Sunday, March 1, 2009

ആന്റണി- ഒരു പ്രീമോര്‍ട്ടം

അനോണി ആന്റണി എന്നത് എന്റെ ആദ്യത്തെ ബ്ലോഗ് ഐഡി അല്ല, രണ്ടാമത്തേതോ മൂന്നാമത്തേതോ അല്ല.
പൊതുജനവികാരം മാനിച്ച് ആരെന്തുകള്‍ അങ്ങ് ഒഴിവാക്കുന്നു.

ഉല്പ്പത്തി
മേതില്‍ ഒരിക്കല്‍ ബ്ലോഗുകളെപ്പറ്റി (പലതില്‍ ഒരു) അഭിപ്രായം പറഞ്ഞത് കണ്ടന്റ് സെന്റ്രിക്ക് എന്നതിനെക്കാള്‍ അനിവാര്യമായും പേര്‍സന്‍ സെന്റ്രിക്ക് ആയിത്തീരുന്നതാണ്‌ ബ്ലോഗിന്റെ സ്വാധീനക്കേട് എന്നാണ്‌ (ഈ വാക്കുകളല്ല, നല്ല മലയാളത്തില്‍ തന്നെ). അനോണി ബ്ലോഗിന്റെ മുകളില്‍ എഴുത്തുകാരനില്ല എന്നെഴുതിവച്ചത് ഇക്കാരണം കൊണ്ടാണ്‌.

ഒരിടക്കാലത്ത്, പ്രത്യേകിച്ച് പിന്‍‌മൊഴി എന്തിനു നിറുത്തണം, സീനിയര്‍ ബ്ലോഗര്‍ ബ്ലോഗര്‍ ജൂനിയര്‍ ബ്ലോഗന്‍ എന്നൊരു ആഢ്യ-ആസ്യ വിഭജനം ബ്ലോഗ് സമൂഹത്തിനുണ്ട്, ആരും പുതിയതായി വന്ന് എസസ്റ്റബ്ലിഷ് ചെയ്യാന്‍ ബ്ലോഗിലെ കാര്‍ട്ടലുകള്‍ സമ്മതിക്കുന്നില്ല എന്ന് ശക്തമായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കുറേയൊക്കെ ശരിയുണ്ടാവാം എന്നാലും എല്ലാവരും കമന്റിടുന്നത് കമന്റ് വാരാനുള്ള ഉദ്ദേശത്തിലാണ്‌, സോഷ്യല്‍ ഇന്ററാക്ഷന്‍ ഇല്ലാത്ത ഒരുത്തനും ബ്ലോഗില്‍ ശ്രദ്ധിക്കപ്പെടില്ല. കമന്റിങ്ങ് വെറും ഒരു പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കലാണ്‌ എന്നും വാദമുണ്ടായിരുന്നു.

കണ്ടന്റ് പോപ്പുലാരിറ്റിയുള്ള വിഷയങ്ങള്‍ - നൊസ്റ്റാള്‍ജിയ, കോമഡിയാദികള്‍- ഇന്ററാക്റ്റീവ് ആകേണ്ട കാര്യങ്ങള്‍ എന്നിവയൊന്നുമല്ലെങ്കില്‍ ബ്ലോഗനു നിന്നു പിഴയ്ക്കാന്‍ പറ്റില്ല എന്നത് മലയാളം ബ്ലോഗിനെക്കുറിച്ച് ഉയര്‍ന്ന മറ്റൊരു വിമര്‍ശനം

അവസാനമായി, വളരെ സൂക്ഷ്മമായി, കര്‍ശനമായ ഗുണനിലവാരത്തില്‍, വളരെയേറേ പഠിച്ച് എഴുതാനുള്ള കഴിവും സമയവും ഉള്ളവര്‍ ബ്ലോഗ് സമൂഹത്തില്‍ ഒരു അണ്‍ഡ്യൂ അഡ്വാന്റേജ് ഉള്ളവരാകുന്നു എന്ന് മറ്റൊരഭിപ്രായം- ലളിതമായി പറഞ്ഞാല്‍ ഒരു ബുദ്ധിജീവി വെണ്ണപ്പാട.

ഇതിലെല്ലാം എന്തുമാത്രം സത്യമുണ്ടെന്ന് ഒന്നു പരിശോധിക്കാനാണ്‌ അന്തപ്പാവതാരമുണ്ടായത്.


