Wednesday, May 27, 2009

ഡോക്ടര്‍ എസ്. ഡി. ബിജു

കേരളത്തിലെ പുലികളെക്കുറിച്ച് എഴുതാന്‍ കുറേ ദിവസമായി ആഗ്രഹിക്കുന്നു. പത്രത്തിലും മാസികയിലും എന്നും വെളുക്കെ ചിരിച്ച പടം വരുന്നവരെക്കുറിച്ചല്ല, അമ്പട ഞാനേ എന്ന് പ്രസംഗിച്ച് ടെലിവിഷനില്‍ വരുന്നവരെക്കുറിച്ചുമല്ല. മടകളില്‍ താമസിച്ച് അവനവന്റെ പാടു നോക്കി ജീവിക്കുന്ന ശരിയായ പുലികളെപ്പറ്റി. രാവിലേ ബ്ലോഗ് അഗ്രിഗേറ്ററില്‍ പോയി നോക്കിയപ്പോള്‍ അപ്പടി മാക്രിമയം. ഒരു പുലിയെ ഓര്‍മ്മവന്നു.


തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന് &‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്റ്റര്‍ എസ് ഡി ബിജു ഡോക്റ്റര്‍ എസ് ഡി ബിജു ആണ്‌ ഇന്നത്തെ പുലി.

നമ്മുടെ ഒക്കെ കാലം ആയപ്പോഴേക്ക് ലോകത്തെ ഒട്ടുമിക്ക ജന്തുക്കള്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡും പാസ്സ്പോര്‍ട്ടും ഗവേഷകര്‍ നല്‍കി കഴിഞ്ഞു. ഇനിയൊക്കെ ഒരു പുതിയ ജീവിയെ കണ്ടെത്തുക എന്നു പറഞ്ഞാല്‍ ലക്ഷക്കണക്കിനു ഗവേഷകരില്‍ ഒരാള്‍ക്ക് മാത്രം കിട്ടുന്ന അപൂര്‍‌വ ഭാഗ്യമാണ്‌. അപ്പോള്‍ രണ്ടെണ്ണത്തിനെ കണ്ടെത്തുക എന്നു പറഞ്ഞാല്‍? മൂന്നായാലോ? നാല്‌? അസംഭാവ്യം അല്ലേ?

ഡോ. ബിജുവിനെ പ്രശസ്തമാക്കിയത് രണ്ട് വിദേശ ശാസ്ത്രജ്ഞരോടൊപ്പം പശ്ചിമഘട്ടത്തിലെ Minervarya sahyadris എന്ന പുതിയ വര്‍ഗ്ഗത്തിലെ തവളയെ കണ്ടെത്തിയതായിരുന്നു. ശേഷം Philautus bobingeri, Philautus anili, Philautus graminirupes എന്നിവയുടെ കണ്ടെത്തലിലും അദ്ദേഹം പങ്കാളിയായിരുന്നു.

ഡോ. ബിജുവും സഹഗവേഷകന്‍ ഫ്രാങ്കി ബോസ്യൂട്ട് (ബോയ് സ്യൂട്ട് എന്നാണ്‌ എന്നൊന്നും പറഞ്ഞ് എന്നെക്കൊല്ലല്ലേ, പാര്‍ഡന്‍ മൈ മല്ലുച്ചാരണം) എന്നിവര്‍ തുല്യ അവകാശം പങ്കിട്ടവയാണ്‌ ഏറെയും കണ്ടുപിടിത്തങ്ങള്‍ . ഇവയെ അവതരിപ്പിക്കുന്നതിലെ വിനയമാണ്‌ എനിക്കേറെ ഇഷ്ടമായത്. "ഈ (തവളകളെ) കണ്ടെത്തിയതില്‍ നിന്നും പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച് മനുഷ്യനിന്നും ഏറെയൊന്നും അറിയില്ല എന്നാണ്‌ മനസ്സിലാക്കേണ്ടത് " എന്നായിരുന്നു അത്.
മുകളില്‍ പ്രത്യേകിച്ച് വിവരിക്കാതെ പേരെടുത്തു പറഞ്ഞവയെക്കൂടാതെ പ്രത്യേകം പരാമര്‍ശിക്കേണ്ട ചില കണ്ടെത്തലുകള്‍:Nyctibatrachus minimus
രാത്രിക്കുഞ്ഞന്‍ തവള എന്നാണ്‌ ശാസ്ത്രനാമത്തിന്റെ അര്‍ത്ഥം. ബിജു വയനാട്ടിലെ കുറിച്യര്‍മലയില്‍ രണ്ടായിരത്തൊന്നില്‍ കണ്ടെത്തിയ ഈ പതിനാലു മില്ലീമീറ്റര്‍ മാത്രം പോന്ന ചെറിയ തവളയ്ക്കുമേല്‍ നടന്ന ഗവേഷണത്തിനൊടുവില്‍ രണ്ടായിരത്തേഴില്‍ ഇതിനെ പുതിയ വര്‍ഗ്ഗമായി ശാസ്ത്രലോകം അംഗീകരിച്ചു.ഈ കുഞ്ഞുജീവി ഇന്ത്യയിലെ ഏറ്റവും ചെറിയ തവളവര്‍ഗ്ഗമാണ്‌. ചിത്രം ഇവിടെ

