കൊച്ചുണ്ണീ...
എന്തരു പക്കിയണ്ണാ?
ലോണ്ട് ഒരുത്തന് പെയ്യൂടണത് കണ്ടില്ലീ, തോളിലൊര് രസ്യന്‍ ആട്
പോതരവൊള്ള മൊതല്കള് തന്നെ. കൊടുത്താ തോനെ പുത്തന്‍ കിട്ടുവെടേ
നമ്മക്ക് ചെന്ന് പിടിച്ചു പറിക്കാം?
ലവന്റെ ലഷണം കണ്ടിട്ട് കളരിക്കാരനാണെന്ന് തന്നെ തോന്നണത്. ചെന്നു പിടിച്ച ഓര്‍മ്മയേ കാണൂ, അവന് നമ്മളെ വലിച്ചു പറിച്ച് പാളത്താറുടുക്കും.
എന്നാ ചെന്നിട്ട് "ഈ പട്ടിയേം കൊണ്ട് എങ്ങോട്ടാ" എന്ന് കേക്കാം?
ഒരു പരിചയവുമില്ലാത്ത നമ്മള് ചെന്ന് എന്തരേലും കേട്ടാ ലവന് ഒടനേ നെരുവിക്കും ഇതെന്തരോ പറ്റീര് തന്നെന്ന്.
പിന്നെന്തരു ചെയ്യും?
അതായത് കൊച്ചുണ്ണീ, നമ്മള് അവന്റെ അടുത്തൂടെ സംസാരിച്ചോണ്ട് പോവും, എന്നിട്ട് അവന്റെ തോളേലോട്ട് നോക്കിയിട്ട് ഞാന്‍ "ഈ പട്ടി എന്റെ കൈസറിനെപ്പോലെയുണ്ട്." എന്നു പറയും അപ്പ നീ "പോട പുല്ലേ നിന്റെ കൈസറ്, ഇത് നല്ല ചെങ്കോട്ട പട്ടിയാ, നിന്റെ കൈസറു ചാവാലിയാ എന്നു പറയും." അങ്ങനെ അങ്ങോട്ട് ഈ പട്ടിയെക്കുറിച്ചുള്ള തര്‍ക്കം മൂത്ത് നീ എന്റെ കരണക്കുറ്റിക്കടിക്കും, ഞാന്‍ നിന്നെ അടിക്കാന്‍ ഓടിക്കും. ഏത്?
ഈ പക്കിയണ്ണന്റെ മണ്ട സമ്മതിച്ച് . ഇതെറിക്കും ഒറപ്പ്.
*****************************
എന്റെ ഹ്വാര്ലിക്സ് കഴിച്ച കുട്ടികള്‍ മൂന്നടി വളര്‍ന്നു.
പോട നിന്റെ ഹ്വാര്ളിക്സ്. എന്റെ കോമ്പ്ലാന് കഴിച്ച പിള്ളേര്‍ക്ക് ബുദ്ധിയും ശക്തിയും കഴിവും കൂടി
എന്റെ ഹോര്‍ളിക്സില്‍ മുപ്പത്താറു വിറ്റാമിനുണ്ട് പിള്ളേര് ഇതു തിന്നാലേ വളരൂ
എന്റെ ക്വാമ്പ്ലാനില് എല്ലാം ക്വാളിറ്റി പ്രോട്ടീന്‍ ആണ് നിന്റേത് കൂതറ പ്രോട്ടീന്‍
എന്റെ ഹ്വാര്ലിക്സ് കഴിച്ചാല്‍ പിള്ളേരെല്ലാം മൂന്നു ചക്ക മുള്ളോടെ വിഴുങ്ങും
എന്റെ ക്വാമ്പ്ലാന് തിന്നാല്‍ മൂന്നേകാല്‍ ചക്ക വിഴുങ്ങും
ന്റ്റെ ഹ്വാര്ളിക്സിനു പോതരമില്ലെന്ന് പറഞ്ഞ നിന്നെ ഞാന്‍ കോടതി കേറ്റും
പിന്നേ നീ ഒലത്തും . പോടേ
കുഞ്ഞിനെ ഒക്കത്തെടുത്തു പോകുന്ന മന്ദബുദ്ധി വീട്ടമ്മ കുട്ടികള്‍ക്ക് വളരണമെങ്കില്‍ എന്തെങ്കിലും ഫുഡ് സപ്ലിമെന്റ് കഴിച്ചാലേ പറ്റൂ എന്ന് മനസ്സിലാക്കി.
