Tuesday, January 27, 2009

മസ്സാജ്

മസ്സാജ് എന്ന വാക്കിനു ടൂറിസം ഇന്‍ഡസ്ട്രിയും മാദ്ധ്യമങ്ങളും ചേര്‍ന്ന് വ്യഭിചാരമെന്ന് ഒരര്‍ത്ഥം കൊടുത്തുകളഞ്ഞെന്ന് ഈയിടെ ഒരു സുഹൃത്ത് നിരീക്ഷിക്കുകയുണ്ടായി. വളരെയേറെ ഏഷ്യന്‍ ടൂറിസ്റ്റ് സ്പോട്ടുകള്‍ മസ്സാജ് പാര്‍ളര്‍ എന്ന പേരില്‍ വ്യഭിചാരശാലകള്‍ നടത്തുന്നുണ്ടെന്നത് ശരിയുമാണ്‌. യഥാര്‍ത്ഥ തിരുമ്മല്‍ സേവനം ശരിയായ രീതിയില്‍ തന്നെ നടന്നു പോകുകയും ചെയ്യുന്നുണ്ട്.

തിരുമ്മല്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
പട്ടിയെ വളര്‍ത്തുന്നവരോടോ കുതിരക്കമ്പക്കാരോടോ ചോദിച്ചാല്‍ അവര്‍ വിശദമായ ഉത്തരം തരും. സര്‍ക്കുലേഷന്‍, ഊര്‍ജ്ജസ്വലത, ശാന്തപ്രകൃതി... അല്ല മനുഷ്യനെന്താ അപ്പോ മൃഗമല്ലെന്നുണ്ടോ?

തിരുമ്മലിന്റെ ആദ്യാനുഭവം ഓര്‍മ്മയുണ്ടാവില്ല. ഒരു പഴമ്പാളയിലോ റബറൈസ്ഡ് ഷീറ്റിലോ കിടന്ന് കുളിക്കുമുന്നേ ഇങ്ക്വിലാബും വിളിച്ച് ഇടയ്ക്ക് ചെറിയ ചിരിയും കരച്ചിലുമൊക്കെയായി സ്വീകരിച്ച എണ്ണയിട്ടു തിരുമ്മലും അതിനു ശേഷമുള്ള സുഖനിദ്രയും? അമ്മയുടെയും അമ്മൂമ്മയുടെയും എണ്ണതേയ്പ്പിച്ചു കുളിപ്പിക്കല്‍ ഉറക്കത്തിനപ്പുറം പലതും നിങ്ങള്‍ക്ക് തന്നിട്ടുണ്ട് , ശരിയായ ദഹനപ്രക്രിയ, വായുകോപത്തിന്‌ ആശ്വാസം, ഭയവും ആകാംക്ഷയും കുറയ്ക്കല്‍. ഗവേഷിക്കുന്നവര്‍ ഇങ്ങനെ നിരവധി പ്രയോജനങ്ങള്‍ ബേബി മസ്സാജിനു സ്ഥിതീകരിക്കുന്നു. അല്പ്പം കടന്ന അനുമാനങ്ങളെടുക്കുന്നവര്‍ ശൈശവത്തില്‍ തിരുമ്മല്‍ കിട്ടിയവര്‍ വളരുമ്പോള്‍ അക്രമവാസന താരതമ്യേന കുറഞ്ഞവരാണെന്നു വരെ പറയുന്നുണ്ട്, അതായത് കൊച്ചിലേ തിരുമ്മല്‍ കിട്ടിയില്ലെകില്‍ ചെറുപ്പത്തില്‍ ഉരുട്ടല്‍ കിട്ടുമെന്ന്- മുഖവിലയ്ക്ക് എടുക്കാന്‍ മാത്രം ശക്തിയണ്ട് തെളിവുകള്‍ക്കെന്ന് തോന്നുന്നില്ല.

