Sunday, February 21, 2010

നമുക്കു കണ്ടുപിടിക്കാം

അണ്ണന്‍ ഈ പരസ്യങ്ങളൊന്നും കാണുന്നില്ലേ?
ഏത് മാന്ത്രിക ഏലസ്സിന്റെ ആണോ?

അത് പോട്ട്, ഈ ഹെല്‍ത്ത് ഡ്രിങ്കുകള്‍
അതും മാന്ത്രിക ഏലസ്സ് പോലെ തന്നെ.

അതല്ലണ്ണാ ഗവേഷണത്തില്‍ തെളിഞ്ഞെന്ന് ഇവര്‍ പറയുന്നത് പച്ചക്കള്ളമല്ലേ?
എന്തു തെളിഞ്ഞെന്ന്?

കമ്പ്ലൈന്റ് കുടിക്കുന്ന പിള്ളേര്‍ അതു കുടിക്കാത്തവരെക്കാള്‍ എട്ടിരട്ടി വേഗം വളരുന്നു, ഹീറോക്ലിക്സ് കുടിച്ചു വളര്‍ന്നവര്‍ക്ക് അതു കുടിക്കാത്തവരെക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ മാര്‍ക്ക് കിട്ടുന്നു ബസ്റ്റ് കുടിച്ച പിള്ളേരെക്കാള്‍ പത്തിരട്ടി എന്‍ഡ്യൂറന്‍സ് കിട്ടുന്നു എന്നൊക്കെ തെളിഞ്ഞെന്ന് അവകാശപ്പെടുന്നത്. ഇതെങ്ങനെ നടക്കും?

അതൊക്കെ നടക്കും.
എന്നുവച്ചാ ഇതിന്റെ പത്തിലൊന്നു ക്ലെയിം പോലും നടത്താത്ത ബൂസ്റ്റിനെ ഇടിച്ചു പിരുത്ത അമേരിക്കന്‍ എഫ് ഡി ഏ ചെയ്തത് തെറ്റായെന്നോ?

തെറ്റു ശരികള്‍ അല്ലെടേ പറഞ്ഞത്. പിള്ളേരെ ആവശ്യമില്ലാത്ത പഞ്ചാരേം എണ്ണയും തീറ്റിക്കുന്നതൊക്കെ തെറ്റു തന്നെ. ഗവേഷിച്ച് തെളിയിക്കാന്‍ ഇന്ത്യയില്‍ പറ്റുന്നത് എങ്ങനെ എന്നതല്ലേ വിഷയം.

ശരി എന്നാ ഗവേഷിച്ച് കാണിക്ക്.

സിറ്റി സെലെക്റ്റ് ചെയ്യ്, പ്രോഡക്റ്റും പോപ്പുലേഷന്‍ സൈസും.

ഹൈദരാബാദ്, *****, അഞ്ഞൂറ്.

റെഡി?
റെഡി.

ആദ്യം ഇരുന്നൂറ്റമ്പത് *** ഡ്രിങ്ക് അടിക്കുന്ന പിള്ളേരെ പിടിക്കാം, ബാ നമുക്ക് ബന്‍‌ജാരാ ഹില്‍സിലേക്ക് പൂവ്വാം. ഇവിടത്തെ കൊഴുത്തു മിനുത്ത് തുടുത്ത് മിടുക്കരായി തുള്ളിച്ചാടുന്ന ഇരുന്നൂറ്റമ്പത് എണ്ണത്തെ പൊക്ക്, ഇവരെല്ലാം സപ്ലിമെന്റില്‍ കുളിക്കുന്ന കുഞ്ഞുങ്ങളാ- എന്തൊരു നീളം, പൊക്കം, സ്മാര്‍ട്ട്നെസ്സ്, ഏതു പരീക്ഷയിലാ ഇവര്‍ക്ക് മാര്‍ക്ക് കുറയുന്നത്.

