Friday, May 1, 2009

ആമവാതത്തിന്റെ പേരു മാറ്റൂ

ഇന്നലെത്തുടങ്ങി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പന്നിപ്പനിയെ ഇന്‍ഫ്ലുവന്‍സാ ഏ (എച്ച്1എന്‍1) എന്നു വിളിക്കാന്‍ തുടങ്ങിയത്രേ.

പനി പൊട്ടിപ്പുറപ്പെടുമ്പോ അതിനെ വിളിക്കാന്‍ ഒരു പേരു വേണം. കണ്ട സ്ഥലത്തിന്റെയോ (ഹോങ്ങ് കോങ്ങ് പനി എന്ന പോലെയൊക്കെയോ) പനിയുടെ ലക്ഷണത്തിന്റെയോ (സാര്‍സ് പോലെ) പനിയുടെ ലോക്കല്‍ പേരോ (ചികുന്‍ ഗുന്യ പോലെ) ഒക്കെ ഇടും. ഒരു ജന്തുവില്‍ നിന്നു മനുഷ്യനിലേക്ക് തുടങ്ങി ശേഷം മനുഷ്യനില്‍ വച്ച് വേരിയന്റുകള്‍ ഉണ്ടാവുകയോ മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാന്‍ തുടങ്ങുകയോ ചെയ്യുന്ന പനികളെ സാധാരണ ഏതു ജന്തുവില്‍ തുടങ്ങി എന്ന അടിസ്ഥാനത്തിലാണ്‌ പൊതുജനം വിളിക്കാറ്‌. പക്ഷിപ്പനി, കുതിരപ്പനി, പട്ടിപ്പനി, പന്നിപ്പനി എന്നൊക്കെ ഇന്‍ഫ്ലുവന്‍സ വേരിയന്റുകള്‍ക്ക് പേരുകള്‍ കിട്ടിയത് ആദ്യഹോസ്റ്റുകള്‍ ഈ ജന്തുക്കള്‍ ആയിരുന്നതുകൊണ്ടാണ്ട്. ഇനിയിപ്പോ വേണേല്‍ ഒരു പനി കണ്ടെത്തിയ ആളിന്റെ പേരു പനിക്കിടാവുന്നതേയുള്ളൂ.


രണ്ടായിരത്തൊമ്പത് മാര്‍ച്ചില്‍ തുടങ്ങിയ ഇന്‍ഫ്ലുവന്‍സയുടെ മൂലവൈറസുകള്‍ പന്നിയില്‍ ഉണ്ടായതോ പന്നി മറ്റു ഇന്‍ഫ്ലുവന്‍സ വൈറസുകളെ സ്വീകരിച്ച് കൊണ്ടുനടന്നതോ ആയ പലതുമാണെന്നതില്‍ സംശയമൊന്നുമില്ല. പിന്നെന്തിനാപ്പാ തിടുക്കത്തില്‍ ഒരു പേരുമാറ്റം? അല്ലാ ഇത്ര ശ്രദ്ധിച്ചും ലക്ഷണം നോക്കിയും പേരിടാന്‍ പനി ആരുടെയും മകനോ മകളോ ഒന്നുമല്ലല്ലോ.


അതല്ലേ രസം. അമേരിക്കയില്‍ പന്നിവളര്‍ത്തുകാര്‍ ഒടക്കി. പന്നിപ്പനിയെന്നു പേരിട്ടാല്‍ പന്നിയിറച്ചി വില്പ്പന നില്‍ക്കും. ഇപ്പോ പന്നിയില്‍ നിന്നല്ലല്ലോ മനുഷ്യനില്‍ നിന്നല്ലേ ഈ കുന്തം പകരുന്നത്, അപ്പോ പിന്നെ എന്തിനാ സാര്‍ ഈ പേര്‍. വേണേല്‍ മനുഷ്യപ്പനി എന്നിട്ടോ.


ഇസ്രയേലില്‍ ഭയങ്കര പ്രശ്നം. അവിടത്തെ ജനത ഭൂരിപക്ഷം ജൂതരും ന്യൂനപക്ഷം മുസ്ലീങ്ങളുമാണ്‌. നിനക്കെന്താ അസുഖം എന്നു ചോദിക്കുമ്പോള്‍ വേണേല്‍ ആനപ്പനി എന്നു പറയാം, പന്നി വൃത്തികെട്ട ജന്തുവല്ലേ, അതിന്റെ പേരില്‍ ഒരു പനി വേണ്ടാ ഞങ്ങള്‍ക്ക്. ജീവിതത്തിലൊരിക്കലും പന്നിയെത്തൊടാത്ത ഞങ്ങള്‍ക്ക് വരുന്ന പനിക്ക് എന്തിനീ പേര്‍, മാറ്റണം.


