നമതിനെങ്ങനെ കൊഞ്ചു കിട്ടി എന്ന് നമ്മള് കണ്ടുപിടിച്ചു. ഇനി പാഞ്ചാലി അമേരിക്കയായ അമേരിക്ക മുഴുവന്‍ ചാളതേടി അലഞ്ഞു നടന്നത് എന്തുകൊണ്ട് എന്നു പരിശോധിക്കാം.
അതിശൈത്യമില്ലാത്ത കടലായ കടല്‍ മുഴുവന്‍ ഫൈറ്റോപ്ലാങ്ക്ടനും സൂപ്ലാങ്ക്ടനും തിന്ന് ആര്‍മ്മാദിച്ച്, വലയില്‍ കുരുങ്ങിയില്ലെങ്കില്‍ രണ്ടു പതിറ്റാണ്ട് ജീവിച്ച് നെയ്വച്ച് കാലയവനികക്കുള്ളില്‍ പോകേണ്ട പുലി. ചാള പലകുലം ഉണ്ടെന്ന വാദം ഈയിടെ ഡീ എന്‍ ഏ പുലികള്‍ തള്ളി. അറ്റ്ലാന്റിക്ക് ചാളയും സാധാരണ ചാളയും മാത്രമേ ഉള്ളെന്നും ബാക്കിയെല്ലാം പ്രാദേശികവ്യതിയാനം മാത്രമാണെന്നും അവര്‍ പറയുന്നു. ഈ പ്രാദേശികവ്യതിയാനങ്ങളായതിനാല്‍ ഇപ്പോ "റേസസ്" എന്നാണത്രേ പറയേണ്ടത്. ചാളകളുടെ സംസ്കാരത്തില്‍ റേസിസം അനുവദനീയമാണോ എന്നതിനെക്കുറിച്ച് ഒന്ന് അന്വേഷിച്ചാല്‍ ഒരു പിച്ചടിക്കുള്ള തീസീസ് ആകും.
ആര്‍ട്ടിക്ക് സതേണ്‍ സമുദ്രങ്ങളൊഴിച്ച് ഒരുമാതിരി എല്ലായിടത്തും വളരാനുള്ള സെറ്റ് അപ്പ് ചാളകള്‍ക്കുണ്ടെന്ന് പറഞ്ഞല്ലോ. എന്നിട്ട് പാഞ്ചാലിക്കു വറുക്കാനിത്തിരി ചാള അമേരിക്കയില്‍ എങ്ങും ഇല്ലാതെ പോയോ?
നമുക്ക് ഒരു നൂറ്റമ്പതു വര്‍ഷം പിറകോട്ട് പോകാം. കാലിഫോര്‍ണിയയിലെ മത്സ്യബന്ധനം ചൈനീസ് വംശജരുടെ കുടിയേറ്റത്തോടെ വന്‍തോതിലായി. വള്ളങ്ങളില്‍ മണിവലയെറിഞ്ഞ് പരമ്പരാഗത ചൈനീസ് രീതിയില്‍ തുടങ്ങിയ അവര്‍ വളരെ വേഗം ഫാക്റ്ററികള്‍ക്ക് ചാളയും നെത്തോലിയും പിടിക്കുന്ന സീന്‍ ഫിഷറീസിന്റെ വേരുകളായി. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കയില്‍ ഭക്ഷ്യക്ഷാമം ഒഴിവാക്കിയതില്‍ പ്രതിദിനം ഇരുപത്തഞ്ചു ടണ്‍ ചാള പിടിക്കുന്ന കാലിഫോര്‍ണിയന്‍ മത്സ്യമേഖല ഒരു പങ്ക് വഹിച്ചിരുന്നു. പട്ടാളക്കാര്‍ക്ക് സപ്ലൈ ആയി ക്യാനിലടച്ച ചാള വില്‍ക്കുന്ന കമ്പനികള്‍ പണം കൊയ്തു .
