Thursday, May 7, 2009

വിവേകം

നാലാളു മുന്നേ ഞെളിഞ്ഞു നടക്കുമ്പ
ആണെന്നു കാമത്തം കേട്ടിടുന്ന
ഉച്ചക്കടക്കാരന്‍ ചാക്കുണ്ണിച്ചേട്ടന്‌
ആശയുണ്ടെങ്കിലും മിണ്ടിയില്ല.

എന്തരാണ്ണാ ഇത്, വന്നു വന്നു പൂരപ്പാട്ടായോ. ഷാപ്പിന്റെ അന്തസ്സ് കളയുവോ?
വാ വാ അന്തപ്പാ. ഇന്ന് ഇവിടെ ചാക്കുണ്ണിച്ചേട്ടന്‍ വധം ബാലേയാ . കണ്ടില്ലീ ഇങ്ങേരടെ കുനിഞ്ഞൊള്ള ഇരിപ്പ്.

എന്തരാ കാര്യം?
ഇന്നലെ വയ്യിട്ട് കുട്ടമ്മേശിരീടെ വീട്ടി കള്ളങ് ക്യാറി. അങ്ങേരടെ മോള്‍ കണ്ട് കത്തിയപ്പ ലവന്‍ എറങ്ങി റോഡേ പാഞ്ഞ്.

ന്നിട്ട്?

ഞങ്ങള്‍ കൊറച്ചാളു കൂടി കള്ളനെ ഓടിച്ചോണ്ട് വരുവാരുന്ന്. ആ ഇടുക്കിന്റെ അവിടെ എത്തിയപ്പോ എതിരേന്ന് ചാക്കുണ്ണിച്ചേട്ടന്‍ നടന്ന് വരുന്ന്.

അവനെ പിടി ചാക്കുണ്ണിച്ചേട്ടാ കള്ളനാ എന്ന് ഞങ്ങള്‌ വിളിച്ചു പറഞ്ഞ്.

ന്നിട്ട്?
കള്ളങ് ഇളീന്ന് ഒരു കത്തി എടുത്ത് കാണിച്ച് മാറെറാ***, കൊല്ലും ഞാങ്ങ് എന്ന് പറഞ്ഞ്.
അപ്പ ചാക്കുണ്ണിച്ചേട്ടന്‍ എന്തര്‌ ചെയ്ത്?

ലിങ്ങേരു മാറിക്കൊടുത്ത്! കള്ളന്‍ അവനെ പാട്ടിനു പോയി. ഇത്തിപ്പോരം ധൈര്യം ഇങ്ങേരക്ക് കാണുമെന്ന് നെരുവിച്ചത് ചുമ്മാതാണെന്ന് ഇപ്പഴല്ലേ മനസ്സിലായത്.

ഇതിനാണോ ഇങ്ങേരെയിരുത്തി വട്ടം നിന്നു പള്ള് പാടണത്?
പിന്നെന്തരു വേണം, ധീരതയ്ക്ക് അവാര്‍ഡ് കൊടുക്കണോ?

അണ്ണാ, "ഈ ലോകത്തുള്ള ഏതു മനുഷ്യനെയും ഗോദയില്‍ ഞാന്‍ അടിച്ചു വീഴ്ത്തും" എന്ന് പ്രഖ്യാപിച്ച ഒരാളുണ്ട്- ബ്രൂസ് ലീ.
അതിന്‌?
അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാ "ശരിക്കുള്ള ജീവിതത്തില്‍ ഒരാള്‍ വാളെടുത്ത് എന്നെ വെട്ടാന്‍ വന്നാല്‍ എന്തെങ്കിലും നിവൃത്തിയുണ്ടേല്‍ ഞാന്‍ ഓടി രക്ഷപ്പെടുകയേയുള്ളു. ജീവിതം സിനിമയും ഗോദയുമൊന്നുമല്ല. ഏറ്റവും സുരക്ഷിതമായ ജീവന്‍ രക്ഷാമാര്‍ഗ്ഗം പാലായനം തന്നെ."

ചാക്കുണ്ണിച്ചേട്ടന്‍ ചെയ്തതാണ്‌ ശരി. കള്ളന്‍ അവന്റെ പ്രാണനും കൊണ്ട് ഓടിവരികയാണ്‌. ഒറ്റയ്ക്ക് അവനെ കേറി പിടിക്കുന്നത് ഒട്ടും ബുദ്ധിയല്ല, ജീവനും കൊണ്ടോടുന്നവനു പത്താളുടെ ശക്തിയാ. കുത്ത് കിട്ടിയിരുന്നെങ്കില്‍ ഇങ്ങേരുടെ ഭാര്യയ്ക്കും മക്കള്‍ക്കും പോയി.

