(പലരും- രാധേയന്, വര്‍ക്കേര്‍സ് ഫോറം....- സംഗതി ഗൗരവമുള്ള ചര്‍ച്ചയായി കാണാന്‍ ആഗ്രഹിച്ചതുകൊണ്ട് നാലുവരി എഴുതാനൊരു ശ്രമം. എത്ര എഴുതിയാലും തീരുകയൊന്നുമില്ല, എങ്കിലും ഖണ്ഡശ്ശ ഒരു കണ്ണശ്ശരാമായണം. )
വാണിജ്യ ചാക്രിക ചലനം ഒരു ബൂമില് നിന്നും ഒരു ഡിപ്രഷനിലേക്കും മറിച്ചും നടന്നുകൊണ്ടേയിരിക്കും അതിനെ ഒഴിവാക്കാന്‍ കഴിയില്ല എന്നത് മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രത്തിലും നീയോക്യാപിറ്റലിസ്റ്റ് അര്‍ത്ഥശാസ്ത്രത്തിലും ഒരുപോലെ വരുന്ന കാര്യങ്ങളിലൊന്നാണ്. വത്യാസം മാര്‍ക്സ അനിവാര്യമായ ചാക്രിക ചലനങ്ങളുടെ ആക്കം കുറയ്ക്കുന്നതെങ്ങനെ എന്നൊന്നും ആലോചിച്ച് മിനക്കെട്ടില്ല എന്നതിലാവാം. കെയ്നീസ്യന്‍ ശാസ്ത്രജ്ഞര്‍ മഹാപതനങ്ങള്‍ സാധാരണ ചാക്രികഗതിയല്ലെന്നും കുറഞ്ഞപക്ഷം അവയെ ലഘുവാക്കാനെങ്കിലും ക്ഷേമരാഷ്ട്രങ്ങള്‍ക്ക് കഴിയേണ്ടതാണെന്നും ആശിച്ചു.
ബിസിനസ്സ് സൈക്കിളുകളെ കുറിച്ചുള്ള മാര്‍ക്സിയന്‍ വീക്ഷണം (പില്ക്കാല കെയ്നീസ്യന്‍ വീക്ഷണത്തിനും ഇതില്‍ നിന്നും വളരെ ദൂരെയല്ല) ലളിതമായി വിവരിച്ചാല്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും.
മൂലധനം>ഉല്‍പ്പന്നം>കൂടുതല്‍ മൂലധനം എന്നതാണ് വാണിജ്യ ലക്ഷ്യം, അതിനാലെ മൂലധനം ഏറ്റവും കൂടുതല്‍ മൂലധനത്തെ എങ്ങനെ കൊണ്ടുവരുന്നോ, അതിലേക്ക് സ്വാഭാവികമായി ഒഴുകും.
ഏതെങ്കിലും ഒരു രംഗം- ഐ ടി എന്നു വച്ചോളൂ, ഡിമാന്‍ഡിനു അനുസരിച്ച് ഉല്‍പ്പന്നം ലഭ്യമല്ലെന്ന് എവിടെയെങ്കിലും തിരിച്ചറിയുന്നു. വന്‍കിട സംരംഭങ്ങള്‍ ഐടിയില്‍ എമ്പാടും തുടങ്ങുകയായി. അവ അളവറ്റ ലാഭമുണ്ടാക്കുന്നു. ഐടി തൊഴിലാളികള്‍ക്ക് വന്‍ ആവശ്യം വരുന്നതോടെ ഐ ടി വേതന നിരക്കുകള്‍ കുതിച്ചുയരുന്നു. മറ്റുള്ള മേഘലകളില്‍ പോകേണ്ടിയിരുന്ന മുതല്‍മുടക്ക് ഒരിടത്തു വരുന്നതോടെ അത്തരം ജോലികള്‍ ചെയ്യുന്നവരില്‍ തൊഴിലില്ലായ്മയും അവ ഇനി കാര്‍ഷികമേഘലപോലെ അടിസ്ഥാന രംഗങ്ങളാണെങ്കില്‍ ഉത്പന്ന ദൗര്‍ലഭ്യവും ഉണ്ടാകുന്നു. ഒരു മേഘലയിലെ ബൂം (സെക്ടറല്‍ പുള്‍ ) മറ്റുമിക്കയിടങ്ങളിലും മാന്ദ്യത്തിനു കാരണമാവുന്നു. മൊത്തമായ വാണിജ്യമാന്ദ്യവും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഐടി തൊഴിലാളികളോട് കിടപിടിക്കാനാവാത്ത ഭൂരിപക്ഷ ഉപഭോക്താവും അതേ സമയം ഐ ടി മേഘലയില്‍
കിടമത്സരവും ഉയര്‍ന്ന വേതനവും കൂടി ഐ ടി വ്യവസായത്തിന്റെ ലാഭത്തെയും ഇല്ലാതെ ആക്കുന്നു. അങ്ങനെ ഒരു ഡിപ്രഷന് കാലം തുടങ്ങുകയായി.