ആദ്യം തിരുമ്മല്‍ സര്‍‌വീസ് കൊടുത്തതോ? കാലു തിരുമ്മിക്കൊടുത്താല്‍ പഞ്ചതന്ത്രവും സിന്‍ബാദിന്റെ കപ്പലോട്ടവും അലാവുദ്ദീന്റെ അത്ഭുതവിളക്കിന്റെ കഥയുമൊക്കെ പറഞ്ഞു തരുന്ന ഒരു അമ്മൂമ്മയുണ്ടായിരുന്നോ വീട്ടില്‍? (സീരിയല്‍ കണ്ട് കണ്ണീരൊഴുക്കി സോഫയിലും അയല്‍ക്കാരന്റെ മക്കളുടെ സ്വഭാവദോഷം പറഞ്ഞ് അടുക്കളയിലും ജീവിതം കഴിച്ചു കൂട്ടുന്ന അമ്മൂമ്മയുള്ളവര്‍ക്ക് സങ്കടം വരാന്‍ പറഞ്ഞതല്ല, വേറേ ഉദാഹരണമില്ല)

ആദ്യത്തെ പ്രഷര്‍ പോയിന്റ് മസ്സാജ്? ഒരു ഉഗ്രന്‍ ക്രിക്കറ്റ് മത്സരമോ ഫുട്ട് ബാള്‍ കളിയോ കഴിഞ്ഞ് വരാന്തയില്‍ ഒരു പായൊക്കെ വിരിച്ച് കിടന്നിട്ട് വീട്ടിലെ അനന്തിരവരോടും അയലത്തെ പിള്ളേരോടും " പുറത്ത് കയറി നടക്കിനെടേ അപ്പികളേ" എന്നൊന്ന് പറഞ്ഞാല്‍ മതി. കുട്ടികള്‍ മുതുകത്ത് കയറി കറ്റമെതിച്ചു തരും. പുറത്തിട്ട് ചവിട്ട് നല്ല രസമുള്ള കളിയായതിനാല്‍ മിക്കവാറും ഒരു മിഠായി പോലും ചിലവു വരില്ല ഈ തിരുമ്മിന്‌.

മിക്കവരുടെയും ജീവിതത്തിലെ തിരുമ്മല്‍ സൗഖ്യം അവിടെ അവസാനിക്കുകയാണ്‌. കയ്യൊന്നുളുക്കിയാല്‍ അടുത്ത വീട്ടിലെ വൈദ്യരെക്കൊണ്ട് ഒരു ആയുര്വ്വേദ തിരുമ്മു നടത്തിച്ച ഓര്‍മ്മയും ചിലര്‍ക്കൊക്കെ ഉണ്ടാവും.

(പഴയ കഥകള്‍ ഹറാമാണെന്ന് ആന്റിനൊസ്റ്റാള്‍ജിയന്‍ സൂരജ് പറയുന്നു, അതുകൊണ്ട് ശങ്കിച്ചാണ്‌ ഇത്രയും എഴുതിയത്)

കൗമാരവും കടന്ന് എന്തെങ്കിലും പണിയും പിന്നെ പണികിട്ടിയ ആധിയും പണിപോകുമോ എന്ന ആധിയും മൂലക്ക് കുത്തിയിരുപ്പും അന്തമില്ലാത്ത അന്തം വിടീലും ഒക്കെയുള്ള അഡല്‍റ്റ് കാലത്തും മസ്സാജിന്റെ സൗഖ്യത്തിനൊരു കുറവുമില്ല. അതിനെ മറന്നു പോകാറുണ്ടെന്നേയുള്ളു.


