Thursday, October 8, 2009

അച്ഛന്‍

1
അച്ഛാ, വിശക്കുന്നല്ലോ.
എല്ലാ അഞ്ചു മിനുട്ടിലും ബസ്സ് വരും സ്റ്റാച്യൂ ജംഗ്ഷനില്‍. പത്തു മിനുട്ട് ബസ്സിലിരുന്നാല്‍ വീട്ടിലെത്താം. എന്റെ വിശപ്പ് ചായക്കട ശാപ്പാടിനോടുള്ള കൊതിയാണെന്ന് അച്ഛനു മനസ്സിലാവുമെന്ന് എനിക്കറിയാം, എന്നാലും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു ഒരു മര്യാദയൊക്കെയില്ലേ.

ഇപ്പോഴോ? ഊണു കഴിക്കണോടോ?
വേണ്ട മസാലദോശ മതി.

ശരി വരൂ. അച്ഛന്‍ കുട നിവര്‍ത്തി.
അങ്ങോട്ടല്ല, ഇങ്ങോട്ട്. ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശ അയ്യം. ബീറ്റ് റൂട്ട് ഇടും അവരതില്‍. അഴുക്ക രുചീം ചെവല കളറും.

ഇങ്ങോട്ട് എവിടെ?
അരുള്‍ ജ്യോതിയില്‍.

അതു പ്രശ്നമായല്ലോടോ. അച്ഛനു അരുള്‍ ജ്യോതി ഇഷ്ടമല്ല.
അവിടത്തെ മസാലദോശയ്ക്ക് ഭയങ്കര ടേസ്റ്റാന്ന് തോനേ ഫ്രണ്ട്സ് പറഞ്ഞച്ഛാ. അച്ഛന്‍ ഒന്നു ട്രൈ ചെയ്ത് നോക്കൂ.

എന്റെ ഇഷ്ടക്കേട് ദോശയിലല്ലെടോ.
പിന്നെ അവിടെ വൃത്തിയില്ലേ?

അതുമല്ല.
കാശു തോനേ ആവുമോ?

അതുമല്ല. നിന്റെ പ്രായത്തിലുള്ള കുട്ടികളാണ്‌ അവിടെ അടുക്കളപ്പണി ചെയ്യുന്നതും വിളമ്പുന്നതുമൊക്കെ. എനിക്കത് സഹിക്കില്ല.
അപ്പോ എനിക്കു അവിടത്തെ ദോശ കിട്ടില്ലെന്നു പറ.

അങ്ങനെ ഞാന്‍ പറഞ്ഞില്ല. ഞാന്‍ അവിടെ കയറില്ല. തനിക്കു പോകണമെങ്കില്‍ പൈസ തന്നിട്ടു ഞാന്‍ വെളിയില്‍ നില്‍ക്കും.

അച്ഛാ.
പറയെടോ.

ഈ കുട്ടികളെല്ലാം പാവപ്പെട്ട വീട്ടിലെ ആയതുകൊണ്ടല്ലേ അവര്‍ക്കു ജോലി ചെയ്യേണ്ടിവരുന്നത്?
അതേടോ.

അപ്പോ ആ കുട്ടികള്‍ ജോലി ചെയ്തില്ലെങ്കില്‍ അവരെങ്ങനെ ജീവിക്കും?
ദാരിദ്ര്യം മാറാന്‍ കുട്ടികള്‍ ജോലി ചെയ്യുന്നതുകൊണ്ട് പറ്റില്ല. ഈ കുട്ടികള്‍ക്ക് എന്തെങ്കിലും നിസ്സാരമായ തുട്ടുകളും കുറച്ചു ഭക്ഷണവും കുറേ അടിയും ആണ്‌ കിട്ടുന്നത്. അവരുടെ അദ്ധ്വാനത്തിനു മാന്യമായ വില കൊടുക്കാത്തതുകൊണ്ട് നമ്മള്‍ ദോശയ്ക്ക് കൊടുക്കുന്ന പൈസയില്‍ര്‍ഹിക്കുന്നതില്‍ കൂടുതല്‍ ലാഭം കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്ന ഒരു കടയുടമയ്ക്ക് കിട്ടുകയാണു ചെയ്യുന്നത് എന്നാണ്‌ അച്ഛന്‍ കരുതുന്നത്.

ആരും ഈ ഹോട്ടലില്‍ കഴിച്ചില്ലെങ്കില്‍ ആ കുട്ടികള്‍ എന്തു ചെയ്യും?
കുട്ടികള്‍ ഒരുപക്ഷേ കൂടുതല്‍ ബുദ്ധിമുട്ടിയേക്കും കുറച്ചു കാലം, അവര്‍ ഒരു പക്ഷേ പഠിക്കാന്‍ പോയെന്നും വന്നേക്കാം, തന്നെപ്പോലെ.

പട്ടിണി കിടന്ന് അവര്‍ ചത്തുപോയാല്‍ അച്ഛനു ഇവിടെ ഇന്നു കയറാത്തതില്‍ വിഷമം തോന്നില്ലേ?
ഒരു കുട്ടിയുടെ കാര്യം മാത്രമായി ചിന്തിക്കുമ്പോള്‍ വരുന്ന പ്രശ്നമാണതെന്ന് ഞാന്‍ വിചാരിക്കുന്നു. ഒരു കുട്ടിയെ ഈ ജോലിക്കെടുത്താല്‍ ഒരു മുതിര്‍ന്നയാളിനെ ഈ ജോലിക്കെടുക്കുമ്പോലെ അങ്ങനെ കാര്യമായ ശമ്പളം ഒന്നും കൊടുക്കേണ്ട. അപ്പോള്‍ ഹോട്ടലുടമ ഒരു കുട്ടിയെ ജോലിക്കു വയ്ക്കുന്നു. ഒരു മുതിര്‍ന്നയാളിനു അങ്ങനെ ജോലി കിട്ടാതെയാവുന്നു. ഈ കുട്ടി ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമൊക്കെയായി കുറേക്കാലം ജീവിച്ച് ആരുമല്ലാതെ അകാലത്തില്‍ മരിക്കുന്നു. ജോലിയില്ലാതെയായ ആ മുതിര്‍ന്നയാളിന്റെ കുട്ടിക്ക് വഴിയില്ലാതെ ഈ ജോലിക്കു പോകേണ്ട ഗതികേടുണ്ടാവുന്നു. കുട്ടികള്‍ ജോലിക്കു വരാന്‍ കാരണം ദാരിദ്ര്യമാണെന്ന തന്റെ വീക്ഷണം ശരി തന്നെ, പക്ഷേ ആ ദാരിദ്യം ഒരിക്കലും വിട്ടൊഴിയാതെ പോകുന്നതില്‍ ഈ കുട്ടികള്‍ ജോലി ചെയ്യുന്നതും ഒരു കാരണമായിത്തീരുന്നു എന്ന് അച്ഛന്‍ വിശ്വസിക്കുന്നു.

