Tuesday, July 14, 2009

ഒരു കോടി വിലയുള്ള എറിക്സ് ജോണി


ചിത്രം വിക്കിപ്പീഡിയയില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിച്ചത്.


ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുന്നേ സഹ്യാദ്രിയില്‍ ഒരു ഉല്‍ക്കമഴ ഉണ്ടായി , അവിടെയുള്ള ഇരുതലമൂളിപ്പാമ്പുകള്‍ക്കു മേല്‍ ഇറിഡിയം വന്‍ തോതില്‍ ഏല്‍ക്കാന്‍ കാരണമായ ഈ സംഭവം മൂലമാണ്‌ അവിടെയുള്ള ഇരുതലമൂളികള്‍ ചുവന്നും മറ്റുള്ളവ കറുത്തും പോയത്.

ശരീരത്തില്‍ ഇറിഡിയം കൂടതേ ഭൗമേതര രാസവസ്തുക്കളും വഹിക്കുന്ന സഹ്യനിലെ അത്ഭുതപ്പാമ്പുകള്‍ ക്യാന്‍സര്‍, എയിഡ്സ്, ഹൃദയരോഗങ്ങള്‍ തുടങ്ങിയവ സുഖപ്പെടുത്താന്‍ ഉപയോഗിക്കാം. പാമ്പുകളെ കഷായം വച്ചോ വെട്ടി പച്ചക്കു തിന്നോ രോഗം മാറ്റാം.

"ഭ നിര്‍ത്തെടാ" എന്ന് അറിയാതെ പറഞ്ഞു പോയോ ഇത്രയും വായിച്ചപ്പോള്‍? ഇതു വിശ്വസിക്കുന്ന വിഢികളും മനുഷ്യരുടെ കൂട്ടത്തിലുണ്ടായിപ്പോയതാണ്‌ പാവം റെഡ് സാന്‍ഡ് ബോവ (Eryx Johnii) അഥവാ ഇരുതല മൂളിയുടെ കഷ്ടകാലം.

നെടുമങ്ങാട്ട് നിന്നും പിടിച്ച് നാട്ടുകാര്‍ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ഇരുതല മൂളിയെ കള്ളന്മാര്‍ സൂഭേദനം നടത്തി മോഷ്ടിച്ചുകൊണ്ടു പോയി. മലമ്പുഴയില്‍ അങ്ങനെ കടത്താന്‍ ശ്രമിച്ച തസ്കര സംഘത്തെ പോലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ഒരു കോടി വരെ പാമ്പൊന്നിനു ലഭിക്കുമത്രേ. തമിഴ്നാട്ടിലും സ്നേക്ക് പാര്‍ക്കുകള്‍ ഭേദിച്ച് കവര്‍ച്ച ഉണ്ടായി. നിരവധി വിദേശ രാജ്യങ്ങളിലേക്കാണ്‌ നമ്മുടെ മലനാടന്‍ ജോണികള്‍ പോകുന്നത്.

സെക്യൂരിറ്റി ഉള്ള പാമ്പുകളുടെ ഗതി ഇതാണെങ്കില്‍ കാട്ടിലെ പാമ്പുകളുടെ സെന്‍സസ് എടുത്താല്‍ ചിലപ്പോള്‍ ഞെട്ടിപ്പോയേക്കും.

വനം വകുപ്പിന്റെ കരിങ്കുരങ്ങ് രസായന പോസ്റ്ററിലെ എഴുത്തു പോലെ
"പൊന്നു സാറന്മാരേ, ഞങ്ങള്‍ക്ക് ഒരുസുഖവും മാറ്റാനുള്ള കഴിവില്ല
ആരെയും ശല്യപ്പെടുത്താതെ, ആരുടെയും കണ്ണില്‍ പോലും പെടാതെ
ഏതെങ്കിലും പുഴമണ്ണില്‍ ഒളിച്ച് ഞങ്ങള്‍ ജീവിച്ചു പൊയ്ക്കോട്ടേ.
വിശ്വസ്ഥന്‍,
എറിക്സ് ജോണി (ഒപ്പ്)"

6 comments:

ഫസല്‍ ബിനാലി.. said...