കൊറിയക്കാര്‍ പറയുന്നു, പനി ആദ്യം കണ്ടത് പന്നിയിലല്ല, മെക്സിക്കോയിലാണ്‌ അതുകൊണ്ട് മെക്സിക്കന്‍ പനി എന്നു വിളിക്കൂ, ഞങ്ങള്‍ മനോനിമ്മിതിയായി കുറച്ചു പന്നിയിറച്ചി വിറ്റോട്ട്.


അങ്ങനെ ഞങ്ങടെ പ്രോഡക്സ്റ്റിനെ തൊട്ടു കളിക്കണ്ടടാ, മെക്സിക്കോക്ക് കലിയിളകി. ഇവിടത്തെ മാര്‍ക്കറ്റ് തകരട്ടന്നോ, രാഷ്ട്രത്തിന്റെ പേരു തൊട്ടു കളിക്കരുത്.


പേരു മാറണം, ഇല്ലെങ്കില്‍ റിസര്‍ച്ച് ഫണ്ടിങ്ങ് നിര്‍ത്തും. ഹമ്മച്ചി. ബൂ ഹൂ.

ആരാണു പനിയുണ്ടാക്കുന്നത്, പന്നിയാണോ അതോ വൈറസ് ആണോ?
വൈറസ് ആണു സാര്‍.
ആര്‍ക്കാണു പനി പന്നിക്കാണോ?
ആയിരുന്നു, ഇപ്പോള്‍ മനുഷ്യനാണു സാര്‍.
എന്നാല്‍ പന്നിയെ വെറുതേ വിടൂ.
അല്ലാ പന്നി പണ്ട് ക്യാരി ചെയ്തില്ലേ അപ്പ.
ഇപ്പ മനുഷ്യനും ക്യാരി ചെയ്യുന്നില്ലേടോ. മനുഷ്യപ്പനി എന്നു വിളിക്കുന്നോ എന്നിട്ട്.
ഇല്ല സാര്‍.
എന്നാ വൈറസിന്റെ പേരിട്.

നമ്മള്‍ ഇപ്പോ എന്തു പേരു വിളിച്ചാലും വൈറസിനു പുല്ലാ. അത് ഇമ്മാതിരി കാര്യമൊന്നും ശ്രദ്ധിക്കാതെ അതിന്റെ ജോലി പൂര്‍‌വാധികം ഭംഗിയായി ചെയ്യുന്നു.


വയലില്‍ നിന്നും ആമയെ പിടിച്ച് ഷാപ്പില്‍ വിറ്റു ജീവിക്കുന്ന കുഞ്ഞാണനും സംഘവും സമരത്തിനൊരുങ്ങുന്നെന്ന് കേട്ടു. പന്നിയുമായി ബന്ധമുള്ള പനിയുടെ പോലും പേരു മാറ്റി, ആമവാതം എന്ന പേര്‍ ഉടനേ മാറ്റണം. ആമം എന്താന്ന് വൈദ്യനേ അറിയൂ, പക്ഷേ ആമയെ സകല മലയാളി കുടിയനും അറിയാം, വെറുതേ കച്ചോടം കളയാന്‍.

10 comments:

Anil cheleri kumaran said...

അതു കൊള്ളാം..

നായര്‍ said...

ആമത്തില്‍ കൈകാലിനെ തളയ്ക്കുന്നൊരാ വിഷമരോഗത്തിന്റെ പേരുമാറ്റാം.

മുണ്ടിനീരിന്റെ പേരുമാറ്റണമെന്ന് ഉയരം കുറഞ്ഞവരുടെ സംഘടനയും, മഞ്ഞപ്പിത്തത്തിന്റെ പേരുമാറ്റണമെന്ന് ചില സമുദായസംഘടനകളുമൊക്കെ ആവശ്യപ്പെട്ടുകൂടായ്കയില്ല

ഹന്‍ല്ലലത്ത് Hanllalath said...

ആവശ്യമില്ലാതെ ഇന്ത്യയില്‍ സ്ഥല നാമങ്ങള്‍ എത്ര മാറ്റിയിരിക്കുന്നു..?!
അതിലും വലുതാണോ ഇത്..?

പാവപ്പെട്ടവൻ said...

