മുള്ളന്റെ പോസ്റ്റില്‍ എതിരേട്ടനിട്ട ശ്ലോകത്തില്‍ വാല്മീകിയുടെ രാമനോട് കബന്ധാ സിംഗ് പറയുന്നു പമ്പയില്‍ രോഹിതം, വക്രതുണ്ഡം, നളമീന്‍ എന്നിവ ഉണ്ടെന്നും പൊരിച്ചു തിന്നാന്‍ കേമമാണെന്നും.
(പാവം വാല്‍ജീ ജൈന-ബുദ്ധാദി മതങ്ങള്‍ അഹിംസയുമായി വരുന്നതിനു മുന്നേ ജീവിച്ചിരുന്നതാണല്ലോ, പുള്ളി കപ്പയും മീന്‍ കറിയും അടിക്കുന്ന ടീമിലായിരുന്നു. പക്ഷേ എഴ്ശ്ശന് കിളിയുടെ പാട്ട് സെന്‍സര്‍ ചെയ്ത് രാമനെ ലാക്റ്റോ വെജന്‍ ആക്കിയെന്നും കാണുന്നു, അതു പോട്ടെ)
പമ്പയിലെ രോഹിതം നമ്മുടെ രോഹു മീന്‍ ആയിരിക്കണം, ഷാജഹാന് ഷാജു ആകുന്നതുപോലെ. രോഹുവിന്റെ ശാസ്ത്രനാമവും labeo rohita എന്നാണല്ലോ. വക്രതുണ്ഡമെന്ന് പറയാന്‍ മീന്‍ കാര്‍ സ്വല്പ്പം പാടുപെടും അതുകൊണ്ട് വേറേ വല്ല പേരും ഇട്ടുകാണും. നളമീന്‍ നല്ല പേര്. വംശനാശം സംഭവിച്ചതാണോ എന്തോ.
മിസ് കേരള എന്നു കേട്ടിട്ടുണ്ടോ? ദയവായി ഗൂഗിളില്‍ തിരയരുത്, ഒന്നുകില്‍ ഉല്‍സവപ്പറമ്പില്‍ കിട്ടുന്ന ബാലേക്കരുടെ കണ്ണാടിച്ചില്ല് പതിച്ച ബോ തലയില്‍ വച്ച മലയാളിപ്പെണ്ണിന്റെ ചിത്രം കിട്ടും, അല്ലെങ്കില്‍ നീലച്ചിത്രത്തിന്റെ ക്ലിപ്പിങ്ങിലേക്ക് ലിങ്ക് കിട്ടും. തിരയുമ്പോള്‍ അതിന്റെ ശാസ്ത്രീയമായ പേര് puntius denisonii കൊടുത്ത് അന്വേഷിക്കണം. നിരുപദ്രവിയായ ഈ ചെറു ബാര്‍ബ് ആര്‍ക്കും ഒരു ശല്യവും ചെയ്യാതെ അച്ചന് കോവിലാറ്റിലും പെരിയാറിലും ജീവിച്ചു പോരുകയായിരുന്നു. അപ്പോഴല്ലേ ഇത്രയും ഭംഗിയുള്ള ഇതിനെ പിടിച്ച് അക്വേറിയം സൂക്ഷിക്കുന്നവര്‍ക്ക് വിറ്റാല്‍ ഒന്നിന് ആയിരമെങ്കിലും വച്ച് കിട്ടുമെന്ന്. പെണ് വാണിഭത്തിനുണ്ടോ ഇത്രയും സ്കോപ്പ്. ആളുകള്‍ ആറ് അരിച്ചു തീര്‍ത്തു. മിസ് കേരളമെന്ന് ഒരു പേരും ഇട്ടു. മീനിനാണെങ്കില്‍ ടാങ്കില്‍ മുട്ട വിരിയിക്കാന്‍ ഒട്ടു കഴിഞ്ഞുമില്ല. അങ്ങനെ മിസ് കേരള മിസ്സിങ്ങ് ഇന്‍ കേരള ആയി തുടങ്ങി. ബ്രിട്ടണ്, ഇസ്രയേല്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിനെ മീന്‍ ഗവേഷകര്‍ ഇവളെ ടാങ്കിലൊന്ന് മുട്ടയിടീക്കാന്‍ പതിനെട്ടടവും പമ്പരമുറയും പയറ്റി.
