Wednesday, September 30, 2009

കൊഴുപ്പും അളവും

വലിയ വലിയ കാര്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നത് ചിലപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാകും. ഒരിക്കല്‍ ഞാന്‍ ലിഫ്റ്റില്‍ കയറി പതിനെട്ട് എന്നതിനു പകരം വിരല്‍ മാറി പതിമ്മൂന്ന് എന്നടിച്ചു. പതിമ്മൂന്നില്‍ ലിഫ്റ്റ് വെറുതേ നിന്നു തുറന്നടയുന്ന അത്രയും സമയം ജീവിതത്തില്‍ നിന്നു പാഴായല്ലോ എന്ന് ഉറക്കെ ഒരാത്മഗതം നടത്തിയപ്പോള്‍ അടുത്തു നിന്ന അഞ്ചെട്ടുവയസ്സുള്ള സ്കൂള്‍ കുട്ടി പറഞ്ഞു; തെറ്റിയടിച്ച ഫ്ലോര്‍ നമ്പര്‍ ഒരിക്കല്‍ കൂടി അമര്‍ത്തിയാല്‍ നിരവധി ബ്രാന്‍ഡ് ലിഫ്റ്റുകളില്‍ അത് തനിയെ ക്യാന്‍സലായിപ്പോയിക്കോളുമെന്ന്. പുതിയ കാര്യങ്ങള്‍ കുട്ടികള്‍ പോലും പറഞ്ഞു തരും നമുക്ക്.

ഈയിടെ കേട്ട് ഇഷ്ടപ്പെട്ട "ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ" എന്ന പാട്ടില്‍ "അളവാന ഉടമ്പുക്കാരീ അളവില്ലാ കൊഴുപ്പുകാരി, ഇരുക്കിത്.. വാടീ രാത്രി കച്ചേരി" എന്നു കേട്ട് സംശയമായി. ഇത്ര അഴകില്‍ ഉടമ്പുള്ള, അതും കച്ചേരി (നല്ല അര്‍ത്ഥത്തിലായാലും അല്ലെങ്കിലും) യില്‍ ഒക്കെ ആക്റ്റീവ് ആയ ഈ ചെറുപ്പക്കാരിക്ക് കൊഴുപ്പിന്റെ അസുഖം വരുമോ? കവികള്‍ പൊതുവില്‍ അതിശയോക്തിക്കാരായതുകൊണ്ട് ആ അളവില്ലാ എന്നതു ഇന്‍ഫിനിറ്റി എന്നെടുക്കേണ്ടതില്ല, എന്നാലും ഷിപ്പ് ഷേപ്പ് പെങ്കൊച്ചിനു ബ്ലഡ്‌വര്‍ക്കില്‍ റെഫറല്‍ റേഞ്ചിന്റെ < > അടയാളങ്ങള്‍ക്കു പുറത്ത് സീറം കൊളസ്റ്റ്സ്ട്റോളോ.

എടുത്തു മയോ ക്ലിനിക്കിന്റെ പുസ്തകം. പാട്ടില്‍ പറഞ്ഞിരിക്കുന്നത് ശരിയാണ്‌. തടിച്ചവര്‍ക്ക് കൊഴുപ്പിന്റെ അസുഖം വരാന്‍ സാദ്ധ്യത കൂടുതല്‍ ആണെന്നു മാത്രം. മെലിഞ്ഞവര്‍ക്കു അത് വരാതിരിക്കുകയൊന്നുമില്ല. സര്‍ക്കുലേറ്റിങ്ങ് ഫാറ്റ്- രക്തത്തിലെ കൊഴുപ്പ് കൂടുതല്‍ ഉള്ളവര്‍ക്കെല്ലാം ശരീരത്തിലടിഞ്ഞ- ഡെപ്പോസിറ്റഡ് ഫാറ്റ് കാണുമെന്ന പൊതു ധാരണ തെറ്റാണത്രേ.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് തങ്ങള്‍ക്കൊക്കെ എന്തും തിന്നാമെന്ന് അഹങ്കരിക്കുന്ന അളവാന ഒടമ്പുക്കാര്‍ക്ക് ഈ പാട്ടൊരു മുന്നറിയിപ്പായിരിക്കട്ടെ.

