Thursday, August 27, 2009

സീരിയസ്സായ മനോരോഗം

പണം പലിശയ്ക്ക് കൊടുക്കല്‍, അബ്കാരി വ്യവസായം, ബെനാമി പണം ഇടപാട്, ഹവാല, സിനിമ, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളില്‍ ബിസിനസ്സ് ചെയ്യുന്നവരില്‍ നിരവധി പേര്‍ക്ക് തെരുവുതല്ലുകാര്‍ മുതല്‍ കൂലിക്കൊലയാളികള്‍ വരെയുള്ള സാമൂഹ്യവിരുദ്ധരുടെ സേവനം വാങ്ങുന്ന പതിവുണ്ട്. അതിനാല്‍ തന്നെ ഇത്തരം രംഗങ്ങളില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് (ക്രിമിനലുകളുമായി ബന്ധമുള്ളവര്‍ക്കും അങ്ങനെ അല്ലാത്തവര്‍ക്കും ) ഇത്തരം സാമൂഹ്യവിരുദ്ധരുടെ ഉപദ്രവം ഏല്‍ക്കുന്നത് പതിവാണ്‌. പലപ്പോഴും ഇത് വെട്ടുകുത്തുകളിലും കൊലപാതകത്തിലും എത്താറുണ്ട്. ക്രിമിനല്‍ ബന്ധമുള്ളതോ ഇനി ഇല്ലാത്തതോ എന്തോ, പലിശയും അനുബന്ധമായി മറ്റു പല വ്യ്വഹാരങ്ങളുമുള്ള ഒരു ധനിക യുവാവ് കേരളത്തില്‍ ഈയിടെ വധിക്കപ്പെട്ടു.സാമൂഹ്യവിരുദ്ധരുടെ ആക്രമണം മൂലമെന്ന് കരുതുന്നു ഇത്. ഒരാള്‍ കൊല ചെയ്യപ്പെട്ടെന്നത്, അതാരായാലും സങ്കടകരമായ വാര്‍ത്തയാണ്‌. ഉചിതമായ ശിക്ഷ കൊല ചെയ്തവര്‍ക്ക് കിട്ടുമെന്ന് ആശിക്കുന്നു. ഫുള്‍ സ്റ്റോപ്പ്.

കഴിഞ്ഞ നിരവധി ദിവസമായി കേരളത്തെ നടുക്കിയ സംഭവം എന്ന മട്ടില്‍ ചാനലുകാര്‍ ഈ മനുഷ്യന്റെ വധത്തെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടാല്‍ മരിച്ച വ്യവസായി കേരളത്തിന്റെ പ്രമുഖ നേതാവോ ഭരണത്തലവനോ സാംസ്കാരികപ്രമുഖനോ ഒക്കെ ആണെന്ന് തോന്നിപ്പോകും. ഒരു മുതലാളി വധിക്കപ്പെട്ടാല്‍ പന്നിപ്പനിയും ആസിയന്‍ കരാറും ഒക്കെ ഒന്നുമല്ലാതാകുമോ ആവോ. ഇരവികുളത്ത് വീണ്ടും നീലക്കുറിഞ്ഞി പൂത്തെന്ന് ഇന്നലെ വല്ല നാട്ടുകാരന്റെയും നാവില്‍ നിന്നേ ഞാനറിഞ്ഞുള്ളു.

