Sunday, August 31, 2008

ഇവരെ അറിയുമോ?

ആരാണ്‌ കേരളത്തിലെ പരമദരിദ്രന്‍?
ദാരിദ്ര്യമോ അതെന്ത് എന്നു മറുചോദ്യമുണ്ടാവാതെയിരിക്കാന്‍ ആദ്യമേ ഒഴിഞ്ഞേക്കാം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ത്രെഷോള്‍ഡ് ഒരു ദിവസം പത്തുരൂപ ആണ്‌. അന്താരാഷ്ട്രത്തില്‍ പൊതു നിലവാരമായ ഡോളര്‍ ഏ ഡേയുടെ നാലിലൊന്ന്. മാസം മുന്നൂറു രൂപ പ്രതിശീര്‍ഷം അല്ലെങ്കില്‍ ആയിരത്തഞ്ഞൂറു രൂപ പ്രതികുടുംബം വരുമാനമില്ലാത്തവരെ കേരളത്തില്‍ പരമദരിദ്രര്‍ (ആഹാരം വസ്ത്രം മരുന്ന് എന്നിവയ്ക്ക് നിവൃത്തിയില്ലാത്തവര്‍) എന്നു പരിഷത്ത് കണക്കില്‍ കൊള്ളിക്കുന്നു.

കേരളത്തിലോ, അങ്ങനെ ശരിക്കും ആളുകള്‍ ഉണ്ടോ? വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ, അല്ലേ? അതാണ്‌ പഴങ്കഥയിലെ അമ്പട്ടന്‍ വീക്ഷണം. ആറു മലയാളിയില്‍ ഒരുത്തന്‍ അങ്ങനെയാണ്‌. (അഞ്ചിലൊരാള്‍ രിദ്രനെന്ന് സര്‍ക്കാര്‍ കണക്ക്, പരിഷത്ത് വച്ച ദാരിദ്ര്യരേഖ അല്പ്പം താഴെയായതുകൊണ്ട് ആറായി).

അല്ല, കൂലിവേലയ്ക്ക് ഇരുന്നൂറു രൂപ കിട്ടുന്ന കേരളത്തിലോ? നാലു തേങ്ങയിടാന്‍ ആളെ വിളിച്ചാല്‍ കിട്ടാനില്ലാത്ത കേരളത്തിലോ എന്നൊക്കെയായോ ഇപ്പോള്‍ സംശയം? അതാണ്‌ ഫ്രിക്ഷണല്‍ എമ്പ്ലോയ്മെന്റ് ഡിസോര്‍ഡര്‍. അതൊക്കെ പറഞ്ഞാല്‍ കാടു കേറിപ്പോകും. തല്‍ക്കാലം ഇത്രയുമോര്ത്താല്‍ മതി, ഒരു കുടുംബനാഥനു ബസ്സില്‍ ക്ലീനറായി ജോലിയാണെന്നും അവനു രണ്ടായിരം രൂപ മാസശമ്പളമുണ്ടെന്നും വയ്ക്കുക. കുടുംബത്തില്‍ വയസ്സായ മാതാപിതാക്കളും ഗൃഹനാഥയായ ഭാര്യയും നാലു മക്കളും ഉണ്ടെങ്കില്‍ പ്രതിശീര്‍ഷം പ്രതിമാസവരുമാനം ഇരുന്നൂറ്റമ്പതു രൂപയാണ്‌. അതായത് മുഴുപ്പട്ടിണി. (യൂ എന്‍ അന്താരാഷ്ട്ര കണക്ക് അനുസരിച്ച് ഇയാള്‍ക്ക് മാസം പതിനായിരം രൂപ വരുമാനമുണ്ടെങ്കിലും പുള്ളി ദരിദ്രനാണ്‌, അതു പോട്ടെ)

അല്ല, അപ്പോള്‍ ആരാണു കേരളത്തിലെ ദരിദ്രന്മാര്‍?
പരിഷത്ത് പഠനത്തിലെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം കണ്ട ആരും അത്ഭുതപ്പെടില്ല. കര്‍ഷകത്തൊഴിലാളികളാണ്‌ ദരിദ്രനാരായണ്മാരില്‍ ഭൂരിപക്ഷം. മൂന്നിലൊരു കര്ഷകത്തൊഴിലാളി പട്ടിണിക്കാരനാണ്‌. (ആത്മഹത്യ ചെയ്യുന്ന ഭീരുക്കളെന്നോ വിയര്‍ത്തു പണിയെടുക്കാന്‍ ഇഷ്ടമില്ലാത്തവരെന്നോ തമിഴനെക്കണ്ടുപഠിക്കാനോ എന്താന്നു വച്ചാല്‍ പറഞ്ഞാക്ഷേപിച്ചു രസിച്ചുകൊള്ളൂ). തല്‍ക്കാലം അവരെക്കുറിച്ചല്ല പറയുന്നത്.


രണ്ടാമത്തെ വലിയ സംഘം പരമദരിദ്രര്‍ ആരാണെന്നോ?
പ്രവാസിയുടെ കുടുംബം. വിദേശത്തുള്ള അംഗത്തിന്റെ ഡ്രാഫ്റ്റും കാത്തിരിക്കുന്ന കുടുംബങ്ങളില്‍ മൂന്നിലൊന്ന് പരമദരിദ്രരാണ്‌. അത് ഒരു ന്യൂനപക്ഷമല്ല എന്നത് മറ്റൊരു വിശേഷം. കേരളത്തിലെ മൊത്തം പരമദരിദ്രരില്‍ പത്തൊമ്പത് ദശാംശം രണ്ട് ശതമാനവും വിദേശമലയാളിയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ്‌. അല്ല ശരിക്കും ദരിദ്രവാസി പ്രവാസിയോ?

അവരെ അറിയില്ല അല്ലേ? അത്ഭുതമൊന്നുമില്ല. ഏഷ്യാനെറ്റ് സംഗീതോത്സവം കാണാന്‍ അവര്‍ സ്യൂട്ടില്‍ കയറി വരാറില്ല. ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സമയത്ത് "ചേച്ചി ഇത്തവണ ഗോള്‍ഡ് ആണോ ഡയമണ്ട് ആണോ വാങ്ങുക" എന്ന ചോദ്യവുമായി വഴിയില്‍ നടക്കുന്ന ചാനല്പ്പെണ്ണിനും അവര്‍ പിടികൊടുക്കില്ല. പുറത്തിറങ്ങാറുതന്നെയില്ല അവര്‍, പുറത്തിറങ്ങിയാല്‍ പണം ചിലവാകും. ചിലര്‍ക്ക് മുഖത്തൊക്കെ അടയാളം കാണാം. മാല്‍‌നുട്രീഷന്‍ എന്നു പറയും ആംഗലേയം. വര്‍ഷങ്ങളായി ഒരു നേരം കഴിക്കുന്ന ആഹാരം ഖുബൂസ് എന്ന അറബി റൊട്ടിയും ഒരു കഷണം ഉള്ളിയുമാണ്‌. നാട്ടില്‍ തീപൂട്ടാത്ത അടുപ്പു നോക്കി ഇരിക്കുന്ന വൃദ്ധയ്ക്കും തലയില്‍ കൈവച്ചു വെറുതേയിരിക്കുന്ന യുവതിക്കും ഇതൊക്കെത്തന്നെ ഗതി.