Monday, September 28, 2009

ദളിത് തീവ്രവാദവും ഗുണ്ടാരാജും കേരളത്തില്‍- ജെയിംസ് വടക്കും‌ചേരി

റേഡിയോ കൊണ്ട് ചിലപ്പോഴെങ്കിലും പ്രയോജനമുണ്ട്. ഇന്നലെ കേരളത്തില്‍ ദളിത് തീവ്രവാദം തുടങ്ങിയോ എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് റേഡിയോയുടെ ‍ ഒരു ചര്‍ച്ചയില്‍ ജെയിംസ് വടക്കുംചേരി പങ്കെടുത്തിരുന്നു. അദ്ദേഹം വളരെ ഷാര്‍പ്പ് ആയ അതേസമയം ലളിതവുമായരീതിയിലാണ്‌ പ്രശ്നം കണ്ടത്. അദ്ദേഹം പറഞ്ഞതിലെ ചില മുഖ്യാശയങ്ങള്‍ മാത്രം താഴെക്കൊടുക്കുന്നു. (പൂര്‍ണ്ണരൂപത്തിലോ വിശദമായോ അതെഴുതാന്‍ എനിക്ക് ഏഷ്യാനെറ്റിന്റെ അനുവാദം വേണ്ടിവരുമെന്നതിനാല്‍ അതിനു മുതിരുന്നില്ല)


ഒന്ന്: കേരളത്തിലുണ്ടായ നക്സല്‍ സര്‍ജ്ജിനു കാരണമായ കാര്യങ്ങളില്‍ പലതും ദളിതര്‍ക്ക് ഇപ്പോഴും നിലനില്‍ക്കുന്നു- വിവേചനം, മറ്റു ജാതിമതസ്ഥരോട് താരതമ്യം ചെയ്യുമ്പോള്‍ പിന്നോക്കാവസ്ഥ, മുതിര്‍ന്നാലും കാര്യമായൊന്നും നേടാനാവാത്ത സ്ഥിതി, അരക്ഷിതാവസ്ഥ, ചൂഷണം ചെയ്യപ്പെടുകയാണെന്ന തോന്നല്‍, തങ്ങള്‍ ഒരു വര്‍ഗ്ഗമാണെന്നും തങ്ങള്‍ക്കെതിരേ മറ്റു വര്‍ഗ്ഗങ്ങള്‍ ഡോമിനന്‍സ് സ്ഥാപിക്കുകയാണെന്നുമുള്ള വിശ്വാസം.

രണ്ട്: നക്സല്‍ ഭീഷണി ജയറാം പടിക്കലിനെപ്പോലെയുള്ളവര്‍ ഇരുമ്പു കൈകൊണ്ട് ഇല്ലായ്മ ചെയ്തെന്ന പൊതുജനവിശ്വാസം വിഢിത്തമാണ്‌. പഠിപ്പുള്ളവരും കര്‍മ്മശേഷിയുള്ളവരും എന്തെങ്കിലുമൊക്കെ തൊഴില്‍ പ്രത്യേകിച്ച് കുലത്തൊഴിലുകള്‍ക്ക് പുറത്ത് നേടാമെന്നുള്ള അവസ്ത പെട്ടെന്ന് കേരളത്തിലുണ്ടായതുകൊണ്ടാണ്‌ തീവ്രവാദം തേഞ്ഞുമാഞ്ഞു പോയത്. ഗള്‍ഫ് ബൂം ആണ്‌ അതില്‍ ഏറ്റവും വലിയ സിംഗിള്‍ ഫാക്റ്റര്‍.

മൂന്ന്: ഹിറ്റ് ആന്‍ഡ് റണ്‍ തീവ്രവാദം ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളുമായി വത്യാസപ്പെടുന്നത് ഐഡിയോളജി എന്ന ഒറ്റക്കാര്യത്തിലേയുള്ളു ഇപ്പോഴത്തെ കാലത്ത്. മറ്റെല്ലാക്കാര്യങ്ങളിലും അവര്‍ ഗുണ്ടാസംഘങ്ങളോട് താരതമ്യം ചെയ്യാവുന്ന രീതിയിലായി മാറി, നക്സല്‍ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ പ്രത്യേകിച്ചും. നേതാവ് പ്രത്യക്ഷപ്പെടാത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന അദൃശ്യനും വേരുകള്‍ ചേരിയിലും തെരുവിലും തൊഴിലോ ലക്ഷ്യബോധമോ ഇല്ലാത്ത മനുഷ്യരും എന്ന രീതിയാണിന്ന് തീവ്രവാദത്തിനും.

നാല്‌: കേരളത്തില്‍ തീവ്രവാദ വളക്കൂറ് ദാ ഇപ്പോള്‍ ഉണ്ടായി എന്ന രീതിയിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഹാസ്യമാണ്‌. കാലാകാലം കേരളാ പോലീസ് അതത് അധികാരികളെ കാര്യങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം അതേ കാര്യങ്ങള്‍ പറഞ്ഞ് ദാ നിന്റെ നാടു നശിച്ചു എന്ന രീതിയില്‍ അവതരിപ്പിച്ച് ജനത്തിനു ഭീഷണിയും മാദ്ധ്യമങ്ങള്‍ക്ക് ആഘോഷവും ഉണ്ടാക്കി കൊടുക്കുന്നത് തീവ്രവാദികള്‍ക്കല്ലാതെ ആര്‍ക്കും പ്രയോജനം ചെയ്യുന്നില്ല. ഇത്രയും വര്‍ഷം ഒരു ഇന്റലിജന്റ് അപ്രോച്ചും ഇല്ലാതെയിരുന്ന് കാര്യങ്ങള്‍ വഷളാക്കിയവര്‍ എന്ന നിലയില്‍ ആദ്യം പ്രതിക്കൂട്ടില്‍ ഇന്റലിജന്‍സ് വിഭാഗമാണ്‌.

