ഇന്റര്‍നെറ്റില്‍ കറങ്ങിത്തിരിയുന്ന ചെയര്‍മാന്‍ രാമലിംഗരാജുവിന്റെ രാജിക്കത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി എന്തെങ്കിലും അറിയവയ്യ- സത്യത്തിനുണ്ടെന്ന് വര്‍ഷങ്ങളായി അവര്‍ അവകാശപ്പെട്ട ലാഭവും ജംഗമാസ്തിയും സത്യത്തില്ലായിരുന്നു എന്നതൊഴികെ.
ഇദ്ദേഹം ഒരു കുറ്റസമ്മതം നടത്തി എന്നതുകൊണ്ട് മാത്രം അതിലെഴുതിയിരിക്കുന്നതാണ് വാസ്തമെന്ന് എങ്ങനെയോ ജനം ധരിച്ചു വശായിരിക്കുന്നെന്ന് ഈ-മെയിലില്‍ അഭിപ്രായം കറങ്ങുന്നതില്‍ നിന്നും തോന്നുന്നു. വ്യക്തമല്ലാത്ത കാര്യത്തിന്മേല്‍ പോസ്റ്റ് ഇടാന്‍ നിര്‍ബ്ബന്ധിതനായിപ്പോയത് വരുന്ന മെയിലുകളുടെ എണ്ണവും ആവേശവും കാരണമാണ്.
എന്താവാം സഭവിച്ചത്?
സത്യത്തില്‍ എന്തോ പ്രശ്നമുണ്ട് എന്നത് ഒരു വര്‍ഷം മുന്നേ അവര്‍ തുടങ്ങിയ ഓര്‍ഗനൈസേഷണല്‍ റീസ്ട്രച്ചറിങ്ങ് കാലത്തേ തോന്നിയിയിരുന്നു. ചെയര്‍മാന്റെ മകന്‍ നടത്തിപ്പോന്ന മെയ്റ്റാസ് എന്ന ഐടി-ഇതര മേഘലയിലെ കമ്പനിയെ സത്യത്തിനെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ അദ്ദേഹം ഒരു ശ്രമം നടത്തുകയും ഓഹരി ഉടമകള്‍ അത് നിരസിക്കുകയും ചെയ്തതോടെ സംശയം അധികരിച്ചു.
ഫ്രോഡ് നടന്ന വഴി.
വിപ്രോ, ടിസീയെസ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ കണക്കില്‍ കാണിച്ചു പോന്ന ലാഭത്തിനു മുകളില്‍ സത്യത്തെ എത്തിക്കണമെങ്കില്‍ രണ്ടേ രണ്ടു വഴിയേ ഫ്രോഡിനുള്ളു- ഒന്നുകില്‍ ഇല്ലാത്ത കച്ചവടം അല്ലെങ്കില്‍ മറ്റുവരുമാബ്നം ഉണ്ടെന്ന് കാണിക്കണം, ഇല്ലെങ്കില്‍ ഉള്ള ചിലവ് ഇല്ലായെന്നു വരുത്തണം.
ഒന്ന്:
കമ്പനി വ്യാജ കച്ചവട രേഖകള്‍ ചമയ്ക്കുന്നു. മിക്കവാറും അത് യഥാര്‍ത്ഥത്തിലില്ലാത്ത വിദേശകമ്പനികളുടെ (ഒരു അമേരിക്കന്‍ പേപ്പര്‍ കമ്പനി ഉണ്ടാക്കാനാണോ പ്രയാസം?) ആയിരിക്കണം. അല്ലെങ്കില്‍ വരാനുള്ള വര്‍ഷങ്ങളുടെ കച്ചവടം തന്നാണ്ടില്‍ കാണിക്കണം. വ്യാജലാഭം കാണിക്കാം.
രണ്ട്:
ഇപ്പോള്‍ പൊതുജനമദ്ധ്യം തകര്‍പ്പന്‍ ഇമേജ് ആയി. പക്ഷേ ഷെയര്‍ഹോള്‍ഡറ്മാരും ഓഡിറ്ററും ചോദ്യം ഉന്നയിക്കും, ഇതില്‍ നിന്നും ഒരു പറ്റുകണക്ക് (debtor) ഉണ്ടായി. അതെന്തേ ഇങ്ങനെ കിടക്കുന്നു എന്ന്. ഇതിനും വഴി രണ്ടാണ്. ഒന്ന് കിട്ടാക്കടമായി ഈ പുള്ളിക്കണക്ക് എഴുതിത്തള്ളണം, അല്ലെങ്കില്‍ പണം കിട്ടിയതായി കാണിക്കണം. എഴുതിത്തള്ളിയാല്‍ മുന്നാണ്ട് വന്ന ലാഭം കിട്ടാക്കടക്കണക്കില്‍ പോയിക്കിട്ടും, അതുകൊണ്ട് കിട്ടിയെന്ന് വരുത്തണം.
മൂന്ന്:
മുകളിലെ രണ്ട് കാര്യവും ഏത് കഴുതയ്ക്കും ചെയ്യാം, പക്ഷേ ഇല്ലാത്ത പണം എങ്ങനെ ബാങ്കില്‍ കാണിക്കും? ഒരാഴ്ച ഓഡിറ്റ് പഠിച്ച ഏതു പ്രാന്തനും ഓഡിറ്റ് ചെയ്യുമ്പോള്‍ വര്‍ഷാവസാനം ബാങ്കിന് ഒരെഴുത്തെഴുതും, എന്റെ കക്ഷിക്ക് എത്ര പണം ബാങ്കിലുണ്ടെന്ന് ഒരു സര്‍ട്ടിഫിക്കറ്റ് തരാന്‍. അതിനെ എങ്ങനെ മറികടക്കും?
ഒരു വാദത്തിനു വേണ്ടീ ഓഡിറ്റര്‍ക്ക് പണം നല്‍കിയോ സ്വാധീനിച്ചോ ഈ ഒരു പ്രൊസിഡ്യൂര്‍ വേണ്ടെന്നു വയ്പ്പിച്ചെന്ന് കരുതാമോ? തീര്‍ച്ചയായും ഇല്ല. ഓഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡ് 505 വ്യക്തമായി പറഞ്ഞ നടപടികളില്‍ ഒന്നാണ് ഈ ബാങ്കിനെഴുത്ത്, എത്ര പണത്താല്‍ വീഴുന്നവരും ഇത്തരം ഒരാത്മഹത്യാപരമായ ക്ലീന്‍ കേസില്‍ പെടില്ല.
പിന്നെ എങ്ങനെ ഇത് മറികടന്നു? അവിടെയാണ് രാമലിംഗരാജുവിന്റെ വരികള്‍ക്കിടയില്‍ ഒന്ന് വന്ന് തട്ടിയത്. "ഞാനോ എന്റെ കുടുംബമോ അടുത്തിടെ ഷെയര്‍ വിറ്റിട്ടില്ല". വില്‍ക്കാന്‍ പറ്റില്ല, പ്രൊമോട്ടര്‍, അതും ഒരു കോര്‍പ്പറേറ്റ് സൂപ്പര്‍മാന്‍ ഷെയര്‍ വിറ്റാല്‍ കമ്പനി കാക്കകൊണ്ട് പോകില്ലേ.
ഇദ്ദേഹം കൈവശം വച്ചിരിക്കുന്ന ഒമ്പതോളം ശതമാനം ഓഹരി ഇന്ത്യയിലോ പുറത്തോ പണയം വച്ചോ അല്ലാതെയോ വര്‍ഷാന്ത്യത്തിലോ സ്ഥിരമായോ ഈ പറഞ്ഞ തുക ബാങ്കില്‍ ഇട്ടുകാണണം. കണ്‍ഫര്മേഷന്‍ ചോദിക്കുന്ന തീയതികള്‍ക്കടുത്ത് മാത്രം ഇട്ടതാണെങ്കില്‍ ഓഡിറ്റര്‍ക്ക് ഇത്രയും വലിയൊരു തുകയുടെ "ട്രേസ്" (വ്യക്തതയില്ലാതെ പണം വന്നു പോകല്‍ കണ്ടാല്‍ അതെന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്) കിട്ടിയില്ലെന്നോ അല്ലെങ്കില്‍ കണ്ടില്ലെന്ന് വച്ചെന്നോ കരുതേണ്ടിവരും. ഇന്‍സ്ട്ട്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് അന്വേഷണത്തില്‍ വ്യക്തമാകേണ്ടതാണ്.
ഇനി സ്ഥിരമായി ഇത് ബാങ്ക് അക്കൗണ്ടിലാണെങ്കിലോ? ഒരു കച്ചവടം നടന്നു, അതിന്റെ പറ്റുകാരന്‍ ഉണ്ടായി, അവര്‍ പണം തന്നു. ക്രയവിക്രയം കൃത്യമായി പൂര്‍ണ്ണമായി. ഓഡിറ്റര്‍ക്കോ പുറം ലോകത്തിനോ ഇത് മനസ്സിലാവില്ല. തീര്‍ന്നോ?
