Wednesday, December 9, 2009

ടമ്മി ടക്ക്

ഷാനവാസേ, ഒന്നിഞ്ഞ് വന്നേടേ.
എന്തരാ പ്രശ്നം?

ഇത് എന്റെ പഴേ ക്ലാസ്സ് മേറ്റ്, രാജേഷ്.
അതാ പ്രശ്നം?

അല്ല, ഇവനെ വീട്ടുകാരു പിടിച്ചു കെട്ടിക്കാന്‍ പോവുവാ.
ഇത്ര ചെറുപ്പത്തിലേയോ? അപ്പ അതാ പ്രശ്നം?

അതുമല്ല, കെട്ടാനിവനു സമ്മതമാ.
പിന്നെന്താ കുഴപ്പം?

അതായത് ഇവന്റെ സൗന്ദര്യ സങ്കല്പ്പം വീട്ടില്‍ പറയുന്നത് എങ്ങനെ എന്നുള്ളതാണു പ്രശ്നം.
അതൊരു പ്രശ്നമാണോ? നേരേ വീട്ടില്‍ പോയി, അമ്മയോടോ അച്ചനോടോ "എന്റെ സങ്കല്പ്പത്തിലെ പെണ്ണിനു ഇന്നയിന്ന ലുക്കൊക്കെ വേണം " എന്നു പറഞ്ഞാ കഴിഞ്ഞില്ലേ.

അങ്ങനെ ഒരു സെറ്റ് അപ്പ് വീട്ടിലില്ലെന്ന്. പിള്ളേര്‍ ഇമ്മാതിരി കാര്യങ്ങള്‍ മിണ്ടുന്ന പതിവില്ല. ഇമ്മാതിരി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരാറേയില്ല. മാത്രമല്ല, അങ്ങനെ എളുപ്പം പറയാന്‍ പറ്റുന്ന ഒരു സങ്കല്പ്പം അല്ലിത്.
ബ്രദറും സിസ്റ്ററും ഒന്നുമില്ലേ, പറയാന്‍.

ഇല്ല, ആണായിട്ടും പെണ്ണായിട്ടും ഈ ആണും പെണ്ണും കെട്ടവന്‍ മാത്രേയുള്ളു. അതല്ലേ ഇത്ര നേരത്തേ കല്യാണം- വീട്ടില്‍ ഒരു മോളു വേണം പോലും.
അപ്പ പ്രശ്നമായി. ഇപ്പ പറയേണ്ടത് ഇപ്പ പറഞ്ഞില്ലേല്‍, നീ എപ്പഴും ഖേദിക്കും.

അതല്ലേ നിന്നെ വിളിച്ചത്. നീ പറ ഷാനവാസേ, ഒരു വഴി.
എന്തരാ ഇത്ര അവതരിപ്പിക്കാന്‍ വിഷമമുള്ള സങ്കല്പ്പം? പെണ്ണിനു ഐശ്വര്യാ റായിടെ മുഖവും മൊണാലിസയുടെ ചിരിയും ഒക്കെ വേണോ?

പറയെടേ രാജേഷേ, നീ തന്നെ പറ.
വേണ്ട, നീ പറ.

കണ്ടില്ലേ പ്രശ്നം? അതായത് ഷാനവാസേ, ലിവന്റെ സങ്കല്പ്പത്തിലെ ഭാര്യയ്ക്ക് അങ്ങനെ മോഡലിന്റെ മുഖവും ഷേപ്പുമൊന്നുമല്ല, വെളുത്തിരിക്കണ്ട, ചുവന്നിരിക്കണ്ട, നടന്നാല്‍ ഭൂമി തരിക്കേണ്ട. ഒരു നിര്‍ബന്ധവുമില്ല.

പിന്നെ?
അത്ര ഹൈറ്റൊന്നും പാടില്ല കുട്ടിക്ക്. കുറച്ചു തടി വേണം, പിന്നെ ഒരു കൊച്ചു കുടവയര്‍ വേണം.
കുടവയറും കഷണ്ടീമൊക്കെ പുരുഷലക്ഷണം അല്ലേടേ?

