Thursday, May 21, 2009

കാട്ടിലെ പ്രേം നസീര്‍

എലിയെ പൂച്ച പിടിക്കാന്‍ വന്നാല്‍ അതെന്തു ചെയ്യും? അണ്ണാനെ പട്ടി പിടിക്കാന്‍ വന്നാലോ? പെരിച്ചാഴിയെ അടിക്കാന്‍ വടിയുമായി ഓടിയിട്ടുണ്ടോ? എലികുലത്തിന്റെ സ്റ്റാന്‍‌ഡേര്‍ഡ് ജീവന്‍‌രക്ഷാമാര്‍ഗ്ഗം പത്തൊമ്പതാം അടവാണ്‌. പക്ഷേ ആ കുടുംബത്തിലും ശൂരന്മാരുണ്ട്. പൂച്ചയല്ല സാക്ഷാല്‍ സിം‌ഹം പിടിക്കാന്‍ വന്നാലും കുലുങ്ങില്ല. അല്ലല്ല- കുലുങ്ങും പക്ഷേ ആ കുലുക്കത്തിന്റെ ഒടുക്കം മൃഗരാജന്റെ നിലവിളി കേള്‍ക്കും എന്നുമാത്രം.

ചെറുപ്പം പൊന്തക്കാടോ മലയോരമോ ഉള്ള ഏതെങ്കിലും ഗ്രാമത്തില്‍ ചിലവിട്ട മിക്ക മലയാളിയും മുള്ളന്‍ പന്നിയെ കണ്ടിട്ടുണ്ടാവണം.( ഇംഗ്ലീഷിലെയും മലയാളത്തിലെയും പേര്‍ മുള്ളുള്ള പന്നി എന്നാണെങ്കിലും ഇവറ്റ റോഡന്റ് -കരണ്ടുതീറ്റക്കാര്‍- കുടുംബത്തിലെ സസ്തനികളാണ്‌) മിക്കവരും ഓര്‍ക്കുന്നത് കപ്പ കിളയ്ക്കുന്നവര്‍ മുള്ളന്‍പന്നി മാളത്തിലൊളിച്ചിരിക്കുന്നത് കണ്ടെത്തി, അതിനുള്ളില്‍ വച്ച് തന്നെ ആരെങ്കിലും വെടിക്കാരന്‍ കൊന്ന്, ശേഷം ആഘോഷമായി കറിവച്ച് കഴിച്ച കാര്യമാകും. ബ്രോയിലര്‍ കോഴിക്ക് അമ്പതു രൂപയും എയര്‍ ഗണ്‍ തിരയ്ക്ക് അതില്‍ കൂടുതലും ഉള്ള ഇക്കാലമെങ്കിലും കഴിച്ചാല്‍ പെരിച്ചാഴിയുടെ രുചിയുള്ള പാവത്തിനെ നാട്ടുകാര്‍ വെറുതേ വിട്ടുകാണും എന്ന് ആശിക്കുന്നു.

മുള്ളന്‍ പന്നി നിരവധി തരമുണ്ട്. ജൈവശാസ്ത്രപരമായിത്തന്നെ പ്രാചീന ലോകത്ത് പരിണമിച്ചവയെന്നും ആധുനിക ലോകത്ത് പരിണമിച്ചവയെന്നും രണ്ട് വിഭാഗമുണ്ട്. അവയില്‍ പ്രാചീനലോകത്തില്‍ ഉരുത്തിരിഞ്ഞ ഗണത്തില്‍ പെട്ട മുള്ളന്‍പന്നികളെയാണ്‌ ഇന്ത്യയില്‍ കാണാറ്‌. കേരളത്തില്‍ കാണപ്പെടുന്നവ Indian Crested Porcupine (Hystrix indica) എന്നയിനമാണ്‌.