അപ്പ ഇത് ധൈര്യത്തിന്റെ പ്രശ്നമല്ല അല്ലീ.
അല്ല. വിവേകത്തിന്റെ പ്രശ്നമാണ്‌. എന്തും കാണിക്കുന്നതല്ല ധൈര്യം. ആവശ്യമുള്ളത് ചെയ്യാന്‍ ഭയമില്ലാത്തതാണ്‌. ഒറങ്ങി കെടക്കുന്ന പട്ടിയുടെ അണ്ണാക്കില്‍ ചെന്ന് കുത്തുന്നത് ധീരയാണെന്ന് ആരെങ്കിലും പറയുമോ?

എന്നാ പാട്ട് നിര്‍ത്തീ.
നിര്‍ത്തണ്ടാ, ഇങ്ങേരെ വിട്ട് അടുത്താളെ പിടി.

കണ്ണില്‍ പീള, ചുണ്ടില്‍ ഈത്വാ, മൂക്ലാ.
കാതില്‍ കായം- കസ്തൂരാദി പോലെ.
പുഴുപ്പല്ലുകള്‍- ഉള്ളൊരു വായോ ഒന്നു തുറന്നാല്‍
കോര്പ്രേഷന്‍ കക്കൂസിന്‍ നാറ്റം.
ഒന്ന് ചെന്നു കുളിച്ചിട്ട് വാടെ ചെല്ലാ..

തള്ളേ, അതാരെപ്പറ്റിയാ?
നിന്നെപ്പറ്റി തന്നെ. നേരം വെളുത്തിട്ട് പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞ്. ഇതൊരു പുണ്യസ്ഥലമല്ലേടേ, ഒന്നു കുളിച്ചിട്ട് വന്നൂടീ?

9 comments:

R. said...

ഹഹ്! നാട്ടിപ്പോയപ്പ പുണ്യസ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തുവാരുന്നല്ലേ അനോണ്‍സ്? ;-)

hAnLLaLaTh said...

ഒന്ന് കുളിച്ചേച്ചു വാടെയ്‌...:)

പാവപ്പെട്ടവന്‍ said...

അണ്ണാ, "ഈ ലോകത്തുള്ള ഏതു മനുഷ്യനെയും ഗോദയില്‍ ഞാന്‍ അടിച്ചു വീഴ്ത്തും" എന്ന് പ്രഖ്യാപിച്ച ഒരാളുണ്ട് പാവപ്പെട്ടവന്‍

ജയരാജന്‍ said...

"കണ്ണില്‍ പീള, ചുണ്ടില്‍ ഈത്വാ, മൂക്ലാ.
കാതില്‍ കായം- കസ്തൂരാദി പോലെ.
പുഴുപ്പല്ലുകള്‍- ഉള്ളൊരു വായോ ഒന്നു തുറന്നാല്‍
കോര്പ്രേഷന്‍ കക്കൂസിന്‍ നാറ്റം." ഹഹഹ ഹഹഹ :)

chithragupthan said...

പലായനം എന്നാണു ശരി, പാലായനം എന്നല്ല.

ശ്രീഇടമൺ said...

ചാക്കുണ്ണിച്ചേട്ടന്‍ ചെയ്തതാണ്‌ ശരി. കള്ളന്‍ അവന്റെ പ്രാണനും കൊണ്ട് ഓടിവരികയാണ്‌. ഒറ്റയ്ക്ക് അവനെ കേറി പിടിക്കുന്നത് ഒട്ടും ബുദ്ധിയല്ല, ജീവനും കൊണ്ടോടുന്നവനു പത്താളുടെ ശക്തിയാ. കുത്ത് കിട്ടിയിരുന്നെങ്കില്‍ ഇങ്ങേരുടെ ഭാര്യയ്ക്കും മക്കള്‍ക്കും പോയി.

പാമരന്‍ said...

:)

ㄅυмα | സുമ said...

അയ്യേ ഛീ..അവസാനം കൊണ്ടന്നു അറപ്പിച്ചല്ലോ മാഷെ...

എങ്കിലും അറക്കണോണം എഴുതി പിടിപ്പിച്ചു, കള്ളന്‍... :D

അനോണി ആന്റണി said...

ചിത്രഗുപ്തന്‍,
തിരുത്തിനു നന്ദി. പലായനം തന്നെയാണു ശരി.