ഡേ, ബ്യൂട്ടി ഈസ് ഇന്‍ ദ ബീയര്‍ ഹോള്‍ഡേര്‍സ് ഐസ് എന്നല്ലേ. കെട്ടാമ്പോണത് നീയല്ല, ലിവനാ.
എന്നാലും കുടവയര്‍ മനസ്സിലായില്ല.

പെണ്ണ് സാരിയൊക്കെ ഉടുത്താല്‍ കുത്തിയ ഇടം ഇത്തിരി പുറത്തോട്ട് ഉന്തി നില്‍ക്കണമെന്ന്.
മടിശ്ശീലേല്‍ മുറുക്കാന്‍ പൊതി ചെരുവി നടക്കുന്ന വല്യുമ്മാന്റെ ചിത്രമാ എനിക്ക് മനസ്സില്‍ വന്നത്.

ചിത്രം മനസ്സി തന്നെ വെയ്, നിനക്കു ഐഡിയ വല്ലോം ഉണ്ടേ പറ.
ഐഡിയയ്ക്കാണോ പഞ്ഞം. ടേ രാജേഷേ, ഈ മാതിരി ഒക്കെ ഇരിക്കുന്ന ഒരു ഫെയിമസ് പെണ്ണിന്റെ പേരു പറ. സിനിമാനടി, പാട്ടുകാരി, അങ്ങനെ ആരെങ്കിലും?

അത്.. സിനിമാനടി വിനീത.
അതേത് ചള്ള്? ഫെയിമസ്സ് ആയ ആരുമില്ലേ? എപ്പഴും റ്റീവീലൊക്കെ വരണ ആരെങ്കിലും?

വേറാരെയും മനസ്സില്‍ വരുന്നില്ല.
ശരി, ഒള്ളത് മതി. നീ നേരേ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ പോണു. വിനീതേടെ പടമുള്ള ഏതേലും സിനിമാ വാരിക വാങ്ങിക്കുന്നു, വീട്ടില്‍ പോകുന്നു. എന്നിട്ട് അതിങ്ങനെ വെറുതേ മറിച്ചു പോകുമ്പോ ആക്സിഡെന്റലി കണ്ടപോലെ "കെട്ടുകയാണേല്‍ ഇങ്ങനെ ഒക്കെ ഉള്ള ഒരു പെണ്ണിനെ വേണം" എന്ന് അഭിപ്രായവും പാസ്സാക്കി കാണിക്കുക.

വീട്ടുകാര്‍ക്ക് മനസ്സിലാവുമോടേ?
അതൊക്കെ ആയിക്കോളും, അവരും കെട്ടിയവര്‍ തന്നല്ല്.
----------------------------------------
വല്ലോം നടന്നോടേ?
ഇല്ല, ഞാന്‍ ഇന്നലെ തമ്പാനൂരു ബസ്റ്റ് സ്റ്റാന്‍ഡിലെ സകല ചവറും ഒന്നരമണിക്കൂര്‍ നിന്ന് മറിച്ചു. വിനീതേടെ പടമുള്ള ഒറ്റ മാസികേം ഇല്ലാരുന്ന്.

എന്നിട്ട്?
ഒടുക്കം കടക്കാരന്‍ "വേറേ വല്ലോം ആണെങ്കി തൊറന്നങ്ങ് ചോയിക്കി, എടുത്ത് തരാം" എന്ന് പറഞ്ഞപ്പ വീട്ടി പോയി.