(മറ്റൊരു സാദ്ധ്യത ബാങ്കുകളെ സ്വാധീനിച്ച് പണം ബാങ്കില്‍ ലഭിച്ചെന്ന് വ്യാജരേഖയുണ്ടാക്കുക എന്നതാണ്. അത് നടക്കാന്‍ സാദ്ധ്യത തീരെക്കുറവാണ്. നടന്നല് തന്നെ മുകളിലോ താഴെയോ പറയുന്ന കാര്യങ്ങളില്‍ മാറ്റമൊന്നുമില്ല)
നാല്:
അങ്ങനെ തീരുമെങ്കില്‍ ലോകത്തെ എല്ലാ കമ്പനികളും ഈ ഫ്രോഡ് പണി ചെയ്യുമല്ലോ. ഇപ്പോള്‍ രാമലിംഗരാജുവിന്റെ സ്വകാര്യധനം കമ്പനി ബാങ്ക് അക്കൗണ്ടിലാണ്. ഇതെങ്ങനെ അദ്ദേഹത്തിനു തിരിച്ചു ലഭിക്കും? മെയ്റ്റാസ്!
മെയ്റ്റാസ് എന്ന കമ്പനിയെ സത്യം യതാര്‍ത്ഥ മതിപ്പിലും ഏഴെണ്ണായിരം കോടി പോന്ന ഒരു വിലയ്ക്ക് വാങ്ങുക. ഈ പണം കമ്പനിക്ക് പുറത്തായിക്കിട്ടും. സത്യത്തിനു സ്വന്തം കമ്പനി വിറ്റതിന്റെ പ്രതിഫലമായി മെയ്റ്റാസ് ഉടമയ്ക്ക് ഈ പണം ലഭിക്കുന്നതോടെ വ്യാജലാഭക്കളി പൂര്‍ണ്ണമാവുകയും ഇതിനുവേണ്ടി കമ്പനി അക്കൗണ്ടിലിട്ട പണം വ്യക്തിക്കു തിരിച്ചു ലഭിക്കുകയും ചെയ്യും. ഒരുപക്ഷേ വ്യാജബാങ്ക് ബാലന്‍സ് ആയി കാണിക്കാന്‍ രാജു ഉപയോഗിച്ച ധനം മെയ്താസ് വഴി ലഭിച്ച നാഗാര്‍ജുന ഫൈനാന്‍സിന്റേതാകാന്‍ മതി. മെയ്റ്റാസിലെ ഉന്നതോദ്യോഗസ്ഥനായിരുന്ന പി കെ മാധവിനെ മുന്‍കാല കമ്പനിയായ നാഗാര്‍ജ്ജുന ഫൈനാന്‍സില്‍ നടന്ന ഒരു ബില്യണ്‍ അഴിമതിയുടെ പേരില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണെങ്കില്‍ ആ പണം മെയ്റ്റാസ് വാങ്ങിച്ചെന്ന പേരില്‍ തിരിച്ചെത്തിക്കാമെന്ന് രാജു ഉറപ്പു കൊടുത്തിട്ടുണ്ടാവാം, അത് നടക്കാതെ വന്നപ്പോള്‍ മാധവ് കുരുങ്ങിയതാകണം.
രാജുവിന്റെ "കമ്പനിയുടെ വ്യാജബാങ്ക് ബാലന്‍സ് ശരിക്കുള്ള ദ്രവ്യമാക്കി മാറ്റാനുള്ള അവസാനശ്രമം മെയ്റ്റാസ് വാങ്ങലിലൂടെ നടക്കുമെന്ന് കരുതി" എന്ന കുമ്പസാരത്തില്‍ നിന്നും മനസ്സിലാവുന്നത് അങ്ങനെയാണ്. എന്നാല്‍ ഓഹരിയുടമകള്‍ക്ക് ഈ ഇടപാട് ബോദ്ധ്യം വന്നില്ല. മെയ്റ്റാസ് വാങ്ങല്‍ അവര്‍ നിരാകരിച്ചു. അവസാന ഘട്ടത്തില്‍ എത്തിനിന്ന ഈ സാമ്പത്തികകുറ്റകൃത്യം അതോടെ പാളിപ്പോയി.
വാല്‍:
പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേര്‍സിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അച്ചടക്കനടപടിക്കുള്ള നോട്ടീസ് അയച്ചിരിക്കുകയാണ്, അവര്‍ പ്രതികരിച്ചു കഴിഞ്ഞിട്ടില്ല. ഇതുവരെ അംഗങ്ങളുടെ കാര്യത്തില്‍ കര്‍ശനമായും വ്യക്തമായും നടപടിയെടുത്ത ചരിത്രമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യത്തിലും അതു തന്നെ ചെയ്യുമെന്ന് വിശ്വാസമുണ്ട്. എഴുതാന്‍ വന്നത് "ഒരു ഫ്രോഡ് നടന്നു, ഓഡിറ്റര്‍ കണ്ടില്ല അല്ലെങ്കില്‍ അങ്ങനെ നടിച്ചു" അവന്മാരെ തൂക്കിക്കൊല്ലണം എന്ന രീതിയില്‍ പത്രറിപ്പോര്‍ട്ടുകള്‍ കണ്ടു. ഓഡിറ്റര്‍ ഫ്രോഡ് കണ്ടുപിടിക്കുന്ന ഉദ്യോഗസ്ഥനല്ല, കമ്പനിക്കണക്കുകളില്‍ അഭിപ്രായം പറയുക മാത്രമാണ് ഓഡിറ്ററുടെ ചുമതല. കമ്പനി വര്‍ഷാന്ത്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ലാഭവും ബാങ്ക് ബാലന്‍സും ഇല്ലായിരുന്നു എന്നത് ഓഡിറ്റര്‍ എങ്ങനെ അറിയാതെ പോയി എന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അന്വേഷിക്കുന്ന കാര്യം. ഇതുവരെയുള്ള എല്ലാ നിയമങ്ങളും അനുസരിച്ച്, ഒരു വിദഗ്ദ്ധനായ ഓഡിറ്റര്‍ സാധാരണ ചെയ്യാറുള്ളതെല്ലാം ചെയ്താണ് പ്രൈസ് വാട്ടര്‍ഹൗസ് ഓഡിറ്റ് നടത്തിയതെന്ന് തെളിഞ്ഞാല്‍ ഓഡിറ്റര്‍ കുറ്റക്കാരനല്ല, ഒരു ജയിലിലും പോകില്ല, ഒരു ലൈസന്‍സും പോകില്ല. ഒരു ഡോക്റ്ററില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ വിദഗ്ദ്ധ നടപടിയും ഉണ്ടായാലും രോഗി മരിച്ചു പോകാറുള്ളതുപോലെയേ അത് വരൂ. മറിച്ചാണെങ്കില്‍, അത് കൂട്ടുനില്പ്പിന്റേതാകണമെന്നില്ല, അശ്രദ്ധയോ പരാജയമോ ആണെങ്കിലും ഓഡിറ്റര്‍മാര്‍ ശിക്ഷിക്കപ്പെടും.
17 comments:
post kollam,pakshe orupadu valuthu aanu
വിപ്രോ, ടിസീഎസ്, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ അതേ ഓപ്പറേറ്റിങ് മോഡല്‍ പിന്തുടരുന്ന സത്യം, തങ്ങളുടെ മാര്‍ജിന്‍ മൂന്നു പെര്‍സെന്‍റ് മാത്രമാണെന്നു പറയുന്നത് വിഴുങ്ങാനാവുമോ?
ഓഡിറ്റന്‍ ആദ്യമൊക്കെ ഓഡിറ്റിയപ്പോള്‍ കാശുണ്ടായിരുന്നു,ഈ അടുത്തകാലത്തെപ്പളോ ആരോ ആ കാശ് വലിച്ചു എന്നതിന്‍ വല്ല സാധ്യതകള്‍?
http://kootharaavalokanam.blogspot.com/2009/01/19.html
ഞാനും കുറച്ചു എഴുതിയിരുന്നു... ചേര്‍ത്ത് വായിക്കാം..
550 രൂപ വിലയുണ്ടായിരുന്ന സത്യത്തിന്റെ ഷെയര്‍ ആറ് രൂപയ്ക്ക് പോലും വിക്കാനാവാതെ വിഷമിക്കുന്ന പാവപ്പെട്ട ഷെയര്‍ മാര്‍ക്കറ്റ് കച്ചവടക്കാര്‍ക്ക് ഇത് അല്പം ആശ്വാസത്തിന് വക നല്‍കുന്നതു തന്നെ...
വിജ്ഞാനപ്രദമായ പോസ്റ്റ്!
