ലിച്ചു)ന്നു തിന്നുന്ന “നമ്മളുടെ” സംസ്കാരത്തെപ്പറ്റി എന്തേ ഒന്നും പറഞ്ഞില്ല.
3. പിന്നെ, മൂത്രത്തെ പറ്റി പറഞ്ഞ അണുനാശകശക്തി, കഴുകന്റേതു മാത്രമായി പറഞ്ഞതു ശരിയല്ലല്ലോ? മിക്കവാറും എല്ലാ ജീവികളുടേയും മൂത്രത്തിൽ അണുനാശകരാസവസ്തുക്കളുണ്ട്. അവ അണുനാശകങ്ങളായത് ജീവവിരോധി ആയതുകൊണ്ടാണ്. അതുകൊണ്ടാണ് ശരീരം അതിനെ പുറംതള്ളുന്നത്.

വികടശിരോമണി said...

നല്ല പോസ്റ്റ്.
കഴുകന്മാരുടെ സംരക്ഷണത്തിനായി ആംനസ്റ്റി ഇന്റ‌ർനാഷണൽ ‘സേവ് ഈവിൾ’എന്നൊരു പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി കേട്ടിരുന്നു.അറിഞ്ഞിരുന്നുവോ?
എന്തായാലും സായിപ്പന്മാർക്ക് ഇടക്കിടക്ക് ഓരോ മണ്ടത്തരങ്ങൾ തോന്നും-വെളിച്ചെണ്ണ അപകടമാണെന്നും കഴുകൻ രോഗം വരുത്തുമെന്നുമൊക്കെ.അതിനനുസരിച്ച് തുള്ളാൻ കുറേ ദരിദ്രനാരായണരും.

N.J Joju said...

ആന്റണി അനോനീ,

താങ്ക്സ്......

അനോണി ആന്റണി said...

പ്രിയ വിദുരര്‍, സാക്ഷി,
കഴുകനെ കണ്ട കാലം മറന്നു. എന്റെ ക്യാമറയും നന്നല്ല. കുറെ ഫാല്‍ക്കണ്‍ ചിത്രങ്ങള്‍ മാത്രമേ കയ്യിലുള്ളു, അതാണേ.

പ്രിയ മധുരാജ്,

1. നമ്മുടെയിലെ പ്രശ്നം മനസ്സിലായില്ല.

2. കഴുകന്‍ സ്വാഭാവിക ശവങ്ങള്‍ ആണ്‌ കൂടുതലും ഭക്ഷിക്കുന്നത്. മനുഷ്യന്‍ വളര്‍ത്തു മൃഗങ്ങളെയും. പാലിനും ഇറച്ചിക്കുമായി വളര്‍ത്തുന്ന കന്നുകാലികള്‍ പരിസ്ഥിതിക്ക് നാശം ചെയ്യുന്നുണ്ട് . ഗ്രീന്‍ ഹൗസ്

3. ഗ്യാസുകളില്‍ ഏറ്റവും കുഴപ്പം പിടിച്ച ഒരെണ്ണം കന്നുകാലികളുടെ എമിഷനാണ്‌. പാലും ബീഫും വേണ്ടെന്നു വയ്ക്കുക നല്ല കാര്യമാണ്‌, കോഴി മീന്‍ എന്നിവയ്ക്ക് അത്ര പ്രശ്നമില്ല. പിന്നെ മനുഷ്യന്‍ സ്വാഭാവികമായി വെജിറ്റേറിയനല്ല (വൈറ്റമിന്‍ ബി പന്ത്രണ്ട് സ്വയം ഉണ്ടാക്കാന്‍ കഴിവുള്ള ജീവികള്‍ മാത്രമേ സ്വാഭാവിക വെജിറ്റേറിയന്‍ ആകുന്നുള്ളു, മനുഷ്യനതില്ല) എന്നതിനാല്‍ ഒരു തരം കൊലയും നടത്തിയില്ലെങ്കില്‍ കൂടുതല്‍ നാശം ചെയ്യുന്ന പാല്‍ കഴിക്കേണ്ടിവരില്ലേ?