എങ്ങനെ ഒരു മസ്സാജ് സെന്റര്‍ തിരഞ്ഞെടുക്കണം?
മുകളില്‍ പറഞ്ഞതുപോലെ ടൂറിസ്റ്റ് സ്പോട്ടുകളിലും അല്ലാതെയും പലയിടങ്ങളിലും മസ്സാജ് എന്ന പേരില്‍ വ്യഭിചാരമാണ്‌ നടക്കുന്നത്. മിക്ക രാജ്യങ്ങളിലും യഥാര്‍ത്ഥ മസ്സാജ് സ്പാ ആരോഗ്യവകുപ്പോ മെഡിക്കല്‍ അധികാരികളോ ലൈസന്‍സ് ചെയ്തതവും. ഉദാഹരണത്തിന്‌ ദുബായില്‍ ഡോക്റ്റര്‍മാര്‍ക്ക് പ്രാക്റ്റീസ് അനുമതി നല്‍കുന്ന മിനിസ്ട്രി ഓഫ് ഹെല്‍ത്ത് തന്നെയാണ്‌ മസ്സാജ് സ്പാകള്‍ക്കും ലൈസന്‍സ് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളിലും പ്രവേശനകവാടത്തിലുമെല്ലാം ലൈസന്‍സ് നമ്പറും റിസപ്ഷനില്‍ ലൈസന്‍സിന്റെ പകര്‍പ്പും പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്ഥലത്തേക്ക് ധൈര്യമായി കയറിച്ചെല്ലാം. അവിടെ അനാശാസ്യ പ്രവര്‍ത്തികള്‍ ഉണ്ടാവില്ലെന്ന് മാത്രമല്ല, അറിയാതെ എവിടെയെങ്കിലും പിടിച്ചു തിരിച്ച് മനുഷ്യന്റെ പിടലി ഒടിക്കുമെന്ന് ഭയവും വേണ്ട

ഒരു പൊതുസ്ഥലത്ത് ഉദാഹരണം ഷോപ്പിങ്ങ് കോമ്പ്ലക്സ്, ഒരു ഹോസ്പിറ്റല്‍ പോലെ വ്യക്തമായ ബോര്‍ഡും ഓഫീസും റിസപ്ഷനും ബില്ലിങ്ങ് സം‌വിധാനവും അപ്പോയിന്റ്മെന്റ് സിസ്റ്റവും ഒക്കെയുണ്ട് എന്നത് രണ്ടാമത്തെ ഉറപ്പ്

മൂന്നാമത്തേത് സ്പായുടെ റെപ്യൂട്ടേഷന്‍ തന്നെ. എത്ര സ്ഥലങ്ങളില്‍ വര്‍ത്തിക്കുന്നു, കോര്‍പ്പറേറ്റ് ക്ലയന്റ്സ് എത്രപേരുണ്ട്, പഞ്ചനക്ഷതഹോട്ടലുകളിലും ഷോപ്പിങ്ങ് മാളുകളിലും ശാഖകളുണ്ടോ, ആരാണ്‌ ഉടമസ്ഥര്‍ എന്നൊക്കെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഒന്നു വായിക്കാം( കൂട്ടത്തില്‍ ഗസ്റ്റ് ബുക്ക് നോക്കി മിനക്കെടേണ്ടാ, അതില്‍ അനുകൂല്‍ അഭിപ്രായ് മാത്രമേ കാണൂ.)


എന്തു തരം മസ്സാജ്?
മെഡിക്കല്‍ മസ്സാജുകള്‍ (ആയുര്വ്വേദം അടക്കം) വിലയിരുത്താന്‍ ഈ പോസ്റ്റില്‍ ശ്രമിക്കുന്നില്ല. ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട മസ്സാജുകള്‍ ചികിത്സ എന്ന നിലയ്ക്ക് ഡോക്റ്ററുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്‌. സൗഖ്യത്തിനായുള്ള മസ്സാജുകളില്‍ തന്നെ പ്രത്യേകതകളൊന്നും സ്വീഡിഷ്- ഈസ്റ്റ് യൂറോപ്യന്‍ മസ്സാജുകള്‍ക്ക് തോന്നാത്തതിനാല്‍ അവയും ഉള്‍പ്പെടുത്തിയിട്ടില്ല.

