Thursday, October 1, 2009

തേക്കടിയിലെ ബോട്ടുയാത്രയെപ്പറ്റി

വീട്ടിലേക്ക് മടങ്ങുമ്പോള്‍ റേഡിയോയിലാണ്‌ പെരിയാര്‍ തടാകത്തില്‍ ബോട്ട് മറിഞ്ഞ വാര്‍ത്ത കേട്ടത്. വീട്ടിലെത്തി കുറേ നേരം ടീവി വാര്‍ത്ത നോക്കി. മരിച്ചുപോയവരുടെയും ആസന്നമൃതരുടെയും വിശദദൃശ്യങ്ങളും വിവരണങ്ങളും ടെലിവിഷന്‍ ലൈവില്‍ എത്തിക്കാന്‍ തുടങ്ങിയതോടെ ഓഫ് ആക്കി വച്ചു. മൃതര്‍ക്കും അവശര്‍ക്കും തങ്ങളുടെ സ്വകാര്വത കാക്കാനാവില്ലല്ലോ, അവരുടെ ഭീദിതവും ദയനീയവുമായ ദൃശ്യങ്ങളെ വ്യക്തമായി കാണിക്കുന്ന ദൃശ്യങ്ങള്‍ അനാവശ്യമാണെന്ന തോന്നല്‍ മൂലം അത്തരം വാര്‍ത്തകള്‍ ഞാന്‍ കാണാറില്ല.

കുറച്ചു മാസങ്ങള്‍ക്കു മുന്നേ ഞാനും തേക്കടിയില്‍ പോയിരുന്നു, ഭാര്യയും കുഞ്ഞുമൊപ്പം. അരണ്യനിവാസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും മണപ്പുറം എന്ന സ്ഥലം വരെ ഏതാണ്ട് രണ്ടര മണിക്കൂര്‍ ആണ്‌ കെ റ്റി ഡി സിയുടെ പെരിയാര്‍ തടാകത്തിലെ ബോട്ട് സവാരി.

ടിക്കറ്റ് നല്‍കുന്നയിടത്തു നിന്ന് ബോട്ട് ജട്ടി കാണാന്‍ പോലുമാകില്ല എന്നതിനാലാവണം, ആളുകളുടെ എണ്ണവും ബോട്ടുകളുടെ ലഭ്യതയും തമ്മില്‍ ബന്ധമൊന്നും കാണാനായില്ല. അതിനിടെ ചില വിരുതന്മാര്‍ ടിക്കറ്റ് എടുക്കാതെ മതില്‍ ചാടി ജട്ടിയിലെത്തുന്നതും കണ്ടു.

പലബോട്ടുകളും തകരാറിലായിരുന്നു. ഒരു മണിക്കൂറോളം വെയിലത്ത് കാത്തു നിന്നു ഒടുക്കം ബോട്ടെത്തി.


ഒരു സ്രാങ്കും ഒരു ഡ്രൈവറും ഒരു സഹായിയുമായിരുന്നു ബോട്ടില്‍. രണ്ടു തട്ടിലായി നൂറോളം പേര്‍ കയറി. ബോട്ടിനു മേല്‍ ചൈനീസ് ഡിസ്കൗണ്ട് സ്റ്റോറുകളില്‍ ലഭിക്കുന്ന തരം പ്ലാസ്റ്റിക്ക് സീറ്റുകള്‍ ആയിരുന്നതിനാല്‍ കയറിയവര്‍ തന്നെയാണോ സീറ്റിങ്ങ് കപ്പാസിറ്റി എന്നൊന്നും അറിയാന്‍ നിവൃത്തിയില്ലായിരുന്നു. സുരക്ഷാ നിര്‍ദ്ദേശങ്ങളൊന്നുമില്ലായിരുന്നു. ലൈഫ് ജാക്കറ്റുകളും ലഭ്യമായിരുന്നില്ല. കുറച്ചു ലൈഫ്‌ബോയ്കള്‍ ബോട്ടിന്റെ റൂഫിനു മുകളിലും രണ്ടെണ്ണം പിന്‍‌വശത്തും തൂക്കിയിട്ടിരിക്കുന്നത് യാത്രക്കാര്‍ക്ക് എത്തിയെടുക്കാനും കഴിയില്ല. (മേലേ ചിത്രത്തില്‍ കാണുന്നത് മറ്റൊരു ചെറിയ ബോട്ടാണ്‌ അതില്‍ ലൈഫ്‌ബോയികള്‍ കയ്യെത്തി എടുക്കാമെന്ന് തോന്നുന്നു) യാത്രയിലുടനീളം യാത്രികര്‍ എഴുന്നേറ്റ് നടക്കുകയായിരുന്നു.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മറ്റും അതിഥികള്‍ സവാരി ചെയ്യുന്ന മരക്കലങ്ങളുടെ അവസ്ഥ കണ്ടപ്പോഴാണ്‌ ഉള്ളതില്‍ കാഴ്ച്ചക്കെങ്കിലും ഭേദം കെ റ്റി ഡി സി ബോട്ടുകളാണെന്ന് മനസ്സിലായത്.