മനസ്സിലായില്ലച്ഛാ, ഒന്നും മനസ്സിലായില്ല.
ഞാന്‍ വിവരിച്ചത് ശരിയായില്ലെന്നു തോന്നുന്നു. ശരി. എനിക്കു തന്നെ നോക്കാന്‍ കയ്യില്‍ പണമൊന്നുമില്ലെന്നു വിചാരിക്കൂ. നിവൃത്തികെട്ട് ഞാന്‍ തന്നെ ഭിക്ഷക്കാര്‍ക്കു വിറ്റു. അവര്‍ തന്റെ കയ്യും കാലും പൊള്ളിച്ച് ഭിക്ഷയെടുക്കാന്‍ വിട്ടു. താന്‍ പഠിക്കാതെ, ഭക്ഷണം കിട്ടാതെ, രോഗം വരാതിരിക്കാന്‍ കുത്തിവയ്ക്കാതെ, അസുഖക്കാരനായി വളര്‍ന്നു. മറ്റൊരു ഭിക്ഷക്കാരിയെ കല്യാണം കഴിച്ചു, തനിക്കും മക്കളായി. അവരെ നീ വളര്‍ത്താന്‍ വഴിയില്ലാതെ ഭിക്ഷയ്ക്കു തന്നെ ഇറക്കേണ്ടി വരികയേയുള്ളു, ആരുടെ കുറ്റം?

എന്നെ തെണ്ടിച്ചെങ്കില്‍ അത് അച്ഛന്റെ കുറ്റം, ഒറപ്പ് തിത്തിത്തൈ!
ശരിയാണ്‌, ഓരോ ആവര്‍ത്തി കഴിയുന്തോറും പട്ടിണി കാരണവും ഫലവുമായി കൂടിക്കൂടി വരുന്ന ചക്രത്തിനു ഞാന്‍ തന്നെ തുടക്കമിട്ടു.

ഇപ്പോ ഏതാണ്ട് പൊഹ പോലെ മനസ്സിലായി.
വിശക്കുന്ന തന്നോട് കൂടുതല്‍ തര്‍ക്കിക്കുന്നില്ല. അരുള്‍ ജ്യോതിയിലാണു പോകുന്നതെങ്കില്‍ ഞാന്‍ ഈ മരത്തിന്റെ താഴെ നില്‍ക്കാം, ഇതാ പൈസ.

വേണ്ട, കോഫീഹൗസില്‍ തന്നെ പോകാം.
പോകാം.

പക്ഷേ, ചെവല മസാലദോശ ഞാന്‍ കഴിക്കില്ല. കട്ലറ്റ് വേണം, നാലെണ്ണം. കോള്‍‌ഡ് കോഫീം വേണം. എനിക്കു ദോശകിട്ടാത്തതിന്റെ പ്രതികാരമാ, അച്ഛന്റെ ചക്രം പത്ത് പൊടിയട്ടെ!

താന്‍ ആ ദോശ കഴിക്കരുതെന്ന് ഞാന്‍ പറഞ്ഞോ, ഞാന്‍ കഴിക്കുന്നില്ലെന്നല്ലേ പറഞ്ഞുള്ളു.
പക്ഷേ എനിക്കു ഒരിക്കലും ആ ദോശവേണ്ടാതാക്കിയില്ലേ അച്ഛന്‍?

ഇല്ല. അവിടെ കയറിയിരുന്നെങ്കിലും താന്‍ തിരിച്ചിറങ്ങുമ്പോള്‍ ഇനി ഒരിക്കലും വരില്ലെന്നു പറഞ്ഞേനെ. ആ അസുഖകരമായ അനുഭവം ഞാനങ്ങ് ഒഴിവാക്കിയെന്നേയുള്ളു.

ഉറപ്പുണ്ടോ അച്ഛനത്?
ഉണ്ട്.

എങ്ങനെ?
എനിക്കു തന്നെ അറിയാമെടോ.

അച്ഛാ?
പറയെടോ.

എനിക്കറിയാവുന്ന ഒരുപാടു പിള്ളേര്‍ അവിടെ പോയി സ്ഥിരം കഴിക്കാറുണ്ടല്ലോ.
കണ്ണടയ്ക്കാന്‍ എളുപ്പമാണെടോ, അല്ലേ?
അതേ.

25 comments:

അരവിന്ദ് :: aravind said...

ടച്ചിംഗ് പോസ്റ്റ്.