തായ് മസ്സാജ്
പ്രഷര്‍ പോയിന്റുകളില്‍ അമര്‍ത്തിയുള്ള തായ് മസ്സാജ് കഠിന മസ്സാജുകളിലാണ്‌ പെടുന്നത്. ശരിക്കുള്ള തായ് മസ്സാജ് ഹോസ്പിറ്റല്‍ കുപ്പായം പോലെ അയഞ്ഞ എന്തെങ്കിലും തുണി ആസകലം ധരിച്ച ആളിനെ നിലത്ത് മൃദുവായ പായ വിരിച്ചോ കട്ടിലില്‍ കിടത്തിയോ ആണ്‌ ചെയ്യുന്നത്. (പല തായ് മസ്സാജ് സെന്ററുകളും കസ്റ്റമറുടെ വസ്ത്രം ചുളുങ്ങുമെന്നതിനാല്‍ അടിവസ്ത്രം ധരിപ്പിച്ച ശേഷം മുകളിലൂടെ ഒരു നീളന്‍ ടവല്‍ പുതപ്പിക്കുകയാണ്‌ ഇപ്പോഴൊക്കെ ചെയ്യാറ്‌)

വളരെയേറെ മര്‍ദ്ദം ഉപയോഗിച്ച് ചെയ്യുന്നതിനാല്‍ ശരിയായ "അഭ്യാസി" അല്ല ചെയ്യുന്നതെങ്കില്‍ പ്രയോജനം ലഭിക്കയില്ലെന്നും വേദനിക്കുമെന്നും മാത്രമല്ല അസ്ഥികള്‍ക്ക് കേടുപാട് സംഭവിക്കാനും സാദ്ധ്യതയുണ്ട്. നല്ല ബോദ്ധ്യമില്ലാത്ത ഇടമാണെങ്കില്‍ തായ് മസ്സാജ് സ്വീകരിക്കാത്തതാണ്‌ ഉചിതം. ഇരുന്നിട്ടുള്ള നടുവേദന പോകാന്‍ നട്ടെല്ലിനു മുകളിലൂടെ തിരുമ്മുന്നതും പേശീവേദന പോകാന്‍ എണ്ണയിലിട്ട് ചൂടാക്കിയ ചെറു കല്ലുകള്‍ മുതുകില്‍ നിരത്തുന്നതും തായ് മസ്സാജില്‍ സാധാരണയാണ്‌.

ചൈനീസ് മസ്സാജ്
ഒരുപക്ഷേ ലോകത്തെല്ലായിടത്തും കാണുന്ന മസ്സാജ് രീതി ഇതായിരിക്കണം. നിശ്ചിത പാതകളിലൂടെ കൈകള്‍ കൊണ്ട് നിശ്ചിത വേഗത്തില്‍ ഓടിച്ച് തിരുമ്മുന്നതും (തുയി നാ) പ്രഷര്‍ പോയിന്റുകള്‍ മൃദുവായി മാത്രം അമര്‍ത്തുന്നതും ചേര്‍ന്നതാണ്‌ ഇന്ന് പ്രചരിച്ചിരിക്കുന്ന രീതി. അടിവസ്ത്രം മാത്രം ധരിച്ച ആളിനു മേല്‍ എന്തെങ്കിലും സുഗന്ധമുള്ള എണ്ണ പുരട്ടിയാണ്‌ മസ്സാജ് ചെയ്യാറ്‌ (എണ്ണ ചര്‍മ്മത്തിനു ചേരാത്തവര്‍ക്കും ഇഷ്ടമല്ലാത്തവര്‍ക്കും ഘര്‍ഷണത്താല്‍ വേദനിക്കാതിരിക്കാന്‍ പൗഡര്‍ ഇടുകയാണ്‌ ചെയ്യുക)

കമിഴ്നു കിടക്കുന്നയാളിനു മുകളില്‍ തുണിച്ചെരുപ്പിട്ട് ചവിട്ടിയുഴിച്ചില്‍ നടത്തുന്നതും സാധാരയാണ്‌. എന്നാല്‍ വലിയ ഭാരം അനുഭവിക്കുകയോ വേദനിക്കുകയോ ചെയ്യാത്തത്ര മര്‍ദ്ദത്തിലേ ചവിട്ടിത്തിരുമ്മാറുള്ളൂ. കൊറിയ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മസ്സാജും വളരയൊന്നും വത്യസ്തമല്ല.

