Sunday, May 31, 2009

അച്ഛന്‍

ഒരു സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ വരുമ്പോള്‍ ഒരിമ്പ്രഷന്‍ വരവില്‍ തന്നെ ഉണ്ടാവണമെങ്കില്‍ ആറടി പൊക്കവും ചളുപുളാ എന്നല്ലാത്ത ശരീരവും വേണം-അതില്ല. എല്ലാവരോടും ഐ കോണ്ടാക്റ്റോടെ അങ്ങോട്ട് സ്വാഭാവികവും സങ്കോചമില്ലാത്തതുമായ രീതിയില്‍ അഭിവാദ്യത്തോടെ തുടങ്ങണം- ദൈവം ചതിച്ച് നാല്പ്പതാം വയസ്സിലും സഭാകമ്പം മാറിയിട്ടുമില്ല, ആദ്യത്തെ ഒരഞ്ചു മിനുട്ടെങ്കിലും.

നിര്‍മ്മാതാവ് ഔദാര്യപൂര്‌വം സൗജന്യമായി തന്ന ബാഗാണ്‌ ലാപ്പ്‌ടോപ്പിന്റേത്. മാറ്റി ഡണ്‍‌ഹില്ലിന്റെയോ കാര്‍ട്ടിയറിന്റെയോ ഒരസ്സല്‍ ഉരുപ്പടി വാങ്ങാന്‍ എന്റെ എച്ചിത്തരം നിറഞ്ഞ മനസ്സ് ഇതുവരെ സമ്മതിച്ചിട്ടില്ല.

ശ്രോതാക്കളില്‍ പകുതിയോളം ബ്രിട്ടീഷുകാരാണ്‌. എന്റെ മുടിഞ്ഞ ഇന്ത്യന്‍ ആക്സന്റ് അവര്‍ക്ക് തമാശയായി തോന്നുമോ?

ഇപ്പോ എന്താവോ ഫാഷന്‍, ഷര്‍ട്ടിനു മാച്ച് ചെയ്യുന്ന ടൈയ്യോ അതോ ജാക്കറ്റിനു മാച്ചുന്നതോ? ച്ഛേയ്; പണ്ടാരമടങ്ങാല്‍ വസ്ത്രം നാണം മറയ്ക്കണമെന്നതിലപ്പുറം ഒരു തേങ്ങയും അറിഞ്ഞൂടല്ലോ.

ആകെയുള്ള ആസ്തി യെവന്മാരെക്കാളും പറയാന്‍ പോണ കാര്യം നമുക്കറിയാം എന്നതാ. പോരെങ്കില്‍ വാക്കിലെ കുറവ് ആംഗ്യഭാഷ തീര്‍ത്തോളും, കഥകളിക്കാരന്‍ പോലും നമ്മള്‍ വര്‍ത്തമാനം പറയുമ്പോള്‍ വരുന്ന മുദ്രകളുടെ മുന്നില്‍ തോറ്റു പോകും.

എന്തരോ വരട്ട്.

ക്യാറി- സഭയ്ക്കു നമസ്കാരം. ശിശുര്‍‌വേത്തി പശുര്‍‌വേത്തി...

ഇരുന്നു- ഒടുക്കത്തെ കസേരയില്‍ ഇന്നുന്നാല്‍ മേശപ്പൊറത്ത് തല മാത്രമേ കാണൂ- ലിവര്‍ പിടിച്ച് പൊക്കി ബേബി ഹൈ ചെയര്‍ പോലെ ആക്കി ഇരുന്നു.

ലാപ്‌ടോപ്പ് ബാഗ് തുറന്നു- ജന്ത്രം പുറത്തേക്കു വലിച്ചു. ഉള്ളിലുള്ളത് മേശപ്പൊറത്തേക്ക് കൊട്ടി.കുഞ്ഞം മൗസ് ഒന്ന്, ചാര്‍ജ്ജര്‍ ഒന്ന്, ഫ്ലാഷ് ഡ്രൈവ് ഒന്ന്, ഒരു റബ്ബര്‍ മാക്രി, തുണിയില്‍ ഉണ്ടാക്കിയ ഗോഡ്സില്ല ഒന്ന്, രണ്ട് ഡൈജസ്റ്റീവ് ബിസ്കറ്റ്, ചീട്ടിന്റെ വലിപ്പമുള്ള പേജുകളോടു കൂടിയ ബേബിജീനിയസ് സീരീസ് പുസ്തകവും- ഡോള്‍ഫിനുകളെക്കുറിച്ച്.