അഞ്ച്: പോലീസ് എന്നാല്‍ വിഢിയും നിസ്സഹായരും അഴിമതിക്കാരും ഭരണകൂടഭീകരതയുടെ അനുവര്‍ത്തികളും; ഗുണ്ടകളും ക്രിമിനലുകളും സുശക്തരും ധനികരും ആഡംബരക്കാരും അനുകരണീയരും എന്ന പൊതുജനബോധം സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തത്ന ല്ലൊരളവില്‍ മാദ്ധ്യമങ്ങളാണ്‌, അവര്‍ക്കതില്‍ തീര്‍ച്ചയായും സെന്‍സേഷന്‍ എന്നതിനെക്കാള്‍ മറ്റെന്തെങ്കിലും താല്പ്പര്യവും ഉണ്ടാവും.

ആറ്‌: ഒരു ഗുണ്ട എന്നല്ല ഗുണ്ടാസംഘങ്ങളാണ്‌ നിലവിലുള്ളത്. അതില്‍ നിന്നും ഒന്നോ പത്തോ ഗുണ്ടകളെ അമര്‍ച്ച ചെയ്താല്‍ ആ സ്ഥാനങ്ങളിലേക്ക് സംഘഅംഗങ്ങള്‍ പ്രമോട്ട് ചെയ്യപ്പെടുകയോ അല്ലെങ്കില്‍ പ്രസ്ഥാനം മറ്റൊന്നിലേക്ക് ചേരുകയോ ചെയ്യുമെന്നല്ലാതെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത് പ്രശനം പരിഹരിക്കാനാവില്ല, ചില കുറ്റങ്ങളില്‍ ചിലര്‍ ശിക്ഷിക്കപ്പെടുമെന്നല്ലാതെ പോലീസ് വിചാരിച്ചിട്ട് ഗുണ്ടാരാജ് അവസാനിപ്പിക്കാന്‍ കുറേ അറസ്റ്റുകൊണ്ട് കാര്യമില്ല.

ഏഴ്: ഗുണ്ടാകളെ പോറ്റുന്ന ബിസിനസ്സുകാര്‍, ഭൂമി ഇടപാടുകാര്‍, കമ്പനികള്‍, സംഘടനകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ തുടങ്ങി ഗുണ്ടാബന്ധം കൊണ്ട് പ്രയോജനമുണ്ടാകുന്ന സകല ആളുകളെയും അതില്‍ നിന്ന് പിന്‍‌തിരിപ്പിക്കാന്‍ സര്‍ക്കാര്‍, കോടതി, മാദ്ധ്യമങ്ങള്‍, ജീവനക്കാര്‍, പൊതുജനം എന്നിവര്‍ പോലീസിനൊപ്പം കൈകോര്‍ത്ത് ഒരു പ്രോജക്റ്റ് ആയി, സ്ഥിരം സം‌വിധാനമായി മുന്നോട്ട് പോയാലേ ഗുണ്ടകള്‍ അവസാനിക്കൂ.

എട്ട്:ദളിത് മേഘലയില്‍ ഒരു രണ്ടാം നക്സല്‍ മോഡല്‍ തീവ്രവാദം ഉയരാതിരിക്കാന്‍ അവരെ മറ്റു ജനത്തിനു തുല്യമായ തൊഴില്‍ വിദ്യാഭ്യാസ അവസ്ഥയിലേക്ക് കൊണ്ടുവരികയും അവരുടേതു മാത്രമായ ഒരു ചേരിയായി ഉപേക്ഷിക്കുകയും ചെയ്യാതെയിരിക്കുകയും അതേ സമയം തന്നെ സംസ്ഥാനാന്തര തീവ്രവാദികളോട് അവര്‍ ഇടപെടാതെ സൂക്ഷിക്കുകയും ചെയ്യുക എന്നല്ലാതെ പോം‌വഴി ഇല്ല.