Philautus nerostagona
വയനാട്ടിലെ കല്പ്പറ്റയില്‍ പ്രകൃതിനിരീക്ഷത്തിലേര്‍പ്പെട്ടിരുന്ന അനില്‍ സക്കറിയയും (Philautus anili എന്ന മുകളില്‍ പറഞ്ഞ തവള വര്‍ഗ്ഗത്തിനു anili എന്നു പേരിട്ടത് ഇദ്ദേഹത്തിനോടുള്ള നന്ദി സൂചകമായാണ്‌) ഉത്തമനും മരങ്ങളുടെ ഉന്നതഭാഗങ്ങളിലെവിടെയോ നിന്നും മഴത്തുള്ളികള്‍ പതിക്കുന്നതുപോലെയുള്ള ശബ്ദങ്ങള്‍ ഉതിര്‍ക്കുന്ന വിചിത്ര ജീവി ഒരു തവളയാകണമെന്ന് അനുമാനിച്ചു. എന്നാല്‍ ഒരു ജന്തുവിനെയും കാണാനും കഴിഞ്ഞില്ല. ഡോ. ബിജുവിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അവിടം അരിച്ചു പെറുക്കി. ഇരുപതു മീറ്ററോളം ഉയരത്തില്‍ നിന്നാണ്‌ ശബ്ദം കേള്‍ക്കുന്നത്. അത്രയും ഉയരത്തില്‍ ഒരു ക്യാനോപ്പി ഫ്രോഗും ജീവിക്കുന്നതായി ജന്തുശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുമില്ല. നിരന്തരമായ അന്വേഷണം ഒടുവില്‍ മരത്തിന്റെ തോലിനനുസരിച്ച് നിറം മാറുന്ന ഭയങ്കരനെ കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യം കണ്ടെത്തുന്ന ക്യാനോപ്പി ഫ്രോഗും ഇതാണ്‌. വെള്ളത്തുള്ളി വീഴുന്ന ശബ്ദം ഉണ്ടാക്കുന്നതിനാലാണ്‌ നീറോ-ജല, സ്റ്റഗോണ തുള്ളി എന്ന് ഇതിനു പേര്‍ നല്‍കിയത്.


Nasikabatrachus sahyadrensis
നാസികയുള്ള സഹ്യാദ്രിയിലെ തവള എന്ന് ശാസ്ത്രനാമത്തിന്റെ അര്‍ത്ഥം. ഇതിന്റെ മനോഹരചിത്രങ്ങള്‍ കല്യാണ്‍ വര്‍മ്മയുടെ ബ്ലോഗില്‍ കാണാം.


പന്നിയുടെ മുഖവും ഹിപ്പോയുടേതു പോലെയുള്ള പുറന്തോലും മൂക്കും ഒക്കെയുള്ള ഈ വിദ്വാന്‍ മണ്ണു തുരന്ന് അടിയിലാണ്‌ ജീവിക്കുക. കൊല്ലത്തില്‍ മഴക്കാലത്ത് ഒരാഴ്ചയോ മറ്റോ മാത്രം ഭൂമിക്കടിയില്‍ നിന്നും പുറത്തിറങ്ങാറുള്ള ഈ വിദ്വാന്‍ ലോകത്തിന്റെ കണ്ണില്‍ നിന്നും ഒളിച്ചു കഴിയുകയായിരുന്നു ഇത്രയും കാലം.

നാസികപ്രമുഖനെ കണ്ടെത്തിയത് വലിയൊരു കാര്യമായിരുന്നു. വെറും ഒരു ജന്തു (species) നെയല്ല, ഒരു കുലത്തെ (Genus)ത്തന്നെയാണ്‌ അതിലൂടെ തിരിച്ചറിഞ്ഞത്. നാമറിയുന്ന ഏതാണ്‌ എല്ലാ ജന്തുകുലങ്ങളും ഇരുന്നൂറു വര്‍ഷം മുന്നേ തന്നെ കണ്ടെത്തിയവയാണ്‌. (കഴിഞ്ഞ എണ്‍പതു കൊല്ലമായി ഒരു പുതിയ ഉഭയജീവികുലം പോലും ഇതല്ലാതെ കണ്ടെത്തിയിട്ടുമില്ല)

മൂക്കന്‍ തവളക്കുലം( Nasikabatrachidae) ജീവിക്കുന്ന ഫോസിലുകളാണ്‌. അടുത്തകാലത്ത് ഇവയുടെ കുലത്തിലെ മറ്റു തുരപ്പന്മാരെ സീഷെല്‍സില്‍ കണ്ടെത്തി- നൂറുമില്യണ്‍ വര്‍ഷം മുന്നേയാണ്‌ സീഷെല്‍സും മഡഗാസ്കറും ഇന്ത്യാഭൂഘണ്ടവും ചേര്‍ന്നിരുന്ന പൊരുള്‍ മൂന്നായ് പിരിഞ്ഞത്. അന്നേ ഈ വര്‍ഗ്ഗം ജീവിച്ചിരുന്നു!
എന്നിട്ടാണ്‌ നമുക്കിവനെയൊന്നു കാണാന്‍ ഡോ. ബിജുവും ഡോ. ബോസ്യൂട്ടും കാട്ടിത്തരേണ്ടിവന്നത്.
അവരുടെ തന്നെ വാചകം ആവര്‍ത്തിക്കാം, പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച് നമുക്ക് ഏറെയൊന്നും അറിയില്ല.