ഒരു കാരി സതീശിനെ അറസ്റ്റ് ചെയ്തെന്ന് കുറേ ദിവസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നു. കാരി സതീശന്റെ അമ്മയും മുത്തശ്ശിയുമൊക്കെ ടെലിവിഷന്‍ താരമായി. എന്താണീ കാരി? ഈ സാമൂഹ്യവിരുദ്ധന്റെ അച്ഛന്റെ പേരോ അതോ വീട്ടു പേരോ? അതോ ഗാന്ധിയെ മഹാത്മാവെന്നും രാമസ്വാമി നായ്ക്കരെ തന്തൈ പെരിയാര്‍ എന്നും വിളിക്കുമ്പോലെ കിട്ടിയ പദവിയോ? മാജിക്ക് ജോണ്‍സണ്‍ ബസ്റ്റര്‍ ഡഗ്ലസ് എന്നൊക്കെ പോലെ സ്പോര്‍റ്റ്സ് പട്ടമോ? ഏതാണ്‌ ചാനലില്‍ താരമായ ഈ കൂതറ സതീഷ്? അവന്റെ പേരിങ്ങനെ ആവര്‍ത്തിച്ച് ചാനല്‍ തോറും അഖണ്ഡനാമയജ്ഞന്‍ നടത്താന്‍ ഇവന്‍ എന്തു ചെയ്തെന്ന്? അധോലോക നായകനാണെന്ന് ഒരു റിപ്പൊര്‍ട്ടര്‍ പറയുന്നു. കണ്ടവനെ വാക്കത്തിക്കു വെട്ടിയിട്ട് പ്രാണനും കൊണ്ട് പായുന്നവന്‍ അധോലോക നായകനാണെങ്കില്‍ ഏതു ചവാലിയും ആ വിളിക്ക് അര്‍ഹനല്ലേ? അല്ലെങ്കില്‍ തന്നെ അധോലോകനായകന്‍ എന്നു വച്ചാല്‍ എന്താണ്‌ ? ക്രിമിനല്‍-നോ മോര്‍, നോ ലെസ്.


ആടുതോമ, മംഗലശ്ശേരി നീലാണ്ടന്‍, വിന്‍സന്റ് ഗോമസ് തുടങ്ങി നിരവധി സാങ്കല്പ്പിക ഗുണ്ടകളെ പ്രകീര്‍ത്തിച്ച് സിനിമകള്‍ ഇറങ്ങുമ്പോള്‍ സെന്‍സര്‍ബോര്‍ഡിനു ഒരു വിഷമവുമില്ല. കൂലിത്തല്ല്,പിടിച്ചു പറി, അടിപിടി, കത്തിക്കുത്ത് തുടങ്ങിയവ ഒക്കെ ഗ്ലാമറൈസ് ചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ എന്നു വിളിക്കുന്നതിനു ബഹുമാനം പോരാഞ്ഞ് " അദ്യവും" മുതലാളിയെ കൂടുതല്‍ ബഹുമാനിക്കാന്‍ " അങ്ങത്തയും" ഒക്കെ ഉണ്ടാക്കിയതുപോലെ തെരുവു തെമ്മാടികള്‍ക്ക് ബഹുമാനപുരസ്സരം "കൊട്ടേഷന്‍ പാര്‍ട്ടി" എന്നു പുതിയ പേരും ഇട്ടുകൊടുത്തു. അഭിമാനമായി അവര്‍ക്കിനി പറയാമല്ലോ ഞാന്‍ കൊട്ടേഷന്‍ ഉദ്യോഗമാണു ചെയ്യുന്നതെന്ന്.

ഇതിന്റെ അടുത്ത പടിയില്‍ സമൂഹത്തിലെ ഏറ്റവും മാന്യന്മാര്‍ ഈ തെമ്മാടികള്‍ ആകും. സൊമാലിയയിലെ ചില പട്ടണങ്ങളില്‍ ഏറ്റവും വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള പെണ്ണുങ്ങള്‍ക്ക് കടല്‍ക്കൊള്ളക്കാരെ വിവാഹം കഴിക്കാനാണത്രേ താല്പ്പര്യം, അവര്‍ ധനികരും സമൂഹത്തില്‍ വിലയുള്ളവരും ആയുധസമ്പത്തുള്ളവരും ജനം ആരാധിക്കുന്നവരും ആണെന്നത് കാര്യം.