കാല്‌, തല എന്നിങ്ങനെ ഇന്‍സ്റ്റാള്‍മെന്റ് തിരുമ്മലും നടത്താറുണ്ട് പലരും. ഒരു മസ്സാജിന്റെ മൊത്തം സൗഖ്യം അതില്‍ നിന്ന് ലഭിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ. (ഓട്ടം, ഫുട്ട് ബാള്‍, കുത്തിയിരുന്നിട്ടുള്ള കാലുമരപ്പ് തുടങ്ങിയവയ്ക്ക് ഒരു ഫുട്ട് മസ്സാജും മൈഗ്രെനിന്‌ ഒരു തലമസ്സാജും ഫലം ചെയ്യും)

ജാപ്പനീസ് മസ്സാജ്
ജാപ്പനീസ് മസ്സാജ് അല്ലെങ്കില്‍ ഷിയാറ്റ്സു യോഗയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കപ്പെട്ടതും എന്നാല്‍ ആധുനിക കാലത്ത് ഉരുത്തിരിഞ്ഞതാല്‍ ഏറെ ശാസ്ത്രീയവുമാണെന്ന് വീരവാദമുണ്ട്. ഫലത്തില്‍ സര്‍ക്കുലര്‍ മോഷനും പ്രഷര്‍ പോയിന്റ് സമ്പ്രദായവുമാണ്‌ ഇതെന്ന് സ്വകാര്യ അഭിപ്രായം. ചൈനീസ് മസ്സാജിനെക്കാള്‍ സ്റ്റേജ് എഫക്റ്റ് ഉണ്ടെങ്കിലും എനിക്കിതുവരെ പ്രകടമായ മേല്‍ക്കൈ ഒന്നും തോന്നിയിട്ടില്ല ഈ സമ്പ്രദായത്തിന്‌. ഒരു പക്ഷേ അങ്ങനെ ആയിക്കൂടെന്നുമില്ല, അനുഭവപ്പെട്ടിട്ടില്ലെന്നേയുള്ളു.

ബാലിയനീസ് മസ്സാജ്
ചമ്പകപ്പൂവും മുല്ലപ്പൂവും ഇട്ട് കാച്ചിയെടുത്ത വെളിച്ചെണ്ണ തേച്ച് മൃദുവായും എന്നാല്‍ അതിവേഗത്തിലും തടവുന്ന രീതിയാണ്‌ ബാലിയനീസ് മസ്സാജ് . ധാരാളം എണ്ണ തേക്കുന്നതിനാല്‍ അടിവസ്ത്രം മാത്രമിട്ട് മുകളിലും താഴെയും ടവല്‍ വിരിച്ചാണ്‌ (ചിലയിടങ്ങളില്‍ ഡിസ്പോസബില്‍ വിസ്കോസ് ഷീറ്റും) ഇത്തരം മസ്സാജ് ചെയ്യാറ്‌.

ഞെക്കിയും വലിച്ചും തിരിച്ചും പുറത്തു കയറിത്തുള്ളിയും ഒക്കെ മറ്റു മസ്സാജ് രീതികള്‍ തരുന്ന സൗഖ്യം അത്രയളവില്‍ തന്നെ തരാന്‍ ബാലിയനീസ് മസ്സാജിനു കഴിവുണ്ടെന്ന് എന്റെ അനുഭവസാക്ഷ്യം. അതിനാല്‍ തന്നെ പ്രിയപ്പെട്ട രീതിയും ഇതു തന്നെ. ഒരു പ്രശ്നം ചമ്പകവും മുല്ലപ്പൂവും വെളിച്ചെണ്ണയും ഒക്കെക്കൂടി സമ്മാനിക്കുന്ന സ്ത്രൈണമായ ഒരു മണമാണ്‌. ഏഴുവെള്ളത്തില്‍ കുളിച്ചാലും ദിവസങ്ങളോളം ശരീരം മണക്കും.