4. ജന്തുമൂത്രത്തിനു വളരെ വളരെ മൈല്‍ഡ് ആയ ഡിസിന്‍ഫെക്റ്റന്റ് ഇഫക്റ്റേയുള്ളു, അത് ഫലപ്രദമല്ല. അതുകൊണ്ടാണ്‌ ജന്തുമൂത്രം വീണുകിടക്കുന്ന സ്ഥലങ്ങളില്‍ അണുബാധ പടരുന്നത്. സ്വയം അണുബാധിച്ച ജന്തുക്കള്‍ മൂത്രത്തിലൂടെ അതു പടര്‍ത്തുകയും ചെയ്യും. കഴുകന്റെ മൂത്രം അസാധാരണമഅയ വിധം അണുനാശശേഷിയുള്ള ദ്രാവകമാണ്‌.

പ്രിയ വികടന്‍,
സേവ് വള്‍ച്ചര്‍ എന്നൊരു അന്താരാഷ്ട്ര പ്രസ്ഥാനമുണ്ട്. സൈറ്റ് ഉണ്ടോ എന്ന് അറിയില്ല.

Baiju Elikkattoor said...

VERY GOOD! INFORMATIVE. THANKS

Joker said...

കഴുകന്മാരെ കഥകളിലും മറ്റും വില്ലന്മരെപോലെ കണ്ടു എന്നല്ലാതെ ഇങ്ങനെ ഒരു സംഭവം അറിയിലലയിരുന്നു.

‘കഴുകകണ്ണ് ‘ :)

നന്ദി

Siju | സിജു said...

ആന്റണീ..
നല്ല ലേഖനം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോല്‍ക്കത്തയില്‍ കഴുകന്മാരെ കാണാനില്ലായിരുന്നു. വിഷമത്തിലായിരുന്ന പാഴ്സി വംശജരെ സന്തോഷിപ്പിച്ചു കൊണ്ട് ഇരുപതോളം കഴുകന്മാര്‍ വീണ്ടും പ്രത്യക്ഷപെട്ടതായി അടുത്തു കണ്ടു. ഒരു പക്ഷേ നേപ്പാളിലെ റെസ്റ്റോറന്റിലെ ഫുഡടിച്ചു വന്നവയായിരിക്കാം

Siju | സിജു said...

this is what i told

കെ said...

ബ്ലോഗിലെ കഴുകന്‍ പട്ടം സന്തോഷത്തോടെ അനോണി ആന്റണി ഗോണ്‍സാല്‍വസ് അവര്‍കള്‍ക്ക് ചാര്‍ത്തുന്നു. തെറ്റിദ്ധരിക്കരുത്...ശവം തിന്നുന്നതിനല്ല, ഉയര്‍ന്നു പറക്കുമ്പോഴും കാണേണ്ടത് കാണുന്നതിന്..

Radheyan said...

അപ്പോള്‍ കഴുകാ എന്ന് വിളിച്ചാല്‍ ഒരു ബഹുമതിയാണല്ലേ.

വിജ്ഞാനപ്രദായകം.നന്ദി അണ്ണാ

പാഞ്ചാലി said...

അന്തോണിച്ചായാ, വിവരം പങ്കു വച്ചതിനു നന്ദി. ഡൈക്ലോഫെനാക്ക് മൃഗങ്ങള്‍ക്കുള്ളത് മാത്രമെ നിരോധിച്ചിട്ടുള്ളൂ. ഹ്യൂമന്‍ ഡ്രഗ് ആയി ഇപ്പോഴും കിട്ടുമെന്ന് എവിടെയോ കണ്ടു. ഡൈക്ലോഫെനാക്കിനു പകരം വന്ന മരുന്നിനു വിലക്കൂടുതല്‍ ആയതിനാല്‍ "മിടുക്കന്മാര്‍" ഹ്യൂമന്‍ ഡ്രഗ് ഉപയോഗിക്കുന്നത്രേ!
ഇന്ത്യന്‍ വൈറ്റ് ബാക്ക്ഡ് വള്‍ചറിന്റെ വീഡിയോ ഇവിടെ കാണാം.

ഓ.ടോ.
"ഇതിന്" ചെലവു ചെയ്യണം!