*******************************
പിന് കുറിപ്പ്:
യൂക്കേയില്‍ ഹോര്‍ളിക്സ് വില്‍ക്കുന്നുണ്ട്. അവര്‍ അത് മാള്‍ട്ട് ചേര്‍ന്ന ഡ്രിങ്ക് ആയതുകൊണ്ട് കുടിച്ചാല്‍ സുഖനിദ്ര എന്ന എക്സ്ക്യൂസിലാണു വില്‍ക്കുന്നത് . ഇന്ത്യയില്‍ നിന്നും ടെലിക്കാസ്റ്റ് ചെയ്യുന്ന സ്മാര്‍ട്ട് സ്റ്റ്രോങ്ങ് ടാള്‍ പരസ്യം അവിടെ വന്‍ പ്രതിഷേധമുണ്ടാക്കി, ഇന്നുവരെ ഒരു അംഗീകൃത ചികിത്സകസംഘടനയും ഫുഡ് സപ്ലിമെന്റ് കഴിക്കുന്നതുകൊണ്ട് കുട്ടികള്‍ക്കോ വലിയവര്‍ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് സ്ഥിതീകരിച്ചിട്ടില്ല. ആരോഗ്യമോ വളര്‍ച്ചയോ കൂടാന്‍ ഒരു ഡോക്റ്ററും ഹെല്‍ത്ത് ഡ്രിങ്കുകള്‍ കഴിക്കാന്‍ കൊള്ളാവുന്ന നാട്ടിലൊന്നും പറയാറുമില്ല.
29 comments:
ethayalum aa parasya kolahalam comody ayirunnu...
വീട്ടമ്മയേക്കാള് ഒക്കത്തിരുക്കുന്ന കുഞ്ഞിനെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് തോന്നുന്നു. “എനിച്ചതു വേണം” എന്ന് കൊച്ച് വാശി പിടിച്ചാല്‍ പിന്നെ അത് വാങ്ങിക്കൊടുത്തല്ലേ പറ്റൂ...
ശൊ.. എത്ര കുപ്പി കോമ്പ്ലാനാ വെറുതെ വാങ്ങി എന്റെ അച്ചുവിന് കൊടുത്തത്... ഹോര്‍ലിക്സും കൊടുത്തു നോക്കി... ഒരു വര്‍ഷം കൊണ്ട് ഒന്നര അടി പൊക്കമാണ് പ്രതീക്ഷിച്ചത്... എല്ലാം വെറുതെ ആയിരുന്നല്ലേ.... ചുമ്മാതല്ല അവനിപ്പോഴും രണ്ടരയടി പൊക്കം.... !!
ഇതെല്ലാം ഇവന്മാരുടെ കള്ളത്തരമാണെന്ന് കുറെപ്പേര്‍ക്കെങ്കിലും അറിയാം... പിന്നെ കുട്ടികള്‍ക്ക് ഇഷ്ടമായതിനാല്‍ വാങ്ങി കൊടുക്കുന്നു എന്നേ എനിക്ക് തോന്നുന്നുള്ളൂ.. പരസ്യത്തില്‍ വീഴുന്നവരും ധാരാളം ഉണ്ട്... നുണ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ ആരും എന്തേ രംഗത്തെത്തുന്നില്ല? മുട്ടിന് മുട്ടിന് സമരം ചെയ്യുന്ന IMA പോലും ഇതിനെതിരെ പ്രതികരിക്കാറില്ലല്ലൊ,,,
ഇവര്‍ രണ്ടും തമ്മിലുള്ള ഈ പരസ്യ അടി കാണുമ്പോള്‍ പലപ്പോഴും തോന്നാറുണ്ടിത്..
പക്ഷേ ആന്റണിച്ചാ
അച്യുതന് ഫുഡ് കഴിക്കാന്‍ മടിയനാണ്. പക്ഷേ ഹോര്‍ലിക്സ് കലക്കി കൊടൂത്താല്‍ കുടിച്ചോളും.
വെയിറ്റും മറ്റും വേണ്ടപോലെയുള്ളത് ഈ ഹോര്‍ലിക്സ് സേവ കൊണ്ടു തന്നെയാണെന്ന് വിശ്വസിക്കുന്നു. ഭക്ഷണം കഴിക്കാതെ മെലിഞ്ഞു പോയിരുന്നു, ഒരിക്കല്‍.
പ്രത്യേകിച്ച് ഗുണമില്ലെങ്കിലും ദോഷമുണ്ടോ?
അരവിന്ദ്, കുറച്ച് ചോക്കലേറ്റ് പൌഡര്‍ ചെറു ചൂടുള്ള പാലില്‍ കലക്കി കൊടുക്കുന്നതാണ് കൂടുതല്‍ ഹെല്‍ത്തി എന്നു ഇവിടെയുള്ള പീഡിയാറ്റ്രീഷന്‍ പറഞ്ഞിരുന്നു.
സ്കൂള്‍ വാദ്യാരായ അച്ഛന് അന്യായ വിലക്ക് ഒരുപാട് ഹോര്ലിക്സുകള് വാങ്ങിതന്നതോര്ക്കുന്നു, വിഷമിക്കുന്നു.