http://www.hindu.com/2004/12/25/stories/2004122504930500.htm
ങേ ഹേ. കൊല്ലം നാലു കഴിഞ്ഞിട്ടും മിസ് കേരളയ്ക്കു പള്ള തള്ളിയില്ല പുള്ളേ. തള്ളേ! കേരളസുന്ദരി വംശനാശത്തിലേക്ക് അടുത്തു. അവളുടെ യുഗം കഴിയുകയാണെന്ന് കരുതിയോ. ഛേയ്, നാട്ടില്‍ ഒരുത്തനും അറിഞ്ഞില്ലെങ്കിലെന്താ, ആണുങ്ങള് പാണ്ടിനാട്ടില്‍ ഉണ്ട്.
ചെന്നെയിലെ രണ്ട് മീന്‍ പുലികള്‍ രബി വെങ്കടേശും മുരളിയും തങ്ങളുടെ വീട്ടില്‍ നൂറുകണക്കിന്നു മിസ് കേരളമാരെ വിരിയിക്കുകയാണ്. ദാ കണ്ട് ആര്‍മ്മാദിക്കുക, ഒരു ഞുണുക്ക് പണി, ചെറിയ ഹോര്‍മോണ്‍ ചികിത്സ, മിസിസ് കേരളമാര് മുട്ട ഇടുന്നെന്ന് പറഞ്ഞാല്‍ പോരാ, എറിഞ്ഞിടുന്നെന്ന് പറയണം.
http://www.hindu.com/2008/10/16/stories/2008101652790400.htm
കസ്തൂരി പാരയായ മാനിനെപ്പോലെ സൗന്ദര്യം ഭീഷണിയായ മിസ് കേരളയുടെ കഥ അങ്ങനെ ഹാപ്പി എന്‍ഡിങ്ങ് ആയേക്കാം. പക്ഷേ കേരളത്തിലെ പുഴകളില്‍ എന്‍ഡെമിക്ക് ആയിപ്പോയവര്‍, അതിലും കഷ്ടം ഒരൊറ്റപ്പുഴയല് മാത്രം കാണപ്പെടുന്ന മത്സ്യങ്ങള്‍ മണല്‍ വാരലും വിഷവും വറ്റിവരളലും ഒക്കെ കൂടുമ്പോള്‍ ഏതു നിമിഷവും തുടച്ചു മാറ്റപ്പെട്ടേക്കാം.
ചില എന്‍ഡെമിക്ക് മീനുകള്‍
കല്‍വേലി - Homaloptera menoni - മേനോന് ചേട്ടന് സൈലന്റ് വാലിയില്‍ മാത്രമേയുള്ളു
കരിംപാച്ചി -crossocheilus periyarensis - പേരില്‍ തന്നെ ഉണ്ട് പ്രശ്നവും, അവന് പെരിയാറില്‍ മാത്രമേയുള്ളു.
പുലിവാക -Channa micropeltes - ഇന്ത്യയില്‍ കാണുന്ന ഇനം പമ്പയില്‍ മാത്രം.
കൊയ്ത - Nemacheilus keralensis - മനസ്സിലായല്ലോ, ആളു കേരളക്കാരനാണ്
കല്ലുനക്കി -Garra surendranathanii - സുരേന്ദ്രനാഥന്‍ സാര്‍ പെരിയാറ്റില്‍ മാത്രം
ബ്രാഹ്മണം കെണ്ട - lepidopygopsis typus - നിലനില്‍പ്പ് പരുങ്ങലിലായിരിക്കുകയാണ് ഈ പെരിയാര്‍ വാസിയുടെ.
അങ്ങനെ നിരവധി പേര് നമ്മുടെ നദികളെ പ്രപഞ്ചമാക്കി ജീവിക്കുന്നു. എന്‍ഡെമിക്ക് ആയിപ്പോകുക ഒരു ഗതികേടാണ്. എണ്ണത്തില്‍ കുറഞ്ഞു പോകുക അടുത്ത ഗതികേട്. ഉള്ള വാസസ്ഥലവും മണലൂറ്റിയും കാടുവെട്ടിയും വിഷം കലര്‍ത്തിയും തകര്‍ക്കുകയും കൂടി ചെയ്താലോ?
എനിക്കറിയാന്മേലാ മനുഷ്യന് അന്യം നിന്നു പോകാന്‍ എത്ര ജന്തുക്കള്‍ അവനവന്റെ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുകയാണെന്ന്.
16 comments:
എനിക്കും അറിയാന്മേല ആ പ്രാർത്ഥന ചെറിയപ്രാണികളുടെ ദൈവങ്ങൾ കേൾക്കുന്നില്ലേ എന്തോ!
കല്ലുനക്കി എന്ന ചെറുമീൻ പെരിയാറിൽ മാത്രമാണോ ഉള്ളത്..കല്ലൊട്ടി എന്നപേരിൽ ഞങ്ങളുടെ നാട്ടിൽ നെയ്യാറിന്റെ കൈത്തോടുകളിലെല്ലാം ഉള്ളതാണ് ആ മീൻ.അക്വേറിയത്തിൽ പിടിച്ചിട്ടാലും വലിയ പ്രശ്നമില്ലാതെ ജീവിച്ചോളും ആശാൻ.പൊരിച്ചാലും വലിയ രുചിയൊന്നുമില്ല അതുകൊണ്ട് പിടിച്ചു നിൽക്കുന്നു.
സാരമില്ല കാരി,കൊട്ടി,ആരൽ(വരാൽ അല്ല) ഇങ്ങനെ ധാരാളം മീനുകളെ ഇപ്പോൾ കാലപുരിക്കയച്ചു കഴിഞ്ഞു ഞങ്ങൾ ..
പരിശ്രമം ചെയ്യുകിലെന്തിനേയും
‘പിടിച്ചു തിന്നാൻ‘ കഴിവുള്ളവണ്ണം
ദീര്ഘങ്ങളാം കൈകളെ നല്കിയത്രേ
മനുഷ്യനെപ്പാരിലയച്ചതീശൻ...
എന്ന് ഞങ്ങൾക്കറിയാം.
കേരളത്തിലെ പുഴകളിലും കാടുകളിലും ഇനിയും കണ്ടു പിടിച്ച് പേരിട്ടിട്ടില്ലാത്ത അനേകം ജീവികള്‍ ഉണ്ട്. ശംഖുമുഖത്തെ Aquatic Biology Research Center ല്‍ പല ജലജീവികളേയും കണ്ടുപിടിച്ച് പേര് ഇട്ടിരുന്നു. സ്പീഷീസ് പേര് (രണ്ടാമതു വരുന്ന പേര്) ഇടുമ്പോള്‍ ചില സ്വാതന്ത്ര്യങ്ങളുണ്ട്. ആ ജീവിയുടെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വാക്കു കണ്ടു പിടിയ്ക്കാനും പ്രയാസമാണ്. സ്വന്തം പെര് ചേര്‍ക്കുക പതിവായി. മേനോനും സുരേന്ദ്രനാഥും ഒക്കെ ഇങ്ങനെ സ്പീഷീസ് പേര് ആയി. ഹോറക്ലൈനസ് കൃഷ്ണാനി ഞങ്ങള്‍ക്കു ക്ലാസെടുത്തിരുന്ന കൃഷ്ണന് നായര്‍ സാര്‍ കണ്ടു പിടിച്ച ചെമ്മീന്‍ വംശത്തില്‍ പെടുന്ന ഒരു ജീവി.
നാസികാബ്രാക്കസ് സഹ്യാദ്രിയെന്‍സിസ് (Nasikabrachus sahyadriyensis) ഈയിടെ കണ്ടുപിടിച്ച മൂക്കു നീണ്ട മണ്ണുതുരക്കുന്ന തവള. കട്ടപ്പനയില്‍ നിന്നും ബിജു നായര്‍ക്കു കിട്ടിയത്. Continental drift ന്റെ തെളിവുകളുമായാണ് ഈ നീലത്തവള ഒളിച്ചുപാര്‍ക്കുന്നത്. നേചര്‍ മാഗസീന് പ്രത്യേകം റിപ്പോര്‍ട് ഇട്ടിരുന്നു. കുറിഞ്ഞി ഓണ്‍ലൈനില്‍ ഇതേക്കുറിച്ച് എഴുതിയിരുന്നു.