(ക്രിമിനോളജിസ്റ്റ് എന്നാല്‍ ഫോറന്‍സിക്സ്, നിയമം തുടങ്ങിയവയുടെ വിദഗ്ദ്ധന്‍ ആയിരിക്കും എന്നൊരു മുന്‍‌വിധിയാല്‍ ഞാന്‍ ഇദ്ദേഹമെഴുതിയ പുസ്തകങ്ങളൊന്നും ഇതുവരെ വായിച്ചിട്ടില്ല. അതൊരു നഷ്ടമായെന്ന് ഇപ്പോള്‍ തോന്നുന്നു.)

അനോണിത്തം അനോണിത്തം രേ രേ ...

അനോണിത്തം എന്നത് ബ്ലോഗ് യുഗത്തിലുണ്ടായ മാനസികരോഗമാണെന്നും ജിപ്സികളെപ്പോലെ അനോണികളെ നായാടിപ്പിടിച്ച് ചുട്ടുകൊല്ലേണ്ടതുണ്ടെന്നും ബൂലോഗശാസ്ത്രജ്ഞര്‍ സ്ഥിരമായി അഭിപ്രായപ്പെടാറുണ്ട്. ഭിക്ഷക്കാര്‍, നാടോടികള്‍ എന്നൊക്കെകേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് കള്ളന്‍, കൊള്ളക്കാരന്‍ എന്നൊക്കെ ഓര്‍മ്മവരും എന്നാല്‍ ചില്ലറ പെറ്റി തീഫുകളെ ഒഴിച്ചാല്‍ ഭിക്ഷക്കാരില്‍ ഗുണ്ടയോ വാടകക്കൊലയാളിയോ ഭീകരനോ ഇല്ല. ഭിക്ഷക്കാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് അവര്‍ക്കുമേലില്‍ എന്തുപട്ടവും ചാര്‍ത്തി നമുക്ക് തടിയൂരാമല്ലോ.

അനോണിത്തം ഇന്ത്യയിലെങ്കിലും ഒരു പുതിയ പ്രതിഭാസമല്ല. ആരാണ്‌ ചരകന്‍? ചാണക്യന്‍? കൗടില്യന്‍? ദ്രമിളന്‍? വാത്സ്യായനന്‍? പതഞ്ജലി? പാണിനി? ആളുകള്‍ ഒരു പേര്‍ സ്വീകരിച്ച് അവര്‍ക്കറിയാവുന്നത് എഴുതിയും പറഞ്ഞും കടന്നു പോയി. അനോണിത്തത്തിന്റെ പാരമ്യത്തില്‍ പലരും സ്വന്തം കൃതിയിലെ കഥാപാത്രങ്ങളായി മാറി തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ല, സങ്കല്പ്പത്തില്‍ മാത്രം ജീവിക്കുന്നവാണെന്ന് സ്ഥാപിച്ചു. വ്യാസന്‍ മുതല്‍ ജയദേവവന്‍ വരെ സ്വന്തം കൃതികളില്‍ പ്രത്യക്ഷപ്പെട്ട് എഴുത്തുകാരനെന്ന ആള്‍‌രൂപം വെടിഞ്ഞ് എഴുത്തായി മാറുന്നുണ്ട്.


ഇവരുടെയൊക്കെ വീടും പി ഓ ബോക്സും കണ്ടുപിടിച്ച് നാലാളെ അറിയിക്കാനുള്ള പാപ്പരാസിത്തം വിജയിച്ചതുകൊണ്ടോ അതോ അനോണീഭാവം വെടിഞ്ഞ് "ലത് ഞാനായിരുന്നെന്ന്" പറയാനുള്ള പ്രലോഭനം കൊണ്ടോ ചിലരെങ്കിലും ഒരു പേരില്‍ എഴുതിയെങ്കിലും ശരിക്കുള്ള പേരോ ശരിക്കുള്ളതെന്ന് ആരോപിക്കപ്പെട്ട പേരോ പുറത്തു വന്നിട്ടുണ്ട്. അത്തരം പേര്‍ പുറത്തായ അനോണികളെ - ഉദാഹരണത്തിനു വാല്‍‌മീകി, വ്യാസന്‍ തുടങ്ങിയവരെ ശ്രദ്ധിച്ചാല്‍ അവരില്‍ ഭൂരിപക്ഷവും രാജാക്കന്മാരോ പ്രഭുക്കന്മാരോ ബ്രാഹ്മണരോ ഒന്നുമായിരുന്നില്ലെന്ന് കാണാം. വേടനോ മുക്കുവനോ നായാടിയോ ഭിക്ഷുവോ എഴുതുന്നതിനെ പൗരോഹിത്യവും പ്രഭുത്വവും തള്ളിക്കളഞ്ഞേക്കും എന്നതാവാം അജ്ഞാതചര്യ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചതും.