യുദ്ധകാലത്തിനു ശേഷം ചാള വളമായി കൃഷിക്കിടുന്ന രീതി തുടങ്ങി. (റബ്ബറുമായി ഏറെക്കാലം പരിചയമുള്ള മലയാളികള്‍ക്ക് തോട്ടത്തില്‍ "ചാള വെട്ടി മൂടുന്നത്" ഓര്‍മ്മയുണ്ടാകും.) ഭക്ഷണത്തിനുള്ള മീനിന്റെ പതിന്മടങ്ങ് ആവശ്യം വളമായി ചാളയ്ക്ക് വേണ്ടിവന്നതോടെ സര്‍ക്കാര്‍ ഭക്ഷ്യയോഗ്യമല്ലാത്ത മീനുകള്‍ മാത്രമേ വളമായി വില്‍ക്കാവൂ എന്ന നിയമം കൊണ്ടുവന്നു. കമ്പനികള്‍ ആരാ പുള്ളികള്‍, നാടകീയമായി പിടിക്കുന്ന ചാളയില്‍ ഭൂരിഭാഗവും ക്വാളിറ്റി ചെക്കില്‍ "തിരിവ്" ആയി.
ചാളക്കൂട്ടം കോടിക്കണക്കിനാണ് സഞ്ചരിക്കുക, പക്ഷേ ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത് കഴിഞ്ഞപ്പോഴേക്ക് അത് പതിനായിരങ്ങളായി. അമ്പതോടെ പസിഫിക്ക് ചാള ഏതാണ്ട് അപ്രത്യക്ഷവുമായി. ഒറ്റയ്ക്കും തെറ്റയ്ക്കും എവിടെയെങ്കിലും എന്തെങ്കിലും കണ്ടാലായി. കാലിഫോര്‍ണിയന്‍ തുറമുഖങ്ങളിലെ മത്സ്യബന്ധനവ്യവസായം കണവയും നെത്തോലിയും പിടിത്തവുമായി നെത്തോലിപ്പരുവത്തില്‍ മെലിഞ്ഞും പോയി.
അമിതചൂഷണം മത്സ്യസമ്പത്ത് ക്ഷയിപ്പിച്ചുകളയും. ബ്രീഡിങ്ങ് സീസണും ആവശ്യവും മറ്റും നോക്കാതെ അന്തവും കുന്തവുമില്ലാതെയുള്ള മോട്ടോര്‍ ബോട്ടുകളുടെ തേരോട്ടം പ്രത്യേകിച്ചും. പക്ഷേ... സ്രാവും അതുപോലെ അംഗസംഖ്യ കുറവും വലിപ്പം കൂടുതലുമുള്ള മീനുകള്‍ അന്യം നിന്നെന്ന് പറഞ്ഞാല്‍ മനസ്സിലാവും, ചാളയ്ക്ക് അങ്ങനെ വരുമോ? ആവോ, വരുമായിരിക്കും. എന്നാലും...
മൂന്നുനാലു വര്‍ഷം മുന്നേ ഡോ.ഷാവേസിന്റെ നേതൃത്വത്തില്‍ ഒരു ഗവേഷണസംഘം കടലിന്റെ അടിത്തട്ടില്‍ മീനിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കവേ രസകരമായ ഒരു കാര്യം കണ്ടെത്തി. കഴിഞ്ഞ ആയിരത്തഞ്ഞൂറു വര്‍ഷത്തിനിടെ പതിനഞ്ചോളം ചാക്രിക ചലനങ്ങള്‍ ചാളക്കും നെത്തോലിക്കും ഉണ്ടായിട്ടുണ്ട്. ചാള പെരുകുമ്പോള്‍ നെത്തോലിയുടെ കുടുംബം തീരെ ക്ഷയിച്ചു പോകും, മറിച്ചും. അതിലെ ഒരു ചക്രമായിരുന്നു ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ അവസാനിച്ചത്. അമിതചൂഷണം കൂനിന്റെ മുകളില്‍ ഒരു കുരുവായി വര്‍ത്തിച്ചെന്നേയുള്ളു.