ഫ്രോഡാംരാജുനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
സത്യത്തിന്റെ തകർച്ചയെ കുറിച്ച് സംഭവിച്ചേക്കാവുന്ന സാദ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ഈ പോസ്റ്റു ഉപകാരപ്രധമായി.
നന്ദി.
ഇതു തന്നെയാകില്ലേ ഇന്ന് വലിയതെന്നു നാം വിശ്വസിച്ചു കൊണ്ടിരിക്കുന്ന എല്ലാ കമ്പനികളുടേയും അവസ്ഥ. ഫ്രോഡ് മൂടി വയ്ക്കാന്‍ കഴിയാത്ത നിലയിലെത്തിയതിനാല്‍ സത്യം കമ്പ്യൂട്ടേഴ്സ് പിടിക്കപ്പെട്ടു. പിടിക്കപ്പെടാതെ കിടക്കുന്നവരെല്ലാം മാന്യന്മാരായ വലിയ പുള്ളികള്‍.
പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് ആഡിറ്റിങ്ങ് നടത്തി സര്‍ട്ടിഫൈ ചെയ്യുന്നത് - കമ്പനിയുടെ വരവു ചിലവു കണക്കുകള്‍ കൃത്യമാണെന്ന് മാത്രമാണോ? ഇവിടെ (ഞാന്‍ ജോലിചെയ്യുന്ന കമ്പനിയില്‍) - അടുത്ത വര്‍ഷം വരാന്‍ പോവുന്ന ഒരു ഓര്‍ഡര്‍ ഈ വര്‍ഷം ലോഡ് ചെയ്യാന്‍ പറ്റില്ല - ഓഡിറ്റര്‍ പൊക്കും. അതുപോലെ - പേപ്പറുകള്‍ എല്ലാം കറക്ട് ആണോ എന്ന് അവര്‍ നോക്കും.
due dilligence കാണിക്കാതെ കാശ് മാത്രം വാങ്ങി പോവുന്ന പണിയല്ലേ PWC കാണിച്ചത്.
ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ കൂടെ reconciliation statement വെച്ച് വല്ല തരികിടയും ഒപ്പിക്കാന്‍ പറ്റുമോ അന്തോണിച്ചാ? ഒരു സുഹൃത്ത് അങ്ങിനെ ഒരു സംശയം പറഞ്ഞു.
അഞ്ചല്‍ക്കാരാ,
ആ സാദ്ധ്യത തള്ളിക്കളയാനാവില്ല. വിവരങ്ങള്‍ കൃത്യമായി ലഭിക്കട്ടെ, അപ്പോഴറിയാം.
സിമീ,
ആദ്യമായി- ഓഡിറ്റ് പലതരമുണ്ട്. എണ്ണിയാല്‍ തീരാത്തത്രതരം. പി ഡബ്യു സി കമ്പനിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍ ആണ് . അതായത് "കമ്പനിയുടെ കണക്കുകള്‍ പരിശോധിച്ച് ഓഹരിയുടമകളോട് അഭിപ്രായം പറയുന്ന സ്വതന്ത്രന്‍". ഇദ്ദേഹം ഇത്രമാത്രമേ പറയൂ.
"ഈ കാണുന്ന വരുമാനക്കണക്കും ആസ്തിബാദ്ധ്യതാക്കണക്കും ഞങ്ങല് ഓഡിറ്റ് ചെയ്തു. ഞങ്ങളുടെ ഓഡിറ്റിലും ഞങ്ങള്‍ക്കു ലഭിച്ച വിവരവും വിശദീകരണങ്ങളും വച്ച് നോക്കുമ്പോള്‍ ഈ രണ്ടു സ്റ്റേറ്റുമെന്റുകളും കമ്പനിയുടെ ലാഭത്തെക്കുറിച്ചും ആസ്തിവിവരത്തെക്കുറിച്ചും ഒരേകദേശവ്യക്തതയുള്ള ചിത്രം തരുന്നുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം."
അതായത് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍ അഭിപ്രായക്കാരന്‍ മാത്രമാണ്. വിസയ്ക്ക് മെഡിക്കല്‍ എടുക്കുന്നതുപോലെ. ഡോക്റ്റര്‍ ചില കാര്യങ്ങള്‍ മാത്രം പരിശോധിച്ച് ഈ മനുഷ്യനു പകര്‍ച്ചവ്യാധിയില്ല എന്നു മാത്രം ഒരു സ്റ്റാമ്പ് അടിക്കുന്നു. ഈ പ്രോസസ്സില്‍ ചിലപ്പോല്‍ മാരക രോഗങ്ങള്‍ തിരിച്ചറിയപ്പെടില്ല, അത്തരം പരിശോധന വേറേയാണ്. എന്നാല്‍ ഈ ഡോക്റ്റര്‍ ബ്ലഡ് സാമ്പിള്‍ തെറ്റി പരിശോധിച്ചെങ്കില്‍ അയാളെ ശിക്ഷിക്കാന്‍ നിയമമുണ്ട്.
സിമി പറഞ്ഞതുപോലെ ഓരോ ട്രാന്‍സാക്ഷന്‍ പ്രീ ചെക്ക് ചെയ്യുന്നത് ഇന്റേര്‍ണല്‍ ഓഡിറ്ററാകണം (സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍ക്ക് അത് ആവശ്യമാണെന്ന വിദഗ്ദ്ധാഭിപ്രായമുണ്ടെങ്കില്‍ അവരും ചെയ്തേക്കാം, എഗൈന്‍, ഹെല്‍ത്ത് ചെക്കിനു വരുന്നവന്റെ ബി പി എടുക്കണോ എന്ന് ഡോക്റ്റര്‍ തീരുമാനിക്കും) വൗച്ച് ആന്‍ഡ് പോസ്റ്റ് രീതിയില്‍ തെറ്റുകുറ്റങ്ങളും പാളിച്ചകളും വഞ്ചനയും കണ്ടുപിടിക്കേണ്ടത് ഇന്റേര്‍നല്‍ ഓഡിറ്റര്‍ ആണ്. ഇവര്‍ കമ്പനിയുടെ ഭാഗമോ അല്ലെങ്കില്‍ കോണ്ട്രാക്റ്ററോ ആണ്, ഇവര്‍ ഓഹരിയുടമകള്‍ക്കല്ല, ബോര്‍ഡിനും ചെയര്‍മാനും സീയീയോയ്ക്കും റിപ്പോര്‍ട്ട് ചെയ്യുന്ന മാനേജ്മെന്റ് ഭാഗം മാത്രമാണ്.
ഇനി നമ്മുടെ സത്യം കേസ് സിമിയുടെ കമ്പനിയിലാണെങ്കില്‍ എങ്ങനെ എന്നു നോക്കാം:
ഒന്ന്- കമ്പനി സീ ഈ ഓ ഫ്രാന്‍സില്‍ ഒരു പേപ്പര്‍ കമ്പനി ഉണ്ടാക്കുന്നു
രണ്ട്- ഡയറക്റ്റര്‍ സെയില്‍സ് ഒരു ഫ്രാന്‍സ് ട്രിപ്പ് നടത്തി ഓര്‍ഡറുമായി വരുന്നു. ഇന്റേര്‍ണല്‍ ഓഡിറ്റര്‍ കണ്ടെന്നു വയ്ക്കുക, അദ്ദേഹം സീ ഈ ഓയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന്- അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍ വ്യാജ ഷിപ്പിങ്ങ് ഡോക്യുമെന്റ് ഉണ്ടാകുന്നു
നാല് - ബില്ലുകള്‍ ഫ്രാന്‍സിലേക്ക് അയക്കുന്നു.
അഞ്ച്- വ്യാജ കമ്പനി പണവും തരുന്നു
ഇത്രയുമാണ് സംഭവിച്ചത്. അടുത്ത ഫേസില്‍ പിടിക്കപ്പെട്ടു.
ഇവിടെ ഓഹരിയുടമകള്‍ നിയമിക്കുന്ന ഓഡിറ്റര്‍ ഇതറിയണമെങ്കില്‍ കുറച്ചു പ്രയാസമാണ്. (ഇന്റേര്‍ണല്‍ ഓഡിറ്റര്‍ അതു സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററെ അറിയിക്കാന്‍ ധാര്‍മ്മികമായി ബാദ്ധ്യസ്ഥനാണെന്ന കാര്യം വേറേ)
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍ അറിഞ്ഞേക്കാം, അറിയാതെ ഇരുന്നേക്കാം. കൃത്യമായി എന്തെന്ന് അന്വേഷിച്ചാലേ മനസ്സിലാവൂ. ഈ സാഹചര്യത്തില്‍ അദ്ദേഹം അറിയാന്‍ സാദ്ധ്യത കൂടുതലാണെങ്കില്‍ അയാള്‍ ഒന്നുകില്‍ കൂടെ നിന്നു അല്ലെങ്കില്‍ അലക്ഷ്യത കാട്ടി. രണ്ടിനും ജയിലില്‍ പോകാം, ലൈസന്‍സും പോകും.
