Thursday, May 28, 2009

സാംസ്കാരിക ഫ്ലഷ്

കാല്‍‌വിന്‍ എഴുതിയ വരിമുറിപ്പാട്ടുകള്‍ എന്ന പോസ്റ്റ് കണ്ടു. അനുബന്ധമായി ഒരു പോസ്റ്റ് ഇടാന്‍ തോന്നി. ആദ്യകാലത്ത് പ്രോപ്പര്‍ കവിതകള്‍ മുതല്‍ ഇപ്പോഴത്തെ ഉഡായിപ്പ് വരെ എന്തായാലും ശരി, മലയാള സിനിമയില്‍ മുട്ടന്‍ "സാഹിത്യമേ" സിനിമാപ്പാട്ടാകൂ. അതില്‍ തന്നെ മഹാകാവ്യത്തിനുള്ള റിക്വയര്‍മെന്റ് ആയ നഗരം സാഗരം ജലക്രീഡ ഋതുഭേദം വിരഹം തുടങ്ങിയ ചേരുവകള്‍ വേണമെന്ന് നിര്‍ബന്ധവുമാണ്‌. അതിപ്പോ
ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായി ദൂരെ പോയ് വരൂ എന്ന് ഓയെന്‍‌വീ കവിത രൂപത്തില്‍ എഴുതിയാലും
ശ്യാമമേഘമേ നീ-
യദുകുല സ്നേഹദൂതുമായി
ഇതുവഴി- എന്ന് ചുനക്കര വരിമുറിച്ചെഴുതിയാലും അങ്ങനെ തന്നെ.

ചുരുക്കത്തില്‍ ഹിന്ദി സിനിമയെല്ലാം സോപ്പുപെട്ടി കഥകള്‍ ആണെന്ന് പറഞ്ഞതുപോലെ മലയാളം പാട്ടുകള്‍ എല്ലാം മഹാകാവ്യത്തില്‍ നിന്നു വെട്ടുന്ന തുണ്ടുകള്‍ ആണെന്നു സാരം. ലജ്ജാവതിയുടെ അധരത്തിലെ പൂമുത്തു മുതല്‍ ലജ്ജാവതി-Aയുടെ കള്ളക്കടക്കണ്ണു വരെ ആ നിയമം ലംഘിക്കില്ല.

തമിഴനോ?

കണ്ണോട് കാണ്‍പതെല്ലാം തലൈവാ കണ്‍കളുക്ക് സ്വന്തമല്ലൈ... എന്ന രീതിയില്‍ ലളിതമായരീതിയിലെ തത്തുവവും കള്ളിക്കെന്ന മുള്ളിന്‍ വേലി പോടീ തങ്കച്ചീ... പോനാല്‍ പോഹട്ടും പോടാ.

എന്‍‌കണ്മണീ എന്‍ കാതലി..എനൈ പാര്‍ത്തതും സിരിക്കിന്തതേ പ്രണയവും ലളിതമാണ്‌ തമിഴില്‍; "കൃഷ്ണ പക്ഷ കിളി ചിലച്ചു കുളിച്ചു വാ പെണ്‍പക്ഷീ എന്ന പാട്ടും ഇട്ട് പാവം മധു "ച്ഛീ പോയി കുളിക്കെടീ" എന്ന ആംഗ്യത്തോടെ വെള്ളത്തിലേക്ക് കൈ ചൂണ്ടുന്നത് കണ്ട് പൊട്ടിച്ചിരിച്ചു പോകും നമ്മുടെ മരം ചുറ്റി പ്രേമം കണ്ടാല്‍.


സംഘകാലം വരെ എങ്കിലും കരിന്തമിഴായിരുന്നു കേരളത്തിന്റെ സംസാരഭാഷ. സാധാരണവാക്കുകള്‍ നമുക്കുണ്ടായതും അതില്‍ നിന്നാണ്‌
. ആധുനിക തമിഴനും അങ്ങനെ തന്നെ. വത്യാസം എന്താണെന്നു വച്ചാല്‍

തമിഴന്റെ സാംസ്കാരിക സത്വം അതില്‍ നിന്നും പിടി വിട്ടില്ല. ഇന്നത്തെ സിനിമയില്‍ ഈ കാണുന്ന തരം പ്രണയവും വീരവും തത്തുവവും ഒക്കെയാണ്‌ അകനാനൂറിലെ പ്രണയകവിതകളും പതിറ്റുപ്പത്തിലെ വീരഗാഥകളും.

