Tuesday, October 28, 2008

പണം എവിടെ പോയി?

അണ്ണാ, ഒരു കാര്യം കേട്ടാ ചിരിക്കുവോ?
ചിരി വന്നാ ചിരിക്കും, ചുമ്മ കേക്കിന്‍.

എന്നും ടീവിയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വീണു രാജ്യത്തിന്റെ പൈസ പൊഹഞ്ഞു പോയി എന്നൊക്കെ കാണുന്നു.
കാണുന്നു.

ഷെയര്‍ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യുമ്പ ലാഭവും നഷ്ടവും വരും, അതിപ്പ ഏതു കച്ചവടത്തിലും വരത്തില്ലീ?
അതുകൊണ്ട്?

അതായത് അണ്ണാ, ഞാന്‍ കൊറേ സ്ഥലം വാങ്ങിച്ചു. വാങ്ങിച്ചപ്പ ഒരു ലക്ഷം രൂപ ആയിരുന്നു, വിറ്റപ്പ അമ്പതിനായിരമേ കിട്ടിയുള്ളു. രാജ്യത്തിന്റെ സമ്പത്ത് എവിടെയും പോയില്ലല്ല്. ഷെയറിന്റെ വില പോകുമ്പ എങ്ങനെ രാജ്യത്തിന്റെ സമ്പത്ത് പെയ്യൂടണത് പിന്നെ?

അതാണോ കാര്യം...
ഇതു ചോദിച്ചപ്പ എല്ലാരും സെന്‍സെക്സ് ബുള്ള് ബുള്‍ഷിറ്റ് എന്നൊക്കെ പറയുന്ന്, അപ്പ കൂടുതല്‍ കണ്‍ഫ്യൂഷന്‍.

ശരി. രാജ്യത്ത് മൊത്തം രണ്ടു പേരേ ഉള്ളെന്ന് വിചാരിക്ക്. നീ സ്ഥലം വാങ്ങിച്ചു. ഒരു ലക്ഷം രൂപ കൊടുത്ത്. ഒരു ലക്ഷം രൂപ പോയി സ്ഥലം കിട്ടി.
കിട്ടി.

നീ സ്ഥലം വിറ്റു അമ്പതിനായിരം രൂപ കിട്ടി. ഇപ്പോള്‍ സ്ഥലം പോയി, നിനക്ക് അമ്പതിനായിരം കിട്ടി, ബാക്കി അമ്പതിനായിരം മറ്റേ ആളിന്റെ കയ്യിലും . ഒരു പ്ലോട്ട്, നിന്റെ കയ്യില്‍ അമ്പതിനായിരം, അയാളുടെ കയ്യിലെ അമ്പതിനായിരവും ചേര്‍ത്ത് ഒരു ലക്ഷം. കൈ മാറിയെന്നല്ലാതെ ഒരു മാറ്റവുമില്ല.

ശരി.
ഇനി, നീ ഒരു ലക്ഷം രൂപ മുടക്കി ഒരു പെട്ടിക്കട തുടങ്ങിയെന്നു വയ്ക്കുക.

ലക്ഷം പോയി, കട വന്നു.
കൃത്യം. ഇനി ഒരു കമ്പനി തുടങ്ങാന്‍ ലക്ഷം രൂപയുടെ ഷെയര്‍ എടുത്തെന്ന് വിചാരിക്കുക.

കമ്പനി ഉണ്ടായി, ലക്ഷം പോയി.
അവിടെയാണു വത്യാസം. ഒരു ലക്ഷം രൂപയുടെ കമ്പനി ഉണ്ടായി, നിങ്ങളുടെ ഒരു ലക്ഷം രൂപ പോയി, പക്ഷേ കയ്യില്‍ ഒരു ലക്ഷം രൂപയുടെ ഷെയര്‍ ഉണ്ട്, നിനക്കു എപ്പോള്‍ വേണമെങ്കിലും അതു വില്‍ക്കാം, അതുകൊണ്ട് അത് കുറേയൊക്കെ പണത്തിനു തുല്യമാണ്‌. ഫലത്തില്‍ ഒരു ലക്ഷം രൂപയുടെ കമ്പനി ഉണ്ടായി നിന്റെ കയ്യിലെ ഒരു ലക്ഷം പോയതുമില്ല.