കുറച്ചുകൂടെ ലളിതമായി:
ലാപ്പുടയുടെ ബുക്ക് ഇറങ്ങി. എനിക്ക് ഉമേഷിന്റെ ഇമേജ് ഒന്നു കൂട്ടണം. ഞാന്‍ സിമിയെ വിളിച്ചു പറയുന്നു ഉമേഷിന് അഞ്ഞൂറു ബുക്ക് വില്‍ക്കാന്‍ താല്പ്പര്യമുണ്ട്. എന്റെ അമേരിക്കയിലെ സുഹൃത്തിനെ വിളിച്ച് ഞാന്‍ ഉമേഷിന്റെ പേരു വച്ച് പണം അയപ്പിക്കുന്നു. ഇത്രയും വരെ സാധാരണ ഗതിയില്‍ ആരും സംശയിക്കില്ല. കാരണം ഉമേഷിന്റെ പേരില്‍ ഞാന്‍ പണം തട്ടുമോ എന്നല്ലാതെ ഉമേഷിന്റെ പേരില്‍ ഞാന്‍ പണം അടയ്ക്കുമോ എന്ന് പ്രഥമദൃഷ്ട്യാ സംശയം തോന്നില്ല. പക്ഷേ പിടിക്കപ്പെട്ടെന്നും വരാം- ഉദാഹരണം ആ സമയം സിമി ഉമേഷ് നാട്ടില്‍ നിന്നിട്ട ഒരു പോസ്റ്റ് കാണുന്നു. ജീ ടോക്കില്‍ ഉമേഷ് പോയിട്ട് രണ്ടു മാസമായല്ലോ എന്നാണു വരിക എന്ന് മറ്റൊരാളിന്റെ മെസ്സേജ് കാണുന്നു...
മൂര്‍ത്തി,
ബാങ്ക് റിക്കണ്‍സിലിയേഷനിലെ എണ്ട്രികള്‍ അടുത്ത പീരിയഡിലോട്ട് ട്രേസ് ചെയ്യുന്നത് സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. ആയിരമോ ഒരു ലക്ഷമോ അല്ല, ഏഴായിരം കോടി റിക്കണ്‍സിലിയേഷനില്‍ വന്നാല്‍ അത് പൊങ്ങിപ്പോകും. ഇനി ഓഡിറ്ററും പങ്കാളിയാണെന്നു കരുതുകയും വയ്യ അത്ര നിസ്സാരമായ ഒരു കള്ളത്തരത്തിനു കൂട്ടു നില്‍ക്കുന്നതിലും നല്ലത് തൂങ്ങിച്ചാകുന്നതഅണ് ഓഡിറ്റര്‍ (സ്പോട്ടില്‍ ജയിലില്‍ പോകുന്ന സംഗതിയല്ലേ)
അന്തോണിച്ചന്‍ പറഞ്ഞത് മാത്രമാണ് സാധ്യത.രാജുവിന്റെ പുലിപ്പുറത്തെ സവാരി എന്ന പ്രയോഗം ഇങ്ങനെ ഒരു സാധ്യതക്ക് നേരെ മാത്രം വിരല്‍ ചൂണ്ടുന്നു.
ബാങ്ക് കണ്‍ഫര്‍മേഷന്‍ ഇല്ലാതെ ബാലന്‍സ് ശരി വെക്കുക,കണ്‍ഫര്‍മേഷനിലെ ബാലന്‍സും സ്റ്റേറ്റ്മെന്റിലെ ബാലന്‍സും തമ്മില്‍ ഒത്തു നോക്കാതിരിക്കുക എന്ന പോലെയുള്ള ആത്മഹത്യാപരമായ അബദ്ധങ്ങളോ കണ്ണടച്ച് ഒപ്പിടുക എന്ന വിഡ്ഡിത്തമോ പണത്തിനു വശംവദനായി തരികിടക്ക് കൂട്ടു നില്‍ക്കുക പോലുള്ള ചതികളോ ഇവിടെ നടന്നതായി പ്രതീക്ഷിക്കുന്നില്ല.അബദ്ധങ്ങള്‍ സംഭവിക്കാത്തവണ്ണം ഫൂള്‍പ്രൂഫാണ് പി.ഡ്ബ്ലൂ.സിയുടെ ഫയല്‍ റിവ്യൂ സിസ്റ്റം.അക്കൌണ്ടിങ്ങ് സ്റ്റാന്‍റ്റേര്‍ഡുകളിലൂടെയും സ്റ്റാന്‍റ്റേര്‍ഡ് ഓഡിറ്റ് പ്രാക്ടീസിലൂടെയും വ്യക്തമായി നിര്‍ണ്ണയിക്കപ്പെട്ടതാണ് ഇത്തരം വിഷയങ്ങളിലെ ഓഡിറ്റ് അപ്പ്രോച്ച്.
രാജു സ്വന്തം പണം വര്‍ഷാവസാനം മാത്രം ബാങ്കിലിട്ടോ അതോ സ്ഥിരമായി ബാങ്കിലിട്ടിരുന്നുവോ എന്ന ചോദ്യം പ്രസക്തമാണ്.സാധാരണഗതിയില്‍ വിന്‍ഡോ ഡ്രസിങ്ങ് ഒഴിവാക്കാന്‍,പ്രൊവിഷനിങ്ങ് തടയാനായി ഡെറ്റേഴ്സിനെ കുറച്ചു കാണിച്ചിട്ടില്ല എന്ന് ബോധ്യം വരാന്‍ അടുത്ത പിരിയിഡിലെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ റിവ്യൂ ചെയ്യുക എന്ന ടെക്നിക്ക് പ്രയോഗിക്കാറുണ്ട്. അത്തരത്തിലൊന്ന് ചെയ്തിരുന്നു എങ്കില്‍ വര്‍ഷാവസാനം മാത്രം ചെയ്യുന്ന ഡിപ്പോസിറ്റും അതിനു ശേഷമുള്ള തിരിച്ചെടുക്കലും പിടിക്കപ്പെടുമായിരുന്നു.മാത്രമല്ല മുന്‍നിര കമ്പിനികളെല്ലാം 4 ക്വാര്‍ട്ടറുകളും ആഡിറ്റ് നടത്തുന്നവരാണ്,ആഡിറ്റഡ് അക്കൌണ്ട് പബ്ലീഷ് ചെയ്യാറില്ലെങ്കിലും.അത് കൊണ്ട് ഈ ഇടലും എടുക്കലും നടക്കില്ല,സ്ഥിരമായി തന്നെ ഇട്ടതാവണം.ഓഡിടറുടെ സിലക്ടഡ് സാമ്പിളില്‍ പെട്ടാല്‍ പോലും ആ ഒരു ട്രാന്‍സാക്ഷന്‍ ഊരി പോകും.പി.ഡ്ബ്ലൂ.സിയും വീണ കുരുക്ക് അതാകണം.ഒരു വര്‍ഷത്തിനിടയില്‍ നടന്ന് ആ വര്‍ഷത്തില്‍ തന്നെ പേ ചെയ്യപ്പെട്ട ഒരു ബോഗസ് എണ്ട്രി സാധാരണഗതിയില്‍ കാര്യമായ ഒരു ഓഡിറ്റ് ട്രേസിങ്ങിനും വഴി തുറക്കുന്നില്ല.ഒരു പക്ഷെ ഏതെങ്കിലും വര്‍ഷം ഓപണ്‍ ആയി കിടക്കുകയും ആ തവണ ഓഡിറ്റര്‍ കണ്‍ഫേം ചെയ്യാനായി തിരഞ്ഞെടുക്കുകയും കണ്‍ഫേം ചെയ്യപ്പെടാതെ ഇരിക്കുകയും ചെയ്താല്‍ സംശയിക്കാന്‍ എന്തെങ്കിലുമായി.അപ്പോഴുമൊരു വ്യാജ കണഫര്‍മേഷന്‍ സാധ്യമാണ്.
എനിക്കറിയാന്‍ താല്‍പ്പരമുള്ള സംഗതികള്‍-
1. ഇതില്‍ രാജു മാത്രമാണ് കുറ്റക്കാരന്‍ എന്നു കരുതാനാവില്ല.പിന്നെ ആരെല്ലാം?ഭരണകൂടത്തിന് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോ?
2. മെയ്താസിന്റെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍,ഹൈദ്രബാദ് മെട്രോയുമായി മെയ്താസിനെ ലിങ്ക് ചെയ്ത ശക്തികള്‍ ആരൊക്കെ.കൊച്ചിന്‍ മെട്രോ സര്‍ക്കാറ് ഉടമസ്ഥതയില്‍ തുടങ്ങുവാന്‍ അനുവദിക്കാത്ത അലുവാലിയന്‍ താല്‍പ്പര്യങ്ങള്‍ എന്തെല്ലാം?
