യേത് വീക്കിലിക്ക് ആണെടാ നിന്നെക്കൊണ്ട് എഴുതിക്കേണ്ട ഗതികേട് വന്നത്?
വീക്കിലി ഇനി ഉമിക്കരി പൊതിയാന്‍ പോലും യെവനും വാങ്ങിക്കൂല്ല. ഇത്
ബ്ലോഗാ, ബ്ലോഗ്. ഞാനെഴുതുന്നു ഞാന്‍ തന്നെ പബ്ലിഷും ചെയ്യണത്.
വായനക്കാരനും നീ തന്നെ?
ഊതല്ലേണ്ണാ, അണ്ണന് സാല്വഡോറ് മംഗാനയുടെ "ആര്‍ക്കുവേണം പ്രസാധകനെ?" എന്ന
ലേഖനം വായിക്കണം ആമസോണ്‍ ഡോട്ട്...
അല്ലാ ആന്റോയേ, ഞാനിങ്ങനെ കാലം മാറുന്നത് എങ്ങോട്ടാണെന്ന് ഓര്ക്കുവാരുന്ന്.
എങ്ങോട്ടാ?
പണ്ടൊക്കെ ജന നേതാവ് ആകാന്‍ മനുഷ്യസ്നേഹിയും നയതന്ത്രഞ്ജനും ധീരനും ഒക്കെ
ആയവനേ കഴിയുമായിരുന്നുള്ളു. ഇപ്പ ആര്‍ക്കും നേതാവാകാം എന്നായി. ഇച്ചിരേം
ഉളുപ്പില്ലായ്മ മതി കയ്യില്‍.
നേരാണ്ണാ, കക്ഷിരാഷ്ട്രീയം നശിച്ചു.
പണ്ട് യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയുമൊക്കെയായിരുന്നു
പാട്ടുകാര്‍. ഇപ്പം ഐഡിയല്‍ ബാര്‍ സിംഗര്‍ മുതല്‍ ചുമ്മാ ഒന്നു ഫോണ്‍
ചെയ്താല്‍ ഏതു വെള്ളിക്കെട്ടന് പയലിനും ടീവിയില്‍ പാടാം എന്ന രീതിയായി.
ഹോ ശരിയാ, പണ്ടത്തെ പാട്ടാ പാട്ട്. പണ്ടു പാടിയ പാട്ടിലൊരെണ്ണം..
പണ്ടൊക്കെ കാരൂര്‍ എസ് കേ, ഓ വി വിജയന്, വീ കേ എന്‍ തുടങ്ങി വലിയ
എഴുത്തുകാരുടെ കൃതികള്‍ ആയിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്.. ഇപ്പ.
അണ്ണാ! നിര്‍ത്ത്. ഈ വലിയവരൊക്കെ പണ്ട് ചെറിയവര്‍ ആയിരുന്നു. അവര്‍
വളരാന്‍ കിട്ടിയ അവസരം എല്ലാവര്ക്കും കിട്ടണം. ജനകീയ..
കീയണ്ട. എല്ലാ കലാപരിപാടിക്കും അരങ്ങേറ്റം എന്നൊരു സാധനമുണ്ട്.
എലിജിബിലിറ്റി കിട്ടിയാലേ തട്ടേല്‍ കേറി കളിക്കാവൂ എന്ന്. എന്തിനാടേ
കല്യാണം കഴിക്കാന്‍ പതിനെട്ടും ഇരുപത്തൊന്നും വയസ്സ് വേണമെന്ന്
വച്ചിരിക്കുന്നത്? ബ്ലോഗ് എഴുതുമ്പ ശൈശവത്തിലേ നിങ്ങളു കലാപരിപാടി
തുടങ്ങുകയല്ലേ. ആദ്യമേ ഞെളിയാന്‍ തുടങ്ങിയാല്‍ എങ്ങനെ തെളിയുമെടേ?
അണ്ണാ, അതാണതിന്റെ പ്രത്യേകത. ഞാങ്ങ് ഒരെണ്ണം എഴുതുന്നു. കൊള്ളൂല്ലേല്
ആരും മൈന്‍ഡ് ചെയ്യൂല്ല. അപ്പ കൊറച്ചൂടെ നന്നാക്കും. അതായത് നടന്നു
തൊടങ്ങുമ്പഴേ തട്ടേല്‍ കേറി ഡാന്‍സ് തുടങ്ങുകയാ, നോ അരങ്ങേറ്റം.
