Tuesday, November 11, 2008

സാഹിത്യ-സാംസ്കാരിക-സര്‍‌വജ്ഞ...

റോഡ് ബ്ലോക്ക് മനുഷ്യനെ റേഡിയോ കേള്‍പ്പിക്കും, എന്തു ചെയ്യാന്‍, കാസറ്റ് വണ്ടിയിലിട്ടാല്‍ ചൂടടിച്ച് നാശമാകും. യന്ത്രം ഓണ്‍ ചെയ്തപ്പോ ആകെ പ്രശ്നം.

അച്യുതാനന്ദന്‍ കാലഹരണപ്പെട്ട പുണ്യാളനോ? പിണറായി കാലത്തിന്റെ നേതാവോ? വിവാദം വിവാദം. ആളുകള്‍ ഫോണ്‍ ചെയ്ത് ഭയങ്കര ചര്‍ച്ച. അല്ല ആരിത് പറഞ്ഞത്? ഒബാമയോ ഹൂവോ സോണിയയോ പാണക്കാട് തങ്ങളോ പ്രകാശ് കാരാട്ടോ അതോ ഇനി വല്ല രാഷ്ട്രീയ നിരീക്ഷണ പുലികളോ?

വീട്ടില്‍ ചെന്ന് ടെലിവിഷന്‍ വച്ചു നോക്കി. പറഞ്ഞത് എം. മുകുന്ദന്‍. അല്ലാ ഇപ്പോ ഞാനാണത് പറഞ്ഞതെങ്കില്‍ വിവാദമാകുമോ? ആര്‍ക്കും ലോകത്തിനെക്കുറിച്ച് എന്ത് അഭിപ്രായവും പറയാം,മുകുന്ദന്‍ പറഞ്ഞാലെന്താ ഇത്ര വിവാദമാകാന്‍?

അഞ്ചാറുപരോട് തിരക്കി. മുകുന്ദന്‍ സാംസ്കാരിക കേരളത്തിന്റെ കുളിയാണ്ടര്‍ ആണെന്ന് ഒരു കൂട്ടര്‍. വേറേ ചിലരു പറയുന്നു പുള്ളി ഭയങ്കര രാഷ്ട്രീയ നോവല്‍ നൊന്ത ആളാണെന്ന്.

സാഹിത്യം ഒരു വിനോദോപാധിയാണ്‌. ഗോപിനാഥ് മുതുകാടിന്റെയും മോഹന്‍ ലാലിന്റെയും കറണ്ട് മോഹന്റെയും കെ എസ് ചിത്രയുടെയുമൊക്കെ സ്ഥാനമേ സമൂഹത്തില്‍ സാഹിത്യകാരനുള്ളു. എം ജി ശ്രീകുമാര്‍ ഇങ്ങനെ പറഞ്ഞാല്‍ അതൊരു വിവാദമാക്കുമോ നാട്ടുകാര്‍?