പെരിയാര്‍ തടാകം യഥാര്‍ത്ഥ തടാകമല്ല, മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണം മൂലം കരയില്‍ വെള്ളം കയറി തടാകമായതതാണ്‌.

മരക്കുറ്റികളും പാറകളും എമ്പാടും നിറഞ്ഞ ഈ ജലാശയത്തിലൂടെ ബോട്ടുകള്‍ വളഞ്ഞു പുളഞ്ഞ് എവിടെയും തട്ടാതെ പോകുന്നത് സ്രാങ്കിനുള്ള സ്ഥലപരിചയം വച്ച് മാത്രമാണ്‌. ജലനിരപ്പും അടിത്തട്ടിലെ പാറകളും തിരിച്ചറിയാനും യാതൊരു സം‌വിധാനവുമില്ല.ബോട്ടു മുങ്ങി അപകടമുണ്ടാവാനാനുള്ള സാദ്ധ്യതയെക്കാള്‍ ബോട്ട് ഉലയുമ്പോള്‍ പ്ലാസ്റ്റിക്ക് കസേരകളില്‍ നിന്ന് ആളുകള്‍ വെള്ളത്തില്‍ തെറിച്ചുവീഴാനുള്ള സാദ്ധ്യതയാണ്‌ കൂടുതലായി തോന്നിയത്. എത്തിയും ഉന്തിയും വെള്ളം തൊടാനും ഫോട്ടോ എടുക്കാനും ശ്രമിക്കുന്നവര്‍ മറിഞ്ഞു വെള്ളത്തില്‍ പോകാനും സാദ്ധ്യതയേറെ.




ഇടയ്ക്ക് ഒരു പറ്റം കാട്ടുപോത്തുകളെ കണ്ട് ജനം ക്യാമറകളും നീട്ടി ആ വശത്തേക്ക് എഴുന്നേറ്റോടി. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞവരെ അവഗണിച്ചും പുച്ഛിച്ചും തള്ളിക്കളഞ്ഞ് കൊള്ളാവുന്നതും ചുണ്ണാമ്പിടാവുന്ന പരുവത്തിലുള്ളതുമായ ക്യാമറകളും മൊബൈലുകളും പുറത്തേക്ക് നീട്ടി ജനം പടമെടുത്ത് ആര്‍മ്മാദിച്ചു.




ഇവന്മാരെ മര്യാദയ്ക്കിരുത്തിയില്ലെങ്കില്‍ നമ്മളെല്ലാം മുങ്ങുമല്ലോ എന്ന് ഭയന്നപ്പോള്‍ "തേക്കടിയില്‍ ഇന്നോളം ഒരു ബോട്ടും മുങ്ങിയിട്ടില്ല" എന്നായിരുന്നു ഒരു സ്ഥിരം ടൂറിസ്റ്റിന്റെ ആശ്വാസവാക്ക്.

ഇനിയിപ്പോള്‍ ആ ഇന്നോളവുമില്ല. ഭാരം കൂടിയ തടി ബോട്ടുകള്‍ ഓടിച്ചു ശീലിച്ച ജീവനക്കാര്‍ക്ക് ഭാരം കുറഞ്ഞ പുതിയ ഫൈബര്‍ ബോട്ടിന്റെ ഹള്‍‌വെയിറ്റും കാപ്സൈസിങ്ങ് റിസ്കും എങ്ങനെ മാറുമെന്ന് വ്യക്തമായി ധാരണയില്ലാഞ്ഞിട്ടാവാം.

