കഴിഞ്ഞ പോസ്റ്റില്‍ അബ്ദുല്‍ മജീദ് എഴുതി
"പണം ..ഷെയർ....മണ്ണാൺകട്ട...ഇന്ത്യ കുതിക്കുകയണത്രെ...ലോകത്തിലെ മൂന്നിൽ ഒരു ദരിദ്രൻ ഇന്ത്യക്കരനാണത്രെ....ആഖോഷിപ്പിൻ..ആഹ്ലാദിപ്പിൻ...."
പണം, ഷെയര്‍, ബാങ്ക്, വ്യവ്യസായം വിപണി> ഇതെല്ലാം ധനികനെ മാത്രം സംബന്ധിക്കുന്ന കാര്യങ്ങള്‍. ഒരു രാജ്യം അല്ലെങ്കില്‍ ലോകം ഇതിലിത്ര വ്യസനിക്കാന്‍ എന്തിരിക്കുന്നു? ഓഹരി വിപണിയിലേക്ക് ധനം പമ്പ് ചെയ്യുന്നതിനു പകരം അത് ഒന്നുമില്ലാത്തവര്‍ക്ക് വീതിച്ചു കൊടുത്താല്‍ ഒരു നേരം ആഹാരമെങ്കിലും കഴിക്കാമല്ലോ, ലോകം എത്ര ക്രൂരം എന്ന രീതിയില്‍ മറ്റൊരിടത്തും ആരോ എഴുതിക്കണ്ടു.
ലോകത്തിന്റെ സാമ്പത്തിക ചലനത്തെപ്പറ്റി ധാരണയില്ലെങ്കില്‍ ശരിയെന്ന് തോന്നും ഇതൊക്കെ. സത്യം നേരേ തിരിച്ചും.
റിസഷന് ഏറ്റവും ക്രൂരമായി ബാധിക്കുന്നത് പട്ടിണിക്കാരെയാണ്. ഒരു തിരപോലെ തുടങ്ങുന്ന അത് അവരുടെ അടുത്തെത്തുമ്പോഴേക്ക് സുനാമിയായിക്കഴിഞ്ഞിരിക്കും.
ഒരു സാമ്പത്തിക മാന്ദ്യം കൊണ്ട് ശരിക്കും എന്താണ് സംഭവിക്കുക? സമൂഹസിരയിലെ പണത്തിന്റെ അളവു കുറയും എന്നതിനെക്കാള്‍ അതിന്റെ ചംക്രമണം കുറയും. പുതിയ സംരംഭങ്ങള്‍ ഉണ്ടാകില്ല, പുതിയ കച്ചവടം ഉണ്ടാകില്ല, ലിക്വിഡിറ്റി നൂലാമാലയില്‍ കുരുങ്ങിയ ബാങ്കുകള്‍ വലിയ ലോണുകളും മറ്റും നല്‍കുന്നത് നിര്‍ത്തി വയ്ക്കും.
ആദ്യമായി കയ്യിലുള്ള മൂലധനം ആളുകള്‍ പിറകോട്ട് വലിക്കും. സര്‍ക്കാര്‍ റോഡു പണിയും കമ്പനികള്‍ വിദേശനിക്ഷേപങ്ങളും കുറയ്ക്കുമ്പോള്‍ ആദ്യമായി ദരിദ്രരല്ലാത്ത തൊഴിലാളികളില്‍ പലരും പട്ടിണിയിലാകും. ഉള്ളവര്‍ മുണ്ട് മുറുക്കിയുടുക്കാന്‍ ശീലിക്കുന്നതോടെ മാര്‍ക്കറ്റില്‍ കോഴിയിറച്ചിയും ബാറില്‍ സ്മാള്‍ വില്‍പ്പനയും സര്‍ക്കാര്‍ ലോട്ടറി വില്‍പ്പനയും മുതല്‍ സകലതും കുറയും. കൂടുതല്‍ ആളുകള്‍ നരകത്തിലായി. കേരളം പോലെ ചാരായ എക്സൈസും ലോട്ടറിക്കച്ചവടവുമായി നില്ക്കുന്ന സ്റ്റേറ്റുകള്‍ സകലമാന സിവില്‍ വര്‍ക്കും നടത്താന്‍ കാശില്ലാതെയാകും. ട്രെഷറിയില്‍ കോണ്ട്രാക്റ്റര്ക്ക് ചെക്കു മടങ്ങുമ്പോള്‍ അവന് പാപ്പരു ഹര്‍ജ്ജി നല്കി മാന്യനായി തന്നെ ഞെളിഞ്ഞു നടക്കും, റോഡു വെട്ടാന്‍ പോകുന്നവന് അരി വാങ്ങാന്‍ പണമില്ലാതെ വരും. അരിക്കച്ചവടക്കാരന് കുറഞ്ഞ വിലയ്ക്ക് അരി വില്ക്കാന് ശ്രമിക്കേണ്ടിവരും, ഇപ്പോള്‍ തന്നെ തൂങ്ങിച്ചാകുന്ന പാവം കര്‍ഷകനു പ്രതീക്ഷ പോലും നഷ്ടപ്പെട്ടു പോകും. കര്‍ഷകനു മീന്‍ വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ മീന്‍ കാരന് പട്ടിണിയിലാകും, മീന്‍ കാരന് അരി വാങ്ങാന്‍ കാശില്ലാതെയാകുമ്പോള്‍ കൃഷിക്കാരന്റെ പട്ടിണി വീണ്ടും വര്‍ദ്ധിക്കും. അങ്ങനെ കാരണവും ഫലവുമായി പട്ടിണി സ്വയം വളര്‍ത്താന്‍ തുടങ്ങും- സാമ്പത്തിക മാന്ദ്യത്തിന്റെ വിഷമവൃത്തത്തില്‍ ഒരിക്കല്‍ പെട്ടാല്‍ അത് ഒരു തല വെട്ടുമ്പോള്‍ പത്തു തല വളരുന്ന രാക്ഷസനായി ലോകത്തെയാകെ ക്ഷാമത്തിലാഴ്ത്തിക്കളയും. സമ്പത്ത് കയ്യിലുള്ളവന് അതു തീരും വരെ എങ്കിലും പിടിച്ചു നില്ക്കും, നിത്യക്കൂലി കൊണ്ട് നിത്യവൃത്തി നടത്തേണ്ട ഹതഭാഗ്യരോ? അവരുടെ കാര്യമാണ് ഏറ്റവും കഷ്ടത്തിലാകുക.