കിഴങ്ങുകള്‍ (കപ്പത്തോട്ടം രാത്രി വന്ന് ഉഴുതുമറിച്ചുകളയും പഹയന്‍) പഴങ്ങള്‍ തുടങ്ങിയവയാണ്‌ മുള്ളന്‍‌മാരുടെ മുഖ്യ ശാപ്പാട്. പൊതുവില്‍ രാത്രിഞ്ചരരായ ഇവയെ പകല്‍ മാളത്തിലല്ലാതെ കാണാന്‍ കഴിയാറില്ല. ട്രേസ് മിനറലുകള്‍ക്കായി മരത്തൊലിയും പാറയിലെ കല്ലുപ്പുശേഖരവും ഇവര്‍ ശാപ്പിട്ടുകളയും. അതികലശലായ ആര്‍ത്തി ഉപ്പിനോട് ഉള്ളതിനാല്‍ വാഴയ്ക്ക് വളമിടാന്‍ വച്ചിരിക്കുന്ന യൂറിയ മുതല്‍ തടമെടുക്കാന്‍ വന്നവന്റെ കയ്യിലെ വിയര്‍പ്പു പറ്റിയ കൂന്താലിക്കൈ വരെ ശാപ്പാടാക്കിക്കളയും ഇവര്‍.

മുള്ളന്‍‌പന്നിയെ മറ്റു ജന്തുക്കളില്‍ നിന്നും വത്യസ്തമാക്കുന്നത് അതിന്റെ മുള്‍പ്രയോഗം തന്നെയാണ്‌. അടുത്തുവന്നാല്‍ മുള്ളന്‍ മുള്ളുകള്‍ നമ്മുടെ നേര്‍ക്ക് കുടഞ്ഞെറിയും എന്ന് നാട്ടില്‍ പൊതുവേ ഒരന്ധവിശ്വാസമുണ്ട്. ഇവയ്ക്ക് ദേഹം കുടഞ്ഞ് മുള്ളുകള്‍ ശ്രത്രുവിന്റെ നേര്‍ക്ക് ചാണ്ടാനുള്ള കഴിവില്ല.

നാട്ടിലെ മുള്ളന്റെ മുള്ളുകള്‍ അടിഭാഗം മുതല്‍ ഏതാണ്ട് പകുതിയോളം വെളുത്ത നിറവും മുകളറ്റത്തേക്ക് കടും ബ്രൗണ്‍ നിറവുമാണ്‌. മുള്ളുകള്‍ക്കുള്ളിലും പുറത്തും കൊഴുപ്പും ചില രാസവസ്തുക്കളും ചേര്‍ന്ന മെഴുമെഴുപ്പന്‍ വസ്തു നിറഞ്ഞിരിക്കുന്നു.

പ്രതിരോധം
മുള്ളന്‍ സമാധാനപ്രേമിയാണ്‌. അങ്ങോട്ട് പോയി ആരെയും ആക്രമിക്കില്ല. സ്വതേ സസ്യഭുക്കായ ഇവര്‍ക്ക് ഭക്ഷണത്തിനും ആരെയും വേട്ടയാടേണ്ടതില്ല. ഒരു പ്രശ്നമുണ്ടായാല്‍ പോലും ഇവര്‍ അതു നേരിടുന്നത് സിനിമയില്‍ പ്രേം നസീര്‍ ചെയ്യുന്നതുപോലെ പ്രതിരോധ മര്യാദകള്‍ ഉപയോഗിച്ചാണ്‌. ഓ, ഇപ്പോഴത്തെ കുട്ടികള്‍ ചുമ്മാതെ ആരെയും പിടിച്ചിടിക്കുന്ന ഗൂണ്ടാനായകരുടെ ചിത്രങ്ങള്‍ മാത്രം കണ്ടിട്ടുള്ളവരല്ലേ, പ്രേം നസീര്‍ പ്രോട്ടോക്കോള്‍ അവര്‍ക്കറിയില്ലെങ്കിലോ;

സ്ഥിരം പ്രേം നസീര്‍ നായകന്‍ വളരെ സൗമ്യനാണ്‌. ഒരു വില്ലന്‍ അദ്ദേഹത്തെ അടിക്കാന്‍ വന്നാല്‍
ആദ്യത്തെ അടിയില്‍ "എന്നെ തല്ലരുത്"
രണ്ടാമത്തെ അടിയില്‍ "എനിക്കു ദേഷ്യം വരുന്നു , എന്നെ തല്ലരുതെന്ന്"
മൂന്നാമത്തേതില്‍ "എടാ ഇനിയെന്നെ തല്ലരുത്, ഞാന്‍ തിരിച്ചു തല്ലും"
വില്ലനുണ്ടോ കേള്‍ക്കുന്നു. നസീര്‍ അങ്ങോട്ട് തുടങ്ങും-ആ ഡിഷും , ഡിഷ്യൂം, ഢിഷ്യൂം! വില്ലന്റെ എല്ലൊടിച്ചേ പുള്ളി പിന്നെ നിര്‍ത്തൂ.