ഒരു ആഗോളതല മീറ്റിങ്ങ് ഈ പ്രതിഭാസത്തിനെക്കുറിച്ച് വിളിച്ചു ചേര്‍ത്തു. ഇന്ത്യയും ചൈനയും പാകിസ്ഥാനും ഫിലിപ്പീന്‍സും ജപ്പാനുമടക്കം വന്‍തോതില്‍ ചാളപിടിക്കുന്ന രാജ്യങ്ങളുടെയെല്ലാം വിദഗ്ദ്ധര്‍ പ്രതിനിധികളായ ആ സമ്മേളനം (Global comparison of sardine, anchovy
and other small pelagics) പസിഫിക്ക് സമുദ്രത്തിലും ജപ്പാന് കടലിലും മറ്റു പല സ്ഥലങ്ങളിലെയും നൂറ്റാണ്ട് സ്ഥിതിവിവരക്കണക്കുകളില്‍ തത്തുല്യമായ ചാക്രിക ചലനങ്ങള്‍ കണ്ടെത്തിയതോടെ ഈ പ്രഹേളികയുടെ ഉത്തരമായി. സമുദ്രജലപ്രവാഹം (ocean currents) അമ്പത് എഴുപത്തഞ്ച് വര്‍ഷത്തിനിടെ ഉഷ്ണജലപ്രവാഹത്തില്‍ നിന്നും ശൈത്യജലപ്രവാഹത്തിലേക്കും മറിച്ചും മാറിക്കൊണ്ടേയിരിക്കുന്ന ഇടങ്ങളില്‍ ഈ മാറ്റത്തിനനുസരിച്ച് ഉഷ്ണജമ്മ് ഇഷ്ടപ്പെടുന്ന ചാളകളുടെയും ശൈത്യജലത്തില്‍ ശക്തരാകുന്ന നെത്തോലികളുടെയും അംഗബലം ഏറുകയും കുറയുകയും ചെയ്യും.
അമ്പതുകളിലെ ശൈത്യവാതകാലത്തെ ചാളപിടിത്തം അവറ്റയെ തീര്‍ത്തും കുലമറുത്തിട്ടില്ല, കാലിഫോര്‍ണിയയില്‍ ഇന്നും അമ്പതിനടുത്ത് ബോട്ടുകള്‍ ചാളപിടിക്കുന്നുണ്ട്, വളരെക്കുറവാണെങ്കിലും. അടുത്ത സമുദ്രോഷ്ണകാലം രണ്ടായിരത്തിപ്പത്ത് -ഇരുപത്തഞ്ച് കാലത്ത് തുടങ്ങേണ്ടതാണ് (കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍). പാഞ്ചാലി ക്ഷമയോടെ കാത്തിരിക്കുക, ചാളകള്‍ എത്തും. വീട്ടുമുറ്റത്ത് "കൂ ചാളേ, നെയ്ച്ചാളേ" എന്ന കൂവലുമായി ബജാജ് മീന്‍-80 ഓടിച്ച് ഒരമേരിക്കക്കാരന് വരും, വരാതിരിക്കില്ല.
അങ്ങനെ ചാളപുരാണം കഴിഞ്ഞു. പക്ഷേ, കാലിഫോര്‍ണിയന്‍ ചാളക്കമ്പനികളുടെ കാര്യം പറയുമ്പോഴെല്ലാം കൂടെ പറയേണ്ട ഒരു സാധുവിന്റെ കഥയുണ്ട്- കാലിഫോര്‍ണിയന്‍ ഞാറപ്പക്ഷിയുടെ കഥ, അതില്ലാതെ പോസ്റ്റെങ്ങനെ നിര്‍ത്തും?
കാലിഫോര്‍ണിയന്‍ ബ്രൗണ്‍ ഞാറപ്പക്ഷികള്‍ (pelecanus occidentalis californicus) വളരെ സമാധാനമഅയി ജീവിച്ചു പോകുന്ന സമയത്താണ് മൂന്നിടി ഒരുമിച്ചു വെട്ടിയത്. ഒന്ന് പട്ടാളക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ പെലിക്കന്‍ തൂവല്‍ കൊണ്ടുള്ള അലങ്കാരത്തിനുള്ള ഭ്രാന്ത്. രണ്ടാമത്തേത് ഡി ഡി ടിയുടെ കണ്ടുപിടിത്തവും കാലിഫോര്‍ണിയ, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളില്‍ മലിനജലം മുഴുവന്‍ ഡി ഡിറ്റി പ്രയോഗവും (ഡി ഡി ടി ഞാറപ്പക്ഷികളെ കൊല്ലുക മാത്രമല്ല ചെയ്തത്, ജീവിച്ചിരിക്കുന്ന ഞാറകള്‍ ഇടുന്ന മുട്ടകള്‍ തോട് കട്ടിയില്ലാതെ പൊട്ടിപ്പോകാനും കാരണമാക്കി)
മൂന്നാമത്തെ ആണിയടിച്ചത് ചാളക്കമ്പനികളാണ്. തീരദേശത്തെ ചാളയും നെത്തോലിയും അവര്‍ പിടിച്ചു തീര്‍ത്തു. മീനിന്റെ വേസ്റ്റ് പന്നിക്കും കന്നുകാലികള്‍ക്കും തീറ്റയാക്കിയതോടെ അവശിഷ്ടം പോലും കിട്ടാതെ കാലിഫോര്‍ണിയന്‍ ബ്രൗണ്‍ ഞാറ വംശനാശഭീഷണിയിലായി. നൂറുവര്‍ഷം മുന്നേ തുടങ്ങിയ ഫ്ലോറിഡയിലെ പെലിക്കന്‍ ഐലന്‍ഡ് മറ്റു ചില ബ്രൗണ്‍ ഞാറകളുടെ അഗതിമന്ദിരമായെങ്കിലും കാലിഫോര്‍ണിയന്‍ ഞാറകള്‍ക്ക് എന്തോ, അവിടെയും പച്ചപിടിക്കാനായില്ല.