റബര്‍ മരങ്ങളുടെ വേരില്‍ നിന്നും കറയോ മറ്റൊ ഒഴുകി വീഴുന്നുണ്ട് തോടുകളിലേക്ക്. ചിലര്‍ക്ക് അലര്‍ജി വരാറുണ്ട് തോട്ടില്‍ കുളിച്ചാല്‍. പലതരം മീനുകളേയും ഇപ്പോള്‍ കാണാറില്ലെന്നു നാട്ടുകാര്‍ പറയുന്നു.
അന്തോണിച്ചാ,ചെമ്പല്ലി എന്ന് പേരുള്ള കായല്‍ മത്സ്യം കണ്ടു കിട്ടാനുണ്ടോ? പണ്ട് കുളത്തിലും മറ്റും നിറയെ ഉണ്ടായിരുന്ന ഈ സാധനം ഇപ്പോള്‍ ഷാപ്പില് പോലുമങ്ങനെ കാണുന്നില്ല.വറുത്ത് തിന്നാന്‍ പറ്റിയ സാധനം.
ബയോ-ടെക്നോളജി കൊണ്ട് ഇങ്ങനെ ചില പ്രയോജനങ്ങളുമുണ്ടല്ലേ?
“പാവം വാല്‍ജീ ജൈന-ബുദ്ധാദി മതങ്ങള്‍ അഹിംസയുമായി വരുന്നതിനു മുന്നേ ജീവിച്ചിരുന്നതാണല്ലോ, പുള്ളി കപ്പയും മീന്‍ കറിയും അടിക്കുന്ന ടീമിലായിരുന്നു. പക്ഷേ എഴ്ശ്ശന് കിളിയുടെ പാട്ട് സെന്‍സര്‍ ചെയ്ത് രാമനെ ലാക്റ്റോ വെജന്‍ ആക്കിയെന്നും കാണുന്നു, അതു പോട്ടെ)”
ശ്രീകൃഷ്ണനെ കുറിച്ചുള്ള കൃഷ്ണപക്ഷം എന്ന നോവലില്‍ ഭഗവാന് മാനിറച്ചിയും മധുപാനവും വളരെ ആസ്വദിച്ചിരുന്നതായി പറയുന്നു.അതായിരിക്കണം സത്യം അല്ലേ
സൌന്ദര്യം ഉള്ള മീനുകള്‍ രക്ഷപെട്ടേക്കാം. പക്ഷെ പാവം വിരൂപരുടെ കാര്യം പോക്ക് തന്നെ! കഷ്ടം!
മിസ് കേരളയേക്കാള്‍ (ചോരക്കണ്ണിയെക്കാള്) സുന്ദരന്മാരും സുന്ദരികളും വേറേയുമുണ്ടെന്നു ലോക്കല്‍ മീന്‍ എന്സൈക്ലോപീഡിയയും മുക്കുവനും സര്‍വ്വോപരി മീന്‍ ബ്രീഡെറുമായ മത്തായി ചേട്ടന്! (കഴിഞ്ഞ അവധിക്കാലത്തെ ഒരു സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു.)
പിന്നെ കല്ലുനക്കിസുരേന്ദ്രന് സാര്‍ (ഞങ്ങളുടെ കല്ലേമുട്ടി) പെരിയാറ്റില്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കൂല്ലാ! ഞാന്‍ സമ്മതിച്ചാലും നമ്മുടെ രാജീവ് രാഘവന് (കേരളത്തിലെ മത്സ്യഗവേഷണത്തില് മറുകര കണ്ട ആ നല്ല മനുഷ്യന്) ഒട്ടും സമ്മതിക്കൂല്ല! നമ്മുടെ ചാലക്കുടി പുഴയിലും, അയ്യപ്പന് കോവിലാറ്റിലുമൊക്കെ ഇവരുണ്ടെന്നെ! ലിങ്ക് ചോദിക്കല്ലേ പ്ലീസ്!