ആരാണ്‌ ഇവരെ ഇങ്ങനെയാക്കിയത്?

ഇതല്ലെങ്കില്‍ കാര്‍ഷികവൃത്തിയോ മറ്റെന്തെങ്കിലുമോ ചെയ്ത് നാട്ടില്‍ തന്നെ ദരിദ്രരായി കഴിയേണ്ടവരാണ്‌ മിക്കവരും- ഹോം മാര്‍ക്കറ്റിലുള്ളതിന്റെ പലമടങ്ങ് വിലയൊന്നും അന്താരാഷ്ട്രത്തിലും കിട്ടില്ലല്ലോ.
ഒന്നാമത്തെ വില്ലന്‍ ഗള്‍ഫ് മലയാളി തന്നെ. ഗള്‍ഫില്‍ പോയി എന്തോ നേടിയെന്നും അവിടെ എന്തൊക്കെയോ മലമറിക്കുകയാണെന്നും നാട്ടില്‍ പറഞ്ഞു പരത്തി ആളുകള്‍ക്ക് ഇല്ലാത്ത ഒരു ചിത്രം ഗള്‍ഫിനെക്കുറിച്ച് വരച്ചു കാട്ടുന്നവര്‍.

രണ്ടാമത് നില്‍ക്കുന്നു ചാനലുകളും പത്രങ്ങളും നാട്ടുവര്‍ത്തമാനക്കാരും. കെന്റ് സിഗററ്റ് വലിക്കുന്ന, ചന്തയില്‍ മീന്‍‌വില കൂട്ടുന്ന, വാക്ക് മാന്‍ (അതെന്തു കുന്തം? ) ചെവിയില്‍ വച്ച് നടക്കുന്ന, കാശിനു വിലയില്ലാത്ത വിഢ്യാസുരനെയും സ്പോര്‍ട്ട്സ് കാറ് ഓടിച്ചു പോയി ബിസിനസ്സും കള്ളക്കടത്തും നടത്തുന്ന ഗള്‍ഫുകാരനെയും കാണിച്ച് മതിയായില്ല ഇനിയും അവര്‍ക്ക്. ഒരുമാസം ദുബായി ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ കൊണ്ടാടുന്ന ചാനലുകള്‍ (ഓണം പോലും ഇങ്ങനെ കവര്‍ ചെയ്യില്ല, എന്താണോ ഇതിനു കേരളത്തില്‍ ഇത്ര പ്രാധാന്യം) അതും പോരാഞ്ഞ് സീരിയലും ഇവിടെത്തന്നെയാക്കി. പലരും അറിഞ്ഞുകൊണ്ടു തന്നെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. "അക്കരെ അക്കരെ" എന്നൊരു സീരിയല്‍ എടുത്തവന്‍ കാണിക്കുന്നത് ദോഹയില്‍ ഒരു ഡ്യൂപ്ലെക്സ് ലക്ഷ്വറി വില്ലയില്‍ ഭാര്യാസമേതം ആര്‍മ്മാദിച്ചു തകര്‍ക്കുന്ന ഒരു നായകനെ ആണ്‌. അദ്ദേഹം ഒരു ബിസിനസ്സുകാരനോ കമ്പനി ചീഫ് എക്സിക്യൂട്ടീവോ അതോ പ്രശസ്തനായൊരു സര്‍ജ്ജനോ എന്ന് നോക്കിയപ്പോള്‍ ട്രക്കില്‍ നിന്ന് കുടിവെള്ളം ബാരലില്‍ ചുമന്ന് വീടുകളില്‍ വിതരണം ചെയ്യുന്ന ജോലിക്കാരാണെന്ന് കണ്ടപ്പോള്‍ സം‌വിധായകന്റെ കരണത്ത് ഒന്നു പൊട്ടിക്കാന്‍ തോന്നി.

അവസാനമായി, ഈ കുറ്റം പ്രവാസവകുപ്പിന്റെയും എംബസിയുടേതുമാണ്‌. ഗള്‍ഫിലേക്ക് പോകുന്നവനു മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാനോ അവനു മിനിമം വേതനം നിശ്ചയിക്കാനോ (ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പ്രവാസ മന്ത്രിയും തന്ത്രിയുമൊന്നുമില്ലെന്ന് തോന്നുന്നു, പക്ഷേ അവരുടെ ആളുകള്‍ക്ക് മിനിമം കൂലി എത്രവേണമെന്ന് അവര്‍ നിശ്ചയിച്ചിട്ടുണ്ട്, നടപ്പാക്കുന്നുമുണ്ട്) ഈ വകുപ്പോ പിഞ്ഞിപ്പോയൊരു കുപ്പായമിട്ട് വിയര്‍ത്തു നടന്നു വരുന്നവനെ കാണുമ്പോഴേ "ജാ" "ഛൂപ്പ്" എന്നൊക്കെ ആട്ടുന്ന ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ല. ഗള്‍ഫില്‍ എത്ര ഇന്ത്യക്കാര്‍ എന്തു വേതനത്തില്‍ ഏതു വിസയില്‍ എങ്ങനെ കഴിയുന്നു എന്നതിനു പോലും ആരുടെ പക്കലും ഒരു വിവരവുമില്ല.

പതിനേഴു ലക്ഷം മലയാളികള്‍ വിദേശത്താണ്‌. അതില്‍ പതിനഞ്ചര ലക്ഷവും ഗള്‍ഫിലാണ്‌. ഏതാണ്ട് ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം. മൊത്തം ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. അരക്കോടിയോളം ആളു വരും അത്. ഇവരിലെ മൂന്നിലൊന്നാണ്‌ പരിഷത്ത് ചൂണ്ടുന്ന പരമദരിദ്രരായ പതിനാറുലക്ഷം.

