Thursday, December 13, 2007

ആദ്യ ജയം

അവസാന റൗണ്ടെത്തി. ബാക്കിയെല്ലാവരും പ്രതീക്ഷ ഉപേക്ഷിച്ചമട്ടാണ്‌, ഒരുത്തി ഒഴിച്ച്. അവളെക്കാള്‍  രണ്ടേ രണ്ട് പോയിന്റ് ലീഡ്.  ഇനി ബാക്കിയുള്ളത് ഒരു അളിച്ചുവാരല്‍, വിഷയം സംഗീതം. മാസ്റ്റര്‍ കൂട്ടത്തിനു മുന്നില്‍ വലിച്ചെറിയുന്ന എല്ലിന്മുട്ടി  ആദ്യമോടി എടുക്കുന്ന പട്ടിയ്ക്ക് അതു തിന്നാം. ഫ്രീ ഫോര്‍ ആള്‍
 
ക്വിസ്സ് ഒരു രസമില്ലാത്ത കളിയാണ്‌.  വാഗണ്‍ ട്രാജഡി എന്നു നടന്നെന്നേ ചോദ്യമുള്ളു, മനപ്പൂര്വ്വം നടത്തിയതാണോ എന്നില്ല. പ്രേം നസീര്‍ എത്ര ചിത്രങ്ങളിലഭിനയിച്ചെന്ന് ചോദിക്കും, മധുവിന്‌ എന്തുകൊണ്ട് അത്രയും പറ്റിയില്ല എന്ന് ആലോചിക്കേണ്ടതില്ല.  വെറും വിവരങ്ങള്‍ മാത്രം പറയാന്‍  വിവരം വേണ്ടല്ലോ ഓര്‍മ്മ മതി.

എന്നും കഴുകിയും ഉപ്പുകാറ്റു കൊണ്ടും നരച്ച‍ യൂണിഫോമിട്ട, അതും സര്‍ക്കാര്‍ സ്കൂളിന്റെ മഞ്ഞ ഉടുപ്പും നീല നിക്കറും ഇട്ട ഒരുത്തന്‍ ഇവിടെ എന്തു മോഹിച്ചു വന്നു എന്ന മറ്റു മത്സരാര്‍ത്ഥികളുടെ ആശ്ചര്യം കലര്‍ന്ന നോട്ടം ഒന്നു മാത്രമാണ്‌ വീണ്ടും വീണ്ടും എന്നെ ക്വിസ്സ് മത്സരങ്ങളിലെത്തിക്കുന്നത്.  ഈ ചേരിപ്പിള്ളേരൊക്കെ
ഫുട്ട്ബാളും ഓട്ടമത്സരവും മാത്രം അറിയുന്നവരല്ലേ എന്ന ഒരു ഭാവത്തില്‍ എന്നെ ഒഴിവാക്കി  ബാക്കിയെല്ലാവരും പരസ്പരം പരിചയപ്പെട്ടുകൊണ്ട്   ഹാളിലേക്ക് കയറുന്നവരെക്കൊണ്ട് എനിക്കു വേണ്ടി  കൈയ്യടിപ്പിക്കാന്‍ മാത്രമാണ്‌ ഈ മത്സരങ്ങള്‍ക്കു വരുന്നത്.

ജൗളിക്കടയുടെ മണമുള്ള  നിറമുള്ള ഉടുപ്പുകളും പൊടി കണ്ടിട്ടില്ലാത്ത സ്പോര്‍ട്ട്സ് ഷൂകളും എല്ലാം വീണു കഴിഞ്ഞു. ഇത്രയും കഴിഞിട്ടും പിറകേ ഓടുന്നത്  ഇവള്‍ മാത്രം. ജീന്‍സിന്റെ തുണികൊണ്ട് തുന്നിയ പാവാടയും ലേസുകള്‍ തുന്നിയ  ഒരുടുപ്പും വെയില്‍ തട്ടുമ്പോള്‍  മാത്രം നിറം വരുന്ന കണ്ണടയും എന്നെ വിടുന്നില്ല, പ്രതീക്ഷയും വിടുന്നില്ല. തുലഞ്ഞു പോകാന്‍.

ടേപ്പ് റിക്കോര്‍ഡറില്‍ ഒരു ഹിന്ദിപ്പാട്ട്. ആരുടെ ശബ്ദം?
വിരല്‍ കുടിക്കുന്ന കുഞ്ഞിന്റെ പടമുള്ള ട്രാന്‍സിസ്റ്റര്‍ പാടുന്ന  പാട്ടുകള്‍ ഓര്‍ക്കാന്‍ ശ്രമിച്ചപ്പോഴേക്ക് അവളതെടുത്തു. "ഗീതാ റോയ്." അങ്ങനെ ഒരു പാട്ടുകാരി ഉണ്ടായിരുന്നോ.