ബോട്ട് ചെറിയ ആംഗിളില്‍ തിരിയുമ്പോള്‍ യാത്രക്കാരും ആ വശത്തേക്കോടിയിട്ടോ മറുവശത്തേക്ക് ഓടിയതിന്റെ ശേഷമുള്ള അപ്റൈറ്റിങ് ആക്ഷന്‍ കൊണ്ടോ മറിഞ്ഞതാകാം.

കുറ്റിയിലോ പാറയിലോ തട്ടിയതാകാം.

പുതിയ ബോട്ടിന്റെ നിര്‍മ്മാണപ്പിഴവാകാം.

ആദരാഞ്ജലികള്‍.

ഇനി അവിടെ പോകുന്നവര്‍ സ്വന്തം ചിലവില്‍ ഒരു ലൈഫ് ജാക്കറ്റ് കൊണ്ടുപോകുകയും യാത്ര തുടങ്ങും മുന്നേ അതു ധരിക്കുകയും ചെയ്യണമെന്ന് അപേക്ഷ. കഴിയുന്നതും ഇത്തരം എല്ലാ ജലയാനങ്ങളിലും.

അല്പ്പം ചിലവുള്ള കാര്യം തന്നെ. പക്ഷേ കോട്ടയത്തു നിന്നും കുമിളിവരേയ്ക്കു പോകാന്‍ വേണ്ട പെട്രോള്‍ ചിലവിന്റെ അത്ര പോലും വരില്ല അത്.

20 comments:

ഞാന്‍ ആചാര്യന്‍ said...

കുറെ പോത്തിനെക്കാണാന്‍ ബോട്ടു കേറിപ്പോകേണ്ട കാര്യമില്ല...പണ്ടാണെങ്കില്‍ ആനയും അമ്പാരിയും പുലിയും ഒക്കെ ഉണ്ടായിരുന്നു പോല്‍. ആനയെക്കണ്ടിട്ടുണ്ട് നേര്. പുലിയുടെ പ്രതിമ തടാകത്തിലേക്കുള്ള വഴിയരികില്‍ ഉണ്ടാക്കി വെച്ചതും 'പുലി മേഖല' എന്ന ബോര്‍ഡും ഉണ്ട്. വൈകുന്നേരം അവിടെ മരത്തിനു മറഞ്ഞു പുലി നിന്നതു കണ്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്, കണ്ടവരെ കണ്ട്മുട്ടിയിട്ടില്ല. പുലിയെല്ലാം ബ്ലോഗില്‍ കയറി; മറ്റ് 'മൃഗ'ങ്ങള്‍ നാട്ടിലേക്കും കയറി. പിന്നെ എന്നാ കാണാനാ അവിടെ... ബോട്ടില്‍ കേറാനുള്ള ഓരോരുത്തന്മാരുടെ ആക്രാന്തം കാണുമ്പോള്‍ തോന്നും ഹൊ, ഇവെരെ കാത്ത് എല്ലാ മൃഗങ്ങളും അവിടെ ഗാര്‍ഡ് ഒഫ് ഓണറിനൊരുങ്ങുകാണല്ലോന്ന്. പിന്നേ....ബോട്ടിന്‍റെ മോളില്‍ ഓഡിറ്റോറിയത്തില്‍ ഗാനമേളക്കിരിക്കുന്നതു പോലെയല്ലെ ജനം പ്ലാസ്റ്റിക് കസേര ഇട്ട് ഇരിക്കുന്നത്... കുറ്റിയിലും പാറയിലുമൊക്കെ മിക്കവാറും ഇടിക്കും. നല്ല കാറ്റുണ്ടാവുന്ന ഭാഗങ്ങളും ഉള്ളതായി കേട്ടിട്ടുണ്ട്. ആയുസിന്‍റെ ബലം കൊണ്ടും ഒടേ തമ്പുരാന്‍റെ കൃപ കൊണ്ടും ഇത്റേം നാള്‍ അങ്ങ് നടന്നു പോയി....

ബിജുക്കുട്ടന്‍ said...

