Sunday, November 9, 2008

പ്രൊഫഷണല്‍ മാനേജ്മെന്റ്

സ്റ്റേറ്റ് നടത്തുന്ന വാണിജ്യസ്ഥാപനങ്ങള്‍ (ബിസ്-ടൈപ്പ് ഫണ്ട്സ് എന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കണക്കെഴുതുമ്പോഴും പൊതുമേഘലാ സ്ഥാപനമെന്ന് നമ്മള്‍ പത്രത്തില്‍ വായിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍) പലപ്പോഴും കാര്യക്ഷമമായി നടക്കാത്തതിനു കാരണമായി പറയുന്നത് തലപ്പത്തുള്ളവന്റെ കമ്മിറ്റ്മെന്റ് ഇല്ലാതിരിക്കലാണ്‌. എവിടെ നിന്നോ ഒരു ഐ ഏ എസ് കാരന്‍ കുറേ നാള്‍ വന്ന് ഇതിനെ ഭരിക്കുന്നു, കുറേ കഴിയുമ്പോള്‍ അയാള്‍ക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. കമ്പനി ലാഭത്തിലായാലും നഷ്ടത്തിലായാലും കാലാകാലം ശമ്പളം, ബോണസ്, നോണ്‍സെന്‍സ്, പ്രമോഷന്‍. മാനേജ്മെന്റ് പ്രൊഫഷണലൈസ് ചെയ്യണമെന്നും പ്രവര്‍ത്യാര്‍ രാജില്‍ നിന്നും മോചിപ്പിക്കണമെന്നുമൊക്കെ വാശി പിടിച്ചയാളാണ്‌ ഞാനും.


മാനേജ്മെന്റ് പഠിക്കുന്നവനെക്കൊണ്ട് ആവര്‍ത്തിപ്പിച്ച് പറയിച്ച് സത്യമെന്നു വിശ്വസിപ്പിക്കുന്ന ഒരു സംഗതിയുണ്ട് "ഗ്രേറ്റ് മാന്‍ തീയറി അസത്യമാണ്‌, ട്രെയിറ്റ്സ് തീയറി മാത്രമാണ്‌ സത്യം. ഏകം സത്" ഗ്രേറ്റ് മാന്‍ തീയറി അനുരിച്ച് മഹാന്മാരെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വാര്‍ത്തെടുക്കേണ്ടതില്ല. ഗാന്ധിയും ലിങ്കണും പോലെ ജനനേതാക്കളോ നിരവധി കോടീശ്വരന്മാരായ ബിസിനസ്സുകാരോ മാനേജ്മെന്റ് ബിരുദക്കാരല്ല. ബില്‍ ഗേറ്റ്സിനു ഡിഗ്രീയില്ല, ജിം ക്ലാര്‍ക്കിനും ക്ലെമന്റ് സ്റ്റോണിനും ഫ്രെഡി ലേക്കറിനുമൊന്നും ഹൈസ്കൂള്‍ പോലും പരിചയമില്ല. കഴിവ് ഏറിയവന്‍ സ്വയം അത് തെളിയിച്ചുകൊള്ളും. ട്രെയിറ്റ്സ് തീയറി പറയുന്നു, ഗ്രേറ്റ് മാന്‍ എന്നൊന്നില്ല, ഓരോരുത്തരില്‍ പ്രത്യേക തരം കഴിവുകളുണ്ട്, അവ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കലാണ്‌ ഞങ്ങടെ പണി. ഇവിടെ നിന്നിറങ്ങുന്നവന്‍ മൂന്നു ചക്ക മുള്ളോടെ വിഴുങ്ങും മുള്ളൊരെണ്ണം പോലും പോകാതെ വിസര്‍ജ്ജിക്കുകയും ചെയ്യും.


