Wednesday, November 21, 2007

ആള്‍ നെഗറ്റീവ്

മലയാളിയാണല്ലേ?
തന്നെ. നിങ്ങളാരാ?

പ്രസിറ്റമോള്‍ . ഇന്ന് ഇവിടെ പുതിയതായി ജോയിന്‍ ചെയ്തതാ.
പാരസിറ്റമോളോ?

പ്രസീദ.
അങ്ങനെ. നാട്ടില്‍ എവിടെയാ?

വടക്കന്‍ പറവൂര്‍. ഇവിടെ വേറേ മലയാളികള്‍ ആരുമില്ല അല്ലേ?
ഇല്ല. മൂത്താശാരിയെക്കണ്ടുകാണുല്ലോ? അങ്ങേരു ഫ്രഞ്ച്. ലോ നടുവിനു കയ്യും
കൊടുത്തിരിക്കുന്നവന്‍ ദാര്‍‌വീശ്, ഈജിപ്റ്റുകാരന്‍. അന്തം വിട്ടു
കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നത് ഒമര്‍, മുംബായിക്കാരനാ. റിസപ്ഷനില്‍
ഇരിക്കുന്നത് മൗറീന്‍ ഫ്രം മനിലാ.

ശ്ശോ. ഇവരോടൊക്കെ എങ്ങനെ ഇടപെടും?
അതെന്താ പ്രസീദ ഇംഗ്ലീഷ് സംസാരിക്കില്ലേ?

അതല്ല ചേട്ടാ, അവരൊക്കെ അന്യനാട്ടുകാരല്ലേ?
ചേട്ടനല്ല, ആന്റണി. ഇത് പ്രസീദയുടെ വീടല്ല, ഓഫീസാണ്‌. ഇവരൊക്കെ‍ ഏതു
നാട്ടുകാരായാലും മൃഗങ്ങളൊന്നുമല്ല.

എന്നുപറഞ്ഞില്ല, എന്നാലും നമ്മുടെ സംസ്കാരം...
എല്ലാ നാട്ടിനും അതിന്റെ സംസ്കാരം ഉണ്ട്. അതൊന്നും മോശവുമല്ല.
ദാര്‍‌വീശിന്റെ സംസ്കാരം ലോകത്തെ തന്നെ ആദ്യ സംസ്കാരങ്ങളിലൊന്നാണ്‌.
ബൗഡന്റെ നാട്ടിലാണത്രേ നീയാന്‍ഡെര്‍ത്തല്‍ സംസ്കാരം ഏറ്റവും അവസാനം വരെ
മനുഷ്യ സംസ്കാരത്തിനു കീഴടങ്ങി നശിക്കാതെ പിടിച്ചു നിന്നത്.

എന്താ നീയാന്റെര്‍ത്തല്‍?
ഹനുമാന്‍ സ്വാമിയുടെ വംശം.

ഓ പിന്നെ, ഹനുമാന്‍ ഫ്രാന്‍സിലല്ലേ.
പ്രസീദ എന്താ ഈ ജോലിക്ക് ചേരാന്‍ തീരുമാനിച്ചത്?

വീട്ടില്‍ ബോറടിക്കുന്നു. ചേട്ടന്‍ രാവിലേ ജോലിക്കു പോയാല്‍ പിന്നെ ഞാന്‍
ഒറ്റയ്ക്കാ. വെറുതേ കിടന്നുറങ്ങി തടി വല്ലാണ്ട് കൂടുന്നു.
ബോറടി മാറ്റാനുള്ള ക്ലബ്ബായിട്ടാണു ഈ സ്ഥലത്തെ കണ്ടതല്ലേ, നന്നായി. ശരി
പോയിരുന്നു ബോറടി മാറ്റിക്കോളൂ, പിന്നെ ബാക്കി ആരെങ്കിലും ഓഫീസില്‍
ഉണ്ടെങ്കില്‍ എന്നോട് മലയാളം സംസാരിക്കരുത്, അവരെ അന്യരാക്കി
മാറ്റിയതുപോലെ തോന്നും.

ഓ മലയാളിയാണെന്നു പറയാന്‍ നാണക്കേടാണല്ലേ?
മലയാളി ആയിരിക്കാന്‍ എനിക്കൊരുപാട് സ്ഥലം വേറേ ഉണ്ട്, ഇവിടെന്നു ശമ്പളം
പറ്റുന്നത് മലയാളിയാകാനല്ല, ജോലിക്കാരന്‍ ആകാനാണ്‌. ഈ ഇരിക്കുന്നവരില്‍
ഒരാളുടെ പോലും മാതൃഭാഷ ഇംഗ്ലീഷല്ല. എന്നിട്ടും എല്ലാവരും കഷ്ടപ്പെട്ട്
അതു പറയുന്നത് ഒരാളിനോട് സംസാരിച്ചാല്‍ പോലും സകലര്‍ക്കും അത്
മനസ്സിലമ്വാനാണ്‌. ഒരു ടീമിന്റെ ശക്തി കമ്യൂണിക്കേഷനാണ്‌. നേരത്തേ പറഞ്ഞ
ഹനുമാന്‍ വര്‍ഗ്ഗമില്ലേ, അവര്‍ നമ്മുടെ പൂര്വ്വികരെക്കാളും
ശക്തിമാന്മാരും ബുദ്ധിമാന്മാരും ആയിരുന്നു, പക്ഷേ മനുഷ്യനുമുന്നില്‍
തോറ്റു പോയി. കാരണം മനുഷ്യന്റെ കമ്യൂണിക്കേഷന്‍ സ്കില്‍
അവരുടേതിനെക്കാള്‍ മികച്ചതായിരുന്നു.