സാധാരണ തമിഴ് ഹോട്ടലുകളില്‍ ആര്യഭവന്‍ മുതലായവ കയറാത്തത് ഇത് കൊണ്ടാണ്. പണ്ട് കുട്ടിയാകുമ്പോള്‍ സപ്ലൈ/എച്ചിലില പിള്ളേര്‍ സൈഡില്‍ നിന്നു നോക്കുന്നത് ശല്യമായും തോന്നിയിട്ടുണ്ട്. മസാലദോശ അല്പം പൊട്ടിച്ച് കൊതി പോട്ടെ എന്ന് ഊതി താഴത്തിട്ടിട്ടായിരുന്നു കഴിപ്പ്. വളര്‍ന്നപ്പോള്‍ ഇങ്ങനെയുള്ള ഹോട്ടലില്‍ പോകുന്നത് വിഷമവും, ലജ്ജയും, ചമ്മലും ഒക്കെയായി മാറി.
ഏതെങ്കിലും പിള്ളേരെ ജോലിക്ക് നിര്‍ത്തുന്നത് പിടിച്ചാല്‍ ഹോട്ടലുടമയുടെ കൈയ്യില്‍ നിന്ന് ആ കുഞ്ഞിന്റെ പഠിത്തത്തിനുള്ള കാശ് ഈടാക്കിയാലോ?

പിള്ളേരുമായി ഭിക്ഷക്ക് വരുന്നവര്‍ക്ക് ഫുഡ് ഐറ്റംസ് മാത്രമേ ഞാന്‍ നല്‍കാറുള്ളൂ.

അനോണി ആന്റണി said...

ഇപ്പോള്‍ കേരളത്തില്‍ പരസ്യമായി ഇങ്ങനെ കുട്ടികളെ ഹോട്ടലില്‍ ജോലിക്കു നിര്‍ത്താറില്ല അരവിന്ദേ, കാലം കുറച്ചു ഭേദമായി. (നാട്ടില്‍ നല്ലകാര്യങ്ങള്‍ വല്ലപ്പോഴും ഒരു ചേഞ്ചിനൊക്കെ സംഭവിക്കും)കര്‍ണ്ണാടകത്തില്‍ നിന്നട്ടും വീട്ടുജോലിക്കായി പിള്ളേരെ കൊണ്ടുവന്നു വില്‍ക്കുന്നത് ഇപ്പോഴും നിലവിലുണ്ട്. പട്ടണങ്ങളിലെങ്കിലും കുട്ടികള്‍ ഹോട്ടല്‍ വേല എടുക്കുന്നത് ആരെങ്കിലും കണ്ടാല്‍ ഉടമ എപ്പോള്‍ ജയിലില്‍ പോയെന്നു ചോദിച്ചാല്‍ മതി.

സിമി said...

കേരളത്തില്‍ ഇത് വലിയ പ്രശ്നമായി തോന്നിയിട്ടില്ല, ബാംഗ്ലൂരില്‍ സ്ഥിരം കാഴ്ച്ചയായിരുന്നു ട്രാഫിക്ക് ലൈറ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികള്‍ക്കടുത്ത് കുട്ടികള്‍ വന്നു തെണ്ടുന്നത്. കാശു കൊടുക്കണോ വേണ്ടയോ എന്ന സന്ധിഗ്ധാവസ്ഥയായിപ്പൊവും പലപ്പൊഴും.

അരവിന്ദ് :: aravind said...

ആണോ? മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ചേഞ്ച് ആണല്ലോ!
ഇത്തവണ തിരുവല്ല ആര്യഭവനില്‍ ഒന്നു കയറൂന്നുണ്ട്.

(അപ്പന്റെ തട്ടുകടയില്‍ മകന്‍ പൊറോട്ട തിരിച്ചിടാനോ, സപ്ലൈ നടത്താനോ നില്‍ക്കുവാനെങ്കില്‍ എങ്ങിനെ പരിഗണിക്കണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ട്. പ്രത്യേകിച്ച് പയ്യന്‍ നല്ല സ്പിരിറ്റോടെ ഞങ്ങടെ കട എന്ന മട്ടില്‍ ചെയ്യുമ്പോള്‍. എന്നാലും കുറ്റമാണ് അല്ലേ?)

അരവിന്ദ് :: aravind said...

കാശ് കൊടുക്കരുത് സിമി. വളരെ കഷ്ടപ്പെട്ടെടുത്ത തീരുമാനമാണ്. ക്രൂരമെന്ന് തോന്നാമെങ്കിലും അറിയാതെ അവരുടെ ജീവിതം നശിപ്പിക്കുകയാണ് കാശ് കൊടുക്കുന്നവര്‍ ചെയ്യുന്നത്.
മാര്‍ക്കെറ്റില്‍ ഒക്കെ പോയി വരുമ്പോള്‍ വല്ല ചോക്ലേറ്റോ ബിസ്കറ്റോ എക്‌സ്റ്റ്റാ എടുക്കാറുണ്ട്. കുട്ടികളേം കൊണ്ട് വരുന്നവര്‍ക്ക് കൊടുക്കാന്‍. ഫുഡ്ഡല്ലേ..അതുപയോഗിച്ച് കുട്ടികളെ വിടൂന്നവന് കള്ള് കുടിക്കാന്‍ പറ്റില്ലല്ലോ.
നാട്ടിലും അത് തന്നെ. വീട്ടില്‍ വരുമ്പോള്‍ ഭക്ഷണം തരാം പൈസ തരില്ല എന്ന് പറഞ്ഞതിന് ചീത്ത വിളിച്ചിട്ട്/ശപിച്ച് വരെ പോയിട്ടുണ്ട് ചിലര്‍. ചില പിള്ളേര്‍ വാശി പിടിക്കും, പൈസ തന്നെ വേണം. കളക്ഷന്‍ റ്റാര്‍ഗെറ്റ് എത്തിച്ച് അടി ഒഴിവാക്കാനാകും! എന്ത് ചെയ്യും!

Dinkan-ഡിങ്കന്‍ said...

ഞാനും ഒഴിവാക്കാറാണ്‌ പതിവ്.
(മുഴുവനങ്ങട്ട് സാധിക്കാറില്ലെങ്കിലും)

കരീം മാഷ്‌ said...