കൂനിന്റെ മുകളില്‍ കുരു എന്നു പറഞ്ഞതുപോലെ യുണൈറ്റഡ് നേഷന്‍ ക്രൈ യൂണിസെഫ് തുടങ്ങിയവയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഫണ്ട് ചെയ്യാന്‍ ആളില്ലാതെ നിഷ്ക്രിയമാകുകയും ചെയ്യുന്നതോടെ റിസഷന് അതിന്റെ ഉച്ചകോടി പ്രാപിക്കും.
മണ്ണാങ്കട്ടയല്ല അബ്ദുല്‍ മജീദ്, കോരന്റെ കഞ്ഞിയാണ് സ്റ്റേക്കില്‍.
റിസര്‍വ്വ് ബാങ്ക് കോടികള്‍ ധനവിതരണം നടത്തി, ഇതെടുത്ത് പവങ്ങള്‍ക്ക് വീതിച്ചു കൊടുക്കരുതോ എന്നു ചോദിച്ച സുഹൃത്ത് സര്‍ക്കാര്‍ കുറേ പൈസ കിഴി കെട്ടി ഓഹരി കച്ചവടക്കാര്‍ക്ക് നിങ്ങള്‍ ഇതില്‍ ഓരോ കിഴി എടുത്തുകൊള്ളൂ എന്നു പറയുകയാണെന്ന് ധരിച്ചിട്ടുണ്ടാവണം.
ലിക്വിഡിറ്റി പ്രശ്നം മൂലം വലയുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി കൈവശം വൈക്കേണ്ട മിനിമം തുകയുടെ അളവു കുറയ്ക്കുകയും ഇമ്മാതിരി അവസരങ്ങളില്‍ സെണ്ട്രല് ബാങ്ക് പരമാവധി നല്കുന്ന ഹൃസ്വകാല വായ്പ്പയുടെ അളവു കൂട്ടുകയും പലിശ കുറയ്ക്കുകയും മറ്റുമാണ് പൊതുധാരയിലേക്ക് പണം പമ്പ് ചെയ്തു കയറ്റി എന്നു പത്രങ്ങള്‍ പറയുന്ന ഈ പണി. അല്ലാതെ ചുമ്മാ കുറേ കാശെടുത്ത് ഒരു സര്‍ക്കാരും ആര്‍ക്കും നല്‍കില്ല. എന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ഇരട്ടി ആക്കി തന്നു എന്നു വച്ചാല്‍ ബാങ്ക് എനിക്ക് കുറേ ദാനം തന്നു എന്ന അര്‍ത്ഥത്തില്‍ കാണല്ലേ.
(ജയരാജാ, സണ്ണിക്കുട്ടന്റെ ആ ലിങ്കിനു നന്ദി. എന്തു ലളിതമായി സംഗതികള്‍ അവിടെ പറഞ്ഞരിക്കുന്നു)
24 comments:
ജയരാജാ, സണ്ണിക്കുട്ടന്റെ ആ ലിങ്കിനു നന്ദി. എന്തു ലളിതമായി സംഗതികള്‍ അവിടെ പറഞ്ഞരിക്കുന്നു -
അനോണിയണ്ണാ, എത്ര ലളിതമായി സംഗതികള്‍ ഇവിടെ താങ്കളും പറഞ്ഞിരിക്കുന്നു.
:)
എന്ത് ലളിതമായി എഴുതിയിരിക്കുന്നു. അതും യാതൊരു നാട്യവും കൂടാതെ. തുടര്‍ന്നും ഈ നിലവാരം കാത്തു സൂക്ഷിക്കൂ!!
അവസരോചിതമായ പോസ്റ്റ്.തുടർന്നും പ്രതീക്ഷിക്കുന്നു.
:)
മുടങ്ങാതെ വായിക്കുന്നുണ്ട്; തുടരൂ :)
haajar !
തുടരൂ....
താങ്കള്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു......