മുകുന്ദന്‍ എഴുതിയ മയ്യഴി ഒരു രാഷ്ട്രീയ നോവല്‍ ആണോ? മൊത്തത്തില്‍ എനിക്ക് തോന്നുന്നത് അല്ലെന്നാണ്‌. ശശികുമാര്‍ തേക്കടിയിലെ തേക്കിനു ചുറ്റും നായകനെയും നായികയെയും ചുറ്റിച്ച് പാട്ട് കാണിക്കും. ജോഷി നൈനിറ്റാളിലെ സൈപ്രസ് മരത്തിനു ചുറ്റും ഇവരെ കറക്കി നടത്തും ഐ വി ശശി അങ്ങ് അമേരിക്കയില്‍ വിളക്കുകാലിനു ചുറ്റും ഓടിക്കും . പശ്ചാത്തലം മാറിയെന്നു വച്ച് ശശിയുടെ മരം ചുറ്റി പ്രേമം ശശികുമാറിന്റെ പ്രേമിപ്പിക്കലിനെക്കാള്‍ കേമമായോ? അല്ലാ അപ്പോ ഏഴാം കടലിനക്കരെ അമേരിക്കയെക്കുറിച്ചുള്ള രാഷ്ട്രീയ ചിത്രമാണോ? എങ്കില്‍ പിന്നെ മാഹി സ്ട്രഗിള്‍ ബാക്ക് ഗ്രൗണ്ട് ആക്കിയ മുകുന്ദന്റെ എഴുത്ത് ഏതു വകുപ്പിലെ രാഷ്ട്രീയ നോവല്‍? മഞ്ചലും കാവിയും അധികാരവും പരിണാമവും അഭയാര്ത്ഥികളും മരുഭൂമികളും ഉണ്ടായ നാട് ഇതുതന്നെയല്ലേ സാര്‍? ഇനി ഞാന്‍ വായിച്ചിട്ടില്ലാത്തെ എന്തെങ്കിലും നോവല്‍ ആണോ ആവോ. ആരേലും പറഞ്ഞ് താ.

മനുഷ്യന്‍ ഉണ്ടായ കാലത്തിന്‌ അല്പ്പം കഴിഞ്ഞപ്പോഴേ പിന്‍ തള്ളപ്പെട്ട സ്ത്രീയുടെ കഥ, ലക്ഷക്കണക്കിനു വര്‍ഷത്തിന്റെ കഥ ഒരൊറ്റ നോവല്‍ ആക്കിയതാണ്‌ ഗ്യുന്തര്‍ ഗ്രസ്സിന്റെ ഫ്ലൗണ്ടര്‍. ഒബാമയ്ക്കു പകരം ഹിലാരിയായിരുന്നു ജയിക്കേണ്ടതെന്ന് ഗ്രസ് പറഞ്ഞാല്‍ അതൊരു വിവാദം പോയിട്ട് ടീ വി വാര്‍ത്ത പോലുമാകില്ല ലോകത്ത്. (ചെറിയ തോതിലെങ്കിലും ഒരു വാര്‍ത്ത ആകുകയാണെങ്കില്‍ അത് ഗ്രസ്സ് കുറേ കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതുകൊണ്ടാവുകയും ചെയ്യും)കഥ വേറേ കോതമംഗലം വേറേ.

മുകുന്ദനെക്കുറിച്ച് മാത്രം എഴുതിയതൊന്നുമല്ല, സാഹിത്യ സാംസ്കാരിക നായകര്‍ എന്ന് കൂട്ടിച്ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു കാലമായി നമ്മള്‍ മലയാളികള്‍. സാഹിത്യമെഴുത്തുകാരനെന്നാല്‍ സാംസ്കാരിക പ്രമുഖനെന്ന് നിയമമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ ഒരു സംസ്കാര സമ്പന്നന്റെ വാക്ക് രാഷ്ട്രീയത്തിലെ വലിയ വിലയിരുത്തലുമല്ല. മുകുന്ദന്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടേന്നേ.

11 comments:

Unknown said...

എല്ലാരും മത്സരിച്ചു് കൊക്കുന്നിടത്തു് മുകുന്ദനും കൊക്കുന്നു. കൊക്കണ്ടേടത്തു് കൊക്കിയിരിക്കണം, കൊക്കേണ്ടപ്പോള്‍ കൊക്കിയിരിക്കണം! ദേ, ഇപ്പോ ഞാനും ഒന്നു് കൊക്കി. അതുവഴി അന്തരീക്ഷത്തില്‍ മലിനീകരണത്തിന്റെ വലിയ സുനാമിയൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. പിന്നെ ഇത്തിരി നാറ്റം! അതു് നമ്മള്‍ സഹിക്കും. ഒരല്പം ദുര്‍ഗ്ഗന്ധം ഇല്ലാതെ എന്തു് മുനിസിപ്പാലിറ്റി?