നമുക്കോ?
തന്തയും തള്ളയും തെറിയായി, അച്ഛനും അമ്മയും എവിടെ നിന്നോ വന്നു. പിതാവേ എന്നു വിളിച്ചാല്‍ കുറച്ചുകൂടെ ബഹുമാനമായി.

എടാ എടീ ആക്ഷേപമായി
വളി തെറിയാണ്‌ ഹേ, വായു എന്നു വേണം പറയാന്‍
ഓട അഴുക്കുവെള്ളം ആണ്‌, നദി എന്നു വിളിക്കൂ അതിനെ
വാട ചീത്ത ഗന്ധമാണ്‌ പൂവിനു, സോറി പുഷ്പത്തിനു വാടയോ?

നമ്മുടെ സംസ്കാരത്തെ ഒറ്റയടിക്ക് കുപ്പയിലാക്കി സംസ്കൃതപദങ്ങള്‍ മാന്യത നേടി. അതേ, ഗോത്രവര്‍ഗ്ഗ ദൈവങ്ങള്‍ പോലും ചുറ്റമ്പലത്തിനു പുറത്തിറങ്ങി പിന്നെയല്ലേ ഭാഷ.

നാഗരാജനെയും മുരുകനെയും വള്ളിയെയും അമ്മനെയും അയ്യനെയും വിട്ടില്ല തമിഴന്‍. ഭാഷയും വിട്ടില്ല. തനിത്തിരുന്ത് വാഴും തവമണിയെ വിട്ടുപിടിക്കാത്ത അവര്‍ക്ക് മണിവെപ്രാളവും മാങ്ങാത്തൊലിയും ഒന്നും വേണ്ടിവന്നില്ല.
"തായ് പാലൈപ്പോല്‍ രത്തത്തില്‍ ഒട്ടും പാട്ടുകള്‍ തമിഴ്മക്കള്‍ വീട്ടൈ ചെന്തു തട്ടും പാട്ടുകള്‍" (ഡൂയറ്റ് എന്ന സിനിമയിലെ ഗാനം) ആയി തുടരുമ്പോള്‍.

നമുക്ക് നമ്മുടെ സംഗീതധാരയ്ക്കു വഴങ്ങാത്ത മെഴുമെഴുപ്പില്ലാത്ത സംസ്കൃതപദങ്ങള്‍ കൂട്ടിക്കെട്ടി എന്തെങ്കിലും ചമയ്ക്കാം. നമ്മുടൈ തായ്തന്തൈമാര്‍ "ഭ നായേ നീയാരെടാ എന്നോടെ പഴമൈയെ വെല്ലറുതുക്ക്" എന്ന് ചോദിക്കുന്നതിനു പകരം കുനിഞ്ഞു നിന്ന് റാന്‍ മൂളിയതിന്റെ പിഴ.

ഫലമോ;
പലവട്ടം കാത്തു നിന്നു ഞാന്‍ കോളേജിന്‍ മൈതാനത്ത് ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ (ഹേ) എന്ന പാട്ടു കേട്ടാല്‍ അരോചകമായി തോന്നും, "നിന്‍‌ചുടു നിശ്വാസ ധാരയാം വേനലും നിര്വൃതിയായൊരു പൂക്കാലവും നിന്‍ ജലക്രീഡാ ലഹരിയാം വര്‍ഷവും നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും" (കണ്ടാ കണ്ടാ ആ വിരഹത്തിന്റെ എടയില്‍ കൂടി ഋതുഭേദം മിക്സ് ചെയ്തുള്ള കളി കണ്ടാ!) മനോഹരമായും തോന്നും. തമിഴന്റെ "പോറാളേ പൊണ്ണുത്തായി പൊളപൊളമെന്ന് കണ്ണീര്‍ വിട്ട് തണ്ണീരും ചോറും തന്ത മണ്ണൈ വിട്ട്"കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിങ്ങലും "തീയിലേ ഇറക്കി വിട്ടാല്‍ തിരുമ്പി വന്ത് കാല്‍ പണിവോം സത്തിയം" എന്നതിലെ ഒടുക്കത്തെ ആ യം‌ ഒരു പഞ്ച് ആയി വന്ന് നെഞ്ചില്‍ ഇടിക്കുന്നതും ഒരു മലയാളം പാട്ടില്‍ ഫീല്‍ ചെയ്യിക്കാന്‍ പറ്റില്ല എന്നതു ബാക്കിയുമായി.

