Thursday, July 30, 2009

ഒമ്പതാം മദിരാശി ബറ്റാലിയന്റെ കഥ

മോഹന്‍ലാലിന്റെ സല്യൂട്ട് പ്രോട്ടോക്കോള്‍ സംബന്ധിച്ച ഒരു സംശയം ചോദിച്ചയാളിനു ഒരു ഈ-മെയില്‍ ആയി അടിച്ചതാണ്‌, എന്തോ ഇപ്പോള്‍ പോസ്റ്റ് ചെയ്യാന്‍ തോന്നി.

ഒമ്പതാം മദിരാശിബറ്റാലിയന്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ അംഗരക്ഷകരായി 1741ല്‍ സ്ഥാപിക്കപ്പെട്ടു. ഏറെത്താമസിയാതെ തന്നെ കുരുമുളക് വില്പ്പനയിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ഡെലനോയുടെ നേതൃത്വത്തില്‍ ഡച്ച് പട്ടാളവും തിരുവിതാംകൂറുമായി കുളച്ചലില്‍ യുദ്ധമുണ്ടായി. യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം- പ്രമുഖമായും ഈ പറഞ്ഞ അംഗരക്ഷകര്‍ ഡച്ചുകാരെ കീഴ്പ്പെടുത്തി. ഡെലനോയും കീഴടങ്ങിയ മറ്റു ഡച്ചുകാരും തിരുവിതാംകൂര്‍ നായര്‍ പടയുടെ സേനയില്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്തു. വെടിക്കോപ്പുകള്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനികളില്‍ നിന്നു വാങ്ങുകയും ചെയ്തതോടെ അടുത്തുള്ള നിരവധി ചെറു രാജ്യങ്ങളെ തിരുവിതാംകൂറിനോട് ചേര്‍ക്കാനും എട്ടുവീട്ടില്‍ പിള്ളമാരുടെ കലാപം അമര്‍ച്ച ചെയ്യാനും രാജാവിനു കഴിഞ്ഞു.

തുടര്‍ന്ന് കാര്‍ത്തികതിരുന്നാള്‍ രാമവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂര്‍ ബ്രിട്ടീഷ് ബന്ധത്തില്‍ കുപിതനായ ടിപ്പുസുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിച്ചു. റോക്കറ്റും പീരങ്കിയും ഉപയോഗിക്കുന്ന ടിപ്പുവിന്റെ കൂറ്റന്‍ സൈന്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കണ്ട് തിരുവിതാംകൂര്‍ ബ്രിട്ടീഷ് സഹായം തേടി.
ടിപ്പുവിനെ മടക്കാനായെങ്കിലും അതോടെ തിരുവിതാംകൂര്‍ ഫലത്തില്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലായി. ബ്രിട്ടീഷ് റെസിഡന്റ് ഭരണം ആരംഭിച്ചു. തിരുവിതാംകൂര്‍ നായര്‍ പട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് റെജിമെന്റിന്റെ ഭാഗമായി. വേലുത്തമ്പിയുടെയും പാലിയത്ത് അച്ചന്റെയും കലാപങ്ങളെ അമര്‍ച്ച ചെയ്തത് ഇതേ പട്ടാളമാണ്‌.

നായര്‍മാര്‍ മാത്രമുള്ള പട്ടാളം എന്ന സങ്കല്പ്പം മാറ്റി നാനാജാതി തെക്കന്‍ ഇന്ത്യക്കാരെ ഉള്‍പ്പെടുത്തി മദ്രാസ് റെജിമെന്റിനെ ബ്രിട്ടീഷുകാര്‍ പഴശ്ശിരാജയോട് തോളുചേര്‍ന്ന് ടിപ്പുവിനെ ആക്രമിക്കാനും ശേഷം പഴശ്ശിരാജയെ ഇല്ലായ്മ ചെയ്യാനും മറാത്താ സാമ്രാജ്യം ഇല്ലാതെയാക്കാനും അടക്കം ഫലത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യാ ഭൂഖണ്ഡത്തില്‍ കാലുറപ്പിക്കാന്‍ മദ്രാസ് റെജിമെന്റ് ഇല്ലാതെ കഴിയില്ലായിരുന്നു.

എന്നാല്‍ വടക്കേ ഇന്ത്യയിലേക്ക് കടന്നശേഷം സിഖ്, രജപുത്ര, പഠാണ്‍ ഗൂര്‍ഖാ പടയാളികള്‍ മദിരാശികളെക്കാള്‍ മികച്ച പോരാളികളാണെന്ന് ബ്രിട്ടീഷുകാര്‍ അനുമാനിച്ചതോടെ മദ്രാസ് റെജിമെന്റിന്റെ പ്രാധാന്യം ബ്രിട്ടീഷ് ഈസ്റ്റിന്ത്യയില്‍ കുറഞ്ഞു.