ഹോര്‍ലിക്സിന്റെയും കോമ്പ്ലാന്റെയുമൊക്കെ രുചി അറിയുന്നത് 10-12 വയസ്സ് കഴിഞ്ഞിട്ടാ. കുഞ്ഞായിരുന്നപ്പോ എനിക്ക് ബോണ്‍വിറ്റയും ന്യൂട്രമുലുമൊക്കെയേ കിട്ടീട്ടുള്ളൂ. അല്ലേലും ഹോര്‍ലിക്സിന് പാട്ട ടേസ്റ്റാ. ബൂസ്റ്റാ സൂപ്പര്‍
പാഞ്ചാലീ നന്ദി
ചോക്ക്ലേറ്റ് അവന് ഇഷ്ടല്ല. ഹോര്‍ലിക്സ് തന്നെ ചോക്ലേറ്റ് ഫ്ലേവര്‍ ട്രൈ ചെയ്തിരുന്നു...അവന് തൊട്ടില്ല-പിന്നെ കഷ്ടപ്പെട്ട് എനിക്ക് തീര്‍ക്കേണ്ടി വന്നു. എന്റെ വിധി.
ഹോര്‍ലിക്സ് മാള്‍ട്ട് (ഒറീജിനല്‍ ഫ്ലേവര്‍) നല്ല ഇളം ചൂട് പാലില്‍ നല്ലോം പഞ്ചാരയുമിട്ട് ആഹഹ
പറയുന്നത് കള്ളമാണേലും സംഗതി നല്ല റ്റേസ്റ്റാ.
ദേ അവരുടെ സൈറ്റില്‍ നിന്ന്..പിള്ളേര്‍ക്ക് കിഡ്നി പ്രശ്നം വരുമായിരിക്കുമത്രേ!
"Horlicks Malted Food Drink is not specially formulated to be an infant food; so we don't recommend its use for babies under one year old. Although Horlicks was once considered suitable for infants, scientific knowledge has now advanced, leading to the formulation of international guidelines regarding the composition of breast milk substitutes. The composition of Horlicks does not fall within these guidelines and is not formulated to do so.
Horlicks is not positioned as, nor should be used as, a breast milk or infant formula substitute, since it does not contain all the nutrients essential for a baby's healthy growth and development. Also, Horlicks contains relatively high levels of dissolved solids with which the developing kidneys of a baby may be unable to cope.
Once the child grows older and they have reached the age of one year, Horlicks can be introduced in small amounts, as part of a varied, well-balanced diet."
യെന്റമ്മേ..അച്യുതനു കൊടൂക്കുന്നത് നിര്‍ത്തി. ഒരു വയസ്സ് കഴിഞ്ഞത് ഭാഗ്യം!
ദൈവമേ എത്രയാ കലക്കി കൊടൂത്തത്..എന്നാല്‍ ആ കുപ്പിയുടെ മുകളില്‍ ഇങ്ങനെ എഴുതി വെച്ചിരുന്നെങ്കില്‍..
ശോ!
അതല്ല ഞാന്‍ വിചാരിച്ചിട്ടുണ്ട്, എങ്ങിനെയാണ് ഡോക്ടറിന്റെ കോട്ടുമിട്ട് ഈ പരസ്യങ്ങളില്‍ കാണിക്കുന്നത് എന്ന്? അങ്ങിനെ ഒരു റെഗുലേഷന് ഒന്നുമില്ലേ പരസ്യങ്ങളില്‍? അതും കൊച്ചുങ്ങളു പൊക്കം വെച്ചു എന്നൊക്കെയല്ലേ കാണിക്കുന്നേ? അത് സ്ഥിരീകരിക്കാന്‍ ഒരു ഡോക്ടറ് കോട്ടും?
ഹോര്‍ലിക്സ് അത്ര ഡേഞ്ചറസ് ഒന്നും അല്ല എന്നാണ് മനസിലാക്കിയത് (മുതിര്‍ന്നവര്‍ക്ക്). എങ്കിലും അവരുടെ പരസ്യതന്ത്രത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ച് മുന്‍പും വായിച്ചിരുന്നു (സുഖനിദ്ര).