ഇയാടെ ഒരു വിനീതേം കൊടവണ്ടീം കൊണ്ട് വലഞ്ഞല്ല്. ഒരു കാര്യം ചെയ്യ്, വയ്യിട്ട് വീട്ടിലോട്ട് വാ, ബന്ധുക്കടേം കൂട്ടുകാരുടേം ഒക്കെ ആയിട്ട് തോനേ കല്യാണ ആല്‍ബങ്ങള്‍ ഇരിപ്പോണ്ട്. അതീന്ന് ഒരു ഈ ഷേപ്പുള്ള ആരേലും വല്ല ഗ്രൂപ്പ് ഫോട്ടോയില്‍ ഉണ്ടോന്ന് കണ്ടുപിടിച്ച് അതെടുത്ത് ഒരു ഫ്രണ്ടിന്റെയാണെന്നോ മറ്റോ പറഞ്ഞ് വീട്ടി കാണിക്ക്.
------------------------------------

വല്ലോം നടന്നോടേ?
ഹും.

ഒന്നും നടക്കാത്തതിലും ഭേദമല്ലേ, പഴേ ഹാജ്യാരു പറഞ്ഞപോലെ പുരോഗതി തന്നെ. എന്തരാ നടന്നത്?
ഇന്നലെ ആല്‍ബം വീട്ടില്‍ കൊണ്ടു പോയി, കല്യാണമല്ലേ, എല്ലാരൂടെ കുത്തിയിരുന്നു മറിച്ചു.

എന്നിട്ട്?
ആദ്യമേ തന്നെ സ്വല്പ്പം ചീറ്റി, ഫ്രണ്ടിന്റെ കല്യാണമെന്നു പറഞ്ഞിട്ട് ഞാന്‍ എന്തിയേന്നു ചോദിച്ചു.

പോകാന്‍ പറ്റാത്തോണ്ടാണു ആല്‍ഭം കാണാനെടുത്തതെന്ന് പറഞ്ഞൂടേ കഴുതേ?
അങ്ങനെ ഏതാണ്ട് പറഞ്ഞ് ഊരി.

ഫൈന്‍. എന്നിട്ട്?
നമ്മള്‍ നോക്കി വച്ച ആ പെണ്ണിനെ കണ്ടപ്പ ഒരു ശ്വാസം പിടിച്ച് ഞാങ്ങ് "ആഹ എന്തൊരു ഭംഗി, കെട്ടുവാണെങ്കില്‍.. " പറഞ്ഞ്.

ഗുഡ്. അപ്പ?
അമ്മ ചോദിച്ചു "അപ്പോ നല്ല വെളുത്ത്, തോനേ മുടിയൊള്ള കൊച്ചു വേണമെന്നാ നിന്റെ ആഗ്രഹം അല്ലേ" എന്ന്.

പെര്‍ഫക്റ്റ്- വിഷയം ചര്‍ച്ചയ്ക്കു വന്നല്ലോ. ബാക്കി?
ഞാന്‍ പറഞ്ഞു "അങ്ങനെ അല്ലമ്മേ, ആ കുട്ടീടെ വയറു കണ്ടില്ലേ, എന്താ ഭംഗി, അതുപോലെ വേണം എന്ന്"

ഫന്റാസ്റ്റിക്ക്. നിനക്കു ധൈര്യമില്ലെന്നു പറഞ്ഞ നിന്നെ ചെരിപ്പൂരി അടിക്കണം. എന്നിട്ടെന്തായി ?
അമ്മ എഴിച്ച് അടുക്കളേല്‍ പോയി വെള്ളമെടുത്ത് കുടിച്ചു. പിന്നെ വിളക്കു കത്തിച്ചു. പിന്നെ അച്ഛനെ വിളിച്ചു വരുത്തി കുറച്ചു കുശുകുശുത്തു.

ഇതിത്ര ചര്‍ച്ച ചെയ്യാന്‍ എന്തിരിക്കുന്നു? ശെഡാ മനുഷ്യനു സങ്കല്പ്പങ്ങള്‍ പാടില്ലേ?
അതു കഴിഞ്ഞപ്പോ അച്ഛന്‍ ഒരു സിഗററ്റും കത്തിച്ച് ഇറങ്ങി പോയി.