അന്താരാഷ്ട്ര ദേശാടനപ്പക്ഷി നിയമം മൂലം കാലിഫോര്‍ണിയന്‍ ഞാറകളും നിയമത്തിനു മുന്നില്‍ സംരക്ഷിതരാണ്, എങ്കിലും ഈ അടുത്ത സമയത്തും അവയെ വെടിവച്ച് കൊന്ന സംഭവം ഉണ്ടായി.
(പോസ്റ്റിനു നീളം കൂടിപ്പോയതുകൊണ്ടും വിരസമായിപ്പോയതുകൊണ്ടും ഒരു മേമ്പൊടി- പണ്ടെന്നോ മാഗസീനില്‍ കണ്ട ഒരു കാര്‍ട്ടൂണ്‍:
കാലിഫോര്‍ണിയന്‍ ഞാറപ്പൂവന്‍ പിടയോട് : " എന്നും രാത്രി നീ തലവേദനയെന്നു പറഞ്ഞ് തിരിഞ്ഞു കിടന്നോ. നമ്മള് അന്യം നിന്നു പോകാറായി, അത് മറക്കേണ്ട'"
16 comments:
വായിച്ചു! നന്നായിട്ടുണ്ട്... :)
ഹായ്..ഹായ്.. എന്താ ആന്റണിച്ചാ ഇത്. നല്ല ഇന്‍ഫര്‍മേറ്റീവ് ലേഖനം. ഇങ്ങനെയുള്ള ലേഖനങ്ങളും കമന്റുകളും ഇതിനുമുമ്പ് ഒരിടത്തേ വായിച്ചിട്ടുള്ളൂ. ഇപ്പോള്‍ എന്റെ സകല ഡൌട്ടും മാറിക്കിട്ടി. :-)
അപ്പൂവേ ഇപ്പോഴാണോ ഡൌട്ട് ഒക്കെ മാറിയത്?
അന്തോണിച്ചാ നല്ല മത്തിപുരാണം
എ ഏയ്,
രസിച്ച് വായിച്ചു ചാളപുരാണം.
ആരാ പറഞ്ഞേ വിരസം ന്ന്?
(പാഞ്ചാലിക്കിപ്പോ ചാള വേണ്ട, കൊഞ്ച് മതീന്ന് കൊഞ്ചുന്നത്രേ)
വാക്കു പാലിച്ച് പെട്ടെന്ന് തന്നെ പോസ്റ് ഇട്ടതില്‍ അതിയായ സന്തോഷം! ഇതെല്ലം പുതിയ അറിവാണ്. നന്ദി!