ഡിസൈന്‍
തിരുവനന്തപുരത്ത് പൊഴിയൂര്‍ എന്ന തീരദേശഗ്രാമത്തില്‍ ഞാന്‍ കുറച്ചുനാള്‍ ജീവിച്ചിട്ടുണ്ട്. റൂറല്‍ തിരുവനന്തപുരത്തിന്റെ പ്രാദേശികവാക്കുകള്‍ ധാരാളം ഉപയോഗിക്കുകയും എന്നാല്‍ മറ്റൊരു ആക്സ്‌സന്റില്‍ സംസാരിക്കുകയും ചെയ്യുന്ന ഒരു സമൂഹം. ഞാന്‍ ജനിച്ചു ചെറുപ്പം ചെലവിട്ട നാടിനെ അതില്‍ സൂപ്പര്‍‌ഇമ്പോസ് ചെയ്താണ്‌ അന്റപ്പന്റെ ജന്മദേശമുണ്ടാക്കിയത്. മറ്റെല്ലാത്തിലും അന്തോണിയെ ഞാനാക്കിവിട്ടുകൊടുത്തു. ഒരു ഫെയറിടെയില്‍ കഥാപാത്രത്തെ വട്ടം ഓടിച്ചെത്താനുള്ള ശേഷി എനിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ്‌ അങ്ങനെ ഒരു സാഹസം കാട്ടിയത്.

അന്തോണി ബ്ലോഗില്‍ വരില്ല, സ്വന്തം ബ്ലോഗില്‍ പോലും വരില്ല -മെയില്‍ റ്റു ബ്ലോഗ് ചെയ്യുകയേയുള്ളു. ഒരിടത്തും കമന്റെഴുതില്ല സ്വന്തം കമന്റിനു റെസ്പോണ്ട് ചെയ്യുകപോലുമില്ല, ഇന്‍സ്റ്റന്റ് മെസ്സെഞ്ചറില്ല, ഓര്‍ക്കുട്ടില്ല, കൂട്ടുമില്ല. സോഷ്യല്‍ ഇന്ററാക്ഷന്‍ പൂജ്യം. കണ്ടന്റ് കണ്ട് കണ്ടതെഴുതിപ്പോവുന്നവരേയുള്ളു. നൊസ്റ്റാള്‍ജിക്ക് ആയി ഒന്നുമില്ല, ചിരിപ്പിക്കാന്‍ കഥകളുമില്ല. ജൂനിയര്‍ ബ്ലോഗറാണ്‌. കണ്ടന്റ് സെണ്ട്രിക്ക് ബ്ലോഗിങ്ങ് മാത്രം.

സങ്കീര്‍ണ്ണമായ ഒന്നും പ്രതിപാദിക്കില്ല (അല്ലെങ്കിലും എനിക്കതു പറ്റുകയുമില്ല, ഏത്?) താടിയില്ല ബീഡിയില്ല, സഞ്ചിയുമില്ല. മലയാളം ബ്ലോഗിന്റെ മുഖമുദ്രയായ ലിറ്റററി പേര്‍സണല്‍ ഭാഷയും വശമില്ല.

ബ്ലോഗിനെപ്പറ്റിയുള്ള ആരോപണങ്ങളും നിരീക്ഷണങ്ങളും എത്രമാത്രം ശരിയാണെന്ന് പരീക്ഷിക്കാനുള്ള ഗിനിപ്പന്നി റെഡി സാര്‍. ഒരു അമ്പതു പോസ്റ്റ്, ശേഷം ഇതിനെക്കൊന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പദ്ധതി.

ബാല്യം
മുകളില്‍ പറഞ്ഞ ആരോപണങ്ങള്‍ക്കെല്ലാം വിപരീതമായി ഇത്തരം നിലവാരത്തിലുള്ള ഒരു ബ്ലോഗിന്‌ ഇത്രയൊക്കെ പേരുള്ള ഒരു സമൂഹത്തില്‍ ശരാശരി കിട്ടേണ്ട അഞ്ച്- ആറ്‌ കമന്റുകള്‍ക്കും അപ്പുറത്തേക്ക് ആദ്യമേ കയറിപ്പോയി അന്തപ്പായി അഞ്ചാറു പോസ്റ്റുകൊണ്ട് ഫേം ആയി എസ്റ്റാബ്ലിഷ് ചെയ്തു. ത്രില്ലടിച്ചു സന്തോഷിച്ചു.