ഇപ്പോള്‍ ഐടിയില്‍ ലാഭമൊന്നുമില്ലാത്തതുകൊണ്ട് മുതലാളിമാര്‍ മൂലധനം തിരിച്ചു വലിക്കുന്നു. ഐടിയിലെ തൊഴിലില്ലായ്മ നല്ലൊരു ശതമാനം തൊഴിലാളികളെയും മറ്റുമേഘലകളില്‍ കുറഞ്ഞ ശമ്പളത്തില്‍ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാക്കുന്നു. മുടക്കപ്പെടാത്ത മൂലധനം, കുറഞ്ഞ ചിലവിലെ വേതനം, കുറഞ്ഞ ഉത്പാദനം, കൂടുതല്‍ ആവശ്യം. മറ്റൊരു ബൂം - ഒരു പക്ഷേ ടെലിക്കമ്യൂണിക്കേഷന്‍ ബൂം തുടങ്ങുകയായി. അങ്ങനെ ഒരു ബൂം ഡിപ്രഷന്റെയും ഒരു ഡിപ്രഷന് അടുത്ത ബൂമിന്റെയും വിത്തു പാകുന്നു.
താത്വിക തലത്തില്‍ ഏവരും അംഗീകരിക്കുന്ന സത്യമാണ് വാണിജ്യചക്രങ്ങളുടെ അനിവാര്യത. എന്നാല്‍ അസാധാരണ പതനങ്ങള്‍ ഉണ്ടാകുന്നത് അര്‍ത്ഥമിഥ്യകള്‍ മൂലമാണെന്നും ജാഗരൂകരായ സര്‍ക്കാരുകള്‍ക്ക് ഒഴിവാക്കാം എന്നുമാണ് നീയോക്ലാസിക്കല്‍ ക്യാപിറ്റലിസ്റ്റ് ഇക്കണോമിസ്റ്റുകള്‍ കരുതിപ്പോന്നത്. ഉദാഹരണത്തിനു ഐ ടി ബൂമില് തന്നെ തടയിടാമായിരുന്ന ഒരു ദുരന്തം, ഡോട്ട് കോം പതനം ഒഴിവാക്കേണ്ടിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു രീതിയിലെ ഇടപെടല്‍ സംഭവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഈയാണ്ടത്തെ മഹാപതനം ഒഴിവാക്കാമായിരുന്നു. കൃത്യമായ ലക്ഷണങ്ങള്‍ കാണിച്ചിട്ടും രാഷ്ട്രാധിപന്മാര്‍ കണ്ണടച്ചു കളയുക വഴി അങ്ങനെ ഒരു സാദ്ധ്യത ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് നഷ്ടപ്പെടുത്തിക്കളഞ്ഞു.