“അരവിന്ദന്റെ ഭക്ഷണമേ ഭിക്ഷ കൊടുക്കാറുള്ളൂ” വായിച്ചപ്പോള്‍ മനസ്സിലിപ്പോഴും തിളങ്ങി നില്‍ക്കുന്ന നാലു കണ്ണുകള്‍.
ബോംബെയില്‍ നിന്നുള്ള മടക്കയാത്ര. ട്രൈനില്‍ ഓര്‍ഡര്‍ ചെയ്ത ബ്രൈക്ക്ഫാസ്റ്റ് കിട്ടിയപ്പോള്‍ നേരം ഉച്ച. പൊതി ഒന്നേ തുറന്നുള്ളൂ.
വളിച്ച ഇഡ്ഡലിയുടെ മണം ഇന്നു മൂക്കിലെത്തുന്നു.
പൊതിഞ്ഞു ദൂരെക്കളയാന്‍ വിന്‍ഡോ തുറന്നു. മുന്നില്‍ 12 വയസ്സു തോന്നുന്ന ഒരു പെണ്‍കുട്ടി. ഊരയില്‍ ഒരു ചെറിയ കുഞ്ഞും.പൊതി അവള്‍ക്കുള്ളതാണെന്നു കരുതി വാങ്ങി.
തുറന്നു നോക്കുമ്പോള്‍ 4 ഇഡ്ഡലി.നന്ദിയോടെ നോക്കിയ
കണ്ണിലെ തിളക്കം കണ്ടപ്പോള്‍ .... വാക്കു തൊണ്ടയില്‍ കുടുങ്ങി.
അവള്‍ പൊതിയും ഒളിപ്പിച്ചു ഒറ്റയോട്ടം വേറെ ആരും കാണാത്തിടത്തേക്ക്.
പോണ പോക്കില്‍ പിന്നെയും പിന്നെയും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
പാവം.

സി.കെ.ബാബു said...

വ്യാപകമായ സാമൂഹികപ്രശ്നങ്ങൾക്കു് സാമൂഹികമായ പരിഹാരങ്ങളേ ശാശ്വതമാവൂ. ഒരു സമൂഹത്തിനു് അതു് നടപ്പാക്കാനുള്ള അറിവും കഴിവും നട്ടെല്ലുമുണ്ടോ എന്നതു് മറ്റൊരു 'സാമൂഹികപ്രശ്നം'.

സേതുലക്ഷ്മി said...

ഹോട്ടലില്‍ കയറിയാല്‍ ഫാനിന്റെ ചുവട്ടിലോ, ഏസിയിലോ ഇരുന്ന് നന്നായി ഭക്ഷണം കഴിക്കുക, കൈ കഴുകി, കാശും കൊടുത്ത് സ്വന്തം പാടും നോക്കി പോരുക... ഇതാണ് ഒരു “ശരാശരി മനുഷ്യന്“ ചെയ്യാവുന്ന ഏറ്റവും നന്മ. ഭക്ഷണത്തിന്റെ മുന്നിലിരുന്ന്, വിളമ്പാനെത്തുന്ന കുട്ടിയുടെ ദുര്‍ഗതിയെ ഓര്‍ത്ത് വിലപിക്കുക ഒരുതരം ആത്മവഞ്ചനയാണ്. അത്രയ്ക്ക് ഛേദമുണ്ടെങ്കില്‍, പോക്കറ്റില്‍ നിന്ന് നൂറ് രൂപയെടുത്ത് അവന്റെ കയ്യില്‍ കൊടുക്കണം, അങ്ങനെയെങ്കിലും അവന്റെ കുടുംബം രക്ഷപ്പെടട്ടെ! എന്നാല്‍ നാമത് ചെയ്യില്ല, എന്നാല്‍ വാതോരാതെ സംസാരിക്കുകയും, ഉച്ചനീചത്വങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും, യാതൊരു ഉളുപ്പുമില്ലാതെ! അപ്രായോഗികമെന്ന് സ്വയം തിരിച്ചറിഞ്ഞ ആദര്‍ശങ്ങള്‍ക്ക് വേണ്ടി മുതല കണ്ണീരൊഴുക്കുന്നവരോട് എനിക്ക് വെറുപ്പാണ്.

Dinkan-ഡിങ്കന്‍ said...

@സേതുലക്ഷ്മി
പോക്കറ്റില്‍ നിന്ന് നൂറ് രൂപയെടുത്ത് അവന്റെ കയ്യില്‍ കൊടുക്കണം, അങ്ങനെയെങ്കിലും അവന്റെ കുടുംബം രക്ഷപ്പെടട്ടെ!

അരേ..വാഹ്..വാ..ഹ്
നൂറുരൂപകൊണ്ട് രക്ഷപ്പെടുന്നതാണല്ലേ അവന്റെ കുടുംബം? !!!

ഇതേ പൊതുനീതി തന്നെ പ്രോസ്റ്റിറ്റ്യൂട്സിനോടും ആകാമല്ലോ അല്ലേ?
അവരുടെ കുടും‌ബം രക്ഷപ്പെടുത്തുക എന്ന കുലീനകര്‍മ്മത്തിനായി എളിയില്‍ നിന്ന് നൂറോ, അഞ്ഞൂറോ എടുത്ത് ബ്ലൗസിനിടയില്‍ തിരുകി കൊടുക്കാം.

മുതലക്കണ്ണീര്‍ ടെസ്റ്റ് ചെയ്യാനുള്ള മീറ്ററിന്റെ പേരെന്ത്?

അതുല്യ said...

എല്ലാര്‍ക്കും ഉത്തര്‍ പ്രദേശിലേയ്ക്ക് സ്വാഗതം. 5 വയസ്സുള്ള കുഞുങ്ങള്‍ തുടങ്ങി മേല്പ്പോട്ട് ഏത് സ്ഥാപനത്തിലും കാണാം. 18 ആയല്ലോ, എംബ്ലോയ്മെന്റ് ഏക്സ്ഛേഞ്ചില്‍ ചേരണം എന്ന് പറയുന്ന പോലെയാണു, 5 വയസ്സ് കഴിഞല്ലോ ജോലിയ്ക്ക് നിര്‍ത്താം എന്ന് മാതാപിതാക്കള്‍ പറയുന്നത്. കാര്‍പെറ്റ് വ്യവസായം മുഴുവനും പിഞ്ചു കുഞുങ്ങളെ കൊണ്ട് നിറഞതാണവിടേ. നൂറല്ലാ ഒരു സ്റ്റേറ്റിലെ മുഴോനും ബാല വേലക്കാറ്ക്ക് ആയിരം വച്ച് കൊടുക്കാം, പിന്നേ ഇതിലേയ്ക്ക് വരാതിരിയ്ക്മോ?

