Thursday, May 7, 2009

ഇജസ്ഡം ജെനെറിസ്

പ്രിയ മരമാക്രി,
പോസ്റ്റ് വായിച്ചു. താങ്കള്‍ പറഞ്ഞതുപോലെ വെബ് സൈറ്റില്‍ പോയി ഒരു പരാതി നല്‍കിയാല്‍ ആരും വായിക്കില്ല. മിനക്കെട്ടിരുന്ന് അല്പ്പം ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനെ കണ്ടുപിടിച്ച് അദ്ദേഹത്തിനു നീട്ടിപ്പിടിച്ച് ഒരു മെയില്‍ അയച്ചാല്‍ നീളത്തിലൊരു അപ്പോളജിയും അന്വേഷിക്കാമെന്ന് ഒരു വാഗ്ദാനവും കിട്ടും. ആ മറുപടി ശ്രദ്ധിച്ചു വായിച്ചാല്‍ നേരത്തേ അടിച്ചു വച്ച ഒരു ടെമ്പ്ലേറ്റില്‍ നിങ്ങളുടെ പേരും ഡേറ്റും മാത്രം ചേര്‍ത്ത് ചമച്ച സാധനം ആണതെന്ന് മനസ്സിലാവുകയും ചെയ്യും. ഗള്‍ഫ് എയറില്‍ മാത്രമല്ല, ഏത് എയറിനു പരാതി നല്‍‌കിയാലും ഇതു തന്നെയാണ്‌ സംഭവിക്കുക. നിരാശപ്പെടുത്താന്‍ പറഞ്ഞതല്ല, വര്‍ഷങ്ങളായി യാത്ര ചെയ്ത് ചെയ്ത് പഠിച്ച പാഠം പറഞ്ഞെന്നേയുള്ളു.

യാത്രികനായി എയര്‍ലൈനിന്റെ ഗ്രൗണ്ട് സ്റ്റാഫ് ഇരിക്കുമ്പോള്‍ മോശം പെരുമാറ്റം കിട്ടുകയും "നിന്നെ ഞാന്‍ ഓഫീസില്‍ ചെന്ന് ശരിയാക്കുന്നുണ്ട്" എന്ന് പറഞ്ഞ യാത്രക്കാരനോട് "ദാ എന്റെ നെയിം ബോര്‍ഡ് നോക്കി എഴുതി വച്ചോ നീ ഒലത്തും." എന്ന് ക്രൂ പ്രതികരിക്കുന്നതും കണ്ടിട്ടുണ്ട് (ഇന്ത്യയിലല്ല, സായിപ്പിന്റെ എയര്‍ലൈനില്‍)

ചോദ്യം:
എന്താണ്‌ ഇങ്ങനെ സംഭവിക്കുന്നത്? യാത്രക്കാരനെക്കുറിച്ച് ആര്‍ക്കും ഒരു ചേതവുമില്ലേ? ഇങ്ങനെ ഒരു സംഭവം നടന്നിട്ട് ആര്‍ക്കും ഒരു കണ്‍സേണുമില്ലേ? ഇങ്ങനെയെങ്കില്‍ എയര്‍ലൈന്‍ എങ്ങനെ ഇമ്പ്രൂവ് ചെയ്യും?

Here's the real lowdown:
എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് എല്ലാ എയര്‍ലൈനും കൃത്യമായി വിവരമുണ്ട്. അത് വ്യക്തിതലത്തിലല്ല, മൊത്തത്തിലാണെന്നു മാത്രം. ആയിരക്കണക്കിനു റിവ്യൂകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്താണ്‌ എയര്‍ലൈന്‍ ക്വാളിറ്റി റാങ്കിങ്ങ് വരുന്നത്. അതില്‍ എവിടെയാണെന്ന് ഒന്നു നോക്കിയാല്‍ ഫ്ലൈറ്റില്‍ എന്തു സംഭവിക്കുമെന്ന് കയറുന്നതിനു മുന്നേ തന്നെ ഒരുമാതിരി പിടി കിട്ടും.