നമ്മള്‍ ഇപ്പോ എന്തു പേരു വിളിച്ചാലും വൈറസിനു പുല്ലാ. അത് ഇമ്മാതിരി കാര്യമൊന്നും ശ്രദ്ധിക്കാതെ അതിന്റെ ജോലി പൂര്‍‌വാധികം ഭംഗിയായി ചെയ്യുന്നു.
അലങ്കില്‍ തന്നെ പേരില്‍ എന്തിരിക്കുന്നു

ജയരാജന്‍ said...

"രണ്ടായിരത്തൊമ്പത് മാര്‍ച്ചില്‍ തുടങ്ങിയ ഇന്‍ഫ്ലുവന്‍സയുടെ മൂലവൈറസുകള്‍ പന്നിയില്‍ ഉണ്ടായതോ പന്നി മറ്റു ഇന്‍ഫ്ലുവന്‍സ വൈറസുകളെ സ്വീകരിച്ച് കൊണ്ടുനടന്നതോ ആയ പലതുമാണെന്നതില്‍ സംശയമൊന്നുമില്ല"
വിക്കിപ്പീഡിയ അനുസരിച്ച്The 2009 flu outbreak in humans that is widely known as "swine flu" is due to a new strain of influenza A virus subtype H1N1 that was produced by reassortment from one strain of human influenza virus, one strain of avian influenza virus, and two separate strains of SIV. The origin of this new strain is unknown, and the World Organization for Animal Health (OIE) reports that this strain has not been isolated in pigs.
ഇത് തന്നെയാണ് മറ്റ് സ്ഥലങ്ങളിലും ഞാൻ വായിച്ചത്. ഇനി ഇതും പന്നിവളർത്തുകാരുടെ പ്രചരണമാണോ എന്തോ?

മരമാക്രി said...

മരമാക്രിയെ ചിന്തയില്‍ നിന്ന് പുറത്താക്കിയ വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ. പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം.

അനോണി ആന്റണി said...

