Monday, October 24, 2011

വോട്ടിങ്ങ് പാറ്റേണ്‍


അണ്ണാ, മാറിമാറി ഇടതും വലതും ഭരണത്തിലെത്തുന്നത് എങ്ങനെയാണ്‌?



ചെല്ലാ, കേരളത്തില്‍ നല്ലൊരു ശതമാനം ഇടതുപക്ഷ വോട്ടര്‍മാരുണ്ട്. പക്ഷേ ഭൂരിപക്ഷം വലതുപക്ഷത്തിനൊപ്പം, അല്ലെങ്കില്‍ സ്വന്തംപക്ഷമെന്തെന്ന് അറിയാതെ അവിടെ നിലയുറപ്പിച്ചവരാണ്‌.



അപ്പോള്‍ പിന്നെ ഇടയ്ക്കിടയ്ക്ക് എല്‍ ഡി എഫ് ഭരണത്തില്‍ വരുന്നതെങ്ങനെ?



നിനക്ക് എറക്കം ശിവനെ ഓര്‍മ്മയുണ്ടോ?

പിന്നില്ലേ.



ശിവന്റെ വീട്ടില്‍ അവനും അവന്റെ അമ്മയും മാത്രമേയുള്ളൂ. വീട്ടിലിരിക്കുന്ന കിണ്ടിയും മൊന്തയും മൊട്ടയും കോഴിയും ഒക്കെ അടിച്ചോണ്ട് പോയി വെള്ളമടിക്കും. എന്നിട്ട് തിരിച്ചു വന്ന് തള്ളയെ തന്തയ്ക്കു വിളി, അതുമിതും പെറുക്കി ഏറ്, അവരു തിരിച്ചു പള്ളു വിളിച്ചാല്‍ പിടിച്ചു നിര്‍ത്തി ഇടി.



യെന്നിട്ട്?

അടിയും ചവിട്ടും മോഷണവും സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അവര്‍ "ഓടെടാ ** നേ ഇനി എന്റെ പൊരയ്ക്കകത്ത് നിന്നെ കണ്ടു പോകരുത്" എന്നു പറഞ്ഞ് കൊടുവാളെടുത്ത് ഓടിച്ചു വിടും.



ഹോ. ഗട്സ് ഉള്ള തള്ളയാണല്ല്.

തന്നെ. പക്ഷേ അവന്‍ എറങ്ങിപ്പോയാല്‍ അന്നു മുതല്‍ തള്ളയ്ക്ക് മനോവേദനയാണ്‌. എന്തെരപ്പാളിയാണേലും ഞാന്‍ പെറ്റതല്ലേ, എന്റെ ചോരയല്ലേ, അവനല്ലാതെ എനിക്കാരുണ്ട്, ചത്താല്‍ വെറകു കത്തിക്കേണ്ടവനല്ലേ... കാണുന്നവരോടൊക്കെ ഇതൊക്കെ തന്നെ പറച്ചില്‍.



ലവനും അതറിയാം. കുറച്ചു ദിവസി കഴിയുമ്പോ തള്ള ഇടിയുടെ വേദനയൊക്കെ മറന്ന് ലവന്‍ വരുന്നോന്ന് നോക്കി ചോറും വച്ച് കാത്തിരിക്കും. അവന്‍ വേലിക്കല്‍ വരും, "അമ്മേ ഞാന്‍ നന്നായി" സ്റ്റൈല്‍ ഡയലോഗും പറഞ്ഞ് അകത്തു കേറും. അടുത്ത ദിവസം പഴയ പണി തുടങ്ങും.



"ഓ എന്തരു പറഞ്ഞാലും നീ നമ്മളെയല്ലേ അപ്പീ" ഫീലിങ്ങ്?

തന്നെ തന്നെ.



No comments: