Sunday, November 4, 2007

പെര്‍വേര്‍ഷന്‍

രാശി മാപ്രാണങ്ങള്‍ മാറിയിട്ടോ ചീന രാശിയില്‍ വീണുപോയിട്ടോ എന്തരോന്തോ, എനിക്ക്‌ എരണം കെട്ട പാട്ടുകളാണ്‌ ഇഷ്ടം.

സ്റ്റാന്‍ഡേര്‍ഡ്‌ ഉള്ള ഷാപ്പ്‌ പാരഡികള്‍ നുമ്മക്കടെ നിലവാരത്തിനും മീതേയാണ്‌. കാതോഡ്‌ കാഥോറം എന്ന സിനിയമിലെ "ഡേവിഡ്‌ യൂതര്‍ പാടി" എന്ന പാട്ട്‌ ഓര്‍ത്ത്‌"യേശുദാസു പാടി സില്‍ക്ക്‌ സ്മിത ആടി കണ്ടു നിന്ന മമ്മൂട്ടി മുണ്ടുപൊക്കി ഓടി..." എന്ന രീതിയിലെ കൂതറപ്പാട്ട്‌ പാടണം. അതാണ്‌ എന്റെ ടേസ്റ്റ്‌.

ലതെവിടെയും അപ്രീഷ്യേറ്റ്‌ ചെയ്യപ്പെടൂല്ല എന്നതിനാല്‍ കൊച്ചിലേ ആളില്ലാത്ത കടപുറത്തും മറ്റും പോയിരുന്ന് ഞാന്‍ തന്നത്താന്‍ ഇമ്മാതിരി പാട്ട്‌ പാടി രസിച്ചിരുന്നു. ആള്‍ക്കൂട്ടത്തിലും സിറ്റി ബസ്സിലും ഞാന്‍ ഈ പാട്ടുകള്‍ മനസ്സില്‍ ഉറക്കെ പാടി തകര്‍ത്തിരുന്നു; പാന്റീസും മിനിസ്കര്‍ട്ടും ഇട്ടിട്ട്‌ അതിനു മുകളില്‍ ബാഗി പാന്റും ധരിച്ച്‌ നോര്‍മല്‍ ചമയുന്ന ക്രോസ്‌ ഡ്രെസ്സറെപ്പോലെ.

ദുബായില്‍ വന്നപ്പോഴാണ്‌ പുതിയൊരു നീഷ്‌ ഞാന്‍ കണ്ടെത്തിയത്‌- കാര്‍!
കാറേല്‍ കേറി ഒറ്റയ്ക്ക്‌ അബുദാബിയിലോട്ട്‌ വിട്ടാല്‍ മതി. റോഡില്‍ പാരലല്‍ ആയിട്ട്‌ വണ്ടികള്‍ പോകുന്ന സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ "അളിയാ പൊന്നളിയാ തിന്നളിയാ ചപ്പാത്തി.. കറിയില്‍ മുക്കി മുക്കി തിന്നളിയാ ചപ്പാത്തി " എന്ന് സലില്‍ ചൌധരിയുടെ ഈണത്തില്‍ പാടി പാടി പോകാം.

കുറച്ച്‌ വര്‍ഷം മുമ്പ്‌ എന്റെ മഞ്ഞപ്പ്രാന്തിനു അനുഗ്രഹമായി ഒരു സൂത്രം എത്തി- മൊബൈല്‍ ഫോണിന്റെ ഹാന്‍ഡ്സ്‌ ഫ്രീ . ലിത്‌ വന്നതോടെ വെറുതേ സംസാരിച്ചു നടന്നാല്‍ ഭ്രാന്തനെന്നല്ല, ഫോണ്‍ ചെയ്യുന്നവന്‍ എന്ന് ജനം ധരിക്കുമെന്ന അവസ്ഥയായി.