പാര്‍ത്ഥന്‍ said...

നേപ്പാളിലെപോലെ ഇന്ത്യയിൽ കഴുകൻ സംരക്ഷകർ ഇതുപോലെ ഒന്നു ചെയ്യുന്നില്ലേ.

Suraj said...

അന്താണിച്ചായാ, ഇന്‍ഫോടെയിനിംഗ് ആയ കുറിപ്പിന് ഒരു ടിപ്പ് ഒഫ് ദ ഹാറ്റ് :)

പിന്നെ, ഡൈക്ലോഫെനാക് എന്ന് പറയുമ്പം, പുതിയ എന്തോ മാരക സാധനം എന്നൊരു തെറ്റിദ്ധാരണ വായിക്കുന്നവര്‍ക്ക് തോന്നാം; അതോണ്ട് ഇത്ര കൂടി:

മനുഷ്യനില്‍ ദശാബ്ദങ്ങളായി ഉപയോഗിച്ചു പോരുന്ന സര്‍വ്വസാധാരണവും വളരെ ഫലപ്രദവുമായ വേദനാസംഹാരിയാണേ ഇത്. നമ്മടെ വോവറാനില്ലേ, (voveran) അത് തന്നെ. ബ്രൂഫനും ആസ്പിരിനുമൊക്കെ പോലെയുള്ള ഒരു വേദനാസംഹാരി.

മിക്ക വേദനസംഹാരികള്‍ക്കും ഉള്ളതു പോലെ വയറ്റില്‍ അള്‍സര്‍, കിഡ്നി തകരാറ്,കരള്‍ തകരാറ് എന്നിങ്ങനെയുള്ള ചില്ലറ സൈഡ് ഇഫക്റ്റുകള്‍ ദീര്‍ഘകാലമോ കൂടിയ ഡോസിലോ ഡൈക്ലൊഫെനാക് എടുത്താല്‍ മനുഷ്യരിലും വരാം. സര്‍വ്വ സാധാരണയായി കാണുന്ന സൈഡ് ഇഫക്റ്റ് വയറെരിച്ചിലാണ് - അത് മരുന്ന് ആഹാരത്തിനു ശേഷം കഴിക്കുന്നതിലൂടെയോ, അല്ലെങ്കില്‍ നിര്‍ത്തുന്നതോടെ മാറുകയും ചെയ്യും.

ഏഷ്യയിലൊഴിച്ചുള്ള രാജ്യങ്ങളിലെ മൃഗങ്ങളില്‍ ഇത് തുള്ളിമരുന്നായി കണ്ണുദീനമൊക്കെ വരുമ്പോള്‍ നീര്‍ക്കെട്ട് കുറയ്ക്കാനായി ഉപയോഗിക്കുന്നുണ്ട്. ആ ഡോസ് തീരെ ചെറുതായതിനാല്‍ ശരീരത്തിലടിഞ്ഞുകൂടി പ്രശ്നമുണ്ടാക്കാറില്ല.

എന്നാല്‍ ഏഷ്യയില്‍, വിശേഷിച്ച് ഇന്ത്യ,പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലൊക്കെ മനുഷ്യനു നല്‍കുന്ന സാധനം കന്നുകാലികളിലെ സന്ധിവേദനയ്ക്കും ഒടിവ് ചതവ് എന്നിവയ്ക്കും വെറ്ററിനറിക്കാര്‍ നല്‍കുന്നുണ്ട്.

