Tuesday, November 13, 2007

സൗജന്യം

കലാസ്നേഹികളേ, പിന്നണി ഭാഗവതര്‍ ശ്രീ. കമലാസനന്‌ പെട്ടെന്ന് വീട്ടില്‍ പോകേണ്ടിവന്നതിനാല്‍ തല്‍സ്ഥാനത്ത് ശ്രീ. ആന്റണിയെ ഉള്‍പ്പെടുത്തി എന്റെ ഈ കഥാപ്രസംഗം തുടരുകയാണ്‌.  അങ്ങനെ നമ്മുടെ നായകന്‍,  ഈ ചമ്മിയിരിക്കുന്ന ചീളു പയല്‌, ബാംഗളൂര്‍ നഗരത്തില്‍  രാത്രി വണ്ടിയിറങ്ങി നടക്കുകയായിരുന്നു. മുകളില്‍ പൂര്‍ണ്ണചന്ദ്രന്‍ വെണ്ണിലാവു പൊഴിച്ചു നില്‍ക്കുന്നു.

കോറമംഗലയാം ഭൂമിക്ക്.. വേളിപ്പുടവയുമായ് വരും വെളുത്തവാവേ...

കാഥികാ, ച്ചിരീം നിര്‍ത്തണേ, ഒരു അനൗണ്‍സ്മെന്റ് കൊടുത്തോട്ടെ.  ഒരു പ്രത്യേക അറിയിപ്പ്. നാളെ രാവിലേ ഉച്ചക്കട ഗവര്‍മ്മെന്റ് സ്കൂളില്‍ സൗജന്യമെഡിക്കല്‍ ഉണ്ടായിരിക്കുന്നതാണ്‌. ഇവിടെയുള്ള എല്ലാവര്‍ക്കും അങ്ങോട്ടു സ്വാഗതം.

സൗജന്യമടിക്കലോ? യെവനെങ്കിലും പട്ടാളത്തീന്നോ ഗള്‍ഫീന്നോ വന്നോ?
വെള്ളമടിയല്ലെടേ, മെഡിക്കല്‍ ക്യാമ്പ്.  കണ്ണു പരിശോധന. റോട്ടറി ക്ലബ്ബ് വക ഫ്രീ.

അതിനു ഈ ഇരിക്കണ ആര്‍ക്കും കണ്ണിനു ഒരു പോതരക്കേടും ഇല്ലല്ല്?  ചെലരക്ക് കാഴ്ച്ച ആവശ്യത്തിലും കൂടുതലാ. ഒരുത്തനെ തന്നെ രണ്ടായിട്ടും മൂന്നായിട്ടും കാണാം.  ഇത്രയും കാലം നമ്മുടെ കാഴ്ച്ചയെ കാലാപ്പാനി ഒഴിച്ചുതന്ന് തകര്‍ക്കാതിരുന്ന രാജരാജശ്രീ ചാണ്ടിക്കുഞ്ഞ് അവര്‍കള്‍ക്ക് പൗരസമിതിയുടെ വകയായി ഒരു തിരസ്കാരം കൊടുക്കേണ്ടതാകുന്നു.
ഇതാ പറയണത് ഒരുത്തനും വിവരമില്ലെന്ന്. ഡേ, ഒരസുകവുമില്ലേലും എല്ലാരും പോണം. അവരു കലണ്ടറേലെ അക്ഷരം വായിക്കാന്‍ പറയും. ഒതളങ്ങാ വലിപ്പമുള്ളത് മാത്രം നോക്കി വായിച്ചേച്ച് ബാക്കിയൊന്നും കാണൂടത്തില്ലെന്ന് പറയണം.

അതെന്തരിനെടേ?
അപ്പോള്‍ സൗജന്യ കണ്ണാടി തെരും. ഇനിയെപ്പഴാ മെഡിക്കല്‍ ക്യാമ്പെന്നും അന്നരവും കണ്ണിന്റെ ക്യാമ്പ് തന്നേന്നും ആരിക്കറിയാം? അതിന്റെടേല്‍ വല്ല ഏനക്കേടും വന്നാല്‍ ഈ കണ്ണാടി എടുത്തു വയ്ക്കാവല്ല്. ഇഞ്ഞി തെണ്ണവൊന്നും വന്നില്ലേല്‍  ഇതു വില്‍ക്കാമല്ല്. ഒരമ്പതു രൂപയെങ്കിലും കിട്ടും.

ഡേ, അപ്പോ ഒള്ളതായിട്ടും കണ്ണു കണ്ടൂടാത്ത ആരിക്കെങ്കിലും കിട്ടാനുള്ള കണ്ണാടിയായിരിക്കത്തില്ലേ നമ്മളടിച്ച് മാറ്റണത്?
ഈ റോട്ടറിക്കാരക്കന്നും ചക്രത്തിനു വെലയില്ലെടേ, എത്തറ വേണേലും കണ്ണാടിയോ വെപ്പുകാലോ വാങ്ങിച്ചു കൂട്ടും ലവര്‍, പത്രത്തിലു പടം വരണതല്ലീ. പിന്നെ ക്യാമ്പങ്ങോട്ട് തീരുമ്പ ഒരു വെള്ളവടിയൊണ്ട്. അതേല്‍ ഒരുത്തന്‍ ഞാന്‍ അഞ്ഞൂറു കണ്ണാടി വാങ്ങിച്ചുകൊടുത്തെന്ന് പറയുമ്പ അടുത്തവന്‍ ഞാന്‍ രണ്ടായിരം കൊടുത്തെന്ന് പറയും. എത്ര കൂടുതലെണ്ണം പോകുന്നോ അതാ അവര്‍ക്കു വെയിറ്റ്. അപ്പ നാളെ സ്കൂളില്‍. അനൗണ്‍സ്മെന്റ് കഴിഞ്ഞ്.

രണ്ട് തടസ്സം എടയ്ക്ക് വന്നോണ്ട് കഥപറയഅനുള്ള ലിത്  പോയി. ഇഞ്ഞി നാളെ ആദ്യം മൊതലേ പറയാം. ആന്റണിഫാഗോതരേ, മങ്ങളം പാട്.

മംഗളം നേരുന്നു ഞാന്‍ സദസ്സിനു മംഗളം നേരുന്നു ഞാന്‍. പറഞ്ഞു തീരണ മുന്നേ ഈ കാഥികന്‍ ഇറങ്ങി പോയല്ലുമെങ്കിലും...

3 comments:

സുല്‍ |Sul said...

ലതാണ് റൊട്ടറി കണ്ണട :)
-സുല്‍

Meenakshi said...

ആശയം കൊള്ളാം, എന്തായാലും ഇനി എല്ലാ സൌജന്യമെഡിക്കല്‍ ക്യാമ്പിലും പോകാന്‍ തീരുമാനിച്ചു . ഒരു കണ്ണാടിയെങ്കില്‍, കണ്ണാടി.

ശാലിനി said...

"പിന്നെ ക്യാമ്പങ്ങോട്ട് തീരുമ്പ ഒരു വെള്ളവടിയൊണ്ട്. അതേല്‍ ഒരുത്തന്‍ ഞാന്‍ അഞ്ഞൂറു കണ്ണാടി വാങ്ങിച്ചുകൊടുത്തെന്ന് പറയുമ്പ അടുത്തവന്‍ ഞാന്‍ രണ്ടായിരം കൊടുത്തെന്ന് പറയും. എത്ര കൂടുതലെണ്ണം പോകുന്നോ അതാ അവര്‍ക്കു വെയിറ്റ്."

:)