ങേ? അപ്പോള്‍ ആരും ഒന്നും കൊടുക്കാതെ ഒരു ലക്ഷം രൂപയുടെ കമ്പനി പൊട്ടി മുളച്ചു.
കറക്റ്റ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നീയും കമ്പനിയുമായുണ്ടായ ഇടപാടു മൂലം രാജ്യത്ത് ഒരു ലക്ഷം രൂപയുടെ പണം കൂടി ഇറങ്ങി.

ഓ അങ്ങനെ. അപ്പോ ഷെയറിനു മാത്രമേ ഇങ്ങനെ പണം നിര്‍മ്മിക്കാനുള്ള ശേഷിയുള്ളു.
ഷെയറിനും മറ്റു പണമിടപാടു സര്‍ട്ടിഫിക്കേറ്റുകളും ക്വാസി മണി ഫങ്ങ്ഷന്‍ വഴി പണം നിര്‍മ്മിക്കുന്നു. ഇതിലും ലളിതമായി ബാങ്കുകള്‍ പണം നിര്‍മ്മിക്കും.

അതെങ്ങനെ?
ജിമ്പിള്‍. നീ നൂറു രൂപ ബാങ്കിലിട്ടു. ബാങ്ക് അതില്‍ നിന്നും എഴുപത്തഞ്ചു രൂപ ലോണ്‍ കൊടുത്തു. നിനക്കു ബാങ്കിലിട്ട പൈസ എപ്പോള്‍ വേണമെങ്കിലും ഏടീ‌എമില്‍ പോയി എടുക്കാം, അപ്പോള്‍ ഫലത്തില്‍ നിന്റെ കയ്യില്‍ നൂറു രൂപ ഉണ്ട്, ലോണെടുത്തവന്റെ കയ്യില്‍ എഴുപത്തഞ്ചും. മൊത്തം നൂറ്റി എഴുപത്തഞ്ചു രൂപ.

അല്ലാ, അപ്പോള്‍ ഞാന്‍ നൂറു രൂപ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ബാങ്കന്റ്റെ കയ്യില്‍ ഇരുപത്തഞ്ചു രൂപയല്ലേ ഉള്ളൂ?
അങ്ങനെ വരില്ല. നിന്നെപ്പോലെ കോടിക്കണക്കിനു ആളുകള്‍ ബാങ്കില്‍ പണം ഇടുകയും എടുക്കുകയും ലോണെടുക്കുകയും അടയ്ക്കുകയും ചെയ്തുകൊണ്ടേ ഇരിക്കുകയാണ്‌ ഒരിക്കലും എല്ലാവര്‍ക്കും മൊത്തം പൈസയും ഒരുമിച്ചു തിരിച്ചെടുക്കേണ്ടി വരില്ല. ആ ടൈമിങ്ങ് ഡിഫറന്‍സ് കൊണ്ടാണ്‌ ബാങ്കുകള്‍ പണം നിര്‍മ്മിക്കുന്നത്.

അപ്പോ പറഞ്ഞു വന്നത് ഷെയറുകളുടെ കാര്യം.
അതേ നിന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ലക്ഷം രൂപയുടെ ഷെയര്‍ ഉണ്ട്. ഒരു ദിവസം രാവിലേ അത് ഇരുപത്തയ്യായിരമേ ഉള്ളെന്ന് വന്നാലോ?

വന്നാല്‍?
നീ ബാങ്കില്‍ നൂറു രൂപ ഇട്ടു. അടുത്ത ദിവസം രാവിലേ ബാങ്ക് വിളിച്ചിട്ട് പത്തിന്റെ പത്തു നോട്ട് നീ കൊടുത്തതില്‍ എട്ടും കള്ളനോട്ട് ആണ്‌ നിനക്കിനി ഇരുപതു രൂപയേ ഉള്ളു എന്നു പറഞ്ഞാല്‍ എന്തായി?

എന്റെ എണ്‍പതു രൂപ പോയി.
അതുപോലെ എല്ലാവരുടെയും കയ്യിലുള്ള പത്തയ്യായിരം കോടി രൂപയുടെ ഷെയര്‍ അതായത് ക്വാസി മണി ഒരു ദിവസം രാവിലെ അഞ്ഞൂ കോടി വിലയേ ഉള്ളു എന്നു വന്നാലോ? അത്രയും ഭീമമായ തുകയ്ക്കുള്ള പണം വാരിയിട്ടു കത്തിച്ചതു പോലെ ആയില്ലേ.