പരസ്യത്തോടെതിര്പ്പ്, ഹോര്ലിക്സിനോട് ഇഷ്ടം :)
മൂന്ന് വയസ്സ് മുതല്‍, അപ്പൂസിനു ഞാന്‍ ഹോര്‍ലിക്സ് പോലെ തന്നെ സ്വാദ് തോന്നിയ്ക്കുന്ന ഈ കൂട്ട് കൊടുത്തിരുന്നു,
പുല്ല് (രാഗ്ഗി അരി)
ഗോതമ്പ് അരി അല്ലെങ്കില്‍ ഗോതമ്പ്
നുറുക്ക് അരി
(ഇവ എല്ലാം സമാസമം)
അല്പം കപ്പലണ്ടി
അല്പം ബദാം
ഒന്നോ രണ്ടോ ഏലയ്ക് ആവശ്യത്തിനു
എല്ലാം വേറേ വേറേ കഴുകി, നല്ല വെയിലത്ത് ഉണക്കി, നല്ല വണ്ണം വെറും ചട്ടിയില്‍ ഇട്ട് ചുമക്കേ വറുത്ത് പൊടിപ്പിയ്ക്കുക. എന്നിട്ട് പറ്റുമെങ്കില്‍ ശീല പൊടിയാക്കുക. (എന്തോന്നടേ ഈ ശീല പൊടീ? അന്തോണി ഒന്ന് വിവരിയ്ക്ക് പ്ലീസ്)
എന്നിട്ട് ഒരു സ്പൂണ്‍ കൂട്ടിനു ഒന്നുകില്‍ ഒന്നര ഗ്ഗ്ലാസ് വെള്ളം അല്ലെങ്കില്‍ പാല് (അന്തോണീ എന്നെ ഇടിയ്ക്കാന്‍ വരണേ...)കലക്കി ഒന്ന് തിളയ്ക്കുമ്പോള്‍ പഞ്ചസാര അല്പം ചേര്‍ത്ത് കൊടുക്കുക. നല്ല സ്വാദിഷ്ടവും, പോഷക ആഹാരവും. പാല് കുപ്പിയിലൂടെ തന്നെ കൊടുക്കയും ചെയ്യാം. വേണമെങ്കില്‍ ചോക്ക്ലേറ്റ് പൊടിയോ മറ്റോ ചേര്‍ക്കുകയും ആവാം. വലിയവര്‍ക്കും കുടിയ്ക്കാം.
(എന്നാലും ചെറുപ്പത്തില്‍ ഹോറ്ലിക്സ് കുപ്പിയൊക്കെ വീട്ടില്‍ ഷെലഫില് ഇരിയ്ക്കുന്നത് ഒരു ഗമ തന്നേയായിരുന്ന്)
അതുല്യേച്ചി,
വെറും അരിയോ ഞവര അരിയൊ നല്ലത്?സൂചി ഗോതമ്പോ വെറും ഗോതമ്പോ നല്ലത്?ഇതിന്റെയൊക്കെ കൂടെ ചോളം ചെര്ക്കണോ?
അവസാനമായി ഒരു ചോദ്യംകൂടെ അടുത്ത തവണ ഇങ്ങോട്ട് വരുമ്പോള്‍ കുറച്ച് ഉണ്ടാക്കി കൊണ്ടു തരുമോ?
valiyammaayi,
eppo thanne koduthayakkaallo, evide eppo puram poliyana choodanu and valiya katta terraceum untu. vegam paranjolu, arenkilum varunnavar undnkil i make arrangments to send it dear.
(vere yum order u kal sweekarikkum :)
ജെ കെ, ആ പരസ്യങ്ങള്‍ ഇപ്പോഴും കോലാഹലത്തോടെ ഓടുന്നുണ്ട്.
വടക്കൂടന്, സത്യം. എന്റെ കൊച്ചുകുട്ടിക്ക് (അക്ഷരം പഠിക്കാനുള്ള പ്രായമായില്ല, ഒരുമാതിരി പരസ്യങ്ങള്‍ ഒക്കെ കാണാപ്പാടം അറിയാം- വീടു പെയിന്റടിക്കുന്നവരെ കണ്ട് കുട്ടി “അപ്പക്സ് ആള്‍ട്ടിമ” എന്ന് വിളിച്ചു പറഞ്ഞു (ഏഷ്യന്‍ പെയിന്റ്സിന്റെ ഒരു ബ്രാന്‍ഡാണത്)
അനില്‍ശ്രീ, ഐയെമ്മേ ഇതുവരെ അവരുടെ അവകാശം നേടിയെടുത്തു തീര്‍ന്നില്ല പിന്നല്ലേ പൊതുജനത്തിന്റെ കാര്യം.
സിജൂ, അതേ, ഞാനും കുറേക്കാലമായി ഇതു വാച്ച് ചെയ്യാന്‍ തുടങ്ങിയിട്ട്.
അരവിന്ദേ, ഞാന്‍ പറയാന്‍ വന്നത് താഴെ പാഞ്ചാലി പറഞ്ഞു- ഡ്രിങ്കിങ്ങ് ചോക്കലേറ്റിന്റെ കാര്യം. ഈ പാഞ്ചാലിയുടെ എഴുത്തു കണ്ടിട്ട് എന്റെ ഡ്യൂപ്ലിക്കേറ്റ് ഐഡി ആണോ എന്ന് എനിക്കൊരു സംശയം, ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എപ്പോഴും പാഞ്ചാലി പറയുന്നല്ലോ.
ചങ്കരന്, അതാണ് പരസ്യത്തിന്റെ ശക്തി.
അയല്‍ക്കാരാ, എനിക്കും ന്യൂട്രമുല് ആയിരുന്നു. അതു കഴിച്ചിട്ടല്ലേ എനിക്കിത്രയും തേജസ്സും ഓജസ്സും തോമസ്സും ഗോമസ്സും ഉണ്ടായത്.