നമ്മുടെ മുള്ളനും അങ്ങനെ തന്നെ. അവന്‍ വഴിയേ നടന്നു പോകുമ്പോള്‍ ദാ വരുന്നു പിടിച്ചു തിന്നാന്‍ ഒരു കടുവ. കടുവ അങ്ങനെ അവനെ ഉന്നം വയ്ക്കുന്നു:
മുള്ളന്റെ ഹോര്‍മോണുകള്‍ ഒരു മുന്നറിയിപ്പ് ഗന്ധം പുറപ്പെടുവിക്കും

മണ്ടന്‍ കടുവ മുന്നോട്ട് തന്നെ:
മുള്ളന്‍ തന്റെ മുള്ളുകള്‍ ഉയര്‍ത്തിപ്പിടിച്ച് നടുവ് കൂനിച്ച് തല ദേഹത്തു ചേര്‍ത്തു വയ്ക്കും. സെക്കന്‍ഡ് വാണിങ്ങ്.

പൊട്ടനുണ്ടോ കാര്യം മനസ്സിലാവുന്നു. കടുവ ചുര മാന്തി റെഡിയാവുകയാണ്‌ കടിച്ചു കുടയാന്‍- എത്ര കാട്ടുപോത്തിനെയും വലിയ ഗമണ്ടന്മാരെയും തോല്പ്പിച്ചതാണെന്ന അഹങ്കാരം.
മുള്ളന്‍ അവന്റെ വാല്‍ തറയിലടിച്ച് കിലുക്കാം‌പെട്ടി പോലെ കിലുക്കും- തേര്‍ഡ് ആന്‍ഡ് ഫൈനല്‍ വാണിങ്ങ്.

കടുവ ഓടി വന്ന് മുള്ളനെ കടിക്കാന്‍ ശ്രമിക്കുന്നു. മുള്ളന്റെ മുള്ളുകള്‍ അതിന്റെ ദേഹത്തേക്ക് അമര്‍ന്നാല്‍ റിലീസ് മെക്കാനിസം വര്‍ക്ക് ചെയ്യുകയും മുള്ള് അവന്റെ ശരീരത്തില്‍ നിന്നും വിടുകയും ചെയ്യും. എന്നാല്‍ അത് വെറുമൊരു സൂചിയല്ല, നിറയേ അള്ളുരൂപത്തില്‍ ചെറുശാഖകളണ്‌. കടുവയുടെ ദേഹത്തു തറച്ച മുള്ള് ഊരാന്‍ പറ്റാതെ ചൂണ്ട പോലെ ഉടക്കി പോകും. ദയനീയമായ പരുവത്തില്‍ വില്ലന്‍ ഓടുന്നതോടെ നമ്മുടെ നസീര്‍ നടന്ന് പാട്ടിനു പോകുന്നു. പോയ മുള്ളുകള്‍ കുറച്ചു മാസം കൊണ്ട് വീണ്ടും വളര്‍ന്നോളും.

ഈ സ്റ്റണ്ട് സീനില്‍ മുള്ളന്റെ ശത്രുവായി കടുവയെത്തന്നെ ഞാന്‍ തിരഞ്ഞെടുത്തതിനു ഒരു കാരണമുണ്ട്. ജിം കോര്‍ബറ്റ് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് ഇന്ത്യയില്‍ നരഭോജികള്‍ ആയിപ്പോകുന്ന കടുവകളിലും പുലികളിലും ഭൂരിഭാഗവും മുള്ളനുമായി ഏറ്റുമുട്ടി ദേഹത്ത് പരിക്കു പറ്റി ശേഷം സ്റ്റാന്‍ഡേര്ഡ് ഇരപിടിത്തത്തിനു കെല്പ്പില്ലാതെ മനുഷ്യനെയും മറ്റും തിന്നാന്‍ ഇറങ്ങുന്നവ ആണെന്ന്. അദ്ദേഹം വകവരുത്തിയ നരഭോജിക്കടുവകളില്‍ നിന്നും മുള്ളന്റെ മുള്ള് കണ്ടെടുത്തിട്ടുണ്ട്.