'പുരാതന' 'സമ്പന്ന' 'അരിസ്റ്റോക്രാറ്റിക്' കുടുംബത്തിലെ 'ഹോം ലീ' 'ഗോഡ് ഫീയറിങ്ങ്' 'വീറ്റിഷ് കോമ്പ്ലക്ഷന്‍' മകള്‍ക്ക് വിദേശത്ത് ജോലി ചെയ്യുന്ന ഡോക്റ്റര്‍മാരില്‍ നിന്നോ സ്വദേശത്ത് ജോലി ചെയ്യുന്ന കൊട്ടേഷന്‍ പാര്‍ട്ടികളില്‍ നിന്നോ വിവാഹാലോചന ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കണ്ടു തുടങ്ങാന്‍ അധികം താമസമുണ്ടെന്ന് തോന്നുന്നില്ല.

20 comments:

ഉറുമ്പ്‌ /ANT said...

'പുരാതന' 'സമ്പന്ന' 'അരിസ്റ്റോക്രാറ്റിക്' കുടുംബത്തിലെ 'ഹോം ലീ' 'ഗോഡ് ഫീയറിങ്ങ്' 'വീറ്റിഷ് കോമ്പ്ലക്ഷന്‍' മകള്‍ക്ക് വിദേശത്ത് ജോലി ചെയ്യുന്ന ഡോക്റ്റര്‍മാരില്‍ നിന്നോ സ്വദേശത്ത് ജോലി ചെയ്യുന്ന കൊട്ടേഷന്‍ പാര്‍ട്ടികളില്‍ നിന്നോ വിവാഹാലോചന ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കണ്ടു തുടങ്ങാന്‍ അധികം താമസമുണ്ടെന്ന് തോന്നുന്നില്ല.

U said it.

monu.. said...

അതെ ആരാണീ കൂതറ സതീഷ്..?

അരവിന്ദ് :: aravind said...

ഹഹ.
ലജ്ജാവഹം! അല്ല ചിലവാകുന്നത് കൊണ്ടല്ലേ ഇതൊക്കെ വിളമ്പുന്നത്!
ഈ ഗ്ലോറിഫിക്കേഷന്‍ കണ്ട് വിവരമില്ലാത്ത എത്ര ചെറുപ്പക്കാരുടെ മനസ്സില്‍ കൊട്ടേഷന്‍ തരക്കേടില്ല, സ്റ്റൈല്‍ പരിപാടി എന്നു തോന്നിക്കാണും എന്നോര്‍ത്തു ഭയമാകുന്നു.
'അത് ഏത് പോലീസുകാരനും ചെയ്യാം' എന്ന് പരിഹാസ പ്രയോഗമുള്ള നാട്ടില്‍ കൊട്ടേഷനു ഗ്ലോറി! അത്ഭുതപ്പെടാനെന്തിരിക്കുന്നു!

Anonymous said...

aravinde

paNiyonnumille? ithu saghaav kodiyeriyude makanu kayyulla kolapaathakam aayathu kondulla dharamika roksham alle? vittu kaLa. kODiyeriputhrante kallyaana maamaankathe vimarzicchu aaro postezhuthiyappol manam nonth nilaviLicha lola hrudayanaanu saghaanu Anony Anthony ennu marannu pokaruth :)

മൂര്‍ത്തി said...

രാജീവ് കൂപ്പ് ബ്ലോഗിലെ ഗൂണ്ടാവിപണി എന്ന പോസ്റ്റും നോക്കാം. 1990നുശേഷം കൊട്ടേഷന്‍ രംഗത്തെ വളര്‍ച്ച ഇതില്‍ ചര്‍ച്ച ചെയ്യുന്നു.

Readers Dais said...