എന്നാല്‍ പിന്നെ ഞാന്‍ ജോലി തുടങ്ങട്ടെ.
ആയിക്കോട്ടെ. ആരെക്കണ്ടാലും എന്തു കണ്ടാലും അതിലെ മൂന്നു
നല്ലകാര്യമെങ്കിലും മനസ്സില്‍ ഓര്‍ത്തു ശീലിക്കുക. ഉദാഹരണത്തിനു
പ്രസീദയെ ഇന്റര്‍‌വ്യൂ ചെയ്ത ഒമാറിന്റെ കാര്യം തന്നെ നോക്കൂ. ഈ
രീതിയിലുള്ള പ്രസീദയുടെ സംസാരത്തില്‍ നിന്നും അയാള്‍ക്ക് കിട്ടുന്ന
ഇമ്പ്രഷന്‍ "സിനിക്കലി നെഗറ്റീവ്" എന്നാണ്‌. പഠിപ്പോ പരിചയമോ
ഇല്ലാത്തവനെ എടുക്കേണ്ട ഗതികേട് വന്നാലും അത്തരം ആളുകളെ ഒരു കമ്പനിയും
എടുക്കാറില്ല. എന്നിട്ടും ഒമാര്‍ പ്രസീദയെ എടുത്തു, എത്രനല്ല മനുഷ്യന്‍.

ഞാന്‍ ഇവിടെ ഒരുപാട് കാലം നില്‍ക്കില്ല.
നില്‍ക്കണമെന്ന് ഞാനും പറഞ്ഞില്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം.
വൈകുന്നേരം എഴുന്നേല്‍ക്കുമ്പോള്‍ "എത്ര സംതൃപ്തി തന്ന
പ്രവര്‍ത്തിദിവസം" എന്നാലോചിച്ച് ഇറങ്ങിപ്പോകുമ്പോളുള്ള സുഖം അനുഭവിക്കൂ.
ബെസ്റ്റ് ഓഫ് ലക്ക്.

7 comments:

RR said...

very true!

R. said...

ഔ ! സെന്റിയാക്കി ആന്റോ.

ഇവ്ടെ ഡേഷ് ബംഗാളികള് പ്രൊജക്റ്റ് മീറ്റിംഗിനു പോലും ഇംഗ്ലീഷില് സംസാരിക്കാന്‍ വല്ല്യ മുട്ടാ. രണ്ട് വട്ടം പറയും. മൂന്നാമത്തെ വട്ടം നമ്മള് സംഗതി വിടും. നിങ്ങളായി, നിങ്ങടെ പാടായി.

ന്നാലും കോണ്‍ഫറന്‍സ് കോളില്‍ നമ്മളു ബലം പിടിക്കും, പിടിച്ച പിടിയില് നടത്തും!

simy nazareth said...

ശീലങ്ങളൊക്കെ മാറ്റാന്‍ വലിയ പാട് ആന്റണീ.

ഇവിടെ ഞാനും എന്റെ കൂട്ടുകാരനും ആദ്യം ഇംഗ്ലീഷില്‍ സംസാരിക്കുമായിരുന്നു. പക്ഷേ ബാക്കി അറബികളൊക്കെ (ഈജിപ്ത്, ലെബനന്‍, ജോര്‍ഡാന്‍, സിറിയ) അങ്ങോട്ടും ഇങ്ങോട്ടും അറബില്‍ സംസാരിക്കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മലയാളത്തില്‍ ആക്കി :-(

rajan vengara said...

ഈ ബ്ലോഗില്‍ കേറാന്‍ ഇത്തിരി വൈകിയോ ഞാന്‍? അങ്ങിനെ തോന്നുന്നു. വല്ല്യ വല്ല്യ കാര്യങ്ങളു ഇങ്ങിനെ ഉപ്പു കൂട്ടാതെ പറഞ്ഞു പോണല്ലോ ...? ആളൊരു ഇമ്മിണി ബല്ല്യ പുള്ളിയണോന്നു ഒരു സംശയം!!!ആന്റപ്പന്‍ ആളാവുന്നോ...?

ശാലിനി said...

“ചേട്ടനല്ല, ആന്റണി. ഇത് പ്രസീദയുടെ വീടല്ല, ഓഫീസാണ്‌. ഇവരൊക്കെ‍ ഏതു
നാട്ടുകാരായാലും മൃഗങ്ങളൊന്നുമല്ല.എന്നുപറഞ്ഞില്ല, “

പറയണമായിരുന്നു.

ഇതൊരു നല്ല പോസ്റ്റുതന്നെ.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ഒരു സന്ദേശം തരാന്‍ ഈ പോസ്റ്റിനു കഴിയുന്നു. നന്ദി ആന്റോ.

തറവാടി said...

ആന്‍‌റ്റണ്യേ ,

ഇതു നന്നായി ട്ടോ :)