ഇപ്പോ ആന്റണി, ഒറീസ്സാ ബീഹാര്‍ എന്നിവിടങ്ങളിലേ പെണ്‍കുട്ടികളാണധികവും എറണാകുളത്ത്, പക്ഷേ ചില നല്ല ഉടമസ്ഥരുമുണ്ട്, നിര്‍മ്മല ശിശുഭവന്‍, കരുണാലയം, പള്ളുരുത്തി സെറ്റില്‍മെന്റ് ഹൊഉസുകള്‍ എന്നിവടങ്ങളില്‍ ചെറു ബാലികമാരെ, പത്തായിരം രുപ വരെ കൊടുത്ത് വിലയ്ക്ക് വാങിച്ചിട്ട്, ഇവിടുത്തെ സ്ഥാപനങ്ങളില്‍ ജോലിയ്ക്ക് നിര്‍ത്തുകയും, അതിനോടോപ്പം പഠിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു കൈതൊഴിലെങ്കിലും പഠിപ്പിച്ച് പിന്നീട് മറ്റ് ഏതെങ്കിലും കൈതൊഴില്‍ സ്ഥാപനങ്ങളിലേയ്ക്ക് വിടുന്നുണ്ട്.

ഇത് പോലെത്തെ പോസ്റ്റ് വായിച്ചാല്‍ ആകെ ഡെസ്പാവും. കഷ്ടം തോന്നി പോകുന്നു.

cALviN::കാല്‍‌വിന്‍ said...

ബാംഗ്ലൂരിലെ ആദ്യദിവസങ്ങളിലൊന്ന്:
ഒരു പുരുഷൻ, സ്ത്രീ, ഒക്കത്ത് ഒരു പൊടിക്കുഞ്ഞ്.

ഹിന്ദി അറിയാമോ എന്ന് ചോദ്യം. സ്ഥലത്ത് പുതിയതായതിനാൽ അറിയാം എന്ന് പറഞ്ഞു പോയി...

നോർത്ത് ഇന്ത്യയിൽ നിന്നും തൊഴിൽ തേടിയെത്തി വഴിയാധാരമായ കദനകഥ. തിരിച്ചു പോവാൻ വഴിയില്ല. കുഞ്ഞിനു പാലുകൊടുക്കാൻ കാശു വേണമത്രേ .
പോലീസ് സ്റ്റേഷനിലോട്ടുള്ള വഴി പറഞ്ഞ് കൊടുത്തു. അവർ നാട്ടിലെത്തിക്കുമെന്ന് പറഞ്ഞു. പോലീസിനെ പൊയി കണ്ടിരുന്നുവെന്നും മൂന്നാ‍ല് ദിവസം കഴിഞ്ഞുള്ള ഏതോ ഒരു വണ്ടിയിൽ കയറ്റിവിടാം എന്ന് പറഞ്ഞെന്നും പറഞ്ഞു. പക്ഷേ അത് വരെ കുഞ്ഞിനെ തീറ്റാൻ വഴി ഇല്ലല്ലോ...

ഒരു പൊടിക്കുഞ്ഞിനു പാലു വാങ്ങിക്കാൻ കാശില്ലെന്ന് പറയുമ്പോൾ നമുക്കെന്ത് തോന്നും?
കാശ് കിട്ടിയപ്പോൾ ആ മനുഷ്യന്റെ കണ്ണിലെ ഭാവപ്പൽകർച്ച ഞാൻ മറക്കില്ല. അതു വരെ കണ്ട(അഭിനയിച്ച) ദയനീയത മാറി ഇരയെ കുടുക്കിയ ഒരു വേട്ടമൃഗത്തിന്റെ ഭാവം!

ഇത് ബാംഗ്ലൂരിൽ ഒരു ബിസിനസ്സ് ആണെന്ന് പിന്നീട് മനസിലായി. കാശു കൊടുക്കുന്നതിനു പകരം അടുത്തുള്ള ഒരു ഹോട്ടലിൽ കയറ്റി പാലു വാങ്ങിച്ച് കൊടുത്താൽ മതിയായിരുന്നു.

അരവിന്ദ് പറഞ്ഞതിനോട് നൂറ്റൊന്ന് വട്ടം യോജിപ്പ്.

പ്രശ്നങ്ങൾക്ക് നമ്മൾക്ക് ഇമോഷനൽ ആയ താൽക്കാലിക പരിഹാരമാണ് വേണ്ടത് സാമൂഹ്യമോ രാഷ്ട്രീയപരമോ ആയ ശാശ്വതപരിഹാ‍രമല്ല എന്ന് മേലേതിൽ ഇന്നലെ ചാറ്റിൽ പറഞ്ഞത് സേതുലക്ഷ്മിയുടെ കമന്റ് കണ്ടപ്പോൾ ഓർമ വന്നു.

സേതുലക്ഷ്മി said...