കൊച്ചല്ലേ എന്നു വിചാരിച്ച് ചിലപ്പോ ഏറു കിട്ടില്ലായിരിക്കും, പക്ഷേ
തെളിഞ്ഞില്ലേല്‍ കാണികളു വരൂല്ല, അപ്പ തന്നെ നന്നാവും.
അതിനു നീ ഒരു പോസ്റ്റ് ഇട്ടിട്ട് മെയില്‍ അയച്ചും എസ് എം എസ്സ് അയച്ചും
ഓര്‍ക്കുട്ടില്‍ ഇട്ടും പരിചയക്കാരെ എല്ലാം വിളിച്ച് കമന്റ് എഴുതാന്‍
പറഞ്ഞാല്‍ അവരു പടയായി വന്ന് കമന്റ് ഇട്ടിട്ടു പോകുവല്ല്. അതല്ലേ ഈ
സെല്‍ഫ് പബ്ലിഷിങ്ങ് പരിപാടി? ആരും നിന്റെ കോ.. അല്ല പോസ്റ്റ് ഒന്നും
വായിച്ചു പോലും നോക്കൂല്ലെന്ന്. ഇന്നാള് ഒരുത്തന് അവന്റെ കൂട്ടുകാരന്
ബൈക്കിടിച്ച് കാലു രണ്ടും വാരിയെല്ല് മൂന്നും ഒടിഞ്ഞു കിടപ്പാണ് എന്ന്
പോസ്റ്റ് ഇട്ടിട്ട് ഓര്ക്കുട്ടേല് ഒരു പരസ്യം അങ്ങ് കൊടുത്ത്.
എഴുപത്താറു പേരാ വന്ന് "അടിപൊളി, ചിരിച്ച് മണ്ണു കപ്പി, എന്നും ഇതുപോലെ
പോസ്റ്റ് ഇടണേ " എന്നൊക്കെ കമന്റ് ഇട്ടത്.
അണ്ണാ തള്ളേണെ ഞാന്‍ അനോണിയാ. എനിക്ക് ഓര്ക്കുട്ടുമില്ല, മെയിലുമില്ല,
ഒരു കുയിലുമില്ല. പോസ്റ്റ്, പോസ്റ്റ് മാത്രം. വേറൊന്നുമില്ല.
എത്രയെണ്ണം എഴുതി ഇതുവരെ?
അമ്പത്.
ആരേലും വായിച്ചോ?
അത്യാവശ്യം.
ആരും പറയാതെ അവരെങ്ങനെ അറിഞ്ഞ്? എല്ലാം വായിക്കാറുണ്ടോ അവര്‍?
അണ്ണാ, വായനക്കാര്‍, യഥാര്‍ത്ഥ വായനക്കാര്‍, പൂച്ചയെപ്പോലെയാ. മീന്‍
ഉറിയില്‍ ഇരുന്നാലും അവരു മണത്തു വരും. ചാണകം പാത്രത്തിലിട്ടു
കൊടുത്താലും അവരു നൂറേല് പാഞ്ഞുകളയും. അങ്ങനെ ഇപ്പ മീനേതാ ചാണകമേതാന്ന്
എനിക്കു മനസ്സിലായി വരുന്നു. അതല്ലേ അണ്ണന് പറഞ്ഞ എഴുതി തെളിയല്‍?
തന്നെ.
16 comments:
അമ്പതാം പോസ്റ്റിനാശംസകള്‍
ആശംസകള്‍!!!
:)
അനോണികം അമ്പതിനാശംസകള്
ഇത്ര പെട്ടന്ന് തെളിഞ്ഞാ?
ഇനീം പോരട്ടെ വെടിക്കെട്ടുകള്‍. (പടക്കപ്പൊരേല് പടക്കങ്ങളൊരുപാടുണ്ടെന്നൊരുള്വിളി... [ഇതിക്കൂടുതല്‍ നീട്ടിയെഴുതാനിനി പറ്റില്ല!]... യേത്? )
:)
എന്തരാന്റോ ഇത്
ഓര്‍ക്കുട്ടില്‍ സ്ക്രാപ്പും ജീ മെയിലും ഒക്കെ പോരാഞ്ഞ് ഫോണും വിളിച്ചു പറയുന്നോ? സിമീ കമന്റിടു സിമീ ന്ന്.
ഒന്നു രണ്ടു ദിവസം താമസിച്ചാലും ഞാന്‍ വന്ന് കമന്റിടുമല്ലോ.
എന്തായാലും ഇത്രേം പറഞ്ഞതല്ലേ, കമന്റിട്ടേക്കാം
അമ്പതാം പോസ്റ്റിനാശംസകള്‍.
congrats for the half century :)
കലക്കി ആന്റണീ!