9 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഇപ്പൊ അതൊക്കെ മാറിയില്ലേ..?
അങ്ങനെ ആര്‍ക്കാ അരോചകമായി തോന്നുന്നത്..?

Siju | സിജു said...

ആന്റണി ഇതേ വിഷയം തന്നെ മുമ്പും എഴുതിയിട്ടില്ലേ..

Calvin H said...

തമിഴിലേയും ഹിന്ദിയിലേയും പോലെ സ്വാഭാവികമായ വരികൾ മലയാളത്തിൽ എഴുതാൻ എന്തുകൊണ്ടാണ് പ്രയാസമാവുന്നത് എന്ന കൺഫ്യൂഷൻ ഈ പോസ്റ്റ് വായിച്ചപ്പോൾ ആണ് മാറിയത്.

സംസ്കൃതത്തിന്റെ അതിപ്രസരവും നാടൻ വാക്കുകളെ രണ്ടാം തരമാക്കിയതും ഭാഷയുടെ സംഗീതാത്മകത അപ്പടി കളഞ്ഞു.

പോസ്റ്റെഴുതുമ്പോൾ “പല വട്ടം കാത്തു നിന്നു ഞാൻ” ഓർമയിൽ വന്നില്ലായിരുന്നു.

ഇടക്കു കുത്തിക്കയറ്റിയ റാപിന്റെ അസ്കിതയും ചിത്രീകരണവും ഒഴിച്ചു നിർത്തിയാൽ ഇതും കൊള്ളാം എനിക്ക് മനസിലാവാത്ത വേറെ ഒരു കാര്യമുണ്ട്. നാലാം ക്ലാസ് പാസാകാത്ത നായികയെ നോക്കി “ ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളോരു ... മല്ലീശ്വരന്റെ പൂവമ്പു കൊണ്ടു “ എന്നും “ആലോല നീലവിലോചനങ്ങൾ ചാലിച്ചു നീലച്ച മഷിയിൽ മുക്കി“ എന്നും ഒക്കെ പാടുമ്പോൾ അവൾ നായകനെ ഓടിച്ചിട്ട് തല്ലാത്തതെന്താ എന്ന്...

അവസാനം “ദേവീ ശ്രീദേവീ “ എന്ന ലളിതഗാനം പാടിയ കാവ്യമേളയിലെ നായകനാണ് തല്ലു കൊണ്ടത്....

എന്തരോ....

പുള്ളി said...

>>......വിങ്ങലും...........ഒരു പഞ്ച് ആയി വന്ന് നെഞ്ചില്‍ ഇടിക്കുന്നതും ഒരു മലയാളം പാട്ടില്‍ ഫീല്‍ ചെയ്യിക്കാന്‍ പറ്റില്ല എന്നതു ബാക്കിയുമായി.
അന്തോണീ, അവടെക്കൊട് കാശ്!

അടികൊണ്ടാല്‍ "മമ മാതാ" എന്നു കഥകളിപ്പദത്തിന്‍ കരയുന്നോരുണ്ടോ?

കല്യാണം താന്‍ കെട്ടിക്കിട്ട് ഓടിപ്പോലാമാ ഓടിപ്പോയി കല്യാണം താന്‍ കെട്ടിക്കലാമാ എന്ന മട്ടിലുള്ള ഒരു വിപ്ളവഗാനമെങ്കിലും മലയാളത്തില്‍ വന്നിട്ടു് ചത്താ മതിയായിരു്ന്ന് എന്റെ (ഗോത്രവര്‍ഗ്ഗ) ദൈവങ്ങളേ...

Calvin H said...

“കല്യാണം താന്‍ കെട്ടിക്കിട്ട് ഓടിപ്പോലാമാ ഓടിപ്പോയി കല്യാണം താന്‍ കെട്ടിക്കലാമാ “

പുള്ളീ കൊട് കൈ...

“ഏ എന്നാഡി കപ്പക്കെഴങ്ങേ“ എന്ന് അഭിസംബോധന ചെയ്യുന്ന ഒരു പാട്ടു കൂടെ ആയാൽ ബഹുത് ഖുശ്...

karimeen/കരിമീന്‍ said...