ഡിങ്കനോട്:

പോക്കറ്റില്‍ നിന്ന് നൂറ് രൂപ കൊടുത്താല്‍ ആരുടെയും കുടുംബം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് എനിക്കറിയാം ഡിങ്കാ! നൂറ് രൂപ പോയിട്ട് അഞ്ച് പൈസ പോലും നല്‍കാന്‍ സന്മനസില്ലാതെ, മുന്നില്‍ നില്‍ക്കുന്ന കുട്ടിയുടെ ദുര്‍ഗതിയെ കുറിച്ചോര്‍ത്ത് വിലപിക്കുകമാത്രം ചെയ്യുന്ന, അങ്ങനെ ചെയ്തുകഴിഞ്ഞാല്‍ സമൂഹത്തോടുള്ള തന്റെ പ്രതിബന്ധത പൂര്‍ണ്ണമായി എന്ന വിശ്വസിക്കുന്ന ആത്മവഞ്ചനയെ കുറിക്കാനാണ് അത്തരമൊരു വാക്യം എഴുതിവന്ന കൂട്ടത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഡിങ്കന്‍ ചെയ്തതാകട്ടെ, ഉദ്ദേശിച്ച അര്‍ത്ഥം മനസിലാക്കാന്‍ ശ്രമിക്കാതെ, പ്രശ്നമെന്ന് തോന്നിയ ഒരു വാക്യം മാത്രം വെട്ടി മാറ്റി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുന്നു. നൂറ് രൂപ കിട്ടിയാല്‍ ഒരു കുടുംബം രക്ഷപ്പെടും എന്ന സാമ്പത്തിക സമവാക്യമല്ല ഞാന്‍ പറയാനുദ്യേശിക്കുന്നതെന്ന് ഡിങ്കന് തീര്‍ച്ചയായും അറിയാം!

ഡിങ്കന്റെ അടുത്ത അസംബന്ധം കേട്ടാല്‍ ആരും ചിരിക്കും. ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന കുട്ടികളെ കുറിച്ച് സംസാരിക്കുമ്പോള്‍, വിഷയവുമായി യാതൊരു ബന്ധമില്ലാത്ത വേശ്യകളെ വലിച്ചിഴക്കാന്‍ എങ്ങനെ തോന്നി താങ്ങള്‍ക്ക്, അതും പൊതുനീതി എന്ന അര്‍ത്ഥത്തില്‍? ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ ഹോട്ടലുകളില്‍ ജോലി ചെയ്തെങ്കിലും കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന കുട്ടികളെയും അസന്മാര്‍ഗികളായ വേശ്യകളെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ താങ്കളെ തോന്നിച്ച തലച്ചോറ് ക്ലീന്‍ ചെയ്യാന്‍ സമയമായി. പരസ്പര ബന്ധമില്ലാത്ത ആശയങ്ങള്‍ക്ക് കുത്തിക്കുറിച്ചാല്‍ അത് വിമശനമാവുമോ? പിന്നെ, മുതലക്കണ്ണീരിന്റെ തോതളക്കാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ പേരാണ് യുക്തി! അതേതായാലും താങ്കള്‍ക്കില്ലെന്ന് മനസിലായി.

monu.. said...

കൂതറ വിമര്‍ശനം..പത്ത് ആള് കേറുന്ന ബ്ലോഗില്‍ ഇതു ഓരോരുത്തികളുടെ സ്ഥിരം പരിപാടി..പരസ്യത്തിന് വേറെങ്ങും പോണ്ടല്ലോ..

അനോണി ആന്റണി said...

സേതുലക്ഷ്മീ, ഉടമയില്ലാത്തോരു ശബ്ദം മാത്രമായ എനിക്കൊന്നും ചെയ്യാനേ കഴിയില്ല. ഇവിടെ കമന്റ് ഇട്ടവരില്‍ മൂന്നുപേരെക്കുറിച്ചു മാത്രമേ എന്തെങ്കിലും ധാരണ എനിക്കുള്ളു. അവര്‍ മൂന്നും കൂടി ദരിദ്രര്‍ക്കായി ചിലവിട്ട പണത്തിന്റെ കണക്ക് എനിക്കു അറിയുന്നത്ര മാത്രം നോക്കിയാല്‍ അതൊരു നൂറല്ല, ആയിരമല്ല ലക്ഷങ്ങള്‍ വരും. അവര്‍ കോടീശ്വരന്മാരായിട്ടല്ല അതു ചെയ്യുന്നതും. വൈകുന്നേരങ്ങളില്‍ വീട്ടിരുന്ന് സ്വര്‍ണ്ണപ്പണിയെടുത്ത് അതിലെ ലാഭം അഗതികള്‍ക്കും അനാഥര്‍ക്കും വിതരണം ചെയ്യുന്ന ഒരു ആള്‍ കൂടിയുണ്ട് ഈ പോസ്റ്റിലെ കമന്റര്‍മാരില്‍.


എനിക്കറിയാത്തവര്‍ ചെയ്ത കാര്യങ്ങള്‍ ഇതിലുംഎത്രയോ വലുതായിരിക്കും. (പക്ഷേ, അവരൊന്നും പണിയെടുക്കുന്ന ഒരുത്തനെ വിളിച്ചു ഭിക്ഷ നല്‍കി ദരിദ്രനു പുറമേ അവനെ തെണ്ടി കൂടി ആക്കിയിട്ടുണ്ടാവില്ലെന്ന് എനിക്കുറപ്പുണ്ട്)

അതൊന്നും പരിഹാരമല്ലെന്നും അവര്‍ക്കറിയാം. അതുകൊണ്ടാണ്‍¬ ബാബുമാഷിന്റെ വാക്കു കടമെടുത്താല്‍ സാമൂഹികമായ പ്രശ്നങ്ങളെ സാമൂഹികമായി എങ്ങനെ നേരിട്ട് അവസാനിപ്പിക്കുമെന്നു അവര്‍ ചിന്തിക്കുന്നതും. ആ ദാനകര്‍മ്മങ്ങളെക്കാള്‍ മഹത്തായൊരു കൃത്യമാണത്.

അതെല്ലാം പോട്ടെ, എന്റെ പോസ്റ്റ് ഇതിനെക്കുറിച്ചൊന്നുമല്ല. പോസ്റ്റിന്റെ തലക്കെട്ടുപോലും ബാലവേലയെന്നുമല്ല.

സേതുലക്ഷ്മി said...