സമൂഹത്തില്‍ ഒരു രീതിയിലും അംഗീകാരം ലബിയ്കാത്ത ഒരു വിബഘം ചെറുപ്പക്കാര്‍ ആണ് ഈ വലയത്തില്‍ ബ്രഹ്മിച്ചു വരുന്നത് ,ഇവിടെ ലഭിയ്കുന്ന പണവും സ്വാധീനവും അവരെ മനുഷ്യരല്ലതാക്കി മാറ്റും, ആ അവസ്ഥയെ മാറ്റുവാനയിട്ടാണ് നമ്മുടെ മാറി വരുന്ന സര്കാരുകള്‍ എന്തെങ്കിലും ചെയ്യേണ്ടത് ,മാന്യമായ ഒരു തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങേണം ,പിന്നെ ഒന്നിലും തൃപ്തി വരാത്ത ഒരു വിഭങമുണ്ടല്ലോ ,അവര്‍ക്ക് കാരാഗ്രഹങ്ങള്‍ തന്നെ ശരണം

പാവപ്പെട്ടവൻ said...

സൊമാലിയയിലെ ചില പട്ടണങ്ങളില്‍ ഏറ്റവും വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള പെണ്ണുങ്ങള്‍ക്ക് കടല്‍ക്കൊള്ളക്കാരെ വിവാഹം കഴിക്കാനാണത്രേ താല്പ്പര്യം
അങ്ങനെയാണേല്‍ വണ്ടി ആങ്ങോട്ടു പോട്ടേ

Calvin H said...

ഗുണ്ടകളേയും കള്ളന്മാരേയും എല്ലാ സമൂഹവും എല്ലാക്കാലത്തും ഗ്ലോറിഫൈ ചെയ്തിട്ടുണ്ട്.

കള്ളനെ ഗ്ലോറിഫൈ ചെയ്യുന്നതിനെ “ഓയ്” “ലക്കി ലക്കി ഓയ്” നല്ല പോലെ കളിയാക്കിയത് കണ്ട് ചിരിച്ചതിനു കണക്കില്ല.

['പുരാതന' 'സമ്പന്ന' 'അരിസ്റ്റോക്രാറ്റിക്' കുടുംബത്തിലെ 'ഹോം ലീ' 'ഗോഡ് ഫീയറിങ്ങ്' 'വീറ്റിഷ് കോമ്പ്ലക്ഷന്‍' മകള്‍ക്ക് ]

ഹ ഹ ഹ ഹ ഹ :)

വിന്‍സ് said...

ഓം പ്രകാശ് സാദാ ഗുണ്ട ഒന്നും അല്ല. പുള്ളി എം ബി എ പാസ്സായി ആ ലൈനില്‍ ഉള്ള മാനേജ്മെന്റ് ആണു. അതു കൊണ്ടാണു പുള്ളിയുടെ രോമത്തില്‍ തൊടാന്‍ ആര്‍ക്കും സാധിക്കാത്തതു. ഇവനോടൊക്കെ ആരാധന തോന്നിയാല്‍ ഒരു തെറ്റും പറയാന്‍ കഴിയില്ല. പക്ഷെ ഒരു നാള്‍ ഇവനും വഴിയില്‍ കിടന്നു ചാവും.

മുത്തൂറ്റുകാരു സൈലന്റ് ആണല്ലോ?? ആമ്പിള്ളേര്‍ ആരും ഇല്ലെ അവരുടെ തറവാട്ടില്‍???

എന്റെ ഒരു കസിനെ ഓര്‍മ്മ വരുന്നു. മുവാറ്റുപുഴയില്‍ പരസ്യമായിട്ടാണു രണ്ടു പേരെ വെട്ടിയത്. കുറേ നാളില്‍ ഒളിവിലും മറ്റും. അതൊക്കെ കഴിഞ്ഞു കേസില്‍ നിന്നും പാട്ടും പാടി ഊരി. പുള്ളിയോട് അതിനു ശേഷം ഒരു ആരാധന ആയിരുന്നു വീട്ടിനടുത്തുള്ള ട്യൂഷന്‍ സെന്ററിലെ പെണ്‍കുട്ടികള്‍ക്ക്. ഇതൊനൊക്കെ കാരണം ഇവരെ ഗ്ലോറിഫൈ ചെയ്ത് വരുന്ന എഴുത്തുകളും സിനിമകളും മറ്റും ആണു.

simy nazareth said...