പിന്നെ നമ്മുടെ നാടന്‍ മത്തി തന്നെ മത്തി! ഇവിടെക്കിട്ടുന്ന ഫ്രെഷ് മത്തികള്‍ പല തരമാണ്. ചിലപ്പോള്‍ ഒറിജിനല്‍ മത്തി കിട്ടും (വളരെ അപൂര്‍വം!) പിന്നെ കിട്ടുന്നവയൊക്കെ ഒരു മാതിരി മത്തി പോലിരിക്കുന്നവ! ഒറിജിനല്‍ മത്തി ദേവതയെ മനസ്സില്‍ ധ്യാനിച്ചു അങ്ങ് കഴിക്കുന്നു. അത്രമാത്രം! ദോഷം പറയരുതല്ലോ, മലയാളി ഗ്രോസറിക്കാര്‍ നാട്ടിലെ ഒറിജിനല്‍ മത്തി (ഫ്രോസെന്‍) കൊണ്ടു വന്നു വില്‍ക്കാറുണ്ട്. പക്ഷെ അതെത്ര വര്‍ഷം ഉറങ്ങിയതാണോ എന്തോ, അത്ര ടേസ്റ്റ് തോന്നിയിട്ടില്ല. ഫ്ലോറിഡ, കാലിഫോര്‍ണിയ പ്രദേശങ്ങളില്‍ ഫ്രെഷ് മത്തിയുടെ അവൈലബിലിടി അറിയില്ല. ഇന്ചിപെണ്ണോ ഉമേഷോ സിബുവോ തൊമ്മനോ ഉത്തരം തരുമായിരിക്കും! ഞാനിപ്പോള്‍ ഒരു എളുപ്പവഴി കണ്ടു പിടിച്ചിരിക്കുന്നത് ക്യാന്‍ഡ് മത്തി (മൊറോക്കോയില്‍ നിന്നു വരുന്ന, ഉപ്പ് ചേര്‍ത്ത് ഒലിവ് ഓയിലില്‍ ഇട്ടതു, തൊലിയും മുള്ളുമില്ലാതെ) ഉപയോഗിക്കുക എന്നതാണ്! മണം തുച്ഛം! ഗുണം മെച്ചം! (നോര്‍ത്ത് ഈസ്റ്റ് അമേരിക്കയില്‍ തണുപ്പ് കൂടുതലായതിനാല്‍ അടച്ചു പൂട്ടിയ വീട്ടില്‍ മത്തി വറുത്താല്‍ പിന്നെ പറയുകയേ വേണ്ട. അതിന് പ്രതിവിധിയായി ചൈനാക്കാരുടെ ഹൈ സ്പീഡ് എക്സോസ്റ്റ് ഫാന്‍ മിക്ക ചേട്ടന്മാരുടെയും കിച്ചണില്‍ കാണാം! കേരള എക്സോസ്റ്റ് എന്നാണത്രേ ഈ ഫാന്‍ അറിയപ്പെടുന്നത്!) ഞാന്‍ പണ്ടു താമസിച്ചിരുന്നിടത്ത്, പാറ്റിയോയില്‍ ഇലക്ട്രിക് സ്കില്ലെറ്റ് വച്ചു മത്തി വാറുത്തുകൊണ്ടിരുന്നപ്പോള് അടുത്ത വീട്ടിലെ കറുമ്പി പതുക്കെ മണം പിടിച്ചു വന്നു. കുശലാന്വേഷണവും മറ്റും കണ്ടപ്പോള്‍ തന്നെ മനസ്സിലായി പാര്‍ട്ടിക്ക് ഒന്നു രുചിച്ചു നോക്കണമെന്നുന്ടെന്ന്. കഴിച്ചു കഴിഞ്ഞു വോ! ഡെലീഷ്യസ്!!! എന്നൊക്കെ പറഞ്ഞു. സുഖിപ്പിക്കാനുള്ള സാധാരണ അമേരിക്കന്‍ ഡയലോഗ് ആണെന്ന് വിചാരിച്ചു ഞാനിരുന്നു. പക്ഷെ പിന്നെ എപ്പോള്‍ മീന്‍ വറുത്താലും കറുമ്പി ആ ചുറ്റുവട്ടത്ത് ക്രാവി നടക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി "അണ്ണിക്കു മത്തി റൊമ്പ പുടിച്ചിറുക്ക്" എന്ന്.
കൈതമുള്ളേ, മത്തിക്കു ബദല്‍ മത്തി മാത്രം! കൊഞ്ചൊക്കെ ഇവിടെ ധാരാളം കിട്ടും. അല്ലെങ്കിലും കൊഞ്ചിനോട് ഒരിക്കലും മത്തിയോടുള്ളത്ര ഇഷ്ടം തോന്നിയിട്ടില്ല!
കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ചോദിക്കുംപോലെ, എത്ര എത്രയെത്ര മത്തിവിശേഷങ്ങള് ലോകത്ത് എന്ന് ഈ പോസ്റ്റ് മനസിലാക്കിത്തന്നു, നന്ദി.