കൗമാരം
അന്തപ്പനെ ഇഷ്ടപ്പെട്ടതോടെ ഒറിജിനല്‍ ഞാന്‍ അല്പ്പം അല്പ്പമായി കയറിത്തുടങ്ങി അനോണി ബ്ലോഗിലേക്ക്. അറിയാഞ്ഞിട്ടല്ല, കണ്ണടച്ചുപോയി. അടുത്ത സീറ്റിലെ അപരിചിതയായ അതിസുന്ദരി ഉറങ്ങി തോളിലേക്ക് ചായുമ്പോള്‍ "എഴിച്ച് നേരേയിരി ചെല്ലക്കിളീ" എന്നുപറയാന്‍ മാത്രം മനസ്സുറപ്പില്ലാത്ത ജന്മം ആയതുകൊണ്ട് അങ്ങനെ അങ്ങു പറ്റിപ്പോയി. കൗമാരത്തില്‍ അന്തപ്പായി വഴിതെറ്റി.


മലയാളം ബ്ലോഗേ ഇപ്പോള്‍ കാണാറില്ലെന്നു കരുതിയിരുന്ന ബൂലോഗ ഗോത്രവര്‍ഗ്ഗക്കാരനായ ഒരാള്‍ മെയിലയച്ചു. എന്താ--- , നിങ്ങള്‍ പേരുമാറി ബ്ലോഗ് തുടങ്ങിയത് എന്നന്വേഷിച്ചുകൊണ്ട്. രണ്ട്, മൂന്ന്, നാല്‌.. ശറപറാ. എങ്കിലും ഒരു ഗുണമുണ്ടായി. തിരിച്ചറിഞ്ഞവരത്രയും- ഒയറ്റാള്‍ പോലും ഒഴിവില്ലാതെ, അന്തപ്പപരീക്ഷണത്തിനു സപ്പോര്‍ട്ട് ആയി ഒന്നുകില്‍ മൊത്തത്തില്‍ ആ ബ്ലോഗില്‍ നിന്നു വിട്ടുനിന്നു അല്ലെങ്കില്‍ ലവലേശം പരിചയമില്ലാത്ത ഒരുത്തന്റെ ബ്ലോഗില്‍ എന്തു കമന്റ് ഇടുമോ അതുമാത്രം ഇടാന്‍ ശ്രദ്ധിച്ചു.

ഏറ്റവും രസമായി എന്നെ ക്ലിപ്പിട്ടത് എന്റെ അയല്‍‌വക്കക്കാരനൊരാളാണ്‌. ഒരു പോസ്റ്റില്‍ രാവിലേ വണ്ടി മുട്ടി ലൈറ്റ് പൊട്ടി എന്നുണ്ടായിരുന്നു. മൂപ്പര്‍ നേരേ പാര്‍ക്കിങ്ങില്‍ പോയി നോക്കി. ഉവ്വ, ലൈറ്റ് പൊട്ടിയിട്ടുണ്ട്. അവിടെ നിന്നു ഫോണ്‍ വിളിച്ചു "അപ്പ നീയണല്ലേപോള്‍ ബാര്‍ബര്‍?"

അപ്പോഴേക്ക് അന്തപ്പനെന്ന പരീക്ഷണജീവിയെ കൊന്ന് പരിശോധിച്ച് ഫലം പ്രസിദ്ധപ്പെടുത്താന്‍ നിശ്ചയിച്ച എണ്ണം പോസ്റ്റുകളായി. എന്തോ, അപ്പോഴേക്കും അതെന്റെ ബ്ലോഗായിപ്പോയി. കണ്ട്റോള്‍ കിട്ടുന്നില്ല, നിര്‍ത്താന്‍.

യൗവ്വനം
ബ്ലോഗിങ്ങിന്റെ- ചാറ്റടക്കം നെറ്റിലെ എന്തു ഇന്ററാക്റ്റീവ് പരിപാടിയുടെയും ഫോര്‍ ദാറ്റ് മാറ്റര്‍- ഏറ്റവും വലിയ സുഖം പാരലല്‍സ് സ്ട്രൈക്ക് ചെയ്യുന്നതിലാണ്‌. എഴുത്തും വായനയും കമന്റെഴുത്തും ഒരുകോടി വരാഹനും അതിന്റെ സംതൃപ്തി തരില്ല. അന്തപ്പായിയും ചിലരുമായി ഭയങ്കര പാരലല്‍സ് സ്ട്രൈക്ക് ചെയ്തുപോയി. അവതാരോദ്ദേശത്തിനു കടകവിരുദ്ധമായി അന്തപ്പന്‍ വേലിചാടി മറ്റുപലേടത്തും കയറി കമന്റിടുക, ഒരാള്‍ എഴുതുന്നതിന്റെ ബാക്കി എഴുതുക, മറ്റൊരു പോസ്റ്റിലേക്ക് ലിങ്ക് ചെയ്യുക തുടങ്ങിയ പോക്രിത്തരങ്ങള്‍ കാണിച്ചു തുടങ്ങി.