ഈ ‘അഭിപ്രായം പറച്ചിൽ‘ അത്ര എളുപ്പമുള്ള, ഉത്തരവാദിത്വം ഇല്ലാത്ത ഒരു കാര്യമാണോ? അങ്ങനെ നോക്കിയാൽ ഒരു കേസിൽ വിധി പറയുന്നതും ഒരർത്ഥത്തിൽ അഭിപ്രായം പറച്ചിൽ അല്ലേ - ലഭ്യമായ പ്രത്യക്ഷത്തെളിവുകളുടേയും വാദങ്ങളുടേയും അടിസ്ഥാനത്തിൽ. പക്ഷെ ആ അഭിപ്രായം പറച്ചിലിനുള്ളിൽ ഭാരിച്ച ഒരു ഉത്തരവാദിത്വം ഒളിഞ്ഞിരിപ്പുണ്ടു്. ഒരു due process of law നടന്നിട്ടില്ലെങ്കിൽ, പ്രോസിക്യൂഷൻ നന്നായി നടന്നിട്ടില്ലെങ്കിൽ കോടതി അതിനെപറ്റിയൊക്കെ നോക്കിയേ പറ്റൂ..അതു പോലെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് ഒരു ഭാരിച്ച ഉത്തരവാദിത്വം തന്നെയല്ലേ? ഒരു സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് റിപ്പോർട്ടിന്റെ ആമുഖത്തിൽ നിന്നുള്ള നിന്നുള്ള ചില അംശങ്ങൾ നോക്കൂ...
Auditors' Responsibility
Our responsibility is to express an opinion on these financial statements based on our audit. We conducted our audit in accordance with International Standards on Auditing. Those standards require that we comply with ethical requirements and plan and perform the audit to obtain reasonable assurance whether the financial statements are free from material misstatement.
An audit involves performing procedures to obtain audit evidence about the amounts and disclosures in the financial statements. The procedures selected depend on the auditors' judgment, including the assessment of the risks of material misstatement of the financial statements, whether due to fraud or error. In making those risk assessments, the auditor considers internal control relevant to the entity's preparation and fair presentation of the financial statements in order to design audit procedures that are appropriate for the circumstances, but not for the purpose of expressing an opinion on the effectiveness of the entity's internal control. An audit also includes evaluating the appropriateness of accounting policies used and the reasonableness of accounting estimates made by management, as well as evaluating the overall presentation of the financial statements. We believe that the audit evidence we have obtained is sufficient and appropriate to provide a basis for our audit opinion.
മൂന്നു നാലു ചോദ്യങ്ങൾ
1) ഒന്നാമത്തെ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന ഈ reasonable assurance കിട്ടുന്നതിനു വേണ്ടി വേണ്ടി ഓഡിറ്റർമാർ എന്താണു് ചെയ്യുക? എന്താണു ചെയ്യേണ്ടതു്?
2) നാലോ അഞ്ചോ വർഷങ്ങളായി നടന്നു വരുന്നതാണു് ഈ കള്ളക്കണക്കുകൾ എന്നു വിശ്വസിച്ചേ പറ്റൂ.. ചെയർമാന്റെ എഴുത്തിൽ പറയുന്നൂ എന്നതു കൊണ്ടല്ല, മറിച്ചു് ഇത്രയും വലിയ തുക കള്ളക്കണക്കിൽ വരുത്താൻ ഒരു വർഷം കൊണ്ടു് സാമാന്യനേന സാധിക്കില്ല. അതു് ഒരിക്കൽ പോലും PWC യുടെ ശ്രദ്ധയിൽ വന്നില്ല എന്നു വന്നാൽ പിന്നെ ഈ ഓഡിറ്റ് എന്തിനു്? ഇതെന്നല്ല ഏതു തരം ഓഡിറ്റും എന്തിനാണു്?
3) അടുത്തടുത്ത കാലങ്ങളിൽ ഹൈദ്രാബാദിൽ തന്നെ നടന്ന സമാനമായ കള്ളത്തരങ്ങൾ (Global Trust Bank, ഇപ്പോൽ സത്യം, കൂടാതെ ചില ടാക്സ് കേസുകൾ) നടന്ന കമ്പനികളുടെ ഓഡിറ്റ് PWC യിൽ ആയിരുന്നു എന്നതു് തീരെ യാദൃച്ഛികം എന്നു തോന്നുന്നില്ല.
4) മെയ്റ്റാസ് വ്യാപാരം ഉപേക്ഷിച്ചശേഷം സത്യം കമ്പനിയെ വാങ്ങാൻ താത്പര്യം ഉള്ളവരെ അന്വേഷിക്കാൻ Merrill Lynch നെ ഏൽപ്പിച്ചിരുന്നു. ഒരു മാസത്തിൽ താഴെയുള്ള due dliligance review വിനുശേഷം അവർ ആ കരാറിൽ നിന്നു പിൻവാങ്ങി. സാമ്പത്തികതിരിമറികൾ നടക്കുന്നു എന്നതാണു് കരാർ ഉപേക്ഷിക്കാൻ അവർ പറഞ്ഞ കാരണം..ഒരു മാസം കൊണ്ടു Merrill Lynch നു മനസ്സിലാക്കാൻ കഴിഞ്ഞതു് മൂന്നു നാലു വർഷങ്ങളായി ആ കമ്പനി ഓഡിറ്റ് ചെയ്യുന്ന PWC യ്ക്കു് മനസ്സിലായില്ല എന്നു വിശ്വസിക്കാൻ കുരച്ചു പ്രയാസം...
http://sindoorarekhakal.blogspot.com/
ഹരിയുടെ കമന്റിനു അനുബന്ധമായി ഇത്രയും. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കിന്റെ കാര്യത്തില്‍ മാത്രമല്ല പ്രൈസ് വാട്ടര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്.
PricewaterhouseCoopers (PwC), an advisory and consulting firm whose sister
company audited the accounts of Hyderabad-based Satyam Computer Services,
has a chequered past with Indian tax authorities. Mehra said, “The auditors of
Satyam, were most eminent, but their eminence also stood out from the fact
they were named in previous scams at Yukos, Tyco and Bernie Madoff Ponzie
scheme.”
http://www.wcfcg.net/livemint.pdf
ഒരു കമന്റ് കൂടി...മാതൃഭൂമിയിലെ വാര്‍ത്ത
രാമലിംഗരാജുവിന്റെ വാദങ്ങളിലേറെയും അസത്യം
ഹൈദരാബാദ്: കോടികളുടെ സാമ്പത്തിക ക്രമക്കേട് തുറന്നുസമ്മതിച്ചുകൊണ്ട് 'സത്യം' കമ്പ്യൂട്ടേഴ്‌സ് ചെയര്‍മാന്‍സ്ഥാനത്തുനിന്ന് പിന്‍വാങ്ങിയ രാമലിംഗരാജുവിന്റെ രാജിക്കത്തിലെ അവകാശവാദങ്ങള്‍ മിക്കതും പൊള്ളയെന്ന് തെളിയുന്നു.
സത്യം ക്രമക്കേടുകളെക്കുറിച്ച് തനിക്കും കമ്പനിയുടെ എം.ഡി.യായ സഹോദരനും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ എന്നാണ് രാജു പറയുന്നത്. എന്നാല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ് പദ്‌ലാമണി, അക്കൗണ്ടിങ് വിഭാഗം വൈസ് പ്രസിഡന്റ് ജി. രാമകൃഷ്‌ണ, ഓഡിറ്റര്‍മാരായ പ്രൈസ്‌വാട്ടര്‍ കൂപ്പേഴ്‌സിലെ ഗോപാലകൃഷ്‌ണ എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.
കഴിഞ്ഞ എട്ടുകൊല്ലത്തിനിടെ പ്രൊമോട്ടര്‍മാരുടെ ഓഹരികളൊന്നും വിറ്റിട്ടില്ലെന്നാണ് രാജുവിന്റെ മറ്റൊരു പ്രധാന അവകാശവാദം. പക്ഷേ, 2001 മാര്‍ച്ചിനും 2008 സപ്‌തംബറിനുമിടയില്‍ പ്രൊമോട്ടര്‍മാര്‍ 21 തവണയെങ്കിലും ഓഹരികള്‍ വിറ്റഴിച്ചിട്ടുണ്ട്. 2001 മാര്‍ച്ചില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരിയവകാശം 25.6 ശതമാനമായിരുന്നത് 2008 സപ്‌തംബറില്‍ 8.61 ശതമാനമായി കുറഞ്ഞു.