പ്രവാസകാര്യവകുപ്പുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണമെങ്കില്‍ ഈ പതിനാറുലക്ഷത്തിന്റെ വിശപ്പു മാറണം.
പ്രിയ ആദര്‍ശധീരനായ മന്ത്രീ, ഇവരെയൊന്നും പുനരധിവസിപ്പിക്കാനുള്ള പാങ്ങ് കേരളത്തിനില്ലെന്നറിയാം. മിനിമം ബുദ്ധിമുട്ടില്‍ അവശ്യം ചെയ്തു തീര്‍ക്കാവുന്ന കാര്യങ്ങള്‍:
ഒന്ന്: അതതു രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്ക് പ്രഖ്യാപിക്കുക. എങ്ങനെ അതു നടപ്പാക്കാം എന്നറിയാന്‍ ഫിലിപ്പീന്‍സിലേക്കോ ചൈനയിലേക്കോ വേണമെങ്കില്‍ ഒരു യാത്ര പോയിക്കോളൂ, വിരോധമില്ല. അവരത് പണ്ടേ ചെയ്തു കഴിഞ്ഞു

രണ്ട്: തൊഴില്‍ വിസകളില്‍ പുറത്തു പോകുന്നവരുടെ ജോലിക്കരാറുകള്‍ നിര്‍ബന്ധമായും പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റിന്റെ അംഗീകാരത്തിനയക്കുക

മൂന്ന്: വിദേശയാത്രയില്‍ പാലിക്കേണ്ട നിയമങ്ങള്‍ ആളുകളെ ബോധവാന്മാരാക്കാന്‍ ഓഫീസുകള്‍ തുടങ്ങുക, ഇവിടെ കണ്ട പലര്‍ക്കും രണ്ട് പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് കുറ്റമാണെന്നു പോലും അറിയില്ല.

നാല്‌: ട്രാവല്‍ ഏജന്റുമാരുടെ പ്രവര്‍ത്തനം പ്രവാസിവകുപ്പിന്റെ അധികാരപരിധിക്കുള്ളില്‍ കൊണ്ടു വരിക.

അഞ്ച്: വിസ കച്ചവടം അധവാ പണം നല്‍കി വിസ വാങ്ങല്‍ കര്‍ശനമായും നിരോധിക്കുക.

ആറ്‌: വേശ്യാലയങ്ങള്‍, ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരെപ്പറ്റി അതത് എംബസികളിലോ കോണ്‍സുലേറ്റിലോ വിവരം നല്‍കിയാല്‍ ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സം‌വിധാനമുണ്ടാക്കുക.


പോസ്റ്റ് സമര്‍പ്പണം: രാവിലേ വഴിയില്ച്ച്ച് "മലയാളി ആണോ" എന്നു ചോദിച്ചു വന്ന അപരിചിതനായ മദ്ധ്യവയസ്കന്‌. അദ്ദേഹം എന്റെ ഉപദേശം ചോദിച്ച പ്രശ്നത്തിന്റെ ചുരുക്കം ഇങ്ങനെ.

ഒന്ന്: നേരത്തെ ഇവിടെ കൂലിപ്പണി ചെയ്തിരുന്ന ഇയാളെ പിരിച്ചു വിട്ടപ്പോള്‍ ഒരു കാരണവുമില്ലാതെ ആജീവനാന്ത എണ്ട്രി ബാന്‍ പതിച്ചിരുന്നു.

രണ്ട്: എണ്ട്രി ബാന്‍ എന്താണെന്നറിയാത്ത ഇയാല്‍ പാസ്സ്പോര്‍ട്ട് നാട്ടിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ കാണിച്ചു. രണ്ടാമതൊരു പാസ്സ്പോര്‍ട്ട് എന്നാല്‍ ക്രിമിനല്‍ കുറ്റമാണെന്ന് അയാള്‍ക്കറിയില്ലാത്തതുകൊണ്ട് അതെടുത്തു

മൂന്ന്: ഇതുവരെയുള്ള സമ്പാദ്യവും കടവുമായി വീണ്ടും ഒരു വിസ ആ ട്രാല് ഏജന്റിനോട് വാങ്ങി ഇയാള്‍ പിന്നെയും ദുബായി എയര്‍പ്പോര്‍ട്ടിലെത്തി

നാല്‌: ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഐറിസ് സ്കാന്‍ ചെയ്തുവരാന്‍ ഇയാളോട് ഉദ്യോഗസ്ഥര്‍ കല്പ്പിച്ചു. അത് എന്താണെന്ന് അറിയാത്തതുകാരണം കുറേ നേരം അവിടെ നിന്നു. പിന്നെ എങ്ങനെയോ ആരുമില്ലാത്ത ഒരു കൗണ്ടര്‍ വഴി പുറത്തേക്കു നടന്നു.

അഞ്ച്: അയാളെ സ്പോണ്‍സര്‍ ചെയ്തത് ആരാണെന്ന് അറിയില്ല. എങ്ങോട്ടു പോകണമെന്നും എന്തു ചെയ്യണമെന്നും നിശ്ചയമില്ല.

Saturday, August 30, 2008

ആട്‌, ഫ്ലാറ്റ്‌, ബ്ലേഡ്‌, മാഞ്ചിയം

രണ്ടീസം തിരുവന്തോരത്ത്‌ പെയ്യിരുന്ന്, ഒരു കല്യാണം കൂടാന്‍. നാട്ടിലെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ട്‌ ചിരിക്കണോ കരയണോ എന്ന് ഒരു പിടിയുമില്ല.

കെട്ടിടങ്ങള്‍ അങ്ങനെ പൊങ്ങിക്കേറുകയാണ്‌, നാട്ടുകാര്‍ക്ക്‌ ഫ്ലാറ്റില്‍ മഞ്ഞപ്രാന്ത്‌ മൂത്ത്‌. രണ്ട്‌ മൊളവും കറിയേപ്പിലേം പിച്ചാനൊരു അടുക്കളത്തോട്ടവും പട്ടിയെ ഇടാന്‍ ഒരു കൂടും രാവിലേ കാലു നീട്ടിയിരുന്ന് ചെറിയ വെയിലും കൊണ്ട്‌ പത്രം വായിക്കാന്‍ ഒരു തിണ്ണയുമുള്ള ഒരു കൊച്ചു വീടിനു നഗരപ്രാന്തത്തില്‍ കൊടുക്കണ്ട വിലയിലും അധികമാണ്‌ നഗരത്തിനകത്തെ രണ്ടുമുറി നരകത്തിനു വില. ഇതെന്തു കുന്തമെന്ന് അന്തം വിട്ടു നോക്കി നടന്നിട്ടു പോന്നു. എടയ്ക്ക്‌ ഒരു മച്ചു വന്ന് വിളിച്ച്‌ വേട്ടാവളിയന്‍ നിലം തൊടാമണ്ണു കാക്കുന്നതുപോലെ സര്‍ക്കാരീന്നു അയ്യേയെസ്സേമാന്മാരും ന്യായാസനങ്ങളും രാഷ്ട്രീയ കുത്തകവ്യാപാരികളും ചേര്‍ന്ന് അടര്‍ത്തി എടുത്തു മേലേ കാക്കുന്ന ഗോള്‍ഫ്‌ ക്ലബില്‍ ബീയറടിക്കാന്‍ കൊണ്ടുപോയ വഴി രണ്ടുമൂന്നു "ബില്‍ഡര്‍"മാരെയും കണ്ടു. അവരോട്‌ ഫ്ലാറ്റുപുരോഗതി ത്ജിരക്കിയപ്പോ കേട്ട രണ്ടു ബില്‍ഡര്‍ക്കഥകള്‍:

ബില്‍ഡര്‍ ഒന്ന്- പാപ്പര്‍. ബില്‍ഡിങ്ങേല്‍ ഫ്ലാറ്റ്‌ വാങ്ങിയവര്‍- ഊളന്‍പാറയില്‍ പോകാവുന്ന പരുവത്തില്‍ നടപ്പുണ്ട്‌.