ഇതാണ് അവയുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്നത്. ഈ മാംസം തിന്നുന്ന കഴുകന്റെ ശരീരത്തിലും ഇത് അടിഞ്ഞു കൂടുന്നു.കഴുകന്റെ ചെറിയ ശരീരത്തിലെ ഉയര്‍ന്ന ഡോസ് മൂലം കിഡ്നി തകരാറിലാകുന്നു. രക്തത്തില്‍ നിന്നും കിഡ്നിയില്‍ വേര്‍തിരിച്ച് മൂത്രത്തിലേയ്ക്ക് അരിച്ചെടുക്കേണ്ടുന്ന യൂറിക് ആസിഡ് കഴുകന്റെ ശരീരത്തില്‍ അടിഞ്ഞ് ആന്തരികാവയവങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു(ഗൌട്ട്). കിദ്നി, കരള്‍ തകരാറാണ് ഫലം. ഇതാവാം കഴുകന്റെ കൂട്ടനാശത്തിനു കാരണമെന്ന് 2004ലോ മറ്റോ നേയ്ചറില്‍ എണ്ണൂറില്‍പ്പരം കഴുകന്മാരെ ടെസ്റ്റ് ചെയ്ത് നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.ആഫ്രിക്കന്‍ കഴുകന്മാരെ ഏഷ്യന്‍ കഴുകന്മാരുമായി താരതമ്യപ്പെടുത്തി 2006-ലെ മറ്റൊരു വമ്പന്‍ പഠനം (പ്രധാനമായും ബംഗാള്‍ കഴുകനില്‍ നടത്തിയത്)ഇത് സ്ഥിരീകരിക്കുന്നു.

2008 ഓഗസ്റ്റ് മുതല്‍ മൃഗങ്ങളില്‍ ഡൈക്ലോഫെനാക് ഉപയോഗിക്കുന്നത് ഇന്ത്യാഗവണ്മെന്റ് നിരോധിച്ചുവെന്നാണ് അറിവ്. ചൈനേന്ന് ഇത് വാരിവലിച്ച് ഇറക്കുമതിചെയ്യുന്നതിനു മേല്‍ ആന്റീഡമ്പിംഗ് ഡ്യൂട്ടിയുമടിച്ചിട്ടുണ്ട്.

Dinkan-ഡിങ്കന്‍ said...

എനിക്കെന്തോ ഇബ്രുവിന്റെ ഈ കഥ ഓർമ്മവന്നു.
അ.ആ പണ്ട് വായിച്ചുകാണുമെന്ന് കരുതുന്നു

http://ibru.blogspot.com/2007/02/blog-post.html

BS Madai said...

വളരെ informative ആയ പോസ്റ്റുകള്‍ മാത്രമിടുന്ന മാഷിന് നന്ദി - കമന്റ് “നന്ദി” എന്ന ഒരു വാക്കിലൊതുക്കുന്നു...

അനോണി ആന്റണി said...

ബിജു, ജോക്കര്‍, നന്ദി.

സിജൂ, വന്നത് കല്‍ക്കട്ടയിലായതുകൊണ്ട് ബംഗാള്‍ കഴുകന്‍ തന്നെ ആണെന്ന് വിചാരിക്കാം അല്ലേ. നന്നായി, ജയ് കഴുകന്‍ റെസ്റ്റോറന്റ്.

മാരീചാ, ബ്ലോഗിലെ ശവമല്ല കുറച്ചു ബ്ലോഗര്‍മാരെ പച്ചയ്ക്ക് തിന്നാന്‍ ഒരു ആഗ്രഹം!

രാധേയാ, ഉവ്വ്, പുലീ എന്നു വിളിക്കുന്നതിലും കഴുകാ എന്നു വിളിക്കുന്നതാണ്‌ ബഹുമതി.

പാഞ്ചാലീ,
ബംഗാള്‍ കഴുകന്റെ വീഡിയോയ്ക്ക് നന്ദി. ബാബുമാഷിന്റെ പോസ്റ്റ് കണ്ടോ?
പിന്നെ മരുന്നിന്റെ കാര്യം, ആടിന്റെ പ്രോക്സി എന്ന കഥ (കഥയല്ല, ശരിക്ക് നടന്നതാ) വായിച്ചിരുന്നോ?


(വീഡിയോയ്ക്ക് ചെലവോ? അതെടുത്തവര്‍ നല്ലതുപോലെ പൈസ ചിലവാക്കിയല്ലേ എടുത്തത്. ഇനി വേറേ ചിലവെന്തിന്‌? :) )

പാര്‍ത്ഥന്‍,
ബംഗാള്‍ കഴുകനെ ക്യാപ്റ്റീവിറ്റിയില്‍ ബ്രീഡ് ചെയ്ത് തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ പലയിടത്തും നടക്കുന്നുണ്ട്, വിജയം കാണാന്‍ ഇനിയും കാത്തിരിക്കണമായിരിക്കും. റെസ്റ്റോറന്റ് ഇപ്പോള്‍ തന്നെ വന്‍ വിജയമായെന്നതാണ്‌ പ്രത്യേകത.