ഞാന്‍ ആചാര്യന്‍ said...
This comment has been removed by the author.
Inji Pennu said...

ഒന്നും പറയണ്ടെന്റെ ആന്റണീ. ഇവരൊക്കെയാണ് കേരളത്തിന്റെ ശരിയായ ആൾദൈവങ്ങൾ. പൂജാവിധികളിൽ വ്യത്യാ‍സം ഉണ്ടെന്നേയുള്ളൂ.

പക്ഷെ സാഹിത്യം വെറും വിനോബാബാജി എന്നു പറഞ്ഞതിൽ കടുത്ത പ്രതിഷേധം.

അയല്‍ക്കാരന്‍ said...

കാര്യസ്സന്‍ വല്യമ്മാനെ ചീത്തവിളിക്കുന്നു, മൂത്ത അനന്തിരവന്‍റെ ചെരിപ്പ് നക്കുന്നു എന്നതല്ലേ പ്രശ്നം. പറഞ്ഞ വാക്കല്ല, പറഞ്ഞത് വല്യമ്മാമന്‍റെ കയ്യീന്ന് ചക്രം വാ‍ങ്ങണ ആള് എന്നതാണ് ചര്‍ച്ചേന്‍റെ ഗുട്ടന്‍സ്.

വികടശിരോമണി said...

ഈ രാഷ്ട്രീയനോവൽച്ചാ എന്താ?sfiകുട്ട്യോള് റോട്ടീക്കെടന്ന് നോവണനോവലാണോ?
മുകുന്ദന്റെ രാഷ്ട്രീയ നോവൽ കേശവന്റെ വിലാപങ്ങൾ ആണ് എന്നാണ് ചില വംശനാശം നേരിടുന്ന ബുദ്ധിജീവികൾ പറഞ്ഞുകേട്ടത്.

Suraj said...

മരംചുറ്റിപ്രണയത്തിന്റെ പശ്ചാത്തലം മാറ്റുന്നതിലെന്തര് കാര്യം എന്നങ്ങ് കൊച്ചാക്കാതെ എന്റെ അന്തോണി മാഷേ, സാഹിത്യോല്‍പ്പന്നത്തിനും കലയ്ക്ക് പൊതുവിലും സാമൂഹികമായ ചില ധര്‍മ്മങ്ങളുണ്ട് - പമ്മന്റെ കമ്പിപ്പുസ്തകമായാലും ശരി വിജയന്റെ പത്മാസനമായാലും ശരി ;)

ഗൂന്റെര്‍ ഗ്രാസിന്റെ എഴുത്തിലെ രാഷ്ട്രീയം തന്നെയല്ലേ അങ്ങേരുടെ നാറ്റ്സി കണക്ഷന്‍ പുറത്തു വന്നപ്പോള്‍ ചര്‍ച്ചയ്ക്ക് എണ്ണപകര്‍ന്നത് ?

മൂന്നാറില്‍ അച്ചുതാനന്ദന്റെ ജെ.സി.ബി വാപിളര്‍ക്കുന്ന നേരത്ത് വ്യംഗ്യമായി അതിനെ ഒരു ‘ഭീകര ജീവി’യായി ‘ഉല്പ്രേക്ഷി’ച്ച മുകുന്ദന്‍, പഴയ കഞ്ചാവാണെങ്കിലും, രാഷ്ട്രീയക്കാറ്റ് നോക്കി തൂറ്റാനറിയാവുന്ന പുലി തന്നെയെന്ന് തെളിയിച്ചു :)

ഇതിനേക്കാള്‍ നാറ്റമുള്ള ചര്‍ച്ചകള്‍ പാശ്ചാത്യ മീഡിയ കൊണ്ടാടുന്നത് കാണുമ്പോള്‍ നമ്മുടെ നികേഷ് കുമാരനും വേണുവുമൊക്കെ ശിശുക്കളെന്നേ പറയേണ്ടൂ.

ഗുപ്തന്‍ said...