ജനങ്ങള്‍ക്ക് ഈ വാര്‍ത്ത കേള്‍ക്കാനും പിന്തുടരാനും താല്പര്യമുള്ളതുകൊണ്ടാണ് വാര്‍ത്താമാദ്ധ്യമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇതിനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

താല്പര്യമില്ലെങ്കില്‍ ജനങ്ങള്‍ ചാനല്‍ മാറ്റും, വാര്‍ത്ത മാറി നീലക്കുറിഞ്ഞിയും വിലക്കയറ്റവും മറ്റ് അപകടങ്ങളും ആവും.

ഒരു വ്യവസായിയുടെ കൊലപാതകത്തില്‍ ജനത്തിനെന്താ ഇത്ര താല്പര്യം വരാന്‍?

എത്ര ഗുണ്ടാ കൊലപാതകങ്ങള്‍ നടക്കുന്നു (അതൊക്കെ അല്പം താല്പര്യം ഉണ്ടാക്കിയിട്ടുണ്ട് - ഗുണ്ടയെ പൊലീസ് സ്റ്റേഷന്റെ മുന്നിലിട്ടു കൊന്നു, ജയിലില്‍ നിന്ന് ഇറങ്ങുമ്പൊ കൊന്നു, തുടങ്ങിയ വാര്‍ത്തകള്‍) ഒന്നോ രണ്ടോ ദിവസം വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിന്നിട്ടുണ്ട്.

ഇതില്‍ വ്യവസായിയുടെ കൂടെ രണ്ടു ഗുണ്ടകളും ഉണ്ടായിരുന്നു, അവരെ പോലീസ് രക്ഷിച്ചു (വണ്ടികേറ്റിവിട്ടു) എന്ന ആരോപണം.

വണ്ടിയിലുണ്ടായിരുന്ന മൊബൈല്‍ (അതില്‍ നിന്നും പാര്‍ട്ടി ഉന്നതര്‍ക്കു പോയ കാളുകള്‍, അവര്‍ ഒത്താശചെയ്തതിന്റെ തെളിവുകള്‍ കാരണം മൊബൈല്‍ പോലീസ് മുക്കി എന്ന ആരോപണം), ക്രെഡിറ്റ് കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ്, ലേഡീസ് ബാഗ് (ഇതൊക്കെ ഉണ്ടായിരുന്നെന്ന് പോലീസ് ആദ്യം പത്രക്കാ‍രോടു പറഞ്ഞു, ഇല്ലെന്ന് ഇപ്പൊ പറയുന്നു) - പോലീസ് ഗുണ്ടാ നെക്സസ് ജനങ്ങള്‍ക്ക് ആകാംഷ / ജിജ്ഞാസ / ഭീതി നല്‍കുന്ന ഒന്നാണ്.

പോലീസ് ഗുണ്ടാ നെക്സസ് മാത്രം പോരല്ലോ. പത്രക്കാര്‍ അന്വേഷിക്കണ്ടാ എന്നു പറയുന്നു ആഭ്യന്തരമന്ത്രി. എന്നാല്‍ ഗുണ്ടകളെ രക്ഷിക്കാന്‍ പോലീസ് കഷ്ടപ്പെടുന്നു, രാഷ്ട്രീയക്കാര്‍ വിളിച്ചു പറയുന്നു എന്ന് പത്രങ്ങള്‍ പറയുന്നു. ചവറ സി.ഐ. വണ്ടി വിട്ടുകൊടുക്കാന്‍ പറഞ്ഞു / പോലീസ് കത്തി കൂതറ സതീഷന്റെ വീട്ടില്‍ കൊണ്ടുവെച്ചു / വെള്ളമടിച്ച് പൂസായി കുത്തിയവന്‍ ആ വണ്ടിയില്‍ കുത്തുകൊണ്ടവനല്ലാതെ മറ്റാരും ഇല്ലായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു / എല്ലാ സാക്ഷിമൊഴികളും പോലീസ് റിപ്പോര്‍ട്ടും ഒരേപോലെ മാച്ച് ചെയ്യുന്നു