കുമാരന്‍, നന്ദി.
പാത്തുമ്മയുടെ ആടേ, മുണ്ടിനീരിന്റെ കാര്യം വനിതാ കമ്മീഷനു പരാതി നല്‍കണം. മുണ്ടന്‍മാര്‍ കേസ് കയ്യൊഴിഞ്ഞ ലക്ഷണമാ. മഞ്ഞപ്പിത്തം ചൈനക്കാരെ ആക്ഷേപിക്കാന്‍ ഇട്ട പേരാണെന്നും ഇന്ത്യയിലെ ഏതെങ്കിലും സമുദായങ്ങളെ ആക്ഷേപിക്കാന്‍ ഇട്ടതല്ലെന്നും വൈദ്യമണിരത്നങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹാന്‍ല്ലലത്ത്,
ഓരോരുത്തര്‍ വോട്ടു ചോദിക്കുമ്പോള്‍ ഞാന്‍ ജയിച്ചാല്‍ ഈ നഗരത്തെ തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിയില്‍ മാറ്റിയെടുക്കും എന്നൊക്കെ വാഗ്ദാനങ്ങള്‍ കൊടുക്കാറില്ലേ, അത് ഇങ്ങനെ പേരു മാറ്റുന്നത് മനസ്സില്‍ കണ്ടുകൊണ്ടായിരിക്കമ്മെന്നേ.
പാവപ്പെട്ടവന്‍. അതു തന്നെ.
ജയരാജാ,
വിക്കിയില്‍ തന്നെ രണ്ടായിരത്തൊമ്പത് ഫ്ലൂ ഔട്ട് ബ്രേക്ക് എന്ന ആര്‍ട്ടിക്കിളില്‍ വിശാലമായിട്ടു വിവരിച്ചിട്ടുണ്ട് സംഗതി. ശകലം കോമ്പ്ലക്സ് ആയിപ്പോയെന്നേയുള്ളു.
http://en.wikipedia.org/wiki/2009_swine_flu_outbreak
സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ടുതരം വൈറസ് സ്റ്റ്റെയിനുകളുടെ RNAകള്‍ കൂടിക്കലര്‍ന്നാല്‍ വളരെ വേഗം പുതിയൊരു സ്ട്രെയിന്‍ ആകും. ഈ പരിപാടിയാണ്‌ റീഅസ്സോര്‍ട്ട്മെന്റ്. ഇപ്പോഴത്തെ പുതിയ സ്ട്രെയിനില്‍ അഞ്ചു പഴയ പന്നിപ്പനി വൈറസ്, രണ്ട് പക്ഷിപ്പനി വൈറസ്, ഒരു മനുഷ്യപ്പനി വൈറസ് എന്നിവയുടെ കൂടിക്കലരല്‍ ആണത്രേ ഉള്ളത്. സംഗതി ശരി തന്നെ, പക്ഷേ:
പഴയ ഒരു സ്ട്രെയിന്‍ അമേരിക്കന്‍ പന്നിപ്പനി വൈറസ് പന്നി-പക്ഷി മിക്സ ആയിരുന്നു. യൂറോപ്യന്‍ പന്നിപ്പനിയുടെ ഒരു സ്ട്രെയിനും ഇതും കൂടു കല്യാണം കഴിച്ചാണ്‌ ഇന്നത്തെ കുളിയാണ്ടര്‍ ഉണ്ടായതെന്ന് ഇതുവരെയുള്ള അനുമാനം.
അതാണ്‌
"ഇന്‍ഫ്ലുവന്‍സയുടെ മൂലവൈറസുകള്‍ പന്നിയില്‍ ഉണ്ടായതോ പന്നി മറ്റു ഇന്‍ഫ്ലുവന്‍സ വൈറസുകളെ സ്വീകരിച്ച് കൊണ്ടുനടന്നതോ ആയ പലതുമാണെന്നതില്‍ സംശയമൊന്നുമില്ല." എന്നെഴുതിയത്. ഇപ്പോഴത്തെ സ്ട്റെയിനിന്റെ മൂലം പന്നിപ്പനിയുടെ രണ്ടു സ്ട്രെയിനാണ്‌. ഇത് കൂടിക്കലര്‍ന്നത് പന്നിയിലാണോ മനുഷ്യനിലാണോ എന്നു മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് മാത്രം.
മരമാക്രീ,
ചിന്ത ഒരു വ്യക്തിയുടെ സ്വത്തല്ലേ (അതോ അങ്ങനെ അല്ലേ?) അതിനെ ഓണര്‍ക്ക് ഈ അനോണിപിടിത്തം അത്ര ഇഷ്ടപ്പെട്ട് കാണില്ലാന്നേ. ജയലളിതയ്ക്ക് എന്നെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ അവരുടെ കാറില്‍ കയറ്റൂല്ല.
അതിനെപ്പറ്റി മരമാക്രിയുടെ ബ്ലോഗില്‍ വന്നു കമന്റിടാം.
(ജോസ് പ്രകാശ് സ്റ്റൈലില്‍) ബൈ ദ വേ, മരമാക്രിയുടെ കാര്യം പറഞ്ഞപ്പോഴാ, അന്യം നിന്നു പോയെന്നു കരുതിയ ഏഷ്യന്‍പെയിന്റ് തേച്ച മരമാക്രി (ഏഷ്യന്‍ പെയിന്റഡ് ഫ്രോഗ്) നെ ഈയിടെ കണ്ടെത്തിയത് നിങ്ങളുടെ ഇടുക്കിയില്‍ എങ്ങാണ്ടല്ലേ? അതിനെക്കുറിച്ച് വല്ല വിവരവും ഉണ്ടേല്‍ പോസ്റ്റാക്കൂ ( ആ പഴയ തീവണ്ടി പോസ്റ്റ് കണ്ടപ്പോള്‍ നിങ്ങള്‍ക്ക് ഇമ്മാതിരി കാര്യങ്ങള്‍ പോസ്റ്റാക്കാനുള്ള ആമ്പിയര്‍ ഉണ്ടെന്ന് തോന്നിയിട്ടാ).

t.k. formerly known as thomman said...

സ്വൈന്‍ ഫ്ലൂ എന്ന ആംഗലേയനാമം തന്നെ എല്ലാ രാജ്യക്കാരും പറഞ്ഞാല്‍ പേരിലെ രാഷ്ട്രീയം ഒഴിവാക്കാമെന്ന് തോന്നുന്നു:-)

ബിനോയ്//HariNav said...

തുള്ളപ്പനി എന്നു പറയാന്‍പാടില്ലാന്ന് കുഞ്ചന്‍ നമ്പ്യാരുടെ പരമ്പരക്കാരും.. :)

രാജേഷ് ആർ. വർമ്മ said...

ദുഷ്ടാ, ഞാൻ മദ്രാസ് ഐ-യെപ്പറ്റി എഴുതാൻ വെച്ചിരുന്നതും തുലച്ചു അല്ലേ? നടക്കട്ട്.

പിന്നെ ഈ പിള്ളവാതത്തിന്റെ പേരു മാറ്റണമെന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നത് ആരാണെന്നു മനസ്സിലായി.