ഡിമാന്‍ഡ്‌ ഇപ്പോ സീവ്യൂ, റിവര്‍വ്യൂ, റെയര്‍ വ്യൂ എന്നിവയ്ക്കായതുകൊണ്ട്‌ ഇദ്ദേഹം കിള്ളിയാര്‍ കൊച്ചാര്‍ അച്ചാര്‍സ്ഥാനത്ത്‌ ഒരു പത്തിരുപതു നില
അങ്ങു കെട്ടാന്‍ തീരുമാനിച്ചു. കെട്ടിടത്തിനും നദിക്കും ഇടയ്ക്ക്‌ റോഡില്ലേല്‍ നദിയില്‍ നിന്നും അമ്പതു മീറ്റര്‍ ദൂരത്തേ കെട്ടിടം വയ്ക്കാവൂ എന്ന് പരിസ്ഥിതി നിനയം . പരിസ്ഥിതി മണ്ണാന്‍കട്ട. പുള്ളിക്കാരന്‍ കുറച്ചേറെ ലക്ഷങ്ങള്‍ ഒരു ഭരണത്തലവനു നല്‍കി പെര്‍മിറ്റങ്ങു വാങ്ങി. പത്തിരുപതു നില കെട്ടിപ്പൊക്കി. കിള്ളിയാറ്റിന്റെ കരയില്‍ വീടും കുടിയുമില്ലാത്ത ചേരിക്കാര്‍ രാവിലേ വെളിക്കിറങ്ങുന്ന മനോഹര ദൃശ്യം വ്യൂവായുള്ള ഫ്ലാറ്റ്‌ ഓരോന്ന് അരക്കോടി വരെ വിലയ്ക്ക്‌ അങ്ങോട്ട്‌ വിറ്റു തീരാറായപ്പോഴാണ്‌ ഇടയ്ക്ക്‌ ഫരണം മാറി കേറിവന്ന പുതിയ കേരള സര്‍ക്കാര്‍ സംഗതി അറിഞ്ഞത്‌. ഫ്ലാറ്റ്‌ സമുച്ചയം അങ്ങോട്ട്‌ അടച്ചു. പഴേതിന്റെ ഇരട്ടി ലക്ഷങ്ങള്‍ കൊടുക്കാമെന്നും സകലമാന മന്ത്രി മക്കള്‍ക്കും അതേല്‍ ഫ്ലാറ്റും കൊടുക്കാമെന്നും പറഞ്ഞു നോക്കി. ങേ ഹേ. ബില്‍ഡര്‍ തകര്‍ന്നു. പത്തും മുപ്പതും വര്‍ഷം ഗള്‍ഫില്‍ വിയര്‍ത്തതും സ്വാശ്രയിച്ച്‌ എം ബി ബി എസ്സ്‌ എടുത്തതിന്റെ കൂലി അമ്മാവിയപ്പനോട്‌ വാങ്ങിയതും ഗ്രാറ്റുകുറ്റിയും കള്ളപ്പണവും ഒക്കെയായി പല മനുഷ്യരും കൊടുത്ത ഫ്ലാറ്റുവില ഗോവിന്ദാ. കെട്ടിടം ഇടിക്കാനുള്ള നോ ഹൌ സര്‍ക്കാരിനു ഇല്ലാത്തതുകാരണം ഇപ്പോ അടച്ചു പൂട്ടി സീല്‍ ചെയ്തു ഇരിപ്പുണ്ട്‌.


രണ്ടാമത്തെ കൂറ്റന്‍ സമുച്ചയം കേരളത്തിലെ നമ്പര്‍ വണ്‍ തന്നെ ഉണ്ടാക്കിയതാണ്‌. സംഗതി കവടിയാര്‍
കൊട്ടാരം വ്യൂ. തീവിലയ്ക്ക്‌ വാങ്ങിയ സാധുക്കള്‍ ഇപ്പോള്‍ ബാര്‍സ്റ്റൂളില്‍ നിന്നും തേളുകുത്തിയ മങ്കിയെപ്പോലെ എന്തൊക്കെയോ ചെയ്തു നടപ്പുണ്ട്‌.

ബില്‍ഡിയപ്പോള്‍ അറിഞ്ഞില്ലത്രേ കവടിയാര്‍ എന്ന പ്രൌഢഗംഭീരമായ സ്ഥലത്തിന്റെ ഒരു കുഞ്ഞുകോണ്‍ നില്‍ക്കുന്നത്‌ കുറവന്‍കോണം പഞ്ചായത്തിലാണെന്ന്. സംഗതി കെട്ടി തീര്‍ന്നപ്പോള്‍ കറണ്ടുമില്ല, വെള്ളവുമില്ല. പഞ്ചായത്തിനു ഇതിനൊരു പെര്‍മിറ്റ്‌ കൊടുക്കാന്‍ അധികാരവുമില്ല, കൊടുത്ത നഗരസഭയ്ക്കു ഉഗ്രപ്രതാപിയെ കണ്ടു വെപ്രാളം കേറീട്ടാണോ എന്തോ ആ കോണ്‍ കുറവന്‍ കോണത്താണെന്ന് ഓര്‍മ്മയും വന്നില്ല.


അങ്ങനെ പോണു ഫ്ലാറ്റു വിശേഷം. വേറേയും വിശേഷം. പ്രിയ മലയാളി സഹോദരങ്ങളേ, നിങ്ങളുടെയൊക്കെ മക്കള്‍ പഠിക്കാന്‍ എഴുതിയ പാഠപുസ്തകങ്ങള്‍ അവര്‍ക്ക്‌ പരൂക്ഷ ജയിക്കാന്‍ മാത്രമുള്ളതല്ല കേട്ടോ, അതേല്‍ ചില കാര്യമുണ്ട്‌. ഉദാഹരണത്തിനു പ്ലസ്‌ ടൂ ധനതത്വശാസ്ത്ര പുസ്തകത്തില്‍ ന്യായമായൂം കാണേണ്ട ഒരു കാര്യം (ഉറപ്പില്ല, ഞാന്‍ പ്ലസ്‌ റ്റൂ പഠിച്ചിട്ടില്ല) .