കാര്യങ്ങള്‍ ഇത്ര ലളിതമായി പറഞ്ഞ് തന്നതിന് നന്ദിയുണ്ട് അണ്ണാ..
ഇത്ര ലളിതമായും സാമ്പത്തികം പറഞ്ഞു തരാമല്ലോ. തുടരുക...
പ്രസക്തമയ പോസ്റ്റ്...ഷയരും എണ്ണയും ഒക്കെ എങ്ങീനെ സാധാരണക്കാരനെ ബാധിക്കും എന്ന് വളരെ ലളിതമായി എഴുതിയിരിക്കുന്നു. പലർക്കും ധാരണയുണ്ട് ആഗോള പ്രതിസന്ധി മുതലാളിമരെ മാത്രമേ ബാധിക്കൂ എന്ന്.അമേരിക്ക തകരുമ്പോൾ ആഗോള സാമ്പത്തീക ബീമന്മാർ തക്kഅരുന്നു തൊഴിളാളിവർഗ്ഗത്തിന്റെ വിജയം ആണിതെന്നും ഒക്കെ തെറ്റിദ്ധരിപ്പിക്കുവാൻ ചില മാധ്യമങ്ങളും ഉണ്ട്.ഇതുവായിക്കുന്ന അണികൾക്ക് ഈപോസ്റ്റ് ഒരു നല്ല അറിവു പകരും..
ഇനിയും എഴുതുക
യഥാര്‍ത്ത പണമായി കാണാനാവാത്ത ഊഹമൂലധനത്തിന്റെ മാറി മറിയലുകളല്ലേ യഥാര്‍ത്തത്തില്‍ ഷെയര്‍ മാര്‍ക്കറ്റുകളില്‍ നടക്കുന്നത്. ഷെയര്‍ മാര്‍ക്കറ്റുകളില്‍ ഒഴുകുന്ന പണം എവിടെയാണ് ഉല്പാദന പരമായ മേഖലയിലേക്ക് എത്തപ്പെടുന്നത്. തികച്ചും ചൂതാട്ടം എന്ന നിലക്കുള്ള ഈ ഊഹ മൂലധനത്തിന്റെ ക്രയവിക്രയങ്ങള്‍ അടുത്ത കാലം വരെ സാധാരണക്കaഅരനെ ബാധിച്ചിരുന്നില്ല. ഒരു കാലത്ത് സമ്പന്നര്‍ മാത്രം കളിച്ചിരുന്ന ഷെയര്‍ മാര്ക്കറ്റിലിന്ന് മധ്യ വര്‍ഗ്ഗക്കാരനും കളികന്‍ തുടങ്ങി. ഒരു തരത്തിലുമുള്ള ഈടുമില്ലാതെ വായ്പകള്‍ കൊടുത്തിരുന്ന ബാങ്കുകള്‍ പൊളിഞ്ഞ് പാളീസായി. ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച കേരളത്തില്‍ അടക്കമുള്ള മധ്യവര്‍ഗ്ഗത്തിന് കാശ് പോയി. ചുരുക്കത്തില്‍ അമേരിക്കയില്‍ അടക്കമുള്ള മുതലാളിത്ത കാട്ടാളന്മാരുടെ അടക്കം ശ്രമ ഫലമായി റിയല്‍ സ്റ്റേറ്റ് മാഫിയകള്‍ കൂണുപോലെ മുളച്ച് പൊങ്ങി. ഊതി വീര്‍പ്പിച്ച ഇത്തരം കുമിളകളില്‍ തട്ടി ലോക സാമ്പത്തിക രംഗം ഇപ്പോല്‍ അവതാളത്തിലുമായി. ഷെയര്‍ മാര്‍ക്കറ്റിലുള്ള ഈ തീ കളി ആരുടെ താല്പര്യഗ്ഗള് സംരക്ഷിക്കാനാണെന്ന് കൂടി ശ്രീ,ആന്റണി വിശദീകരിക്കണം.
ലൊകത്ത് ഒട്ടാകെയുള്ല റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അടക്കം നിക്ഷേപങ്ങള്‍ നടത്തി അവിടത്തെ ജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ പറ്റാത്ത വിധം കാര്യങ്ങള്‍ അവതാളത്തിലാക്കി. ഇനി പറയൂം ആന്റണി ഇതില്‍ ആര്‍ക്കാണ് മെച്ചമുണ്ടായത് ആര്‍ക്കാണ് നഷ്ടമുണ്ടായത് എന്ന്.
വിപണിയില്‍ നിന്നും പണം ആവിയായി പോയതല്ല.അങ്ങനെ ഒരിക്കലും സഭവിക്കാറുമില്ല. കഴിഞ്ഞ എതാനും വര്‍ഷമായിട്ടുണ്ടായിരുന്ന ഈ ബൂം തന്നെ വരാന്‍പോകുന്ന വലിയ തകര്ച്ചയിലേക്കുള്ല തുടക്കമായിരുന്നു.
ചുരുക്കത്തില്‍ സാധാരണക്കാരനെ ബാധിക്കേണ്ടതില്ലാതിരുന്ന ഇത്തരം കളികള്‍.അവനെ കൂടി ബാധിക്കുന്ന താരത്തിലേക്ക് എത്തിച്ചിരിക്കുന്നു,ഇന്ത്യയില്‍ അടക്കമുള്ള വിപ്പണി കേന്ദ്രീക്യ്ത സാമ്പത്തിക രംഗം.