ഉദാഹരണത്തിനു മരമാക്രി യാത്ര ചെയ്ത ഫ്ലൈറ്റുകളില്‍ - ബ്രിട്ടീഷ് എയര്വെയ്സ്, ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ എന്നിവയില്‍ എന്തു പ്രതീക്ഷിക്കാം എന്നും റാങ്കില്‍ പഞ്ചനക്ഷത്രമുള്ള കിങ്ങ് ഫിഷര്‍ എയര്‍ലൈനില്‍ എന്തു പ്രതീക്ഷിക്കാമെന്നും നോക്കാം.

ക്യാബിന്‍, കക്കൂസ്, ഉപകരണങ്ങള്‍, സീറ്റ് തുടങ്ങിയവയുടെ വൃത്തി:
ഏറ്റവും വൃത്തികേട്- എയര്‍ ഇന്ത്യ, അല്പ്പം മുകളില്‍ ഗള്‍ഫ് എയര്‍, അതിലും അല്‍‌പ്പം മീതെ ബ്രിട്ടീഷ് എയര്വേര്‍സ്, ഒന്നാം സ്ഥാനത്ത് കിങ്ങ് ഫിഷര്‍

ക്യാബിന്‍ ജീവനക്കാരുടെ കാര്യക്ഷമതയും ആറ്റിറ്റ്യൂഡും
എയര്‍ ഇന്ത്യ3.5/5, ഗള്‍ഫ് എയര്‍4/5, ബ്രിട്ടീഷ് എയര്വേസ് 4/5, കിങ്ങ് ഫിഷര്‍ 5/5
വെയിറ്റേ മിനുട്ട്, മരമാക്രിക്ക് കാര്യക്ഷമതയില്‍ ബ്രിട്ടീഷ് എയര്‍‌വേസും ഗള്‍ഫ് എയറുമായി എന്തോ ഫീല്‍ ചെയ്തെന്നു പറയുന്നല്ലോ. ഇതിനു രണ്ടിനും ഒരേ റാങ്ക്?

ഇതാ, യാത്രക്കാരുടെ ആവശ്യങ്ങളോടുള്ള പ്രതികരണം:
എയര്‍ ഇന്ത്യ3/5, ഗള്‍ഫ് എയര്‍ 2.5/5, ബ്രിട്ടീഷ് എയര്വേസ് 4/5, കിങ്ങ് ഫിഷര്‍ 5/5

ഭക്ഷണത്തിന്റെ ഗുണ നിലവാരമോ?
എയര്‍ ഇന്ത്യ3/5, ഗള്‍ഫ് എയര്‍ 3/5, ബ്രിട്ടീഷ് എയര്വേസ് 3/5, കിങ്ങ് ഫിഷര്‍ 4/5


ഓവറാള്‍ ത്രീ സ്റ്റാര്‍ റേറ്റഡ് എയര്‍ലൈനായ ഗള്‍ഫ് എയറിലും എയര്‍ ഇന്ത്യയിലും ഫോര്‍ സ്റ്റാര്‍ റേറ്റഡ് ബ്രിട്ടീഷ് എയര്വേസിലും സില്‍ക്ക് എയറിലും കിട്ടുന്ന സര്‍‌വീസ് പ്രതീക്ഷിക്കേണ്ടാ. ബ്രിട്ടീഷ് എയര്‍‌വേസിലും എയര്‍ ഫ്രാന്‍സിലും യാത്ര ചെയ്യുമ്പോള്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ഉള്ള കിങ്ങ് ഫിഷറിലും കാതേയിലും മലേഷ്യന്‍ എയറിലും കിട്ടുന്ന സര്‍‌വീസ് പ്രതീക്ഷിക്കേണ്ടാ. ഇന്ത്യന്‍ എയര്‍ലൈന്‍സിലും ബംഗ്ലാദേശ് ബിമാനിലും പോയാല്‍ മേലേല്‍ കാണുന്ന ഒന്നിലും കിട്ടുന്ന ഒന്നും പ്രതീക്ഷിക്കേണ്ടാ.
(ഇതെല്ലാം ഇക്കോണമി ക്ലാസ് റേറ്റിങ്ങുകളെ അടിസ്ഥാനമാക്കിയാണ്‌)