ഡെലിഗേറ്റുകള്‍ കൂട്ടച്ചിരി. "യാത്ര ബോറടിച്ചു കാണില്ലല്ലോ, കളിക്കാനും വായിക്കാനുമൊക്കെ കയ്യില്‍ കരുതിയ സ്ഥിതിക്ക്?" ആരോ ചോദിച്ചു.

കരിവീട്ടിയുടെ നിറം ചര്‍മ്മത്തിനുള്ളതുകൊണ്ട് ചുവന്നുപോയില്ല.

"എന്റെ ചെറിയ മകനോട് അച്ഛനു പ്രധാനപ്പെട്ട ഒരു യാത്ര പോകാനുണ്ടെന്നും വരാന്‍ ഏറെ താമസിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. അവന്‍ ഞാനറിയാതെ എനിക്കു വേണ്ട കാര്യങ്ങള്‍ ബാഗില്‍ കരുതിയതാണ്‌." വളിച്ച ചിരി ചിരിച്ചുകൊണ്ട് വിശദീകരിച്ചു.

ചിരികളെല്ലാം പോയി മുന്നിലെ മുഖങ്ങള്‍ ആര്‍ദ്രമായി.

"ഓ, നിങ്ങളുടെ കാര്യമെല്ലാം ഇത്ര ചെറിയ മകനോട് വിശദീകരിക്കുമോ? അച്ഛന്മാര്‍ ആയാല്‍ ഇങ്ങനെ വേണം. നിന്റെ മകനോട് അസൂയ തോന്നുന്നു" ഒരു മദാമ്മ പറഞ്ഞു.

"ഇത്ര ചെറുപ്പത്തിലേ അച്ഛനു യാത്ര പോകാന്‍ ഭക്ഷണവും ഒക്കെ കരുതാന്‍ മാത്രം സ്നേഹമുള്ള കുട്ടിയോ? അവന്‍ വളരുമ്പോള്‍ പ്രായമായ നിന്നെ ഇതുപോലെ ശ്രദ്ധിക്കാന്‍ ആവട്ടെ" റിട്ടയര്‍മെന്റ് പ്രായത്തില്‍ ചെന്ന് തട്ടി നില്‍ക്കുന്ന ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു.

ഐസ് ഉരുകി ആവിയായി. എനിക്കു സദസ്സ് പരിചയമായി, സദസ്സിനെന്നെയും. ഏതു മഹാമാനേജുമെന്റ് ഫിലോസഫിയും ഏതു തകര്‍പ്പന്‍ സ്റ്റേറ്റുമെന്റും ആയി തുടങ്ങിയാല്‍ ഇങ്ങനെ ഒരു ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ പറ്റും? ആലിപ്പഴം പോലെ ഞാവല്‍ പഴം പോലെ ആയിരം പൊന്‍‌പണം വീണു കിട്ടി...

നന്ദി മോനേ. ഈ സഹായത്തിനു പ്രതിഫലമായി അച്ഛന്‍ മുട്ടായി വാങ്ങിച്ച് ഈ ബാഗില്‍ തന്നെ വച്ചിട്ടുണ്ടല്ലോ

19 comments:

കണ്ണനുണ്ണി said...

അന്തോനിചായോ പോസ്റ്റ്‌ കലക്കി.... മോന് ഒരു നാരങ്ങ മിട്ടായി എന്‍റെ വക കൂടെ വാങ്ങി കൊടുതീരെ...
അപ്പൊ ദെ തേങ്ങാ.....
((((((((((ഠിം ))))))))))))

അരവിന്ദ് :: aravind said...

