Sunday, December 16, 2007

ആടിന്റെ പ്രോക്സി

വല്യമ്മച്ചീം കൊച്ചുമോനൂടെ  എങ്ങോട്ട്  കാലത്ത് പോണത്?
ആശൂത്രീ പെയ്യൂടണം ആന്റോമോനേ. ആടിനു  സുഖമില്ല. മുട്ടന്‍ വയറെളക്കം.

റോഡ്  ക്രോസ് ചെയ്ത് നില്ല്. മൃഗാശുപത്രിക്ക് ലങ്ങോട്ടു പോണ ബസ്സേല്‌ പെയ്യൂടണം.
മൃഗാശുപത്രിലോട്ടല്ല ചെല്ലാ, ധര്‍മാശുപത്രിക്ക് തന്നെ പോണത്.

ധര്‍മ്മാശുപത്രീലോ, ഈ അമ്മച്ചി എന്തരു പറയണത്? അവിടെ ആളിനെയേ ചികിത്സിക്കൂ, ആടിനെ എടുക്കൂല്ല.
വോ തന്നെ. അറിഞ്ഞിട്ട് തന്നെ പോണത്.

അല്ലീ, ആടെവിടെ?
ടാ ആന്റോ, ആടിനെ കൊണ്ടു പോണേല്‍ മൃഗാശുപത്രീല്‍ പോണം.  ഒന്നീ ആട്ടോകള്‌ വിളിച്ച് ആടിനെ അങ്ങോട്ടു കൊണ്ടു പെയ്യൂടണം, അല്ലീ ആട്ടോ വിളിച്ച്  മൃഗവൈദ്യനെ ഇഞ്ഞോട്ട് വിളിക്കണം. എന്തരായാലും മുപ്പതു രൂപ കൊടുക്കണ്ടീ.  വൈദ്യരു കുറിച്ചു തരുന്ന മരുന്നിനു കാശ് കടേല്‍ വേറേം കൊടുക്കണം.  ആട്ടോക്കാരോടും ഫ്രാന്‍സീസിനോടും കടം പറയാന്‍ പറ്റുവോടാ?

ഫ്രാന്‍സീസ് അല്ല, ഫാര്‍മസിസ്റ്റ്.
ഫ്രാന്‍സീസിന്റെ മരുന്നുകടേന്നാ ഞാങ് മരുന്നുകള്‌ വാങ്ങണത്, മറ്റേയാളിന്റെ കട എവിടീ?

വല്യമ്മച്ചി സര്‍ക്കാരാശൂത്രി പോയിട്ട് ആടിനു മരുന്നു വാങ്ങണത് എങ്ങനെ? അവിടെ മൃഗഡോക്റ്ററില്ലല്ല്?
ഞാങ് ഇവനെ കൊണ്ടു കാണിച്ചിട്ട് ഇവനു വയറെളക്കവാ മരുന്നുകളു തരാന്‍ പറഞ്ഞൂടും, അല്ലാതെ എന്തരു ചെയ്യാന്‍?

മാതാവേ മോനെ കാണിച്ചിട്ട് ആടിനു മരുന്നു വാങ്ങാനോ? അതേല്‍ക്കുവാ?
പിന്നില്ലീ, ദിവസോം രണ്ടു ഗുളികകള്‌ അപ്പിക്ക് കൊടുക്കന് പറഞ്ഞാ അത് എരട്ടിയാക്കി നാലെണ്ണം ആട്ടിനു കൊടുത്താ മതിയല്ല്, അസൂം മാറും, ഞാങ് പണ്ടും കൊടുത്തിട്ടൊള്ളതാ.

ഇഞ്ജക്ഷന്‍ വല്ലോം വേണമെന്ന് പറഞ്ഞാല്‌?
ഞങ്ങള്‌ സിസ്റ്ററിന്റടുത്തൊട്ട് പെയ്യൂണ്ടാണ്ട് എറങ്ങും. ഓടിച്ചിട്ടു കുത്തത്തില്ലല്ല്.

എന്തരായാലും ഈ പൊടിയനെക്കൊണ്ട് കള്ളങ്ങള്‌ പറയിക്കണത് അയ്യം.
ടാ, ഇവന്റമ്മച്ചിക്ക് പണിയെടുക്കാന്‍ ആവതില്ല, അപ്പച്ചനു പണിയൊണ്ടായാലും അഞ്ചിന്റെ കാശ് വീട്ടി തരൂല്ല. ഇവനും എനിക്കും ആകെയൊള്ളത് ആടാ. കള്ളങ്ങളെങ്കി അങ്ങനെ, ആടു പോയാല്‍ എന്തരു ചെയ്യണത് പിന്നെ?

ലോ ബസ്സ് വരണ്‌ കേറിക്കോളീ, വണ്ടിക്കൂലി ഒണ്ടല്ല് കയ്യി?
ഒണ്ട്.

3 comments:

simy nazareth said...

കിടിലം തന്നി

മൂര്‍ത്തി said...

:)പതിവുപോലെ !

ഗുപ്തന്‍ said...

ആന്റോച്ചായോ

പഴയ ഒരൂ കഥയുണ്ട്

ഒരു സായിപ്പിന്റെ പൂച്ചക്ക് ശോധനയില്ലായ്മ. ആള് വെറ്റിനെ ഫോണില്‍ വിളിച്ചുകാര്യം പറഞ്ഞു. വെറ്റ് മരുന്നുപറഞ്ഞുകൊടുത്തു.

പിറ്റേ ദിവസം രാവിലെ സായിപ്പ് നോക്കുമ്പോള്‍ ആറ് പൂച്ചകള്‍ തന്റ്നെ പൂച്ചയുടെ കൂടെ പുരക്കുചുറ്റി ഓടുന്നു.

രണ്ടെണ്ണം മുന്നേ ഓടി മണപ്പിച്ച് സ്ഥലം മാര്‍ക്ക് ചെയ്യുന്നു;

രണ്ടെണ്ണം മാര്‍ക്ക് ചെയ്ത സ്ഥലം കുഴിക്കുന്നു;

സായിപ്പിന്റെ സ്വന്തം പൂച്ച ഇവരുടെ പിന്നില്‍ പോയി എല്ലാ കുഴിയിലും ച്ചീച്ചിയിടുന്നു;

രണ്ട് പൂച്ചകള്‍ പിന്നില്പോയി കുഴികള്‍ മൂടുന്നു.


യൂസ് ആന്‍ഡ് ഫൊര്‍ഗെറ്റ് റ്റോയ്‌ലറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വയറിളക്കം വന്നാലുള്ള ഗതിയേ...

സംഗതി ചെറിയ ഒരു അബദ്ധം പറ്റിയതാണ്. സായിപ്പ് ക്യാറ്റ് എന്ന് പറഞ്ഞത് വെറ്റ് കേട്ടത് കാഫ് എന്നാണ്. അതുകൊണ്ട് പശുക്കുട്ടിക്ക് സംഗതികള്‍ എളുപ്പമാകാനുള്ള മരുന്നാണ് പറഞ്ഞത്. പാവം സായിപ്പും പാവം പാവം പൂച്ചയും...