പോസ്റ്റ്‌ അവസരോചിതമായി..

Rajeend U R said...

അൽപം കണക്ക്‌, ഇതിലും കാര്യമില്ലേ....

ഒരു ബോട്ടിൽ 60 പേർ
ആൾക്കൊന്നിന്‌ 100 രൂപ

ഒരു ബോട്ട്‌ ദിവസം മ‍ൂന്ന് ട്രിപ്പ്‌

ഒരു ദിവസത്തെ കലക്ഷൻ : 18000

ഇതുപോലെ അഞ്ചാറു ബോട്ടുകൾ വെച്ച്‌ K T D C എന്ന സർക്കാർ സ്ഥാപനം പൈസയുണ്ടാക്കുന്നു.

വിനോദ സഞ്ചാരികൾക്കായി സൗകര്യങ്ങൾ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല, പക്ഷേ സുരക്ഷാ സൗകര്യങ്ങൾ വല്ലതും ചെയ്തുകൂടെ....

മുകളിൽ പറഞ്ഞ ഒരു കാര്യം പ്രസക്തി അർഹിക്കുന്നു, തേക്കടിയിൽ തടാകത്തിനായി ഒന്നും ചെയ്യുന്നില്ല... അണക്കെട്ട്‌ തന്ന tourist spot...

അരവിന്ദ് :: aravind said...

നാട്ടില്‍ മനുഷ്യനു പട്ടീടെ ജീവന്റെ വിലപോലുമില്ല എന്ന് ചിലപ്പോള്‍ തോന്നിപ്പോകുന്നു.
യാത്രക്കാരെ എന്തിന് പഴിക്കണം? അവര്‍ക്കറിയാമോ ബോട്ടിന്റെ ഗുട്ടന്‍സുകള്‍!
ലൈഫ് ജാക്കറ്റുമില്ല, നല്ല ബോട്ടുമില്ല..കെ റ്റി ഡി സി എന്നാല്‍ കില്ലിംഗ് റ്റൂറിസ്റ്റ്സ് ഡെവലപ്പ്‌മെന്റ് കോപ്പാണ്!
കാറ്റില്‍ ക്ലാസ്സ് എന്നു പറയുന്നതാണ് അഭിമാനക്ഷതം!

Kaippally said...

മരിയാതക്ക് ഇരിക്കാൻ പറഞ്ഞാൽ കസേരയിൽ നാട്ടുകാർ ഇരിക്കുമോ?
Seat ധരിക്കാൻ പറഞ്ഞാൽ ധരിക്കുമോ?
Plane Land ചെയ്ത ഉടൻ phone വിളിക്കരുതെന്നു പറഞ്ഞാൽ ജനം കേൾക്കുമോ?
Helmet ധരിക്കാൻ നിയമം വന്നപ്പോൾ സമരം ചെയ്ത സംസ്ഥാനമാണു് കേരളം. സുരക്ഷ ആഡമ്പരമായി കരുതുന്ന ജനങ്ങൾ ഈ സംഭവം കണ്ടു് എന്തിനു ആശ്ചര്യപ്പെടണം.

Kaippally said...

correction: Seat belt ധരിക്കാൻ പറഞ്ഞാൽ ധരിക്കുമോ?

ഹാഫ് കള്ളന്‍||Halfkallan said...

ജൂഡീഷ്യല്‍ മാമാങ്കത്തിന് മുടക്കുന്ന കാശിനു ലൈഫ് ജാക്കെറ്റ്‌ വാങ്ങി അത് നിര്‍ബന്ധമാക്കണം . യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിവിധ ഭാഷകളില്‍ റെക്കോര്‍ഡ്‌ ചെയ്തു പ്ലേ ചെയ്യുക . . ഉച്ചത്തില്‍ നിര്‍ദേശങ്ങള്‍ കേട്ടാല്‍ ചിലരെങ്കിലും സീറ്റിലേക്ക് മടങ്ങുമായിരിക്കും . .
ഇനി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ .. ഇതിനെ പറ്റി ആളുകള്‍ മറക്കാതിരിക്കട്ടെ . . ആദരാഞ്ജലികള്‍ !!!

gireesh said...