നൂറു കിലോ ഭാരവുമായി മലര്‍ന്നു കിടക്കുന്ന ജയഭാരതിയുടെ രൂപത്തെ നോക്കി
മടിയില്‍ മയങ്ങും ഈ മാലതീലതയെ

എന്നും പാടിയിട്ടുണ്ട് കവി

ബിനോയ്//HariNav said...

അനോണീ, താങ്കളുടെ മസ്തിഷ്ക്കഗുണാണ്ട്രത്തില്‍ ജന്മം‌കൊണ്ട് അം‌ഗുലീതാഡനത്തിലൂടെ ഈ യന്ത്രത്താളിലേക്ക് ബഹിര്‍ഗമിപ്പിച്ച പോസ്റ്റ: ("പോസ്റ്റ്"ന്‍റെ മലയാളം അറിഞ്ഞുകൂടാത്തതുകൊണ്ട് ഒരു ഗമക്കായി "അ:" ചേര്‍ത്തതാണ്) എത്ര പ്രൗഡഗംഭീരമായിരിക്കുന്നു! സ്വാഹ (ചുമ്മാ ഇരിക്കട്ടെ)

കരിമീന്‍റെ കമന്‍റ: വായിച്ച് അദ്ദേഹത്തിന്‍റെ പാദാരവിന്ദങ്ങളില്‍ ഞാന്‍ തലയടിച്ച് സ്വാഹയായി :)

വെള്ളെഴുത്ത് said...

പഴയ പി ഭാസ്കരന്‍ പാട്ടുകളോ? കവിത ഒരു വിഭാഗത്തിന്റെ പിടിവിട്ട് ജനപ്രിയമാകുന്നതിന്റെ ഭാഗമായിരുന്നു കവിത സിനിമാപ്പാട്ടാക്കാനുള്ള പ്രവണത് എന്നു തോന്നു. ഓ എന്‍ വിയുടെ ‘ചത്തവേരുകളാണ്’ നിന്‍ ചുടു നിശ്വാസധാരയാം വേനലായി നാം കേട്ടത്. ‘തപ്തനിശ്വാസത്തെ‘ സംബോധനചെയ്തുകൊണ്ടൊരു പാട്ട് മറ്റേതെങ്കിലും ഭാഷയിലെ സിനിമയിലുണ്ടാവുമോ എന്നറിഞ്ഞുകൂടാ..’കാണാന്‍ കൊതിച്ച നേരം കവിതപോലെ എന്‍ മുന്നില്‍ വന്നു’ എന്നാണ് നമ്മുടെ ഒരു സിനിമാപാട്ട്. തമിഴന് പാട്ടായിരുന്നു കവിത. നമുക്കു കവിതയായിരുന്നു പാട്ട്! ആ പാരമ്പര്യം തുടരാന്‍ വേണ്ടി കാട്ടിയ കോപ്രായങ്ങള്‍ കവിതയുമില്ല പാട്ടുമില്ലെന്നിടത്ത് എത്തിച്ചു..ഇങ്ങനെ സാമാന്യവത്കരിക്കാമോ? അറിയില്ലൈ !

മീനു said...

അധിനിവേശത്തിന് എപ്പൊഴും നിന്നുകൊടുക്കുന്ന നമുക്കിതത്ര കാര്യമാണോ ? ഭാഷക്കുമാത്രം വേറെ വഴിക്കു പോകാനൊക്കുമോ..എങ്കിലും ഇപ്പൊഴും സൂക്ഷ്മമായി നോക്കിയാല്‍ തട്ടുപൊളിപ്പന്‍ ലജ്ജാവതി ആയാലും “കളിവീടുകെട്ടിയ കുട്ടിക്കാലം” കയറിവരുമ്പൊള്‍ അതു നമ്മള്‍ സ്നേഹിക്കുന്നുണ്ട്.സംഗീതത്തിനൊപ്പിച്ച് വരികള്‍ വരുന്നതും ഒരു പ്രശ്നമാണ്.ഒ.എന്‍.വി യെപ്പൊലുള്ളവര്‍ അതിനു പോകാറില്ലല്ലോ.കഞി കുടിക്കാന്‍ എഴുതേണ്ടിവരുമ്പോള്‍ ഭാഷയല്പം ഞെരങിപ്പൊകും.സ്വാഭാവികം !