പ്രതിഫലത്തിന്റെയും (return) നഷ്ടസംഭാവ്യതയുടെയും (risk) തോത്‌ അനുകൂലാനുപാതത്തിലേ നീങ്ങൂ എന്നാണ്‌ ആ ലളിതമായ പാഠം. അതു പഠിക്കാന്‍ സ്വല്‍പ്പം കോമണ്‍ സെന്‍സ്‌ ഉണ്ടായാലും ധാരാളം മതി.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ രണ്ടാഴ്ച്ച കഴിയുമ്പോള്‍ ഒരുലക്ഷത്തി
ഇരുപതിനായിരം രൂപ തരാമെന്ന് ഒരു സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. അതായത്‌ മാസം 40 ശതമാനം രണ്ടേല്‍ കൂട്ടു പലിശ വര്‍ഷം അഞ്ഞൂറ്റി ഇരുപതു ശതമാനം ഇരുപത്തഞ്ചേല്‍ കൂട്ടു പലിശ. കേരളത്തില്‍ ന്യായമായ എന്തു ബിസിനസ്സ്‌ ചെയ്താലും ഇരുപതു ശതമാനം അടുത്താണ്‌ ആദായം. എങ്ങനെ ഈ അഞ്ഞൂറ്റിരുപതു നിങ്ങള്‍ക്കു തരാന്‍ മാത്രം ഒരു സ്ഥാപനം ആദായമുണ്ടാക്കും?

എന്തരായാലും ശരി തിരുവന്തോരത്തെ ഒരുപാടു പേരുടെ പെന്‍ഷന്‍ കമ്യൂട്ട്‌ ചെയ്തതും ഗ്രാറ്റുകുറ്റി ഊരിയതും കൈക്കൂലി സ്വരൂപിച്ചതും കെട്ടിയവളെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുമെന്ന് പറഞ്ഞ്‌ അമ്മാവിയപ്പനെ ഊറ്റിയതും എല്ലാമായി ആ സ്ഥാപനം മാഞ്ഞു പോയി. ആളെ പൊക്കി ഒരു ചെറിയ ഓഹരിയെങ്കിലും പിരിക്കാന്‍ കഴിഞ്ഞാല്‍ കഞ്ഞിക്കുള്ള കാശെങ്കിലും നിക്ഷേപകര്‍ക്ക്‌ കിട്ടുമായിരിക്കും.

അങ്ങനെ പോണു നാട്ടു വിശേഷം.

Thursday, August 21, 2008

പ്രിയ പ്രവാസമന്ത്രിക്ക്

എത്രയും ബഹുമാനപ്പെട്ട പ്രവാസകാര്യമന്ത്രി അറിയാന്‍,
പ്രവാസികളെ കാര്യമായി തന്നെ കാണുന്നതിനു നന്ദി. പത്രം വായിക്കുന്ന ശീലമില്ലാത്തതിനാല്‍ ബ്ലോഗില്‍ നിന്നാണ്‌ വിദേശ ഇന്ത്യക്കാര്‍ക്കു മകളെ കെട്ടിച്ചുകൊടുക്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാരിന്റെ മുന്നറിയിപ്പ് കണ്ടത്. ഇതുവരെ മദ്യം സിഗററ്റ് തുടങ്ങിയ വസ്തുക്കളിന്മേലെയേ ഇത്തരം യൂസര്‍ കാവിയറ്റ് കണ്ടിട്ടുള്ളൂ, പ്രവാസിക്ക് മോളെക്കെട്ടിച്ചുകൊടുക്കുന്നതുപോലെയുള്ള മറ്റു ഹീനവൃത്തികളിലേക്കും സര്‍ക്കാര്‍ അത് വ്യാപിപ്പിച്ചു കണ്ടതില്‍ വളരെ സന്തോഷമുണ്ട്.
ചില കാര്യങ്ങളില്‍ എനിക്ക് സംശയം തീരാത്തതുകാരണം പരസ്യത്തിന്റെ ചുവട്ടില്‍ കൊടുത്തിരിക്കുന്ന DIRSS@MOLA.NIC.IN എന്ന ഈമെയില്‍ വിലാസത്തിലേക്ക് കത്തയച്ചിരുന്നു. mola.നിക്ക്.ഇന്‍ എന്നൊരു മെയില്‍ സമ്വിധാനം ഇല്ലെന്ന് ഉത്തരം കിട്ടി. ഇനി തല എന്നോ കല എന്നോ ആണോ എന്ന് അറിയില്ല. അതിനാല്‍ കത്ത് ഇവിടെ പോസ്റ്റ് ചെയ്തു പോകുന്നു.
എന്റെ മകളെ വിദേശ ഇന്ത്യക്കാരനു കല്യാണം കഴിച്ചു കൊടുക്കും മുന്നേ പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും അന്വേഷിക്കണമെന്ന് മാത്രമേ പരസ്യത്തില്‍ കണ്ടുള്ളു, എവിടെ എങ്ങനെ എന്ത് അന്വേഷിക്കണം എന്നു കണ്ടില്ല. എന്റെ മകളെ കണ്ണമ്മൂലയില്‍ കെട്ടിച്ചാലും ഉമ്മല്‍ക്കുവൈനില്‍ കെട്ടിച്ചാലും എനിക്കറിയേണ്ട കാര്യങ്ങള്‍ ഒന്നാണ്‌, അതൊക്കെ എവിടെ അറിയാനാണ്‌ അങ്ങു പറഞ്ഞതെന്ന് മനസ്സിലായില്ല.
പ്രവാസകാര്യവകുപ്പിന്റെ കയ്യില്‍ ആരൊക്കെ എവിടെയൊക്കെ എന്തു ജോലി ചെയ്യുന്നു എന്നതിനു വല്ല രേഖയും ഉണ്ടോ?
ദുബായിലെ കോണ്‍സുലേറ്റില്‍ ചോദിച്ചപ്പോള്‍ എന്ത്ര ഇന്ത്യക്കാര്‍ വന്നു, എത്ര പേര്‍ പോയി, എത്രപേര്‍ ഇവിടെക്കിടന്നു ചത്തുപോയി, എത്രപേര്‍ രോഗികളാണ്‌, എത്ര പേര്‍ക്കു ജോലിയുണ്ട്, ജോലിയുള്ളവരില്‍ എത്രപേര്‍ക്കു ശമ്പളമുണ്ട്, എത്രപേര്‍ കല്യാണം കഴിച്ചതാണ്‌ എന്നൊന്നും അവര്‍ക്ക് ഒരു പിടിയുമില്ല.
ഇനി അവിടത്തെ തൊഴില്‍ മന്ത്രാലയത്തില്‍ തിരക്കാമെന്നു വച്ചാല്‍ അതെല്ലാം ഒരാളുടെ സ്വകാര്യവിവരമാണെന്നും കല്യാണത്തിനല്ല പതിനാറടിയന്തിരത്തിനാണെന്നു പറഞ്ഞാലും പുറത്തു പറയില്ലത്രേ.
സ്യൂട്ടിട്ട മൂന്നാലുപേരും ഒരു പെമ്പ്രന്നോത്തിയും ഇരിക്കുന്ന ഹെഡര്‍ മാസ്റ്റിട്ട വിദേശകാര്യവകുപ്പിന്റെ വെബ് സൈറ്റിലും പോയി നോക്കി. അവിടെയും ഈ വിവരങ്ങളൊന്നും തരുമെന്ന് സൂചനയില്ല. പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റ്സിനു സൈറ്റ് ഉണ്ടോ എന്നു തപ്പിയിട്ട് ഗൂഗിള്‍ കൈ മലര്‍ത്തി.
എന്നാറൈ ഹാന്‍ഡുബുക്ക് ഡൗണ്‍ലോഡ് ചെയപ്പ അതില്‍ എങ്ങനെ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാമെന്നും എങ്ങനെ നാട്ടില്‍ പണം പാഴാക്കാമെന്നും മാത്രമേ കാണാനുള്ളൂ.