“എത്ര പറ കൊയ്താലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ”
പ്രിയ ശ്രീ. ജോക്കര്‍,
ഷെയറുകളും ബാങ്കുകളും അടക്കം നിര്‍മ്മിത ധനവും (created money) സര്‍ക്കാര്‍ അച്ചടിച്ചു വയ്ക്കുന്ന പേപ്പര്‍ കറന്‍സി നോട്ടുകളും (fiat money) യഥാര്‍ത്ഥത്തിലില്ലെന്നും അത് ഒരു വിശ്വാസം മാത്രമാണെന്നും ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇവയുടെ വിലയില്‍ വരുന്ന മാറ്റത്തില്‍ നിന്നും ധനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഓഹരിക്കച്ചവടക്കാരും മണിമാര്‍ക്കറ്റ് പ്ലേയര്‍മാരും. രണ്ടുകൂട്ടരും അത്യാവശ്യം കയ്യില്‍ പണമുള്ളവരും അവശ്യമെങ്കിലും വിദ്യാഭ്യാസമുള്ളവരും എന്ന നിലയ്ക്ക് തങ്ങള്‍ എടുക്കുന്ന റിസ്ക് എന്തെന്ന് ബോദ്ധ്യം ഉള്ള കൂട്ടരും ആണ്. അതുകൊണ്ട് തന്നെ അവരുടെ ലാഭനഷ്ടങ്ങള്‍ക്ക് ആരും ചെവി കൊടുക്കേണ്ടതില്ല. ലാഭം ഉണ്ടാകുമ്പോള്‍ അത് വീതിച്ചു കൊടുക്കാന്‍ ബാധ്യത ഇല്ലാത്തവന് നഷ്ടമുണ്ടായാലും വീതിക്കാന്‍ ശ്രമിക്കരുതല്ലോ. ഈ പോസ്റ്റും ഓഹരിക്കച്ചവടക്കാരനുമായി ഒരു ബന്ധവുമില്ല, ലാഭവും റിസ്കും കയ്യോട് കൈ കോര്‍ത്തേ പോകുകയുള്ളു. വന്‍ ലാഭമുള്ള എന്തിലും വന്‍ റിസ്കുമുണ്ട് എന്നതാണ് ഏതു ക്രയവിക്രയത്തിന്റെയും ആദ്യപാഠം. ഈ കൂട്ടര് നമ്മുടെ പോസ്റ്റിന്റെ വിഷയമേ അല്ല. അവരായി അവരുടെ പാടായി.
ഒരു ബൂമും ശാശ്വതമല്ല. ഒരു ബൂം തുടങ്ങുന്നു, അതൊരു പീക്കില്‍ എത്തുന്നു അവിടെ നിന്നും താഴേക്ക് ഒരു ട്രഫില്‍ പതിക്കുന്നു, നാരായണത്തു ഭ്രാന്തന്റെ കല്ലു പോലെ. എന്നാല്‍ പൂജ്യത്തില്‍ നിന്നും നൂറെത്തിക്കഴിഞ്ഞാല് അത് വീഴുമ്പോള്‍ വീണ്ടും പൂജ്യത്തിലാകില്ല ഒരു പത്തിലോ ഇരുപതിലോ ആയിരിക്കും നില്ക്കുക. ഈ പൂജ്യം മുതല്‍ പത്തുവരെ മാത്രമാണ് സൈസ്റ്റെയിനബിള് ഗ്രോത്ത്. ഒരു ബൂമുണ്ടോ ഒരു ഡിപ്രഷനുണ്ടാകും ഒരു ഡിപ്രഷനുണ്ടോ ഒരു ബൂമുമുണ്ടാകും. എന്നതാണ് സാമ്പത്തിക തത്വം. ഇത് ഒരിക്കലും തെറ്റില്ല.
ഷെയറുകള്‍ ആവശ്യമാണോ എന്ന് ചോദിച്ചാല്‍ അതേ എന്നു പറയേണ്ടിവരും. വ്യവസായമേഘലയുടെ വളര്‍ച്ചയും മൂലധനം ഒരു മുതലാളിയില്‍ നിന്നും പലരിലേക്ക് വ്യാപിക്കലും ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ മേന്മയാണ്. മൂലധനം കൂടിക്കൂടി ഒടുവില്‍ അത് കുറച്ച് അണ്‍പ്രൊഡക്റ്റീവ് മലകള്‍ ആകുന്നതില്‍ നിന്നും രക്ഷിച്ചത് കമ്പനി എന്ന കണ്‍സപ്റ്റ് ആണ്. അതുപോലെ തന്നെ മൂലധനം ഉള്ളവന് അല്ലെങ്കില്‍ തൊഴിലാളിയില്‍ നിന്നും നാച്വറല്‍ സ്വത്തുക്കളില്‍ നിന്നും ആര്ജ്ജിച്ചവന് പ്രഭുവും പൂജ്യനുമൊന്നുമല്ല ഇന്ന്, അവന് പണക്കാരന് മാത്രമാണ് . കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വരെ നമുക്കുണ്ട്.