സാഹിത്യം ഒരു വിനോദോപാധിയാണ്‌. ഗോപിനാഥ് മുതുകാടിന്റെയും മോഹന്‍ ലാലിന്റെയും കറണ്ട് മോഹന്റെയും കെ എസ് ചിത്രയുടെയുമൊക്കെ സ്ഥാനമേ സമൂഹത്തില്‍ സാഹിത്യകാരനുള്ളു.

അല്ലട്ടാ... ടെസ്ച്വാലിറ്റി ഇസ് ദ ഫേബ്രിക് ഓഫ് സൈക്കീ.. ഇറ്റ് ഡിഫൈന്‍സ് ആന്‍ഡ് ഡിസ്ട്രോയ്സ് കള്‍ചേഴ്സ്.


പിന്നെ അച്ചുമാമയെ അത്രയെങ്കിലും പറഞ്ഞത് നന്നായേള്ളൂ. അതു മുകുന്ദനായാലും മുത്തുച്ചാമി ആണെങ്കിലും. അച്ചുമാമയും അന്തോണിയും കേരളരാഷ്ട്രീയത്തിലെ കള്ളനാണയങ്ങളാണ്.

ഒരു കീബോഡ് കൈയ്യിലുള്ള സകലബ്ലോഗനും അമേരിക്കന്‍ പ്രസിഡന്റും അഹമദിനെജാദും മാര്‍പാപ്പയും മാര്‍ക്സും മുതല്‍ ആളും പേരുമറിയാത്ത അനോണിയെവരെ വിമര്‍ശിക്കാം. മുകുന്ദന്‍ കുടിക്കുന്നതെന്താ കഞ്ഞീന്റെ വെള്ളമല്ലേ...


അതോ അച്ചുമാങ്ങ ഇവിടെ ആരുടെയെങ്കിലും ദൈവമാണെങ്കില്‍ സര്‍വരും പാടിസ്തുതിക്കണോ അങ്ങേരേ?


പിണറായിയെ സ്തുതിച്ചതിന് മുകുന്ദനെ വിമര്‍ശിച്ചെങ്കില്‍ അത് നന്നായിരുന്നേനേ.

അനോണി ആന്റണി said...

എന്റെ ഗോത്തിയേ പുണ്യാളാ ഒക്കെ ഡിഡാക്റ്റിക്കുകളാ ഇവിടെ? എല്ലാര്‍ക്കും വേണ്ടീട്ട് ഒരു പോസ്റ്റ് ഇട്ടിട്ടൊണ്ട് , പോയറ്റിക്ക് പ്രിന്‍സിപ്പിള്‍ (ചുമ്മ വേടിച്ച് മടിയി ചെരുവിക്കോളീ)

ഗ്യുന്തര്‍ ഗ്രസ്സിന്റെ നാസി കണക്ഷന്‍ വിവാദമായത് മൂപ്പര്‍ക്ക് നോബല്‍ സമ്മാനം കൊടുത്തതിന്റെ പേരിലല്ലേ സൂരജേ? (എങ്കി പിന്നെ നോബല്‍ സമാധാന സമ്മാനം ദലൈലാമയ്ക്ക് കൊടുത്തപ്പോ പഴയ അടിമകളെ ചൊല്ലി ആരും കരയാത്തതെന്തരെന്ന് കേക്കല്ലും, ഉത്തരം മുട്ടും)

Suraj said...

ഗ്യുന്തര്‍ ഗ്രസ്സിന്റെ നാസി കണക്ഷന്‍ വിവാദമായത് മൂപ്പര്‍ക്ക് നോബല്‍ സമ്മാനം കൊടുത്തതിന്റെ പേരിലല്ലേ സൂരജേ?