പ്രവാസമന്ത്രാലയത്തിലെ ഗവേഷണപ്രബന്ധത്തിലും പഞ്ചാബീനും ആന്ധ്രയീന്നും ഗ്രാമീണ പെണ്‍പിള്ളേരെ കെട്ടി ചതിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകറുണ്ടെന്നും അതിനെതിരേ അഞ്ചെട്ടുസ്ത്രീകളും അത്രതന്നെ പുരുഷന്മാരും അടങ്ങുന്ന ഒരു ഉന്നത സമിതി ഉണ്ടാക്കി എംബസികളും അതത് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ വകുപ്പുകളും തമ്മില്‍ എന്തൊക്കെയോ കരാര്‍ ഉണ്ടാക്കുമെന്നും എന്നാറീ കെട്ടാന്ന്നേരം പള്ളീന്നു പോരാഞ്ഞു ഇമിഗ്രേഷനീന്നും എന്തൊക്കെയോ പത്രം വാങ്ങിപ്പിക്കുമെന്നും ഒക്കെ അടങ്ങുന്ന പത്തിരുപതു പേജ് പദ്ധതി കണ്ടല്ലോ? രണ്ടുവര്‍ഷം മുന്നേ ഇറക്കിയ വിളംബരത്തില്‍ പറഞ്ഞിരിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുകയുണ്ടായോ? എന്റെ അറിവില്‍ ഒന്നും കണ്ടില്ല.

അങ്ങ് ട്രാസ്ന്‍പോര്‍ട്ട് ബസ്സില്‍ യാത്ര ചെയ്തിട്ടുണ്ടോ? "പോക്കറ്റടി സൂക്ഷിക്കുക" എന്നാണ്‌ അതേല്‍ എഴുതി വച്ചിരിക്കുന്നത് "അടുത്തിരിക്കുന്നവരെ സൂക്ഷിക്കുക" എന്നല്ല. മാത്രവുമല്ല, എഴുതിവക്കേണ്ടത് ബസ്സില്‍ തന്നെയാണ്‌, അയലത്തെ പാപ്പച്ചന്റെ തിണ്ണയിലല്ല.

പിന്നെ ആ ചോറ്റുപാത്രത്തില്‍ ചവിട്ടുന്ന പടം, അതെനിക്കിഷ്ടമായി. ഇലയിട്ടു ചവിട്ടുന്നതാണെങ്കില്‍ കുറച്ചുകൂടെ ക്ലിയര്‍ ആയേനെ.

വിനയപൂര്വ്വം.
ഒരു പ്രജ.

PS
മറ്റേ ബ്ലോഗില്‍ മോള്‍ട റേഷന്‍ കാരണം ഇവിടെ പോസ്റ്റിട്ടതാണു മന്ത്രിജീ, മറുപടി അവിടെത്തന്നെ ഇട്ടാല്‍ മതി, ഇവിടെ വേണ്ട

Wednesday, August 20, 2008

അന്യം നിന്നു പോയത്

കാസ്പിയന്‍ കടുവയെയും അറേബ്യന്‍ ഒട്ടകപ്പക്ഷിയെക്കുറിച്ചുമല്ല.നാട്ടില്‍ അന്യം നിന്നു പോയ പലതും ഞാന്‍ മിസ്സ് ചെയ്യുന്നു. (വയസ്സാകുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ "പണ്ടത്തെക്കാലത്ത്" എന്നു തുടങ്ങുന്നത്.)

1.Religion is the opium of the people - മലയാളത്തില്‍ പറഞ്ഞാല്‍ "കറുപ്പും പള്ളീലച്ചനും തലയ്ക്കു പിടിക്കും" എന്നതുപോലത്തെ സുന്ദരന്‍ സാഹിത്യവും ക്ലോറല്‍ ഹൈഡ്രേറ്റ് ചേരാത്ത കള്ളും നുരച്ചിരുന്ന വയല്‍‌വരമ്പത്തെ കള്ളുഷാപ്പുകള്‍.
അവയെ തെറിയും നാറ്റവും പുകയും ഇരുട്ടും നിറഞ്ഞ ബാറുകള്‍ ഇല്ലാതാക്കിക്കളഞ്ഞു.

2.റേഡിയോ പാര്‍ക്കില്‍ മൈക്കിലൂടെ വരുന്ന വാര്‍ത്ത കേട്ട് കൂടിയിരുന്ന് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വയസ്സന്മാര്‍.
അവരിപ്പോള്‍ കൊതുകുകയറാതെ സന്ധ്യക്കു ജനലും കൊട്ടിയടച്ച വീട്ടില്‍ ഒറ്റക്കിരുന്ന് ടെലിവിഷന്‍ വാര്‍ത്തയിലെ തല പോയ ശവങ്ങളും കൊച്ചുമകളെ പീഡിപ്പിച്ച പ്രതിയുടെ വിശേഷങ്ങളും കാണുകയാണ്‌.

3. മഴ തിമിര്‍ക്കുന്നതിനിടെ മുറ്റത്തു നിന്നും രണ്ടടിപ്പൊക്കത്തില്‍ നില്‍ക്കുന്ന ജനലിലൂടെ അകത്തേക്ക് ചാടിക്കയറുന്ന കൊച്ചു തലയിണ വലിപ്പമുള്ള പച്ചത്തവള.
അടിയാറുകള്‍ വറ്റിയപ്പോള്‍ അവ പോയി.

4. ചിരട്ടത്തവിയില്‍ ചായയടിക്കുന്ന ചൂടു ദോശയും ചമ്മന്തിയും ഇലക്കീറില്‍ കിട്ടുന്ന കൊച്ചു ചായക്കട. അമേദ്ധ്യമൊഴുകുന്ന ഓടയുടെ പുറത്തു വച്ച തട്ടില്‍ വാള്‍പ്പോസ്റ്റര്‍ മൈദ ച്യൂയിങ് ഗം പോലെ ആക്കിയതില്‍ തീര്‍ത്ത പൊറോട്ടയും എറിത്രോസിനും കാവിപ്പൊടിയും കുഴച്ച മസാലയില്‍ മുക്കി ഒരാണ്ടു മുന്നേയുള്ള ആദ്യ തിളയില്‍ തന്നെ പുകഞ്ഞ എണ്ണയില്‍ പൊരിച്ച ബീഫും വില്‍ക്കുന്നവര്‍ക്കു മുന്നില്‍ അവ തോറ്റുപോയി.