കമ്പനികള്‍ അതീവസ്സങ്കീര്‍ണ്ണമായതോടെ പ്രെസിഡന്റും ചെയര്‍മാനുമൊക്കെ സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന പടത്തിന്റെ പ്രൊഡ്യൂസര്‍മാരെപ്പോലെ കുറേ പണം മുടക്കിയശേഷം സൂപ്പര്‍ സീ ഈ ഓ കാണിക്കുന്നതെല്ലാം കണ്ട് "എവന്‍ എന്തരൊക്കെയോ ചെയ്യുന്നു, ചോദ്യം ചെയ്താല്‍ ചിലപ്പോ ചൂടാകുകയോ പായ്ക്കപ്പ് വിളിക്കുകയോ ചെയ്യുമായിരിക്കും, എന്തരായാലും വല്യ മഹാനല്ലേ, ഒക്കെ നല്ലതാവുമായിരിക്കും" എന്ന് മനസ്സില്‍ വിചാരിച്ച് അന്തം വിട്ട് മൂലയ്ക്ക് ചുരുണ്ടിരിക്കേണ്ട സ്ഥലത്തേക്ക് സംഗതി എത്തിച്ചു. സൂപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാറുകള്‍ സീ ഈ ഓ ആയില്ലേല്‍ ആളുകള്‍ കമ്പനിയെ വിശ്വസിക്കാത്ത അവസ്ഥ എത്തി. ഈ തമ്പുരാന്മാരില്‍ ചില "ഗ്രേറ്റ് മെന്‍" ലീ അയക്കോക്കയെപ്പോലെ പല കമ്പനികളെ ഭംഗിയായി നയിച്ചു. പലരുടെയും ഇഫക്റ്റീവ്നെസ്സ് വെറും പടം ആയിരുന്നു. എന്തായാലും കാശുമുടക്കിയവനല്ലേ ചങ്ക് കഴയ്ക്കൂ, ഈ അഭിനവ കോര്‍പ്പറേറ്റ് മാടമ്പികള്‍ ജീവിക്കുന്നത് ഓഹരിയുടമകളെ രക്ഷിക്കാനാണെന്ന് അവര്‍ വിശ്വസിച്ച് മീറ്റിംഗുകളില്‍ എറാന്‍ മൂളി കുനിഞ്ഞ് നിന്നു. എട്ടു മില്യണ്‍ ഡോളറിന്റെ ഓഫീസ് ഫര്‍ണിഷിംഗ് നടത്തിയ സീ ഈ ഓ യെ ഒരുത്തനും ചോദ്യം ചെയ്തില്ല, ഒരു മുറിയില്‍ എട്ടു മില്യണ്‍ വിലയുള്ള എന്തു സാധനം ഇടാന്‍ എന്ന് ആരോ തിരക്കിയപ്പോള്‍ പിന്നീടറിഞ്ഞത്രേ ഏഴുമില്യണും ചിലവായിരിക്കുന്നത് ഒരൊറ്റ പീസ് ഫര്‍ണിച്ചറിനാണ്‌- പിക്കാസോയുടെ ഒരു പെയിന്റിങ്ങ്. തിരുവായക്ക് ആരും എതിര്‍ വായ പറഞ്ഞില്ല സൂപ്പര്‍ സ്റ്റാറെങ്ങാന്‍ പിണങ്ങിയാലോ, കമ്പനി അതോടെ പൂട്ടും.

അമേരിക്കയില്‍ നിന്നും ഐസ് ലാന്‍ഡിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയ ഒരു സീ ഈ ഓ കമ്പനി ചെലവില്‍ ഒരു ജെറ്റ് ചാര്‍ട്ടര്‍ ചെയ്താണ്‌ ന്യൂയോര്‍ക്കില്‍ നിന്ന് ഐസ് ലാന്‍ഡിലെത്തിയത്. നീളന്‍ യാത്ര കഴിഞ്ഞാല്‍ വിമാനത്തിനു ചില്ലറ ചെക്കിങ്ങ് ഒക്കെ നടത്തേണ്ടേ അത്രയും സമയം പുള്ളിക്ക് ചിലവാക്കനില്ല, അതുകൊണ്ട് പുറപ്പെടും മുന്നേ തന്നെ മറ്റൊരു ജെറ്റ് ഐസ് ലാന്‍ഡിലേക്ക് പറന്ന് ചെക്കിങ്ങ് എല്ലാം കഴിഞ്ഞ് തയ്യാറായി നില്‍ക്കാന്‍ പറഞ്ഞത്രേ ഐസ് ലാന്‍ഡിലെ മൂന്നു നാലു മണിക്കൂര്‍ താമസം ഒഴിവാക്കാന്‍.