നിരവധി അര്‍ത്ഥമിഥ്യാ കുമിളകള്‍ (എക്കണോമിക്ക് ബബിള്‍സ്) പൊട്ടിമുളച്ചതില്‍ ഒരെണ്ണം പോലും പൊട്ടി ചലമൊലിക്കും മുന്നേ ആരും കണ്ടെന്ന് നടിച്ചില്ല. ഏറ്റവും വലിയ കുമിള- അമേരിക്കന്‍ വീടുവയ്പ്പ് ഭ്രാന്ത് തുടങ്ങിയത് ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്രോമില്‍ നിന്നാണ് (ഞാന്‍ ഒരു ഫ്ലാറ്റ് കാണുന്നു, അതിനു അഞ്ചു ലക്ഷം രൂപയേ മതിപ്പു വരൂ, എന്നാല്‍ പത്തു ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുണ്ട്, കാരണം വീടുവില കുതിച്ചുയരുന്ന സമയമാണ്. ഞാന്‍ അത് പത്തു ലക്ഷം രൂപയ്ക്ക് വാങ്ങിയാല്‍ ഞാന്‍ വിഢിയാണ്, പക്ഷേ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ എന്നെക്കാള്‍ വലിയൊരു വിഢി അത് പതിനഞ്ചു ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ തയ്യാറാകുമെന്നത് എന്നെ അത് വാങ്ങിക്കാന്‍ പ്രലോഭിപ്പിക്കുന്നു. ആ പതിനഞ്ചു ലക്ഷം രൂപക്കാരനോ, അവനെക്കാള്‍ വലിയ വിഢി ഇരുപതു ലക്ഷം രൂപയുമായി വരുന്നത് പ്രതീക്ഷിച്ചാണ് വാങ്ങുന്നത്. ഈ പിരാന്താണ് ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്റോം)
വീടു ഭ്രാന്ത് അമേരിക്കയില്‍ മൂത്തപ്പോള്‍ ബാങ്കുകള്‍ക്ക് കടം കൊടുക്കല്‍ ഭ്രാന്തും മൂത്തു. പുതിയൊരു രീതി തന്നെ ഉണ്ടായി- സബ് പ്രൈം ലെന്‍ഡിങ്ങ്. പേരു കേട്ടപ്പോള്‍ എന്തോ മഹാ സംഭവമാണെന്ന് കരുതിയോ? നാട്ടില്‍ ബ്ലേഡുകാര്‍ ചെയ്യുന്ന പണി തന്നെ ഇത്. ഒരുത്തന് ജൗളിക്കട നടത്തുന്നു, അവന് സ്വല്പ്പം നഷ്ടത്തിലാണ്, കൂടുതല്‍ സാധനം വിറ്റ് എങ്ങനെയെങ്കിലും കച്ചവടം കൂട്ടി രക്ഷപ്പെടാം എന്ന് ആ സാധു കരുതുന്നു. എന്നാല്‍ നഷ്ടക്കണക്കും കടവുമായി ബാങ്കില്‍ ചെന്നാല്‍ ഇനിയൊരു ലോണും അവനു കിട്ടില്ല, കാരണം അവന്റെ തിരിച്ചടയ്ക്കല്‍ ശേഷിയില്‍ ബാങ്കിനു ബോദ്ധ്യമില്ല. അപ്പോഴെത്തും ബ്ലേഡുകാരന്. കടയുടെ ആധാരമിങ്ങു തരൂ, ഞാന്‍ തരാം കടം. പലിശ കൂടും, ഞങ്ങള്‍ക്ക് റിസ്ക് കൂടുതലല്ലേ. തുണിക്കടക്കാരന് ബ്ലേഡില്‍ നിന്നു പലിശക്കെടുക്കുന്നു, ഉള്ള പണം കൊണ്ട് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ ശ്രമിക്കുന്നു. ഒരു ദിവസം നഷ്ടത്തില്‍ നിന്ന് അടുത്ത ദിവസം വന്‍ലാഭമൊന്നുമുണ്ടാക്കാന്‍ കഴിയില്ലല്ലോ. ഉള്ള ലാഭം ബ്ലേഡ് പലിശക്ക് പോലും തികയില്ല, കടം കുമിയുന്നു, കട ബ്ലേഡുകാരനാകുന്നു. ഇങ്ങനെ ശേഷിയില്ലാത്തവന്, പണ്ട് പാപ്പരായവന്, പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവന്‍, മദ്യാസക്തന് തുടങ്ങിയവരെ സബ്-പ്രൈം കാറ്റഗറിയില്‍ പെടുത്തുന്നു, അവന്റെ പലിശയല്പ്പം കൂട്ടി ലോണ്‍ ആ പണം കൊണ്ട് ഇന്‍ഷ്വറും ചെയ്ത് കടം കൊടുക്കുന്നു. അവനും വീടുപണി തുടങ്ങിക്കോളും, ഒരു ഗ്രേറ്റര്‍ ഫൂള്‍ എത്തുമെന്ന പ്രതീക്ഷയില്‍.