പഠിപ്പും വിവരവും യോഗ്യതയും പദവിയും മഹിമയും പാരമ്പര്യവും തികഞ്ഞവര്‍ അതിന്റെ തൊങ്ങലെല്ലാം ചാര്‍ത്തി എഴുതിക്കോട്ടെ. അതൊന്നുമില്ലാത്തവരും നാലാല്ക്കുമുന്നില്‍ വയ്ക്കാന്‍ ഇഷ്ടമില്ലാത്തവരും എഴുത്തുമാത്രമായി ചുരുങ്ങിയെങ്കിലും എഴുതിപ്പോട്ടെ.

ഹാവിങ്ങ് സെഡ് ദാറ്റ്, സ്വന്തം പേരില്‍ എഴുതാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ എഴുതാനായി ഒരനോണിപ്പേര്‍ സ്വീകരിക്കുന്നത് ഭീരുത്വമാണെന്ന് മാത്രമല്ല, ആ അനോണിത്തം പ്രത്യേകിച്ച് ഒരു സുരക്ഷയും തരികയുമില്ല, പ്രത്യേകിച്ച് അപവാദങ്ങള്‍, വ്യക്തിഹത്യ, നിയമവിരുദ്ധ പ്രവര്‍ത്തികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്.

സുശ്രുതന്‍ അനോണിയായിരുന്നു, എഴുത്തിപ്പോഴും ആളുകള്‍ വായിക്കുന്നു. ട്രെയിനിലെ ബാത്ത്‌റൂമില്‍ ഇന്നലെ തെറിയെഴുതിപ്പോയയാളും അനോണിയാണ്‌, അതെന്തെന്ന് ആരോര്‍ക്കുന്നു. എഴുത്തുമാത്രമായിരിക്കുമ്പോള്‍ എഴുത്തുകാരന്റെ വ്യക്തിത്വം പോലും താങ്ങുന്നില്ല എഴുത്തിനു സ്വനാഥനാകാന്‍ കഴിയണം. സ്വന്തം കാലില്‍ ജീവിക്കാന്‍ കഴിയണം, അന്തസ്സായിത്തന്നെ.

കാട്ട്‌ബെറിയും നാട്ട്‌ബെറിയും

കഴിഞ്ഞ പോസ്റ്റിന്‍‌കീഴെ പാഞ്ചാലി നെല്ലിക്കയെക്കുറിച്ച് ചോദിച്ചിരിക്കുന്നു. ആയുര്‍‌വൈദികമായ അറിവ് കമ്മിയാണെങ്കിലും ഞാന്‍ ബൊട്ടാണിക്കലി ചലഞ്ച്ഡ് ആയതുകൊണ്ട് മിക്കവാറും എനിക്ക് കൃത്യമായി തന്നെ ഉത്തരം പറയാന്‍ പറ്റിയേക്കും.

നിരവധി പൗരാണികഗ്രന്ഥങ്ങളില്‍ നെല്ലിക്കയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും വായിച്ചിട്ടില്ലാത്തതിനാല്‍ അതിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. ചവ്യനമഹര്‍ഷി തന്റെ ശരീരം കോഞ്ഞാട്ടയായപ്പോള്‍ നെല്ലിക്ക സേവിച്ചാണ്‌ ആരോഗ്യം വീണ്ടെടുത്തതെന്ന് കേള്‍ക്കുന്നു. ബെറി കൊണ്ട് മാറ്റിയ അസുഖമായിരുന്നതുകൊണ്ട് അങ്ങേര്‍ക്ക് ബെറിബെറി ആയിരുന്നു എന്നൊരു വാദമുണ്ടെങ്കിലും നെല്ലിക്കാ സേവിച്ചപ്പോള്‍ പൂര്‍ണ്ണാരോഗ്യവാനായെങ്കില്‍ മിക്കവാറും അത് "സ്കര്‌വി" ആയിരിക്കാനാണ്‌ സാദ്ധ്യത. ചുരുണ്ടുകിടപ്പില്‍ നിന്നെഴുന്നേറ്റ മുനി (മുനി എന്നതു സംസ്കൃതപദമാണ്‌, പേര്‍ഷ്യനില്‍ മുനീര്‍ എന്നാണു പറയുക) നെല്ലിക്കകൊണ്ടു ചികിത്സിക്കുന്ന ഒരു ആയുര്‍‌വേദ സ്പെഷ്യലൈസേഷന്‍ തന്നെ ഉണ്ടാക്കി- ഇതിനെ "നെല്ലിയാമ്പതി" എന്നു വിളിച്ചു പോരുന്നു. ഐശ്വര്യപൂര്‍ണ്ണമായ ചികിത്സാരീതിയായതിനാല്‍ "തിരുപ്പതി "എന്നും ചിലര്‍ വിളിക്കാറുണ്ട്. ഗുരുവും രൂക്ഷവും ശീതവുമാണ്‌ നെല്ലിക്കയെന്ന് വേര്‍ഡ് സോള്‍ജ്യര്‍ തന്റെ "എട്ടും പിന്നെ ഹാര്‍ട്ടും" എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അന്തോണീസംഹിത എന്ന ഗ്രന്ഥത്തില്‍
അമലാകി ദ്വിവിധ:- വന്യ: ച ഗ്രാമ്യച്ഛ: എന്നു തുടങ്ങുന്ന ഭാഗത്ത്
"ഗ്രാമ്യാമലാകിം സ്ഥൂലോ ഗുണശോഷിതോ ദ്രവ്യാദായോ കാര്‍ഷികജന്യോ സ്ഥിരലഭ്യോ ച:ക്ഷണലവണജീര്‍ണ്ണ:" എന്നും
"വന്യ: ഹൃസ്വാകാരോ രൂക്ഷഗുണസമ്പൂര്‍ണ്ണോ ഹി:ഹി ; ഹൃദ്യോ മൂലരൂപോ സ്വയംഭൂ" എന്നു കാണുന്നുണ്ട്.