യാതൊരു വിധ മുതല്‍ മുടക്കുമില്ലാതെ ഇഷ്ടമുള്ള വിധം സ്ഥാപനങ്ങള്‍ നടത്താന്‍ പരമാധികാരം തീറെഴുതി കൊടുക്കുന്നതിനുമേല്‍ സൂപ്പര്‍ സ്റ്റാറിനോടുള്ള ഭയഭക്തി മാത്രമായിരുന്നു. ഈ ആള്‍ ദൈവങ്ങള്‍ ഗീര്‍‌വാണങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ നെടുങ്കന്‍ ഇംഗ്ലീഷ് ഡയലോഗ് കേട്ട് അന്തം വിട്ടു കയ്യടിക്കുന്ന പാവം വിദ്യാഭ്യാസരഹിതനെപ്പോലെ ജനം ആര്‍ത്തു വിളിച്ചു. ടെലിവിഷനില്‍ നീളത്തില്‍ അതിനു വ്യാഖ്യാനം ചമയ്ക്കുന്നവര്‍ ലളിതമായ കണ്ട്റോള്‍ നിയമം മറന്നു പോയി . അഥോറിറ്റി എന്നും റെസ്പോണ്‍സിബിലിറ്റിക്കും അക്കൗണ്ടബിലിറ്റിക്കും തോള്‍ ചേര്‍ന്നേ നില്‍ക്കാവൂ. റെസ്പോണ്‍സിബിലിറ്റിക്കും അക്കൗണ്ടബിലിറ്റിക്കും അനുപാതത്തിലല്ലാത്ത എന്ത് അഥോറിറ്റിയും പവര്‍ ആണ്‌. പവര്‍ കറപ്റ്റ്സ്. ആബ്സൊല്യൂട്ട് പവര്‍ ആബ്സൊല്യൂട്ട്ലി കറപ്റ്റ്സ് .

വാഷിങ്ങ്‌ടന്‍ മ്യൂച്വല്‍ (പേരിലു മാത്രമേയുള്ളു മ്യൂച്വല്‍, പണി സ്മാള്‍ സേവിങ്ങ്സ് പിച്ച ചട്ടിയില്‍ നിന്നും കയ്യിട്ടു വാരി സബ്‌‌പ്രൈം മാര്‍ക്കറ്റില്‍ ഇടല്‍) നഷ്ടത്തിലായപ്പോള്‍ കമ്പനി അലന്‍ ഫിഷിങ്ങിനെ സീ ഈ ഓ ആയി കൊണ്ടുവന്നു. വെറും പതിനെട്ടു ദിവസം ആ കസേരയില്‍ അദ്ദേഹം ഇരുന്നപ്പോഴേക്ക് സംഗതി പാപ്പരായി. പതിനെട്ടു ദിവസം ജോലിക്കും ജോലിനഷ്ടത്തിനുമെല്ലാം ചേര്‍ത്ത് ഫിഷിങ്ങ് എണ്ണി വാങ്ങിയത് ഇരുപതു മില്യണ്‍ ഡോളര്‍! ലവലേശം ആത്മാര്ത്ഥത ചല്ലിത്തുട്ടുകള്‍ പെറുക്കി സ്മാള്‍ സേവിങ്ങാക്കിയ പാവങ്ങളോടോ ഇപ്പ കമ്പനിയെ രക്ഷിക്കുമെന്ന് കരുതിയ ഷെയര്‍ ഹോള്‍ഡര്‍മാരോടോ? ങേ ഹേ.