സൂരജേ,
വോള്‍ട്ടറിന്‍, ഡൈക്ലോണ്‍ എന്നൊക്കെ പേരിലാണ്‌ ഇവിടെ ഡൈക്ലോഫെനാക് കിട്ടുന്നത്. വെറ്റിനറി മരുന്നിന്റെ പേര്‍ എന്തെന്ന് അറിയില്ല (ഓ ഞങ്ങളൊക്കെ പശൂനെ വളര്‍ത്തുമ്പ വല്ല വാതോം വന്നാ തന്നെ എരുത്തിലിലെ സിമിന്റിനു മേലേ പലക ഇട്ടു കൊടുത്ത് പശൂന്റെ കാലേല്‍ തണുപ്പടിക്കാതെ ഒന്നു നോക്കും അത്രേയൊക്കേ ഉള്ളാരുന്നു).

കഴുകന്മാര്‍ കുഞ്ചിയൊടിഞ്ഞ് വസന്ത വന്ന കോഴിയെപ്പോലെ തൂങ്ങി തൂങ്ങി നടന്നായിരുന്നു ചാകുന്നത്, ഇതില്‍ നിന്നുമാണ്‌ റെനല്‍ ഫെയിലര്‍ ആണെന്ന് സംശയം തുടങ്ങിയത്. ഇനിയിപ്പോ ഈ മരുന്നു കഴിച്ചുകൊണ്ടിരിക്കുന്ന വല്ല പാഴ്സിയും മരിച്ചു പോയാല്‍ ജഡം കഴുകന്റെ കാലനാകുമോ എന്തോ.

രണ്ടായിരത്തി നാലിലേ വെറ്റിനറി ഉപയോഗത്തിനു ഡൈക്ലോഫെനാക് നിരോധിച്ചില്ലേ നമ്മള്‍?

ഒരു ഡൗട്ട് :
നാട്ടില്‍ ഡൈക്ലോണൊക്കെ പ്രിസ്ക്രിപ്ഷനില്ലാതെ കിട്ടുമല്ലോ. ഡെങ്കിപ്പനി പിടിച്ചിരിക്കുന്നവന്‍ ഇത് വാങ്ങി കഴിച്ചാല്‍ പ്രശ്നം അഗ്രവേറ്റ് ചെയ്യുകയേ ഉള്ളു എന്ന് ആരോ പറഞ്ഞു കേട്ടു. ഉള്ളതന്നേ?

ഡിങ്കാ, ഉവ്വ്. ഇബ്രൂന്റെ കഥ വായിച്ചതാണ്‌. പുള്ളിയൊക്കെ എഴുത്ത് നിര്‍ത്തിയാ?

ബി എസ് മാടായി, നന്ദി .

Rare Rose said...

ശരിക്കും വിജ്ഞാനപ്രദമായ പോസ്റ്റ്.....ഇതു വായിക്കുന്നേനു മുന്‍പെ ക്രൂരതയുടെയും ,ദുഷ്ടതയുടെയും പര്യായമാണു കഴുകന്മാരെ അറിഞ്ഞിട്ടുള്ളതു...പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന കഴുകനെ കാണിച്ചു തന്നതില്‍ നന്ദി..:)

Suraj said...

‘ആന്റ്വാണി‘ അണ്ണാ

2004 മുതല്‍ ഫേയ്സ് ഔട്ട് തുടങ്ങിയെങ്കിലും പൂര്‍ണ്ണമായ veterinary Diclofenac നിരോധനം നിലവില്‍ വന്നത് 2006 ഓഗസ്റ്റിലാണ് ( മുന്‍ കമന്റില്‍ ഈയുള്ളവന്‍ 2008- എന്നെഴുതിയത് പെശകാണ് ;).

