Tuesday, November 6, 2007

സോപ്പോപ്പറാ 2.0

ഗുഡ് മോര്‍ണിങ്ങ്. തിരക്കുകള്‍ മാറ്റിവച്ച് ഈ ഡെമോ ഇവിടെ കാണാന്‍ വന്ന സകലര്‍ക്കും നന്ദി. സോപ്പോപ്പറാ 2.0 എന്ന ഞങ്ങളുടെ പുതിയ സോഫ്റ്റ്‌വെയര്‍ ബേസിക്കലി ഒരു സ്ക്രിപ്റ്റ് ജെനറേറ്റര്‍ ആണ്‌.  ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി വിവരിക്കുകയാണെങ്കില്‍ ഈ അടുത്തകാലത്തൊന്നും തീരുകയില്ല, അതുകൊണ്ട് ഞാന്‍ നേരിട്ട്  പ്രോഡക്റ്റ് നിങ്ങളെ കാണിക്കുകയാണ്‌. ഇതിന്റെ സാദ്ധ്യതകള്‍ നിങ്ങള്‍ തന്നെ കണ്ടറിയുകയാണ്‌ എളുപ്പം.

സോപ്പോപ്രാ പ്ലാറ്റ്ഫോം ഫ്രീ ആണ്‌. പ്രോഗ്രാം ലോഡ് ചെയ്യാന്‍ ദാ ഇങ്ങനെ ഐക്കണില്‍ മൗസിട്ട് രണ്ട് കിണുക്കിയാല്‍ മതി.

ഇപ്പോള്‍ നമ്മള്‍ മെയിന്‍ മെനുവിലാണ്‌.   കുടുംബം, പ്രേതം, കുറ്റം, കോമഡി, ഭക്തി എന്ന് അഞ്ചു  ബട്ടണുകള്‍ കാണുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് എന്തു തരം സ്ക്രിപ്റ്റാണോ വേണ്ടത് അതില്‍ അമര്‍ത്തുക. ഇപ്പോള്‍ ഞാന്‍ കുടുംബം എന്ന സബ്‌മെനുവിലേക്ക് പോയി. എത്ര എപ്പിസോഡ് വേണം എന്ന് ടൈപ്പ് ചെയ്യുക . ഈ വാല്യൂ എപ്പോള്‍ വേണമെങ്കിലും മാറ്റി  സ്ക്രിപ്റ്റ് റിവൈസ് ചെയ്യാവുന്നതാണ്‌, ഡിഫാള്‍ട്ട് വാല്യൂ ആയിരം.

ഇനി ഒരു കഥാപാത്രത്തിന്റെ പേരു കൊടുക്കുക. കൊടുത്തയാളിന്റെ ജാതി അനുസരിച്ച് അയാളുടെ  ഭാര്യ, ഭര്‍ത്താവ്, അമ്മ, അമ്മായിയമ്മ, അമ്മായിയച്ഛന്‍,  അച്ഛന്‍, മകള്‍, കാമുകി, അയല്‍ക്കാരന്‍ അയാളുടെ ഭാര്യ, ഭാര്യയുടെ ജാരന്‍, ജാരന്റെ ഭാര്യ, അവളുടെ ജാരന്‍, ആ ജാരന്റെ ഭാര്യ എന്നിങ്ങനെ എല്ലാ വാല്യൂസും ഫോം തനിയേ പുള്‍ അപ്പ് ചെയ്യും. നാനാജാതിയില്‍ നിന്നുമായി ഇരുപതിനായിരം പേരുകള്‍ ഡേറ്റാബേസിലുണ്ട്. മാത്രമല്ല, നിങ്ങള്‍ കൊടുക്കുന്ന പേരിനു അനുയോജ്യമായ പേരുകള്‍ ആയിരിക്കും വരുന്നത്. ഉദാഹരണത്തിനു ഞാന്‍ രാഘവന്‍ എന്നു കൊടുത്താല്‍ ഭാര്യയുടെ പേരു സാവിത്രി എന്നോ മറ്റോ ആയിരിക്കും രാജേഷ് എന്നു കൊടുത്താല്‍ മഞ്ജു എന്ന രീതിയില്‍. നല്ല മനുഷ്യര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പേരിനടുത്ത് ഉള്ള ചെക്ക് ബോക്സ് ടിക്ക് ചെയ്യുക. സാധാരണഗതിയില്‍ ആദ്യം എന്റര്‍ ചെയ്യുന്ന ആള്‍ മാത്രമായിരിക്കും നല്ലയാള്‍. 

ഇനി പാരാമീറ്റേര്‍സ് സെറ്റ് ചെയ്യുക. എത്ര വ്യഭിചാരം, എത്ര ആത്മഹത്യ, എത്ര വിവാഹമോചനം, എത്ര  അവിഹിത ഗര്‍ഭം, എത്ര മാരകരോഗം, എത്ര കള്ളുകുടി, എത്ര കത്തിക്കുത്ത് എന്നിവ അതാത് ഫീല്‍ഡില്‍ ഫില്ല് ചെയ്യുക.  ഡിഫാള്‍ട്ട് വാല്യൂ പത്ത് ആണ്‌. 