വാല്‍ക്കഷണം:
അണ്ണാ ഈ ഷെയര്‍ മാര്‍ക്കറ്റില്‍ വില ചലിക്കുന്നത് എങ്ങനെയാ കണക്കു കൂട്ടുന്നത്?
അതിനു ഒരുപാട് തീയറി ഉണ്ടെടേ. ലെവി ഫ്ലൈറ്റ് രീതിയാണ്‌ സാധാരണ ഉപയോഗിക്കാറ്.
അതെന്തരാ ലെവി ഫ്ലൈറ്റ്?
അതൊരു തരം റാന്‍ഡം വാക്ക് ട്രാജെക്റ്ററി ആണ്‌
റാന്‍ഡം വാക്ക് എന്തുവാ അണ്ണാ?
അത് ഒരു തരം മാര്‍ക്കോവ് പ്രോസസില്‍ വരുന്ന ഡിഫ്യൂഷന്‍ മോഡല്‍ ആണ്‌
ഡിഫ്യൂഷന്‍ എന്തുവാണ്ണാ ആരാ മാര്‍ക്കോവ്?
എടേ അതൊക്കെ കണ്ടീഷണല്‍ പ്രോബബിലിറ്റിയില്‍ ഉള്ള കാര്യങ്ങളാ
പ്രോബബിലിറ്റി എന്തുവാണ്ണാ എന്താ കണ്ടീഷന്‍?
അത് മനസ്സിലാവണേല്‍ ഒത്തിരി കണക്ക് പഠിക്കണം.
തള്ളേ അതൊക്കെ പടിച്ചാലേ ഇപ്പഴത്തെ കാലത്ത് ബിസിനസ്സ് ചെയ്യാന്‍ പറ്റൂ അല്ലേ?
എടേ ബിസിനസ്സ് ചെയ്യണേല്‍ വേറേ ചില കഴിവൊക്കെ മതി. ഇതൊക്കെ ഞങ്ങക്ക് അരി വാങ്ങിക്കാനുള്ള കാശിന്‌ ഓരോരുത്തര്‌ കണ്ടുപിടിച്ച് വച്ചേക്കുന്നതല്ലേ.

10 comments:

Radheyan said...

അണ്ണാ,

അരി മ്യാടിച്ച് പോട്ട്,മണ്ണ് വാരിയിടല്ല്....(ഇരിക്കും കൊമ്പ് മുറിക്കല്ലെ എന്ന് പരിഫാഷ)

ജയരാജന്‍ said...

"പവര്‍ കറപ്റ്റ്സ്. ആബ്സൊല്യൂട്ട് പവര്‍ ആബ്സൊല്യൂട്ട്ലി കറപ്റ്റ്സ്" അദ്ദാണ്!

jinsbond007 said...

തിയറികള്‍ വേറെ അപ്ലിക്കേഷന്‍ വേറെ എന്ന് ഞാന്‍ ഈ അടുത്ത കാലത്താണ് മനസ്സിലാക്കിയത്. ലോകം മുഴുവന്‍ മാത്തമാറ്റിക്സിലെ സൂത്രങ്ങള്‍ അനുസരിച്ചാണ് ചലിക്കുന്നതെന്നൊക്കെ പറയുകയും, ഒരു പരിധിവരെ തെളിയിക്കുകയും ചെയ്യാമെങ്കിലും, വെറുതെ ജീവിച്ചു മരിക്കാന്‍ ഇതു മുഴുവന്‍ പഠിക്കേണ്ടതില്ലല്ലോ! അതാണ് കാര്യം. ജാവലിന്‍ 45 ഡിഗ്രി പിടിച്ച് എറിഞ്ഞാമതി മാക്സിമം ദൂരം പോകും എന്ന് പഠിച്ചതുകൊണ്ട് ഒരുത്തനും ജാവലിന് ത്രോ സ്പെഷലിസ്റ്റാവൂല, അതിന് ആദ്യം ആ സാധനം പിടിക്കാനറിയണം!

പാമരന്‍ said...

:)

ജിവി/JiVi said...