പഴയ അന്തര്‍ജ്ജനം പറഞ്ഞതുപോലെ, എന്നെ പെഴപ്പിച്ചത് പ്രധാനമായും നമത് വാഴ്വും കാലവും, പാഞ്ചാലി, അനില്‍ശ്രീ, ജോസഫ് മാഷ്, റാം മോഹന്‍, ബാബുമാഷ് തുടങ്ങി ചിലരാണ്‌. പിന്നെയും, അറിഞ്ഞുകൊണ്ട് തന്നെ ചെയ്ത തെറ്റ്. പ്രലോഭനം താങ്ങാനുള്ള മനസ്സുറപ്പില്ല. പാരലല്‍സ് ഭയങ്കര സുഖമുള്ള സംഗതിയാണ്‌.

വാര്‍ദ്ധക്യം
അന്തോണിയുടെ തോടിനുള്ളില്‍ ശംഖിനകത്തെ സന്യാസി ഞണ്ട് പോലെ ഒറിജിനല്‍ ഞാന്‍ അങ്ങനെ നൂറോളം പോസ്റ്റുകള്‍ കൂടിയിട്ടു. ശംഖിന്റെ തോടുമാത്രം, അകത്ത് ഹെര്‍മിറ്റ് ക്രാബ്. അതെന്തു ജന്മം. അന്തോണി തോന്നിവാസി ബ്ലോഗറാണ്‌. പതിനഞ്ചു മിനുട്ടില്‍ എന്തും എഴുതാം, ഒരക്ഷരത്തെറ്റും വ്യാകരണപ്പിശകും ശ്രദ്ധിക്കേണ്ടാ. ഇന്നതേ എഴുതാവൂ എന്നില്ല, എഴുതുന്നതിനെപ്പറ്റി ശരിയായും പൂര്‍ണ്ണമായും വിവരം വേണമെന്നുമില്ല. ഈ അനായാസത ഒന്നുമാത്രമാണ്‌ അനോണിയില്‍ ബാക്കിയായ സുഖം.

അള്‍ട്ടിമേറ്റ് ടെസ്റ്റ് മേതിലിന്റെ സ്റ്റേറ്റ്മെന്റിനു കൊടുത്തു. അനോണിക്കു പകരം വേറൊരുത്തനായാലോ? വള്രെപ്പേര്‍ ഷാര്‍പ്പ് ആയി പ്രതികരിച്ചു. മേതില്‍ ജയിച്ചു. എഴുത്തുകാരനില്ലെന്ന് ഉച്ചിയില്‍ ബോര്‍ഡ് വച്ച ബ്ലോഗ് നല്ലൊരളവ് പേര്‍സന്‍ സെണ്ട്രിക്ക് ആണ്‌. അതൊഴിച്ചാല്‍- മറ്റെല്ലാ ആരോപണങ്ങളും ജൂനിയര്‍-സീനിയര്‍, സോഷ്യല്‍ ഇന്ററാക്ഷന്‍, പരസ്പരസഹായം, കമ്യൂണിറ്റി ബില്‍ഡിങ്ങ്, ബുദ്ധിജീവിവല്യേട്ടന്മാര്‍ ഒക്കെ ടെസ്റ്റില്‍ നെഗറ്റീവ് ആയി. ഇത്തരം വലിയ ഗൗരവമൊന്നുമില്ലാത്ത ഒരു ബ്ലോഗിന്‌ പരമാവധി പ്രതീക്ഷിക്കാവുന്ന റെസ്പോണ്‍സിനും അപ്പുറത്തേക്ക് കൊണ്ടുപോയി വായനക്കാര്‍ അന്തപ്പനെ വളര്‍ത്തി ഭീമനാക്കി. ബൂലോഗം പോലെ ഒരാള്‍ക്ക്- അതും എക്സപ്ഷണലായി ഒന്നുമില്ലാത്തയാള്‍ക്കുപോലും എസ്റ്റാബ്ലിഷ് ചെയ്യാന്‍ എളുപ്പമുള്ള ഇടമില്ല.