പിന്നെ എതിരന്‍ പറഞ്ഞ കാര്യത്തില്‍ എനിക്ക് തോന്നുന്നത് റബ്ബറിനടിക്കുന്ന തുരിശ് (കോപ്പര്‍ സള്‍ഫേറ്റ്) ആണ് വില്ലന്‍ എന്നാണ്. എതിരന്‍ പാലായില്‍ ഊത്ത കയറുന്ന സമയത്തു ചെറിയ കൈത്തോടുകളില്‍ തുരിശ് കിഴി കെട്ടി പിടിച്ചിട്ടു താഴെ ചുമ്മാ ഒരു കുത്തുവലയും കുത്തി പിടിച്ചു പിള്ളേര് മീന്‍ പിടിക്കുന്നതൊന്നും കണ്ടിട്ടില്ലേ? തുരിശേറ്റ മീന്‍ അടിച്ച് പിരിഞ്ച് (നഞ്ച് ഏറ്റ പോലെ) താഴേക്കൊഴുകി ചുമ്മാ വന്നു വലയില്‍ കയറിക്കോളും! ഞങ്ങളുടെ നാട്ടിലൊന്നും പിള്ളേര് പണ്ടത്തെപ്പോലെ പനങ്കുരു ഇടിച്ചു പൊടിച്ചു നഞ്ചുണ്ടാക്കുന്നില്ലിപ്പോള്!
രാധേയന്‍ജീ, ചെമ്പല്ലി ഞങ്ങടെ ചാലിയാറില്‍ ഉണ്ട് ഇപ്പോഴും. (അല്ലേല്‍ ഉണ്ടായിരുന്നു.) ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ മൂന്നെണ്ണത്തിനെ പൊരിച്ചും കറിവെച്ചുമൊക്കെ അടിച്ചു. (ഇനി അവരു ലാസ്റ്റ് വണ്‍സ് ആരുന്നോന്നറീല്ലല്ലോ)..
:,
മാനത്തു കണ്ണി അഥവാ നെറ്റ്യാപൊട്ടനെ ഈ അടുത്തെങ്ങാനും കണ്ട വല്ലോരുമുണ്ടോ?
ഇന്നാണ് ഇങ്ങനെയൊരു പോസ്റ്റ് കണ്ടത്. ഈ മിസ് കേരളയെ ഞാന്‍ നേരത്തെ കണ്ടിരുന്നു. ഇവ ഇപ്പോഴും ചാലക്കുടി പുഴയില്‍ ഇപ്പോഴും ഉണ്ടെന്നാണ് അറിഞ്ഞത്. പിന്നെ കല്ലേമുട്ടിയെ ഞാന്ൊരു പോസ്റ്റില്‍ കാട്ടിയിരുന്നു. ഇത് തന്നെയല്ലേ എന്ന് നോക്കിക്കേ
..
ആ പോസ്റ്റിന്റെ ബാക്കിയായി ഞാന്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങിയിട്ടുണ്ട് . എനിക്കറിയാവുന്ന മീനുകളെ ഒക്കെ അതില്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്.
ഒരു തിരുത്ത്. കല്ലുനക്കിയും, കല്ലേമുട്ടി, അഥവാ കല്ലടമുട്ടിയും രണ്ടാണ്.
കല്ലേമുട്ടി എന്നു പറയുന്നത് തിരുവന്തോരത്തൊക്കെ കൈതക്കോര എന്നു പറയുന്ന സംഗതി അല്ലേ സനാതനാ, പാഞ്ചാലീ & അനില്‍ശ്രീ? ക്ലൈംബിങ്ങ് പേര്‍ച്ച് - ദേ ഇവന്?
http://habitatnews.nus.edu.sg/guidebooks/
freshfish/text/229a.htm
കല്ലൊട്ടി ദേ ഇവൻതന്നെ പക്ഷേ അവനാണോ കല്ലേ മുട്ടി എന്ന് പറയപ്പെടുന്നതെന്നറിയില്ല.കൈതക്കോരയെ അറിയില്ല.അനിൽ ശ്രീയുടെ പോസ്റ്റിലുള്ളവൻ അനബാസ്.....അവന് ഒരു അക്സസറി റെസ്പിറേറ്ററി ഓർഗൻ ഉണ്ട്..ഒരു വായുച്ചാക്ക് അതുകൊണ്ടാണ് ആശാൻ കരയിൽക്കൂടെ നടക്കുന്നത്..നടക്കുന്ന വേറെയും ചിലരുണ്ട്.നെടുമീൻ എന്നൊരാൾ കോഴിക്കൂടിൽ വരെ കേറുമെന്ന് കേട്ടിട്ടുണ്ട്..സത്യമോ എന്തോ
അതു തന്നെ.. എന്റെ മകന്റെ കയ്യില്‍ ഇരുക്കുന്നവന്‍ അവന് തന്നെ... കല്ലടമുട്ടി..