മൃഗങ്ങളിലും വോള്‍ട്ടറിനും വോള്‍ട്ടറോളുമൊക്കെത്തന്നെ പ്രയോഗിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കില്‍ വോവറാന്‍ തന്നെ.
പശൂന്റെ കാലേ തണുപ്പടിക്കാതെ പലകേക്കെടത്തി ‘നോക്കിനിക്കണ’ കാലം പോയി. അതിനു മിണ്ടാനും പറയാനുമ്പറ്റുവായിരുന്നെങ്കീ എണീറ്റ് കുടുമ്മത്തിരിക്കണവരെ മുഴുക്ക പള്ള് വിളിച്ചേനെ. അത്ര വേദനയാണ് കന്നാലികളട സന്ധിവീക്കത്തിന്. (പല വാതങ്ങളും ചുമ്മാ റൂമാറ്റിക്കല്ല, ഇന്‍ഫക്ഷന്‍ വന്ന് - ചാണകത്തിലും ചെളീലുമല്ലേ കിടപ്പ് - സന്ധി വീര്‍ക്കണതാണ്. സെപ്റ്റിക് ആര്‍ത്രൈറ്റിസ്)

ഡൈക്ലോക്ക് പകരം ഇപ്പോ മെലോക്സിക്കാം ആണ് ഉപയോഗിക്കാന്‍ ഡ്രഗ് കണ്ട്രോളര്‍ പറയുന്നത്. ഗുളികയൊന്നിനു ഒരു രൂപാ കഷ്ടിച്ചുള്ള ഡൈക്ലോഫെനാക് എവിടെകിടക്കണ്, 2.50ന് മോളിലുള്ള മെലോക്സ് എവിടെക്കെടക്കണ്...? എടങ്ങഴി പാല് കറക്കണ ആട് മൊടന്തുമ്പം കഴുകനെ നോക്കാനാ നമുക്ക് നേരം ? പിന്നേ...ഇതേതാ രാജ്യം ? :((

പാഴ്സീടെ ജഡം തിന്ന് കഴുകനു ഡൈക്ലോഫെനാക് ടോക്സിസിറ്റി വരുമെന്ന് പേടിക്കണ്ട. മനുഷ്യമ്മാരില് ഇതിന്റെ Half-life ചെറുതാ. കാലത്ത് ഗുളിക കഴിച്ചാ, രാത്രി പെടുക്കുമ്പഴക്ക് കമ്പ്ലീറ്റ് പോയിറ്റൊണ്ടാവും. ഇനി വല്ല റീനല്‍ ഫെയ്ല്യറുമടിച്ച് തീര്‍ന്ന പാഴ്സിയാണെങ്കീ, കഴുകന്റെ കാര്യം ഗോപി!

ഡൌട്ട് ? :

ഡെങ്കിപ്പനിക്ക് ഡൈക്ലോണോ ? പോത്തുങ്കാലപ്പാ!! ആളുതട്ടിപ്പോവാന്‍ വരെ സ്കോപ്പൊണ്ട്. ഡൈക്ലോഫെനാക്ക് ചെന്ന് വേദന കുറയ്ക്കുന്നത് പ്രോസ്റ്റാഗ്ലാന്‍ഡിനും ല്യൂക്കോട്രൈയീനും ഉണ്ടാവുന്നത് തടഞ്ഞിട്ടാണ്. അതേ മെക്കാനിസം പ്ലേറ്റ്ലെറ്റുകളേം ബാധിക്കും. രക്തം കട്ടപിടിക്കണ മെക്കാനിസം കട്ടപ്പൊഹ! പെഷ്യന്റിനു ബ്ലീഡ് ചെയ്ത് ചാവാനുള്ള യോഗം !!

വേദനാസംഹാരിയുപയോഗിക്കണോന്ന് നിര്‍ബന്ധാണെങ്കില്‍ കൊഡീന്‍ ഫോസ്ഫേറ്റ് (codeine phosphate) ആണ് ഭേദം. ശകലം മലബന്ധവും മയക്കവും സൈഡ് ഇഫകറ്റാണെന്ന്‍ വച്ചാലും വേറെ പ്രശനമൊന്നുമില്ല.

അനോണി ആന്റണി said...

അപ്പ സംഗതി നേരാണല്ലേ. അറിഞ്ഞു വച്ചേക്കാം.