ബോംബെമിഠായിയില്‍ ബോംബെയില്ലാതിരിക്കുമോ...?
ആല്ലപിന്നെ.

sHihab mOgraL said...

എന്തുമാകട്ടെ, ആള്‌ സുന്ദരനാണ്‌.

Suraj said...

ജോണിച്ചന്‍ ചുള്ളനാ.

Aisibi said...

ആക്‌ച്വലി സത്യം പറഞ്ഞാ, എനിക്ക് കുഷ്‌ഠൊ, ചൊറി, ചിരങ്ങ്, മലമ്പനി, ചില തരം ക്യാന്‍സര്‍, പേന്‍ശല്യം, താരന്‍, മുടികൊഴിച്ചില്‍ എന്നിവ മാറ്റാനുള്ള പ്രത്യേക കഴിവ്‌, ആസിഡ് മഴ കൊണ്ടത് കാരണം ഉണ്ട്. എന്നെയും കാണാന്‍ സുന്ദരിയാണ്. എത്ര കോടി കിട്ടും?

അനോണി ആന്റണി said...

ഐസിബീ,
പാമ്പിനെ കൂട്ടിലിട്ടു വളര്‍ത്താനല്ല, ഇടിച്ചു പിഴിഞ്ഞു കുടിക്കാനാണ്‌ ഈ കോടി കൊടുക്കുന്നത്. താന്‍ ചത്തു മീന്‍ പിടിച്ചിട്ടു വല്ല കാര്യവുമുണ്ടോ (ആളു ചത്തിട്ട് കുറേ കാശു കിട്ടാനാണെങ്കി ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിട്ട് ഒരു വണ്ടിയുമായി റോഡില്‍ ഇറങ്ങിയാലും നടക്കും!)

msntekurippukal said...

വയലാറിന്റെ ഒരു കവിതയുണ്ട്. പേരോര്‍ക്കുന്നില്ല. ഏകദേശം അര്‍ഥം ഇതാണ്. ഒരു കാട്ടില്‍ ഒരു മരച്ചുവട്ടില്‍ ഒരു മഹര്‍ഷി തപസ്സു ചെയ്യുന്നു. മുകളില്‍ കുറെ കുരങ്ങുകള്‍ കെട്ടി മറിഞ്ഞു കളിക്കുന്നതിനിടയില്‍ ഒരു കുഞ്ഞു കുരങ്ങു മഹര്‍ഷിയുടെ ദേഹത്ത് വീണു. മഹര്‍ഷിക്ക് ദേഷ്യം വന്നു, അദ്ദേഹം ഒരൊറ്റ ശാപം നിന്റെ വംശത്തെ കൊന്നു മനുഷ്യര്‍ "കരിന്കുരങ്ങു രസായനം" ഉണ്ടാക്കുകയും അങ്ങനെ നിന്റെ വംശം നശിച്ചു പോവുകയും ചെയ്യും. ഇതറിഞ്ഞ കുരങ്ങു കാരണവന്മാര്‍ക്ക് പേടിയായി..അവര്‍ മഹര്‍ഷിയോട് മാപ്പിരന്നു. ശാന്തനായ മഹര്‍ഷി ശാപമോക്ഷം കൊടുത്തു" കലിയുഗത്തില്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന രസായനത്തില്‍ നിന്റെ പേരെ ഉണ്ടാകൂ, നിന്റെ അംശം ഉണ്ടാകില്ല"
വെള്ളിമൂങ്ങയെയും ഇരുതല പാമ്പിനെയും രക്ഷിക്കാന്‍ ഒരു മഹര്‍ഷി അവതരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം.