Monday, December 15, 2008

നാട്ടില്‍ പോക്ക് ചെക്ക് ലിസ്റ്റ്

സന്തോഷിന്റെ നാട്ടില്‍ പോകാനുള്ള ചെക്ക് ലിസ്റ്റ് കൊള്ളാം. ഇതിന്റെ ഒരു ദുബായി വേര്‍ഷന്‍ ഉണ്ടാക്കി വയ്ക്കട്ട്

മനസ്സമ്മതം- അവധിക്കാര്യം നേരത്തേ ഓഫീസില്‍ ചര്‍ച്ചിച്ച് മുകളിലുള്ളവരെക്കൊണ്ടും കീഴെ ഉള്ളവരെക്കൊണ്ടും സൈഡില്‍ ഉള്ളവരെക്കൊണ്ടും സമ്മതിപ്പിക്കുക. കൊച്ചുങ്ങള്‍ സ്കൂളില്‍ പഠിക്കുകയല്ലെങ്കില്‍ വലിയ പ്രശ്നമില്ല. പക്ഷേ സ്കൂള്‍ വെക്കേഷന്‍ സമയത്ത് പോകണമെന്നുണ്ടെങ്കില്‍ ലീവ് റോസ്റ്റര്‍ തീരുമാനിക്കല്‍ എലക്ഷന്‍ സ്ഥാനാര്‍ത്ഥി പട്ടിക ഫനൈലൈസ് ചെയ്യുന്നതിലും ചൂടന്‍ രംഗങ്ങള്‍ കാഴ്ച്ചവയ്ക്കും.

ടിക്കറ്റ്- കമ്പനി തരുമെങ്കില്‍ പ്രീമിയം കാരിയറില്‍, ഒക്കുമെങ്കില്‍ ബിസി-ഫസ്റ്റ് ക്ലാസ്സില്‍. അതല്ല സ്വന്തം കയ്യീന്നു മൊടക്കുവാണേല്‍ ബഡ്ജറ്റ് എയര്‍ലൈനില്‍, അത് കഴിയുന്നതും നേരത്തേ ബുക്ക് ചെയ്യണം.

പാസ്സ്പോര്‍ട്ട്- കമ്പനിയില്‍ ഇരിക്കുവാണേല്‍ നേരത്തേ കയ്യില്‍ വാങ്ങി വയ്ക്കണം. കഷ്ടകാലത്തിനു നമ്മള്‍ പോണ ദിവസം പി ആര്‍ ഓ വയറിളക്കം പിടിച്ച് ആശൂത്രീല്‍ ആണെങ്കിലോ? ഭാര്യകുട്ട്യാദികളുടെ പാസ്സ് പോര്‍ട്ട്, വിസ വാലിഡിറ്റി ഒക്കെ നോക്കി ശരിയാക്കി എടുത്തു വയ്ക്കുക. കൊച്ചു പിള്ളേരുള്ള വീടാണെങ്കില്‍ അലമാരിയുടെ സ്റ്റൂള്‍ ഇട്ടാലും എത്താത്ത ഉയരത്തിലേ വയ്ക്കാവൂ. പാസ്സ്പോര്‍ട്ട് കീറല്‍ പിള്ളേരുടെ ഒരു ഹോബിയാ.

വര്‍ക്ക് ഹാന്‍ഡോവര്‍- പ്രത്യേകം ശ്രദ്ധിക്കണം, നമ്മളുടെ പണിയില്‍ നമ്മളെക്കാള്‍ സ്മാര്‍ട്ട് വിജയന്മാരുണ്ടെങ്കില്‍ ഒരു കാരണവശാലും അവനു ഹാന്‍ഡോവര്‍ ചെയ്യരുത്. പണി മുടങ്ങിയാലും ഇല്ലെങ്കിലും തിരിച്ചു വരുമ്പോഴേക്കും "ഹോ നീ പോയതോടെ ഓഫീസ് ചളമായി" എന്നു പറഞ്ഞ് സകല മേലാളന്മാരും ദീഘന്‍ നിശ്വസിക്കണം, അതാണ്‌ നമ്മുടെ ജോബ് സെക്യൂരിറ്റി ഗാര്‍ഡ്.

ബില്ലട- ഫോണ്‍, പത്രം, കാറുകഴുകല്‍, മൊബിയല്‍, കേബിള്‍, ഇന്റര്‍നെറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്‌...N, എന്നിവ അടയ്ക്കുക. അത് മറന്നാലും കറണ്ട്-വെള്ളം ബില്‍ അടയ്ക്കാന്‍ മറക്കരുത്, തിരിച്ചു വരുമ്പ തെണ്ടിപ്പോകും.