സംസ്കൃതം പിടിയില്ലാത്തവര്‍ക്ക് വേണ്ടി തര്‍ജ്ജിമ. നെല്ലിക്ക രണ്ടു വിധമുണ്ട് ഗ്രാമ്യവും വന്യവും.
ഗ്രാമ്യ നെല്ലിക്ക വലിപ്പമുള്ളതും ഗുണം കുറഞ്ഞതും ആദായവിലയ്ക്ക് വാങ്ങാവുന്നതും കൃഷി ചെയ്ത് ഉണ്ടാക്കുന്നതും എപ്പോഴും ലഭിക്കുന്നതും ഉപ്പിലിട്ടാല്‍ വേഗം ദ്രവിച്ച് പരുവമാകുന്നതും ആണ്‌. എന്നാല്‍ വന്യനെല്ലിക്ക ചെറുതും മുടിഞ്ഞ കൈപ്പുള്ളതും (ആ ഹി ഹിഹി കൈപ്പന്‍ നെല്ലിക്ക വായിലിടുമ്പോള്‍ കൊരടില്‍ നിന്ന് ഒരു പെരുപ്പു കയറുന്നത് ഓര്‍ത്ത് മഹര്‍ഷി ചിരിച്ചതായിരിക്കാനേ വഴിയുള്ളു ) കൂടുതല്‍ പ്രിയപ്പെട്ടതും ഗ്രാമ്യം എന്ന കള്‍ട്ടിവാര്‍ വേര്‍ഷനാക്കുന്നതിനു മുന്നേയുള്ള ആദിരൂപത്തില്‍ തന്നെ ഉള്ളതും കൃഷിചെയ്യപ്പെടാതെ തനിയേ മുളച്ചു വരുന്നതുമാകുന്നു.

വന്യവും ഗ്രാമ്യവും എന്നത് രണ്ട് സബ്-സ്പീഷീസ് അല്ലെന്നും ചൈനയില്‍ കിടന്നു പുളച്ച ഗോള്‍ഡ്ഫിഷിനെ അക്വാറിസ്റ്റുകള്‍ വളര്‍ത്തി ഫാന്‍‌ടെയിലും വെയില്‍‌ടെയിലും ടെലസ്കോപ്പിക്ക് ഐസും ഉണ്ടാക്കിയതുപോലെ കാട്ടുനെല്ലിക്കയെ കൃഷി ചെയ്ത് ചെയ്ത് പുന്നക്കാ പരുവത്തില്‍ ആക്കിയെടുത്തതാണെന്നും മനസ്സിലാക്കാം .

നാച്ചുറല്‍, വൈല്‍ഡ്ഗ്രോണ്‍, ഓര്‍ഗാനിക്ക് എന്നൊക്കെയുള്ള സംഗതി ഇപ്പോ ഫാഷനാണെങ്കിലും നെല്ലിക്ക മാര്‍ക്കറ്റില്‍ വരുന്നത് കൂടുതലും ഗ്രാമ്യം തന്നെ. നമ്മുടെ നാട്ടിലും രണ്ട് തരം നെല്ലിയും വളരുന്നുണ്ടെങ്കിലും ആ കൊരട് പെരുപ്പ് കിട്ടണമെങ്കില്‍ കാട്ടുനെല്ലി, ലവലോലി, പുളിഞ്ചി തുടങ്ങിയവ ഉപ്പിലിട്ടാലേ മലയാളിക്ക് തൃപ്തിയാകൂ. ക്വാണ്ടിറ്റി വില എന്നിവ കണ്‍സിഡര്‍ ചെയ്യുന്നതുകൊണ്ടും രുചി ഒരു ഫാക്റ്റര്‍ അല്ലാത്തതുകൊണ്ടുമാകാം ഹോട്ടലില്‍ കിട്ടുന്ന നെല്ലിക്ക അച്ചാറില്‍ പലപ്പോഴും തേങ്ങയുടെ തൊണ്ടുപോലെ ചകിരീസമൃദ്ധമായി വലിയ ടേസ്റ്റൊന്നുമില്ലാതെ ഗ്രാമ്യനെല്ലിക്കകളാണ്‌ കിട്ടാറ്‌.