ഒരു ന്യൂഇയര്‍ പാചകക്കുറിപ്പ്: (മൊറോക്കൊ മത്തി കഴിക്കുന്ന പാഞ്ചാലിക്ക് ഏതായാലും ഇത് ഗുണം ചെയ്യില്ല)
അരക്കിലോ മത്തി ചെതുമ്പല്‍ കളഞ്ഞ് വൃത്തിയാക്കി ചട്ടിയിലാക്കുക. മുളകുപൊടിയും ഉപ്പും പാകത്തിന് ചേര്‍ക്കുക, അല്‍പ്പം ഉലുവാപ്പൊടിയും ആകാം. രണ്ടോമൂന്നോ ചുള കുടംപുളിയും ചേര്‍ത്ത് വറ്റിച്ചെടുക്കുക. ചൂട് കുറയും വരെ കാത്തിരിക്കുക (ക്ഷമയുണ്ടെങ്കില്‍ മാത്രം). കപ്പപ്പുഴുക്കിന്റെ കൂടെ തട്ടുക. മുള്ള് കളയരുത്, മത്തിയെ ഒരറ്റത്ത് പിടിച്ചെടുത്ത് ദയയില്ലാതെ ചവച്ച് തിന്നുന്നതാണ് സ്റ്റൈല്‍....ഹാപ്പി ന്യൂ ഇയര്‍.
“ചാള” എന്നുകണ്ട് വന്നുനോക്കിയതാണ്. ഫിഷറിസില്‍ ആണോ ജോലി? :-) കൊള്ളാം നല്ല പോസ്റ്റ്.
ചാള ബേ ഏരിയയില്‍ ആഴ്ചവട്ടം കൂടുന്ന ചില ഫാര്‍മേഴ്സ് മാര്‍ക്കറ്റുകളില്‍ രാവിലെ ചെന്നാല്‍ കിട്ടും. എനിക്കിതുവരെ നേരിട്ട് വാങ്ങാനുള്ള സൌഭാഗ്യം ഉണ്ടായിട്ടില്ല. കൂട്ടുകാരുടെ ദയവുകൊണ് ചിലപ്പോള്‍ അവര്‍ വാങ്ങിയതില്‍ നിന്ന് പങ്ക് കിട്ടാറുണ്ട്. നാട്ടിലെ ചാളയെക്കാള്‍ ചെറുതാണെങ്കിലും നല്ല രുചിയുള്ള ഇനമാണ് ഇതും.
ഏഷ്യന്‍ സ്റ്റോറുകളില്‍ ഫ്രോസണ്‍ ചാള കിട്ടാറുണ്ട്; പല സ്ഥലങ്ങളില്‍ നിന്ന് വരുന്നവ. പാഞ്ചാലി പറഞ്ഞതുപോലെ ഒന്നും കിട്ടാത്തപ്പോള്‍ ചാളയാണല്ലോ എന്ന് കരുതി കഴിക്കുന്നു; രുചിയൊകെ കണക്കു തന്നെ. ചാള കിട്ടാന്‍ കുറച്ച് പ്രയാസമാണെങ്കിലും സാല്‍മണ്‍, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ മറ്റു തരത്തിലുള്ള സമൂദ്രവിഭവങ്ങള് ഇവിടെ സുലഭമാണ്.
രസിച്ചു വായിച്ചു. മത്തി എന്ന് പ്രയോഗിക്കുന്നതായിരുന്നു നല്ലത്.
താങ്ക്യു താങ്ക്യു!
ഇവിടെ വാന്‍കൂവറില്‍ ഞങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒക്റ്റോബര്‍ മാസങ്ങളില്‍ ചാള കിട്ടുന്നുന്ട്. ജംബോ സാര്‍ഡീന്‍. നല്ല മുയുത്ത ചാള. പെണ്ണുമ്പിള്ള മത്തീന്നു കേട്ടാല്‍ ചാവും. അതോണ്ടെന്താ.. നല്ല ശനി/ഞായര്‍ വെളുപ്പാങ്കാലങ്ങളില് ഗാ പോലെ കുടന്നൊറങ്ങേണ്ടതിനു പകരം റിച്ച്മണ്ട് ഫിഷിംഗ് ഹാര്‍ബറില്‍ ബോട്ടീന്നു നേരിട്ടു ചാള വാങ്ങാന്‍ പോയി ക്യൂ നിക്കണം. :(
വിവരങ്ങള്‍ക്കു നണ്ട്രി. പെണ്ണുമ്പിള്ളയോടു പറയട്ടെ, അവടെ ആക്രാന്തം കാരണം ആണു ചാളകുലം അന്യം നിന്നു പോകുന്നതെന്നു :)
മത്തിപുരാണം ഇഷ്ടമായി. നമ്മുടെ നാട്ടില്‍ കാണുന്നത് രണ്ടു തരം മത്തിയാണ് എന്നു തോന്നുന്നു. സാധാരണ മത്തിയും പിന്നെ മുഖം കൂര്‍ത്ത ചെതുമ്പല്‍ കുറഞ്ഞ ഒരു തരം മത്തിയും. ഇവിടെ ഗള്‍ഫില്‍ എത്തിയ ശേഷം ഏറ്റവും കൂടുതല്‍ കഴിക്കുന്ന മീനും മത്തി തന്നെയാണ്. കാരണം ഒരു മന്ന് മത്തിക്ക് (4 കിലോ) ഒരു കിലോ ഐക്കോറയേക്കാള് വില കുറവാണ് എന്നത് തന്നെ. :)
ഓ.ടോ : ഭാവിയില്‍ എന്റെയൊരു പോസ്റ്റിന് കൊടുക്കാനുള്ള ലിങ്ക് സമ്മാനിച്ചതിന് നന്ദി.