അടുത്തകാലത്തെ ബൂമിനിടെ മന:പൂര്‍വ്വം ഊതി വീര്‍പ്പിച്ച ഒന്നാമത്തെ കുമിളയായിരുന്നു സബ്-പ്രൈം ലെന്‍ഡിങ്ങ്. എന്നാല്‍ ഗ്രേറ്റര്‍ ഫൂളിനെ പ്രതീക്ഷിച്ച ഫൂളുകള്‍ ലോണടയ്ക്കാന്‍ വയ്യാതെ വന്നപ്പോള്‍ ഗ്രേറ്റസ്റ്റ് ഫൂള്‍ താന്‍ തന്നെ എന്നു തിരിച്ചറിഞ്ഞു. തവണകള്‍ മുടങ്ങി ജനതയാകെ പാപ്പരാകുമെന്ന് കണ്ടപ്പോള്‍ മാത്രം ഉണര്‍ന്ന ജോര്‍ജ്ജ് ബുഷ് കണ്ടത് പതിനാലു ട്രില്യണ്‍ ഭവനവായ്പയും ശരാശരി കുടുംബമൊന്നിനു പതിമ്മൂന്നു ക്രെഡിറ്റ് കാര്‍ഡുകളുമാണ്. അദ്ദേഹം ഭവനവായ്പ്പയ്ക്കു പരിധി ഏര്‍പ്പെടുത്തിയും പലിശാനിരക്ക് വെട്ടിക്കുറച്ചും കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്താമെന്ന് തീരുമാനിച്ചു.
മറ്റു പല കുമിളകള്‍ക്കും നടുവില്‍ വച്ചായിരുന്നു ഭവനവായ്പ്പാ കുമിളയുടെ ചലം പൊട്ടിയത്. തവണകള്‍ മുടങ്ങുന്നൊപ്പം പലിശ സര്‍ക്കാര്‍ കുറച്ചു, നാടു നീളെ കടങ്ങള്‍ മുടങ്ങിയപ്പോല്‍ ലോണ്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്ന അണ്ടര്‍റൈറ്റര്‍മാര്‍ തകര്‍ന്നു. സകല ബാങ്കുകളും പരസ്പരം ഇടപാടുകള്‍ നടത്തിക്കൊണ്ടേ ഇരിക്കുന്നതിനാല്‍ ആദ്യ വീഴ്ച വീണ നോര്‍ത്തേണ്‍ റോക്ക് ഒരു വന്‍ ഡൊമിനോ ഇഫക്റ്റ് (ചീട്ടു കൊട്ടാരം വീഴല്‍) തുടങ്ങി.
ഒരു പൂര്‍ണ്ണ ചിത്രമാകണമെങ്കില്‍ ഇനിയും അദ്ധ്യായങ്ങള്‍ എഴുതേണ്ടിവരും. സബ്-പ്രൈം ലോണ്‍ മാത്രമല്ല സാമ്പത്തിക പ്രതിസന്ധിക്ക് കാരണഭൂതം. സമയലഭ്യതയനുസരിച്ച് തുടരാം.
6 comments:
കൊള്ളാം. വര്‍ക്കേഴ്സ് ഫോറം, രാധേയന് തുടങ്ങിയവര്‍ ചോയിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടീല്ലേലും വേറെ കുറെ ഉത്തരങ്ങള്‍ മനസിലായി.
തുടരുക.അനുയോജ്യമായ സമയത്ത് വീണ്ടും ചോദ്യങ്ങളുമായി വരാം.
ശ്രദ്ധാപൂര്‍വം വായിക്കുന്നുണ്ട്
തുടരുക,
വളരെ ലളിതമായി ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന് പ്രത്യേക നന്ദി
കൊള്ളാം തുടരന് കാത്തിരിക്കുന്നു..
"മിഡ് & അപ്പര്‍ മിഡില്‍ ക്ലാസ്സ് ഫാമിലിക്ക് ഒരു സാധാ (പോഷ് അല്ല) ഏരിയയില്‍ ഒരു 3-4 ബെഡ്രൂം സാധാ വീട് വാങ്ങാന്‍ (വിലക്കൂടുതല്‍ കൊണ്ടു ) എപ്പോള്‍ പറ്റാതെ വരുന്നോ അപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബബിള്‍ തുടങ്ങി എന്ന് കരുതുക" എന്ന് എവിടെയോ വായിച്ചിരുന്നതോര്‍ക്കുന്നു (വീട് വാങ്ങാന്‍ ഓടി നടന്നിരുന്നപ്പോള്‍!).
ഏതായാലും തുടരന് പോരട്ടെ!
http://janayugom.wordpress.com/2008/11/02/chidambaram/
ബന്ധപ്പെട്ട ലേഖനം-പ്രസക്തമെന്ന് തോന്നുന്നത്
Post a Comment