ഇനി ആ ഷെയറിനു വീണ്ടും വില കൂടിയാല്‍ കത്തിയ പണം ഫീനിക്സിനെ പോലെ പുനര്‍‌ജനിക്കില്ലേ?
തീര്‍ച്ചയായും. കൂടിയാല്‍, അതും കൂടിക്കഴിഞ്ഞ ശേഷം. പുരയിടം വാങ്ങുന്നതിലെ നഷ്ടവും ഷെയര്‍ മാര്‍ക്കറ്റിലെ നഷ്ടവും ആയുള്ള വത്യാസം ഇപ്പോള്‍ പിടി കിട്ടിയില്ലേ?

അതായത് ഷെയര്‍ എന്നത് മിഥ്യയായ പണമാണെന്നും ഒരു വിശ്വാസം മാത്രമാണെന്നും ചുരുക്കം. വിശ്വാസം പോയാല്‍ പണവും പോയി അല്ലേ?

ശരി. പക്ഷേ ഷെയര്‍ മാത്രമല്ല മിഥ്യ, എല്ലാ തരവും പണവും അങ്ങനെ തന്നെ.
നിനക്കു ഒരു ലക്ഷം രൂപ കയ്യില്‍ ഇരിപ്പുണ്ട്. എന്താണത്? അച്ചടിച്ച കുറേ തുണ്ടു പേപ്പര്‍. ഒരു ദിവസം രാവിലേ ജനങ്ങള്‍ക്കൊന്നും ഇന്ത്യന്‍ രൂപയില്‍ വിശ്വാസമില്ലാതെ ആയാല്‍ ആ തുണ്ടു പേപ്പര്‍ കൊണ്ട് എന്തെങ്കിലും വിലയുണ്ടോ?

അയ്യോ.
പേടിക്കണ്ടാ, ഷെയറുപോലെ അല്ല അതിലുംദൃഢമാണ്‌ പണത്തിനു മേലുള്ള വിശ്വാസം, അങ്ങനെ ഒന്നും അതു പോകില്ല.

ഒരിക്കലും പോകില്ലേ.
പോയിട്ടൊക്കെ ഉണ്ട്, സാധാരണ നിലയ്ക്ക് പോകില്ല. ധൈര്യമായിരി.

11 comments:

പാഞ്ചാലി said...

ഇതു മുഴുവന്‍ മനസ്സിലാക്കണേല്‍ എനിക്ക് പല തവണ വായിക്കേണ്ടി വരും!
:)

പാഞ്ചാലി said...

C.T...

ജയരാജന്‍ said...

നന്ദി അണ്ണാ! ലളിതമായി വിവരിച്ചിരിക്കുന്നു...

പാമരന്‍ said...

കൊള്ളാം അണ്ണാ.. ടൈമിലി. എന്നേപ്പോലത്തെ പാമരന്മാര്‍ക്ക്‌ ഉപകാരപ്പെടും.

majeed said...

പണം ..ഷെയർ....മണ്ണാൺകട്ട...ഇന്ത്യ കുതിക്കുകയണത്രെ...ലോകത്തിലെ മൂന്നിൽ ഒരു ദരിദ്രൻ ഇന്ത്യക്കരനാണത്രെ....ആഖോഷിപ്പിൻ..ആഹ്ലാദിപ്പിൻ....

കാര്‍വര്‍ണം said...

thaanku anony anna. Ithokke alochichu randoonneessay njan thala prukkunnu

riyaz ahamed said...

ലളിതം, പ്രസക്തം. ഇവിടെ പോയാല്‍ വേറൊന്നു കൂടി വായിക്കാം.

ജയരാജന്‍ said...

read this also

Radheyan said...

അണ്ണ,എന്തോ ഫോണ്ട് പ്രോബ്ലം.ഇടയ്ക്ക് ചിലതൊന്നും വായിക്കാന്‍ വയ്യ.

പക്ഷെ കമന്റില്‍ പോയി ഒറിജിനല്‍ പോസ്റ്റ് വായിക്കിമ്പോള്‍ കുഴപ്പമില്ല.

സംഭവം കൊള്ളാം

അനില്‍ശ്രീ... said...

ഇനി ഒരു കമ്പനി തുടങ്ങാന്‍ ലക്ഷം രൂപയുടെ ഷെയര്‍ എടുത്തെന്ന് വിചാരിക്കുക.

എവിടെ നിന്ന് എടുക്കും? അത് കൂടി പറഞ്ഞിരുന്നെങ്കില്‍..

Sanooj Surendranath said...

വായ്പകള്‍ പണമാകുന്നതെങ്ങനെ എന്നതിനെപറ്റി ഇവിടെ