ഇനി വാ ആട്ടോ വിളിച്ച് നാച്ചാറാം ലേബര്‍ കോളനിയില്‍ പൂവ്വാം. ഇവര്‍ന്മാര്‍ക്ക് ഹെല്‍ത്ത് ഡ്രിങ്ക് പോയിട്ട് കഞ്ഞിവെള്ളം കുടിക്കുന്ന ശീലമില്ല. എടുക്ക് അളവും തൂക്കോം ഐക്യൂവും.

അണ്ണാ.
ചെല്ലാ

പോക്രിത്തരം കാണിക്കരുത്.
അത് പുതിയ കണ്ടീഷന്‍ ആണ്‌. പോക്രിത്തരമില്ലാതെ ഗവേഷിക്കാന്‍ നീ ആദ്യമേ പറയണമായിരുന്നു.

അപ്പം അതു തെളിഞ്ഞു അല്ലേ?
വ തന്നെ.


എന്നാലും അണ്ണാ, വേറൊരെണ്ണം കണ്ടിരുന്നോ?
അതേതാടേ?

ഒരു കൊച്ചിനു വളര്‍ച്ചയില്ല, അമ്മ അതിനു പാലും പച്ചക്കറീം പഴങ്ങളും കൊടുക്കാന്‍ ശ്രമിക്കുന്നു. കൊച്ചു തിന്നുന്നില്ല. ഒടുക്കം ഏതാണ്ട് ഡ്രിങ്ക് വാങ്ങിച്ചു കൊടുക്കുന്നു കാറ്റടിച്ച പാമ്പുബലൂണ്‍ പോലെ കൊച്ച് ഒരൊറ്റ വളര്‍ച്ച. അമ്മയ്ക്ക് അഭിമാനം.
ഉവ്വ, അതും കണ്ടു. ആദ്യം പാലും പച്ചക്കറീം പഴങ്ങളും കൊടുക്കാന്‍ ആഗ്രഹിച്ചിട്ടും നടക്കാത്ത അമ്മമാരുടെ കാര്യം ഒരു വഴിക്കാവട്ട്, പിന്നെ ഇതിനെക്കുറിച്ച് ആലോചിക്കാം.

17 comments:

തണല്‍ said...

ഇനി അതിന്റെയൊന്നും ആവശ്യമില്ല. നമ്മള്‍ വീര്യം കുറഞ്ഞ മദ്യം ഇറക്കാന്‍ പോവ്വല്ലേ...

നമത് വാഴ്വും കാലവും said...

മദ്യം കുട്ടിക്കാലത്തേ കുടിച്ചു ശീലിച്ച് വളരട്ട് ഇല്ലേല്‍ സര്‍ക്കാര്‍ പാളീസാവും...

ഏകതാര said...

ഓഹോ,അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍!
കുറച്ച taller stronger sharper ഒക്കെ ആകാമെന്ന് വിചാരിച്ചിരുന്നതാ......ആ പ്രതീക്ഷയും പോയി.

:: VM :: said...

നമ്മുടെ നാട്ടില്‍ പരസ്യത്തില്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ എന്തുമാവാമെന്നാണോ? പരസ്യങ്ങള്‍ക്ക് അംഗീകൃത മാര്‍ഗരേഖകള്‍ നിബന്ധനകളൊന്നുമില്ലേ?

rejin said...

Horlicks is the name of a company and of a malted milk hot drink, which is claimed to promote sleep when consumed at bedtime. More Details http://en.wikipedia.org/wiki/Horlicks

This is what they claim out side india :-)

Vinod Nair said...

halo all why dont we all together file a case agnist such dirty tricks in advertisments

naamoos said...

സ്നേഹ സലാം, നല്ല നമസ്കാരം.....
അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join:www.kasave.ning.com

അതുല്യ said...