തീര്‍ച്ചയായും ഇതിന്റെ ഗുണങ്ങളില്‍ വലിയൊരു ഭാഗം കൊയ്യുന്നത് ധനികണാണ്. എന്നാല്‍ ദരിദ്രനും അത് പലവിധത്തില്‍ ഗുണം ചെയ്യുന്നു. ഒരിടത്ത് ഒരു വ്യവസായ സംരംഭം - സാധാരണക്കാരനു ഒരു ഗുണവുമില്ലാത്ത സോഫ്റ്റ് വെയര്‍ കയറ്റുമതി കമ്പനി ആയിക്കോട്ടെ- തുടങ്ങുമ്പോള്‍ അതിലെ ജോലിക്കാര്‍ അതില്‍ നിന്നും പറ്റുന്ന ധനം പലതരത്തില്‍ സമൂഹത്തില്‍ ചിലവാകുന്നു, സിനമ തീയറ്ററിലെ ജോലിക്കാരന്റെ കൂലിയായി, ചായക്കടക്കാരന്റെ വരുമാനമായി, സര്‍ക്കാരിന്റെ ടാക്സ് പിരിവായി.
ഫ്ലിപ്പ് സൈഡില്‍, ഒരിക്കല്‍ ബൂം അവസാനിക്കുമ്പോള്‍, അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരെയാണ്. ബൂമില് ഗുണം കുറച്ചു മാത്രം കിട്ടിയവര്‍ ഡിപ്രഷനില്‍ ഏറെ കഷ്ടപ്പെടുന്നു. എക്കണോമിക്ക് സൈക്കിള്‍സ് മുതലാളിത്ത വ്യവസ്ഥയിലും സോഷ്യലിസ്റ്റ് വ്യവസ്ഥയിലും ഡെമോക്രസിയിലും കമ്യൂണിസത്തിലും സകലതിലും ബാധകമാണ്, ബൂമില് ആഹ്ലാദിക്കേണ്ടതില്ല, പക്ഷേ ഡിപ്രഷനുണ്ടാകുമ്പോള് ഡിപ്രസ്ഡ് ആകണം, കോരന്റെ കുമ്പിളില്‍ ആണ് ആദ്യം ഓട്ട വീഴുന്നത് എന്ന കാരണം കൊണ്ട്.
നല്ല മറുപടി....മുതലാളി ഇല്ലാതെ എങ്ങിനെ തൊഴിലാളി ഉണ്ടാകും? നേതാക്കന്മാരും പുരോഹിതന്മാരും ആർഭാടജീവിതം നയിക്കുന്നത് അനുയായിമരുടെ വിയർപ്പല്ലെ?
അന്തോണിച്ചാ,
പഴുതടച്ചുള്ള ഈ എഴുത്തിന് നമോവാകം.
പക്ഷെ കുറച്ച് സംശയങ്ങള്‍.
തെന്നി കളിക്കുന്ന ഫിനാന്‍സ് മൂലധനത്തില്‍ ആധാരമാക്കിയ ഒരു കമ്പോള വ്യവസ്ഥയല്ലേ തകരുന്നത്? അത് ഉല്‍പ്പാദന പ്രക്രിയയെ എത്ര കണ്ട് ബാധിക്കും?അല്ലെങ്കില്‍ നേരത്തെ ഉണ്ടായ ബൂമിന് ഉല്‍പ്പാദനപ്രക്രിയയുമായി യാതൊരു ബന്ധവുമില്ലാത്തത് പോലെ ഈ തകര്‍ച്ചക്ക് പിന്നില്‍ ഉല്‍പ്പാദന തകര്‍ച്ച സംഭവിച്ചിട്ടില്ലല്ലോ.
റിസ്ക്കും റിട്ടേണും തമ്മിലുള്ള നേര് ബന്ധം അംഗീകരിക്കുമ്പോള്‍ തന്നെ, റിസ്ക്കിന്റെ അളവ കൂടി ചില ബിസിനസ്സുകള്‍ ബിസിനസ്സല്ലാതായി തീരുന്നു എന്നും കൂടി പറയേണ്ടി വരും.പന്നിമലര്ത്തുന്ന നാറാപിള്ള ആ കളിയിലൂടെ റേഷന്‍ വാങ്ങിക്കുന്നു എന്ന് വെച്ച് അദ്ദേഹം പന്നിമലര്ത്തുന്ന ബിസിനസ്സ് നടത്തുന്നു എന്ന് ആരും പറയാറിലല്ലോ.
അതു പോലെ (പാര്‍ട്ടിസിപ്പേറ്ററി നോട്ട് പോലെയുള്ള) ചില ട്രാന്സാക്ഷന്സ് സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഊഹകച്ചവടത്തെ അംഗീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.(പന്നിമലര്ത്തിയാല് അത് ഇന്നും പെറ്റി കേസാണ്,പക്ഷെ കോടികളുടെ ഈ കളികള്‍ക്ക് നിയമ പരിരക്ഷയുണ്ട്).