ഇഞ്ചീ,
ഒരൊറ്റ കേസ് ഒരു ഉപഭോക്താവ് എം ആര് ടി പി കമ്മീഷനു കൊടുത്താല്‍ ഈ മാതിരി ഡോക്റ്റര്‍ പരസ്യങ്ങള്‍ ഓടും. ഒരു പതിനഞ്ചു കൊല്ലം മുന്നേ കോമ്പ്ലാന് കുടിക്കൂ പരീക്ഷ നന്നായി എഴുതൂ (ഇപ്പോഴത്തെ പരസ്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ എത്ര ഭേദം) എന്ന പരസ്യത്തെ ഒരാളുടെ പരാതി സ്വീകരിച്ച് എം ആര് ടി പി നിയമം മൂലം നിരോധിച്ചിരുന്നു.
ശ്രീഹരി, അതേ. പരസ്യമാണ് പ്രശ്നം.
അതുല്യ, വല്യമ്മായി. റെസിപ്പീകള്ക്ക് നന്ദി.
അണ്ടിപ്പരിപ്പിനു പകരം മ്യുസലി പൊടിച്ചു ചേര്‍ത്താല്‍ എങ്ങനെ ഇരിക്കും (എന്റെ മകന് മ്യുസെലി വാങ്ങി ചെറുതായി ചട്ടിയില്‍ ചൂടാക്കി ഇടികല്ലിലൊന്നു പൊടിച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കാറുണ്ട് (കൈക്കുഞ്ഞല്ല, രണ്ട് വയസ്സായി)
അതുല്യേച്ചി പറഞ്ഞ അത് പോലെ കൂട്ടുള്ളൊരു പൊടി നാട്ടില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വില്ക്കാന് കൊണ്ടു വന്നിരുന്നു. അത് വിജയിച്ചിരുന്നോ എന്നും അറിയില്ല.
പശുമൂത്രം ഒക്കെ കുപ്പിലാക്കണ സമയത്ത് ഇതു പോലുള്ളവയെ ഒക്കെ ഒന്നു പ്രോത്സാഹിപ്പിക്കാന്‍ ഒരുത്തര്‍ക്കും തോന്നുന്നില്ലല്ലോ
ഗോമ്പ്ലിമെന്റിന് നന്രി. ഈ മ്യൂസലി എന്നു പറഞ്ഞാല്‍ എന്തരോ എന്തൊ?
ഞങ്ങളുടെ കുട്ടികള്‍ക്ക് നവധാന്യം (എന്തൊക്കെയാണ് അതിലെ ഒന്‍പത് ധാന്യങ്ങള്‍ എന്നറിയില്ല, നാട്ടീലെ പച്ചമരുന്നു കടയില്‍ നിന്ന് വാങ്ങി അമ്മായിഅമ്മ കൊടുത്തുവിട്ടിരുന്നത്)പൊടിച്ച് ചൂടുവെള്ളത്തില്‍ കുറുക്കി കൊടുത്തിരുന്നു.
പക്ഷേ “എന്റെ കുഞ്ഞ് ഒന്നും കഴിയ്ക്കുന്നില്ല ഞാനെന്തു ചെയ്യും” എന്നും പറഞ്ഞ് ആഹാരവുമായി 24 മണിക്കൂറും പിള്ളേരുടെ പുറകേ ഓടിനടന്ന്, അവരുടെ സ്വൈര്യം കെടുത്തി, കുട്ടികളുടെ ഭക്ഷണത്തോടുള്ള ഇഷ്ടം തന്നെ ഇല്ലാതാക്കുന്ന അമ്മമാരോട് ഒരു താല്‍പ്പര്യവുമില്ല. കുട്ടികള്‍ക്കു വിശക്കുമ്പോള്‍ മാത്രം മാക്സിമം കൊടുക്കുക എന്നതാണ് എന്റെ അഭിപ്രായം.
(എന്റെ പോളിസി നല്ലതാണെന്നോ സയന്റിഫിക്കലി കറക്റ്റാണെന്നോ നിങ്ങള്‍ എല്ലാം ഫോളോ ചെയ്യണമെന്നോ ഒരു അവകാശവാദവുമില്ല. എന്തിന് എന്റെ വീട്ടില്‍ തന്നെ എനിയ്ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്!)
പാഞ്ചാലീ, മുസലി, എന്റെ അറിവില്‍, ശതാവരി കിഴങ്ങാണു, പണ്ട് കൂവ ഒക്കെ പോലെ ഇതും ഗോതമ്പും ഒക്കെ കൂടി കുറുക്കി വെഇകുന്നേരം സ്ക്കൂള് വിട്ട് വന്നാല്‍ ശര്‍ക്കര കൂട്ടി തന്നിരുന്നു, ഒരു കാലത്ത് റേഷനരി വരെ കിട്ടാണ്ടെ ഇരുന്നിട്ടുള്ളപ്പോഴ്.