ഭാവി
അങ്ങനെ വയസ്സായ അന്തപ്പായി പല്ലെല്ലാം കൊഴിഞ്ഞ് വാതം പിടിച്ച് തിണ്ണയ്ക്കിരിപ്പാണ്‌. ഇറങ്ങിപ്പോകട്ടേ എന്നു ചോദിച്ചപ്പോ മിണ്ടാതിരി വല്യപ്പാ ഇല്ലേല്‍ പിടിച്ച് കെട്ടിയിടും എന്നാണ്‌ ഭൂരിപക്ഷ ശബ്ദം. എന്തരോ വരട്ട് ആരും കേറാതാവുന്നതുവരെ എഴുതാം, അപ്പോ നിങ്ങളായിട്ടു നിര്‍ത്തിച്ചോളും.

26 comments:

കരീം മാഷ്‌ said...

സ്വയം പ്രസാധകനാവുന്നതിൻലെ പൂർണ്ണ തൃപ്തിക്കു അനോണിയാവുന്നതിനെക്കാൾ സനോണിയാവുന്നതാണുത്തമം.അനോണിയെഴുത്തിനു പരിധികളേറെയുണ്ട്‌.
ആശയദൗർലഭ്യം വരുമ്പോൾ ഉപകരിക്കും.

കരീം മാഷ്‌ said...

കാതലായ കാര്യം എഴുതാൻ വിട്ടു.
കെളവനെ കൊല്ലണ്ട!
കോമയിൽ കെടന്നോട്ടെ!

namath said...

അന്തോണിച്ചാ..വിനയം കാരണം പറയാതിരുന്ന ചില കാര്യങ്ങള്‍ കൂടി. ക്വാളിറ്റി കണ്ടന്‍റ്. ക്വാളിറ്റി ഓള്‍വേയ്സ് സ്കോര്‍സ്. അനുപൂരകമായി ക്വാളിറ്റി ഇന്‍ ഡീറ്റെയ്ല്‍സ്. അവനവന്‍ കടമ്പ കടന്ന എഴുത്തിന്‍റെ ശൈലി. പെര്‍സ്പക്ടീവിനെ തെളിമ. അനോണി ആന്‍റണി നിലനില്‍ക്കേണ്ടത് ആവശ്യമായി വരുന്നത് ജന്‍റില്‍മാന്‍ ബ്ലോഗിങ്ങിന്‍റെ റെയര്‍ സ്പെസിമന്‍ അല്ലെങ്കില്‍ മാതൃക എന്ന നിലയിലാണ്. പല പരീക്ഷണങ്ങളും ട്രെന്‍ഡ് സെറ്ററുകളായി മാറിയിട്ടുണ്ട്.

അന്തോണിയായിട്ടാണെങ്കില്‍ അന്തോണിയായി. ഐഡന്‍റിറ്റി ക്രൈസിസ് പ്രസക്തമാണോ എന്തോ? അറിയില്ല. അനോണിയാണെങ്കിലും ബ്ലോഗ് സ്വന്തം പേരില്‍ മാമോദീസ മുക്കിയാലും ശൈലിയും സമീപനവും മാത്രമാണ് പ്രസക്തം. ഏതു പേരിലെന്നത് വ്യക്തിസ്വാതന്ത്ര്യം.

ആദ്യം പറഞ്ഞതുപോലെയുള്ള ഒരു മാതൃക നിലനില്‍ക്കുക തന്നെ ചെയ്യണം. യുവര്‍ റെസ്പോണ്‍സിബിള്‍ സ്റ്റൈല്‍ ഓഫ് റൈട്ടിങ്ങ് ആഡ്സ് മോര്‍ റെസ്പോണ്‍സിബിളിറ്റി. ചിയേഴ്സ്! - ആസ് ഓള്‍വേയ്സ് ദ ബെസ്റ്റ് വേ ടു സേ യൂ ആര്‍ ആന്‍ എക്സലന്‍റ് റൈട്ടര്‍. ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും നിങ്ങളുടെയോ എന്‍റെയോ രീതിയല്ല. സ്റ്റില്‍ സിറ്റുവേഷന്‍ ഡിമാന്‍ഡ്സ്.

ചാണക്യന്‍ said...

ഹോ..അങ്ങനെയൊരു തീരുമാനത്തിലെത്തി...

Siju | സിജു said...

സന്തോഷമായി ഗോപിയേട്ടാ..

Radheyan said...

അനോണിയാകുന്നതിന്റെ സാധ്യത വളരെ വലുതാണെന്ന് തിരിച്ചറിഞ്ഞത് ഈ ബ്ലോഗിലൂടെയാണ്.(ഇദ്ദേഹത്തെ ആദ്യം തിരിച്ചറിഞ്ഞ കൂട്ടത്തില്‍ ഞാന്‍ പെടുമെങ്കിലും).