പറയാനുള്ള ഒരു വലിയ കാര്യം വളരെ ഭംഗിയായി പറയുകയും ചെയ്തു. എഴുതുന്നതില്‍ കാമ്പുണ്ടെങ്കില്‍ പുതിയ ആളായാലും ആളുകള്‍ ശ്രദ്ധിക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു് ആന്റണി. വര്‍ഷങ്ങളായി എഴുതിയാലും ഗുണമില്ലെങ്കില്‍ ആളുകള്‍ വായിക്കില്ല എന്നതിന്റെ ഉദാഹരണങ്ങള്‍ ബൂലോഗത്തില്‍ ധാരാളമുണ്ടല്ലോ...
ആരെടാ ഈ അനോണി ആന്റണിയുടെ പുറം ചൊറിഞ്ഞു കൊടുത്തു് ഈ പയലിനെ എഴുത്തുകാരനാക്കിയതു്? അവന്റെ പുറത്തെ തൊലിയൊക്കെ ഉരിഞ്ഞുപോയല്ലു്... :)
ആശംസകള്‍, ഇതേ മാതിരിയുള്ള അനവധി പോസ്റ്റുകള്‍ ഇനിയും വരട്ടേ...
അങ്ങനെ ഇപ്പ മീനേതാ ചാണകമേതാന്ന്
എനിക്കു മനസ്സിലായി വരുന്നു.
ആശംസകള്‍.:)
ഒന്നൊന്നര കീറായിപ്പോയി !!!
അണ്ണേ...എന്തിരണ്ണേ ഉമേഷേട്ടന് നമ്മളെയിട്ട് വെക്കണത് പോലെ തോന്നണത്? എന്തിരണ്ണേ ലങ്ങേര് ഇങ്ങിനെ ‘വര്‍ഷങ്ങളായി എഴുതിയാലും ഗുണമില്ലെങ്കില്‍ ആളുകള്‍ വായിക്കില്ല എന്നതിന്റെ ഉദാഹരണങ്ങള്‍ ബൂലോഗത്തില്‍ ധാരാളമുണ്ടല്ലോ...’ എന്നൊരു ബോമ്പ് പൊട്ടിച്ച് പോയത്? ഇത് ലങ്ങേര് നമ്മള്‍ക്കിട്ട് വെച്ചത് തന്നണ്ണേ? ഒ, ഇങ്ങളിപ്പൊ വല്ല്യ എഴുത്തുകാരനല്ലീ...ഞാന്‍ വേറെ ആരൂടെങ്കിലും ചോദിച്ചോളാമണ്ണേ...
ഇവിടെ മീന്‍ കണ്ടിട്ട് എന്നും വരണ പൂച്ച...
പക്ഷേല് മീങ്കറി കിട്ടാന്‍ എന്തിര് ചെയ്യണമണ്ണേ?
ആശംസകള്‍!!!
"എന്തരിനെടെ?"
"അമ്പതിന് അണ്ണേ..."
"അതെപ്പഴടേ അമ്പത്?"
"അതല്ല അണ്ണേ... അണ്ണന്റെ ബ്ലോഗുകള്‍"
"വോ, വരവ് വച്ചിരിക്കണടേ... സ്ഥലങ്ങള്‍ കാലിയാക്ക്."
അമ്പതാം പോസ്റ്റിനാശംസകള്‍
"ഇന്നാള് ഒരുത്തന് അവന്റെ കൂട്ടുകാരന്
ബൈക്കിടിച്ച് കാലു രണ്ടും വാരിയെല്ല് മൂന്നും ഒടിഞ്ഞു കിടപ്പാണ് എന്ന്
പോസ്റ്റ് ഇട്ടിട്ട് ഓര്ക്കുട്ടേല് ഒരു പരസ്യം അങ്ങ് കൊടുത്ത്. എഴുപത്താറു പേരാ വന്ന് "അടിപൊളി, ചിരിച്ച് മണ്ണു കപ്പി, എന്നും ഇതുപോലെ
പോസ്റ്റ് ഇടണേ " എന്നൊക്കെ കമന്റ് ഇട്ടത്."
അണ്ണേ, ഇതൊക്കെ വായിച്ചാല്‍ ആരാ ചിരിക്കാത്തത്!
ആശംസകള്‍!!
ഒരു സ്ഥിരം വായനക്കാരന്
എല്ലാവരും ആശംസിക്കുമ്പോള്‍ മാറി നില്ക്കുന്നതു് ശരിയല്ലല്ലോ?
അതു കൊണ്ടൊന്നുമല്ല, കേട്ടോ? :)
ആശംസകള്‍!
Post a Comment