അതുല്യാ (ജീ, അമ്മേ, ചേട്ടാ, മാഷേ, സാറേ ചേര്‍ത്തുള്ള വിളികളില്‍ വിശ്വാസമില്ലാത്തതിനാല്‍...പക്ഷേ എല്ലാ ബഹുമാനത്തോടും കൂടെ)വിവരങ്ങള്‍ക്ക് നന്ദി. ശതാവരിക്കിഴങ്ങും കൂവക്കിഴങ്ങും ഒക്കെ എനിയ്ക്ക് പരിചയമുണ്ട്. ശതാവരിയില്‍ വളരെയധികം പോഷകങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ട്. കൂവക്കഞ്ഞി എന്നൊ മറ്റൊ ആയിരുന്നു ഗോതമ്പുമണിയും കൂവപ്പൊടിയും ചേര്‍ത്ത് വേവിച്ചെടുക്കുന്നതിനെ വിളിച്ചിരുന്നത് എന്നു തോന്നുന്നു. (എനിയ്ക്ക് തെറ്റിയോ അന്തോണീ?)
അയ്യയ്യോ!
അതുല്യശ്രീമതി പറഞ്ഞത് ശതാവരിയുടെ ഹിന്ദിയിലെ പേരല്ലേ? (സ്വപ്നത്തില്‍ പോലും ഞാനൊരു ഹിന്ദി വാക്കു പറയില്ല) ഞാനുദ്ദേശിച്ചത് നമ്മുടെ സാധാ മ്യൂസ്ലി .(എന്റെ നാക്ക് സ്വിസ്സ് മേഡല്ല, ഉച്ചാരണം ഇത്രയൊക്കെയേ വരൂ) ഇങ്ങോട്ടു വിക്കാം:
http://en.wikipedia.org/wiki/Muesli
കുത്തകന്മാരായാ കെല്ലോഗ്സ്, അല്പ്പന് തുടങ്ങിയവര്‍ ഇറക്കുന്ന മ്യുസ്ലി പാക്കറ്റില്‍ വാങ്ങാന്‍ കിട്ടും കോണ്‍ഫ്ലേക്സ് വരുന്ന പോലെ.
ഡോര്‍സെറ്റ് എന്നൊരു ബ്രാന്‍ഡാണ് ഞാന്‍ വാങ്ങിക്കാറ് ഇത് സാധാരണ വറുത്ത കശുവണ്ടി, ബ്രസീല്‍ നട്ട്, മക്കാഡെമിയ നട്ട്, ഹേസല്‍ നട്ട്, ബദാം, ഈന്തപ്പഴം, ഉണക്കമുന്തിരി, ഗോതമ്പ് ഫ്ലേക്സ്, ഓട്ട് ഫ്ലേക്സ്, കോണ്‍ ഫ്ലേക്സ്, ആപ്രിക്കോട്ട്, ബാര്‍ളി ഫ്ലേക്സ്, ക്രാന്‍ബെറി, ബ്ലാക്ക് ബെറി (പാഞ്ചാലിയുടെ കയ്യിലെ യന്ത്രമല്ല, കായ) ബ്ലൂബെറി, വാഴപ്പഴം, ആപ്പിള്‍ തുടങ്ങിയവ സ്റ്റീല്‍ കട്ട് ചെയ്ത് ഇടിച്ച് അവല് പരുവത്തിലാക്കിയതാണ്.
(ഗ്ലുട്ടന്‍, മാള്‍ട്, ഓട്ട്സ് അലര്‍ജിയുള്ള കുട്ടികള്‍ക്ക് അതൊന്നുമില്ലാത്ത വേരിയന്റ് വാങ്ങുക).
ആദ്യമായി ഈ സാധനത്തിന്റെ ലേബല്‍ വായിച്ചപ്പോ ഞാന്‍ കടയില്‍ നിന്നു പൊട്ടിച്ചിരിച്ചു പോയി, മനസ്സില്‍ വന്നത് ഹരിശ്രീ അശോകന്റെ പഴയ വഴിയോര മരുന്നു കച്ചവടക്കാരന് പറയുന്ന ചേരുവകളാ “പരുത്തിക്കാ, ജാതിക്കാ, വെണ്ടക്കാ തുടങ്ങിക്ക ഇക്കാകളും മുട്ട പട്ട തേരട്ട വേണ്ടാട്ടാ തുടങ്ങിയ ഇട്ടാകളും ചിരട്ട ചകിരി ചക്കര ചാരായം തുടങ്ങിയ ചേരുവകളും അരച്ച് ചമ്മന്തിയാക്കി അതില്‍ ഓടിപ്പോകുന്ന പൂച്ചയുടെ മ്യാവൂ, കോലായില്‍ കിടന്ന പട്ടിയുടെ ഭൌ, കറുത്ത പൂവന് കോഴിയുടെ വെളുത്ത കൊക്കരക്കോ എന്നിവ ചേര്‍ത്തു നിര്‍മ്മിച്ച ചൂര്‍ണ്ണം...”