ഇതിന്റെ കാലം വരവായതോടെ രാവിലെ തിരക്കു മൂത്ത വഴിയില്‍ ട്രാഫിക്‌ ജാമില്‍ കിടക്കുമ്പോഴും ഞാന്‍ പാടി ആര്‍മ്മാദിച്ചു തുടങ്ങി. എന്തിന്‌, രാവിലേ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇന്ന് എമിറേറ്റ്സ്‌ റോഡ്‌ മൊത്തം ബ്ലോക്ക്‌ ആയിരിക്കണേ എന്ന് പ്രാര്‍ത്ഥിചു തുടങ്ങി. വിന്‍ഡോ നാലും കേട്ടിയിട്ട വണ്ടിയേല്‍ ഇരുന്ന് ഞാന്‍ പുലമ്പുന്നത്‌ "ഡീ സെക്രട്ടറീ, ഇത്‌ നിന്റെ മൊയിലാളി ആണ്‌, ഞാങ്ങ്‌ വരുമ്പത്തേനും ആ അമ്പതു മില്യന്‍ കോണ്ട്രാക്റ്റിന്റെ പേപ്പറെല്ലാം ശരിയാക്കി വച്ചേക്ക്‌" എന്നോ മറ്റോ ആണെന്ന് ജനം എന്റെ നാലുവശത്തും താന്താങ്ങളുടെ വണ്ടിയേല്‍ ഇരുന്നോണ്ട്‌ ആദരപൂര്‍വ്വം വിചാരിച്ചുകൂട്ടി. ഇതാണ്‌ ഈ ലോകത്തിന്റെ വസന്തകാലം. ഹാന്‍ഡ്സ്‌ ഫ്രീ കാലം.

ഇന്നും രാവിലേ ഇറങ്ങി. വീട്ടില്‍ നിന്നും പത്തടി വണ്ടിയോടിയതും റെയില്‍വേ പണിക്കാരുടെ നടുവില്‍ ബ്ലോക്ക്‌ ആയി.
മാര്‍ക്കസ്‌ ബാര്‍ട്ട്‌ലീയുടെ ഫില്‍ട്ടാറിട്ട ക്യാമറ എന്റെ മോന്തയ്ക്കോട്ട്‌ തിരിച്ചു വച്ചിട്ടുണ്ടെന്നും നിക്കറിട്ട്‌ തൊപ്പി വച്ച്‌ കാര്യാട്ട്‌ എന്റെ മോന്തായം ശ്രദ്ധിച്ചു നില്‍പ്പുണ്ടെന്നും ഭാവിച്ച്‌ ഞാന്‍ കടാപ്പൊറത്തെ പരീക്കുട്ടിയായി അലച്ചു പാടി
"ചെവിയിലെ രോമവും കരണത്തെ രോമവും കുരുങ്ങുകില്ലോമനേ കുരുങ്ങുകില്ലാ..."

റോഡുപണിക്കാര്‍ ബിസി ബിസിനസ്സ്‌ മാനെ ബഹുകണ്ടമാനത്തോടെ നോക്കി. സിഗ്നല്‍ മാറി. ഞാന്‍ പോയി.

അടുത്ത ജംഗ്ഷനില്‍ നിറുത്തിയപ്പോള്‍ പത്രം വില്‍ക്കുന്ന പയ്യന്‍ നേരേ ഒരു ഖലീജ്‌ ടൈംസ്‌ എന്റെ മൂക്കിനു മുന്നിലേക്ക്‌ നീട്ടി. വണ്ടീടെ ചില്ല് ഇന്നലെ പമ്പില്‍ പൈസ കൊടുക്കാന്‍ താഴ്ത്തീതായിരുന്നല്ലോ.
[നാലഞ്ച്‌ കൊല്ലം മുന്നേ എഴുതീത്‌ ഇപ്പ പൊളിച്ച്‌ പണിതതാണ്‍ ഈ പോസ്റ്റ്‌]

11 comments:

ഗുപ്തന്‍ said...

ശ്വാസം പിടിച്ചിരുന്നിട്ട് ആ റോഡുപണിക്കാരന്റെ ഭാഗം വന്നപ്പോള്‍ അലറിച്ചിരിച്ചുപോയി. ക്ലൈമാക്സിന്റെ സുഖം കിട്ടീല്ല :(

ദിലീപ് വിശ്വനാഥ് said...

ഇതിങ്ങനെ വെരുതെ ഇരുന്നു ചിരിക്കനും ഒരു ഹാന്റ്സ് ഫ്രീ ഉണ്ടെങ്കില്‍ കൊള്ളാമായിരുന്നു.

കൊച്ചുത്രേസ്യ said...