നല്ല പോസ്റ്റ്‌, പക്ഷെ കുറച്ചു നേരത്തെ ആവാമായിരുന്നു എന്ന് തോന്നുന്നു...

poor-me/പാവം-ഞാന്‍ said...

ആന്റണി ജി സമയോചിതമായ ലേഖനം. ഈ ലേഖനവും സഹ ബ്ളോഗര്‍മ്മാരുടെ അഭിപ്രായങളും വായിച്ചിട്ട് ദയവായി ഞാന്‍ ഇട്ടിരിക്കുന്ന ചിത്രം നോക്കുക

സേതുലക്ഷ്മി said...

കമലഹാസന്‍ പറഞ്ഞുപോലെ, കുറച്ച് കഴിയുമ്പോള്‍ സര്‍ക്കാരും ജനവും ഈ ബോട്ടപകടത്തെ മറക്കും. ചങ്കരന്‍ പിന്നെയും തെങ്ങേല്‍...!!!

Unknown said...

ലൈഫ് ജാക്കറ്റിന്റെ കാര്യം പറഞ്ഞതുകൊണ്ട്... അപകടം സംഭവിച്ചബോട്ടില്‍ എല്ലാവരും ജാക്കറ്റ് ധരിച്ചിരുന്നെങ്കില്‍ കൂടി മരണസംഖ്യ കുറയുമായിരുന്നെന്ന് കരുതുന്നില്ല, കാരണം ബോട്ട് തലകീഴായി മറിഞ്ഞപ്പോള്‍ ബോട്ടിനകത്ത് കുടുങ്ങിയാണ് കൂടുതല്‍പേരും മരിച്ചത്, അല്ലാതെ നീന്തല്‍ അറിയാതെ മുങ്ങിമരിച്ചതല്ല എന്നാണ് എന്റെ അറിവ്... അപ്പോള്‍ ബോട്ടിന്റെ രൂപകല്‍പ്പനയില്‍ തന്നെ കാതലായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

Ajmel Kottai said...

കൈപ്പള്ളി പറഞ്ഞതിനോട് യോജിക്കുന്നു. സുരക്ഷാ എന്നത് ഒരു തലവേദനയായി കാണുന്ന ഒരു സമൂഹമാനിതെന്നു പറയാതെ വയ്യ!

Calvin H said...

Signed under Kaippally's comment

ചിതല്‍/chithal said...

ബോട്ടില്‍ കയറുന്നവര്‍ക്കും കയറ്റുന്നവര്‍ക്കും നിയമങ്ങള്‍ അനുസരിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ ഇതും ഇതിലധികവും സംഭവിക്കും.
ഓര്‍ത്ത്‌ നെടുവീര്‍പ്പിടാന്‍ മാത്രമെ ഇപ്പോള്‍ സാധിക്കു.
ഇനിയും ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കട്ടെ.

Kaippally said...

ബോട്ടുകളിൽ life jacket ഉണ്ടെങ്കിലും കമഴ്ന്നു കഴിഞ്ഞാൽ ഒന്നും ചെയ്യാനാകില്ല.

അദ്യ ചിത്രത്തിൽ കാണുന്ന ബോട്ടിന്റെ Centre of Gravity വളരെ ഉയരത്തിലാണു്. ഈ ബോട്ടു് വളരെ എളുപ്പം കമരാൻ സാദ്ധ്യത ഉള്ളതായി കാണുന്നു.

ഇവ Design stageൽ capsize trials നടത്തിയ ബോട്ടുകൾ ആകാൻ ഇടയില്ല. കോട്ടയത്തും കുട്ടനാട്ടിലും ഉള്ള സാധാരണ ബോട്ടുകളെ double decker അക്കി മാറ്റിയതുപോലെയുണ്ടു്.

അപ്പോൾ എന്താണു് പരിഹാരം:

New Yorkൽ Hudson നദിയിൽ ഉപയോഗിക്കുന്ന ferry ബോട്ടുകൾ തെക്കടിയിൽ ഉപയോഗിക്കാൻ കഴിയില്ല. ജലാശയത്തിന്റെ അടിയിൽ വൃക്ഷങ്ങളും കുറ്റികളും ഉള്ളതിനാൽ Flat bottom ബോട്ടുകൾ ആണു കൂടുതൽ നല്ലതു്.