ഇതിന്റെ മറ്റൊരു മുഖമാണ് സബ്പ്രൈം ലോണ്‍ ദുരന്തത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്.അവിടെയും പൊളിഞ്ഞത് കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന തരത്തില്‍ കൊടുത്ത ലോണുകളാണ്.പിന്നെ ആ ലോണുകള്‍ പല പൊതിയാക്കി.പൊതിക്കൊക്കെ ഇന്‍ഷുറന്‍സും ഏര്‍പ്പാടാക്കി,എന്നിട്ട് കമ്പോളത്തില്‍ കൊണ്ടു വന്നു.അടവും മുടങ്ങിയപ്പോള്‍ മണി ചെയിന്‍ പൊട്ടുന്ന പോലെ എല്ലാം പൊട്ടി.
അനിയന്ത്രിതമായ ലാഭക്കൊതിയാണ് ഈ തകര്‍ച്ചക്ക് കാരണം.ക്രോണി ക്യാപിറ്റലിസത്തിന് വശംവദരാകുന്ന ഭരണവര്‍ഗ്ഗം അത്തരം വഴിവിട്ട കച്ചവടങ്ങള്‍ക്ക് കുട പിടിക്കുന്നു.ഉല്‍പ്പാദനമില്ലാത്ത ക്രയവിക്രയങ്ങള്‍ സൃഷ്ടിക്കുന്ന പണം ഒരു തരം മായയാണ്.അത് ആത്യന്തികമായി ഒന്നും ഉണ്ടാക്കുന്നില്ല.
ഒരു കാര്യം സത്യം ഏത് മോശപ്പെട്ട അവസ്ഥയും താഴെക്കിടയിലുള്ളവനെ ബാധിക്കുന്നത് പോലെ ഇതും ബാധിക്കും.ഒരു പക്ഷെ സാമ്പത്തിക തകര്‍ച്ച ബാധിക്കുന്നത് വന്‍കിടക്കാരെ ആകാം,പക്ഷെ അതിനു ശേഷം സംഭവിക്കുന്ന റിസിഷന്‍ തീര്ച്ചയായ്യും പാവങ്ങളെ ബാധിക്കും.
സണ്ണിയുടെ കഥയിലും പുതിയതായി ഉല്‍പ്പന്നമൊന്നും സൃഷ്ടിക്കപ്പെടുന്നില്ല.ആകെ സൃഷ്ടിക്കപ്പെടുന്നത് ചില തോന്നലുകളാണ്.ഭൂമിയുടെ വില കൂടി,കുറഞ്ഞു എന്നൊക്കെയുള്ള തോന്നലുകള്‍(മാര്‍ക്കറ്റ് സെന്റിമെന്‍സ്).
ഭൂമിയില്‍ കൃഷി നടത്തി,വ്യവസായം നടത്തി അതില്‍ നിന്നു ലാഭമുണ്ടായി അതിനാല്‍ ഭൂമിയുടെ മൂല്യം കൂടി എന്നായിരുന്നു സംഭവിച്ചതെങ്കില്‍ ഇപ്രകാരമൊരു തകര്‍ച്ച സംഭവിക്കില്ലായിരുന്നു(കൃഷിനാശം,ഉല്‍പ്പന്നം ചിലവാകാതെ വരിക തുടങ്ങിയ നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്).
സണ്ണിയുടെ ഉദാഹരണത്തിലും പുതിയതായി ഒന്നും സൃഷ്ടിക്കാതെ പണം പെരുപ്പിക്കുന്ന (അല്ലെങ്കില്‍ നെറ്റ് അസറ്റ് പെരുപ്പിക്കുന്ന)ജാലവിദ്യയാണ് പരാജയപ്പെട്ടത്.ഒരു കോട്ടവും സംഭവിക്കാതെ ആ ഭൂമി അവിടെ തന്നെ കിടപ്പുണ്ട്.
2008 ഒക്ടോബര്‍ 30 ന് ഐക്യ രാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പ്രൊ. പ്രഭാത് പട്നായിക് അവതരിപ്പിച്ച The Present crisis and the way forward എന്ന പേപ്പറിന്റെ സ്വതന്ത്ര വിവര്‍ത്തനം ഇവിടെ
http://workersforum.blogspot.com/2008/10/blog-post_31.html
ഇവിടെ ഒരു റിസഷന് ഉണ്ടായാല്‍ സമൂഹത്തിലെ ഏറ്റവും താഴെയുള്ളവരെയാണ് അത് ഏറ്റവും ക്രൂരമായി ബാധിക്കുക എന്നതില്‍ റ്റര്ക്കമില്ല. പക്ഷെ ഊന്നല്‍ നല്‍കേണ്ടത് അതിലാണോ എന്നു സംശയം? എന്തു കൊണ്ടീ പ്രതിസന്ധി? എങ്ങനെ ഇതിനെ തരണം ചെയ്യാം? ഊതി വീര്പ്പിക്കപ്പെട്ട കുമിളകളുടെ സൃഷ്ടിയില്‍ ഭരണകൂട നയങ്ങള്‍ക്ക് പങ്കില്ലേ? അങ്ങനെ ചെയ്യുന്നത് അഭിലഷണീയമാണോ? ഇതൊക്കെയല്ലേ പ്രസക്തമായ ചോദ്യാങ്ങള്‍.