പോസ്റ്റിന്റെ തലക്കെട്ട് ബാലവേല അല്ലായിരിക്കാം, എന്നാല്‍ അച്ഛന്റെയും മകന്റെയും സംഭാഷണത്തിനിടയില്‍ ബാലവേലയെ കുറിക്കുന്ന ശക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. സ്വന്തം അധ്വാനത്തിന്റെ ലാഭം മുഴുവന്‍ സാമൂഹിക സേവനത്തിന് ഉപയോഗിക്കുന്നത് പുണ്യം തന്നെ, അത്തരക്കാരോട് എനിക്ക് ബഹുമാനവും ആരാധനയുമുണ്ട്. എന്നാല്‍, ഞാന്‍ വിമര്‍ശിക്കുന്നത് മറ്റൊരു കൂട്ടം ആളുകളെയാണ്. അതേതുതരം ആളുകളാണെന്ന് മുന്‍ അഭിപ്രായങ്ങളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അവ ആവര്‍ത്തിക്കുന്നില്ല.

ബിനോയ്//HariNav said...

സേതുലക്ഷ്മ്യേ, ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും..:(

അന്തോണിച്ചാ, "ക്ഷീരം" ക്ഷ പിടിച്ചൂട്ടാ :)

ഉറുമ്പ്‌ /ANT said...

പക്ഷേ എനിക്കു ഒരിക്കലും ആ ദോശവേണ്ടാതാക്കിയില്ലേ അച്ഛന്‍?

അന്തോണിച്ചാ ഈ പോസ്റ്റിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്.

Dinkan-ഡിങ്കന്‍ said...

ഒരോഫുണ്ട് ആന്റണീ,


ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ ഹോട്ടലുകളില്‍ ജോലി ചെയ്തെങ്കിലും കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന കുട്ടികളെയും അസന്മാര്‍ഗികളായ വേശ്യകളെയും...

ഹോ ഈ വേശ്യാവൃത്തി അപ്പോള്‍ തൊഴിലോ, നിയമവിരുദ്ധമായ സംഗതിയോ അല്ല ചുമ്മ അസാന്മാര്‍ഗികം ആയ ഒരു ഇടപാട് മാത്രം ആയിരുന്നല്ലേ . എന്റെ തലച്ചോറ് ക്ലീന്‍ ആക്കി ഇത്തരത്തില്‍ ചിന്തിക്കാന്‍ വഴിയൊരുക്കിയതിന്‌ നന്ദിയുണ്ട് സേതുലക്ഷ്മീ :)

ആന്റണി നീതിപാലിക്കുക. കുട്ടുകളുടെ കുടുംബം രക്ഷപ്പെടുത്താല്‍ ജോലി നല്‍കുന്ന മുതലാളിമാരോട് ക്ഷപ പറയുക

അരവിന്ദ് :: aravind said...

ഡിങ്കന്‍, സേതുലക്ഷ്മി ഒരു ജേര്‍ണലിസ്റ്റാണ്. വിട്ടുകള.

കുഞ്ഞന്ന said...

ഈ സേതുലക്ഷ്മി പറയുന്നതെന്താണെന്നെനിക്കു മനസ്സിലായില്ല. ദരിദ്രരെയും ദുഃഖിതരേയും കണ്ട്‌ മനസ്സലിഞ്ഞ്‌ സാധാരണക്കാരാരും ഉള്ളതെല്ലാം വിറ്റുപെറുക്കി ദാനം ചെയ്ത്‌ ശിഷ്ടകാലം രട്ടുടുത്തു വെണ്ണീറിലിരുന്നു ജീവിക്കാന്‍ പോകുന്നില്ല. പിന്നെ എന്റെ അഭിപ്രായത്തില്‍ മിക്കവാറും ആളുകള്‍ക്കും ചെയ്യാനാവുന്നത്‌ രണ്ടു കാര്യങ്ങള്‍ - ഒന്ന്‌: എത്രയൊക്കെ സഹായം ചെയ്യാമോ അത്രയൊക്കെ ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്കെങ്കില്‍ ചെയ്യുക, രണ്ട്‌: ഉടനടി മാറ്റം വരുത്താനാവാത്ത സാമൂഹിക പ്രശ്നങ്ങളില്‍ (സിസ്റ്റമിക് സോഷ്യല്‍ ഇഷ്യൂസ്) ഏറ്റവും നീതിപരമായ രീതിയില്‍ കഴിയുന്നത്ര ചിന്തിച്ചും യുക്തിയോടെയും സഹാനുഭൂതിയോടെയും ഓരോ തീരുമാനങ്ങളെടുത്തു്‌ അതനുസരിച്ചു ജീവിക്കുക.

ആന്റണിയുടെ ഈ പോസ്റ്റില്‍ രണ്ടാമത്‌ പറഞ്ഞതാണ്‌ വിഷയം: ബാലവേല എന്ന വലിയ പ്രശ്നത്തെ എങ്ങിനെ നേരിടണമെന്നു്‌ മനസാക്ഷിയുള്ള ഒരു മനുഷ്യന്‍ യുക്തിപരമായി, രണ്ടുവശത്തെക്കുറിച്ചും ചിന്തിച്ചു്‌ (അപ്പനും മോനും) സ്വന്തമായ ഒരു നയം വ്യക്തമാക്കുന്നു. അതിനര്‍ഥം ഒന്നാമത്തെ കാര്യം അയാള്‍ ചെയ്യാറില്ലെന്നോ ചെയ്യില്ലെന്നോ അല്ലല്ലോ. പിന്നെന്തിനാണ്‌ പറയാത്ത കാര്യം ധരിച്ച്‌, വീഴ്ത്താത്ത മുതലക്കണ്ണീരളക്കാന്‍, ഇല്ലാത്ത യുക്തിയുടെ മീറ്ററെടുത്തു പെരുമാറുന്നത്‌?