ഇത് സകലര്‍ക്കും അറിയാവുന്നതുകൊണ്ടും നന്നാവാന്‍ തീരുമാനിച്ച എയര്‍ലൈന്‍ ഇപ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഇമ്പ്രൂവ് ചെയ്യാന്‍ ശ്രമിക്കുന്നതുകൊണ്ടും അതല്ല "എന്നെ തല്ലേണ്ടാ അമ്മാവാ.." ലൈന്‍ ആണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ക്ക് പുല്ലു വില കല്‍‌പിക്കുന്നതുകൊണ്ടും;

ഇന്‍ഡിവിഡുവല്‍ ലെവലില്‍ പരാതികള്‍ എയര്‍ലൈനുകള്‍ മൈന്‍ഡ് ചെയ്യാറില്ല. ഫലത്തില്‍ ഉരലിന്‍‌മേല്‍ കയറിയാല്‍ പിന്നെ ഉലക്ക വരുന്നെന്ന പരാതിക്ക് വില കല്പ്പിക്കാറില്ല എന്ന്.


ഇനി ഒന്നു കൂടി:
ഗള്‍ഫില്‍ നിന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍‌വീസുകളില്‍ ഇക്കോണമി ക്ലാസ്സില്‍ ക്രൂവിന്റെ പെരുമാറ്റം മറ്റ് അന്താരാഷ്ട്ര സര്‍‌വീസുകളെക്കാള്‍ മോശമാണെന്ന് പൊതുവില്‍ പരാതിയുണ്ട്.

എഴുപതുശതമാനത്തോളം യാത്രക്കാര്‍ സാധാരണ കൂലിപ്പണിക്കാരാണെന്നും "ഇവന്മാരോട് എന്തുമാകാം" എന്നും യാത്രക്കാരുടെ പക്ഷം.

തുടക്കം മുതല്‍- ലഗ്ഗേശ് കൂടുതല്‍ കൊണ്ടുപോകുക, നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുകയോ പാലിക്കുകയോ ചെയ്യാതിരിക്കുക, കയറി ഒടുക്കം വരെ അനന്തമായി കള്ള് ഭക്ഷണം തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുക, ക്രൂവിനോട് അപമര്യാദയായി പെരുമാറുക അങ്ങനെ യാത്രക്കാര്‍ സ്വയം നരകം തീര്‍ക്കുന്നതാണെന്ന് ക്യാബിന്‍ ക്രൂവിന്റെ വാദം.

വാല്‍ക്കഷണം:
Pax side
തിരുവനന്തപുരത്തു നിന്നു ഒരു യാത്രയുടെ തുടക്കം
ഗ്രൗണ്ട് സ്റ്റാഫ്
"ഇവിടെ കൂടി നില്‍ക്കാന്‍ പാടില്ല. മാറി നില്‍ക്കണം"
"പിന്നെ എവിടെ കൂടി നില്‍ക്കണം? ഇവിടെങ്ങും ഇരിക്കാന്‍ സ്ഥലമില്ല."
"ഇരിക്കാന്‍ സ്ഥലം ഞാനല്ലല്ലോ ഉണ്ടാക്കുന്നത്, അതുണ്ടാക്കുന്നവരോട് പോയി ചോദിക്ക്."
"എന്നാല്‍ പിന്നെ ഞാന്‍ വീട്ടില്‍ നിന്നു രണ്ടു കസേര കൊടുത്തു വിടാന്‍ പറയാം"
"അതാ നല്ലത്. കസേര മാത്രമാക്കണ്ടാ ഒരു കട്ടിലും കൂടി എടുത്തോ"