എന്തോ, രാഷ്ട്രീയക്കാര്‍ - പോലീസ് - ഗുണ്ടാ ത്രയം എന്നത് ജനങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാവും, അവര്‍ക്ക് ഒരുള്‍ഭീതിയും ആകാംഷയും ഇപ്പൊഴും നന്നെ ബാക്കിയുള്ളതുകൊണ്ടാവും, മാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്നത്, ആഘോഷിക്കട്ടെ, എന്തെങ്കിലുമൊക്കെ ചികഞ്ഞ് പുറത്തുകൊണ്ടുവരട്ടെ.

ഒരുപക്ഷേ - ഓം‌പ്രകാശും രാജേഷുമൊന്നും അടുത്ത ആറുമാ‍സത്തേക്ക് പിടിക്കപ്പെടില്ല. ഗുണ്ടാവിളയാട്ടങ്ങളും നില്‍ക്കാന്‍ പോവുന്നില്ല, അടികൊണ്ട് താഴെവീണുകിടക്കുന്ന ജനത്തിന്റെ ലാസ്റ്റ് ഹുറാ ആയി മാദ്ധ്യമങ്ങളെങ്കിലും ആഘോഷിക്കട്ടെ, അതു കണ്ട് ജനം രാഷ്ട്രീയത്തിനെ, പോലീസിനെ അപഹസിക്കട്ടെ. ചുരുങ്ങിയപക്ഷം അത്രയെങ്കിലും ചെയ്തോട്ടെ.

പ്രിന്‍സ് മോന്‍ said...

ഒരു കമന്റിന് ഇത്രയും നാള് താമസിച്ചത് ക്ഷമിക്കുക. ഞാന്‍ മലയാളം ബ്ലോഗ്ഗിങ്ങില്‍ പുതിയ ആളാണെന്ന് അറിയാമല്ലോ. തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഓണാശംസകള്‍...

പ്രിന്‍സ് മോന്‍ said...

ഒരു കമന്റിന് ഇത്രയും നാള് താമസിച്ചത് ക്ഷമിക്കുക. ഞാന്‍ മലയാളം ബ്ലോഗ്ഗിങ്ങില്‍ പുതിയ ആളാണെന്ന് അറിയാമല്ലോ. തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഓണാശംസകള്‍...

മലമൂട്ടില്‍ മത്തായി said...

ചാനലുകള്‍ സംസാരിച്ചത് ഒരു കുറ്റം ആയി കാണാന്‍ പറ്റുമോ? നാട്ടില്‍ നടക്കുന്ന കാര്യങ്ങളേ പറ്റി മാത്രമല്ലെ അവര്‍ വെച്ച് കാച്ചുന്നത്? സത്യസന്തമായ ഒരു അന്വേഷണത്തിനു ആരും തയാറല്ല എന്നിരിക്കെ, ഊഹങ്ങളും അപോഹങ്ങളും കളം നിറഞ്ഞു കളിക്കും. കുറച്ചു കാലം മുന്‍പേ തൃശ്ശൂര്‍ റൌണ്ടില്‍ ഒരുപാടു ആളുകള്‍ നോക്കി നില്‍കെ ഒരുവനെ ഒരു ഗുണ്ട വെട്ടി കൊന്നു. ആ കേസ് തള്ളി പോയി - ആരും സാക്ഷി പറയാന്‍ തയ്യാര്‍ അല്ലായിരുന്നു. ഇതും അത് പോലെ തന്നെ അവസാനിക്കുന്ന മട്ടില്‍ ആണ് കാര്യങ്ങള്‍ പോകുന്നത്.

Anonymous said...

mathai simy

who is bothered about goonda-plitics-police nexus? the media is to be condemend outright in this case because they brought out the name of CPM Leaders&Sons Inc. As I said in the comment above , Antony did the same when the media condemned Kodiyeri's son's marriage extravagenza.

ജനശക്തി said...