അല്ലണ്ണാ,

1999-ലല്ലേ ഗൂന്റര്‍ ഗ്രാസിനു നോബലു കിട്ടണത്. 2006-ലാണ് ഗ്രാസണ്ണന്‍ “ഉള്ളി തൊലിക്കും” മുമ്പ് ഈ ഇന്റര്‍വ്യൂ കൊടുത്ത് കുഴീ ചാടിയത്.

ഇക്കണ്ട കാലം മുഴുക്ക ഇടതുപക്ഷത്തോട്ട് ചാഞ്ഞ് നിന്ന്, നാറ്റ്സി ഭൂതകാലത്തെയുപയോഗിച്ച് ജര്‍മ്മന്‍ വലതു പക്ഷത്തെ കിട്ടുന്ന വാക്കിനൊക്കെ കൊട്ടിയും ഞെളിഞ്ഞ ഗ്രാസണ്ണന്‍ ഒടുക്കം 17ആം വയസ്സില് താന്‍ ഹിറ്റ്ലറിന്റെ പട്ടാളത്തില് വളണ്ടിയറായിരുന്നെന്ന് വിളിച്ചു കൂവിയപ്പം, വെളിവും വെള്ള്യാഴ്ചേമില്ലാത്ത കാലത്ത് കാണിച്ച വെവരക്കേടെന്ന് വിചാരിച്ച് അതുവരെ സമാധാനിച്ചിരുന്നവരു വരെ വെളിച്ചപ്പെട്ടു എന്നത് സമകാലീന ചരിത്രം. നോബലു വാങ്ങിയ കാലത്ത് എന്തരെഡേ അപ്പീ ഇതൊന്നും പറയാത്തേന്ന് കെറുവിച്ചവരുമുണ്ടായിരുന്ന്. പക്ഷേ രാഷ്ട്രീയത്തിന്റെ പ്യേരുമ്പറഞ്ഞാണ് തൊന്തരവുകളത്രേം ഒണ്ടായത്.

(ലത് ചുമ്മാ പൊത്തകം വിറ്റു പോവാനും നിയോ നാറ്റ്സികളടെ യുവജര്‍മ്മനീലെ വായനക്കാര്‍ക്കിടെ പിടിച്ചു നിക്കാനുമൊള്ള ഡാവാണെന്നും യൂദമ്മാരട സ്ലേറ്റ്.)

എന്തരാ!

എന്തരായാലും കലച്ചേച്ചി കലയ്ക്കു വ്യേണ്ടിയാണന്ന് നമ്മള് സമ്മതിക്കൂല. കലച്ചേച്ചി സമൂഹത്തിന്റെ മൊത്തോണ് ;)

Unknown said...

മുകുന്ദാ... മുകുന്ദാ‍ാ....

പക്ഷപാതി :: The Defendant said...

"അതോ അച്ചുമാങ്ങ ഇവിടെ ആരുടെയെങ്കിലും ദൈവമാണെങ്കില്‍ സര്‍വരും പാടിസ്തുതിക്കണോ അങ്ങേരേ?"

ഇത്രക്കും വേണോ ഗുപ്താ? ആര്‍ക്കും ദൈവമല്ലെങ്കിലും കുറെപേരെങ്കിലും വി എസ്സ് ജനനേതാവാണെന്ന് വിശ്വസ്സിക്കുന്നുണ്ട്. മുകുന്ദന് മാത്രമല്ല, മുത്തുച്ചാമിക്കും ഗുപ്തനും വിമര്‍ശിക്കാം വി എസ്സിനെ. പക്ഷെ മാന്യമായി അഭിസംബോധന ചെയ്യുന്നിടത്താണ് വിമര്‍ശിക്കുന്നവന്റെ മാന്യതയും വിമര്‍ശനത്തിന്റെ ഉദ്ദേശം മനസ്സിലാവുക അല്ലേ ഗുപ്താ? വി എസ്സ് മാന്യമായിതന്നെ മുകുന്ദന്‍ മറുപടിയും കൊടുത്തിട്ടുണ്ട്.
വി എസ്സ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ് താങ്കളുടേയും.