crew side
മറ്റൊരു യാത്ര- ഗള്‍ഫില്‍ നിന്നു തിരുവനന്തപുരത്തേക്ക്
അനൗണ്‍സ്മെന്റ്
"ഈ വിമാനത്തിനു സ്റ്റേജ് ബൈ സ്റ്റേജ് ബോര്‍ഡിങ്ങ് ആണ്‌. സീറ്റ് ഏ മുതല്‍ എഫ് വരെയുള്ള യാത്രക്കാര്‍ മാത്രം എഴുന്നേറ്റ് ക്യൂവായി വരിക."
ജനം മൊത്തമായി ഇളകി സൂപ്പര്‍ സ്റ്റാര്‍ പടത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ തുറന്നതുപോലെ ഒറ്റയിടിച്ചു കേറ്റം നടത്താന്‍ ശ്രമിച്ചു. ഗേറ്റില്‍ നിന്നവളെ തള്ളി മാറ്റി കയറാനും ചിലര്‍ ശ്രമിച്ചു. അവളുടെ വാക്കി ടോക്കി നിലത്തു വീണു ആന്റിന ഒടിഞ്ഞു.

"ദയവായി ക്യൂ പാലിക്കുക, വിളിച്ചവര്‍ മാത്രം വരിക"
ആരോടാ. ജനം തുടര്‍ന്നു.
ഒരു പോലീസുകാരന്‍ ഓടി വന്നു
"ശൂ ഹദ്ദാ?"
ഏ മുതല്‍ ഇസഡ് വരെ എല്ലാവനും തിരികെ ഓടി സീറ്റില്‍ പോയിരുന്നു.

ഒടുക്കം ബോര്‍ഡ് ചെയ്തു- രാവിലേ പത്തുമണിയാണ്‌.
എയര്‍ ഹോസ്പിറ്റല്‍ ചേച്ചി ബോര്‍ഡിങ്ങ് കൗണ്ടര്‍ പഞ്ച് ചെയ്തു കൊണ്ട് നടന്നു വരികയാണ്‌.
ഒരു പത്തമ്പതു വയസ്സുള്ള ഒരുത്തന്‍ ഒറ്റ കൂക്ക്
"ഏയ് ഏയ്, കം ഹിയര്‍, ഗിവ് ത്രീ ബ്രാന്‍ഡി."
അവള്‍ ഒരുജാതി പുച്ഛച്ചിരി ചിരിച്ചു കടന്നു പോയി
"ഓക്ക്, ബ്രാന്‍ഡി ലേറ്റര്‍. ഗിവ് ലഞ്ച്."
ദൈവമേ എന്റെ തൊലി ഉരിയുന്ന ശബ്ദം ഞാന്‍ തന്നെ കേട്ടു.

10 comments:

ജയരാജന്‍ said...

ആ റാങ്കിങ്ങിന്റെ ലിങ്ക് എവിടെ കിട്ടും അനോണിച്ചേട്ടാ?
വാട്ട് ഈസ് ദിസ് : “ഇജസ്ഡം ജെനെറിസ്“?

Appu Adyakshari said...

സ്വയംകൃതാനര്‍ത്ഥങ്ങള്‍ എന്നാല്‍ ഇതൊക്കെയാണ്, അല്ലേ ആന്റൂ !!

അനോണി ആന്റണി said...

http://www.airlinequality.com/Airlines/AirlineA-Z.htm

സ്കൈട്രാക്സ് പൊതുവില്‍ എല്ലാവരും അംഗീകരിച്ച ഒരു റേറ്റിങ്ങ് ഏജന്‍സിയാണു ജയരാജേ. വേറെയും ചിലതുണ്ട്.

ഇജസ്ഡം ജെനറിസ് എന്നതിനു - of the same class എന്നാണ്‌ വാഗര്‍ത്ഥം. പ്രയോഗത്തില്‍ വരുമ്പോള്‍ ഒരു തട്ടില്‍ ഉള്ളവര്‍ക്കെല്ലാം ഒരേ സ്വഭാവം/അര്‍ത്ഥം എന്ന അനുമാനം .