വാടക- ലീവിലായിരിക്കുമ്പോള്‍ വാടക ചെക്ക് എന്‍‌ക്യാഷിങ്ങിനു പോകുന്നുണ്ടെങ്കില്‍ അക്കൗണ്ടില്‍ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തുക, മൂന്നു പ്രാവശ്യം. ചെക്ക് മടങ്ങുന്നത് കുറ്റമാണ്‌. ആ സമയം ആളു കൂടെ രാജ്യത്ത് ഇല്ലെങ്കില്‍ അറസ്റ്റ് വാറണ്ട് ആയേക്കാം, തിരിച്ച് എയര്‍പ്പോര്‍ട്ടില്‍ വരുന്നതുമറിയാം പിന്നെ കണ്ണു തുറക്കുമ്പോ ജയില്‍.

ശിശിരനിദ്ര- പത്രക്കാരനോട് പത്രം ഇടരുതെന്ന് പറയണം, ഇന്റര്‍നെറ്റ്, കേബിള്‍ യൂസ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് കസ്റ്റഡി ഒണ്‍ളി ചാര്‍ജ്ജില്‍ ആക്കണം.

ഫ്രിഡ്ജ്- ഒരാഴ്ചയില്‍ പുറത്ത് ലീവുണ്ടെങ്കില്‍ ഫ്രിഡ്ജ് കാലിയാക്കി മലര്‍ക്കെ തുറന്ന് ഡോറിനു അടിയില്‍ താങ്ങും വച്ച് (ഇല്ലെങ്കില്‍ വിജാഗിരി തൂങ്ങും) ശരിയാക്കണം.

കാറ്‌- കവേര്‍ഡ് പാര്‍ക്കിങ്ങ് ഇല്ലെങ്കില്‍ കവര്‍ ഇട്ടു മൂടുക. വഴിയരുകില്‍ കൊണ്ട് ഇടരുത്- ജങ്ക് യാര്‍ഡില്‍ പോകുമേ. രണ്ടാഴ്ചേല്‍ പുറത്ത് അവധിയാണേല്‍ ബാറ്ററി കണക്ഷന്‍ ഊരിക്കോ.

ഷോപ്പിങ്ങ്- എമര്‍ജന്‍സി ലാമ്പുകള്‍, ഫ്ലാഷ് ലൈറ്റ്, ഐപ്പോഡുകള്‍, മൊബിയല്‍ ഫോണുകള്‍ തുടങ്ങി വില "പ്രസന്റേഷന്‍" ഐറ്റംസ്, ആക്സ് ഓയില്‍, ടൈഗര്‍ ബാം, കുടകള്‍, തുടങ്ങി വല്യപ്പന്‍-വല്യമ്മ ഐറ്റംസ്, ഹീയറിങ്ങ് എയിഡ്, ബി പി മോണിറ്റര്‍ തുടങ്ങിയ മെഡിക്കല്‍ എക്വിപ്പ്, മേല്പ്പറഞ്ഞ സാധനങ്ങള്‍ മുന്നാണ്ട് കൊണ്ടുപോയതിന്റെ സ്പെയര്‍ പാര്‍ട്ടുകള്‍, ബള്‍ബുകള്‍, ബാറ്ററി, എസ് ഡി കാര്‍ഡുകള്‍, സര്വീസ് കിറ്റ്.... ഒക്കെ കഴിഞ്ഞാല്‍ നമുക്ക് നാട്ടില്‍ ഇടാന്‍ രണ്ട് പഴേ കുപ്പായവും ലുങ്കിയും വള്ളിച്ചെരിപ്പും അലമാരീന്ന് എടുത്ത് പെട്ടീലിടന് മറന്നു പോകരുത്.

ഇന്ത്യന്‍ റുപ്പീ- ശകലം നോട്ട് കയ്യില്‍ കരുതുക. നാട്ടില്‍ കാലെടുത്ത് വയ്ക്കുമ്പോഴേ ബാങ്കിലേക്ക് ഓടേണ്ടി വരരുതല്ലോ.

പാക്കിങ്ങ്- ലഗ്ഗേജ് ഒരു പീസ് മുപ്പത്തൊന്നു കിലോ, എല്ലാ പീസും കൂടി നാല്പ്പത്. കൂടുതലായാല്‍ അസൗകര്യം. ആഹാരാദികള്‍, കത്തി, കൊടുവാള്‍, മുളകുപൊടി, പെര്‍ഫ്യൂം തുടങ്ങിയവ ഹാന്‍ഡ് ലഗ്ഗേജില്‍ വയ്ക്കരുത്.