ഫലപ്രദമായ മസ്സാജിന്റെ ലക്ഷണം
മസ്സാജ് കഴിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ സുഖനിദ്രകഴിഞ്ഞ് രാവിലെ എഴുന്നേല്‍ക്കുന്നത്ര ഉന്മേഷവാനായിരിക്കണം. മസ്സാജ് സമയത്തോ ശേഷമോ വേദനിക്കുകയോ അസുഖം തോന്നുകയോ ചെയ്യരുത്. മസ്സാജിന്‌ മാനസിക സംഘര്‍ഷങ്ങള്‍ വളരയേറെ അയക്കാന്‍ കഴിയണം (താല്‍ക്കാലികമെന്ന് പറയേണ്ടതില്ലല്ലോ). ചെറിയ തരം പുറം വേദനകള്‍, മൈഗ്രെയിന്‍ തുടങ്ങിയവ മാറിയിരിക്കണം. ഏറ്റവും കൃത്യമായി മസ്സാജിന്റെ ഇഫക്റ്റ് അളക്കാന്‍ കഴിയുന്നത് ഹൃദയമിടിപ്പിലും രക്തസമ്മര്‍ദ്ദത്തിലും വന്ന കുറവ് നോക്കിയാണ്‌. മസ്സാജിന്റെ അവസ്സാനം ഹൃദയവേഗവും രക്തസമ്മര്‍ദ്ദവും ശ്വാസവേഗവും സാധാരണ നിങ്ങള്‍ക്കുള്ളതിലും താഴ്ന്ന് കാണപ്പെടണം.

ആണോ പെണ്ണോ?
നിങ്ങള്‍ പുരുഷനാണെങ്കില്‍ ഒരു നഴ്സിനോളം അല്ലെങ്കില്‍ ഡോക്റ്ററോളം പ്രൊഫഷണലായ ഒരു സ്ത്രീയുടെ മുന്നിലും സ്ത്രീയാണെങ്കില്‍ മറിച്ചും അടിവസ്ത്രം ധരിച്ച് സങ്കോചമോ സമ്മര്‍ദ്ദമോ ഒട്ടുമില്ലാതെ നില്‍ക്കാന്‍ മടിയുണ്ടോ (മഹാഭൂരിപക്ഷം ആള്‍ക്കാര്‍ക്കും അങ്ങനെയൊന്നുമില്ലെന്ന് തോന്നുന്നു) എങ്കില്‍ സ്വലിംഗത്തിലുള്ള ഒരു തെറാപിസ്റ്റിന്റെ തെരെഞ്ഞെടുക്കുന്നതാണ്‌ നല്ലത്. അങ്ങനെ അല്ലെങ്കില്‍ - തായ്- ഷിയാറ്റ്സു മസ്സാജുകള്‍ പേശീബലത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്ന ഒന്നായതിനാല്‍ പുരുഷ തെറാപ്പിസ്റ്റിനെയും ചൈനീസ് - ബാലിയനീസ് മസ്സാജുകള്‍ കൂടുതലും കരവിരുതിന്റെ പ്രകടനമായതിനാല്‍ സ്ത്രീ തെറാപ്പിസ്റ്റിനെയും തെരഞ്ഞെടുക്കുന്നതാണ്‌ നല്ലതെന്ന് തോന്നുന്നു.

എപ്പോള്‍ മസ്സാജ് പാടില്ല?
എന്തെങ്കിലും ഗുരുതരമായ അസുഖമോ (പ്രത്യേകിച്ച് അസ്ഥി- വൃക്ക- ഹൃദ്രോഗങ്ങള്‍ ) ഉയര്‍ന്ന പനിയോ ചര്‍മ്മരോഗങ്ങളോ മുറിവ് ചതവ് നീരുകെട്ടലോ ഉണ്ടെങ്കില്‍ മസ്സാജ് ദോഷം ചെയ്തേക്കാം. എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കില്‍ അതെല്ലാം സംശയം തീരും വരെ തെറാപ്പിസ്റ്റിനോടോ അവിടത്തെ കണ്‍സള്‍ട്ടന്റിനോടോ ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്‌.