ഇത്തരം സി ഇ എമാര്‍ ഏതായാലും സ്റ്റാഫിനെ സംബന്ധിച്ച് നല്ലതാണെന്ന് തോനുന്നു. അക്കൌണ്ടന്റ് എന്നും പറഞ്ഞ് ഡാറ്റാ എന്‍-ട്രിപ്പണിയും ചെയ്തിരിക്കുന്നവനൊക്കെ പന്ത്രണ്ടും പതിനഞ്ചും(ദിര്‍ഹംസ്) വാങ്ങാം.

ജിവി/JiVi said...

ഒരു അക്ഷരതെറ്റ്, സി ഇ എ അല്ല, സി ഇ ഒ.

:: VM :: said...

Clean ;)

Ashly said...

I liked the last line "ഇതൊക്കെ ഞങ്ങക്ക് അരി വാങ്ങിക്കാനുള്ള കാശിന്‌ ഓരോരുത്തര്‌ കണ്ടുപിടിച്ച് വച്ചേക്കുന്നതല്ലേ"!!!!

അരവിന്ദ് :: aravind said...

ആന്റണിച്ചായ
കാര്യങ്ങള്‍ ഇത്ര നിസാരമായി പറഞ്ഞതിന് അഭിനന്ദനങ്ങള്‍!

ഗ്രേറ്റ് മാന്‍ തിയറിയും ഗ്രേറ്റ് ട്രെയ്‌റ്റ്സ് തിയറിയും രണ്ടും ഉണ്ട്.
ജന്മനാലേ കഴിവുള്ളവന്‍ ലീഡര്‍മാരാണ് ആവുക. ഹാര്‍‌വാര്‍ഡിലും മറ്റും പോയി പഠിച്ചിറങ്ങുന്നവന്‍ നല്ല മാനേജരാകും. ബില്‍ ഗ്റ്റ്സ് ലീഡറാണ്..ലാറി പേജും സെര്‍‌ജി ബ്രിന്നും ആണ്, റ്റാറ്റയും ബിര്‍ളയും, ജാക്ക് വെല്‍ചും, മുഹമ്മദ് യൂസുഫും, വടിയായ അംബാനിയും ആണ്. എന്നാല്‍ സ്റ്റീവ് ജോബ്‌സ് മാനേജരാണ് (ഇതിന് കട്ട അടി ഇപ്പോഴും നടക്കുന്നുണ്ട്, അല്ല, പുള്ളി ലീഡറാണ് എന്ന് പറഞ്ഞ്), എറിക് ഷ്മിറ്റും, ജെഫ് ഇമ്മല്‍റ്റും, സ്റ്റീവ് ബാള്‍മറും, വീ ഗാര്‍ഡ് ഔസേപ്പച്ചനും, കുഞ്ഞംബാനികളും നല്ല മാനേജര്‍മാരാണ്..
വരൂ നിങ്ങളെ ലീഡറാക്കാം എന്ന് പറഞ്ഞ് ഒരു ബിസിനസ്സ് സ്കൂളും ആളെപ്പിടിക്കുമെന്ന് തോന്നുന്നില്ല. വരൂ നല്ല മാനേജര്‍മാരാക്കാം, കഴിവുണ്ടെങ്കില്‍ നീ വലിയ ലീഡറുമാകും (ഓ പിന്നെ എങ്കില്‍ നീയിവിടെ വരുമോ എന്ന് മനസ്സില്‍) പറയുന്നവര്‍ ധാരാളമുണ്ട്.

പിന്നെ പിക്കാസോ പെയിന്റിംഗ് നല്ല ഇന്‍‌വെസ്റ്റ്മെന്റല്ലേ? ബാങ്കറപ്സി ആകുവാണേല്‍ വല്ല ചില്ലറയും അതിനു തടയും.