വീട്- ഫ്രിഡ്ജ് ഒഴിച്ചു തുറന്ന് ഇട്ടിരിക്കുകയാണെങ്കില്‍ മെയിന്‍ ഓഫ് ചെയ്യുക. സ്വര്‍ണ്ണം സര്‍ട്ടിഫിക്കേറ്റുകള്‍ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏല്പ്പിക്കുക. കാലി വീടുകള്‍ കുത്തിത്തുറക്കുന്ന സംഭവങ്ങള്‍ ഏറി. ഫിഷ് ടാങ്ക് ഉണ്ടെങ്കില്‍ ആളുള്ള ഏതെങ്കിലും വീട്ടിലേക്ക് മാറ്റുക. ചെടികള്‍ നനയ്ക്കാന്‍ എന്തെങ്കിലും സം‌വിധാനമില്ലെങ്കില്‍ അതു പോക്കാ. (പട്ടി- പൂച്ച: ആളുണ്ടെങ്കിലും ഇല്ലെങ്കിലും ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ ദയവു ചെയ്ത് പട്ടിയെ വളര്‍ത്തരുത്. ദുബായില്‍ ഒറ്റ പാര്‍ക്കിലും പട്ടിയെ കയറ്റില്ല. സൈഡ് വാക്കുകള്‍ ഇടുങ്ങിയതാണ്‌, അതിലേ പട്ടിയെ നടത്തി മനുഷ്യനെ പേടിപ്പിക്കരുത്, വഴിയില്‍ തൂറിക്കരുത്). നാട്ടില്‍ പോകുകയാണെന്ന് വാച്ച് മാനെ അറിയിക്കുക. ഗ്യാസ് കുറ്റി അടയ്ക്കുക. ജനാലകള്‍ എയര്‍ വെല്ലുകള്‍ തുടങ്ങിയവയും. ടാപ്പുകള്‍ വാല്‍‌വില്‍ തന്നെ അടയ്ക്കുക. ഒരു പേന കയ്യില്‍ വച്ചോണേ, നാട്ടില്‍ ചെന്നു കയറുമ്പോഴും ഇറങ്ങുമ്പോഴും ഫോമുകള്‍ ഫില്ല് ചെയ്യണം- പക്ഷേ ഒരൊറ്റ പേനയും എയര്‍പ്പോര്‍ട്ടില്‍ ങേ ഹേ.

വീടിന്റെ താക്കോല്‍- ഒരു സ്പെയര്‍ താക്കോല്‍ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ ഏല്പ്പിക്കുക. വിമാനം തറേന്നു പൊങ്ങുമ്പോള്‍ മിക്കവാറും എന്തെങ്കിലും അണയ്ക്കുകയോ അടയ്ക്കുകയോ ചെയ്തോ എന്ന് ഒരു സംശയം തുടങ്ങും, അതെങ്കിലും നിര്വൃത്തി വരുത്താമല്ലോ.

കുട്ടികള്‍: ആദ്യമായി, അവരെ വഴിയിലെങ്ങും ഇട്ട് മറക്കരുത്. രണ്ടാമതായി, വീട്ടില്‍ നിന്നിറങ്ങിയാല്‍ പിള്ളേര്‍ വാശി, ബഹളം, വിശപ്പ്, മടുപ്പ് എന്നിവ പ്രകടിപ്പിക്കും. അതിനുള്ള കളിക്കോപ്പുകള്‍ ഭക്ഷണങ്ങള്‍ (ഫ്ലൈറ്റില്‍ കിട്ടുന്നത് വലിയവര്‍ പോലും കഴിക്കില്ല, പിന്നാ) എന്നിവ എവിടെ നിന്നും വാങ്ങിക്കും എവിടെ ഉപേക്ഷിക്കും എന്ന് ഒരു ധാരണയുണ്ടാക്കുക. നാട്ടില്‍ ആനയുണ്ട് ചേനയുണ്ട്, മിണ്ടാതിരുന്നില്ലേല്‍ കൊണ്ടുപോകില്ല എന്ന ലൈന്‍ സാധാരണ ഫലിക്കേണ്ടതാണ്‌.

എയര്‍പ്പോര്‍ട്ട് ഡ്രോപ്പ് ഓഫ്- ഒറ്റ ടാക്സിയും ദുബായില്‍ കിട്ടൂല്ല. നേരത്തേ എന്തെങ്കിലും സംവിധാനം ചെയ്ത് വച്ചില്ലേല്‍ വീട്ടിന്റെ ബാല്‍ക്കണീല്‍ ഇറങ്ങി നിന്ന് വിമാനം പോകുമ്പോള്‍ റ്റാറ്റാ കാണിക്കുകയേ ഉള്ളൂ.

എന്ന ശരി, പെയ്യിട്ടു വരീങ്ങ്.

11 comments:

..:: അച്ചായന്‍ ::.. said...

"എന്തെങ്കിലും സംവിധാനം ചെയ്ത് വച്ചില്ലേല്‍ വീട്ടിന്റെ ബാല്‍ക്കണീല്‍ ഇറങ്ങി നിന്ന് വിമാനം പോകുമ്പോള്‍ റ്റാറ്റാ കാണിക്കുകയേ ഉള്ളൂ."