നിയമത്തിലാണ്‌ ഇവനെ ഏറ്റവും കൂടുതല്‍ പ്രയോഗിക്കുക. "പശുക്കളും ആടുകളും, പട്ടികളും മറ്റു ജന്തുക്കളും" എന്ന് ഒരിടത്ത് എഴുതിയിട്ടുണ്ടെങ്കില്‍ ഇജസ്ഡം ജെനെറിസ് ആണ്‌ അവിടെ ഉപയോഗിക്കുക. അതനുസരിച്ച് എഴുതിയ ആള്‍, പശു, ആട്, കാള, പട്ടി, പൂച്ച, എരുമ, കുതിര, പന്നി തുടങ്ങിയവയെ ആണ്‌ ഉദ്ദേശിച്ചതെന്നും, കടുവ, മുതല, തിമിംഗലം മുതലായവയും ഇവിടെ മറ്റു ജന്തുക്കള്‍ എന്ന പ്രയോഗത്തില്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അനുമാനിക്കണം.

അതേ അപ്പൂ. ടിക്കറ്റ് വാങ്ങുമ്പോള്‍ നിരക്കു മാത്രമേ നമ്മള്‍ നോക്കാറുള്ളൂ. ഊണു വിളമ്പുമ്പോള്‍ ചത്ത പല്ലിയെ പ്ലേറ്റില്‍ കിട്ടുമോ എന്നും അന്വേഷിക്കേണ്ടതുണ്ട്!

അനില്‍ശ്രീ... said...

താങ്ക്യൂ... ഫോര്‍ ന്യൂ വിവരംസ്.... എയര്‍ ഇന്‍ഡ്യാ എക്സ്പ്രസ് ഏത് ക്ലാസില്‍ വരും എന്നു കൂടി അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ചിലപ്പോള്‍ നക്ഷത്രങ്ങള്‍ ഒത്തിരി കൂടിയ ഇനമാ എന്ന് തോന്നിപ്പോകും.

ഓ.ടോ : ഈ ലേഖനം "ഇവിടെ" അല്ലായിരുന്നു വേണ്ടത്.

പാവപ്പെട്ടവൻ said...

വളരെ നല്ല പോസ്റ്റാണ് ആവിശ്യമാണ്

നായര്‍ said...

നല്ല ലേഖനം.

ഞാനായിരുന്നില്ല ഇവിടെ കമന്റിടേണ്ടിയിരുന്നത്
:)

നിഷാന്ത് said...

അണ്ണാ, സര്വ്വീസ് എന്നുപറഞ്ഞാല്‍ യുണൈറ്റഡ് എയര്‍ലൈന്‍സിലെ സര്വ്വീസ്സാണ്‌ സര്വ്വീസ്!! പതിനാലു മണിക്കൂര്‍ ഒറ്റസ്ട്രെച്ചില്‍ യാത്രചെയ്യുന്ന ഫ്ലൈറ്റില്‍ ആകെ ഉള്ളത് ഒറ്റ റ്റിവിസ്ക്രീന്‍! അതില്‍ ആകെ കാണിക്കുന്നത് അറിപഴഞ്ചന്‍ സീരിയലുകള്‍. ഇനിയെന്തെങ്കിലും ചോദിച്ചാലോ, ഓറഞ്ച്ജ്യൂസ് ചോദിച്ചാല്‍ ആപ്പിള്‍ജ്യൂസ് തരും, കാപ്പിചോദിച്ചാല്‍ പാന്റ്ര്യില്‍ ഇരിപ്പൊണ്ട് വേണേ പോയിക്കുടിച്ചോ എന്നുപറയും! മദ്യം വേണോ $6 എണ്ണിക്കൊടുക്കണം! ദോഷം പറയരുതല്ലോ, അവര്‍ക്കങ്ങനെ വെളുത്തവനും കറത്തവനും എന്ന ഭേദമൊന്നുമില്ല! അദ്ദാണ്‌ സമാദ്ദാനം!