അടുത്ത മലയാളം പാട്ട് തുടങ്ങിയ നിമിഷം ഏതവനോ കൂക്കി. "സബിതാ ചൗധരി." ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞേനെ. ഒരുപക്ഷേ എല്ലാവരും പറഞ്ഞേനെ.

ഇതേത് രാഗം?
ആവോ. ചിത്രം പാട്ടുകാരന്‍ എഴുതിയ ആള്‍ സംഗീതം വേറൊന്നും റേഡിയോയില്‍ പറയാറില്ല.  "മോഹനം." എന്ന് അവളുടെ ശബ്ദം.

വെള്ളം തട്ടിയാല്‍  ചീത്തയായിപ്പോകുന്ന തുകലിന്റെ  ചെരിപ്പുകള്‍  എന്റെ റബ്ബറിന്റെ വള്ളിച്ചെരുപ്പുകള്‍ക്കൊപ്പമോടുന്നു.
"വി ആര്‍ ഹെഡിങ്ങ്  റ്റുവേര്‍ഡ്സ് അന്‍ എക്സൈറ്റ്ങ്ങ് ഫിനിഷ്. ബോത്ത് ആന്റണി ആന്‍ഡ് സന്ധ്യാ രാജന്‍ ഹാവ്  ഫിഫ്റ്റി ഫോര്‍ പോയിന്റ്സ് നൗ," ക്വിസ്സ് മാസ്റ്റര്‍  പറഞ്ഞു.

എന്ത് എക്സൈറ്റ്മെന്റ്.  സംഗീതമിവള്‍ അരച്ചു കലക്കി കുടിച്ചിരിക്കുന്നു.

 വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ എന്തോ പുസ്തകവും അവള്‍ക്കു കീഴെ ഞാന്‍ എത്തിച്ചേര്‍ന്നത് എന്തോ മഹാകാര്യമാണെന്ന് അപമാനിക്കുന്നൊരു സര്‍ട്ടിഫിക്കറ്റും വാങ്ങിയിറങ്ങിപ്പോകുമ്പോള്‍ ആരൊക്കെയോ അലക്ഷ്യമായി കൈ തന്നെന്നല്ലാതെ ആരും പരിചയപ്പെട്ടില്ല. അവളൊഴികെ.

"ലാസ്റ്റ് മ്യൂസിക്ക് റൗണ്ട്  വന്നതുകൊണ്ട് ഞാന്‍ ഫ്ലൂക്കിനു ജയിച്ചതാണ്‌. എന്റെ മമ്മി മ്യൂസിക്ക് ടീച്ചറാണ്‌, ഞാനും പഠിക്കുകയാ.  ശരിക്കും ആന്റണി ജയിക്കേണ്ടതായിരുന്നു."
വിജയിയുടെ വിനയം. ശരിക്കും നീ ജയം അര്‍ഹിക്കുന്നെന്ന് തോറ്റവനെക്കൊണ്ട് പറയിക്കുക. മുറിവിന്മേല്‍  മുളകുപൊടി ഇടുന്ന ഈ പണി ഞാനും ചെയ്തിട്ടുള്ളതല്ലേ, വാട്ട് ഗോസ് എറൗണ്ട് കംസ് എറൗണ്ട്.

"അല്ലല്ല. യൂ റീയലി ഡിസേര്‌വ് ഇറ്റ്." ഇംഗ്ലീഷ് എനിക്കു സ്വാഭാവികമായി വരാത്തതുകൊണ്ട് ആത്മാര്‍ത്ഥതയില്ലാത്ത വാചകങ്ങള്‍ ആ ഭാഷയില്‍ പറയാനാണ്‌ എളുപ്പം.

അവളെ കെട്ടിപ്പിടിക്കാന്‍ ഒരു കസവുസാരിയും കുറേ സ്വര്‍ണ്ണവളകളും ഓടിയെത്തി.
"മമ്മീ, ശരിക്കും ആന്റണി ജയിക്കേണ്ടതായിരുന്നു അല്ലേ?" അവള്‍  നിറുത്തുന്നില്ല ഉപദ്രവം, ഞാന്‍ കരഞ്ഞു പോകുമെന്ന് ഭയമായി തുടങ്ങി.