കുട്ടിയായിരുന്നപ്പോ ഞാന്‍ കൂവപ്പൊടിയും കുവരക് (തിരുവന്തോരം കൊല്ലം ഭാഗത്തൊക്കെ വെറും”കൂരോ” ) അപ്പം ചുട്ടു കഴിച്ചിട്ടുണ്ട്. പിള്ളേര്‍ക്ക് അതിന്റെ ഒക്കെ കുറവ് മ്യുസ്ലി വഴിയൊക്കെ തീര്‍ക്കാന്‍ നോക്കുകയാ.
പാഞ്ചാലീ,
ഒരുമാതിരി എല്ലാ കുട്ടികളും അവര്‍ക്ക് വേണ്ടത് കഴിച്ചോളും, “താരാട്ട് പാടിയാലേ ഉറങ്ങാറുള്ളൂ, അവന് ചന്തിക്ക് പെടച്ചാലേ കഴിക്കാറുള്ളൂ“ എന്നമാതിരി ദുശ്ശീലങ്ങള്‍ പഠിപ്പിക്കാതിരുന്നാല്‍ മതി. കുട്ടികള്‍ ചിലദിവസം നിറച്ചു കഴിക്കുകയും വേറേ ചിലപ്പോ കുറച്ചു കഴിക്കുകയും ചെയ്യുന്നതും നോര്‍മലാണ്.
എന്നാല്‍ ചില കുഞ്ഞുങ്ങള്‍ സ്വാഭാവിക ഫസ്സി ഭക്ഷണക്കാരാണ്. ചിലര്‍ക്ക് ചോറെന്നാല്‍ പച്ച ചോറൊഴിച്ച് ഒന്നും ഇറങ്ങുകയില്ല, ചിലര്‍ക്ക് ഭക്ഷണമേ ഇഷ്ടമല്ല, ചിലര്‍ വെള്ളം കുടിക്കില്ല. ഇത് നമ്മള് ഇടപെട്ട് ശരിയാക്കിയാലേ പറ്റൂ (കുട്ടി ട്രൈ ചെയ്യാഞ്ഞിട്ടല്ല, നടക്കാഞ്ഞിട്ടാണ് എന്ന അവസ്ഥ. ) വളരെ ചെറിയ ശതമാനം കുട്ടികള്‍ക്കേ ഈ സ്വഭാവമുള്ളു, പക്ഷേ അത് സത്യവുമാണ്. എന്റെ ഒരു കസിന് കുട്ടിയായിരിക്കുമ്പോള്‍ വെള്ളം കുടിക്കില്ല, ആരെങ്കിലും അടുത്തിരുന്നു ചോറില്‍ പുളിശ്ശേരിയൊഴിച്ച് കുഴയ്ക്കുകയോ ഒരു കരിക്കു വെട്ടി മടമടാ എന്നു കുടിക്കുകയോ ചായകുടിക്കുകയോ ചെയ്യുന്ന കണ്ടാല്‍ അവന് ശര്ദ്ദിക്കുമായിരുന്നു. ഡ്രിപ്പ് എടുത്തതിനും ലാക്സേറ്റീവ് കൊടുത്തതിനും കണക്കില്ല. നാലഞ്ച് വയസ്സായപ്പോ സ്വഭാവം മാറി. ഇപ്പോ മുപ്പതു വയസ്സായി, വെള്ളമെന്നു വച്ചാല്‍ ജീവന (ഞാന്‍ നാട്ടില്‍ പോയാല്‍ എന്നെ നിര്‍ബ്ബന്ധിച്ച് വെള്ളമടിപ്പിക്കുന്നത് ഇവനാ)
അന്തോണിച്ചാ...ഞാന്‍ അത് ഇംഗ്ലീഷ് വാക്കായിരിയ്ക്കുമെന്ന് ചിന്തിച്ചു പോലുമില്ല.
എന്റെ പുത്രനും ഞങ്ങളെ കുരങ്ങുകളിപ്പിയ്ക്കാന് അതിസമര്‍ത്ഥനായിരുന്നു. അവന്, ഈ “നിമിഷകവി” എന്നൊക്കെപ്പറയുന്ന പോലെ, “നിമിഷഛര്ദ്ദി” വിദഗ്ദ്ധനായിരുന്നു.പച്ചക്കറി നിര്‍ബന്ധിച്ച് തീറ്റിയ്ക്കാന്‍ ശ്രമിച്ചാല്‍ കക്ഷി ഒന്നു ചവച്ചിട്ട് ഒരുഗ്രന്‍ ഛര്‍ദ്ദി പാസാക്കും. ഇതു പല തവണ ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങള്‍ നിര്‍ബന്ധിച്ച് തീറ്റിയ്ക്കുന്നത് നിര്‍ത്തി അവന്റെ പ്രിയവിഭവങ്ങള്‍ കൊടുത്തുപോന്നു.