സാധാരണഗതിയില്‍ ഇത്രയും പാരാമീറ്റേര്‍സ് മതിയാവും. അഥവാ ഇനി സാധാരണയിലും ഉയര്‍ന്ന  നിലവാരമുള്ള സ്ക്രിപ്റ്റ് ആണ്‌ നിങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അഡ്വാന്‍സ്ഡ് എന്ന ബട്ടന്‍ ഞെക്കി അതില്‍ എത്ര പ്രസവം, അതില്‍ എത്ര കുട്ടികള്‍ അനാഥരായി,വ്യഭിചാരികളെല്ലാം ഒടുക്കം നന്നാവുമോ അതോ മരിക്കുമോ etc ഫീല്‍ഡുകളിലും വാല്യൂ കൊടുക്കുക.

ഇനി റണ്‍ ബട്ടണ്‍ ഞെക്കുക.  ഔട്ട്പുട്ട് എപ്പിസോഡ് വച്ച് പേജ് സ്കിപ്പ് ചെയ്യണമെങ്കില്‍ പ്രിന്റ് പാരമീറ്റേര്‍സില്‍ അതും കൊടുക്കാം.

സീരിയലിന്റെ തലക്കെട്ട്  മലയാളം നിഘണ്ടുവില്‍ നിന്നും റാന്‍ഡം പിക്ക് ചെയ്യുന്നതാണ്‌.   ടൈറ്റില്‍ സോങ്ങ് സ്ക്രിപ്റ്റിലെ തന്നെ വാക്കുകള്‍ റാന്‍ഡം പിക്ക് ചെയ്ത് നാലെണ്ണം വീതം ലൈന്‍ തിരിച്ച്  മൂന്നു പാരഗ്രാഫ് ആക്കിയതും.

ഇനി ഈ സ്ക്രിപ് സേവ് ചെയ്യുക. ഏതെങ്കിലും നടി പിണങ്ങി പോവുകയോ നടന്‍ തട്ടിപ്പോവുകയോ ഒക്കെ ചെയ്താല്‍ ഈ ലോഡ് സേവ്ഡ് സ്ക്രിപ് ബട്ടണ്‍ ഞെക്കിയിട്ട്  പോയ കഥാപാത്രത്തിനു നേരേ 'കില്‍' എന്ന ചെക്ക് ബോക്സ് ഫ്ലാഗ് ചെയ്യുക. എന്നിട്ട് റീറന്‍ ബട്ടണ്‍ അടിക്കുക.  ഒരു പോപ്പ് അപ്പ് വിന്‍ഡോയില്‍ 'റീറണ്‍ ഫ്രം?' എന്ന ചോദ്യം വരും. എവിടെ വച്ചാണ്‌ കഥാപാത്രത്തെ ഫോട്ടോയാക്കേണ്ടത്, ആ എപ്പിസോഡ് നമ്പര്‍ കൊടുക്കുക. ബാക്കി ഭാഗങ്ങളുടെ സ്ക്രിപ്പ് അതനുസരിച്ച് മാറി വരും.

സോപ്പോപ്പറാ 2.0 വേര്‍ഷനിലെ  ഏറ്റവും വലിയ പ്രത്യേകത ലൈവ് അപ്പ്ഡേറ്റ് സം‌വിധാനമാണ്‌. ഓരോ തവണ നിങ്ങള്‍ ഓണ്‍ലൈന്‍ വരുമ്പോഴും ക്ലയര്‍ സോഫ്റ്റ്‌വെയര്‍ ഞങ്ങളുടെ സേര്വറിനെ കോണ്‍റ്റാക്റ്റ് ചെയ്ത് ലേറ്റസ്റ്റ് വാണിഭങ്ങള്‍, പീഡനങ്ങള്‍, ബലാത്സംഗ രീതികള്‍, വ്യഭിചാരശാലകള്‍, കൊലപാതക രീതികള്‍, പ്രേതസങ്കല്പ്പങ്ങള്‍, പുരാണങ്ങള്‍, വിവാദങ്ങള്‍, പേരുകള്‍, തോക്കുകള്‍, വാഹനങ്ങള്‍, അഴിമതിക്കേസുകള്‍, വസ്ത്രത്തിന്റെ ഫാഷന്‍ തുടങ്ങിയവയുടെ ഡേറ്റാബേസുകള്‍ അപ്പ്‌ഡേറ്റ് ചെയ്യുന്നു.