മറ്റു ചെറുവകകള്‍
ഉറക്കത്തിനു തൊട്ടു മുന്നേ മസ്സാജ് ബുദ്ധിയല്ല . ഉറക്കം വരികയല്ല, മറിച്ച് ഉന്മേഷവാനാകുകയാണ്‌ മസ്സാജ് വഴി സംഭവിക്കുക.
ആശുപത്രികളുടെ ഭാഗമല്ലാത്ത മസ്സാജ് സ്പാകളില്‍ ഫീസിന്റെ ഇരുപത്തഞ്ചു മുതല്‍ മുപ്പത്തിമൂന്ന് ശതമാനം വരെ ടിപ്പ് കൊടുക്കുക ആചാരമാണ്‌. അത് മറന്ന് വെറുതേ തിരുമ്മുശ്ശാപം വിളിച്ചു വരുത്തേണ്ട
എണ്ണ മണം പ്രശ്നമാണെങ്കില്‍ മിക്ക സ്പാകളിലും കുളിക്കാന്‍ സംവിധാനമുണ്ട്
എവിടെ എപ്പോള്‍ മസ്സാജ് സുഖദായകമല്ലെന്ന് തോന്നുന്നോ അപ്പോള്‍ തന്നെ അത് പറയുക. പറഞ്ഞില്ലെങ്കില്‍ തിരുമ്മുകാരന്‍ അറിയാതെ അതാവര്‍ത്തിച്ചുകൊണ്ടേയിരിക്കും

9 comments:

പാഞ്ചാലി :: Panchali said...

പുതിയ വിവരങ്ങള്‍ക്ക് നന്ദി ആന്റണീ.

ജയരാജന്‍ said...

ഹോ, ഇത് അനോണിച്ചേട്ടന്റെ ഏറ്റവും നീളം കൂടിയ പോസ്റ്റ് ആണെന്നു തോന്നുന്നു; ഏതായാലും വിവരങ്ങൾക്ക് നന്ദി! ഭാവിയിൽ പ്രയോജനപ്പെട്ടേക്കും :)

Tomkid! said...

താങ്ക്സ് ഫോര്‍ ദ ഇന്‍ഫോ...

കുഞ്ഞിക്കിളി said...

അനോണി ചേട്ടാ.. very useful info നാട്ടില്‍ ചെന്നിട്ടു വേണം ഒന്നു സുഖമായി തിരുമ്മിക്കാന്‍ !

Thaikaden said...

"Kulippichu kulippichu avasanam kutty illennu" paranja poleyakumo?

Typist | എഴുത്തുകാരി said...

മസ്സാജിനെപ്പറ്റി ഇത്ര വിശദമായ ഒരു ലേഖനം നന്നായി. മസ്സാജ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ശരിയായ രീതിയിലല്ലാ, ആരും ചിന്തിക്കുന്നതു്.

അപ്പു said...

ആന്റണീ, തായ മസാജ് ഒരെണ്ണയും ഉപയോഗിക്കാത്ത ഡ്രൈ മസാജ് ആണെന്നാണല്ലോ കേട്ടത്. പിന്നെ എങ്ങനെയാണ് എണ്ണയിലിട്ടു ചൂടാക്കിയ കല്ല് അതിനിടെ വന്നത്.

വളരെ ഇന്‍ഫൊര്‍മേറ്റീവ് പോസ്റ്റ്.

രസികന്‍ said...

ഗുഡ്.. നന്ദി

അനോണി ആന്റണി said...

അപ്പൂ,
അതേ, തായ്മസ്സാജ് എണ്ണ പുരട്ടിയല്ല ഡ്രൈ ആയിട്ടാണ് സാധാരണ ചെയ്യാറ്‌. എണ്ണയില്‍ ചൂടാക്കിയ കല്ലു നിരത്തുന്നത് ഒരു എക്സ്ട്രാ പരിപാടിയാ‍ാണ്. അതിനും കല്ലിലല്ലാതെ ദേഹത്ത് എണ്ണ പുരട്ടാറില്ല.