വെറും രാഗി പുല്ല് പൊടിച്ച് കുറുക്കി കൊടുത്താലും മതി അന്തോണി, കൊച്ചുങ്ങളു വളരും. പക്ഷെ, പല ഷേപ്പിലുള്ള കുപ്പീം, ലേബലുമൊക്കെ ഇല്ലെങ്കി നമ്മളു സാധനം വാങ്ങൂല്ലല്ലോ.

ഏതെങ്കിലും അമ്മമാരൊക്കെ ഇത് വായിയ്ക്കുന്നെങ്കില്‍ ഒരു ചെറിയ റ്റിപ്പ്. എന്റെ ചെക്കന്‍ ഒരു പച്ചക്കറീം ഈ 18 വയസ്സിലും കഴിയ്ക്കൂല്ല, പോട്ടറ്റോ ഒഴിച്ച് അതിന്റ് ഒപ്പം ചപ്പാത്തീം. ഇപ്പോ അല്പമെങ്കില്‍ പച്ചക്കറി ഇല്ലാതെങനാ ന്ന് കരുതി,ഞാനിപ്പോ അവനറിയാതെ, പച്ചക്കറി നുറുക്ക് വേവിച്ച്, ബ്ലേന്‍ഡറില്‍ ഇട്ട്, ചപ്പാത്തി മാവില്‍ തീരെ അറിയാത്ത രൂപത്തില്‍ കുഴച്ചാണു ചപ്പാത്തി ഉണ്ടാക്കുന്നത്.

പക്ഷെ മിക്ക കുട്ടികളും പച്ചക്കറി കഴിയ്ക്കുന്നതില്‍ പുറകിലോട്ടാണെന്ന് കേള്‍ക്കുന്നു, എന്താണാവോ ഇതിനു കാരണം? ഇപ്പോഴൊക്കെ ചോയ്സ് ഉള്ളത് കൊണ്ടാണോ?

ഇഡി, പരസ്യങ്ങള്‍ കാണാനുള്ളവ മാത്രമാണെന്നാണു അവര്‍ അവകാശപെടുന്നത്, വാങിച്ച് ഉപയോഗിയ്ക്കുന്നത് സ്വന്തം ഇഷ്ടമല്ലേ? അതോണ്ടാവും എന്തും കാണിയ്ക്കുന്നത്. ധനം കൂടാനും, കടം വീടാനും ഒക്കെ എന്തോരം ഏലസ്സും ചരടും ഒക്കെനുമുള്ള കേരളത്തില്‍ പിന്നെ എന്ത് കൊണ്ടിത്രേം ദാരിദ്ര്യം? (ശത്രുക്കളേ ഒക്കേനും ഒരു ചരടില്‍ ആവാഹിയ്ക്കാനൊക്കെ ഏലസ്സുണ്ട് ഇപ്പോ, അമേരിയ്ക്കന്‍ സായിപ്പൊക്കെ ഇത് കണ്ടില്ലേ ആവോ, എന്തോരം കാശാ മിസൈല്‍ ഉണ്ടാക്കി പൊടിയ്ക്കണത്)

R. said...

ഇടിവാള്‍, http://www.ascionline.org/ ഇങ്ങനെ ഒരു സാധനമൊക്കെ ഉണ്ട്... ഇടയ്ക്കു ടീ.വീ.യില്‍ പരസ്യോം കാണാം. പറഞ്ഞിട്ടെന്തു കാര്യം!

നന്ദന said...

എന്ത് ചെയ്യാനാ നമ്മുടെ നാടിന്റെ ഗതി, ഇളനീർ വെള്ളം കഴിക്കാതെ അത് വിറ്റ് പെപ്സി വാങ്ങി കുടിക്കും. എന്തായാലും അതുല്യ പറഞ്ഞ ചപ്പാത്തി ഉണ്ടാക്കിനോക്കണം.

suraj::സൂരജ് said...