മനസ്സുള്ളവര്‍ക്ക്‌ മൂന്നാമതൊരു കാര്യവുമാവാം കേട്ടോ: ആക്റ്റിവിസം (ഇതിനേറ്റവും നല്ല മലയാളപദമെന്താ കൂട്ടരേ?) അതായത്‌ പ്രത്യക്ഷമായി അഭിപ്രായങ്ങള്‍ തുറന്നുപറയുക, കഴിയുന്നത്ര ഇത്തരം കാര്യങ്ങളുടെ നിവാരണത്തിന്‌ പ്രവര്‍ത്തിക്കുന്ന സംഘടനകളെ സഹായിക്കുക, ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളില്‍ നമുക്കൊക്കെ ഒരു താല്പര്യമുണ്ടെന്നും അതിനു പരിഹാരമുണ്ടാക്കണമെന്നും ജനപ്രതിനിധികളെ അറിയിക്കുക, ഇതിനെക്കുറിച്ചൊക്കെ അറിവോടും ബോധത്തോടും കുട്ടികളെ വളര്‍ത്തുക മുതലായവ. അതായതു്‌, ആന്റണിയുടെ പോസ്റ്റിലെ അപ്പന്‍ അരുള്‍ജ്യോതിയുടെ ഉടമയെത്തിരഞ്ഞു പിടിച്ചു പ്രതിക്ഷേധിക്കുകയും ബാലവേല കാരണം നിങ്ങള്‍ക്ക്‌ എന്റെ ബിസിനസ്സ്‌ നഷ്ടപ്പെട്ടെന്നു വ്യക്തമാക്കുകയും ചെയ്യുന്നിടത്ത്‌ ആക്റ്റിവിസം ആരംഭിക്കുന്നു.

ആദ്യമൊക്കെ ഉടമ ചിരിച്ചുതള്ളും, "നിന്റെ പത്തുചക്രം പോയാല്‍ എനിക്കു *&@# ആണെടാ ^@#*" എന്നു പറയും. പിന്നെപ്പിന്നെ, അയാള്‍ക്ക്‌ മനസ്സിലാവും പലപത്തുചക്രങ്ങള്‍ കൂടി ഇതൊരു പെരുത്തചക്രമായി എന്ന്‌. അങ്ങിനെ അയാള്‍ ഈ പ്രവണത കൈവെടിയും. പതിയെ സമൂഹത്തിലിതിനുള്ള മാന്യത കുറയും, അവബോധം വരും, നിയമത്തിന്‌ ബലം വക്കും, ലാഭേഛക്കായിട്ടായാലും ആളുകള്‍ നേര്‍വഴിനടക്കും, വിടര്‍ന്ന കണ്ണും ഒട്ടിയ വയറുമുള്ള ഒരു കൂട്ടം ദൈന്യബാല്യങ്ങളെങ്കിലും കൈക്കത്തുണിക്കുപകരം ഒരു നല്ല ജീവിതം കയ്യെത്തി എടുക്കും...

ഇതുവെറും ഭ്രാന്തന്റെ/ഭ്രാന്തിയുടെ സ്വപ്നം... നേരുനേരുന്ന താന്തന്റെ/(താന്തിയുടെ? എന്റമ്മോ!) സ്വപ്നം...?

സ്വപ്ന ജീവി said...

ഏറനാകുളത് കലൂരില്‍ ഉള്ള ആര്യ ഭവന്റെ മുന്നില്‍ സ്ഥിരമായി ഭിക്ഷ യാജിക്കുന്ന ഒരു സ്ത്രിയും കുട്ടിയും ഉണ്ട്. ഞാന്‍ അവര്‍ക്ക് ഒരിക്കലും കാശു കൊടുക്കാറില്ല പക്ഷെ ഒന്ന് രണ്ടു തവണ ആ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങിച്ചു കൊടുത്തിട്ടുണ്ട്‌. അത് അവരെ പ്രോത്സതിപ്പിക്കുകയാണ് എന്ന് അറിയാം പക്ഷെ ആ കുഞ്ഞിന്റെ മുഖം കാണുമ്പൊള്‍.................... ഞാനും രണ്ടു പെണ്‍ കുട്ടികളുടെഅച്ഛനാണ്

Radheyan said...

Good post.Touching and thought provoking.Philanthropy is not the best way to prevent social atrocities.It is powerful laws, public awareness, media commitment and overall the social psyche, which could prevent such atrocities. Keralam had proved it atleast in the case of child abuse.

Philanthropy may give solace, mental peace and satisfaction to the donor, but never touches the root of the problem. So giving 100 Rs. won't have any social impact.

Greed is the basic cause of this menace and it is the responsibility of a civic society to stop it.

ശിഹാബ് മൊഗ്രാല്‍ said...

നല്ലൊരാശയം പകരാന്‍ ഈ പോസ്റ്റിനും പിന്നീടു വന്ന ചര്‍ച്ചയ്ക്കും സാധിച്ചു. നന്ദി.

ISOLATED said...

നല്ലൊരു പോസ്റ്റ് , വായിക്കാന്‍ വൈകി ..
കണ്‍ നിറക്കുന്ന അനുഭവങ്ങള്‍ ഒരു പാടുണ്ടായിട്ടുണ്ട് , ട്രെയിനില്‍ , ബസ് സ്റ്റാന്റുകളില്‍ ,വഴിയോരങ്ങളില്‍ ചിലപ്പോഴൊക്കെ എന്തെങ്കിലും ചെയ്തെന്ന് വരുത്ത്തും..ഭക്ഷണമോ ചില്ലറത്തുട്ടുകളോ പക്ഷെ പലപ്പൊഴും കണ്ടില്ലെന്ന് നടിച്ച് പോരുകയാണ് പതിവ് .. ആത്മനിന്ദ തോന്നിയിട്ടുണ്ട് ..പക്ഷെ അതോടെ തീര്‍ന്നു .. ആ വിഷമവും ദുഖവുമെല്ലാം . ഞാനൊരു കപട സദാചാരവാദി തന്നെയായിരിക്കണം