5. ഒരു പൊതിച്ചോറും കയ്യില്‍ പിടിച്ച് ഒരു കുട ചൂടി വര്‍ത്തമാനം പറഞ്ഞ് മെല്ലെ ഏജീസ് ഓഫീസിലേക്കും പി എം ജിയിലേക്കുമൊക്കെ രാവിലേ നടന്നു കയറുന്ന ദമ്പതികള്‍. അവരിപ്പോള്‍ രാവിലേ തമ്മില്‍ മിണ്ടാന്‍ പോലും നേരമില്ലാതെ കാറില്‍ പാഞ്ഞു പോകുകയും വൈകുന്നേരം കുടവയറും കൊളസ്റ്റ്റോളും മാറ്റാന്‍ മ്യൂസിയത്തില്‍ വിയര്‍ത്തും പ്രാകിയും നടന്നും ജീവിതം തീര്‍ക്കുകയാവും.

Monday, August 18, 2008

ഇതെന്തു നീതി ഇതെന്തു ന്യായം...

മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേദ്ധ്യവും... എന്ന രീതിയിലുള്ള പ്രകടനങ്ങള്‍ സിനിമയില്‍ വരാം. പരമാവധി ഒരു പോലീസുകാരനു പറയാം, ക്രമസമാധാനവും ബലപ്രയോഗവും തെറിവിളിയും മര്‍ദ്ദനവും കുറേയെങ്കിലും കൂടിക്കലര്‍ന്നു പോകാറുണ്ട്. പക്ഷേ ഒരദ്ധ്യാപകന്‍ ഇങ്ങനെ ക്ലാസില്‍ പറഞ്ഞാലോ? പ്രധാനമന്ത്രി സാര്‍ക്ക് ഉച്ചകോടിയില്‍ കയറിപ്പറഞ്ഞാലോ? ചില സ്ഥാനങ്ങള്‍ അതിന്റേതായ മിതത്വം പാലിക്കേണ്ടതുണ്ട്. എനിക്കു നിങ്ങളെ വാടാ മച്ചാ എന്നു വിളിക്കാം, ബുഷ് "ഹലോ ടോണി" എന്നു വിളിച്ചാല്‍ അത് വിമര്‍ശിക്കപ്പെടും.


ഒരു ന്യായപാലകന്‍ (ന്യായാധിപന്‍ പൊതുജനം എന്ന കഴുത തന്നെ, പേരിലെങ്കിലും ജനാധിപത്യമുണ്ടല്ലോ) പറഞ്ഞത് "രാജാവിനെക്കാളും വലിയ രാജഭക്തി.... നിങ്ങളെപ്പോലെയുള്ള സിവില്‍ സേര്വന്റുകളാണ്‌ രാഷ്ട്രത്തിന്റെ ശാപം.." എന്നാ ഡയലോഗ~. ഇതു കേട്ടു നിന്ന സര്‍ക്കാര്‍ ജോലിക്കാരി ഡോക്റ്റര്‍ നിവേദിത ഹരനു ബോധോദയമുണ്ടായിക്കാണും.

അല്ല എന്തിനാണീ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നമ്മള്‍ ശമ്പളം കൊടുത്തു പോറ്റുന്നത്? സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കാന്‍. സര്‍ക്കാര്‍ ഇനി ജനത്തെ വഞ്ചിക്കുകയാണെങ്കില്‍ ഒരു വിസില്‍ ബ്ലോവറായി ശ്രീമതി ഹരനു കോടതിയെയോ മറ്റോ സമീപിക്കാന്‍ ഒരു ജീവനക്കാരിയെന്ന നിലയില്‍ അവകാശമുണ്ട്.


ഇക്കണ്ട തെറിയെല്ലാം ന്യായപാലകക്കസേരയില്‍ നമ്മള്‍ നികുതിദായകര്‍ കൂടി കയറ്റി ഇരുത്തിയ അഡ്വക്കേറ്റ് മയ്യനാട് സിരിജഗന്‍ ഈ സ്ത്രീയെ വിളിക്കാന്‍ കാരണം എന്തെന്ന് ആരാഞ്ഞു നോക്കി. ഒന്നുമില്ലെങ്കിലും രണ്ടും നമ്മള്‍ അരിവാങ്ങിക്കുമ്പോഴും മരുന്നു വാങ്ങുമ്പോഴും സ്മാള്‍ അടിക്കുമ്പോഴും സര്‍ക്കാരില്‍ കെട്ടുന്ന ചുങ്കത്തില്‍ നിന്നും ശമ്പളം വാങ്ങിക്കുന്ന തൊഴിലാളികളല്ലേ.

തിരുവന്തോരം ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാനുള്ള ഉത്തരവ് ഉടനടി നടപ്പാക്കിയതാണ്‌ ഇവര്‍ ചെയ്ത പാപം. അവധി ദിവസം കോടതി കൂടി ഗോള്‍ഫ് ക്ലബ് തിരിച്ചു കൊടുക്കാന്‍ ഉത്തരവ് ഇറക്കിയതുമാണ്‌. മാറാടു കേസും അഭയക്കേസും എന്‍ എന്‍ സി ലാവ്‌ലിന്‍ കേസും പരിഗണിക്കാന്‍ പോലും ഞായറാഴ്ച കൂടാത്ത കോടതി ഇങ്ങനെ ചെയ്യണമെങ്കില്‍ ഈ ഗോള്‍ഫ് ക്ലബ് റേഷന്‍‌കടയോ മെഡിക്കല്‍ കോളേജോ പോലെയല്ല, ജനത്തിന്റെ പ്രാണവായു തന്നെ ആയിരിക്കണം.