എനിക്ക്‌ ക്ലൈമാക്സ്‌ കത്തീല :-(

ബാക്കിയൊക്കെ ഇഷ്ടപ്പെട്ടു. ഞാനും പാരഡി പാട്ടുകളുടെ ഒരു ആരാധികയാണ്‌ :-)

Sathees Makkoth | Asha Revamma said...

ഇതിനെല്ലാമിടയില്‍ വണ്ടീടെ ചില്ലുപോലും ഉയര്‍ത്താന്‍ മറന്നുപോയി അല്ലേ?
നല്ല കാര്യം.രസമായി.

ആഷ | Asha said...

അങ്ങനെ ആ പണിക്കാര്‍ അങ്ങയെ ആ മുകളിലിട്ടിരുന്ന ബാഗി പാന്റ്സ് ഊരി പോയ നിലയില്‍ കാണാന്‍ പറ്റി.
ഹ ഹ

വല്യമ്മായി said...

ഞാനും പാടാറുണ്ട്(പാട്ടു മാത്രമല്ല,സ്റ്റിയറിങ്ങില്‍ താളോം പിടിക്കാം),പാരഡിയല്ല,റേഡിയോയിലെ പാട്ടിനൊത്ത് :)

സുല്‍ |Sul said...

പാട്ടുപാടുന്ന ബിസി ബിസ്സിനസ്സ് മേനോനെ കണ്ട റോഡുപണിക്കാരന്‍ പെട്ടെന്നു തന്നെ സിഗ്നല്‍ തന്നതെന്തിനാണെന്നാണാവോ. ആള്‍ക്ക് ഒരു കലാപബോധമില്ലാതെ പോയി. അല്ലാതെന്നാ.

-സുല്‍

Sherlock said...

:) പിന്നെ നുമ്മക്കും പെരുത്ത് ഇഷ്ടാണ് പാരഡി.

Umesh::ഉമേഷ് said...

ഹഹഹ...

പന്ത്രണ്ടു കൊല്ലം മുമ്പു ബോസ്റ്റണിലെ തെരുവീഥികളില്‍ കൂടി ഞാനും കൂട്ടുകാരന്‍ ശ്രീനിവാസനും കൂടി ഇങ്ങനെയുള്ള പാട്ടുകള്‍ പാടി നടന്നിരുന്നു-മലയാളികള്‍ ഇല്ലെന്നുള്ള ഉറപ്പില്‍. അഥവാ ഉണ്ടെങ്കില്‍ അങ്ങനെയെങ്കിലും ഒരാളിനെ പരിചയപ്പെടാമല്ലോ എന്നു കരുതി...

ഇപ്പോള്‍ പറ്റില്ല. വഴിയില്‍ കാണുന്നവരില്‍ അഞ്ചിലൊന്നെങ്കിലും മലയാളിയാണു്. ഭാര്യയോടു സംസാരിക്കണമെങ്കിലും സൂക്ഷിക്കണം.

അനോണീ, തുടരൂ...

ഔസേപ്പ് said...

അനോണീ, അന്തോണീ,

“കായലരികത്ത് പതുങ്ങിനിന്നപ്പം
നടുവിനെറിഞ്ഞൊരു ഘാതകീ,
കുനിയാനും വയ്യ, നിവരാനും വയ്യ
നടുവിനെന്തൊരു വേദന!“

“കൊച്ചീക്കായലിലേതോ
ഒരജ്ഞാതന്റെ കോണാന്‍
അലയും കാറ്റിലുലയും
രണ്ട് ചരടും വേറെ വേറെ..”

എന്നിങ്ങനെയുള്ള മധുരഗാനങ്ങളാലപിച്ചു കൊണ്ട് വായിച്ചു.

myexperimentsandme said...

ചാക്കോച്ചാ, ഓടിവായോ, മറിയാമ്മ കിണറ്റില്‍ വീണു...

ഒരു മധുരക്കിഴങ്ങിന്റെ വലിപ്പത്തിലവളുടെ പിടലിക്ക് മുഴവന്നൂ...

സാമ്പാറില്‍ മുങ്ങിത്തപ്പി, മുരിങ്ങക്കാക്കോലുകിട്ടീ, നീന്നെമാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ...

ഞാന്‍ പണ്ടേ അന്തോണിയുടെ പങ്കയായിരുന്നു. സീനിയവറട്ടിയുണ്ട് :)