Wednesday, February 17, 2010

വീണ്ടും

സഹൃദയരും സത്ഗുണസമ്പൂര്‍ണ്ണരുമായ സഹപ്രവര്‍ത്തകരേ,

മാറിയ സാമ്പത്തികലോകത്തിലേക്കാണ്‌ നമ്മള്‍ കാലുനീട്ടുന്നത്. ഇരുപത് പത്തില്‍ പത്തരമാറ്റ് പൊന്ന് വിളയിക്കാമെന്ന വീരവാദം ക്രിയേറ്റീവിറ്റിയുടെയും ഇന്നൊവേഷന്റേയും തലതൊട്ടപ്പന്മാരായ എസ്‌ബേസ്, ഗൂഗിള്‍, ബ്ലാക്ക്ബെറി തുടങ്ങിയവര്‍ പോലും നടത്തിയിട്ടില്ല. പക്ഷേ നമ്മള്‍..അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതറാത്തൊരു പ്രസ്ഥാനം കുലുങ്ങില്ല. ഏവരുടെയും അകമഴിഞ്ഞ മടിയൊഴിഞ്ഞ അളവുതീര്‍ന്ന സഹകരണവും അര്‍പ്പണവും പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ ഇതാ ബഡ്ജറ്റ് സമര്‍പ്പിക്കുന്നു... ചാണക്യനും സുസുകിയും കെയിന്‍സും ഫിലിപ്പ് കോട്ലറും കണ്ഡിഫും സ്റ്റില്ലും ഗോവണിയും നമ്മെ അനുഗ്രഹിക്കട്ടെ.

പ്രൊപ്പണ്‍സിറ്റി കുറഞ്ഞ കാലം, ഇന്‍ഡിഫറന്‍സ് ഉയര്‍ന്ന കാലം, പുത്തന്‍ പുതുക്കാലം മുത്തമിട്ട കാലം... സീറോ ബേസ് ബഡ്ജറ്റിങ്ങാണ്‌, പ്രോഗ്രാം ബേസ്, പ്രോജക്റ്റ് ബേസ്, ആക്ഷന്‍ ബേസ്, നേവല്‍ ബേസ് തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ദാരുവീശന്റെ അടുത്തുണ്ട്.

മറ്റൊരുകാലവും ഇക്കാലം പോലെയല്ല. അതിനാല്‍ കപ്ലാന്റെ കപ്ലിങ്ങാടന്‍ അപ്രോച്ചും നോര്‍ട്ടന്റെ ഗോസ്റ്റ് അപ്രോച്ചും സിഗ്മയുടെ സ്റ്റിഗ്മയും പി ഡി സി ഏ ആധാരമാക്കാമെന്ന് പി ഡി സി വരെ പഠിച്ചിട്ടുള്ള ആരും പറയുമെന്ന് തോന്നുന്നില്ല. വരുമാനം അക്ഷയപാത്രമല്ല, ഇലാസ്റ്റിക്കല്ല, പ്ലാസ്റ്റിക്കല്ല, പോളിത്തീന്‍ പോലുമല്ല. ചിലവ് നിശ്ചിതമാണ്‌, ആരെയും തട്ടരുത്, ഒന്നിനും മുട്ടരുത്, ഒന്നും പൊട്ടരുത്... ആയതിനാല്‍

ഒരിക്കല്‍ മാത്രം പരീക്ഷിച്ചു വിജയിക്കപ്പെട്ട ഒരു തന്ത്രമാണ്‌ നമ്മള്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഒറ്റ ഡിപ്ലോയ്മെന്റ്, അതു സക്സസ്. വളരെ പഴയ തന്ത്രം. രണ്ടായിരം വര്‍ഷം മുന്നേ ഒരാള്‍ ഇത് പ്രയോഗിച്ചിട്ടുണ്ട്, എന്താണെന്നറിയില്ല മറ്റാരും അതിനു ശ്രമിച്ചു കണ്ടിട്ടില്ല. ആ രീതി പിന്‍‌തുടര്‍ന്ന് നമ്മളും ഇതാ നിര്‍മ്മിച്ചിരിക്കുന്നു പ്ലാന്‍.