നീട്ടാതെ, ഒടുക്കം എന്തായി?
അമ്മ പിന്നേം എന്റടുത്ത് വന്നിരുന്നു എന്നിട്ടു കയ്യില്‍ പിടിച്ചു താഴോട്ടു നോക്കി പറഞ്ഞു, "മോനേ, ഇപ്പോഴത്തെ കുട്ടികളൊന്നും പണ്ടത്തെപ്പോലെ അല്ലെന്ന് അമ്മയ്ക്കറിയാം. പക്ഷേ നിനക്കു മൂന്നു നാലു മാസം ഗര്‍ഭം ഉള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കണമെന്ന് പറയുന്നത് എന്തിനാണെന്നു മനസ്സിലായില്ല. സത്യം പറ വല്ല അബദ്ധവും പറ്റിയോ?"

മാതാവേ, ലവളു ഗര്‍ഭിണിയായിരുന്നോ . എന്നിട്ടെന്തായി?
എനിക്കറിയത്തില്ല. പിന്നൊന്നും എനിക്കോര്‍മ്മയില്ല. ഇപ്പഴും ഒരോര്‍മ്മയും ഇല്ല. എനിക്കിനി വയറും വേണ്ട, കല്യാണം തന്നെ വേണമെന്നില്ല.

5 comments:

ഗുപ്തന്‍ said...

യെവനെന്തര് കോന്തന്‍? കൊടവയറൊഴിച്ച് ബാക്കിയൊള്ളതൊക്കെ ഒള്ള ഒരെണ്ണത്തെ കണ്ടുപിടിച്ചിട്ട് ലവള്‍ക്ക് ഡാബര്‍ ച്യവനപ്രാശം മൊതല്‍ കടലപ്പിണ്ണാക്ക് വരെ ഒള്ള ഐറ്റംസ് വാങ്ങിക്കൊടുത്ത് ലോഡാക്കിയാല്‍ പോരേ. ഒരു കേബിള്‍ ടിവി കണക്ഷനും വാഷിംഗ് മെഷീനും കൂടെ വാങ്ങിക്കൊടുത്താല്‍ ശൂന്നിങ്ങ് പോരൂല്ലേ കുംഭകോണം?

:: VM :: said...

ഹഹ! അണ്ണയ് യെന്തരണ്ണനണ്ണേ?

എക്സാമ്പ്ലീളായി വല്ല പൊന്നമ്മ ബാബു/ ലളിത ശ്രീ/ കല്പന ഒക്കെ പറഞ്ഞു കൊടുത്താ പോരായിരുന്നു.

നിത്യഗര്‍ഭിണി എന്നു ഇരട്ടപ്പേരുള്ള സ്കൂളിലെ ടീച്ചറെ ഓര്‍മ്മ വന്നു :)

ബിനോയ്//HariNav said...

ഏതെങ്കിലും ഒരു നീര്‍ക്കോലിയെ കെട്ടാന്‍ പറ ഷാനവാസേ. ചെക്കന്‍‍ ഏര്‍ലി മാര്യേജല്ലേ. ഒറിജിനല്‍ കല്യാണപ്രായമാകുമ്പഴേക്കും ഓള് രണ്ട് പേറും കഴിഞ്ഞ് ലവന്‍റെ ഒടുക്കത്തെ സ്പെക്കിന് ഫിറ്റായിക്കൊള്ളും :)

Tom Sawyer said...

ഹഹഹ് ..സംഭവം കൊള്ളാം .
ഇച്ചിരി പൊക്കം കുറഞ്ഞ് വെളുത്ത് തടിച്ച് ഉണ്ടക്കണ്ണുള്ള പെമ്പിള്ളേരെ കാണാന്‍ ഒരു പ്രത്യേക ലുക്കാണ് ..അത് പണ്ട് .

ഇപ്പോ ഒരിത്തിരി തടിച്ചാ മഫ്ഫിന്‍ ടോപ്പ് ആയീന്നും പറഞ്ഞ് കരഞ്ഞ് ഡയറ്റുകയല്ലെ പെമ്പിള്ളേര്‍ ..

Unknown said...

കൊള്ളാം നല്ല സങ്കല്പം ..!