അനോണിയാകുമ്പോഴും എഴുത്തിന്റെ ഉത്തരവാദിത്തം കൈവിടുന്നില്ല എന്നതാണ് അന്തോണിച്ചന്റെ ഒരു പ്രത്യേകത.അനോണി എന്ന് പറയുമ്പോള്‍ തെറി കമന്റ് പറയുന്ന ആള്‍ എന്ന ഐഡന്റിറ്റി ഉണ്ടായതെങ്ങനെയെന്നറിയില്ല.അത് അനോണിമിറ്റിയുടെ ദുരുപയോഗം മാത്രം.അതില്‍ നിന്നു തുലോം വ്യത്യസ്ഥമായി, സനോണിയാകുന്നതിന്റെ ചില പരിമിതികള്‍ മറികടക്കാനാണ് ഇവിടെ അനോണിമിറ്റി ഉപയോഗിക്കുന്നത്.വിര്‍ച്വല്‍ സ്പേസില്‍ ജീവിക്കുന്ന വിര്‍ച്വല്‍ വ്യക്തിക്ക് കടും‌പിടുത്തങ്ങളുടെ പരിധി ഇല്ല.മുന്‍‌വിധികളില്‍ തളക്കപ്പെട്ട ബ്രാന്‍ഡിങ്ങ് ഇല്ല.(പക്ഷെ മലയാളം ബ്ലോഗില്‍ പ്രസിദ്ധരായ പല അനോണികളും കടും‌പിടുത്തങ്ങള്‍ക്കും വിതണ്ഡവാദങ്ങള്‍ക്കും കൂടി പ്രസിദ്ധരാണെന്നത് വിരോധാഭാസമാകാം)

vadavosky said...

അങ്ങനെ വഴിക്കു വാ :)

ഞാന്‍ ആചാര്യന്‍ said...

ഒരിക്കലും ഇതേ ബ്ലോഗില്‍ സ്വയം വെളിപ്പെടുത്തരുത്. മനസിലാക്കിയവര്‍ ആക്കിക്കോട്ടെ. അതുമതി. ബ്ലോഗിങില്‍ കണ്ടന്‍റ് തീവ്രത മാത്രമല്ല, ക്യൂരിയോസിറ്റി കൂടിയുണ്ട്. വേണെങ്കില്‍ വേറൊരു ബ്ലോഗ് തുടങ്ങി ഒരു നവാഗത ബ്ലോഗറായിക്കോ(ശ്ശെടാ, ഇതൊരുമാതിരി ബെഞ്ചമിന്‍ ബട്ടന്‍ കേസു പോലെയാകുന്നുണ്ടല്ലോ)

Unknown said...

ഇന്നോളമോളമെന്തെന്നറിയീലിനി
നാളത്തെയോളവുമെന്തെന്നറിയീല.‍

(വിഷയം: ഞാനും ബ്ലോഗും)

കെ said...

ഓഹോ... എന്നാല്‍ പിന്നെ ഒരു പോസ്റ്റും കൂടെയെഴുതി ഞാനങ്ങ് മതിയാക്കിയേക്കാം.. ഹും..

Suraj said...

ബാക്റ്റീരിയകള്‍ വാഴുന്ന ആ പറുദീസയിലേയ്ക്ക് ചൂണ്ടിത്തന്ന കാലം മുതല്‍ക്ക് എനിക്കറിയാം ആളിനെ. പോസ്റ്റ്മോര്‍ട്ടെം കഴിഞ്ഞിട്ടും ജീവിച്ചിരിക്കുന്നുവെന്നറിയുന്നത് സന്തോഷം തന്നെ.

കൊല്ലുന്നതില്‍ എന്തെങ്കിലും കഥയുണ്ടോ ? മാളികപ്പുറത്തിന് ശാസ്താവ് നല്‍കിയ ഒരു വരം ചോദിക്കട്ടെ ? ;)

ഇന്നിപ്പോള്‍ ഈ പറയുന്ന "പേഴ്സണ്‍ സെണ്ട്രിക്ക്" എഴുത്തിനു പിന്നിലെ "ഞാന്‍" നെ തിരിച്ചറിഞ്ഞവര്‍ മാത്രം നിലനില്‍ക്കുകയും ബൂലോഗം ഒരിക്കലും വളരാതെ, പുതുതായി ആരും വരാതിരിക്കുകയും ചെയ്യുന്ന ഒരുകാലത്ത് കൊല്ലൂ. അപ്പോഴല്ലേ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അന്തോനിച്ചന്‍ അനോണിയല്ലാതാവൂ ? അല്ലെങ്കില്‍ ഒരു കന്നി ബ്ലോഗപ്പനെങ്കിലും അന്തോനിച്ചന്‍ അനോണിയല്ലേ ? സോ...മൂവ് ഓണ്‍ ...ചിയേഴ്സ്... ;))

Sapna Anu B.George said...