ബോര്‍ഡിന്റെ നട്ടെല്ലില്ലായ്മക്ക് ഗവേര്‍ണന്‍സിന്റെ കുഴപ്പങ്ങളെക്കുറിച്ച് നല്ലൊരു ലേഖനം വായിച്ചതോര്‍ക്കുന്നു. സി ഇ ഓയെ കെട്ടഴിച്ചു വിടാന്‍ ബോര്‍ഡുകള്‍ക്ക് മടിയില്ലാത്തതിന്റെ ചില കാരണങ്ങള്‍
൧. ഈ സി ഇ ഓ ആയിരിക്കും മിക്കവാറും കമ്പനിയുടെ ഉടമസ്ഥന്‍. അല്ലെങ്കില്‍ വലിയ ഒരു റ്റേണ്‍ എറൊഉണ്ട് നടത്തിയ സൂപ്പര്‍ ഹീറോ. എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആയിരിക്കും ഇയാള്‍. പിന്നെ പറയണോ..ബോര്‍ഡില്‍ മുഴുവനും സില്‍ബന്തികളായിരിക്കും.
൨. നല്ല വെ‌വരമുള്ളവരെ കിട്ടാനില്ല. ഒരാള് തന്നെ പത്ത് ബോര്‍ഡില്‍ അംഗമായിരിക്കും...ശ്രദ്ധിക്കാന്‍ എവിടെ നേരം! അഞ്ച് മിനിട്ട് വെച്ച് ഒരു കമ്പനിക്ക് കൊടുക്കും. കണ്ട അണ്ടനേം അടകോടനേം ബോര്‍ഡില്‍ വയ്കാനും പറ്റില്ല, കഴിവുള്ളോര്‍ കുറവാണ്, ഉള്ളവര്‍ക്ക് സമയവും കുറവാണ്.
൩. adversarial position w rt the executive സി ഇ ഓ വിചാരിക്കും, ഈ മന്തന്മാര്‍ അങ്ങനെ എല്ലാ വിവരവും അറിയേണ്ട, ഞാന്‍ പിന്നെ എന്നാത്തിനാ..അതുകൊണ്ട് അധികം ഒന്നും പറഞ്ഞ് കൊടുക്കില്ല, മറിച്ച് ബോര്‍ഡിനും എന്താണ് ചോദിക്കേണ്ടത് എന്നറിഞ്ഞൂട. ചക്ക ചോദിച്ചാല്‍ മാങ്ങ കിട്ടും, പിന്നെ അതിന്റെ പിന്നാലെ നടക്കണം, ഒന്നും ചോദിച്ചില്ലേല്‍ അത്രേം സമാധാനം.
൪. നല്ല ലെജിസ്ലേഷന്‍ ഇല്ല. ബോര്‍ഡിലെ അംഗങ്ങള്‍ കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയാല്‍ പോലും ശിക്ഷിക്കാന്‍ മിക്ക രാജ്യങ്ങളിലും നിയമമില്ല. പിന്നെയെങ്ങനെ വലിയ കാര്യങ്ങളില്‍ ഇടപെടാന്‍ പറ്റും?
൫. എന്താണ് ചെയ്യേണ്ടതെന്നറിയില്ല.strategy execution supervision, risk management, leadership development, succession planning, reporting ഇതൊക്കെ ചെയ്താല്‍ മതി. പക്ഷേ മിക്ക ബോര്‍ഡുകളും strategy formation, operations, finance, capital allocation ഇതിലൊക്കെ വെറുതേ തലയിട്ടിരിക്കുകയാണ്..

പറഞ്ഞ് വന്നത് ഇന്നത്തെ പ്രശ്നങ്ങള്‍ കാരണം ഭാവിയില്‍ ആം‌ഗ്ലോ സാക്സണ്‍ ഗവേര്ണന്‍സ് മോഡലില്‍ നിന്ന് കോന്റിനെന്റല്‍ (രണ്ട് ബോര്‍ഡുകള്‍..ഒരു സൂപ്പര്‌വൈസറി, വിത്ത് എം‌പ്ലോയി പാര്‍ട്ടിസിപ്പേഷന്‍) മോഡലിലേക്ക് ഒരു ഷിഫ്റ്റ് ഉണ്ടെന്നും തോന്നുന്നു.

അരവിന്ദ് :: aravind said...

One more thing Anthonychaya

"Hindsight is a powerful science" alle? Munpu aareyum ithonnum parayaan kandilla..