ജനങ്ങള്‍ക്ക് അവശ്യമുള്ളത് തങ്ങള്‍ കൊടുക്കുന്നു എന്നുതന്നെയാണ് മാധ്യമങ്ങളും പറയുന്നത്. നിലവാരം കുറഞ്ഞ എന്തിന്റെയും സ്രഷ്ടാക്കള്‍ പറയുന്നതും അത് തന്നെ. ഇതല്ലാതെ എന്ത് ന്യായീകരണമാണ് അവര്‍ക്കുള്ളത്? ജനങ്ങള്‍ക്കാവശ്യമുള്ളത് എന്ന പേരില്‍ അവര്‍ കൊടുക്കുന്നത് അവർക്കാവശ്യമുള്ളതാണെന്ന് തിരിച്ചറിയുന്നുമില്ല. മാധ്യമങ്ങളെ വെറുമൊരു വിനോദോപാധിയായി കാണുന്നു എന്ന ദോഷവും ഇതിലുണ്ട്. ശക്തമായ പ്രചരണോപാധികളായ മാധ്യമങ്ങള്‍ “ജനങ്ങള്‍ക്ക് വേണ്ടത്” നല്‍കാന്‍ മാത്രം നിഷ്പക്ഷരല്ലല്ലോ.

വാര്‍ത്തയെന്ന പേരില്‍ സെന്‍സേഷണലൈസ് ചെയ്ത കഥകള്‍ വിളമ്പുന്ന മാധ്യമങ്ങളെ ഈയൊരു ന്യായീകരണത്തിലൂടെ രക്ഷപ്പെടാന്‍ അനുവദിക്കണോ? ഏറ്റവും കുറഞ്ഞ പക്ഷം ജനത്തിന്റെ സെന്‍സിബിലിറ്റിക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണിതെന്നെങ്കിലും മനസ്സിലാക്കേണ്ടേ? നീലക്കുറിഞ്ഞിയും വിലക്കയറ്റവും അപകടവുമൊക്കെ വാര്‍ത്തയില്‍ വരുമായിരിക്കും. പക്ഷേ അവയ്ക്ക് കിട്ടുന്ന സമയവും പ്രാധാധ്യവും മാധ്യമങ്ങളുടെ താല്പര്യത്തിനനുസരിച്ചായിരിക്കു
മെന്ന് മാത്രം. മുന്‍‌ഗണനകള്‍ അത്ര നിഷ്കളങ്കമല്ല എന്ന് ചുരുക്കം.

മാധ്യമങ്ങള്‍ നിഷ്പക്ഷമായാണോ വാര്‍ത്തകള്‍ നൽകുന്നത് ? അങ്ങനെ ആണെങ്കില്‍ മാത്രമേ അവർ എന്തെങ്കിലുമൊക്കെ ചികഞ്ഞ് പുറത്ത് കൊണ്ടുവരികയാണെന്ന് പറയാനൊക്കൂ. എന്നാലിവിടെ തങ്ങളുടെ പക്ഷപാതിത്വത്തിനനുസരിച്ച് വാര്‍ത്തകള്‍ ചമയ്ക്കുകയാണ് അവര്‍. ഒരേ പത്രത്തില്‍ തന്നെ എങ്ങിനെ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ വരുന്നു? സത്യം അന്വേഷിച്ച് കണ്ടുപിടിക്കുന്ന ജോലിയിലാണ് മാധ്യമങ്ങളെങ്കില്‍ ഇത്തരം വൈരുദ്ധ്യം എങ്ങിനെ വരുന്നു? പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പോലും ഒറ്റക്കൊറ്റക്കെടുത്ത് നോക്കിയാല്‍ ചിലരുടെ താല്പര്യങ്ങളെ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സംരക്ഷിക്കുന്നത് തന്നെയാവുന്നത് എന്തുകൊണ്ടാണ്? മാധ്യമങ്ങള്‍ ആരെയാണ് രക്ഷിക്കാന്‍ നോക്കുന്നത്? അല്ലെങ്കില്‍ ശിക്ഷിക്കാന്‍ നോക്കുന്നത്?

