Wednesday, November 21, 2007

കാരണം ബാക്റ്റീരിയ.

ഊണിനു ഒരു മോരുകറിയും പപ്പടവും മാത്രമേയുള്ളു. അറ്റെന്‍ഷന്‍ ഒന്നു
തിരിക്കാന്‍ ടെലിവിഷം ഓണാക്കി വച്ചു.

തെളിഞ്ഞു വരുന്നു പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനിലെപ്പോലത്തെ ഒരു
ക്ലോസറ്റിന്റെ ക്ലോസ് അപ്പ്. വിഴുങ്ങിയ ഉരുള അതുപോലെ വായില്‍
തിരിച്ചു കയറി വന്നു. ക്ലോസറ്റില്‍ ബാക്റ്റീരിയ ഉണ്ടത്രേ. അതിനെ
മൊത്തമായി കൊല്ലുന്ന കമ്പനിയുടെ റെപ്രസെന്റേറ്റീവ് വീട്ടില്‍ വരുന്നതുവരെ
ആരും തൂറരുത്.

വന്നു അടുത്ത പരസ്യം. പാത്രത്തില്‍ ബാക്റ്റീരിയ. അതിനെ കൊല്ലാനാണെങ്കില്‍
ആകെ ഒരു വഴി പാത്രത്തിലൊട്ടി അകത്തു പോയി ക്യാന്‍സന്‍ ഉണ്ടാക്കുന്ന സാധനം
ഒഴിച്ചു കഴുകല്‍ ആണ്‌ . ചൂടുവെള്ളമൊന്നും ഒരു ഓപ്ഷനേയല്ല.

വീട്ടിനു പുറത്തിറങ്ങിയാല്‍ ദേഹത്തെല്ലാം ബാക്റ്റീരിയ കേറുമെന്ന്
അടുത്തവന്‍. ലവന്റെ സോപ്പ് കണ്ടാല്‍ ബാക്റ്റീരിയ പ്യാശ എടുത്തു കുത്തി
ഓടും പോലും.

ലോണ്ടെ പല്ലിലെ ബാക്റ്റീരിയക്കുള്ള പേസ്റ്റ്, പതിനായിരത്തൊന്നു
ഡെന്റിസ്റ്റുകള്‍ അംഗീകരിച്ചത്. ഇതേ മോന്മാരു തന്നെയാണു വര്ഷങ്ങളോളം
നമ്മളെ ഫ്ലൂറൈഡ് തീറ്റിച്ച് ആയുഷ്കാല രോഗികള്‍ ആക്കിയതും.

നാക്കിലെ ബാക്റ്റീരിയയ്ക്കു മൗത്ത് വാഷ്. അണ്ണാക്കിലെ ബാക്റ്റീരിയയ്ക്കു
ച്യൂയിങ്ങ് ഗം. തൊണ്ടയിലെ ബാക്റ്റീരിയയ്ക്കു ഗുളിക. മുടിയിലെ
ബാക്റ്റീരിയയ്ക്കു ഷാമ്പൂ. മുഖത്തെ ബാക്റ്റീരിയയ്ക്കു ക്രീം. കഴുത്തിലെ
ബാക്റ്റീരിയയ്ക്കു പൗഡര്‍. കക്ഷത്തിലെ ബാക്റ്റീരിയയ്ക്കു ഡീഓഡറന്റ്.
ആസനത്തിലെ ബാക്റ്റീരിയയെ ചെറുക്കുന്ന ഷഡ്ഡി. കുടിക്കുന്ന വെള്ളത്തിലെ
ബാക്റ്റീരിയയ്ക്കു ഫില്‍ട്ടര്‍, കുളിക്കുന്ന വെള്ളത്തിലേതിനു ലോഷന്‍.

ഉടനേ തന്നെ പ്രതീക്ഷിക്കാവുന്ന ഒരു പരസ്യം- മരുന്നിലൊന്നും ഒരു
കാര്യവുമില്ല, നിങ്ങള്‍ മന്ത്രത്തില്‍ വിശ്വസിക്കൂ. പെരിങ്ങോട്ടുകര സണ്ണി
ലംബോദരന്‍ നിര്‍മ്മിച്ചു നല്‍കുന്ന ബാക്റ്റീരിയോച്ചാടന യന്ത്രം വാങ്ങി
അരയില്‍ ധരിക്കൂ.

ബാക്റ്റീരിയ ഇല്ലാത്ത ലോകം- അതാണു സ്വര്‍ഗ്ഗം. ആന്റി ബാക്റ്റീരിയല്‍
സോപ്പും മറ്റും ഗുണത്തെക്കാളേറെ ദോഷമാണു ചെയ്യുന്നതെന്ന് പറഞ്ഞ്
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനെന്നും മറ്റും ചില തട്ടിപ്പു സംഘടനകള്‍
ഇറങ്ങിയിട്ടുണ്ട്. അമേരിക്ക ലോകത്തെ നശിപ്പിക്കാനായി സി ഐ ഏ
അവരെക്കൊണ്ട് പറയിക്കുന്നതാണെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ?
അതിനു ഓശാന പാടാന്‍ കൊറേ യൂറോപ്യന്‍ മെഡിക്കല്‍ കൗണ്‍സിലുകളും.


*****************************
ലോ ഒരു പാമ്പ്, അടി
എന്തരിനു അടിക്കണത്? അതൊരു മൂര്‍ഖനല്ലേ, ബാക്റ്റീരിയ ഒന്നും അല്ലല്ല്?
ഒള്ളതാ പാവം പോട്ട്.

13 comments:

സന്തോഷ്‌ കോറോത്ത് said...

" ലോ ഒരു പാമ്പ്, അടി
എന്തരിനു അടിക്കണത്? അതൊരു മൂര്‍ഖനല്ലേ, ബാക്റ്റീരിയ ഒന്നും അല്ലല്ല്?
ഒള്ളതാ പാവം പോട്ട്."

കലക്കി മാഷേ... ഒരു ബാക്ടീരിയയെ ഇപ്പൊ കിട്ടിയിരുന്നേല്‍ ചെവിക്കുറ്റി നോക്കി ഒന്നു കൊടുക്കാമാരുന്നു :)

സുല്‍ |Sul said...

എലി വിഷം കഴിച്ചാല്‍
ബാക്ടീരിയ ചാവുമോ?

-സുല്‍

ത്രിശങ്കു / Thrisanku said...

അപ്പീ മോരുകറി കൂട്ടണ്ട കേട്ടാ, അതിലപ്പടി ബാക്റ്റീരിയയാണ്. :)

ഏ.ആര്‍. നജീം said...

എപ്പോ ടിവി തുറന്നാലും ഇതില്‍ ഏതെങ്കിലും ഒരു ബാക്ടീരിയയെ കാണുമെങ്കിലും ഇവിടെ ഒരുമിച്ചു കണ്ടപ്പോ ചിരിച്ചിട്ട് വയ്യാതായിട്ടോ.

Sethunath UN said...

എത്ര സത്യം. ഞാന്‍ എപ്പം ഭക്ഷണോം എടുത്തോണ്ട് ടിവീടെ മുന്നിലിരുന്നാലും ആ കക്കൂസ്സും അണുക്ക‌ളും പരസ്യം കേറിവരും.

ദിലീപ് വിശ്വനാഥ് said...

ഇതൊക്കെ ആന്റോ അസൂയ കൊണ്ട് എഴുതുന്നതല്ലേ? കാരണം കീടാണു.

ദിലീപ് വിശ്വനാഥ് said...

സുല്‍ - എലി വിഷം കഴിച്ചാല്‍ എലി തന്നെ ചാവും.

വലിയവരക്കാരന്‍ said...

ബാക്ടീരിയയുടെ കളി ഇവിടെ ചിലവാവില്ല....മൊത്തം വൈറസാ...

un said...

ഇപ്പം ലെഡ് (ഈയം)ആണ്. ഈയമില്ലാത്ത ഭക്ഷണം കിട്ടാത്തതിനാല്‍ ഞാന്‍ പട്ടിണിയായിപ്പോകുമോ എന്നാണ് ഭയം

Meenakshi said...

കൊള്ളം നന്നായിരിക്കുന്നു. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍ . ബാക്ടിരിയകളുടെ ശല്യം എങ്ങനെയും സഹിക്കാം പക്ഷെ ഇത്തരം പരസ്യങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപെടും ?

അങ്കിള്‍ said...

:)

കരീം മാഷ്‌ said...

tkപരസ്യക്കാര്‍ ബാക്ടീരിയയെ ചിത്രീകരിക്കുന്നതു കണ്ടു പഴകിയ കുട്ടികള്‍ ഇപ്പോള്‍ പരീക്ഷക്കു പോലും താടിയുംകുന്തവുമായി വാലും കുത്തി നടക്കുന്ന ബാക്ടീരിയയെ വരക്കാന്‍ തുടങ്ങിയെന്നു എന്റെ ഒരു കൂട്ടുകാരന്‍ മാഷു ഈയിടെ പറഞ്ഞതേയുള്ളൂ!

kichu / കിച്ചു said...

അന്തോണിച്ചായോ.....

വല്ലപ്പോഴും മാത്രം ബ്ലോഗിലെത്തുന്ന ഒരു വഴിപോക്കയാണേ...

ഈ ബ്ലോഗ് ആദ്യമാണു കാണുന്നത്.നന്ന്

പരിഹാസ ശൈലി കൊള്ളാം..

ഒരിക്കല്‍ എന്റെ അമ്മായി അമ്മയുടെ ആത്മഗതം കേട്ടു..” നന്നായി ആഭിനയ്ച്ചിരുന്ന ഒരുത്തനായിരുന്നു ഇപ്പോള്‍കക്കൂസ്സു കഴുകാന്‍ നടക്കുന്നു.ഈ ചെറുക്കനു വേറെ പണീയൊന്നും കിട്ടിയില്ലേ”

ഈ കമ്പനിക്കാരെല്ലാം കൂടി ആള്‍ക്കാരെ ഡെറ്റോള്‍ കുട്ടപ്പന്മാരാക്കുമോന്നാ എന്റെ ഒരു സംശയം. “അഹ”ത്തിലെ മോഹന്‍ലാലിനെപ്പോലെ..