സി ആര് ആര് നിരക്കും റിപ്പോ നിരക്കും കുറച്ചുകൊണ്ട് സിസ്റ്റത്തിലേക്ക് കൂടുതല്‍ ലിക്വിഡിറ്റി പമ്പ് ചെയ്യുകയായിരുന്നുവല്ലോ റിസര്‍വ് ബാങ്ക്. ഏകദേശം ഒന്നര ലക്ഷം കോടി രൂപ ഇങ്ങനെ പമ്പ് ചെയ്തിട്ടും ലിക്വിഡിറ്റി പ്രശ്നം തീര്‍ന്നിട്ടില്ല. ഓഹരിക്കമ്പോളത്തെ ഒന്നു രണ്ടു ദിവസം ഉത്തേജിപ്പിക്കാന്‍ മാത്രമേ ഈ നടപടികള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ..വിലക്കയറ്റത്തില്‍ നിന്നും പാവപ്പെട്ടവരെ രക്ഷിക്കാനായാണല്ലോ ഈ നിരക്കുകള്‍ നേരത്തെ പടി പടിയായി വര്‍ദ്ധിപ്പിച്ചത്? ഇപ്പോള്‍ ഈ നിരക്കുകള്‍ കുറയ്ക്കുമ്പോള്‍ അത് പാവപ്പെട്ടവരൂടെ ജീവിതം ദുസ്സഹമാക്കില്ലേ?
മനസ്സിൽ തോന്നിയ കുറേ സംശയങ്ങൾ എങ്ങിനെ വാക്കുകളിലാക്കണം എന്നു ശങ്കിച്ചിരിക്കുമ്പോൾ ഇതാ ഇവിടെ അതിനെല്ലാത്തിനുമുള്ള മറുപടി. ലാളിത്യം തന്നെ ഈ പോസ്റ്റിന്റെ എടുത്തു പറയേണ്ട സവിശേഷത. വളരേ നന്ദി
ലളിതവും സുവ്യക്തവുമായ പോസ്റ്റും അതിന് മികച്ച പ്രതികരണങ്ങളും വീണ്ടും ഏറ്റവും കൃത്യമായ വിശദീകരണങ്ങളും. നന്ദി. എന്റെ സംശയങ്ങള്‍കൂടി ഉന്നയിച്ചോട്ടെ.
“ബൂമില് ഗുണം കുറച്ചു മാത്രം കിട്ടിയവര്‍ ഡിപ്രഷനില്‍ ഏറെ കഷ്ടപ്പെടുന്നു.“
ബൂമില് നമ്മുടെ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും എന്തെങ്കിലും ഗുണം കിട്ടിയിട്ടുണ്ടോ? ഈ ബൂമിംഗിനിടയില്തന്നെയാണ് കര്‍ഷക ആത്മഹത്യകളും ഇവിടെ തുടര്‍ക്കഥയായത്. കാര്‍ഷിക വൃത്തി ഉപേക്ഷിച്ച് നിര്‍മ്മാണ മേഖലയില്‍ അണ് സ്കില്‍ഡ് ലേബറായി മാറിയവര്‍ക്കും ജീവിതനിലവാരം പഴയതിനേക്കാള്‍ താഴുകയേ ഉണ്ടായിട്ടുള്ളൂ. അരി ഉള്‍പ്പെടെയുള്ള ചില ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചത് ഏഴോ എട്ടോ മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. അത് ഉല്പാദത്തിലെ കുറവുകൊണ്ടുണ്ടായതാണ്, പണ്ട് പട്ടിണികിടന്നവര് തിന്നുതുടങ്ങിയതുകൊണ്ടല്ല എന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഗവ. ഭാഷ്യം.(ബുഷിന്റ്നെ പ്രസ്ഥാവനയും ഇന്ത്യയുടെ പ്രതികരണവും ഓര്‍ക്കുമല്ലോ). ആഗോളവല്‍ക്കരണത്തിന്റെയും നവസാമ്പത്തികനയങ്ങളുടെയും കഴിഞ്ഞ 15 വര്‍ഷത്തില്‍ പട്ടിണിയും ദാരിദ്ര്യവും കുറഞ്ഞിട്ടില്ല എന്നു തന്നയാണല്ലോ ലോകബാങ്കും പറയുന്നത്. അതായത് ബൂം ഉള്ളപ്പോള്‍ അടിസ്ഥാനവര്‍ഗ്ഗത്തിന് ഗുണമൊന്നും കിട്ടിയിട്ടില്ല, രിസെഷ്ന് കാലത്ത് അവര്‍ കൂടുതല്‍ കഷ്ടപ്പെടുകയും ചെയ്യും എന്നല്ലേ അര്‍ത്ഥം?
ആന്റണി,
9/11 വന്നപ്പൊ ജോര്‍ജ്ജ് ബുഷ് അമേരിക്കക്കാരോട് പ്രശസ്തമായ ഒരു ആഹ്വാനം നടത്തിയിരുന്നു. Keep shopping എന്നോ മറ്റോ. നമ്മളും ഡിപ്രഷന്, റിസഷന്, ഒന്നും ഇല്ല എന്നു വിചാരിച്ച് ചിലവാക്കിക്കൊണ്ടിരുന്നാല് ഈ റിസഷന് / ഡിപ്രഷന് ഒക്കെ പോവൂല്ലേ? ഉച്ചയ്ക്ക് ചില്ലിച്ചിക്കന്‍ തന്നെ തിന്നണം എന്ന് വാശിപിടിച്ചാല്‍, ജീവിതം അര്‍മാദിച്ചാല്‍, വെള്ളമടിച്ചാല്‍, പ്രശ്നങ്ങള്‍ ഒരു പരിധിവരെ എങ്കിലും തീരില്ലേ?