"അതിലിപ്പോ എന്താ ഇന്നു നീ ജയിക്കും നാളെ അവന്‍ ജയിക്കും.  ഞാന്‍ ഇവിടെയിരുന്ന് നോക്കിയത് വേറൊന്നായിരുന്നു. നീ ശ്രദ്ധിച്ചോ, ആന്റണി ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം നമ്മുടെ ഉണ്ണിക്കുട്ടനെപ്പോലെ തന്നെ. അല്ലേ?"

ഉണ്ണിക്കുട്ടന്‍ അവരുടെ മകനായിരിക്കുമോ? എന്തായാലും വേണ്ടപ്പെട്ട ആളാണ്‌. നമ്മുടെ എന്നല്ലേ പറഞ്ഞത്.

ക്വിസ്സില്‍ പങ്കെടുത്തതും കാണാന്‍ വന്നതുമായ ഉണ്ണിക്കുട്ടന്മാര്‍  പിരിഞ്ഞു പോയി. റോഡില്‍ ഉണ്ണിക്കുട്ടന്മാര്‍ നടന്നും ഓടിയും കാറിലും സ്കൂട്ടറിനു പിറകില്‍ അള്ളിപ്പിടിച്ചും  കടന്നു പോയി. ഷൂസിട്ടവര്‍, തേഞ്ഞ ചെരിപ്പിട്ടവര്‍, ചെരിപ്പേ ഇല്ലാത്തവര്‍. തിളങ്ങുന്ന കുപ്പായക്കാര്‍, സര്‍ക്കാര്‍ യൂണിഫോമിട്ടവര്‍, വെറും നിക്കറിട്ട ഉണ്ണിക്കുട്ടന്മാര്‍.

ജില്ലാ മത്സരത്തിനു  ഞാനും പോകുന്നുണ്ടെന്ന് സന്ധ്യ രാജനോട് വെറുതേ പറഞ്ഞതഅണ്‌, ഇല്ലെങ്കില്‍ തോറ്റ വിഷമത്തില്‍ പിന്മാറിയതാണെന്ന് അവള്‍ കരുതും.  അവിടെ ഞാന്‍ പോയാലും ഇല്ലെങ്കിലും ഒരുണ്ണിക്കുട്ടനാണു ജയിക്കുന്നത്. വെറുതേയെന്തിനു വിരസമായ വിവരങ്ങള്‍  തലയിലേറ്റി സമയം പാഴാക്കണം, ഞാന്‍ ജയിച്ചുകഴിഞ്ഞല്ലോ.

10 comments:

വല്യമ്മായി said...

ഒരു പാട് ക്വിസ് മല്‍‌സരങ്ങളുടെ ഓര്‍മ്മകള്‍ തീരി‍കെ തന്ന പോസ്റ്റ്,പക്ഷെ അവസാനം മുഴുവനങ്ങ് മനസ്സിലായില്ല.

സിദ്ധാര്‍ത്ഥന്‍ said...

എനിക്കും മനസ്സിലായില്ല.

അരവിന്ദ് :: aravind said...

കലക്കി ആന്റണീ..മനസ്സില്‍ തട്ടി.
ഞാനും പോയിട്ടുണ്ട് ക്വിസ്സിനും യുറീക്കാ പരീക്ഷക്കും ഒക്കെ, ജില്ലാതലത്തില്‍.
ഒന്നിനും അങ്ങനെ ജയിച്ചിട്ടില്ല...അവസാനം വരെ വരും...അവിടെ ഡീസന്റായി പൊട്ടും.

അവസാഞോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഹൈദ്രാബാദിലെ മികച്ച സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ കണ്ട് പിടിക്കാന്‍ നടത്തിയ മൂന്ന് റൊഉണ്ട് മത്സരത്തിലും സെമിയില്‍ പൊട്ടി...ഫൈനലിന് കാണിയാകാന്‍ പാസ്സു കിട്ടിയത് മെച്ചം..പഞ്ച നക്ഷത്രഹോട്ടലിന്റകം കാണാം എന്ന് കരുതി വെറുതേ പോയി, ഓഡിയന്‍സ് റൊഉണ്ടില്‍ ആള്‍ക്കൂട്ടത്തിലിരുന്ന് രണ്ടുത്തരം വിളിച്ച് പറഞ്ഞപ്പോ ക്വിസ്സ് മാസ്റ്റര്‍ ഡെറിക് ഓബ്രയാന്‍ സ്റ്റേജില്‍ വിളിച്ചു കയറ്റി തന്നതെന്താന്നറിയോ? എട്ടു കുപ്പി..ഐ റിപ്പീറ്റ്, എട്ടു കുപ്പി റോയല്‍ സ്റ്റാഗ് വിസ്കി! (പരിപാടിയുടെ സ്പോണ്‍സര്‍ റോയല്‍ സ്റ്റാഗ് ആയിരുന്നു)

ഞാന്‍ മുറ്റ് കുടിയനായത് അങ്ങനെയാ.