ഇതു കലക്കി അച്ചായോ :D

BS Madai said...

അച്ചായാ,
ചെക്‌ ലിസ്റ്റ് തമാം - useful tips.

ആര്‍പീ said...

ഹോ നീ പോയതോടെ ഓഫീസ് ചളമായി" എന്നു പറഞ്ഞ് സകല മേലാളന്മാരും ദീഘന്‍ നിശ്വസിക്കണം, അതാണ്‌ നമ്മുടെ ജോബ് സെക്യൂരിറ്റി ഗാര്‍ഡ്.
...അത് കറക്റ്റ്.

ദീപക് രാജ്|Deepak Raj said...

വളരെ നല്ല പോസ്റ്റ്. ശരിക്കും ഉപകാരപ്രദം..

അപ്പു said...

അനുഭവം ഗുരു!

Rammohan Paliyath said...

oru realistic, unique, shopping list also needed. please have a try.

പാഞ്ചാലി :: Panchali said...

ഉപകാരപ്രദം!
അന്റ്റൊണീ, ഒരു സംശയം; ഫ്രിഡ്ജ്‌ കാലിയെങ്കില്‍ പവര്‍ ഓഫ് ചെയ്തു പോകണമെന്നു എഴുതിക്കണ്ടു. പക്ഷെ 115 ഡിഗ്രി C ആമ്പിയന്റ് temperature ഉള്ള ദുബായില്‍ (അതും ഹ്യുമിഡിറ്റി വളരെ കൂടിയ) A/C ഓഫ് ചെയ്തു പോകുന്നത് ആശാസ്യമാണോ? 100% treated ഫ്രെഷ് എയര്‍ ഉള്ള അപാര്‍ട്മെന്റില് പോലും A/C ഓഫ് ചെയ്തിട്ട് പോയാല്‍ കണ്ടെന്‍സേഷനും ഫംഗല്‍ ഫോര്‍മേഷനും കാരണമാക്കുമെന്നാണ് വായിച്ചിട്ടുള്ളത്. പോരാത്തതിന് തടി കൊണ്ടുള്ള ഡോര്‍ ആണെന്കില്‍ അവ വികസിക്കാനും വളയാനും ചാന്‍സ് ഉണ്ട്! ഏതെങ്കിലും വിന്‍ഡോ, ഡോര്‍ ഗാപ്പിലൂടെ ഹോട്ട് & ഹുമിഡ് എയര്‍ അകത്തെത്തിയാല്‍ അടുത്ത അപര്‍ട്മെന്ടിലെ A/C ഓണ്‍ ആണെന്കില്‍ കൂടി അതിനോട് ചേര്‍ന്ന നമ്മുടെ ഭിത്തിയില്‍ (A/C ഓഫ് ആണെന്കിലും) കണ്ടെന്സേഷന്‍ ഉണ്ടാവും എന്നാണറിവ്!

അഗ്രജന്‍ said...

വീടിന്റെ താക്കോല്‍- ഒരു സ്പെയര്‍ താക്കോല്‍ അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ ഏല്പ്പിക്കുക. വിമാനം തറേന്നു പൊങ്ങുമ്പോള്‍ മിക്കവാറും എന്തെങ്കിലും അണയ്ക്കുകയോ അടയ്ക്കുകയോ ചെയ്തോ എന്ന് ഒരു സംശയം തുടങ്ങും, അതെങ്കിലും നിര്വൃത്തി വരുത്താമല്ലോ... അതു വേണ്ടതു തന്നെ :)

(വാടക) വേണേല്‍ ഇതൂടെ ആവാം...:
കുടുംബത്തെ രണ്ടു മാസത്തിനു നാട്ടില്‍ നിറുത്താന്‍ തീരുമാനിക്കുക, വീട് ഫാമിലിയെ വിസിറ്റിങ്ങിനു കൊണ്ടു വരുന്നവര്‍ക്ക് വാടകയ്ക്ക് കൊടുക്കുക... വീട്ടു വാടകയ്ക്കൊക്കെ ഇപ്പോ എന്താ വില... നമ്മള്‍ ഒരുമാസത്തെ ലീവ് കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ പണ്ട് ബാച്ചിയായിരുന്നപ്പോള്‍ താമസിച്ചിരുന്ന റൂമില്‍ തറയില്‍ ഒരു പായ വിരിക്കാനുള്ള ഇടം ആദ്യമേ ബുക്ക് ചെയ്യുക... :)

Dinkan-ഡിങ്കന്‍ said...

ഇന്‍ഫര്‍മേറ്റീവ്


"കുട്ടികള്‍: " ആണ്‌ തകര്‍ത്തത് :)

ഷമ്മി :) said...

useful tips. thanks :)

Nirmala said...

kollam.... ishtapettu