കോമ്പ്ലാന്‍ വിഴുങ്ങുന്ന ഗഡികള് വര്‍ഷത്തില്‍ 6 സെന്റീമിറ്റര്‍ കൂടുതല്‍ വളരുന്നു എന്നാണ് ഗണ്ടുപിടിത്തം...കോയമ്പത്തൂരെ ഒരു അവിനാശലിംഗം യൂണിവേഴ്സിറ്റിയാണത്രെ പഠനം നടത്തിയത് ! അതുവരെ അഗണ്യകോടിയില്‍ കിടന്ന പ്രസ്തുത യൂണിവേഴ്സിറ്റി 22.5 ലക്ഷം രൂപയുടെ പ്രോജക്റ്റ് കിട്ടിയതോടെ നാട്ടിലെങ്ങും ഫെമസ്സായ് ! ഹോര്‍ലിക്സിറക്കുന്ന ഗ്ലാക്സോ സ്മിത്ക്ലൈമുകാരന്‍ 1.2 കോടിക്ക് അടുത്ത “പഠനം” സ്പോണ്‍സര്‍ ചെയ്യാന്‍ തൊടങ്ങിയത്രെ !

ഏത് പൂഞ്ഞാറ്റിലാണ് ഈ സാധനങ്ങളൊക്കെ പിയര്‍ റിവ്യൂ ചെയ്തത് എന്നു കൂടി അറിഞ്ഞിരുന്നെങ്കില് !

idikkula said...

പിള്ളേര്‍ക്ക് വിവരം ഇല്ലാന്ന് വച്ച് നമുക്ക് സമാധാനിക്കാം...ഇതേ സാധനതിനകത്തു...കോഴിയും പാലും മൊട്ടയും പൊടിച്ചു ചേര്‍ക്കുന്നു എന്നവകാശപ്പെടുന്ന പ്രോടീന്‍ പൊടികള്‍ മിക്സ്‌ ചെയ്തു വലിച്ചുകുടിക്കുന്ന മസ്സില്‍ കുട്ടന്മാരെ ആര് പറഞ്ഞു മനസ്സിലാക്കും..?..ആര്‍ക്കാണ് അതിനു ധൈര്യം..?

സിനു said...

കുട്ടികള്‍ക്ക് വിവരമില്ലെങ്കിലും മാതാപിതാക്കള്‍ക്ക്
വിവരമുണ്ടാവുമല്ലോ...
മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഇതൊക്കെ വെറും പരസ്യം മാത്രമാണെന്ന്.

jayanEvoor said...

ഇതൊക്കെ ആരോടു പറയാൻ!

എത്ര എളുപ്പമാണ് ആൾക്കാർ ക്യാരീഡ് എവേ ആകുന്നത്!

അന്ത:സാര ശൂന്യരുടെ തലമുറ....

കച്ചവടക്കാരുടെ ചാകര!

ബിജുകുമാര്‍ said...

അതിപ്പോ എന്റെ പുള്ളാര് കുമ്പ്ലാനും ഹാര്‍ലിക്സുമൊക്കെയാ കഴിക്കുന്നേന്നു പറഞ്ഞാ അതിനൊരു വെയിറ്റില്ലേ സാറേ..
കണ്ട കഞ്ഞീം പയറുമൊക്കെ അപ്പുറത്തെ കോരന്റെം കൊമ്മാന്റേം മക്കളാ കഴിക്കണേ. നമ്മളു തറവാടിയാ മനസ്സിലായോ അനോണി മാഷേ

Gordu said...

I have a qestion to Dr.Sooraj Rajan,
why Indian Medical Association not responding to these kind of ads?

തെച്ചിക്കോടന്‍ said...

പെപ്സിയുടെ ഒരു പ്രോഡകറ്റ് പ്രോമോട്ട് ചെയ്തുകൊണ്ട് പരസ്യം ചെയ്തവരാ IMA. പണം കിട്ടിയാല്‍ അവര്‍ ഇതിനെതിരെവേണമെങ്കിലും നില്‍ക്കും!!