നാട്ടില്‍ ഞാനുള്ളപ്പോള്‍ പരിചയക്കാരില്‍ ചിലര്‍ ഗോള്‍ഫ് ക്ലബ്ബില്‍ എന്നെ വിളിച്ചുകൊണ്ട് പോകാറുണ്ട്. ഞാന്‍ ഗോള്‍ഫ് കളിക്കാരനല്ല, വിളിച്ചുകൊണ്ട് പോകുന്ന അംഗങ്ങളും ഗോള്‍ഫിന്‍‍‌കോല്‍ ജീവിതത്തിലിന്നേവരെ കൈകൊണ്ട് തൊട്ടിട്ടില്ല. ഉന്നതരായ, മാന്യരായ സഹകുടിയന്മാര്‍ക്കൊപ്പം ഇരുന്ന് മദ്യപിക്കാനും ഒടുക്കം സഫാരിയും ചോളായും പോലെ സാധാരണക്കാര്‍ അടിച്ചു വാളുവയ്ക്കുന്ന അഞ്ചുമിട്ടുട്ടില്‍ എട്ടു കയ്യാങ്കളി കാണാവുന്ന കോമണ്‍മാന്‍സ് ബാറില്‍ കൊടുക്കുന്നതിനെക്കാള്‍ ചെറിയ ഒരു ബില്‍ മാത്രം കൊടുത്ത് ഇറങ്ങിപ്പോരാവുന്ന ഒരു സ്ഥലം. കയ്യില്‍ നാലു ചക്രം ഇരിപ്പുണ്ടെങ്കില്‍ ശ്രീമൂലം ക്ലബ്ബും ലയണ്‍സും അംഗത്വം തരും, പക്ഷേ ഗോള്‍ഫ് ക്ലബ്ബില്‍ കിട്ടണമെങ്കില്‍ പേഴ്സിന്റെ കനം മാത്രം കാണിച്ചാല്‍ പോരാ, അധികാരത്തിന്റെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നും തെളിയിക്കണം, അത്തരം വന്‍ സ്രാവുകള്‍ മാത്രമേ അവിടെ കയറിപറ്റൂ.

അപ്പോ ഇവിടെ ഗോള്‍ഫുകളിയില്ലേ? പിന്നില്ലേ, ആണ്ടറുതിക്കും സംക്രാന്തിക്കും ടെക്നോപ്പാര്‍ക്കില്‍ കരാറൊപ്പിടാന്‍ വന്ന കൂട്ടത്തില്‍ എന്നാലൊരു കളീം നടക്കട്ടെ എന്നു കരുതി വരുന്ന അപൂര്വ്വം ചില ജപ്പാന്‍‌കാര്‍, അതിലും അപൂര്വമ്വമായി ചില യൂറോപ്പുകാര്‍. സ്ഥിരം കളിക്കാരായ പത്തുപേരെപ്പോലും ഗോള്‍ഫ് ക്ലബ്ബിനു അവകാശപ്പെടാനില്ല. നിയമവും നീതിയും ന്യായവും എല്ലായ്പ്പോഴും ഒന്നാകില്ല, പക്ഷേ കടകവിരുദ്ധമാകാന്‍ പാടില്ല. ഗോള്‍ഫ് ക്ലബ് സര്‍ക്കാരിന്റേതാണ്‌. അത് നടത്താന്‍ ആര്‍ക്കും വാടകയ്ക്കു നല്‍കിയിട്ടില്ലാത്തതിനാല്‍ തിരുച്ചു പിടിക്കാനുമാവില്ല എന്നത് നിയമത്തെ വ്യാഖ്യാനിച്ചുവരുമ്പോള്‍ പറ്റുന്ന ഒരു ചെറിയ പിശകാണ്‌. എന്റെ അതിഥിയായി വീട്ടില്‍ താമസിക്കുന്നവനോട് ഇറങ്ങിപ്പോകാന്‍ പറയുമ്പോള്‍ അവനു വാടകച്ചീട്ടില്ല അതിനാല്‍ ഒഴിപ്പിക്കാനുമാവില്ല എന്നു പറയുമ്പോലെ ഒന്ന്.


യാതൊരുവിധ സമൂഹ്യപ്രാധാന്യവുമില്ലാത്ത കേസാണിത്,ടര്‍ഫ് നനയ്ക്കാന്‍ ദൈനം ദിനം അടിച്ചു വിടുന്ന പതിനായിരക്കണക്കിനു ലിറ്റര്‍ വെള്ളം കിള്ളിയാറ്റിലേക്കടിച്ചാല്‍ നഗരത്തിലെ നാറ്റവും കൊതുകും കുറയുമെന്ന് മാത്രമേ ഭൂരിപക്ഷം തിരുവനന്തപുരം നിവാസികളും നിരീക്ഷിക്കുന്നുള്ളു. (കോടതിക്കറിയുമോ എന്തോ, തിരുവനന്തപുരത്തിനു കുടിവെള്ളം കൊടുത്ത് ദാഹമകറ്റാന്‍ അരുവിക്കരയിലെ ഉറവിടം തികയാതെ വന്നിരിക്കുന്നു.)പറയുന്ന പണി ചെയ്യാന്‍ കൂലികെടുത്ത സ്ത്രീയുടെ കര്‍മ്മബോധത്തെ മനസ്സു നിറയെ ഭള്ളുവിളിക്കാന്‍ അവരുടെ കാരണം കാണിക്കല്‍ നോട്ടീസും അവഗണിച്ച് വിളച്ചുവരുത്തിയ ന്യായം നടത്തിപ്പുകാരാ, ഞാന്‍ എന്തിനാണ്‌ അങ്ങേക്കു ശമ്പളം തരുന്നത്?

അതേ ദിവസം തന്നെ "ഇനിയൊരു സൂര്യനെല്ലിയും കവിയൂരും ആവര്‍ത്തിക്കാന്‍ പാടില്ല" എന്ന് പോലീസിനോട് കോടതി ഉത്തരവിട്ടത്രേ. പോലീസ് ഏറ്റവും വിശദമായി അന്വേഷിച്ച് ഏറ്റവും കാര്യക്ഷമതയോടെ കോടതിസമക്ഷം എത്തിച്ച അപൂര്വ്വം കേസുകളില്‍ ഒന്നാണ്‌ സൂര്യനെല്ലി. സാധാരണക്കാരന്‍ ജൂറിയായാല്‍ ഇത്രയും വിശദമായ ഒരു റിപ്പോര്‍ട്ടിന്റെ ആവശ്യം പോലും ഇല്ല്. നിരവധി ആളുകള്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുത്തിയ കുട്ടിക്ക് പതിന്നാലു വയസ്സേ ഉണ്ടായിരുന്നുള്ളു, അവളോട് ബന്ധപ്പെട്ടവര്‍ ആരെന്ന് രാസപരിശോധനയില്‍ വ്യക്തവുമായി. ബാലികമാരെ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പേറ്റുത്തുന്നത് ബലാത്സംഗമാണെന്ന് നിയമമുണ്ട്. ആരെ ശിക്ഷിച്ചു കോടതി? ഇതുവരെ ഏതെങ്കിലും ബാലികാപീഡന അപവാദത്തില്‍ ശിക്ഷ നടപ്പാക്കിയിട്ടുണ്ടോ? പീഡനങ്ങള്‍ പെരുകുന്നതില്‍ പോലീസിനാക്ഷേപിക്കാതെ സ്വയം ശിക്ഷിക്കാന്‍ തയ്യാറുണ്ടോ? തട്ടുപൊളിപ്പന്‍ വാചകം ഇറക്കാനാണെങ്കില്‍ ഞങ്ങള്‍ക്ക് സുരേഷ് ഗോപി തന്നെ ധാരാളം മതി, ഒരു ന്യായപാലകന്റെ ആവശ്യമില്ല.