പ്രതികള്‍ ഒരിക്കലും നുണ പറയാത്ത പരിശുദ്ധന്മാരാകുന്നത് ഈ കേസില്‍ മാത്രമല്ല. ഇതിനു മുന്‍പും നാം കണ്ടിട്ടുണ്ടല്ലോ.

അടി കൊണ്ട് നിലത്ത് കിടക്കുന്ന ജനങ്ങളുടെ ലാസ്റ്റ് ഹുറാ ഇപ്പോള്‍ നാം വായിക്കുന്ന മാധ്യമാഘോഷങ്ങളാണെങ്കില്‍ സഹതാപമുണ്ട്.

മാധ്യമങ്ങള്‍ ഇപ്പോള്‍ വിളമ്പുന്നത് വായിച്ചും കേട്ടുമുണ്ടാകുന്ന ധാര്‍മ്മികരോഷമാണ് രാഷ്ട്രീയം അപഹസിക്കപ്പെടട്ടെ, പോലീസ് അപഹസിക്കപ്പെടട്ടെ എന്ന് ചിന്തിപ്പിക്കുന്നതെങ്കില്‍, മാധ്യമങ്ങള്‍ കളിയില്‍ വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം

ജനശക്തി said...

പി.എം. മനോജിന്റെ പോസ്റ്റിലേക്ക് നേരിട്ടുള്ള ലിങ്ക് ഇതാണ്.

Inji Pennu said...

ശ്ശൊ! അഭയകേസും സ്വാമിമാരുടെ മുടിമുറിക്കലും ഒക്കെ മാത്രം മതിയോ എപ്പോഴും ചാനലിൽ? വല്ലപ്പളും ഒരു ഗുണ്ടാ സീനൊക്കെ വേണ്ടേ? അപ്പോഴോന്നും തോന്നാത്ത വിഷമം ഇപ്പൊ എന്താണാവോ? ഇവരെയൊക്കെ ജനം മറക്കാത്ത വരെ കാണട്ടെ, സന്തോഷ് മാധവനെയോ സിസ്റ്റർ സ്റ്റെഫിയേയോ ജന്മത്ത് ജനം മറക്കൂല്ല, നല്ലതല്ലേ? അധികം ടിവി കാണാത്തോണ്ടാവും എനിക്കത്ര അരോചകം ഒന്നും തോന്നിയില്ല. മിനിമം ഈ ഗുണ്ടകളെ പത്തു പേരു കാണട്ടേന്നേ, നാളെ വഴീലു വെച്ചെങ്ങാനും കണ്ടാൽ, ഒ ഇതു ഗുണ്ടയാണല്ലോ എന്ന് കരുതി അല്പം സൈഡ് മാറാല്ലോ.. പിന്നെ ഗുണ്ട ഗുണ്ടയല്ല, സൂക്ഷിച്ചു നോക്കിയാൽ അവൻ ഗുണ്ടയേ അല്ല എന്നൊക്കെ മറ്റേ കൊടിയേരീടെ മകളുടെ കല്യാണം പോലെയൊക്കെ നമുക്ക് പോസ്റ്റ് ഇടാം.

മരത്തലയന്‍ said...

മറ്റേ കോടിയേരിയുടെ മകളോ
കോടിയേരിയുടെ മറ്റേ മകളോ
അതോ
മകനോ
ആകെ കണ്‍ഫ്യൂ ആയല്ലോ?
:)

അനീഷ് രവീന്ദ്രൻ said...

'പുരാതന' 'സമ്പന്ന' 'അരിസ്റ്റോക്രാറ്റിക്' കുടുംബത്തിലെ 'ഹോം ലീ' 'ഗോഡ് ഫീയറിങ്ങ്' 'വീറ്റിഷ് കോമ്പ്ലക്ഷന്‍' മകള്‍ക്ക് ...

അനീഷ് രവീന്ദ്രൻ said...
This comment has been removed by the author.