അതൊക്കെ നോക്കുമ്പോള്‍ ഈപ്പറഞ്ഞ എയര്‍ലൈനുകളൊക്കെ എന്തുഭേദം!
പിന്നെ 'cathay' ഇല്‍ സിംഗപ്പൂര്‍ ചെന്നൈ യാത്രയില്‍ നമ്മുടെ 'അയല്വാസി' കളുടെ പ്രകടനം കണ്ട് തൊലിയുരിയുക മാത്രമല്ല്, ജനല്‍ തല്ലിപ്പൊട്ടിച്ച് അവിടുന്ന് ചാടാന്‍ വരെതോന്നിയിട്ടുണ്ട്!

അലിഫ് /alif said...

മൂന്ന് വർഷത്തോളമായി എമിറേറ്റ്സ് എയർ‌ലൈനിൽ വർഷത്തിൽ നാലുതവണയെങ്കിലും നാട്ടിൽ പോയിവരാറുണ്ട്, അതും ഏഴ്-ഏഴരമണിക്കുറിന്റെ ലാഗോസ്-ദുബായ്, + മൂന്നര മണീക്കൂറോളം ദുബായ്-തിരുവനന്തപുരം; പക്ഷേ ഇതുവരെയും മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല-ഭക്ഷണവും സർവ്വീസും, ട്രാൻസിറ്റുമുൾപ്പെടെ.ആകെ ചില കല്ലുകടികൾ തോന്നിയിട്ടുള്ളത് തിരുവനന്തപുരത്തെ ഗ്രൌണ്ട് സ്റ്റാഫിന്റെ (എല്ലാരുമല്ല, ഒരു പ്രത്യേക വ്യക്തി)പെരുമാറ്റത്തിൽ മാത്രമാണ്. എമിറേറ്റ്സ് റാങ്കിംഗിൽ ഏത് ലവലിൽ വരുന്നതാണ് ആന്റണി മാഷേ..?

ദലാല്‍ :-: dalal said...

എത്ര മര്യാദക്കാരിയായ എയര്‍ഹോസ്റ്റസും കുനിച്ചുനിര്‍ത്തി ഇടി കൊടുത്തുപോകുന്ന വിമാനയാത്രക്കാരും ധാരാളം. ലേറ്റസ്റ്റ് എക്സാമ്പിള്‍ : ലോസ് ആഞ്ചലസില്‍ നിന്നു ലണ്ടനിലേക്ക് പറന്ന ഒരു ബ്രിട്ടിഷ് ആര്‍ട്ടിസ്റ്റ് (കം-സെലിബ്രിറ്റി) പറക്കാനുള്ള ഭയം മാറ്റാന്‍ കഴിച്ചത് : നാലു സ്ലീപിംഗ് പില്‍സ്, മൂന്നു കുപ്പി വൈന്‍, കൂടാതെ കക്കൂസില്‍ നിന്ന് അടിച്ചുമാറ്റിയ ഒരു ബോട്ടില്‍ ലിക്വിഡ് സോപ്പ് (90% ആല്‍ക്കഹോള്‍ ?).

വിമാനത്തിലിരുന്ന് ചെറുതായി മയങ്ങിയെണീറ്റപ്പോള്‍ ഇരിക്കാന്‍ സ്ഥലം പോരെന്ന് തോന്നി. ഭക്ഷണം വക്കുന്ന ട്രേയില്‍ കാല്‍ കയറ്റി വച്ച് തൊട്ടുമുന്നിലുള്ള സീറ്റില്‍ ചവിട്ടാന്‍ തുടങ്ങി. ക്രൂ വന്ന് പിടിച്ചുവലിച്ചു പിന്നില്‍ കൊണ്ടുപോയി പ്ലാസ്റ്റിക് വിലങ്ങണിയിച്ചപ്പോല്‍ ഒരു എയര്‍ഹോസ്റ്റസിന്റെ കാലില്‍ കടിച്ചു. ഒടുവില്‍ അടിയന്തിരമായി വിമാനം നിലത്തിറക്കി !

jayanEvoor said...

ദെന്താ പ്പോ ദ്...!?

ഇതു വരെ വിമാനയാത്ര തരപ്പെട്ടിട്ടില്ലാത്ത ഞാനൊക്കെ എന്തു പറയാൻ!