ഞങ്ങള്‍ രണ്ടുപേരും ജോലിയ്ക്കു പോകുന്നതിനാല്‍ കക്ഷിയ്ക്ക് മൂന്നു വയസ്സായപ്പോള്‍ ഒരു പ്ലേയ്സ്കൂളില് ചേര്‍ത്തു. എന്റെ ഓഫീസിനടുത്തായതിനാല് എനിയ്ക്ക് ലഞ്ച് ബ്രേയ്ക്കിലും മറ്റും പോയി അന്വേഷിയ്ക്കാമായിരുന്നു. അവന് ഒന്നു രണ്ട് ദിവസം അവിടെ കടിച്ചുപിടിച്ചു നിന്നു. പിന്നെ വാളുവിദ്യ തുടങ്ങി. ഞാന്‍ രാവിലെ കൊണ്ടാക്കി ഓഫീസില്‍ എത്തി ഒരു മണിക്കൂര്‍ കഴിയുമ്പോളേയ്ക്കും മദാമ്മ വിളിയ്ക്കും പുത്രന് “ത്രോ അപ്“ചെയ്തു എന്നു പറഞ്ഞ്. ഇവിടുത്തെ റൂള്‍ പ്രകാരം കുട്ടി ഛര്‍ദ്ദിച്ചാല്‍ രക്ഷിതാക്കള്‍ വന്ന് കൂട്ടിക്കൊണ്ടുപൊയ്ക്കോണം! പിന്നെ 24 മണിക്കൂര്‍ ഒബ്സെര്വേഷന് കഴിഞ്ഞേ സ്കൂളില്‍ വിടാന്‍ പറ്റൂ! അങ്ങനെ അവന് രണ്ട് ദിവസം വീട്ടില്‍ കുശാലായി കളിയും കാര്‍ട്ടൂണുമായി കഴിയും.ഞങ്ങളുടെ ലീവും പോകും. ഇങ്ങനെ അവന് ഞങ്ങളെ ഏതാണ്ട് ഒരു മാസം വട്ടം കറക്കി. ഡോക്റ്ററെ കാണിച്ച് റ്റെസ്റൊക്കെ ചെയ്തു നോക്കി. എല്ലം നോര്‍മല്‍.
പിന്നെ ഞാന്‍ പ്രിന്‍സിപ്പള്‍ മദാമ്മയുമായി ഒരു കണ്സള്റ്റേഷന് നടത്തി. ഇതിവന്റെ നമ്പറാണോ എന്നു ചെക്കു ചെയ്യാന്‍ സഹായിക്കണമെന്നു പറഞ്ഞു. അടുത്ത ദിവസം 3-4 പെയര്‍ ഡ്രെസ്സ് സഹിതം ഞാനവനെ വിട്ടു. അവന് പതിവു കലാപരിപാടി തുടങ്ങി. ഒരു ഛര്‍ദ്ദിയും കഴിഞ്ഞു പുതിയ ഡ്രെസ്സുമിട്ട് എന്നെ പ്രതീക്ഷിച്ച് നിന്നു. മദാമ്മ പറഞ്ഞു “ഇന്നു നിന്നെ വിടുന്നില്ല”. കക്ഷി ഒന്നു കൂടെ ഛര്‍ദ്ദിച്ച് നോക്കി. പിന്നെ ഒരു കരച്ചിലും. മദാം അനങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ കരച്ചില് നിര്‍ത്തി കളിയില്‍ മുഴുകി. പിന്നീട് രണ്ട് ദിവസം കൂടി പുത്രന് വാളെടുത്തു നോക്കി. ആരും വരില്ല എന്നു മനസ്സിലായതോടെ പുള്ളി വാളുകളി എന്നന്നേയ്ക്കുമായി നിര്‍ത്തി. പച്ചക്കറി കഴിയ്ക്കാതെ ഛര്‍ദ്ദിച്ചാലും വേറെ ഒന്നും കിട്ടില്ല എന്ന ഗതി വന്നപ്പോള്‍ പച്ചക്കറിയും കക്ഷി കഴിച്ചു തുടങ്ങി!
അമ്പോ...കമന്റ് ഒത്തിരി നീണ്ട് പോയി...സോറീണ്ട് കെട്ടോ.
ജൂണോടെ ഇതു മുഴുവന്‍ പഠിച്ചെടുക്കണം :-)
veendum kidilam machoo
nalla oru post... commentukalum.. vare vijnanapradam....
എല്ലാറ്റിനെയും നെഗറ്റീവ് അർത്ഥത്തിൽ കാണേണ്ട.ശരീരത്തിന് ദോഷമില്ലെങ്കിൽ കഴിക്കുന്നതിൽ എന്താ തെറ്റ്?
Post a Comment