Sunday, July 19, 2009

കിളിമൊഴി

വിഷുപ്പക്ഷി "വിത്തും കൈക്കോട്ടും" എന്നാണത്രേ പാടുന്നത്. ചിലര്‍ക്കത് "ചക്കയ്ക്ക് ഉപ്പുണ്ടോ" എന്നാണ്‌. കാലന്‍ കോഴി "പുവ്വാം" "പുവ്വാം?" എന്നാണത്രേ പറയുന്നത്. മേലേക്ക് പോകാനുള്ള ക്ഷണമാണു പോലും.


കിളികളുടെ സ്വരം അതിനെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ്‌. ലോകത്തുള്ള പക്ഷികളുടെയൊക്കെ സ്വരം എസ് ഡി കാര്‍ഡില്‍ ആക്കി നടക്കുന്ന ഇക്കാലത്ത് ഒരു ശബ്ദം കേട്ടാല്‍ ഒന്നു താരതമ്യം ചെയ്യാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ പണ്ട് അതൊരു ബുദ്ധിമുട്ടായിരുന്നു. ഒരു ഭാഷയിലെയും അക്ഷരങ്ങള്‍കൊണ്ട് പക്ഷികളുടെ ഭാഷ എഴുതാനാവില്ലല്ലോ. പക്ഷിനിരീക്ഷകര്‍ ഇതിനെ നിമോണിക്കുകള്‍ ആക്കി കൊണ്ടു നടക്കുകയായിരുന്നു പതിവ്. പലതും കേട്ടാല്‍ നമ്മള്‍ക്ക് അറിയാവുന്നതെന്തോ ആണ്‌ പക്ഷി പറയുന്നതെന്നു തോന്നും. ഓലേഞ്ഞാലിയുടെ വിളി കേള്‍ക്കുന്ന മലേഷ്യക്കാരന്‌ അത് "ഡ്യൂറിയന്‍, ഡ്യൂറിയന്‍, ഡ്യൂറിഅന്‍" എന്നാണു പറയുന്നതെന്നു തോന്നും. പാരലല്‍ കോളേജില്‍ കെമിസ്റ്റ്റി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചര്‍ക്ക് അതേ ഓലേഞ്ഞാലി "ക്ലോറിന്‍, ഫ്ലൂറിന്‍. ബ്രോമിന്‍.." പഠിപ്പിക്കുകയാണെന്നും തോന്നും.

ചില കിളിമൊഴികള്‍ രസകരമാണ്‌ ഒലിവ്-സൈഡഡ് ഫ്ലൈ ക്യാച്ചര്‍ "ക്വിക്ക് ത്രീ ബീയര്‍" എന്നാണത്രേ പറയുന്നത്. സംശയം ഉണ്ടെങ്കില്‍ കേട്ടു നോക്കൂ.
അത് ബീയറടിക്കാരന്‍ കിളി. ദാ ട്രേഡ് യൂണിയന്‍ കാരന്‍. ക്യാനഡക്കാരനായ മറ്റൊരു ദേഹം അവിടെ ട്രേഡ് യൂണിയനിസം സ്ഥാപിച്ച ബോബ് വൈറ്റിനെ ജപിച്ചുകൊണ്ടിരിക്കുകയാണ്‌ . അങ്ങനെ പേരും നോര്‍ത്തേണ്‍ ബോബ് വൈറ്റ് എന്നായി.
ചെസ്റ്റ് നട്ട് സൈഡഡ് വാര്‍ബ്ലര്‍ കുറ്റിക്കാട്ടിലെ റിസപ്ഷനിസ്റ്റാണ്‌ . "പ്ലീസ്ഡ്, പ്ലീസ്ഡ്, പ്ലീസ്ഡ്, പ്ലീസ്ഡ് റ്റു മീറ്റ് യൂ" എന്നാണ്‌ അതിന്റെ മൊഴി.
ഈസ്റ്റേണ്‍ ഫീബീ "ഫീബീ ഫീബീ" എന്നാണത്രേ കൂവുന്നത്. എനിക്കതു കേട്ടിട്ട് മീന്‍‌കാരന്‍ "മീനേ.. മീനേ എന്നു വിളിക്കുന്നതുപോലെയാണ്‌ തോന്നിയത്.