ശത്രുവിനെ ഒതുക്കാനുള്ള മുള്ളിലുള്ള രാസവസ്തുക്കള്‍ ന്യായമായും വിഷം ആകേണ്ടതാണ്‌. എന്നാല്‍ മുള്ളന്‍ പന്നിയുടെ മുള്ളിലെ മെഴുക് മികച്ച ആന്റി‌ബയോട്ടിക്ക് ആണെന്നതാണ്‌ ഏറെ രസകരം. ഇതെന്താണങ്ങിനെ? മരത്തില്‍ നിന്നു വീണും തുരക്കുമ്പോള്‍ പാറയോ മറ്റോ വീണും മുള്ളന്റെ മുള്ള് ചിലപ്പോള്‍ അവനു തന്നെ ചെറിയ മുറിവ് ഉണ്ടാക്കിക്കളയും. അങ്ങനെ സ്വന്തം ആയുധം പാരയായി മാറുമ്പോള്‍ ഉണക്കാന്‍ കയ്യില്‍ മരുന്നും വേണമല്ലോ.

19 comments:

പാഞ്ചാലി said...

ഈ പരിചയപ്പെടുത്തല്‍ നന്നായി.
പലതും പുതിയ അറിവുകളായിരുന്നു.
നന്ദി!

പണ്ട്, സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത്, ദേവികുളത്ത് വച്ച് ഒരു തവണ മുള്ളന്‍പന്നിയിറച്ചി രുചിച്ച് നോക്കിയിട്ടുണ്ട്. നല്ല നെയ്യായിരുന്നു എന്നാണോര്‍മ്മ. പിന്നീട് മുള്ളന്‍പന്നിയുടെ മുള്ള്, ഷൈന്‍ ചെയ്യാനായി, സ്കൂളില്‍ ‍കൊണ്ടുപോയതും ഓര്‍ക്കുന്നു.

“നസീര്‍ ഒരുസംഘം ഗുണ്ടകളെ” വിരട്ടിയിട്ട് വിജയശ്രീലാളിതനായി മന്ദം മന്ദം നടന്നു നീങ്ങൂന്ന വീഡിയോ ഇവിടെ കാണാം!

നാട്ടുകാരന്‍ said...

ഇപ്പോള്‍ സി.പി.എമിനും പറ്റിയത് ഇതുതന്നെയാനല്ലേ?

Calvin H said...

ആ ഷെഡാ മുള്ളാ നീയിത്ര ഭീകരനാണെന്ന് അ ഞാൻ അറിഞ്ഞിരുന്നില്ല. അ യെന്റെ ബാബുമോൻ ഇതറിഞ്ഞാൽ അ എന്തു മാത്രം വിഷമിക്കുമെന്നോർത്ത് അ എന്റെ നെഞ്ച് കലങ്ങിപ്പോകുന്നു.

ഉറുമ്പ്‌ /ANT said...

കൊള്ളാം മുള്ളൻപന്നി വിശേഷ.

Ajith Pantheeradi said...

കുട്ടിയായിരുന്നപ്പോള്‍ വയനാട്ടില്‍ വച്ച് വയലരികിലെ ഒരു മാളത്തില്‍ നിന്ന് രണ്ട് മുള്ളന്‍ പന്നി മുള്ളുകള്‍ കിട്ടിയത് ഓര്‍ക്കുന്നു. വെള്ളയും തവിട്ടുമായി നല്ല ഭംഗിയാണ് കാണാന്‍.
പക്ഷെ മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ വീട്ടില്‍ വച്ചാല്‍ കുടുംബ കലഹം ഉണ്ടാവും എന്നു പറഞ്ഞ് അമ്മമ്മ അതു പുറത്തു കളഞ്ഞു. പിന്നെ കുറച്ചു കാലം വീട്ടിനു പുറത്ത് സൂക്ഷിച്ചു വച്ചിരുന്നു.

ലേഖനം അത്യുഗ്രന്‍..

Joker said...

നല്ല ലേഖനം , മൊഞ്ചിന് ഒരു പടം കൂടി കൊടുക്കാമായിരുന്നു.

Junaiths said...

ആന്റണിച്ചായോ അലക്കന്‍ സാധനം,ഈ നസീര്‍ മുള്ളനെ സമ്മതിക്കണം...

അരുണ്‍ കരിമുട്ടം said...