Friday, September 25, 2009

സൊല്യൂഷന്‍

ബ്ലൂബെറി ഹാര്‍ട്ടിനു നല്ലതാണത്രേ (ഏതെങ്കിലും ബെറികൃഷിക്കാരുടെ അസോസിയേഷന്‍ ഗവേഷിപ്പിച്ച് തെളിയിച്ചെടുത്തതാവും) അതെന്തരോ, ബ്ലാക്ക്‌ബെറി മനുഷ്യന്റെ വിശ്രമസമയം കൂടി നശിപ്പിക്കാന്‍ കമ്പനികള്‍ അടിച്ചേല്പ്പിക്കുന്ന ചൂഷണോപാധിയാകുന്നു. ഇതു കൊണ്ടു നടക്കൂല്ലെന്ന് വാശിപിടിച്ചിട്ടും ഫലമുണ്ടായില്ല. നായ്ക്കോലം കെട്ടിയാ കൊരക്കാതെ പറ്റൂല്ലല്ല്, ഒടുക്കം ഇതും പിടിച്ചോണ്ടാണ്‌ എന്റേയും നടപ്പ്. ആകെയുള്ള പ്രയോജനം നാട്ടില്‍ പോകുമ്പോള്‍ ഇതും താങ്ങി നടന്നാല്‍ നാലുപേര്‍ "ഓ, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണല്ലേ" എന്നു ചോദിക്കുമെന്നതാണ്‌. (ഇവിടെ വാന്‍‌സെയില്‍സുകാരനും കെന്റക്കി, പിറ്റ്സ, കൊറിയര്‍ ഡെലിവറിക്കാരനുമാണ്‌ ബ്ലാക്ക്‌ബെറിധാരികള്‍)

ഈയിടെ അതിന്റെ ഉറ എവിടെയോ കളഞ്ഞു പോയി, ഒന്നുരണ്ട് കടയില്‍ തിരക്കിയപ്പോല്‍ ഒറിജിനല്‍ ക്യാരിക്കേസ് കിട്ടാനുമില്ല, ആ കുന്തം ഒറിജിനലല്ലെങ്കില്‍‍ ഓട്ടോമാറ്റിക്ക് ലോക്കും അണ്‍ലോക്കും പവര്‍ സേവിങ്ങും ഒന്നും വര്‍ക്ക് ചെയ്യില്ല. പോക്കറ്റില്‍ ചില്ലറത്തുട്ടിന്റെയും താക്കോലിന്റെയും കൂടെ കിടന്ന് ഫോണിനു പോറലേല്‍ക്കുകയും ചെയ്യുന്നു.

അങ്ങനെ ഒരു വഴിക്ക് പോകുമ്പോഴാണ്‌ "പ്ലഗ്ഗിന്‍സ്" കണ്ണില്‍ പെട്ടത്. നേരേ കേറി.
"ബ്ലാക്ക് ബെറീടെ ഷീത്ത് ഉണ്ടോ?"
"ഉണ്ടല്ലോ"
"ഒരെണ്ണം വേണം എനിക്ക്"
"ഏതാ മോഡല്‍?"
"അത്.... മോഡല്‍ അനുസരിച്ച് ഷീത്തും മാറുമോ?"
"പിന്നില്ലേ, മോഡലിന്റെ അല്ലെങ്കില്‍ ഷെയിപ്പ് മാച്ചാവൂല്ല."

എന്റെ കുന്തത്തിന്റെ മോഡല്‍ എന്താണോ. ഐടി ഹെല്പ്പ് ഡെസ്കില്‍ വിളിച്ചു. ഇവരാണല്ലോ സാധനം വാങ്ങി തന്നവര്‍, അവര്‍ക്കറിയുമായിരിക്കണം. ഒരു ഹെല്പ്പുമില്ല, ആന്‍സറിങ്ങ് മെഷീനില്‍ പോകുന്നു. പെരുന്നാളായതുകൊണ്ട് രാത്രി ഹെല്പ്പില്ലായിരിക്കും.