കണക്കുകള്‍ പെരുപ്പിച്ചുകാട്ടിയത് സത്യം കമ്പനിയെ മുന്‍നിരയിലെത്തിക്കുവാനായിരുന്നെന്നാണ് രാജു പറയുന്നത്. എന്നാല്‍, സത്യം കമ്പനിയുടെ അക്കൗണ്ടില്‍ നിന്നു ചോര്‍ത്തിയ പണം മെയ്‌റ്റാസിന്റെ ഭൂമി യിടപാടുകള്‍ക്കാണ് വിനിയോഗിച്ചത്.
'മെയ്‌റ്റാസ്' ഇടപാടിനെ കഴിഞ്ഞ ഡിസംബര്‍ 16നു നടന്ന ബോര്‍ഡ് യോഗം ഏകകണുമായി അംഗീകരിച്ചെന്നാണ് മറ്റൊരു അവകാശവാദം. ഈ പ്രശ്‌നത്തില്‍ രണ്ടു ഡയറക്ടര്‍മാര്‍ ഭിന്നത പ്രകടിപ്പിച്ചിരുന്നെന്നതാണ് യാഥാര്‍ഥ്യം. വേറെ രണ്ടുപേര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ രാമലിംഗരാജു, രാമരാജു, പ്രൊഫ. വി.എസ്. രാജു എന്നിവര്‍ അതിനെ വകവെച്ചില്ല. രാംമൈനാംപതി കാസ്റ്റിങ് വോട്ടും ചെയ്‌തു.
ഒരു നയാപൈസപോലും സ്വന്തം ആവശ്യത്തിനു വിനിയോഗിച്ചില്ലെന്നാണ് രാജു പറയുന്നത്. പക്ഷേ, ആന്ധ്രയില്‍ മെയ്‌റ്റാസിന്റെ ജലസേചന പദ്ധതികള്‍ക്കുള്ള പണമിറക്കിയത് സത്യം അക്കൗണ്ടില്‍ നിന്നായിരുന്നു. ഹൈദരാബാദില്‍ 1340 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടാന്‍ മുടക്കിയ പണവും സത്യത്തിന്‍േറതാണ്.
ഓഡിറ്റര്‍മാര്‍ നല്ല സര്‍ട്ടിഫിക്കറ്റ് നല്‌കിയെന്ന വാദവും പൊള്ളയാണ്. കമ്പനിയിലെ പ്രശ്‌നങ്ങള്‍ രണ്ടുതവണ ഓഡിറ്റര്‍മാര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
അന്വേഷണം പുരോഗമിക്കെ, രാമലിംഗരാജുവിന്റെ വാദങ്ങളില്‍ മിക്കതും പച്ചക്കള്ളമാണെന്നാണ് തെളിഞ്ഞുവരുന്നത്.
http://www.mathrubhumi.com/php/newFrm.php?news_id=122561&n_type=NE&category_id=4&Farc=
സന്തോഷം..ഇപ്പോളാ ഈ കേസ് എനിക്ക് നേരെചൊവ്വേ ഒന്നു മനസ്സിലായത്. അതിരിക്കട്ടേ, ഈ ഓഡിറ്റേഴ്സിനു ലാഭമില്ലെങ്കില്‍ പിന്നെ എന്തിനു അവര്‍ ഇപ്പോഴും ഇതില്‍ പ്രതികരിക്കാതിരിക്കണം?
അതു പോലെ, ഇപ്പോളറിയുന്നത് സത്യത്തിന്റെ ഒരു മാതിരി എല്ലാ സീനിയര്‍ ഓഫീസേഴ്സിനും ഈ തകര്‍ച്ചയെക്കുറിച്ച് നല്ല അറിവുണ്ടാരുന്നു എന്നാണല്ലോ..അതിനാല്‍ അവരുടെ കൈകളിലെ ഓഹരികള്‍ അവര്‍ നേരത്തെ തന്നെ വിറ്റുതീര്‍ത്തിരുന്നു എന്നും. അങ്ങനെ ഒരു വില്‍പ്പന എന്തു കൊണ്ട് ഇതു വരെ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല?
ഇതുവരെ പുറത്തറിഞ്ഞ കാര്യങ്ങള്‍ ഇരുപത്തഞ്ച് അഭിഭാഷകര്‍ ചേര്‍ന്നെഴുതിയ രാമലിംഗരാജുവിന്റെ രാജിക്കത്തും ഞാനൊന്നുമറിഞ്ഞില്ലേ എന്നെ വിട്ടേക്ക് എന്ന പത്രങ്ങള്‍ക്കു വേണ്ടി മാത്രമുണ്ടാക്കിയ സി എഫ് ഓയുടെ സ്റ്റേറ്റ്മെന്റും മാത്രമാണ് രാധേയാ. ബോര്‍ഡ് മീറ്റിംഗ് മിനുട്ട്സ്‌ഇപ്പോള്‍ കണ്ടു. ഇപ്പറഞ്ഞതത്രയും മൊത്തമായി കള്ളം മാത്രമാണെന്ന് മിനുട്ട്സ് വായിച്ചാലറിയാം. ഐ സി ഏ ഐ മൂന്നുമാസത്തില്‍ കമ്പ്ലീറ്റ് ചെയ്യുമെന്ന് പറയുന്നു. ഗുരുതര സാമ്പത്തിക അഴിമതി അന്വേഷണ സെല്ലും വേഗത്തില്‍ കാര്യം തീര്‍ക്കുമെന്ന് പറയുന്നു, വരട്ടെ, അപ്പോഴറിയാം സത്യം.
ഹരി,
ശരിക്ക് എന്താണെന്നും എന്തു സാഹചര്യത്തിലാണ് നടന്നതെന്നും ഇപ്പോഴും അറിയില്ല. യഥാര്‍ത്ഥത്തില്‍ ഏതു സാഹചര്യത്തില്‍ എന്തു നടന്നു എന്ന് അറിഞ്ഞാല്‍ മാത്രമേ ഓഡിറ്റര്‍ക്ക് ഏതു രീതിയില്‍ എന്ത് ഉത്തരവാദിത്വം ഉണ്ട് എന്ന് മനസ്സിലാവൂ. ഐസിഏഐ എന്‍കയറി അതിനാണ്. അതിനും മുന്നേ രാജു അത് പറഞ്ഞു, സി എഫ് ഓ ഇങ്ങനെ പറഞ്ഞു എന്ന രീതിയില്‍ ആണ് പത്രങ്ങള്‍ പറയുന്നത് മൊത്തം.
ചോദ്യങ്ങള്‍:
ഒന്ന്: ഇതിനു മറുപടി പറയണമെങ്കില്‍ ഓഡിറ്റ് എന്ന ബൃഹത്തായ സംഗതി മുഴുവന്‍ പഠിപ്പിക്കേണ്ടി വരുമല്ലോ, (തമാശ പറഞ്ഞതല്ല, ഒരു അഭിപ്രായം എങ്ങനെ ഉണ്ടാക്കുന്നു എന്നതാണ് ഓഡിറ്റിന്റെ സര്വ്വസ്വവും)
രണ്ട്:
ഓഡിറ്റര്‍ക്ക് തീര്‍ച്ചയായും വളരെയേറെ ഉത്തരവാദിത്വമുണ്ട്, നിയമങ്ങളും ചട്ടങ്ങളും പ്രൊഫഷണല്‍ കോഡ് ഓഫ് കോണ്ഡക്റ്റും ഒക്കെ അത് കൃത്യമായി പറയുന്നുമുണ്ട് (ഓരോ തരം ഓഡിറ്റിന്റെ കാര്യത്തിലും) സത്യത്തില്‍ ഓഡിറ്റര്‍ക്ക് ഉത്തരവാദിത്വമുണ്ടോ ഇല്ലെങ്കില്‍ എന്തിനാണ് ഓഡിറ്റ് എന്തിനാണ് എന്നു ചോദിക്കുന്നത് അയലത്തെ അമ്മാവന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു പിന്നെ എന്തിനാണ് വൈദ്യശാസ്ത്രത്തിനു ഒരു കാര്‍ഡിയോളജി വിഭാഗം എന്നു ചോദിക്കുമ്പോലെയേ ഉള്ളു. അമ്മാവനെ രക്ഷിക്കാനാകുമായിരുന്നെങ്കില്‍, അത്തരം ഒരു സാഹചര്യത്തില്‍ ന്യായമായും ഒരു കാര്‍ഡിയോളജിസ്റ്റ് ചെയ്യണ്ട അല്ലെങ്കില്‍ ഹോസ്പിറ്റല്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് അനാസ്ഥ കാണിച്ചെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം. അതല്ല, ഇനി കൈക്കൂലി കിട്ടാത്തതുകൊണ്ട് രോഗിയെ പരിശോധിക്കാന്‍ കൂട്ടാക്കിയില്ല ഡോക്റ്റര്‍ എങ്കില്‍ അതിഭയങ്കരമായി ശിക്ഷിക്കപ്പെടണം, ഇതിനെല്ലാം കൃത്യമായ ഒരുപാട് വിവരങ്ങള്‍ അന്വേഷിച്ച് അറിയേണ്ടതുണ്ട്. എല്ലാ ചികിത്സയും ചെയ്താലും രോഗി രക്ഷപ്പെടണമെന്നില്ല.