അതായത് വെറും അഞ്ചു പൊറോട്ടയും ഒരു പ്ലേറ്റ് ബീഫ് ഫ്രൈയും കൊണ്ട് അയ്യായിരം പോന്ന സ്റ്റാഫിനെ പന്ത്രണ്ടു മാസം തീറ്റുന്ന പ്ലാന്‍, ഈ സ്ഥാപനം നടത്താന്‍ കാശുമുടക്കിയവര്‍ക്ക് ശകലം ചാറെങ്കിലും ഒഴിച്ചു കൊടുക്കാനുള്ള പ്ലാന്‍, ഇതിനു വേണ്ടി സാധങ്ങളും സേവനങ്ങളും തന്നവര്‍ക്ക് രണ്ട് കറിവേപ്പിലയെങ്കിലും വിളമ്പാനുള്ള പ്ലാന്‍. ഇതെല്ലാം ഉള്‍ക്കൊള്ളിച്ച് ദാ മേശപ്പുറത്തടിക്കുന്നു അനോണിയോസ് അന്റോണിയോസ് റോബര്‍ട്ട് മൗറല്യയോസിന്റെ മാഗ്നം ഓപ്പസ്- ബഡ്ജറ്റ് 2010 !

ഏവരും കയ്യും വിസിലും അടിച്ചാട്ടേ. ഇതുണ്ടാക്കാനുള്ള ശ്രമത്തില്‍ എനിക്കെന്റെ നട്ടെല്ലിന്റെ ഒരു ഡിസ്ക് ബലി നല്‍കേണ്ടി വന്നു. മിനിമം അമ്പത് കുപ്പി ബഡ്‌വൈസറെങ്കിലും വിഴുങ്ങേണ്ടി വന്നു. എന്റെ മകന്‍ പത്തടിയെങ്കിലും കൊള്ളേണ്ടി വന്നു. ഭാര്യയെ ഞാന്‍ സ്റ്റേപ്ലര്‍ എടുത്ത് എറിഞ്ഞ് പകരം പേപ്പര്‍ വെയിറ്റിന്‍ ഏറ് തിരിച്ചു കൊള്ളേണ്ടി വന്നു. ത്യാഗസമ്പൂര്‍ണ്ണമായ ഒരു യജ്ഞമായിരുന്നു ഇതിന്റെ സൃഷ്ടി. ഇത് തീര്‍ന്ന ദിവസം ദുബായില്‍ മഴ പെയ്തു, റാസല്‍ഖൈമയില്‍ മഞ്ഞു പെയ്തു. ഭൂമിദേവി പുഷ്പിണിയായി, എന്റെ അയലത്തെ ദേവി ഗര്‍ഭിണിയായി.

ഇത് ഏറ്റു വാങ്ങുക, നെഞ്ചോട് ചേര്‍ക്കുക, നടപ്പിലാക്കുക. എല്ലാം ശുഭമായി വരുമെന്ന് ഉറപ്പുണ്ട്. സഖാക്കളേ, മുന്നോട്ട്!

5 comments:

Umesh::ഉമേഷ് said...

അന്തോണിയുടെ ബ്ലോഗർ പാസ്‌വേർഡ് ആരോ അടിച്ചു മാറ്റിയോ? കഴിഞ്ഞ രണ്ടു പോസ്റ്റു വായിച്ചതു കൊണ്ടു വന്ന സംശയമാണു്.

ജയരാജന്‍ said...

ഉമേഷേട്ടാ "ഭാര്യയെ ഞാന്‍ സ്റ്റേപ്ലര്‍ എടുത്ത് എറിഞ്ഞ് പകരം പേപ്പര്‍ വെയിറ്റിന്‍ ഏറ് തിരിച്ചു കൊള്ളേണ്ടി വന്നു" എന്നും പറയുന്നുണ്ട്. ഇനിയെങ്ങാനും... :)

Unknown said...

ഭാര്യ പേപ്പർ വെയ്റ്റ്‌ എറിഞ്ഞതു് തല നോക്കി ആയിരുന്നല്ലേ? 'നാരികൾ', 'വിശ്വവിപത്തു്', 'നാരായവേരു്' എന്നൊക്കെ കേട്ടിട്ടില്ലേ? പക്ഷേ അതൊക്കെ ഏറു് കൊള്ളുന്നതിനു് മുൻപായതിനാൽ ഇപ്പോൾ ഓർമ്മയുണ്ടാവില്ലാന്നറിയാം.

ഇനിയിപ്പോ എന്തു് ചെയ്യാൻ? ആർക്കറിയാം, ഒരുപക്ഷേ എല്ലാം ഒരിക്കൽ ശുഭമായി വരുമായിരിക്കും - ചിലപ്പോൾ. :)

അനോണി ആന്റണി said...

എല്ലാരും കൂടി പറഞ്ഞപ്പോള്‍ സംശയം ആയല്ലോ. ഇനി എന്റ്യെ ലംബോസാക്രല്‍ എം ആര്‍ ഐ സ്കാനിനു പോകുമ്പോള്‍ തല കൂടി ഒന്നു സ്കാന്‍ ചെയ്യാന്‍ പറയാം. (ബള്‍ക്ക് റേറ്റ് ആശുപത്രികളിലും ഉണ്ടാവില്ലേ?)

നന്ദന said...

ഹും അങ്ങനെ കിട്ടണം