ഐ മീന്‍, വെള്ളമടിക്കാന്‍ വരുന്നോ?
അനോണി ആന്റണിയുടെ പുതിയപോസ്റ്റില്‍ നിന്നും എത്തിപ്പെട്ടതാണ് ഇവിടെ. പോസ്റ്റ് നേരത്തേ വായിച്ചിരുന്നു, പക്ഷേ രാധേയന്റെ കമന്റും ജോക്കറിനുള്ള മറുപടിയും കണ്ടത് ഇപ്പോഴാണ്.
രാധേയന്റെ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നു തോന്നുന്നു, പുതിയ പോസ്റ്റുകളില്‍ മറുപടി പ്രതീക്ഷിയ്ക്കുന്നു.
സിമിയുടെ കമന്റിന് ഒരു മറുപടി.
കീപ്പ് ഷോപ്പിംഗ് എന്ന ആശയം സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകരമാകാം. പക്ഷേ അതിനു പണം വേണ്ടേ. ഉള്ള പണമെല്ലാം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചവന് എവിടെനിന്ന് എടുത്തു ചെലവാക്കും. ഇന്‍വെസ്റ്റുകള്‍ തിരിച്ചടിച്ച സ്ഥിതിയ്ക്ക് ഇനി തത്ക്കാലം പണം സൂക്ഷിച്ചുപയോഗിക്കേണ്ടായോ!
ജീവിയോടു വിയോജിക്കുന്നു.
റിസഷന് കാലത്ത് എന്തുകൊണ്ട് അടിസ്ഥാനവര്‍ഗ്ഗം കക്ഷ്ടപ്പെടുന്നെന്നു പറയുന്നോ അതേ കാരണങ്ങളാല്‍ ബൂം കാലത്ത് അവര്‍ക്ക് പ്രയോജനം കിട്ടിയെന്നും പറയാന്‍ കഴിയും.
ബൂം കാലത്ത് ഞാന്‍ പെട്ടിക്കടയില്‍ കൊണ്ടു പോയി ഇസ്തിരിയിടീക്കുകയും തുണി അലക്കാന്‍ കൊടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതിന്റെ പ്രയോജനം കിട്ടിയത് ഇസ്തിരിയിട്ടവനും തുണിയലക്കിയവനുമാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഞാന്‍ തനിയെ തുണീയലക്കാനും ഇസ്തിരിയിടാനും തുടങ്ങുമ്പോള്‍ അതുകൊണ്ടാണ് അവര്‍ കഷ്ടപ്പെടേണ്ടീ വരുന്നത്.
ബൂം കാലത്ത് പ്രയോജനം കിട്ടാത്തവര്ക്കൊന്നും റിസഷന് സമയത്ത് പ്രശ്നമുണ്ടാകേണ്ട കാര്യമില്ല.
ആര്‍ക്കെങ്കിലും റിസെഷന്‍ സമയത്ത് ബുദ്ധിമുട്ടൂണ്ടാകുന്നുണ്ടോ അവര്‍ക്ക് പരോഷമായിട്ടെങ്കിലും ബൂമിന്റെ പ്രയോജനം കിട്ടിയിട്ടൂണ്ട്.
“ബൂം കാലത്ത് ഞാന്‍ പെട്ടിക്കടയില്‍ കൊണ്ടു പോയി ഇസ്തിരിയിടീക്കുകയും തുണി അലക്കാന്‍ കൊടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതിന്റെ പ്രയോജനം കിട്ടിയത് ഇസ്തിരിയിട്ടവനും തുണിയലക്കിയവനുമാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് ഞാന്‍ തനിയെ തുണീയലക്കാനും ഇസ്തിരിയിടാനും തുടങ്ങുമ്പോള്‍ അതുകൊണ്ടാണ് അവര്‍ കഷ്ടപ്പെടേണ്ടീ വരുന്നത്.“
ജോജൂ, ബൂം കാലത്ത് ജോജു തുണിയലക്കിയതും ഇസ്തിരിയിട്ടതും പ്ഞ്ചനക്ഷത്ര വ്യാപാര സമുച്ചയത്തിലെ കൂടുതല്‍ ‘ഹൈജീനിക്’ ആയ ഹൈറ്റെക് ലോണ്ഡ്രിയിലല്ലേ?, അതുവന്നതുകാരണം കച്ചവടമില്ലാതായ പഴയ അലക്കുകാരന് അവിടത്തെ തൊഴിലാളിയായിരുന്നു.അവിടത്തെ ശമ്പളം അവനു മുമ്പേ കിട്ടിക്കൊണ്ടിരുന്ന വരുമാനത്തേക്കാള്‍ കുറവായിരുന്നു. റിസഷന് കാലത്ത് ആളുകള്‍ സ്വന്തമായി തുണിയലക്കുമ്പോള്‍ അവന്റെ അവിടത്തെ തൊഴിലും പോയി. അതല്ലേ സംഭവിക്കുന്നത്?
Post a Comment