ബ്രൂവേര്‍സ് ബ്ലാക്ക്ബേര്‍ഡ് - പേരു കേട്ടപ്പൊഴേ മനസ്സിലായിക്കാണും "വിസ്കീ, വിസ്കീ" എന്നാണു കരയുന്നത്. നമ്മുടെ നാട്ടിലെങ്ങാണുമായിരുന്നെങ്കില്‍ "സ്മാളടിക്കാന്‍ കാശില്ലാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത കുട്ടപ്പായിയുടെ പ്രേതമാണെന്നോ മറ്റോ വിശ്വാസമുണ്ടായേനെ.
ഇന്‍ഡിഗോ കര്‍ദ്ദിനാള്‍ റിട്ടയേര്‍ഡ് മിലിട്ടറി ആയിരിക്കണം. പുള്ളി "ഫയര്‍, ഫയര്‍, ഫയര്‍" എന്നാണു കൂക്ക്. തൊട്ടടുത്ത് എയര്‍ ട്രാഫിക്ക് കണ്ട്റോളറുടെ ആത്മാവും ഉണ്ട് യെല്ലോ ഷാഫ്റ്റഡ് ഫ്ലിക്കര്‍ "ക്ലീയര്‍, ക്ലീയര്‍" എന്നാണ്‌ പറയുക.

ഓസിനടിക്കുന്ന ടീം ആണ്‌ ആല്‍ഡര്‍ ഫ്ലൈ ക്യാച്ചര്‍. മൂപ്പര്‍" ഫ്രീ ബീയര്‍, ഫ്രീ ബീയര്‍" എന്നു തിരക്കി നടപ്പാണ്‌. കേട്ടാല്‍ തന്നെ കഷ്ടം തോന്നും. ഒരെണ്ണം വാങ്ങി കൊടുക്കുന്നോ?

മൂര്‍ഹെന്‍ മഷിക്കച്ചവടത്തിലാണ്‌. ഇങ്ക് ഇങ്ക് ഇങ്ക്! ബാര്‍ഡ് മൂങ്ങ "ഹൂ കുക്സ് ഫോര്‍ യൂ" എന്നാണത്രേ ചോദ്യം.

കിളികളെ ഒന്നും കണ്ടുകിട്ടാതെ മാനത്തോട്ട് നോക്കി വാ പിളര്‍ന്നു നില്‍ക്കുന്നവനെ അമേരിക്കന്‍ റോബിന്‍ സമാധാനിപ്പിക്കും "ചീയറി, ചീയറപ്പ്, ചീയറി, ചീയറപ്പ്"

എന്നിട്ടും സമാധാനമായില്ലെങ്കില്‍ സാവന്ന സ്പാരോ പറയും "റ്റേക്ക്, റ്റേക്കിറ്റ്, റ്റേക്കിറ്റ് ഈസി"

6 comments:

cALviN::കാല്‍‌വിന്‍ said...

ഓഫേ:

tyun tu tyun tu tyoo tut tut tu എന്നു പാടുന്ന ചൊവ്വാഴ്ചകളിൽ മാത്രം പുറത്തിറങ്ങുന്ന ബുൾഫിഞ്ഞിനെ മറന്നു പോയോ?

പിന്നെ നമ്മടെ കഥയമമ കഥയമമ ശാരികപ്പൈങ്കിളി? :)

വികടശിരോമണി said...

അന്തോണിച്ചാ,ഇതു കലക്കി.

lakshmy said...

കൊള്ളാം:))))

ഉത്സവം : Ulsavam said...

http://www.youtube.com/watch?v=VjE0Kdfos4Y

A mimicry artist!

കാലചക്രം said...

നന്നായിരിക്കുന്നു..
കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേട്ടു..
അറിയാത്ത പാട്ടിനെ അറിഞ്ഞു..

കാലചക്രം said...
This comment has been removed by the author.