Sunday, November 18, 2007

വിവേകവും വികാരവും

ദാര്‍‌വീശേ, എന്തരു പറ്റി ചെല്ലാ?

എന്റെ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും ഇടയില്‍ ന്യൂക്ലിയസ് പള്‍പോസസ് ഒന്നു ഹെര്‍ണിയേറ്റ് ചെയ്തതാ.
നീ കിടപ്പായ മനുഷ്യന്‍ അല്ലേ, ലേ മാന്‍ ഭാഷ പറഞ്ഞാല്‍ മതി.

ടേ, എന്റെ നടു ഒടിഞ്ഞെന്ന്.
കഴിഞ്ഞ കൊല്ലം കുതിരപ്പൊറത്ത് അളിഞ്ഞുപിടിച്ചു കേറി വീണു നീ  നടുവും ഒടിച്ച് ഒരോപ്പറേഷന്‍ ചെയ്യിച്ചതല്ലേ പൊടിയാ?  ഇപ്പഴും അമ്മാതിരി പണി ചെയ്തോ? വയ്യെങ്കി ഒരു ലെവലിനൊക്കെ നിന്നൂടണ്ടേ?

യേ, ഇത്തവണ വീട്ടില്‍ വച്ചു തന്നാ കിട്ടിയത് മുട്ടായി.
എന്തരു പറ്റി?

രാവിലേ കുടുംബത്ത് സാതനം ഒക്കെ ഒന്ന്  അടുക്കിപ്പറക്കിയതാ. വീട്ടില്‍ എട്ടടി പൊക്കത്തില്‍ ഒരു ടെറാക്കോട്ട ചീനഭരണിയുണ്ട്. അതിനെ ഒന്നു മാറ്റി വയ്ക്കാന്‍ ചുമട്ടു തൊഴിലാളികളെ വിളിക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നിട്ട്?

സൂക്ഷം ആ മുഹൂര്‍ത്തം നോക്കി എന്റെ ബീവി വന്ന് പറഞ്ഞ്, മനുഷേനേ, ആവതില്ലാത്ത നിങ്ങളു ആ ഭരണി എടുത്തു പൊക്കല്ലേ,  വൈകിട്ട് എന്റെ വാപ്പ വന്ന് അത് മാറ്റിവച്ചു തരാമെന്ന് പറഞ്ഞിട്ടൊണ്ടെന്ന്.
എന്നിട്ട്?

ഓള്‍ടെ ഓള്‍ഡ് മാന്‍ ആണു നമ്മളെക്കാള്‍ വലിയ പുലി എന്നു പറഞ്ഞാല്‍ നുമ്മക്കടെ വികാരം വിവേകത്തെ മറികടക്കൂല്ലേ. പിന്നേ, ഇളിയെടുത്ത് നില്‍ക്കാന്‍ ആവതില്ലാത്ത നിന്റെ വാപ്പയ്ക്ക് പറ്റുന്നത് എനിക്ക് എന്താടീ പറ്റാത്തത് എന്നും പറഞ്ഞ് ഞാന്‍ ലതങ്ങ് എടുത്ത് പൊക്കി.
എന്നിട്ട്?

എന്നിട്ട് ചുറ്റും നോക്കുമ്പോ രണ്ടു ഡോക്റ്ററും മൂന്നു നേഴ്സും  താടിക്കു കയ്യും കൊടുത്ത് നില്പ്പൊണ്ട്. അവരോട് എന്താ സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍  പറഞ്ഞു തന്നതാ ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും...
കഷ്ടമായിപ്പോയി. എന്നാലും നീ ഈ മണ്ടത്തരം കാണിച്ചല്ലോ

ടേ നിന്നോട് നിന്റെ ഭാര്യ ആയിരുന്നു നിനക്കാവതില്ലാത്ത ഭാരം പൊക്കാന്‍ അവള്‍ടപ്പനെ വിളിക്കാമെന്ന് പറഞ്ഞിരുന്നതെങ്കിലും നീ ഇതു തന്നെ ചെയ്യൂല്ലേ?
ഛേ, ഞാന്‍ നിന്നെപ്പോലെ അബദ്ധം കാണിക്കൂല്ല ദാരുവീശുകാരാ.

പിന്നെ നീ എന്തു ചെയ്തേനെ?
നിന്റെ അപ്പന്‍ അത്ര ചുണയുള്ള മോന്‍ ആണെങ്കില്‍ ‍ ഇതൊന്നു പൊക്കി നോക്കട്ട്, അങ്ങോരു ഇതെടുക്കാന്‍ വയ്യാതെ കുത്തിയിരിക്കുമ്പോ ഞാന്‍ ഇതെങ്ങനെ പൊക്കണമെന്ന് പുള്ളിക്ക് കാണിച്ചു കൊടുക്കാം എന്നു പറയും.

അപ്പോള്‍?
അപ്പോള്‍ നമ്മള്‍ പന്ത് അപ്പ്രത്തെ കോര്‍ട്ടിലാക്കീടേ. പിന്നെ മാനം രക്ഷിക്കേണ്ട ഡെസ്പറേറ്റ് സിറ്റുവേഷന്‍ കിളവനായില്ലേ.

4 comments:

സുല്‍ |Sul said...

ഹഹഹ
സിറ്റുവേഷന്‍ പന്തടി കൊള്ളാം
-സുല്‍

ഗുപ്തന്‍ said...

Best :))

simy nazareth said...

നടു ഒടിയുന്നതിനു മുന്‍പേ ആ വിവേകം തോന്നിയെങ്കി അല്ലേ :-)

ദിലീപ് വിശ്വനാഥ് said...

കിട്ടേണ്ടത് കിട്ടിയില്ലെങ്കില്‍....
നന്നായി ആന്റോ.