പ്രേതം, ഭക്തി, ക്രൈം, കോമഡി നാവിഗേഷന്‍ സ്ക്രീനുകളും ഇതുപോലെ തന്നെ ആയതിനാല്‍ ഞാന്‍ ആവര്‍ത്തിച്ച് സമയം പാഴാക്കുന്നില്ല. സോപ്പോപ്പറാ 2.0 നെ കുറിച്ചുള്ള സംശയങ്ങളോ കൂടുതല്‍ എന്തെങ്കിലും അറിയാനുണ്ടെങ്കിലോ ദയവായി ചോദ്യങ്ങള്‍ ചോദിക്കുക.

 

12 comments:

ഗുപ്തന്‍ said...

ഈ റേറ്റിനു അണ്ണന്‍ കൂലിത്തല്ലു തുടങ്ങിയാല്‍ ശോഭിക്കും (മ്മടെ മിറര്‍ ശശിയണ്ണന്‍ ഒക്കെ ചെയ്യണ പണി.. യേത്)

സുല്‍ |Sul said...

എന്റനോണി ചേട്ടൊ
എന്തു കിണുക്കാ ഈ കിണുക്കണേ.
"സോപ്പോപ്പറാ 2.0" എന്നു കണ്ട് അന്തം വിട്ട് കുന്തം വാങ്ങാനായി വന്നതാ. ഇപ്പോള്‍ ഒരു സോപ് തട്ടിക്കൂട്ടിയാല്‍ എങ്ങനെയിരിക്കും എന്നുള്ളില്‍ :) (ഡിഫാള്‍ട്ട് വാല്യൂസ് കിട്ടിയല്ലോ)

-സുല്‍

മറ്റൊരാള്‍ | GG said...

അണ്ണാ, അണ്ണന്റെ ഈ കിടിലം ശൈലി അപാരം തന്നെ. പിന്നെ ഇത് (Soap Opera)എനിയ്ക്കൊരു പുതിയ വാക്കായിരുന്നു. വായിച്ച് പകുതി ആയപ്പോഴാണ് “ഓപറയുടെ സോപ്“ എന്താണെന്ന് പിടികിട്ടി തുടങ്ങിയത്.

അടുത്തെന്താണാവോ?

R. said...

ഈച്വരാ ഇനി ശ്യാമസുന്ദരന്‍ യെന്തു ചെയ്യും?
മധുമോഹന്‍ എങ്ങനെ കഞ്ഞി കുടിക്കും? (അങ്ങേരു പണി നിര്‍ത്തിയാ?)

ഓഫ്: ഗംഭീരായിട്ടുണ്ട്. ഒരുവട്ടം വെടിവെച്ചുകൊന്നാ കേസെടുക്കൂല്ലെങ്കില്‍ ആദ്യം തട്ടുന്നതില് ചെലര് ഇവമ്മാരായേനെ!

വേണു venu said...

ഒരു പോപ്പ് അപ്പ് വിന്‍ഡോയില്‍ 'റീറണ്‍ ഫ്രം?' എന്ന ചോദ്യം വരും. എവിടെ വച്ചാണ്‌ കഥാപാത്രത്തെ ഫോട്ടോയാക്കേണ്ടത്.
ഹാഹാ...:)

Ajith Pantheeradi said...

വ്യഭിചാരം, വിവാഹമോചനം, അവിഹിത ഗര്‍ഭം - ഡിഫാള്‍ട്ട് വാല്യൂ പത്ത് പോര! കുറച്ചു കൂട്ടിയിടണ്ണാ..

കുടുമ്പസീരിയലില്‍ പ്രേതം മിക്സ് ചെയാനുള്ള ഓപ്ഷനുണ്ടോ?

Umesh::ഉമേഷ് said...

കലക്കി!

ബ്ലോഗെഴുതാനും ഇതുപോലൊരെണ്ണം ഉണ്ടാക്കാമോ, പ്ലീസ്...

Sethunath UN said...

ശ്ശോ! അന്തോണീ.ചുമ്മാ ഇങ്ങനൊന്നും എഴുതല്ലേ. അ‌റം പറ്റിയാല്‍ പിന്നെ വേറെ ഒന്നും കാണുകേല ചാനലുക‌ളില്‍ :)))

Sethunath UN said...
This comment has been removed by the author.
rustless knife said...

super... nannayi

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

കടവന്‍ said...

മതമൈത്രിക്ക് വേണ്ടി രാഘവന്‍ റജീനയെ കല്യാണം/പ്റേമം, അത് പോലെ ഷഫീക്ക് കത്രീനാ പ്രേമം/കല്യാണം ഇവയൊക്കെ വേണ്ടി വന്നെലെന്തു ചെയ്യും,
പിന്നെ മാപിളപ്പാട്ടിനിടയില്‍ കൈകൊട്ടിക്കളി, തിരുവാതിരക്കിടയിലൊപ്പന.. അത് നെക്സ്റ്റ് വെര്‍ഷനില്‍ ചേര്ക്കാമെന്നൊ? ശരി.