എന്റെ വിധി.

സു | Su said...

:) അവരുടെ ഉണ്ണിക്കുട്ടന്‍ ആയെങ്കില്‍ ജയിച്ചു.

പെരിങ്ങോടന്‍ said...

മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ചു ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ക്വിസ് മത്സരം. ഒപ്പത്തിനൊപ്പം ഒരേ ക്ലാസുകാരന്‍ സുനില്‍. അവസാന ചോദ്യം / പ്രവര്‍ത്തി ഒരു തെങ്ങോല തന്ന് പരിഷത്തുകാര്‍ പറയുന്നു എന്തെങ്കിലും കളിക്കോപ്പു നിര്‍മ്മിക്കുവാന്‍. ചിറ്റൂര്‍കാരന്‍ ഏതോ ബാങ്കറുടെ മകന്‍ സുനില്‍ ചിറ്റൂരിലെ തെങ്ങൊന്നും കണ്ടിട്ടില്ലായിരുന്നെന്ന് തോന്നുന്നു. പാലക്കാടിന്റെ ഗ്രാമസന്തതികളെല്ലാം ഈര്‍ക്കില തുളച്ചു കയറ്റികൈയില്‍ പിടിച്ചു ഓടുമ്പോള്‍ ഹെലികോപ്റ്ററില്‍ പറക്കുകയാണ് ഫീല്‍ ചെയ്യിപ്പിക്കുന്ന പമ്പരം നിര്‍മ്മിച്ചു, ചിലര്‍ തെങ്ങോല കൊണ്ടു കൈയിലണിയാവുന്ന വാച്ചുണ്ടാക്കി. ഈയുള്ളവന്‍ ഓലകൊണ്ടൊരു പാവയുണ്ടാക്കി; ഈര്‍ക്കില മെല്ല താഴോട്ടും മുകളിലോട്ടും നീക്കുമ്പോള്‍ കൈയനക്കുന്ന ഒരു പാവ. തെങ്ങിന്‍ കള്ളിന്റെ നുരയ്ക്കുന്ന മണത്തോടെ സേതുമ്മാമ പഠിപ്പിച്ചു തന്ന ഒരു കളിക്കോപ്പ് നിര്‍മ്മിതി. പരിഷത്തുകാര്‍ക്ക് ആ മത്സരത്തില്‍ ലഭിച്ച ഏക ജീവനുള്ള കളിക്കോപ്പ്. പത്തു ബോണസ് മാര്‍ക്ക്, വിജയിയെ പ്രഖ്യാപിക്കും മുമ്പേ അത് അവനു കൊടുക്കുമോയെന്ന് സുനില്‍ സ്വകാര്യത്തില്‍ ചോദിച്ചു. വിജയത്തിന്റെ ഉല്ലാസത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ യാതൊരു കൂസലുമില്ലാതെ ഒരു കൂട്ടുകാരി നെഞ്ചു തൊട്ടുകാണിച്ചു അവള്‍ക്കത് വേണമെന്ന്... ഞാനത് അവള്‍ക്കു കൊടുത്തു.

തോറ്റവരോട് ആര്‍ക്കാണ് സഹതാപം?

പെരിങ്ങോടന്‍ said...

മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വച്ചു ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ക്വിസ് മത്സരം. ഒപ്പത്തിനൊപ്പം ഒരേ ക്ലാസുകാരന്‍ സുനില്‍. അവസാന ചോദ്യം / പ്രവര്‍ത്തി ഒരു തെങ്ങോല തന്ന് പരിഷത്തുകാര്‍ പറയുന്നു എന്തെങ്കിലും കളിക്കോപ്പു നിര്‍മ്മിക്കുവാന്‍. ചിറ്റൂര്‍കാരന്‍ ഏതോ ബാങ്കറുടെ മകന്‍ സുനില്‍ ചിറ്റൂരിലെ തെങ്ങൊന്നും കണ്ടിട്ടില്ലായിരുന്നെന്ന് തോന്നുന്നു. പാലക്കാടിന്റെ ഗ്രാമസന്തതികളെല്ലാം ഈര്‍ക്കില തുളച്ചു കയറ്റികൈയില്‍ പിടിച്ചു ഓടുമ്പോള്‍ ഹെലികോപ്റ്ററില്‍ പറക്കുകയാണ് ഫീല്‍ ചെയ്യിപ്പിക്കുന്ന പമ്പരം നിര്‍മ്മിച്ചു, ചിലര്‍ തെങ്ങോല കൊണ്ടു കൈയിലണിയാവുന്ന വാച്ചുണ്ടാക്കി. ഈയുള്ളവന്‍ ഓലകൊണ്ടൊരു പാവയുണ്ടാക്കി; ഈര്‍ക്കില മെല്ല താഴോട്ടും മുകളിലോട്ടും നീക്കുമ്പോള്‍ കൈയനക്കുന്ന ഒരു പാവ. തെങ്ങിന്‍ കള്ളിന്റെ നുരയ്ക്കുന്ന മണത്തോടെ സേതുമ്മാമ പഠിപ്പിച്ചു തന്ന ഒരു കളിക്കോപ്പ് നിര്‍മ്മിതി. പരിഷത്തുകാര്‍ക്ക് ആ മത്സരത്തില്‍ ലഭിച്ച ഏക ജീവനുള്ള കളിക്കോപ്പ്. പത്തു ബോണസ് മാര്‍ക്ക്, വിജയിയെ പ്രഖ്യാപിക്കും മുമ്പേ അത് അവനു കൊടുക്കുമോയെന്ന് സുനില്‍ സ്വകാര്യത്തില്‍ ചോദിച്ചു. വിജയത്തിന്റെ ഉല്ലാസത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ യാതൊരു കൂസലുമില്ലാതെ ഒരു കൂട്ടുകാരി നെഞ്ചു തൊട്ടുകാണിച്ചു അവള്‍ക്കത് വേണമെന്ന്... ഞാനത് അവള്‍ക്കു കൊടുത്തു.

തോറ്റവരോട് ആര്‍ക്കാണ് സഹതാപം?

സിമി said...

അനോണീ, ഈ വളയം എത്ര ചാടിയതാ. പ്രസംഗത്തിനു ആയിരുന്നു കൂടുതലും ചാട്ടം. ഒരു മത്സരത്തിലും തയ്യാറെടുക്കാതെ പോയി അഞ്ചുമിനിട്ടുകൊണ്ട് ആലോചിച്ച് മൂന്നുമിനിട്ടുകൊണ്ട് പ്രസംഗിച്ച് ഇറങ്ങി വരും. വസ്ത്രമൊക്കെ ഏതാണ്ട് ഇതേ സെറ്റപ്പ്. മിക്കപ്പോഴും സമ്മാനം ഒന്നും കിട്ടില്ല. എന്നാലും ഏതു വേദിയിലും കയറിനില്‍ക്കാനുള്ള തൊലിക്കട്ടി കിട്ടി.

കേരള ഫോറസ്റ്റ് ഡിപാര്‍ട്ട്മെന്റിന്റെ സംസ്ഥാന തല ക്വിസ്സില്‍ പതിനാലു ജില്ലകളുടെ മത്സരത്തിനു പതിനാലാം സ്ഥാനം ആര്‍ക്കായിരുന്നു ന്ന് അറിയാമോ? (എനിക്കും എന്റെ ചേട്ടനും - കൊല്ലം ജില്ലയില്‍ ഞങ്ങള്‍ ഫസ്റ്റായിരുന്നേയ്)

ഫസല്‍ said...

kathayo leakhanamo? ithenthaanennariyilla, pakshe vaayichu kazhinjittume manassu porunnilla. commentsukalum valare hridyamaayi

നാടോടി said...

:

ദില്‍ബാസുരന്‍ said...

പെരിങ്സിന്റെ കമന്റാണ് ഓര്‍മകളെ കൊണ്ട് വന്നത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ക്വിസ് പരിപാടിയില്‍ പേപ്പര്‍ കൊണ്ട് കളിക്കോപ്പുണ്ടാക്കാനൊക്കെ പറയുമ്പോള്‍ അട്ടം നോക്കി ഇരുന്നിട്ടുണ്ട്. ഏപ്ലസ്ബിഹോള്‍സ്ക്വയര്‍ പോലെയുള്ള തത്തമ്മേപൂച്ചയായിരുന്നല്ലോ നമ്മടെ ശക്തിദുര്‍ഗം. ‘എനോള ഗേ‘ എന്തായിരുന്നു ടൈപ്പ് ചോദ്യം ഓക്കെ ഓല കൊണ്ട് പമ്പരം എന്ന് പറഞ്ഞാല്‍ തീര്‍ന്നു. അനോണി പറഞ്ഞത് തന്നെ കാര്യം ഡാറ്റ ഓര്‍മ്മിച്ച് വെയ്ക്കാന്‍ പറ്റും പക്ഷെ വിവരമില്ല. :)