അഴം കുറഞ്ഞ Amsterndam canalഉകളിൽ ഉള്ളതുപോലത്തെ Flat and Wide ബോട്ടൂഖൾ ആകുമ്പോൾ fuel അല്പം കൂടും, പക്ഷെ എളുപ്പം കമരുകയില്ല.

അനോണി ആന്റണി said...

കമിഴ്ന്നു കഴിഞ്ഞാല്‍ മാത്രമല്ല അടുത്തുള്ള മുങ്ങുന്ന ഒന്നോ രണ്ടോ ആള്‍ നമ്മെ കയറിപ്പിടിച്ചാലും ലൈഫ് വെസ്റ്റ് രക്ഷയൊന്നും തരില്ല. പക്ഷേ കൂടുതല്‍ സുരക്ഷക്കായി വ്യക്തിതലത്തില്‍ ലൈഫ് ജാക്കറ്റ് അല്ലാതെ വേറെന്തു ചെയ്യും നമ്മള്‍?

ഫ്ലാറ്റ് ബോട്ടം ബോട്ടായാല്‍ വല്യ കീല്‍ ഉള്ള ബോട്ടിനെക്കാള്‍ സ്റ്റെബിലിറ്റി കുറവായിരിക്കില്ലേ കൈപ്പള്ളീ?

[പുറം കടലില്‍ കമിഴ്ന്ന ട്രോളരില്‍ നിന്നു രക്ഷപ്പെട്ട ഒരു തമിഴന്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു, ഈയിടെ മരിച്ചു. വലിയ തിരയില്‍ ബോട്ട് കീഴ്മേല്‍ കമിഴ്ന്നു പോയി. ക്യാബിനിലെ എയര്‍ പോക്കറ്റ് ശ്വസിച്ച് ഇയാള്‍ മുങ്ങി ഒരു വിഞ്ച്ച് ഹൂക്ക് ബോട്ടില്‍ നിന്നു പിഴുതെടുത്ത് ഗ്ലാസ്സ് ഇടിച്ചു പൊട്ടിച്ച് അതിലൂടെ നൂഴ്ന്നു പുറത്തേക്ക് നീന്തി.

ഒരു മണിക്കൂറോളം പുറങ്കടലില്‍ നീന്തിക്കഴിഞ്ഞ് മറ്റൊരു ബോട്ട് ഇയാളെ കണ്ടെത്തി രക്ഷപ്പെടുത്തി. ക്യാബിന്‍ ചില്ല് വെള്ളത്തിനടിയില്‍ വച്ച് തലയുടെ ഒരു വശത്തെ തൊലി മുതല്‍ ചെവി അടക്കം മുഖത്തിന്റെ ഒരു വശം മുഴുവന്‍ ചീന്തിക്കളഞ്ഞിരുന്നു. ആ മുറിവ് കാരണം തണുപ്പില്‍ ഒരു മണിക്കൂര്‍ നീന്തിയിട്ടും ഇയാളുടെ ബോധം പോയില്ല, ജീവന്‍ ബാക്കി കിട്ടി. മുഖം മുഴുവന്‍ കീറിപ്പറിഞ്ഞ് നാശമായ കോലത്തില്‍ ജീവിച്ചിരുന്ന ഇയാളെ വിവരംകെട്ട പിള്ളേര്‍ കളിയാക്കി "ഈ.ടി" എന്നു വിളിച്ചിരുന്നു . ഏറ്റവും അതിശയം ഇത്രയും ചോരയൊലിപ്പിച്ച് വെള്ളത്തില്‍ കിടന്നിട്ടും സ്രാവുകളൊന്നും ഇയാളെ തിന്നില്ല എന്നതാണ്‌]

Joker said...

അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം നമ്മള്‍ ജാഗ രൂഗരാകുന്ന സ്വഭാവം ഇന്നും തുടരുന്നു. സാധാരണ ഗതിയില്‍ ബീഛുകളിലും പൊതുജനം വിനോദത്തിലേര്‍പ്പെടുകയും ചെയ്യുന്നിടങ്ങളില്‍ ഒരു റെസ്ക്യൂ സംവിധാനങ്ങള്‍ വിദേശനാട്റ്റുകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നമ്മുട്റ്റെ നാട്ട്റ്റില്‍ മാധ്യമങ്ങള്‍ല്‍ അടക്കം പുതിയ സംവിധാനങ്ങ്ഗളെ പറ്റി ആലോചിക്കുന്നില്ല.പകരം പത്രങ്ങള്ക്കും പ്രതിപക്ഷത്തിനും മന്ത്രി പുത്രന് ബന്ധം അന്വേഎഷിക്കാനയിരിക്കും താല്പര്യം

Norah Abraham | നോറ ഏബ്രഹാം said...

മൃതര്‍ക്കും അവശര്‍ക്കും തങ്ങളുടെ സ്വകാര്വത കാക്കാനാവില്ലല്ലോ, അവരുടെ ഭീദിതവും ദയനീയവുമായ ദൃശ്യങ്ങളെ വ്യക്തമായി കാണിക്കുന്ന ദൃശ്യങ്ങള്‍ അനാവശ്യമാണെന്ന തോന്നല്‍ മൂലം അത്തരം വാര്‍ത്തകള്‍ ഞാന്‍ കാണാറില്ല.

ഒപ്പ്

അരവിന്ദ് :: aravind said...

കൈപ്പള്ളി പറഞ്ഞതില്‍ സത്യമുണ്ട്, എന്നാല്‍ അങ്ങനെ ജെനറലൈസ് ചെയ്യാനും പറ്റില്ല.

അറുപത് പേരില്‍ നാല്പത് പേര്‍ക്കും സുരക്ഷാ നടപടിക്രമങ്ങള്‍ തലവേദനയാണെങ്കിലും അത് പറയേണ്ടതും അനുസരിക്കാന്‍ നിര്‍ബന്ധിക്കേണ്ടതും മാനേജ്‌മെന്റിന്റെ കടമയാണ്. ബാക്കി പത്തു പേര്‍ക്ക് അറിയാന്‍ മേലാഞ്ഞിട്ടാണെങ്കിലോ?
വിമാനം പറന്നുയര്‍ന്നപ്പോള്‍ ഒരു പെണ്ണിന്റെ സീറ്റിന്റെ അടുത്ത് പോയി ചെത്താന്‍ നിന്ന ഇന്ത്യക്കാരനെ ഓടി വന്ന് പിടിച്ച് സീറ്റിലേക്ക് ഉന്തിയിട്ടിട്ട് ഇരുന്നോളണം അവിടെ! എന്ന് അലറിയ സ്റ്റിവാര്‍ഡിനെ ഓര്‍മ്മ വരുന്നു.
എന്തിന്, തിരൂര്‍ കുറ്റിപ്പുറം റൂട്ടില്‍ ബസ്സുകളുടെ മരണപ്പാച്ചില്‍...പിന്നിലുള്ള ബസ്സിലിരുന്നവര്‍ കൈയ്യടിച്ച് ഡ്രൈവറെ പ്രോത്സാഹിപിക്കുന്നു. ഒരു തരത്തില്‍ ബസ്സ് നിര്‍ത്തിച്ച് അച്ഛന്‍ എന്നേം കൂട്ടി ഇറങ്ങിപ്പോരുകയായിരുന്നു!

ഭൂരിപക്ഷത്തിന്റെ തോന്ന്യാസം മൂലം 'കന്നാലികള്‍, എങ്ങനേങ്കിലും പണ്ടാറടങ്ങട്ടെ' എന്ന് നടത്തിപ്പുകാര്‍ വിചാരിക്കരുത്.

വി. കെ ആദര്‍ശ് said...

എന്തുകൊണ്ട് നമുക്ക് ബോട്ട് യാത്രികരുടെ പ്രാഥമികവിവരം എങ്കിലും ടിക്കറ്റ് കൊടുക്കുന്ന വേളയില്‍ സ്വീകരിച്ചുകൂടേ. റെയില്‍‌വേ ടിക്കറ്റ് റിസര്‍വേഷന്‍ പോലെ.
ഇതുമായി ബന്ധപ്പെട്ട എന്റെ ഒരു പോസ്റ്റ് http://blogbhoomi.blogspot.com/2009/09/blog-post_30.html