അച്ചടക്കവും അനുസരണാശീലവുമായിരുന്നു മദ്രാസ് നേറ്റീവ് റെജിമെന്റിന്റെ മുഖമുദ്ര. ശിപായിലഹളയില്‍ അവര്‍ പങ്കെടുത്തില്ല. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ ചേരാന്‍ കൂറുമാറിയില്ല. ജാലിയന്‍ വാലാബാഗില്‍ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കു നേരേ തോക്കു ചൂണ്ടാനുള്ള കല്പ്പനയെ അവര്‍ മടിക്കാതെ അനുസരിച്ചു. ലോകമഹായുദ്ധക്കാലത്ത് സിംഗപ്പൂരിലും ഹോംഗ്കോങ്ങിലും അവര്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

തിരുവിതാംകൂര്‍ സ്വന്തന്ത്ര ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രീചിത്തിര തിരുന്നാളും സി പിയും വിസമ്മതിച്ചെങ്കിലും ജനത്തിനു ഇന്ത്യമതിയായിരുന്നു. രാജഭരണവും ദിവാന്റെ മൂക്കും പോയിക്കിട്ടി, നമ്മള്‍ ഇന്ത്യക്കാരായി.

ഇപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും മദ്രാസ് റെജിമെന്റ് എന്നാല്‍ ഇന്ത്യയോട് സ്നേഹമില്ലാത്ത എന്തോ ഒന്നാണെന്ന്. അങ്ങനെയേ അല്ല കാര്യങ്ങള്‍. ഇന്ത്യന്‍ യൂണിയന്‍ ഇല്ലായിരുന്ന കാലത്താണ്‌ ഇതെല്ലാം സംഭവിച്ചത്. അതത് ഭരണകൂടങ്ങളെ അതു സേവിച്ചു, ബ്രിട്ടീഷ് ഇന്ത്യയും അതിനോട് കലഹിച്ച ജനങ്ങളുടേതല്ലാത്ത ഭരണകൂടങ്ങളും ഇന്ന് ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്‌.

ആധുനിക മദ്രാസ് റെജിമെന്റിലെ ഒമ്പതാം ബറ്റാലിയന്‍ ഇന്ത്യയുടെ അഭിമാനങ്ങളിലൊന്നാണ്‌. അതിന്റെ വീരഗാഥ ഇന്തോപാക്ക് യുദ്ധത്തിലയും ഒളിനാഗന്മാരോടുള്ള പോരാട്ടത്തിലും തുടങ്ങുന്നു. അതിന്റെ ചരിത്രം തുടങ്ങുന്നതു തന്നെ ലെഫ്റ്റനന്റ് കേണല്‍ ഓ ജി ഈപ്പനിലാണ്‌ അതിന്റെ പരമവീരന്മാര്‍ ഇന്ത്യക്ക് വേണ്ടി ജീവന്‍ നല്‍കിയ ശിപായി ഭാസ്കരനിലും തുടങ്ങുന്നു. മദ്രാസ് റെജിമെന്റ് ഇന്ത്യ നേരിട്ട ഭീഷണികളിലും ഇന്ത്യയുടെ വിദേശത്തെ നിയോഗങ്ങളിലും സുത്യര്‍ഹമായി പങ്കെടുത്തു. അതിന്റെ ഇരുണ്ട കാലങ്ങളെ വീണ്ടും ഓര്‍ക്കേണ്ടിവന്നതിന്‌ ഇന്ത്യയുടെ കാവല്‍ഭടന്മാരായ അതിലെ ഇന്നിന്റെ വീരന്മാര്‍ പൊറുക്കട്ടെ.

3 comments:

അരവിന്ദ് :: aravind said...

അച്ചായന്‍സ്, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലോ മറ്റോ ഈ മദ്രാസ് റെജിമെന്റ് അല്ലാരുന്നോ? ഒന്‍പതാം ബറ്റാലിയന്‍ ആയിരുന്നോ? അകാല്‍ തക്ഥില്‍ സകലരെയും അതുഭുതപ്പെടുത്തി അവിശ്വസനീയമായി ആദ്യം പൊരുതി കയറിയവന്മാര്‍ ഇവരാണെന്നാണ് ഓര്‍മ്മ. ഉറപ്പില്ല.

Siju | സിജു said...

എനിക്കിപ്പോഴും മനസ്സിലാകാത്തത് ആര്‍മിയെ എന്തിനാ മദ്രാസി, ഗൂര്‍ഖാ, സിക്ക്.. അങ്ങിനെ ജാതിയും മതവും തിരിച്ച് ഉണ്ടാക്കുന്നതെന്നാ.. ഇതൊന്നുമില്ലാതെ സാദാ ഇന്ത്യനാര്‍മിയായാലെന്താ കുഴപ്പം.. വെടിവെച്ചാല്‍ കൊള്ളില്ലേ..

മുണ്ഡിത ശിരസ്കൻ said...

വളരെ നല്ല പോസ്റ്റ്. വളരെ നന്ദി അച്ചായോ.