സനാതനന് കാണിച്ചിരുന്ന മീനാണ് ഞാനുദ്ദേശിച്ച കല്ലേമുട്ടി. അനിലിന്റെ മോന് പിടിച്ചിരിക്കുന്നത് അതാണോ എന്ന് സംശയമുണ്ട്! അന്തോണി കാണിച്ചതും അനിലിന്റെ മോന് പിടിച്ചിരിക്കുന്നതും ഒരേ മീനാണെന്ന് തോന്നുന്നു.
എനിക്ക് തോന്നുന്നത് അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങളുള്ള "ഗാര" കുടുംബത്തിലെ മീനുകളാണിവ രണ്ടുമെന്നാണ്.
"മനഞ്ഞില്" എന്ന് ഞങ്ങളുടെ നാട്ടില്‍ വിളിക്കുന്ന "ഈല്‍" വിഭാഗത്തില്‍ പെട്ട ഒരു മീന്‍ (ഏതാണ്ട് പാമ്പ് പോലെയിരിക്കുന്ന മീന്‍ ) കരയില്‍ കയറി അല്‍പ്പം സവാരിയൊക്കെ നടത്തും (തുമരയില്‍ കയറി തുമരയ്ക്ക തിന്നുന്നത് കണ്ടിട്ടുണ്ടെന്ന് നാട്ടിലെ തള്ള് വീരന്!). ഞങ്ങളുടെ ആരോന്‍, കുറുവ, കൂരല്, ചൊവ്വാലി, പൂളോന്‍, വാള എന്നീ മീനുകള്‍ക്കൊക്കെ ഓരോ സ്ഥലത്തും ഓരോ പേരുകളായിരിക്കുമല്ലൊ! നാടന്‍ മത്സ്യങ്ങളുടെ ചിത്ര സഹിതമുള്ള ഒരു നല്ല ഡാറ്റ ബേസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു പോകുന്നു!
മനഞ്ഞിൽ തന്നെയാണ് നെടുമീൻ എന്നും പറയുന്നത്.വിശന്നാൽ കണ്ണുകാണാത്ത മണ്ടനാണ് ആൾ.ഒരേ ചൂണ്ടലിൽ തന്നെ പലപ്രാവശ്യം കുടുങ്ങി രക്ഷപ്പെട്ടാലും വീണ്ടും കുടുങ്ങുന്നവൻ.
മീൻ ഡാറ്റാബേസിനെക്കുറിച്ച് ഞാനീയിടെ ഉന്മേഷിനോട് വെറുതേ സൂചിപ്പിച്ചതേയുള്ളു.മീൻ ഡാറ്റാബേസ് എന്നതിനേക്കാൾ ചെറുജീവികളുടെ ഒക്കെ ഡാറ്റാബേസ് :)
ബ്ലോഗിലെ ഫോട്ടോ വീരന്മാരെയൊക്കെ ഒരു പ്രദേശത്ത് ലാൻഡ് ചെയ്യിച്ചിട്ട് രണ്ടുദിവസത്തേക്ക് അഴിച്ചുവിട്ടാൽ പടത്തിന്റെ കാര്യത്തിൽ സംഗതി ക്ലീൻ :)
http://ml.wikipedia.org/wiki/List_of_fishes_in_kerala
കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക.
പശ്ചിമഘട്ട ജൈവവൈവിധ്യമേഖലയിൽ കേരളത്തിലെ 44 നദികളിലും തണ്ണീർത്തടങ്ങളിലുമായി കാണപ്പെടുന്ന 210 ഇനം മത്സ്യങ്ങളിൽ 29 എണ്ണം തദ്ദേശീയമാണ്. ഇവയുടെ ശാസ്ത്രീയനാമം ഇവയെ കണ്ടെത്തിയ ഗവേഷകരുടെയോ ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളുടെയോ പേരുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ ഏറിയ പങ്കും പുഴകളിലും വനങ്ങളിലെ അരുവികളിലുമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ചിലയിനം കിണറുകളിലും ഉറവു ചാലുകളിലും മാത്രം വസിക്കുന്നവയാണ്.
Post a Comment