മൂന്ന്:
പി ഡബ്യു സി വളരെയേറെ പ്രാക്റ്റീസ് ഉള്ള കമ്പനി ആയതുകാരണം വളരെയേറെ അന്വേഷണങ്ങള്‍ അതിനെക്കുറിച്ച് ഉണ്ടാകും- ജി റ്റി മാത്രമല്ല, ജപ്പാനിലും അമേരിക്കയിലുമൊക്കെ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. അന്വേഷിച്ച് തീരുമാനമാകും വരെ കാത്തിരിക്കുകയേ വഴിയുള്ളു. നിരവധി കേസുകള്‍ പലയിടത്തും അന്വേഷിക്കുകയും അതില്‍ പലതിലും ശിക്ഷാനടപടികള്‍ ഉണ്ടാകുകയും ചെയ്യുന്നത് പിഡബ്യ്ലുസിക്ക് മാത്രമൊന്നുമല്ല, എന്നാല്‍ എന്‍റോണ്‍ പോലെ ഒരു ഗ്രോസ് നെഗ്ലിജന്‍സ് ഉണ്ടായാല്‍ ആര്‍തര്‍ ആന്‍ഡേര്‍സന്‍ (അവര്‍ പിഡ്വബ്യുസിയെക്കാള്‍ വലുതായിരുന്നു) ഇല്ലാതായതുപോലെ അവരും പൂട്ടിപ്പോയേക്കാം.
നാല്:
മെയ്റ്റാസ് വ്യാപാരം - ഇതിന്റെ മൂല്യം ഏണസ്റ്റ് & യങ്ങ് വാല്യു ചെയ്തതാണ്. അത്രക്കുണ്ടെന്നു തോന്നാത്തതുകൊണ്ട് ചെയര്‍മാന്‍ വിചാരിച്ചിട്ടും സത്യം വാങ്ങിയില്ല. പിന്നെയല്ലേ മെറില്‍ പരിഗണിക്കുന്നത്. ഇതും ഓഡിറ്റുമായി എന്തു ബന്ധം? ബുക്കില്‍ കാണുന്ന വിലയ്ക്കല്ല കമ്പനി വില്‍ക്കുന്നതും വാങ്ങുന്നതും.
മൂര്‍ത്തീ,
ഒന്നാമതായി - സത്യം ബോര്‍ഡ് മീറ്റിങ്ങ് മിനുറ്റ്സ് നോക്കിയാല്‍ ഡയറക്റ്റര്‍മാര്‍ക്ക് തിരിമറികള്‍ അറിയാമെന്ന് മനസ്സിലാവില്ല, എന്തോ ലാഭമുള്ള ഇടപാടല്ലല്ലോ എന്ന രീതിയില്‍ അവര്‍ ചോദ്യം ഉന്നയിക്കുകയും ഒടുക്കം അവര്‍ എല്ലാം സമ്മതിക്കുകയുമായിരുന്നു എന്നു തോന്നുന്നു.
സി എഫ് ഓ തനിക്ക് ഒന്നുമറിയില്ലെന്നു പറയുന്നു. അങ്ങനെ ആണെങ്കിലും അദ്ദേഹം ശിക്ഷാര്‍ഹനാണല്ലോ! ഗവേര്‍ണന്‍സ് ചാര്‍ജ്ജ് ഉള്ള കസേരയാണത്, അതായത് ഷെയര്‍ഹോള്‍ഡര്‍മാരോടാണ്, ചെയര്‍മാനോടും ബോര്‍ഡിനോടും ഉള്ളതിലും ഇവര്‍ക്ക് ഉത്തരവാദിത്വം. ബാങ്ക് അക്കൗണ്ടടക്കം ഒരു തേങ്ങയും കാണാത്ത സീ എഫ് ഓ നിയമത്തിനു മുന്നില്‍ ശിക്ഷാര്‍ഹന്‍ ആണ് (അങ്ങനെ അല്ല കാര്യം എന്ന് തന്നെ തോന്നുന്നു)
മാതൃഭൂമീയില്‍ പിഡബ്യുസി മെസ്സേജ് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചിരിക്കുന്നു എന്ന് അതിന്റെ ഒറിജിനല്‍ നോക്കിയാല്‍ മനസ്സിലാവും. (പിഡബ്യുസി ചെയ്യുന്നതും ഒരുതരം കാല്‍ക്കുലേറ്റഡ് ഫ്രെയിംഡ് സന്ദേശരീതിയാണെന്നത് വേറേ)
സഞ്ചാരീ,
സഞ്ചാരീ, ഇതൊരു വൈല്‍ഡ് ഗസ് മാത്രമാണ്. ഇങ്ങനെയൊക്കെ കാര്യങ്ങള്‍ ആവണമെങ്കില്‍ രാജു പറഞ്ഞതില്‍ അമ്പതു ശതമാനമെങ്കിലും സത്യം ഉണ്ടാവണം. സത്യം നമുക്കിപ്പോഴും അറിയില്ല.
കോടികളുടെ ബാദ്ധ്യതയും ജയില്‍ ശിക്ഷയുമൊക്കെ കിട്ടാവുന്ന ഒരു കേസിനു മുന്നിലാണ് പിഡബ്യുസി. അവര്‍ മിണ്ടില്ല, മിണ്ടിയാല്‍ തന്നെ നിയമവിദഗ്ദ്ധര്‍ എന്തു പറയാന്‍ പറയുന്നോ അതുമാത്രമേ പറയൂ. സത്യത്തെക്കുറിച്ച് അവര്‍ക്ക് പ്രസ് മീറ്റിങ്ങൊന്നും നടത്തിക്കൂടാ താനും, അന്വേഷണ ഉദ്യോഗസ്ഥരോടല്ലാതെ ആരോടും അവര്‍ക്ക് ക്ലയന്റിനെക്കുറിച്ച് പറഞ്ഞുകൂടാ (സത്യം അനുമതി കൊടുത്തിട്ടില്ലെങ്കില്‍)
ഈ മറുപടിക്കുറിപ്പു് കുറച്ചു ദിവസമേ ആയുള്ളൂ കണ്ടിട്ടു്. അതിനു മറുകുറിപ്പു് എഴുതിയേ പറ്റൂ...
മറുപടികൾ:
ഒന്നു്:
ആദ്യമായി - താങ്കൾ ഇതിനൊക്കെ മറുപടി പറയാൻ ബാധ്യസ്ഥനാണു് എന്നു കരുതി താങ്കളെ ചോദ്യം ചെയ്തതല്ല ഞാൻ. പൊതുവിലേക്കുള്ള ചില ചോദ്യങ്ങൾ, ഈ ഓഡിറ്റ് എന്നാൽ ഏതോ മഹത്തായ സംഭവം ആണു് എന്നു ധരിച്ചുവശായ ഈ സാമാന്യസമൂഹം ഉണ്ടല്ലോ - അവരിൽ നിന്നുയരുന്ന കുറച്ചു സംശയങ്ങൾ എഴുതി എന്നു മാത്രം. “എന്റെ മുൻപിൽ എന്തൊക്കെ കൊണ്ടെ വെച്ചോ അതു മാത്രം നോക്കി എനിക്കുള്ള അഭിപ്രായം പറയൽ“ ആണു് ഈ ഓഡിറ്റ് എന്നെഴുതിയപ്പോൾ അതിനുള്ള ഒരു പ്രതികരണം എഴുതി എന്നെ ഉള്ളൂ - It was more of an affirmative statement in the form of a question, rather than a question per se. അതിനു താങ്കൾ മറുപടി പറയാൻ ഉദ്ദേശിക്കപ്പെട്ടു് എഴുതിയതല്ല എന്നർത്ഥം. താങ്കൾ ഒരു interested party ആകാൻ തീർച്ചയായും സാധ്യത ഉള്ളതു കൊണ്ടു പ്രത്യേകിച്ചു്.
പിന്നെ അതിൽ പറഞ്ഞ reasonable assurance കിട്ടാൻ എന്തൊക്കെ ചെയ്യണം എന്നറിയാൻ common sense മതി - അല്ലാതെ ഈ ഓഡിറ്റ് എന്ന “ബൃഹത്തായ” സംഗതി മുഴുവൻ പഠിക്കുക ഒന്നും വേണ്ട. അതു പോട്ടെ- മറ്റൊരിടത്തുമില്ലാത്ത എന്തു ബൃഹദ്സംഹിതകളാണീ ഓഡിറ്റിൽ ഉള്ളതു്? താങ്കൾ പറയുന്ന പ്രകാരം ആണെങ്കിൽ ഒരു തരം പുകമറ സൃഷ്ടിക്കൽ അല്ലെ അതു്? “എന്റെ മുൻപിൽ എന്തൊക്കെ കൊണ്ടെ വെച്ചോ അതു മാത്രം നോക്കി എനിക്കുള്ള അഭിപ്രായം പറയൽ“ ആണു് ഈ ബൃഹദ് സംഗതി എങ്കിൽ അതിനു എന്തിനാ ഈ കൊടി കെട്ടിയ ഓഡിറ്റർമാർ..? ഇത്തിരി കോമൺ സെൻസ് ഉള്ള സാധാരണ മനുഷ്യർ പോരേ? ചോദ്യമല്ല - മതി എന്ന ഉത്തരം ചോദ്യ രൂപത്തിൽ എഴുതി എന്നേയുള്ളൂ..