പ്രിയ സുഹൃത്തേ..പുതുവത്സരാശംസകള്‍....!!
ഇത് ഫയങ്കര കോയിന്‍സിഡന്‍സ് ആയിപ്പോയി കേട്ട. ഷിക്കാഗോയിലെ ജോണ്‍.ജി.ഷെഡ്ഡ് അക്വേറിയത്തിലെ ഇന്ററാക്റ്റീവ് ഡിസ്പ്ലേയില്‍ ഇക്കഥ കണ്ടിട്ട് ദിവസം നാലു കഴിഞ്ഞില്ല, അപ്പഴേക്കും ദാ ഒരു പോസ്റ്റ് ! അവിടെത്തന്നെ തൊട്ടപ്പുറത്തെ മാര്‍ഷല്‍ ഫീല്‍ഡ് മ്യൂസിയത്തില്‍ ബ്രൗണ്‍ പെലിക്കന്റെ അടുത്ത് തന്നെ ആ ഡി.ഡി.റ്റി കഥയും ഒരു പഴയ ഫോട്ടോയോടൊപ്പം എഴുതിവച്ചിട്ടുണ്ട്.
എന്തായാലും, ഈ ജ്ഞാനപ്പങ്കിനു നണ്ട്രി.
അന്തോണിച്ചന് പുതുവത്സരാശംസകളും കൂടെയിരിക്കട്ടും !
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
പതിവുപോലെ കലക്കൻ ലേഖനം, അനോണിച്ചാ!
പുതുവത്സരാശംസകൾ :)
അന്തോണിച്ചാ
ഞാന്‍ എന്താ കരുതിയേ അറിയോ? പൊതുവേ ഇന്ത്യന്‍ ഓഷനില്‍ പൊല്യൂഷന്‍ ഇല്ലാത്തോണ്ട് അവിടെ ചെറു മത്സ്യങ്ങളുണ്ടെന്നും ഇവിടെയൊക്കെ നല്ല പൊല്യൂഷന്‍ കാരണം അവയില്ലെന്നും. എങ്ങിനെ ഈ ഗണ്ക്ലൂഷനില് എത്തി എന്നറിഞ്ഞൂട. ചുമ്മാ സ്വപ്നം കണ്ടതാണോ ആവോ? പൊതുവേ ഇവിടെ ചെറു മത്സ്യങ്ങള്‍ കുറവാണെന്ന് ഞാന്‍ എവിടെയോ വായിച്ചതില്‍ നിന്ന് ഞാനങ്ങ് ഊഹിച്ചു :)
ഇങ്ങിനെയൊക്കെ ഒരു ഡിങ്കോളിഫിക്കേഷനും ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു.
നിങ്ങളിതെന്തരു സാധനം? എന്തിലൊക്കെ മനുഷ്യനു വിവരം വെക്കും? ശ്ശെടാ! എന്തുന്നാ കഴിക്കണേ? :)
ഞാന്‍, നന്ദി
അപ്പൂ, രാധേയാ, നന്ദി. ചാളയെക്കുറിച്ചാണോ സകല ഡൗട്ടും മാറിയത്? :)
കൈതമുള്ള്- ചാളയെപ്പോലല്ല കൊഞ്ചു "കൊളസ്റ്റ്റോള്‍" ആണേ :)
പാഞ്ചാലീ, എക്സോസ്റ്റ് ഫാനും ഉണക്കക്കൊഞ്ച് ചമ്മന്തീം എന്നൊരു പോസ്റ്റ് ഇടേണ്ടി വരുമല്ലോ!