അത് ശരി മുള്ളനും അദ്ദേഹവും ഒന്നാണല്ലേ?

ജയരാജന്‍ said...

"അടുത്തുവന്നാല്‍ മുള്ളന്‍ മുള്ളുകള്‍ നമ്മുടെ നേര്‍ക്ക് കുടഞ്ഞെറിയും എന്ന് നാട്ടില്‍ പൊതുവേ ഒരന്ധവിശ്വാസമുണ്ട്. ഇവയ്ക്ക് ദേഹം കുടഞ്ഞ് മുള്ളുകള്‍ ശ്രത്രുവിന്റെ നേര്‍ക്ക് ചാണ്ടാനുള്ള കഴിവില്ല." ഈ വിശ്വാസം തെറ്റാണെന്നറിയില്ലായിരുന്നു. കശുവണ്ടി സീസണിലാണ് ഇതിന്റെ ശല്യം കൂടുതൽ ഉണ്ടാകാറ്‌. കൊരട്ട (കശുവണ്ടി) പിളർന്ന് പരിപ്പെടുത്ത് കളയും. ദിവസവും കുറേയധികം കശുവണ്ടി ഇങ്ങനെ പാറയിടുക്കുകളിൽ കാണാം. തെളിവിന് സമീപത്ത് മുള്ളുകളും ഉണ്ടാകും. അടുക്കാൻ പേടിയായിരുന്നു. മുള്ള് തെറിപ്പിച്ചാലോ?
പക്ഷേ:
“മുള്ളന്റെ മുള്ളുകള്‍ അതിന്റെ ദേഹത്തേക്ക് അമര്‍ന്നാല്‍ റിലീസ് മെക്കാനിസം വര്‍ക്ക് ചെയ്യുകയും മുള്ള് അവന്റെ ശരീരത്തില്‍ നിന്നും വിടുകയും ചെയ്യും. എന്നാല്‍ അത് വെറുമൊരു സൂചിയല്ല, നിറയേ അള്ളുരൂപത്തില്‍ ചെറുശാഖകളണ്‌. കടുവയുടെ ദേഹത്തു തറച്ച മുള്ള് ഊരാന്‍ പറ്റാതെ ചൂണ്ട പോലെ ഉടക്കി പോകും.” ഇതും കൂടി കണ്ടപ്പോൾ രണ്ടും തമ്മിൽ ഒരു വൈരുധ്യാത്മക ഭൌതികവാദം ഇല്ലേ എന്ന് വർണ്യത്തിലാശങ്ക.

ജ്യോതിര്‍മയി /ज्योतिर्मयी said...

“പുസ്തകമില്ല, പ്രസാധകനില്ല, എഴുത്തുകാരനുമില്ല, എഴുത്തുമാത്രമുണ്ട്“.


ഇതല്ലേ എഴുത്ത്! മൂന്നുപേരെ ഒരുമിച്ചു പരിചയപ്പെടാന്‍ പറ്റി. നന്ദി.

അനോണി ആന്റണി said...

ജയരാജന്‍,
മുള്ളന്‍ പന്നിക്കു മുള്ളു കുടഞ്ഞു കളയാന്‍ പറ്റില്ല. അതിനെ മുള്ളുകള്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ അതിന്റെ ദേഹത്തേക്ക് (towards the body) ചെറുതായൊന്നു അമര്‍ന്നാല്‍ ഒരു ലോക്ക് റിലീസ് മെക്കാനിസം വര്‍ക്ക് ചെയ്യുകയും ദേഹത്തില്‍ നിന്നും ഊരിപ്പോകുകയും ആണ്‌ ചെയ്യുന്നത്. അതായത് നമ്മുടെ മുള്ളന്‍ മുള്ളു നിവര്‍ത്തി നില്‍ക്കുന്നു, ഒരു ജന്തു അതിനെ കടിക്കാനോ കാലുകൊണ്ട് പിടിക്കാനോ ശ്രമിക്കുന്നു. ഇപ്പോള്‍ മുള്ള് ഒരേ സമയം ശത്രുവിന്റെ ദേഹത്തേക്കും മുള്ളന്റെ ദേഹത്തേക്കും അമരുകയാണ്‌. മൂര്‍ച്ച ശത്രുവിന്റെ ദേഹത്തേക്കുള്ള ഭാഗത്തായതിനാല്‍ അതിന്റെ ബോഡിയില്‍ മുള്ള് തുളച്ചു കയറും. അതേസമയം മുള്ളന്റെ ദേഹത്തേക്ക് ഒരു ത്രസ്റ്റ് ഉള്ളതിനാല്‍ മുള്ള് അതിന്റെ ദേഹത്തു നിന്നും റിലീസ് ചെയ്യും. അതോടെ മുള്ള് ശത്രുവിന്റെ ദേഹത്ത് മാത്രമാകും.