രണ്ട്:
പണ്ടൊക്കെ ഈ RMP, LMP എന്ന പേരിൽ ചികിത്സ നടത്തുന്ന കമ്പൌണ്ടർമാർ ഉണ്ടായിരുന്നു - ഇപ്പോൾ ഉണ്ടോ എന്നറിയില്ല..രാമൻകുട്ടിക്കു പനി വരുമ്പോൾ രമൻകുട്ടിയുടെ അച്ഛൻ കമ്പൌണ്ടറുടെ അടുത്തു ചെല്ലും..കമ്പൌണ്ടർ ചോദിക്കും - ചുമയുണ്ടോ, പനി നന്നായിട്ടുണ്ടോ, വിശപ്പുണ്ടോ, ഛർദ്ദി ഉണ്ടോ എന്നൊക്കെ; എന്നിട്ടു കുറച്ചു ഗുളികകളും ചുവന്ന നിറത്തിൽ കുടിക്കുന്ന മരുന്നും ഒക്കെ കൊടുത്തു വിടും.. ഇതു പോലെ ആരെങ്കിലും പറഞ്ഞതു കേട്ടു് ‘ഈ പറഞ്ഞതൊക്കെ കേട്ടതിന്റെ അടിസ്ഥാനത്തിൽ ഈ വ്യക്തിക്കു് നല്ല ആരോഗ്യം ഉണ്ടു് എന്നാണു് ഞങ്ങളുടെ അഭിപ്രായം’ എന്നു് മെഡിക്കൽ സർട്ടിഫിക്കറ്റ് എഴുതുന്ന ഡോക്ടർമാർ അല്ലെങ്കിൽ പറഞ്ഞതൊക്കെ കേട്ടതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തുന്ന സർജൻമാർ എന്തിനാണു് എന്നതു പോലെയാണു ഞാൻ ചോദിച്ചതു്.. അല്ലാതെ അയലത്തെ അമ്മാവന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു പിന്നെ എന്തിനാണ് വൈദ്യശാസ്ത്രത്തിനു ഒരു കാര്‍ഡിയോളജി വിഭാഗം എന്നു ചോദിക്കുന്നതു പോലെ അല്ല.
പിന്നെ ഈ ചികിത്സ ചെയ്യലും ഓഡിറ്റും തമ്മിൽ ഉള്ള ആ താരതമ്യം അസംഗതമാണു് - കാരണം ഈ ഓഡിറ്റ് (കൺകറന്റ് ഓഡിറ്റ് ഒഴികെ) എന്നാൽ നടന്നു കഴിഞ്ഞ അല്ലെങ്കിൽ ചെയ്യപ്പെട്ട ഒരു പ്രവൃത്തിയെ വിശകലനം ചെയ്യലാണു്. താങ്കൾ പറഞ്ഞ ഉദാഹരണത്തിൽ രോഗിയെ ചികിത്സിച്ചതിൽ തെറ്റായ രീതികൾ ഉണ്ടായിരുന്നോ ഗുരുതരമായ അനാസ്ഥ ഉണ്ടായിരുന്നോ എന്നൊക്കെ നോക്കുന്നതു പോലെ ഉള്ള ഒരു സംഗതി. താങ്കൾ തന്നെ പറഞ്ഞ ആ അന്വേഷിച്ചറിയൽ. That is to say that an audit is esssentially post-facto investigation.
മൂന്നു്:
ഓഹോ അതു ശരി.. വളരെയേറെ പ്രാക്റ്റീസ് ഉള്ള ഓഡിറ്റർമാരെപ്പോലെ തന്നെ, വളരെയേറെ പ്രാക്റ്റീസ് ഉള്ള ഡോക്ടർമാർക്കു്, അല്ലെങ്കിൽ വക്കീലന്മാർക്കു് അല്ലെങ്കിൽ ചാർടേർഡ് കണക്കപ്പിള്ളമാർക്കു് അന്വേഷണങ്ങൾ ഭൂഷണം ആയിരിക്കും അല്ലേ? അതായതു് നൂറു പേരെ ചികിത്സിച്ചാൽ പത്തു പേർ ചാകും - അതിനൊക്കെ അന്വേഷണം ഉണ്ടാവും.. അതു് അതിസാധാരണം. പക്ഷെ അതു തീരുന്ന വരെ നമ്മൾ കാത്തിരിക്കണം. അതിനിടക്കു അവർ പിന്നെ വേറൊരു മുന്നൂറു പേരെ കൂടി ചികിത്സിക്കട്ടെ - അതിൽ ഒരു മുപ്പതു പേർ ചാകും; അതിന്റെ അന്വേഷണം പുറകെ വരട്ടെ. PWC യ്ക്ക് ലോകം മുഴുവൻ ഓഡിറ്റ് ഉണ്ടു് - അതു കൊണ്ടു് കുറ്റാരോപണങ്ങൾ, അന്വേഷണങ്ങൾ ശിക്ഷാനടപടികൾ ഇതൊക്കെ സർവസാധാരണം ആണത്രെ.. പക്ഷെ അവർ എഴുതി വിടുന്ന റിപ്പോർട്ടുകൾ ജനസാമാന്യം മുള്ളോടെ വിഴുങ്ങുകയും വേണം..പക്ഷെ അന്വേഷണം തീരുന്നതിനു മുമ്പു അതിനെക്കുറിച്ചു് എഴുതുന്ന സിന്റിക്കേറ്റ് മാധ്യമക്കാർ (ബ്ലോഗർമാർ ഉൾപ്പെടെ) ആണു് ഇതിലെ കുഴപ്പക്കാർ - അവർക്കു ഈ ചികിത്സ, നിയമമണ്ഡലം, കണക്കു്, ഓഡിറ്റ് എന്ന ബൃഹദ് സംഗതിയെ പറ്റി ഒരു ചുക്കും അറിയില്ല..
ഈ വെള്ളപൂശൽ കുറച്ചു കൂടിപ്പോയി - ചിരിച്ചു (അല്ലെങ്കിൽ കരഞ്ഞു) തള്ളാനേ പറ്റൂ..
നാലു്: എന്റെ കമന്റ് ശരിക്കു വായിക്കുക - ഞാൻ എഴുതിയതു് മെയാറ്റ്സ് വ്യാപാരത്തെപ്പറ്റിയല്ല. മെയാറ്റ്സ് വ്യപാരം ഉപേക്ഷിച്ച ശേഷം തന്ത്രപരമായ വഴികൾ (strategic options) നോക്കാനുള്ള ഒരു കൺസൾടന്റ് ആയി Merril Lynch നെ സത്യം നിയമിച്ചു - അവർ പിന്നീടു് ആ കരാറിൽ നിന്നു പിൻവാങ്ങി എന്നതിനെപ്പറ്റിയാണു്. അതു് ഒരു സത്യം ആണു്. http://www.indianexpress.com/news/merrill-lynch-snaps-ties-with-satyam/407864/
സാമ്പത്തികതിരിമറികൾ നടക്കുന്നു എന്നതാണു് കരാർ ഉപേക്ഷിക്കാൻ അവർ പറഞ്ഞ കാരണം..ഒരു മാസം കൊണ്ടു Merrill Lynch നു മനസ്സിലാക്കാൻ കഴിഞ്ഞതു് മൂന്നു നാലു വർഷങ്ങളായി ആ കമ്പനി ഓഡിറ്റ് ചെയ്യുന്ന PWC യ്ക്കു് മനസ്സിലായില്ല എന്നു വിശ്വസിക്കാൻ കുറച്ചു പ്രയാസം...
ഏൺസ്റ്റ് & യങ്ങ് മെയറ്റ്സിനെ വാല്യൂ ചെയ്തോ ഇല്ലയോ എന്നെനിക്കറിയില്ല.
വാൽക്കഷണം - അന്വേഷണം കഴിഞ്ഞു മാത്രമേ നമുക്കൊക്കെ ഇതിനെപ്പറ്റി പറയാൻ പാടൂ എങ്കിൽ താങ്കളുടെ ഈ പോസ്റ്റിന്റെ സാംഗത്യവും ഞാൻ ആലൊചിച്ചു പോവുന്നു..
Post a Comment