അന്തോണിച്ചാ അനോണി.....നല്ല എഴുത്ത് , വായന

Sethunath UN said...

നിത്യഹരിതനാം അന്തോണീ...
എഴുതെന്നെ. ചുമ്മാ വിന‌യനാവാതെ. :-)
പണ്ട് ഷെ‌ര്‍ലക്‍ഹോമിനെ സ‌ങ്കല്‍പ്പത്തില്‍ വര‌ച്ച പല വര‌ക‌ളും കണ്ടിട്ടുണ്ട്. ആ ചിത്രകാര‌ന്മാരുടെയുള്ളില്‍ ഷെര്‍ലക്‍ഹോംസ് എന്ന അനോണിയും ബുദ്ധിശാലിയുമായ ആ വ്യക്തിത്വത്തെ നേരിട്ടുകാണാനുള്ള ത്വരയും കണ്ടാലുണ്ടാകാവുന്ന ത്രില്ലുമായിരിക്കണം അവരെ അങ്ങിനെയൊക്കെ വര‌പ്പിച്ചത് അല്ലേ? അതുപോലെ അന്തോണി എങ്ങിനെയിരിക്കും കണ്ടാല്‍ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. വെറുതെ. എന്തായാലും ജുബ്ബയും ബീഡിയും കാണില്ല എന്നുറപ്പായിരുന്നു. :) കണ്ടാല്‍ എങ്ങിനെ പരിചയപ്പെടും. എന്തു പറയും. എങ്ങിനെ പ്രതികരിക്കും എന്നൊക്കെ ചുമ്മാ ചിന്തിച്ചിരുന്നു. അപ്പോ ദേണ്ടെ. ചെലരൊക്കെ കണ്ടെന്ന്.
ജ്ഞാനിയായ, സൂക്ഷ്മമായ നിരീക്ഷണങ്ങളുള്ള മനുഷ്യരെ ബഹുമാനിക്കാന്‍ ഒരു സുഖമുണ്ട്.അന്തോണി അത്തരമൊരാളാണ്. അനോണിയായാലും അന‌നോണിയായാലും.

പാമരന്‍ said...

ho!

ജയരാജന്‍ said...

"ചിരിപ്പിക്കാന്‍ കഥകളുമില്ല"ത്രേ...
{അടുത്ത സീറ്റിലെ അപരിചിതയായ അതിസുന്ദരി ഉറങ്ങി തോളിലേക്ക് ചായുമ്പോള്‍ "എഴിച്ച് നേരേയിരി ചെല്ലക്കിളീ" എന്നുപറയാന്‍ മാത്രം മനസ്സുറപ്പില്ലാത്ത ജന്മം}
ചിരിപ്പിക്കാൻ കഥ തന്നെ വേണോ? ഇത് പോലെ ഒരു ഉദാഹരണം പോരെ? :)

ശ്രീവല്ലഭന്‍. said...

ഒരു പരിധി വരെ ബ്ലോഗില്‍ ആദ്യമായി എത്തുന്നവരെല്ലാം അനോണികള്‍ തന്നെ. നമത് പറഞ്ഞത് പോലെ കണ്ടന്റ്, എഴുത്തിന്‍റെ ശൈലി എല്ലാം വലിയൊരളവില്‍ തന്നെ വായനക്കാരെ ആകര്‍ഷിക്കും. സസ്പെന്‍സ് ഇപ്പോള്‍ കളയെന്ടിയിരുന്നില്ല :-)

Santhosh said...

ഇതു് ഇന്നയാളല്ലേ എന്നു് എന്നോടു് ആദ്യം ചോദിച്ചതു് (പരിമിതമായി മാത്രം ബ്ലോഗുകള്‍) വായിക്കുന്ന എന്‍റെ ഭാര്യ ആണു്. അതിനു ശേഷം ചോദിക്കാതെ തന്നെ ഒരു സുഹൃത്തു് ആന്‍റണിയുടെ ഐഡന്‍റിറ്റി പറഞ്ഞു തന്നു. നിര്‍ത്തട്ടെ എന്ന കഴിഞ്ഞ പോസ്റ്റിനു് നിര്‍ത്തൂ എന്നു പറഞ്ഞതു് ഇങ്ങനെയൊരു പരീക്ഷണമാണു് ബ്ലോഗിനു പിന്നിലെന്നറിഞ്ഞിരുന്നതു കൊണ്ടാണു്. ആ നിലപാടുതന്നെ ഇപ്പോഴും.