പാഞ്ചാലീ ആ വീഡിയോ കലക്കി. ലാസ്റ്റ് " ആ, വേലപ്പനോട് കളിച്ചാല്‍ അങ്ങനെ ഇരിക്കും. ആ, ഇനി ഈ പ്രദേശത്ത് കണ്ടുപോകരുത്" എന്നു പറഞ്ഞ് നടന്നു പോകുന്ന സീനാണ്‌ ഏറ്റവും ഇഷ്ടമായത്.

മാരാരേ, ഞാന്‍ വീട്ടില്‍ ഒരു മുള്ളന്റെ മുള്ള് സൂക്ഷിച്ചു വച്ചിട്ടുണ്ട് (കാട്ടില്‍ നടന്നപ്പോള്‍ കിട്ടിയതാ.)

ജോക്കര്‍, പടം ഇല്ലാത്തതിന്റെ കുറവ് പാഞ്ചാലി വീഡിയോ ഇട്ടു തീര്‍ത്തിട്ടുണ്ട് :)

നാട്ടുകാരന്‍, കാല്‍‌വിന്‍, ഉറുമ്പ്, ജുനൈത്, അരുണ്‍, ജ്യോതിര്‍മയി - നന്ദി.

ഹന്‍ല്ലലത്ത് Hanllalath said...

മുള്ളന്റെ ഒരു ഫോട്ടോ കൂടി ഇടാമായിരുന്നു...
നല്ല വിവരണം...

Sethunath UN said...

Antony
Ellam puthiya arivukal
Mullan mullu Eyyum ennanu njanum ithuvare viswasichirunnathu.
Thank you

കണ്ണനുണ്ണി said...

അന്തോണീ ...കലക്കിട്ടോ......രസ്സായി

Sudhi|I|സുധീ said...

നല്ല വിവരണം... കൊലക്കി...

Jayasree Lakshmy Kumar said...

nice info. വളരേ ഇഷ്ടപ്പെട്ടു ഈ മുള്ളൻപന്നിക്കഥ :)

പ്രിയ said...

:)

അപ്പോള്‍ ഈ മുള്ളനെ മനുഷ്യന്‍ ഒഴികെ മറ്റൊരു ജന്തുവിനും പിടിച്ച് തിന്നാന്‍ കഴിയില്ലാ?

അനോണി ആന്റണി said...

ഹാന്‍, നിഷ്ക്, കണ്ണനുണ്ണി, സുധീഷ്, ലക്ഷ്മി, നന്ദി.

പ്രിയ,
മുള്ളനെ പിടിക്കാന്‍ കഴിവുള്ള അപൂര്‍‌വം ജന്തുക്കളേയുള്ളു. അതിലൊന്ന് ഫിഷര്‍ എന്ന ഓട്ടര്‍ വര്‍ഗ്ഗത്തിലെ മരം കേറി ജീവിയാണ്‌. മിന്നല്‍ വേഗത്തിലെ ചലനങ്ങള്‍ കൊണ്ട് (കീരി പാമ്പിനെ പിടിക്കുന്നതുപോലെ ചാടി) ഫിഷര്‍ മുള്ളനെ മലര്‍ത്തിയിട്ട് മുള്ളില്ലാത്ത വയറില്‍ കടിച്ചു കീറി കൊല്ലാറുണ്ട് (ചിലപ്പോള്‍ മുള്ള് കുത്താറുമുണ്ട്!).

ഈ ജന്തുവൊന്നും ഇല്ലാത്ത നമ്മുടെ നാട്ടില്‍ മനുഷ്യന്‍ ഒഴികെ ഒരുത്തനും ഇവന്മാരെ തൊടില്ല!

sHihab mOgraL said...

നന്ദി..
പലതും പുതിയ അറിവുകള്‍
തുടരുക