:-) good good.

തറവാടി said...

രസികന്‍ പോസ്റ്റ്.

Satheesh said...

Gr8. After a long time, came back here. So nice to see this post. convey my regards to all at home..

namath said...

ചിയേഴ്സ്! ഉസാഗ വര്‍ദ്ധിച്ചുവരുന്നു, കുഞ്ഞുകുട്ടിപരാധീനങ്ങളൊഴികെ!നന്ദി

ശുക്രൻ said...

അതിമനോഹരം !!!..

Calvin H said...

മീറ്റിങ്ങിനു മുൻപ് കുട്ടികളെക്കൂറിച്ച് സംസാരിക്കുന്നത് വെസ്റ്റേണേഴ്സിന് വലിയ ഇഷ്ടമാണെന്ന് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു മൂഡ് സെറ്റ് ചെയ്യാൻ പ്രയോജനപ്രദം...

ബാച്ചിലർ ആയ ഞാൻ എന്ത് ചെയ്യാൻ.. എസ്.എസ്.എൽ.സി ക്കു പഠിക്കുന്ന ഒരു മോളുണ്ട് എന്ന് തട്ടിവിട്ടാലോ എന്ന് ഞാൻ ആലോചിക്കാറുണ്ട് :)

ജയരാജന്‍ said...

മോന്റെ കളിക്കോപ്പുകളും ബിസ്കറ്റും അടിച്ചുമാറ്റിയതിന് ഇങ്ങനെയും ഉപകാരമുണ്ടായി അല്ലേ അന്തോണിച്ചാ? :) എന്നാലും ആ മുട്ടായി എങ്കിലും അവന് കൊടുക്കായിരുന്നു; അതും ലാപ്ടോപ് ബാഗിൽ.... ഹ്മ്മ്മ്മ്മ്... :)

ബിനോയ്//HariNav said...

നന്നായി അനോണീ.
മക്കള്‍ കീ ജയ് :)

Ashly said...

very lovely !!!!

Maranalloor Satheesh said...

ഇങ്ങനെയുള്ള മക്കളുണ്ടെങ്കില്‍ .......!

ഞാന്‍ ആചാര്യന്‍ said...

ഇന്ന് ചങ്ങാതികള്‍ നമ്മുടെ നാടിനെപ്പറ്റിയും ഉത്സുകരാണ്. ഉള്ള ആക്സന്‍റൊക്കെ മതി. ആവശ്യമുള്ളവരു ഫോളോ ചെയ്തോളും..

"ആകെയുള്ള ആസ്തി യെവന്മാരെക്കാളും പറയാന്‍ പോണ കാര്യം നമുക്കറിയാം എന്നതാ"...അതേണ്..

സന്തോഷ്‌ കോറോത്ത് said...

Great one !!!

R. said...

ഹൈശ്!
എന്റെ വക ചെക്കനൊരു നാരങ്ങ മുട്ടായി.

അഗ്രജന്‍ said...

good one :)

ഹന്‍ല്ലലത്ത് Hanllalath said...

...ഹ ഹ ഹ മോനാരാ മോന്‍
ചിരിച്ചു ചത്തു...

Harmonies said...

വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയി. നോക്കൂ ജീവിതം എത്ര സുന്ദരം !

Siju | സിജു said...

ഞാനങ്ങ് സെന്റിയായിപ്പോയി..

രണ്ട് ദിവസം പ്രായമായ ഒരച്ഛന്‍

Suraj said...

അതങ്ങ് സുഖിച്ചൂട്ടോ. ഇപ്പഴത്തെ തന്തമാരൊക്കെ ഇങ്ങനെ ഭയങ്കര ഫ്രണ്ടസാ...ഇല്ലേ ?

ഓര്‍മ്മിപ്പിച്ചത് നന്നായി. എന്റെ ഫ്രണ്ടിനെ ഒന്നു വിളിക്കട്ടെ. ഒരാഴ്ചയായേ വീട്ടിലോട്ട് ഫോണ്‍ ചെയ്തിട്ട് :)