ഡിസ്പ്ലേയില്‍ വച്ചിരിക്കുന്ന ബ്ലാക്ക് ബെറികള്‍ പോയി നോക്കി, എന്റെ മോഡല്‍ കണ്ടാല്‍ അത് സെയില്‍സ്മാനെ കാണിച്ചിട്ട് ഇതിന്റെ കവര്‍ മതിയെന്നു പറയാം. ങേ ഹേ, നമ്മുടെ മോഡല്‍ ഒബ്സൊലീറ്റ് ആയെന്നു തോന്നുന്നു, വില്പ്പനയ്ക്ക് വച്ചിട്ടില്ല.

നെറ്റില്‍ പോയി നോക്കിയാലോ, ഗൂഗിളിനോട് ബ്ലാക്ക് ബെറി മോഡല്‍ എന്നു ചോദിച്ചാല്‍ അത് പല പടം കാണിച്ചു തരും, അതില്‍ എന്റെ ഫോണ്‍ തിരിച്ചറിയുക എന്നിട്ട് പടം കാണിച്ച് ലോ ഇതു തന്നെ എന്നു പറയാം.

നെറ്റ് കിട്ടുന്നില്ല, ഫോണ്‍ തല്‍ക്കാലം ജീ.പി ആര്‍ എസ്സില്‍ ആണു പോലും . എഡ്ജ് കണക്ഷന്‍ ഉള്ള സമയത്തേ നെറ്റ് ഫാസ്റ്റ് ആയി വര്‍ക്ക് ചെയ്യൂ. ഒരാവശ്യത്തിനല്ലെങ്കില്‍ പിന്നെ എന്തരിനു കൂവാ ഈ ആധുനിക സം‌വിധാനമൊക്കെ.

കൂട്ടുകാരനു ഫോണ്‍ ചെയ്തു.
"ടേ, എന്റെ ബ്ലാക്ക്‌ബെറി ഏതു മോഡല്‍ ആണെന്ന് നിനക്ക് അറിയുമോ."
"പിന്നേ, നിന്റെ ഷഡ്ഡീഡെ സൈസ് ഒക്കെ ഓര്‍ത്തു വയ്ക്കാന്‍ ഞാനാര്‌ നിന്റെ ഭാര്യയോ." എന്ന് മറുപടി.

ഈ ഐഡിയ എനിക്കെന്തേ നേരത്തേ തോന്നിയില്ല! നേരേ ഭാര്യയെ വിളിച്ചു.

നോ ഉത്തരം, സഹധര്‍മ്മിണി സാധാരണയായി ഫോണ്‍ ബാഗില്‍ ഭദ്രമായി വയ്ക്കുകയാണ്‌ പതിവ്- മണിയടിയല്ല, അതിനി പൊട്ടിത്തെറിച്ചാലും പുറത്തൊരു ശബ്ദവും കേള്‍ക്കില്ല പിന്നെ.

ഓ നാശം. വാങ്ങിക്കണ്ടാ, തീര്‍ന്നല്ലോ.

ഇറങ്ങിപ്പോന്നു. വീട്ടില്‍ വന്ന് പെമ്പ്രന്നോരുടെ നേരേ ചാടി.
"ഡീ, ഫോണ്‍ വിളിച്ചാല്‍ നിനക്കു ചെവി കേള്‍ക്കില്ലേ, ഒരത്യാവശ്യം വന്നാല്‍ എങ്ങനെ അറിയിക്കും നിന്നെ?"
"അതിനിപ്പ എന്തര്‌ അത്യാവശ്യം വന്നത്?"
അത്യാവശ്യം മൊത്തം പറഞ്ഞു കേള്‍പ്പിച്ചു. ഫാര്യ മൊത്തം കേട്ടു തല കുലുക്കി.

"ഏതായാലും അത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് വാങ്ങിക്കാതെ പോരും മുന്നേ വേറൊരു വഴി കൂടെ ശ്രമിക്കാമായിരുന്നു." ഭാര്യ റിമാര്‍ക്കി.

അതെന്തു കാര്യം ഇനി ബാക്കി ? സകല വഴിയും ഞാന്‍ ശ്രമിച്ചതല്ലേ.

അതായത് ആമ്പ്രന്നോനേ, ആ ഫോണില്‍ നാട്ടുകാരെയൊക്കെ വിളിക്കും മുന്നേ അതൊന്ന് സെയില്‍സ്മാനെ കാണിച്ചിട്ട് "സാറേ, ഈ ടൈപ്പ് യന്ത്രത്തിന്റെ ഷീത്ത് ഒരെണ്ണം വേണം" എന്നു പറഞ്ഞാല്‍ മതിയായിരുന്നെന്ന്.

ആ വഴി കൂടെ ശ്രമിക്കാമായിരുന്നു. എന്തരു ചെയ്യാം പോയ ബുദ്ധി ആനപിടിച്ചാലും കിട്ടൂല്ലല്ല്.