Anonymous said...

കിഴവനാകുമ്പോൾ കടലുപോലത്തെ സാദ്ധ്യതകളും കാണും - ഓൾഡ് മാൻ ആൻഡ് ദി സീ ഓഫ് പോസിബിലിറ്റീസ്. ബ്ലോഗ് ജ്ഞാനവൃദ്ധന്മാരുടെ കാപ്പിക്ലബ്ബായി മാറുന്നതിലും നല്ല കാര്യമെന്തുണ്ട്.

നിങ്ങളുടെ ടെമ്പ്ലേറ്റിനെക്കുറിച്ച് മാത്രമാൺ പരാതിയുള്ളത്. വിഷയത്തിന്റെ അനുപാതത്തിൽ അക്ഷരങ്ങൾ വലുതാക്കിയാൽ ഉപകാരമായിരിയ്ക്കും.

Umesh::ഉമേഷ് said...

അന്തപ്പാ, സമാധാനമായി പോയി ചത്തു വാ. ആയുഷ്മാൻ ഭവ!

Anonymous said...

ബൂലോകത്ത്‌ പുതുതായെത്തിയ ഞാൻ മുടങ്ങാതെ വായിച്ചു കൊണ്ടിരുന്ന നല്ല ബ്ലോഗായിരുന്നൗ...പെട്ടെന്ന് നിർത്തുകയാണെന്ന് പറഞ്ഞപ്പോൾ....

അനില്‍ശ്രീ... said...

എന്നാലും എന്റെ അന്തോണിച്ചാ, ആ പീഢനക്കാരുടെ ലിസ്റ്റില്‍ എന്നെയും കൂട്ടിയല്ലോ... ദുഷ്ടന്‍... :) :)

(ആദ്യം പിഴപ്പിച്ചവരെയേ കുറ്റം പറയാവൂ കേട്ടോ...)..

പണ്ടും ഞാന്‍ പറഞ്ഞിരുന്നു, അനോണി അന്തോണി ആരാണെങ്കിലും എനിക്ക് അന്തോണി തന്നെയായിരിക്കുമെന്ന്. അത് പറഞ്ഞിട്ട് കുറെക്കാലമായെങ്കിലും ഇന്നു ഞാന്‍ അത് തന്നെ പറയുന്നു...അനോണി ആരായാലെന്താ,,,,അയാള്‍ എഴുതി വച്ചിരിക്കുന്നതാണ് എനിക്ക് പ്രധാനം...

:: VM :: said...

/ എന്തരോ വരട്ട് ആരും കേറാതാവുന്നതുവരെ എഴുതാം, അപ്പോ നിങ്ങളായിട്ടു നിര്‍ത്തിച്ചോളും. /

ഏറ്റു.. അതുവരെ മിണ്ടാതിരി വല്യപ്പാ ;)

എന്നാലും ആ ഉ.ഏ.ഇ മീറ്റിനു കാണാമെന്നു ഞാനൊന്നു കരുതീയതാ. കഷ്ടായി;)

പാഞ്ചാലി said...

സന്തോഷം!

BS Madai said...

"ബാക്റ്റീരിയകള്‍ വാഴുന്ന ആ പറുദീസയിലേയ്ക്ക് ചൂണ്ടിത്തന്ന കാലം മുതല്‍ക്ക് എനിക്കറിയാം ആളിനെ.." - ഇതൊരു നല്ല കുളു അല്ലെ?!
അതെന്തെങ്കിലുമാകട്ടെ, മാഷേ സമയമാകുമ്പോ അങ്ങോട്ട്‌ പറയാം, അതുവരേക്കും "ണിം ണിം... "

Cibu C J (സിബു) said...

ആന്റണി ആരാണെന്ന്‌ ബൂലോകത്ത് കുറച്ചുകാലം പരിചയമുള്ളവർക്കൊക്കെ കുറേകാലമായി അറിയാമെന്നിരിക്കെ ഈ നിഗമനങ്ങളൊക്കെ ഈ ബ്ലോഗിന്റെ എക്സ്പീരിയൻസിൽ നിന്നും എടുക്കാമോ എന്നെനിക്ക് സംശയമുണ്ട്.

മരമാക്രി said...

devaanand, nirtharuthu. iniyum ezhuthanam