ഫ്രഷ് മത്തി സ്റ്റാറ്റ് ദേ ടി കെയും പാമരനും താഴെ ഇട്ടിട്ടുണ്ട്. എനിക്കെന്തോ ക്യാനിലെ മീന്‍ പിടിക്കൂല്ല, വൈറ്റ് മീറ്റ് ട്യൂണ അത്യാവശ്യം സഹിക്കാം.
ടി കെ, ചാള ലഭ്യതാവിവരത്തിനു നന്ദി. ചെറുകിട-പരമ്പരാഗത മീങ്കാര്ക്കേ ചാളപിടിക്കാന് ലൈസന്‍സ് ഉള്ളൂ എന്നു കേട്ടിരുന്നു.
ജിവി- ഞങ്ങള്‍ മത്തി എന്നു പറയുന്നത് ഇലോംഗേറ്റ് ഇലിഷ എന്ന മീനിനെയാണ്. സാര്ഡൈനിനു ചാള എന്നും. ഞാനൊരു തെക്കനായതുകൊണ്ട് ഇനി മത്തിയെന്നു പറഞ്ഞാല്‍ വായനക്കാര്‍ തെറ്റിദ്ധരിക്കില്ലേ?
പാമരന്‍സ് (പായ്മരം-സെയില്‍ എന്നതുമായി എന്തെങ്കിലും ബന്ധം?) വിവരത്തിനു നന്ദി. എനിക്കും ചാള ഒരു വീക്ക്നെസ്സാ.
അനില്‍ശ്രീ,
മുഖം കൂര്‍ത്ത കണ്ണു വലിയ ആ മീനിനെ "കൊഴുചാള" എന്നാണു ഞങ്ങള്‍ വിളിക്കാറ്. വിലയും രുചിയും കുറയും (വറുക്കുമ്പോഴത്തെ മണവും കുറവ്!). മീന്‍ ബ്ലോഗ് അസ്സലാവുന്നുണ്ട്. ഇവിടെ ദുബായില്‍ ഫ്രഷ് ചാള ലോക്കല്‍ ക്യാച്ച് കിലോ മൂന്നര ദിര്‍ഹം (നെയ്മീനിനു മുപ്പത്തേഴ്, കൊഞ്ച് ഇന്ത്യന്‍ ഫ്രീസറില്‍ കേറിയവന് ഇരുപത്)
പകല്ക്കിനാവന്, നവവത്സരാശംസകള്‍!
സൂരജ്,
പോത്തിങ്കാലപ്പന്റെ ഓരോ ലീലാവിലാസങ്ങള്‍. ഒരു പോസ്റ്റ് ഇടാനുള്ള ആയാസം ഒഴിവായിക്കിട്ടിയില്ലേ!
പുതുവത്സരാശംസകള്‍!
ഈയാര്സി, പുതുവത്സരാശംസകള്‍
ജയരാജന്, നന്ദി. പുതുവത്സരാശംസകളും
ഇഞ്ചിപ്പെണ്ണേ,
ഉവ്വ് അറ്റ്ലാന്റിക്കില്‍ മലിനീകരണം കൂടുതലാണ്. പക്ഷേ ചെറു മീനുകളില്‍ നെത്തോലിക്കും സീഫുഡില്‍ കൊഞ്ചിനും കണവനും കുറവൊന്നും ആയിട്ടില്ല ഇതുവരെ.
എന്റെ അപാരമായ ഓര്‍മ്മശക്തിയുടെ രഹസ്യം ചാളയിലെ ഒമേഗ മൂന്നും ആറുമാണ് എന്നൊക്കെ പറഞ്ഞ് ഒന്നു ഞെളിഞ്ഞു നിന്നാല്‍ കൊള്ളാമെന്നുണ്ട്, പക്ഷേ ഓഫീസിലും വീട്ടിലുമുള്ളവര്‍ ഓടിച്ചിട്ട് ഇടിക്കും, അത്ര കുപ്രസിദ്ധമാണ് എന്റെ മറവി. മറവി സഹിക്കാന്‍ മേലാതെ അപ്പോയിന്റ്മെന്റുകളും മറ്റും ഓട്ടോമേറ്റ് ചെയ്തു. കറണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ്, ഫോണ്‍, കേബിള്‍ ബില്‍ അടയ്ക്കല്‍ ഓട്ടോ ഡെബിറ്റ് ആക്കി, താക്കോല്‍ക്കൂട്ടം, മൊബൈല്‍ തുടങ്ങിയവ കളഞ്ഞതിനു കയ്യും കണക്കുമില്ല.
Post a Comment