ഡോ. ബിജുവിന്റെയും സഹഗവേഷകരുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക്

http://frogindia.org/ എന്ന സൈറ്റ് സന്ദര്‍ശിക്കാം

13 comments:

hAnLLaLaTh said...

നന്ദി
വിവരങ്ങള്‍ക്ക്...

junaith said...

സഹ്യാദ്രി തവള അഥവാ പാതാള തവള.
ഇവയുടെ ശബ്ദം റെക്കോര്‍ഡ്‌ ചെയ്ത കൂട്ടത്തിലുള്ള ബാക്കി തവളകളെ കണ്ടെത്താനാണ്‌ സൈന്റിസ്റ്റുകള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

N.J ജോജൂ said...

Nasikabatrachus sahyadrensis
തോടില്ലാത്ത ആമയേപ്പോലെ തോന്നിച്ചു ആദ്യനോട്ടത്തില്‍

കുഞ്ഞായി said...

അനോണിയിലേക്ക് കുറച്ച് നാളുകളായി വന്നിട്ട്. വന്നത് വെറുതെയായില്ല
നന്ദി

Umesh::ഉമേഷ് said...

അപ്പോൾ നമ്മുടെ മരമാക്രിയെ പിടിക്കാൻ ഡോ. ബിജു മതിയാവും, അല്ലേ? :)

Anonymous said...
This comment has been removed by a blog administrator.
മാരീചന്‍‍ said...

ഹൊ.. പേടിച്ചു പോയല്ലോ

കെ.കെ.എസ് said...

very informative

എതിരന്‍ കതിരവന്‍ said...

The finding on Nasikabrachtus was published in Nature with Biju as the first author. Our media completely ignored this while American TV made it a big news. i e-mailed our malayalam news papers just in case they missed, but no response.
The finding of burrowing frogs like nasikabrachtus in south India had significance in plate tectonics, especially on the issues of fauna/flora moving with continental drifts. The relative of Nasikabrachtus was found only in Formosa.
Dr. Biju, as expected had no recognition from Kerala. He is at Delhi now.

എതിരന്‍ കതിരവന്‍ said...

In my comment please read "Madagaskar' instead of Formosa

പാവപ്പെട്ടവന്‍ said...

നന്ദി
വിവരങ്ങള്‍ക്ക്...

JA said...

ഡോ.എസ്‌.ഡി.ബിജുവിനെക്കുറിച്ച്‌ വിജ്ഞാനപ്രദമായ ഈ കുറിപ്പ്‌ നല്‍കിയത്‌ നന്നായി. തന്റെ ഒറ്റ കണ്ടുപിടിത്തത്തിലൂടെ ഭൂമുഖത്തെ തവള കുടുംബങ്ങളുടെ സംഖ്യ 29-ല്‍ നിന്ന്‌ 30 ആക്കിയ ചരിത്രമാണ്‌ ഡോ.ബിജുവിന്റെ ഗവേഷണത്തിനുള്ളത്‌. അദ്ദേഹത്തിന്റെ കണ്ടെത്തലുകളെയും ഗവേഷണങ്ങളെയും കുറിച്ച്‌ എഴുതിയിട്ടുള്ള വ്യക്തിയെന്ന നിലയ്‌ക്ക്‌ ഈ കുറിപ്പ്‌ തീര്‍ച്ചയായും സന്തോഷമുണ്ടാക്കി, നന്ദി.

ഡോ.ബിജുവിനെക്കുറിച്ച്‌ അറിയാന്‍ താത്‌പര്യമുള്ളവര്‍ക്കായി ചില ലിങ്കുകള്‍ ചുവടെ-
ദിനോസറുകളുടെ സഹചാരികള്‍ പശ്ചിമഘട്ടത്തില്‍പുതിയ 12 തവളയിനങ്ങള്‍ പശ്ചിമഘട്ടത്തില്‍നിന്ന്‌ഡോ.എസ്‌.ഡി.ബിജുവിന്‌ അന്താരാഷ്ട്ര ബഹുമതിഇന്ത്യയിലെ ഏറ്റവും ചെറിയ തവള പശ്ചിമഘട്ടത്തില്‍പശ്ചിമഘട്ടത്തിലെ തവളകളെത്തേടി

Shihab Mogral said...

Thank you very much for the informations,
especially for introducing Kalyan Varma Blog